Tuesday, September 30, 2008

ഒരു പൂച്ച ‘ചിത്ര’കഥ

അപ്പൂന്റെയും കൃഷിന്റെയും പൂച്ചച്ചിത്രങ്ങള്‍ കണ്ടപ്പോള്‍ എനിക്കും തോന്നി കുറെ പൂച്ചപ്പടങ്ങള്‍ എടുത്ത് പോസ്റ്റ് ചെയ്യണമെന്ന്. മോഡലുകളെ കിട്ടാന്‍ വൈകി. :-)

പിന്നാമ്പുറം: ദാണ്ടേക്കറും കൊതാല്‍‌ക്കറും നല്ല സുഹൃത്തുക്കളാണ്. എന്നാല്‍ ഇന്നലെ അവര്‍ തമ്മില്‍ ഉഗ്രന്‍ വഴക്കുണ്ടായി. ദാണ്ടേക്കര്‍ രാത്രി കഴിക്കാനായി കുറച്ച് മീന്‍‌തല സംഘടിപ്പിച്ച് വച്ചിരുന്നത് കൊതാല്‍ക്കര്‍ അടിച്ചുമാറ്റി തിന്നു. കൊതാല്‍ക്കര്‍ക്കല്ലെങ്കിലും കൊതിയിച്ചിരി കൂടുതലാണെന്ന് പറഞ്ഞ് ദാണ്ടേക്കര്‍ കുറെ ചീത്ത പറഞ്ഞു. മീനിനൊക്കെ എന്താ വില, ഞാന്‍ നിനക്കുംകൂടി തരാന്‍ വച്ചിരുന്നതാ – അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് അടി, അല്ല കടിയായി. ആരൊക്കെയോ വന്ന് പിടിച്ചുമാറ്റി. പിന്നെ തമ്മില്‍ മിണ്ടീട്ടില്ല. ഇങ്ങനെ പിണങ്ങിയിരിക്കുന്നതില്‍ കൊതാല്‍ക്കര്‍ക്ക് നല്ല വിഷമമുണ്ട്. “വിശന്നിട്ടല്ലേ മീന്‍‌തലയെടുത്തത്, അതൊന്ന് ക്ഷമിച്ചൂടെ? ഇത്ര വല്യ ഇഷ്യൂ ആക്കണോ?,“ അവന്‍ വിചാരിച്ചു. എന്തായാ‍ലും പോയി സോറി പറഞ്ഞേക്കാം എന്ന് കരുതി അവന്‍ അവരുടെ സ്ഥിരം ‘ഹാങ്ങ് ഔട്ട്’‘ സ്ഥലത്തേയ്ക്ക് വെച്ചു പിടിച്ചു.


പണിമുടങ്ങിക്കിടക്കുന്ന ഈ കെട്ടിടം വെയില്‍‌ കായാന്‍ പറ്റിയ ഇടമാണ്. ദാണ്ടേക്കര്‍ ഇവിടെയെവിടെയെങ്കിലും കാണും

എന്നാലും എനിക്കങ്ങോട്ട് സഹിക്കാന്‍ പറ്റുന്നില്ല. എന്റെ മീന്‍‌തല! ആ കൊതാല്‍ക്കറുമായുള്ള എല്ലാ കൂട്ടും മതിയാക്കി. അവനിങ്ങോട്ടൊന്നും വരാതിരുന്നാല്‍ മതിയായിരുന്നു

ഈ തണലത്ത് കിടക്കാം

ആരാ അവിടെ?

നാശം. അവന്‍ തന്നെ

ഭാവം കണ്ടിട്ട് ഇനീം വഴക്കിനാണെന്ന് തോന്നുന്നു

എടാ ഇന്നലെ ഞാന്‍ വിട്ടുതന്നെന്ന് കരുതി ഇന്നും വഴക്കിന് വരുവാണോ. മോനേ കൊതാല്‍ക്കറേ നീ മേടിക്കും എന്റെ കയ്യീന്ന്

ദാണ്ടേഭായ്, ഞാന്‍ സോറി പറയാന്‍ വന്നതാ

സോറി പറയാന്‍ രോമമൊക്കെ വിടര്‍ത്തിയാണോടാ വരുന്നത്?

