സഹ്യാദ്രിയിലൂടെ ആദ്യമായ് - പെബ് ഫോര്‍ട്ട്
ഈ വര്‍ഷത്തെ ആദ്യത്തെ മണ്‍സൂണ്‍ ട്രെക്ക് ഈ വരുന്ന ഞായറാഴ്ചയാണ്. അതിന് പോയിവന്നിട്ട് അതിനേക്കുറിച്ച് എഴുതാം. ഇതിപ്പോ എന്റെ ആദ്യത്തെ ട്രെക്കിനേക്കുറിച്ചാണ്. ട്രെക്കിങ് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും, മുംബൈയില്‍ വന്നതിനു ശേഷമാണ് അതിന് അവസരമുണ്ടായത്. നേച്ചര്‍ ക്നൈറ്റ്സ് എന്ന ട്രെക്കിങ് ഗ്രൂപ്പ് ഒരു ദിവസത്തെ പെബ് ഫോര്‍ട്ട് ട്രെക്ക് സംഘടിപ്പിക്കുന്ന വിവരം ഇന്റര്‍നെറ്റിലൂടെ അറിഞ്ഞ ഉടനെ ഞാനും ഉണ്ണിയും വേഗം പേരുകൊടുത്തു. വൈകിയാല്‍ ആള് തെകഞ്ഞ് പോയാലോ? പിന്നെ കുറച്ച് റ്റെന്‍ഷനൊക്കെയുണ്ടായിരുന്നു – മലയൊക്കെ കയറാന്‍ പറ്റുമോ, വല്ലാതെ ക്ഷീണിച്ചാല്‍ എന്തു ചെയ്യും, മറ്റുള്ളവരോടൊപ്പം നടന്നെത്താന്‍ പറ്റിയില്ലെങ്കില്‍ അവര്‍ക്കൊക്കെ ദേഷ്യം വരുമോ – അങ്ങനെ.
എന്തായാലും അന്ന് വെളുപ്പിനത്തെ കര്‍ജാത് ലോക്കല്‍ പിടിച്ച് നേരല്‍ സ്റ്റേഷനിലെത്തി. അതായിരുന്നു മീറ്റിങ് പോയിന്റ്. ട്രെയിനില്‍ വച്ച് തന്നെ സംഘാടകരിലൊരാളായ നിമേഷിനെ പരിചയപ്പെട്ടു. എപ്പോഴും മുഖത്ത് പുഞ്ചിരിയുള്ള ഒരാള്‍. കട്ടിങ് ചായയും വടാ-പാവും കഴിച്ച് എട്ട് മണിയോടെ ട്രെക്കിങ് തുടങ്ങി. നല്ല വെയില്‍. കുറച്ച് നടന്നപ്പൊഴേ അതിന്റെ കട്ടി മനസ്സിലായിത്തുടങ്ങി. ഒട്ടും തണലില്ല. മരങ്ങളൊക്കെയുണ്ടെങ്കിലും ഒന്നിലും ഒരു ശകലം പച്ചപ്പ് പോലുമില്ല. എവിടെ നോക്കിയാലും ബ്രൌണ്‍ നിറം തന്നെ. പുല്ലെല്ലാം ഉണങ്ങി കച്ചി പോലെ.
ഞങ്ങളുടെ ലക്ഷ്യം – അങ്ങ് ദൂരെ, മുകളില്‍
എല്ലാവരും മൂന്ന് ലിറ്റര്‍ വീതം വെള്ളം കൊണ്ടുവരണമെന്ന് പറഞ്ഞിരുന്നു. കയറ്റത്തിന്റെ കട്ടി കൂടുന്നതനുസരിച്ച് വെള്ളം തീരാന്‍ തുടങ്ങി. ഓരോ പത്തടി വയ്ക്കുമ്പഴും അഞ്ച് മിനിട്ട് നില്‍ക്കും. മിക്കവരും ഞങ്ങളെപ്പോലെ തന്നെ. അതുകൊണ്ട് കുറച്ചാശ്വാസം. ചില സ്ഥലത്തൊക്കെ കുത്തനെയുള്ള കയറ്റം.