അത് പിന്നെ ഞാന്‍ ഒരു തമാശയ്ക്ക്, നിന്നെ പറ്റിക്കാന്‍ ...

അവന്റെ ഒരു തമാശ. എന്റെ വായീന്ന് നല്ല കടി കിട്ടുന്നതിനുമുന്‍പ് പൊയ്ക്കോ

ഇതെന്താ രോമം വിടര്‍ത്തിയതാണോ ഇപ്പം കുറ്റം? അതിനും ഒരു സോറി

ദാണ്ടൂ, നോക്ക് രോമമൊക്കെ ഒതുക്കി. പിണക്കം മാറിയോ?

എടാ നോക്ക്, ആ വീട്ടീന്ന് ഒരു ബ്ലോഗര്‍ നമ്മുടെ ഫോട്ടോയെടുക്കുന്നു. നമുക്കൊന്ന് പോസ് ചെയ്താലോ? നമ്മുടെ പടം ഇന്റര്‍‌നെറ്റില്‍ വരും.

നീ പോടാ, ഞാനെങ്ങുമില്ല. നിന്റെ കൂടെ ഒരു പരിപാടിക്കുമില്ല

പ്ലീസ് ഡാ, പിണക്കം മതിയാക്കന്നേ

എടാ കൊതിയന്‍ കൊതാല്‍ക്കറേ, ഇനീം എന്റെ മീനും മറ്റും കട്ടുതിന്നാനല്ലേ കൂട്ടുകൂടാന്‍ വന്നത്?

നീ എത്ര സോറി പറഞ്ഞാലും, ഞാന്‍ നിന്നോട് കൂട്ടുകൂടില്ല

വെറുതെ കിടന്ന് ഉരുണ്ട് മറിയാതെ പോയ് വേറെ വല്ല പണിയും നോക്ക്. എനിക്കൊന്ന് കിടക്കണം

എന്റെ പൊന്ന് ദാണ്ട്സല്ലേ, പ്ലീസ്

ഒന്നെങ്കിലും എനിക്ക് വയ്ക്കാന്‍ തോന്നിയില്ലല്ലോ നിനക്ക്. എല്ലാം തന്നെ വെട്ടിവിഴുങ്ങീട്ട് വന്നിരിക്കുന്നു സോറി പറയാന്‍

നീ ചൊറിഞ്ഞോ. നിനക്കറിയോ, മീന്റെ വില ഇങ്ങനെ മേലോട്ട് പോവുന്നത് കാരണം വെജിറ്റേറിയനായാലോന്ന് കൂടി ആലോചിക്കുവാ ഞാന്‍. അല്ല, ഇതൊക്കെ നിന്നോട് പറഞ്ഞിട്ടെന്താ കാര്യം? നിനക്ക് കട്ടുതിന്നാന്‍ നല്ല മിടുക്കല്ലേ

ദാണ്ടൂ, നീ പറയുന്നത് കേട്ടിട്ട് എനിക്ക് ചൊറിച്ചില്‍ കൂടി വരുന്നു

കൊതാല്‍ക്കറേ, ഇവിടെ കിടന്നുറങ്ങാന്‍ നോക്കിയാല്‍ നീ വന്ന ഷേപ്പില്‍ തിരിച്ചുപോവില്ല. ദാണ്ടേക്കറാ പറയുന്നത്

ഹൊ, ഞാന്‍ പോയേക്കാം

നീ ഒന്നുറങ്ങിയെണീക്കുമ്പഴേയ്ക്കും ദേഷ്യം തീര്‍ക്കണം കേട്ടോ

ഒന്ന് പോണുണ്ടോ വേഗം

ആവൂ, അവന്‍ പോയിക്കിട്ടി. ഇനീം നിന്നിരുന്നെങ്കില്‍ ഞാന്‍ എപ്പഴത്തെയുംപോലെ കൂട്ടാ‍യിപോയേനെ

ഇനി ഞാനുറങ്ങട്ടെ

ഇനിയും

Thursday, September 25, 2008

മഴ നനയാന്‍ കൊതിച്ച് ഗോരഖ്ഘടിലേയ്ക്ക്


മഴ നനഞ്ഞ് ട്രെക്ക് ചെയ്തിട്ട് കുറേനാളായി, ഗോരഖ്ഘടില്‍ പോവുമ്പോള്‍ എന്തായാലും മഴ പെയ്യും എന്ന് കരുതി സന്തോഷിച്ചു. ബസ് കാത്ത് ഹൈവേയില്‍ നില്‍ക്കുമ്പോള്‍ തന്നെ നല്ല മഴ തുടങ്ങി. ഞങ്ങള്‍ രണ്ടും ആവശ്യത്തിന് നനഞ്ഞ് കഴിഞ്ഞപ്പോ ബസ് വന്നു. മഴ നനയിക്കാന്‍ വേണ്ടി മനപൂര്‍വ്വം വൈകിച്ചതാണോന്നൊക്കെ ചോദിച്ച് ജ്ഞാനേഷിനെ കുറെ ചീത്തയൊക്കെ വിളിച്ചു. മൂന്ന് മണിക്കൂര്‍ നനഞ്ഞ ഉടുപ്പുമൊക്കെയായി ബസിലിരിക്കുന്ന കാര്യം ഒന്നാലോചിച്ചു നോക്ക്!

മുംബൈ വിട്ടപ്പഴേ മഴ നിന്നു. പിന്നെ, അതായി എല്ലാരുടെയും സങ്കടം. പക്ഷെ ‘എല്ലാം നല്ലതിനുവേണ്ടി‘ എന്നു പറയുന്നത് സത്യമാണെന്ന് ഒന്നൂടെ തെളിഞ്ഞു. ട്രെക്കിങ് ചെയ്ത് പരിചയമുള്ള 8 പേരും ബാക്കി 21 പേരുമായിരുന്നു ഗ്രൂപ്പില്‍. രണ്ടുപേര്‍ താഴെ ഇരുന്നതേയുള്ളൂ. അവര്‍ അത് പ്ലാന്‍ ചെയ്ത് വന്നതായിരുന്നു – പായയും പുസ്തകങ്ങളും ഒക്കെയായി.

ഗോരഖ്ഘട് കയറാന്‍ അത്ര ബുദ്ധിമുട്ടില്ല. എന്നാല്‍ ആദ്യമായി ട്രെക്കിങ് ചെയ്യുന്നവര്‍ക്ക് കയറാന്‍ കഷ്ടമായിരുന്നു. അതുകൊണ്ട് കുറച്ചധികം സമയമെടുത്തു. ചിലയിടത്തൊക്കെ, ഈ കാല്‍ ഇവിടെ വയ്ക്ക്, ആ കാല്‍ അവിടെ വയ്ക്ക് എന്നൊക്കെ പറഞ്ഞു കൊടുത്ത് കയറ്റേണ്ടി വന്നു. മുക്കാല്‍ ഭാഗം കയറീട്ട്, ഇനി മുകളിലേയ്ക്കിലാന്ന് പറഞ്ഞിരുന്ന ചിലരെ നിര്‍ബന്ധിച്ച്, ഇത്രയും മെനക്കെട്ടതൊക്കെ വെറുതെയാവില്ലേന്നൊക്കെ പറഞ്ഞ് മുകളിലെത്തിച്ചു.


മുകളിലെന്താ കാ‍റ്റെന്നറിയുമോ? ഈ ഫോട്ടോ നോക്കിയേ.