വേറെ ചിലയിടത്ത് വല്യ പാറക്കല്ലുകളില്‍ അള്ളിപ്പിടിച്ച് കയറണം. പിന്നെ ഒരു കാട്ടാറിന്റെ പാതയിലൂടെ മുകളിലേയ്ക്ക്, നിറയെ ഉണ്ടക്കല്ലുകളും മറ്റുമുള്ള വഴി. അങ്ങനെ പൊരിവെയിലത്ത് ഏന്തിവലിഞ്ഞ് കയറിക്കയറി ഉച്ചയോടെ ഒരു ഗുഹയിലെത്തി. ശരിക്കുമുള്ള പെബ് ഫോര്‍ട്ടിലെത്തണമെങ്കില്‍ പിന്നെയും കുറേ പോണമെന്ന് നിമേഷ് പറഞ്ഞു. അതും കൂടുതല്‍ ദുര്‍ഘടം പിടിച്ച വഴിയിലൂടെ. അതുകൊണ്ട് ആ ഗുഹയില്‍ ഉച്ചഭക്ഷണം കഴിച്ച് വിശ്രമിച്ചശേഷം വേറെ വഴിയിലൂടെ മടങ്ങാനാണ് പരിപാടി.
ചെന്നപാടെ എല്ലാരും അവരവരുടെ ഭക്ഷണപ്പൊതികള്‍ തുറക്കാന്‍ തുടങ്ങി. എത്രയെത്ര വിഭവങ്ങള്‍. എല്ലാം വെട്ടിവിഴുങ്ങി.
പക്ഷേ വെള്ളമില്ല. നല്ല കാലത്തിന് ചിലര്‍ കുറച്ചകലെയുള്ള ഒരു ചെറിയ കുളം കണ്ടുപിടിച്ചു. പാറയുടെ മുകളിലാണ്. അങ്ങോട്ട് കയറാന്‍ ഒരു ഇരുമ്പേണിയുമുണ്ട്. താഴ്‌വാരത്തിലുള്ള ഗ്രാമത്തിലെ ആള്‍ക്കാര്‍ ആ ഗുഹയിലുള്ള അമ്പലത്തില്‍ പൂജ ചെയ്യാറുണ്ട്. എന്തൊരു കഷ്ടപ്പാട്. പക്ഷേ അവര്‍ക്കീ കയറ്റമൊക്കെ എളുപ്പം. ചടപടേന്ന് കേറും, അതും സ്ലിപ്പറുമിട്ട്. നമ്മള്‍ റീബോക്ക് ഷൂസൊക്കെയിട്ട് കേറീട്ട് ‘സ്ലിപ്പും‘. ആ ഗ്രാമവാസികള്‍ വെച്ചതായിരിക്കും ഏണി. എന്തായാലും എല്ലാരും അവിടെക്കേറി, ധാരാളം വെള്ളം കുടിച്ച്, മുഖം കഴുകി, കയ്യിലുള്ള കുപ്പികളെല്ലാം നിറച്ച് സംതൃപ്തരായി. സാധാരണ ഗതിയില്‍ അങ്ങനെ കാട്ടിനു നടുവില്‍, പായല്‍ മൂടിയ കുളത്തീന്ന് വെള്ളം കുടിക്കാന്‍ പോയിട്ട് മുഖം കഴുകാന്‍ കൂടി മടിക്കും. പക്ഷേ ആ സമയത്ത് ആരും ഒന്നും ആലോചിച്ചില്ല. കുപ്പിയില്‍ പിടിച്ച വെള്ളത്തില്‍ കുഞ്ഞുകുഞ്ഞ് ജലജീവികള്‍ നീന്തി നടക്കുന്നുണ്ടായിരുന്നു.
മടക്കയാത്ര വന്നതിലും കഷ്ടം. കഷ്ടിച്ച് ഒരാള്‍ക്ക് നടക്കാന്‍ വീതിയുള്ള കാട്ടുപാത. ഒരു വശത്ത് മല. മറുവശത്ത് ഉണക്കപ്പുല്ലുമൂടിയ കുത്തനെയുള്ള ചെരിവ്. കാലൊന്ന് തെന്നിയാല്‍ പോക്ക് തന്നെ. അങ്ങനെ ഞങ്ങള്‍ ശരിക്കും ‘അടിവെച്ചടിവെച്ച്’ കയറാന്‍ തുടങ്ങി. ചിലയിടത്ത് ചരല്‍ കാരണം കാല് വയ്ക്കുമ്പഴേ തെന്നും. അതിനാല്‍ വളരെ സൂക്ഷിക്കണം.