(ഈ ഫോട്ടോയുടെ തല മാത്രം ക്രോപ്പ് ചെയ്തെടുത്ത് ഞാ‍ന്‍ നാട്ടിലേയ്ക്ക് അയച്ചുകൊടുത്തു – പുതിയ ഹെയര്‍‌സ്റ്റൈലാന്ന് പറഞ്ഞിട്ട്. വീട്ടിലെല്ലാരും അത് വിശ്വസിച്ചു. ഇപ്പഴും റേഷന്‍ കാര്‍ഡില്‍ പേരുണ്ടായിരുന്നെങ്കില്‍ അത് വെട്ടിച്ചേനെ എന്നൊക്കെ പറഞ്ഞു. ഞാന്‍ സത്യം പറഞ്ഞപ്പോ എല്ലാരും ചമ്മി.)

മുകളില്‍ ഒരു ഗുഹയുണ്ട്. 25 പേര്‍ക്ക് താമസിക്കാം. വേറൊരു ഗ്രൂപ്പ് അവിടെ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. ഇവിടുന്ന് പിന്നെയും മുകളിലേയ്ക്ക് കയറണമെങ്കില്‍ ‘റോക്ക് ക്ലൈംബിങ്ങ്’ ചെയ്യണം. കുത്തനെയുള്ള കയറ്റമാണ്. അതിസാഹസികരും (ഞാനും ഉണ്ണിയും അതില്‍‌പെടിലാന്ന് പ്രത്യേകം പറയേണ്ടല്ലോ) റോക്ക് ക്ലൈംബിങ്ങ് ചെയ്ത് പരിചയമുള്ളവരുമായ 2-3 പേര്‍ അത് കേറാന്‍ നോക്കാ‍ന്‍ പോയി. ഞങ്ങള്‍ ഉച്ചഭക്ഷണവും കഴിച്ച് ഒരു മയക്കവും നടത്തി.

തിരിച്ചിറങ്ങാന്‍ നേരത്താണ് മഴ പെയ്യാതിരുന്നത് എത്ര നന്നായെന്ന് മനസ്സിലായത്. തെന്നലില്ലാതെ തന്നെ ചില സ്ഥലത്തൊക്കെ ഇറങ്ങാന്‍ നല്ല ബുദ്ധിമുട്ടായിരുന്നു, പ്രത്യേകിച്ച് പുതിയ ആള്‍ക്കാര്‍ക്ക്. പലയിടത്തും പിടിച്ച് പിടിച്ച് ഇറക്കേണ്ടിവന്നതിനാല്‍ സമയവും ധാരാളമെടുത്തു. കൂടുതല്‍ പേര്‍ക്കും സിറ്റിയില്‍ ജനിച്ച് വളര്‍ന്നതുമൂലമുള്ള അപരിചതത്വവും, അതുകൊണ്ടുള്ള പേടിയുമായിരുന്നു. പേടി വന്നാല്‍ പിന്നെ നേരെയുള്ള സ്ഥലത്ത് പോലും വീഴുമെന്ന് തോന്നും.

ഒരു കുട്ടിയാണേല്‍ വിറയ്ക്കാന്‍ തുടങ്ങി. അതിനോട് ഇരുന്ന് നിരങ്ങി ഇറങ്ങിയാല്‍ മതിയെന്ന് പറഞ്ഞു. അത് ഇരുന്നിറങ്ങുമ്പോള്‍, ഞാന്‍ അടുത്ത് നില്‍ക്കാന്‍ സമ്മതിച്ചില്ല. ഞാനും ഇരിക്കണമത്രെ, എങ്കിലേ അതിന് പേടി കൂടാതെ ഇറങ്ങാന്‍ പറ്റൂ.

അങ്ങനെ സൂര്യനസ്തമിക്കുമ്പോഴേയ്ക്കും താഴെയെത്തി. നേരെ പോയി ഒരു കാട്ടരുവിയിലേയ്ക്ക്. പത്തുമിനിറ്റ് അതില്‍ കിടന്നു – ഒരു ഞായറാഴ്ച നല്ലവണ്ണം ചെലവഴിച്ച സംതൃപ്തിയോടെ.

കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ.

Thursday, September 4, 2008

നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടൂ?

പാര്‍ട്ട്‌ടൈം ജോലിയും പാര്‍ട്ട്‌ടൈം പഠനവുമായി കഴിയുകയായിരുന്നു അവള്‍, ചെന്നൈയില്‍. നാട്ടിലും പഠിക്കാവുന്നതേയുള്ളൂ. പക്ഷേ, നാട്ടുകാരുടെ സ്ഥിരം ചോദ്യങ്ങള്‍: - മോളേ ജോലിയൊന്നുമായില്ലേ? അമ്മയോടും അച്ഛനോടും – മോള്‍ക്ക് കല്യാണമൊന്നുമായില്ലേ?. ഇതൊക്കെക്കൊണ്ട്, കിട്ടിയ അവസരം പാഴാക്കാതെ അവള്‍ ചെന്നൈ മെയിലില്‍ കയറി ചെന്നൈയില്‍ എത്തി. സഹോദരനോടൊപ്പം ഒരു വാടകവീട്ടില്‍ താമസം. പാചകം, പഠനം, ജോലി, എല്ലാമായി അങ്ങനെ പോണു. മാസത്തിലൊരിക്കലെങ്കിലും തിരുവനന്തപുരം മെയിലില്‍ കയറി വീട്ടില്‍ പോവും – ഹോം സിക്ക്നസ്സാണേ പെണ്ണിന്.

ഇനി വീട്ടിലാരെങ്കിലും കല്യാണക്കാര്യം പറഞ്ഞാലോ, “എനിക്കെന്റേതായ ഡിമാന്റ്സ് ഉണ്ട്. അതംഗീകരിക്കുന്ന ഒരാളേ ഞാന്‍ കെട്ടൂ,‘’ എന്ന്. എന്താണാവോ ഈ ഡിമാന്റ്സ്? 1) വിദ്യാഭ്യാസവും സാമാന്യം നല്ല ജോലിയുണ്ടാവണം ചെറുക്കന്. 2) സ്ത്രീധനമായി ഒരു ചില്ലിപ്പൈസ ചോദിക്കാന്‍ പാടില്ല, നേരിട്ടും അല്ലാതെയും. നേരിട്ടല്ലാതെ ചോദിക്കുന്നതെങ്ങനെയെന്നുവച്ചാല്‍ ഇങ്ങനെ: “നിങ്ങള്‍ നിങ്ങളുടെ മകള്‍ക്ക് എന്താന്ന് വച്ചാ ഉചിതമായി കൊടുക്കൂ,” “രണ്ടുമക്കളല്ലേ, ഉള്ളതിന്റെ പകുതി മകള്‍ക്കല്ലേ,“ “കാശൊന്നും വേണ്ട, കല്യാണത്തിനൊരുങ്ങിയിറങ്ങുമ്പോള്‍ നാലാള്‍ കണ്ടാല്‍ മോശം തോന്നാത്തവിധം സ്വര്‍ണ്ണം ഇടണം.” ഇതൊന്നുമേ പാടില്ല. 3) പെണ്ണിന്റെ ജോലി, ശമ്പളം ഇതിലൊന്നും കണ്ണുണ്ടാവാന്‍ പാടില്ല. സ്വന്തം ശമ്പളം കൊണ്ട് കുടും‌ബം നോക്കാന്‍ പ്ലാനുണ്ടെങ്കില്‍ കല്യാണമാലോചിച്ചാല്‍ മതി. പെണ്ണിന്റെ ശമ്പളം ബോണസായേ കരുതാന്‍ പാടുള്ളൂന്ന് സാരം. 4) വിവാഹം എറ്റവും ലളിതമായിരിക്കണം. 5) സിഗരട്ട്, ബീഡി വലിക്കാന്‍ പാടില്ല. 6) ജാതി, മതം പ്രശ്നമല്ല, എന്നാല്‍ മലയാളിയായിരിക്കണം.

ഇത് തീരെ കുറഞ്ഞ് പോയല്ലോന്ന് ചോദിക്ക്. കേട്ടിട്ട് കല്യാണം കഴിക്കാതിരിക്കാനുള്ള ഡിമാന്റ്സ് പോലുണ്ട്. ഇതൊക്കെ ഒത്തുവരുന്ന ഒരാള്‍ ഈ ഭൂമിമലയാളത്തിലുണ്ടാവുമോന്ന് വിചാരിച്ച് അമ്മ തലയ്ക്ക് കൈവച്ചു. അപ്പോളാണ് മകള്‍ ഓര്‍മ്മിപ്പിച്ചത്, “അഞ്ചാമത്തെ ഡിമാന്റ് ഒഴിച്ചാല്‍ ബാക്കിയൊക്കെ ഒത്തുവന്ന ഒരാളെയല്ലേ അമ്മ കല്യാണം കഴിച്ചത്? എന്നെപ്പോലെ നിര്‍ബന്ധം പിടിച്ചിട്ടല്ലെങ്കിലും? അതുപോലെ, എനിക്കും കിട്ടും ഒരാള്‍.” പിന്നെ അമ്മ മിണ്ടിയില്ല. എല്ലാം ഈശ്വരനെ ഏല്പിച്ച് നാമം ജപിച്ചു. പുര നിറഞ്ഞു നില്‍ക്കുവാണ് നീ എന്നു പറഞ്ഞാല്‍, എന്നാപ്പിന്നെ പുരയങ്ങ് വലുതാക്കിക്കൊള്ളാന്‍ പറയുന്ന മകളോട് എന്തുപറയാന്‍!

അങ്ങനെയങ്ങനെ അവളുടെ പഠിത്തം കഴിയാറായി. ജ്യേഷ്ഠന് സ്ഥലം‌മാറ്റവുമായി. ഇനിയും ചെന്നൈയില്‍ നില്‍ക്കണമെങ്കില്‍ ഒരു ഫുള്‍‌ടൈം ജോലി കിട്ടണം. അല്ലേല്‍ ഇനീം പഠിക്കണം. അവള്‍ക്ക് പഠനം മടുത്തുതുടങ്ങിയിരുന്നു, 17-18 കൊല്ലമായില്ലേ തുടങ്ങീട്ട്. അതുകൊണ്ടവള്‍ നൌക്കരി.കോമില്‍ പോയി റെസ്യുമെ കൊടുത്തു. പിന്നെ, അവിടെത്തന്നെ ജോലി സേര്‍ച്ച് ചെയ്യാനും തുടങ്ങി. അപ്പോഴതാ, ആ സൈറ്റിന്റെ മുകള്‍ഭാഗത്ത് തന്നെ ജീവന്‍സാഥി.കോമിന്റെ പരസ്യം വരുന്നു. ഓ ഇതുരണ്ടും സഹോദരീസൈറ്റുകളാണലോന്നൊക്കെ ആലോചിച്ച് വെറുതെ ആ പരസ്യത്തില്‍ ഒന്നു ക്ലിക്കി. ദാ പോയി, ജീവന്‍സാഥി.കോമിലേയ്ക്ക്. കുറച്ച് നേരം അവിടെയൊക്കെ ഒന്ന് കറങ്ങീട്ട്, സ്വന്തം പ്രൊഫൈല്‍ രജിസ്റ്റര്‍ ചെയ്തു. കാശൊന്നും മുടക്കണ്ടാന്നതായിരുന്നു പ്രധാനകാരണം. മുകളില്‍ പറഞ്ഞ നിബന്ധനകളെല്ലാം കൃത്യമായി റ്റൈപ് ചെയ്തു. അതുകൊണ്ട് തന്നെ ആരും ഈ പ്രൊഫൈല്‍ രണ്ടാമതൊന്നുകൂടി നോക്കില്ലാന്ന് ഉറപ്പിച്ചു. വെറുതെ ഒരു രസം, അല്ല പിന്നെ, ഫ്രീയല്ലേ സംഗതി. അങ്ങനെ അന്നത്തെ ബ്രൌസിങ്ങ് മതിയാക്കി.