ഇതിനിടെ, കൂട്ടത്തിലൊരാള്‍ അപ്പഴാ പറയുന്നത് അയാള്‍ക്ക് ‘വെര്‍ട്ടിഗോ’ എന്ന അസുഖമുണ്ടെന്ന്. അയാള്‍ പാറയില്‍ പിടിച്ച് നിരങ്ങി നിരങ്ങി പോവാന്‍ തുടങ്ങി – താഴോട്ട് നോക്കാതെ. നിമേഷാണെങ്കില്‍, വഴി കാണിച്ച് കൊടുക്കാന്‍ മുന്നോട്ട് പോവും. പിന്നെ, തിരിച്ചുവന്ന് വെര്‍ട്ടിഗോക്കാരനെ കയ്യില്‍ പിടിച്ച് നടത്തും. ഞങ്ങളാണേല്‍, തന്നെത്താനെ നടക്കാന്‍ തന്നെ പാടുപെടുന്നു. അപ്പഴാണ്, അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും, ഒരാളെ കയ്യ്‌പിടിച്ച് നടത്തുകയും ചെയ്യുന്നത്. നിമേഷിനെ മനസ്സില്‍ നമസ്കരിച്ചു.
നാലഞ്ചുമണിയോടെ മാതേരാനിലെയ്ക്കുള്ള റയില്‍വേ ട്രാക്കിലെത്തി. ട്രാക്കിലേയ്ക്ക് എല്ലാരും വീഴുകയായിരുന്നൂന്ന് തന്നെ പറയാം. അവിടുന്ന് ഗ്രൂപ്പ് ഫോട്ടോയൊക്കെ എടുത്ത് പിന്നേം നടക്കാന്‍ തുടങ്ങി, ട്രാക്കിലൂടെ. ഏകദേശം ഒരു മണിക്കൂറങ്ങനെ നടന്ന് മാതേരാന്‍ മാര്‍ക്കറ്റിലെത്തി. ചായേം കുടിച്ച്, ഷെയര്‍ റ്റാക്സിയില്‍ കയറി നേരല്‍ സ്റ്റേഷനിലെത്തി. പിന്നേം അരമുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞിട്ടാണ് ട്രെയിന്‍ വന്നത്. നല്ല തിരക്കും. കുറച്ചുദൂരം ചെന്നപ്പോ ഭാഗ്യത്തിന് ഇരിക്കാന്‍ കിട്ടി. മുംബൈയുടെ തിരക്കിലേയ്ക്ക് വീണ്ടും ... എന്തൊക്കെയോ നേടിയ തൃപ്തിയോടെ ...
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ
26 comments:
സഹ്യാദ്രിയിലൂടെ ആദ്യമായ് - പെബ് ഫോര്‍ട്ട്
:)
കൊള്ളാം യാത്രക്ക് ഏല്ലാം ഭാവുകങ്ങളും
വ്യത്യസ്തമായ ഒരു ബ്ലോഗ് എന്ന നിലയില്‍ താങ്കളുടെ ഉദ്യമം അഭിനന്ദനീയം.
യാത്രാ വിവരണങ്ങള്‍ അതും സാഹസീക യാത്രാവിവരണങ്ങള്‍ ബ്ലോഗില്‍ വളരെ കുറവാണ്. താങ്കള്‍ ആ പോരായ്മ നികത്തും എന്നു തന്നെ കരുതട്ടെ.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
യാത്രകള്‍ ഒരിക്കലും അവസാനിക്കുന്നില്ല...യാത്രാമംഗളങ്ങള്‍...ഫോട്ടോകളൊക്കെ സുന്ദരം....
NB: ദയവായി വേഡ് വെരിഫിക്കേഷന്‍ മാറ്റാന്‍ ശ്രദ്ധിക്കുമല്ലോ!
നന്നായിട്ടുണ്ട് - എഴുത്തും ചിത്രങ്ങളും ഒക്കെ.
:)
ത്രില്ലിങ്ങ്.. ചിലര്‍ക്ക് കിട്ടുന്ന ഭാഗ്യങ്ങള്‍..
അതെ, ഇതൊരു ഭാഗ്യം തന്നെ.. അഭിനന്ദനം.
വേറിട്ട കാഴ്ച....
ഫോട്ടോകളും നന്നായി...
ആശംസകള്‍....
ബിന്ദു.. ഫോട്ടോകള്‍ കോപി ചെയ്തെടുക്കുന്നത് കൊണ്ടു വിരോദം ഉണ്ടോ???
യാരിദ്: :-)
അനൂപ്: നന്ദി. യാത്ര സുഖമായിരുന്നു. വൈകാതെ അതിനെക്കുറിച്ച് എഴുതാന്‍ പരിപാടിയുണ്ട്.
ഇരിങ്ങല്‍: സാഹസിക യാത്രാവിവരണങ്ങളുടെ ഒരു കുറവ് ബ്ലോഗ്ല്‌ലോകത്ത് ഉണ്ടെന്ന് ശ്രദ്ധിച്ചിരുന്നില്ല. പ്രോത്സാഹനത്തിന് നന്ദി.
ശിവ: നന്ദി. വേഡ് വെരിഫിക്കേഷന്‍ കൊണ്ടുള്ള കുഴപ്പം മനസ്സിലായില്ല. അറിയാതെ മലയാളത്തില്‍ റ്റൈപ് ചെയ്ത് പോവുന്നതാണോ? അതെനിക്ക് എപ്പഴും പറ്റുന്നതാണ്. :-)
ശ്രീലാല്‍, വേണു: നന്ദി
ചിതല്‍, ചന്തു: ഭാഗ്യം തന്നെ. എന്നാല്‍, നിങ്ങള്‍ രണ്ടും നാട്ടില്‍ താമസിക്കുന്ന സ്ഥിതിക്ക് ട്രെക്കിങ് ചെയ്യാന്‍ നോക്കാവുന്നതാണ്. അവിടെയിരുന്നപ്പോ ശ്രമിക്കാമായിരുന്നൂന്ന് ഇപ്പോ തോന്നാറുണ്ട്. പോവാണെങ്കില്‍ ട്രെക്കിങ് ചെയ്ത് പരിചയവും, അതിന്റെ സാങ്കേതികവശങ്ങളെക്കുറിച്ച് നല്ല വിവരവും ഉള്ളവരുടെ കൂടെയേ പോകാവൂ. അല്ലെങ്കില്‍ അപകടങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്. :-) അഭിനന്ദനങ്ങള്‍ക്ക് നന്ദി.
സ്നേഹിതന്‍: നന്ദി. ഫോട്ടോകള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. കൊമേര്‍ഷ്യല്‍ ആവശ്യത്തിനല്ലാതെ എവിടെയെങ്കിലും (സ്വന്തം ബ്ലോഗിലോ മറ്റോ) പബ്ലിഷ് ചെയ്യുകയാണെങ്കില്‍ Photo Courtesy: Unny എന്ന് കൊടുക്കുക. കൊമേര്‍ഷ്യല്‍ ആവശ്യത്തിനാണെങ്കില്‍ അറിയിക്കുക ഞാന്‍ ഉണ്ണിയോട് ചോദിച്ചിട്ട് പറയാം. :-)
നല്ല വിവരണം... ആശംസകള്‍!
ഫോടോ ചോദിച്ചത് കൊമ്മേര്സ്യല്‍ ആവശ്യത്തിനോന്നും അല്ല.
നല്ല ഫോട്ടോകളായത് കൊണ്ടു എന്റെ ശേഖരണത്തില്‍ വെക്കാമെന്നു കരുതിയാണ്....
ശ്രീ: നന്ദി :-)
ശരി, ശരി സ്നേഹിതാ, ശേഖരിച്ചോളൂ തടസ്സങ്ങളൊന്നുമില്ലാതെ ... :-)
ദൈവമേ ഇനി നിരക്ഷരന്റെ കൂടാതെ ബിന്ദുവിന്റെ ബ്ലോഗും വായിച്ച് അസൂയപ്പെടണമല്ലോ ;)
ഇങ്ങനെ യാത്ര ചെയ്യുന്നവരോട് പണ്ടേ അസൂയ, കുശുമ്പ്, കണ്ണുകടി മുതലയവയാണ് :))
ഞായറാഴ്ചയിലെ മണ്‍സൂണ്‍ യാത്ര കഴിഞ്ഞിട്ടുണ്ടാവുമല്ലോ. നന്നായിരുന്നുവെന്ന് കരുതുന്നു.