പിറ്റേന്ന് പതിവുപോലെ മെയില്‍ ചെക്ക് ചെയ്ത അവള്‍ ഞെട്ടി. അതാ കിടക്കുന്നു ജീവന്‍സാഥിയില്‍ നിന്നൊരു റെസ്പോണ്‍സ്! പടപടാന്നിടിക്കുന്ന ഹൃദയത്തോടെ അവള്‍ ആ മെയില്‍ തുറന്നു. ഈശ്വരാ! ഇതാണോ അവള്‍ തേടി നടന്ന വള്ളി? എല്ലാ ഡിമാന്റ്സും അംഗീകരിച്ചൂന്ന് മാത്രമല്ല, ഈ ഡിമാന്റ്സ് കണ്ടിട്ടാണത്രേ അവന്‍ റെസ്പോണ്ട് ചെയ്തത്. അവള്‍ക്ക് അമ്പലത്തില്‍ തുളസിമാലയിട്ട് കല്യാണം മതിയെന്നാ‍ല്‍, അവന് രജിസ്റ്റര്‍ ഓഫീസിലായാലും മതി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാ‍ത്രം മതി കല്യാണത്തിനെന്ന് അവള്‍‌ക്കെന്നാല്‍, അവന് സാക്ഷികള്‍ മാത്രമായാലും മതി. നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും അവനെന്തെങ്കിലും കുഴപ്പം കാണുമെന്ന്. ഫോട്ടോയുമുണ്ടായിരുന്നു കൂടെ. ചുള്ളനാണ് ട്ടോ ആള്. (‘ചുള്ളിക്കമ്പുപോലെയിരിക്കുന്നവന്‍ ആരോ അവന്‍ ചുള്ളന്‍‘ എന്ന കോളേജ് കാലത്തെ അര്‍ത്ഥവും ചേരും. കാരണം, ആറടി പൊക്കത്തില്‍ മെലിഞ്ഞിട്ടാണ് അവന്‍). വിദ്യാഭ്യാസം, ജോലി, എല്ലാം അവളാഗ്രഹിച്ച പോലെ. ഒരു കാര്യത്തില്‍ മാത്രം യോജിപ്പില്ല, ഭക്ഷണം. അവന്‍ ശുദ്ധസസ്യഭോജി. ഇഷ്ടഭക്ഷണം ഇഡ്ഡലി. അവള്‍ മീന്‍‌കൊതിച്ചി. നിവൃത്തിയില്ലെങ്കില്‍ മാത്രം ഇഡ്ഡലി തിന്നും. ശരി, നോക്കാം, ആര് ആരെ മാറ്റിയെടുക്കുമെന്ന്! പിന്നൊന്നും ആലോചിച്ചില്ല, അയച്ചൂ മറുപടി ഉടനെ.

പിന്നെ ഒരാഴ്ചത്തേയ്ക്ക് മെയിലുകളുടെ പ്രവാഹമായിരുന്നു. സ്കാന്‍ ചെയ്ത ഫോട്ടോ ഇല്ലാത്തതുകാരണം അവള്‍ ഫോട്ടോ പോസ്റ്റിലയച്ചു. വീടിനടുത്തെങ്ങുമല്ല, ദൂരെ ഒരു പോസ്റ്റ്‌ബോക്സില്‍. താമസം ചെന്നൈയില്‍ എവിടെയാണെന്ന് ഇനീം പറഞ്ഞിട്ടില്ല. അത്ര ധൈര്യം ആയിട്ടില്ല. ഫോട്ടോ കണ്ടിഷ്ടമായതോടെ അയാള്‍ക്ക് നേരിട്ട് കാണണമെന്ന്. ഓഫീസ് നമ്പരില്‍ വിളിക്കാനും പറഞ്ഞു. വിളിച്ചപ്പോ അയാളില്ല. ഒരു പ്രമുഖ കമ്പനിയില്‍ ആ പേരില്‍ ഒരാളുണ്ട്. അത്രയും ആശ്വാസം. അവള്‍ വീട്ടുടമസ്ഥയുടെ നമ്പര്‍ മെയിലില്‍ അയച്ചുകൊടുത്തു, തിരിച്ചുവിളിക്കാന്‍.