പിന്നെ പടങ്ങളും വിവരണവും വളരെ നന്നായി.
travel with a couple സമയം കിട്ടുമ്പോ കൂടുതല്‍ വായിക്കാം.
ആഷേ, ആ അസൂയയൊക്കെ എടുത്ത് ദൂരെക്കളഞ്ഞിട്ട് ഒരു ബസ്സിലോ ട്രെയിനിലോ കയറി ഇങ്ങ് പോര്. എന്നിട്ട് ഒരു ‘one-day trek‘ ചെയ്തിട്ട് തിരിച്ച് പോവാം. ഞായറാഴ്ചത്തെ യാത്ര നന്നായിരുന്നു. വൈകാതെ ഒരു പോസ്റ്റിടാന്‍ പരിപാടിയുണ്ട്. :-)
:)
ഇതു പോലെ ഹൈദ്രാബാദ് വല്ല ട്രെക്ക്ക്കിങ്ങ് ഗ്രൂപ്പും ഉണ്ടോന്ന് ഗൂഗ്ലില്‍ നോക്കട്ടെ
wonderful!
നല്ല വിവരണം ബിന്ദു,എയര്‍ഫോഴ്സിലെ ട്രെയിനിങ്ങ് സമയത്തെ ‘ജംഗിള്‍ ക്യാമ്പിനെ’ ഓര്‍മ്മിപ്പിച്ചു.
കിച്ചു & ചിന്നു: :-). ഹൈദ്രാബാദില്‍ വല്ല ട്രെക്കിങ് ഗ്രൂപ്പുമിണ്ടെങ്കില്‍ ആഷേക്കൂടെ ഒന്നറിയിച്ചേക്കണേ. All the best.
നിഗൂഡഭൂമീ: :-)നന്ദി
മുസാഫിര്‍: :-) ഇപ്പോ പോവാറില്ലേ ക്യാമ്പിനൊന്നും?
ഇനി പോവുമ്പോ ന്നേം കൂടെ കൂട്ടണേ.
സൂ, ആ നേത്രാവതിയിലോ ജയന്തി ജനതയിലോ കേറി ഇങ്ങ് പോര് ട്ടോ. നമുക്ക് പോവാം.
പെബ് - ഫോര്‍ട്ടിലേക്ക് കിതച്ച് കിതച്ച് വെര്‍ച്ച്വലായി ഞാനും കയറി. ഇനിയൊന്ന് ശരിക്കും കയറണം. 3 കൊല്ലം മുംബൈയില്‍ ജീവിച്ചിട്ട് ഇതൊന്നും നടന്നില്ലല്ലോ ദൈവമേ ? അത്രയും കൊല്ലം പാഴായിപ്പോയല്ലോ ? ഇനി ഈ വയസ്സാന്‍ കാലത്ത് നടക്കുമോ ആവോ ? നോക്കട്ടെ.
ബിന്ദൂനേം, ഉണ്ണീനേം , നിമേഷിനേം നമിക്കുന്നു :)
കൊള്ളാം
നിരക്ഷരന്‍: വയസ്സില്‍ ഞങ്ങളും പുറകോട്ടല്ല കേട്ടോ. പിന്നെ, മനസ്സിനെ എപ്പഴും ഒരു 20-21 ലെവലില്‍ നിര്‍ത്തിയിരിക്കുന്നു. :-)
പോസ്റ്റുകള്‍ പലതും വായിച്ചതിനും കമന്റിട്ടതിനും നന്ദി :-)
അനൂപ്: നന്ദി :-)
ആ കൂടെ അല്ലേലും ഏന്തിയും വലിഞ്ഞും ഞാനും പുറകെ എത്തി കേട്ടോ. ഇതേ പറ്റൂ..
ബിന്ദു എല്ലാ ഭാവുകങ്ങളും ..
നടന്നു കയറാന്‍ പറ്റുന്ന കാലത്ത് എല്ലായിടവും പോകണം ..ഒരു യാത്രാനുഭവം പത്തു ബുക്ക് വായിച്ചു പഠിച്ചാലും ഉണ്ടാവില്ലാ..
ബിന്ദുവിനോടും നിരൂവിനോടും
ഒക്കെ ആരാധന തോന്നുന്നു... .
Post a Comment