അവന്‍ തിരിച്ചു വിളിച്ചു. ശബ്ദവും സംസാരവും അവള്‍ക്കിഷ്ടപ്പെട്ടു. തമ്മില്‍ കാണാന്‍ തീരുമാനിച്ചു, സ്ഥലം, തീയതി, മുഹൂര്‍ത്തം(!) എല്ല്ലം നിശ്ചയിച്ചു. അവള്‍ സഹോദരനോട് വിവരം പറഞ്ഞു. അവന്‍ ആദ്യം അയച്ച മെയിലിന്റെ പ്രിന്റൌട്ട് വായിക്കാനും കൊടുത്തു. റൊമാന്റിക് ആയ ബാക്കി മെയിലുകളൊന്നും കാണിച്ചില്ല. വീട്ടില്‍ വിവരം പറയാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു.

അങ്ങനെ അവര്‍ കണ്ടു, മിണ്ടി, ചായ കുടിച്ചു. ആലോചിക്കാന്‍ ഒരാഴ്ചത്തെ സമയം കൊടുത്തു. പക്ഷെ ഫോണ്‍‌വിളികളും മെയിലുകളും അനസ്യൂതം നടന്നു. ഒരാഴ്ച കഴിഞ്ഞ് പിന്നേം കണ്ടു, മിണ്ടി, ചായയും മൈസൂര്‍ ബോണ്ടയും കഴിച്ചു. വെയിറ്റര്‍ ബില്ല് കൊണ്ടു വച്ചപ്പോള്‍ അതിലൊരു ചുവന്ന റോസാപ്പൂവ്, ഒരു പ്രതീകം പോലെ! രണ്ടുപേരും തീരുമാനിച്ചു, ഇനിയുള്ള ജീവിതം ഒന്നിച്ചെന്ന് ... പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. ഇരുപത്തഞ്ചോളം പേര്‍ പങ്കെടുത്ത ലളിതമായ വിവാഹം. പക്ഷേ, നാട്ടില്‍ 5 മിനിട്ട് കൊണ്ട് കഴിയുന്ന ചടങ്ങ്, ചെന്നൈയില്‍ ആര്യസമാജത്തില്‍ വച്ചായതിനാല്‍ 1 മണിക്കുര്‍ നീണ്ടുപോയി. അവിടുത്തെ ആചാരം പ്രകാരം, ചില്ലിപ്പൈസയല്ല, അച്ഛന്‍ ഒരു രൂപ സ്ത്രീധനം കൊടുക്കേണ്ടിയും വന്നു. പിന്നെ അവര്‍ എക്കാലവും സുഖമായി ജീവിച്ചു.

ഇപ്പോഴും ഇടയ്ക്കൊക്കെ അവള്‍ ആലോചിക്കാറുണ്ട്, “നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടൂ“എന്ന്. അച്ഛനമ്മമാരോടോ, ദൈവത്തോടോ, ജീവന്‍സാഥി.കോമിനോടോ?

ഇന്ന് ഞങ്ങളുടെ എട്ടാം വിവാഹവാര്‍ഷികം. അച്ഛനമ്മമാരോടും, ദൈവത്തോടും, ജീവന്‍സാഥി.കോമിനോടും, പിന്നെ ഇതുവരെ കണ്ടുമുട്ടിയ എല്ലാവരോടും, ഇനി കണ്ടുമുട്ടാന്‍ പോകുന്ന എല്ലാവരോടും നന്ദി പറയുന്നു. :-)

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP