Thursday, April 16, 2009

ശുദ്ധി

നാട്ടില്‍ ജലക്ഷാമം രൂക്ഷമായി. മിക്ക കിണറുകളും വറ്റിവരണ്ടു. ചില കിണറുകളില്‍ ഉള്ളത് കലക്കവെള്ളം. കുടിക്കാനും വല്ലതും വെച്ചുണ്ടാക്കാനും കൊള്ളില്ല.

ഇല്ലത്തെ കിണറില്‍ മാത്രം വറ്റാത്ത ഉറവയുണ്ട്. നല്ല തെളിഞ്ഞ വെള്ളം. നാട്ടുകാര്‍ അങ്ങോട്ട് പോയി, വെള്ളം കോരാന്‍.

പക്ഷെ വെള്ളം കോരാന്‍ മുത്തശ്ശി സമ്മതിച്ചില്ല. ഓരോരുത്തര്‍ക്കും കോരിക്കൊടുത്തു. വയ്യാണ്ടായെങ്കിലും അവര്‍ ആരെയും തിരിച്ചയച്ചില്ല. അത്യാവശ്യത്തിന് മാത്രമേ വെള്ളം കൊണ്ടുപോവാന്‍ പാടുള്ളൂന്ന് മുത്തശ്ശി പറഞ്ഞു. ചിലര്‍ അതനുസരിച്ചു. ചില സാമര്‍ത്ഥ്യക്കാര്‍ നല്ല ലാവിഷായി വെള്ളം ഉപയോഗിച്ച് രസിച്ചു. ബഹുജനം പലവിധം!

മുത്തശ്ശിയുടെ കയ്യും നടുവും കുഴമ്പിട്ട് തടവി, പേരക്കുട്ടിക്ക് മതിയായി.

“മുത്തശ്ശിക്ക് വേറെ പണിയൊന്നുമില്ലേ? നാട്ടുകാര്‍ തന്നെത്താനെ വെള്ളം കോരിക്കൊണ്ട് പൊയ്ക്കോളില്ലേ?”

“പിന്നെ, കണ്ട നായന്മാരും ഈഴവരും നസ്രാണികളുമൊക്കെ എന്റെ കിണറ് തൊട്ട് അശുദ്ധമാക്കാന്‍ ഞാന്‍ സമ്മതിക്കില്ല.”

“എങ്കില്‍‌പ്പിന്നെ അവരോട് വെള്ളം തരില്ലാന്ന് പറഞ്ഞൂടേ?”

“കുടിവെള്ളം മുട്ടിച്ചാല്‍ ഈശ്വരന്‍ പൊറുക്കില്ല കുഞ്ഞേ.”

അങ്ങനെ മുത്തശ്ശി വെള്ളം കോരിക്കൊണ്ടേയിരുന്നു.

Sunday, April 5, 2009

രത്നഗിരിയിലെ സാഹസങ്ങള്‍


എല്ലാ വര്‍ഷവും Nature Knights സംഘടിപ്പിക്കാറുള്ളതാണ് mountaineering പരിശീലനം. ഇതുവരെ പോവാന്‍ പറ്റിയിരുന്നില്ല. ഇപ്രാവശ്യം ആദ്യം തന്നെ പേര് കൊടുത്തു. Mountaineering- ല്‍ വിദഗ്ദ്ധനായ ശ്രീ. പ്രദീപ് ഖെല്‍ക്കര്‍ ആണ് പരിശീലകന്‍.


Ratnadurg Mountaineering Association (RMA) എന്ന പേരില്‍ ഒരു സംഘടനയും അദ്ദേഹം രൂപവല്‍ക്കരിച്ചിട്ടുണ്ട്. പലതരത്തിലുള്ള സാഹസികപ്രവര്‍ത്തനങ്ങളില്‍ വിദഗ്ദ്ധരാണ് പ്രദീപ് സാറിന്റെ ടീമിലുള്ളവര്‍. ശിവ് ഛത്രപതി അവാര്‍ഡ് ഉള്‍പ്പടെ പല ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ സ്നേഹം, സൌഹൃദം, വിനയം – ഇവ നിറഞ്ഞ പെരുമാറ്റം പ്രത്യേകം എടുത്തുപറയണം. അന്‍പതിലധികം വയസ്സുള്ള പ്രദീപ് സര്‍ ചെറുപ്പക്കാരെപ്പോലെ ഓടിനടക്കുന്ന കാണുമ്പോള്‍ എനിക്കൊക്കെ മോശം തോന്നും. ഇദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ഉണ്ട്.

ഒരു വെള്ളിയാഴ്ച രാത്രി കൊങ്കണ്‍ കന്യാ എക്സ്പ്രസില്‍ രത്നഗിരിയിലേയ്ക്ക് പുറപ്പെട്ടു. 14 പേരുണ്ടായിരുന്നു ടീമില്‍. നേരം വെളുക്കുമ്പോഴേയ്ക്കും അവിടെത്തി. പിന്നെ ഒരരമണിക്കൂര്‍ ഓട്ടോ യാത്രയുണ്ട് താമസസ്ഥലത്തേയ്ക്ക്. RMA-യിലുള്ള ഒരാളുടെ വീട്ടിലാണ് താമസം.


സ്റ്റേഷന്‍ കാന്റീനില്‍ നിന്ന് ഒരു പ്രാവശ്യം പ്രാതല്‍ കഴിച്ചു. വീട്ടിലെത്തീട്ട് പല്ലുതേപ്പും കുളീം കഴിഞ്ഞപ്പോള്‍ ചൂട് പൊഹ (അവല്‍ ഉപ്പുമാവ്‌) തയ്യാര്‍. അതും തട്ടി ഒന്നര പ്ലേറ്റ്. Nature Knights ട്രിപ്പുകളുടെ പ്രത്യേകത തന്നെ ഭക്ഷണത്തിനുള്ള പ്രാധാന്യമാണ്.

അവിടുന്ന് ഒരു പത്തുമിനിട്ട് നടന്നാല്‍ ബീച്ചിലെത്താം. ബീച്ചിനടുത്താണ് എല്ലാ പരിശീലനവും.

ഉപകരണങ്ങള്‍

ബീച്ചിലേയ്ക്കുള്ള എളുപ്പവഴി

ആദ്യം കയറിന്മേലുള്ള നടത്തമായിരുന്നു.
കയര്‍ വലിച്ച് മുറുക്കുന്നു

ഏകദേശം അഞ്ചടി പൊക്കത്തില്‍ ഒരു കയര്‍ രണ്ടുമരങ്ങളിലായി വലിച്ചുകെട്ടും. വേറൊരു കയര്‍ അതിന് എതിരായുള്ള ഒരു മരത്തിലും കെട്ടും. ആ കയറില്‍ പിടിച്ചുകൊണ്ട് വലിച്ചുകെട്ടിയ കയറില്‍ക്കൂടി നടക്കണം.

പ്രദീപ് സര്‍ ആദ്യം നടന്ന് കാണിച്ചുതരുന്നു

ശരീരവും മനസ്സും ഒരേപോലെ എകാഗ്രമാക്കി നേരെ മുന്നിലേയ്ക്ക് നോക്കി നടക്കണം. അല്ലേല്‍ താഴെ വീഴും. വീണാലും പിടിക്കാന്‍ താഴെ ആളുകള്‍ നില്‍പ്പുണ്ട്. ഒന്ന്-രണ്ട് പേരൊഴിച്ച് ആരും വീണില്ല. ആ വീണ കൂട്ടത്തില്‍ ഞാനില്ല കേട്ടോ.

ഒരാള്‍ വീഴുമ്പോള്‍ എല്ലാരും ചേര്‍ന്ന് പിടിക്കുന്നു

വീണവരെയും പ്രദീപ് സര്‍ വീണ്ടും ശരിക്ക് ചെയ്യിപ്പിച്ചു.

എന്റെ ഊഴം. ആദ്യം ഈ മരത്തില്‍ക്കൂടി കയറിന്മേല്‍‍ കയറണം.


വീണ്ടും ഇതേ നടത്തം കണ്ണുകെട്ടീട്ട് ചെയ്യണം. അതാണ് കൂടുതല്‍ എളുപ്പം. കാരണം കണ്ണ് കാണാത്തതുകൊണ്ട് എകാഗ്രത കൂടുതല്‍ കിട്ടും. കടലിന്റെ ഇരമ്പല്‍ മാത്രം വ്യക്തമായി കേള്‍ക്കാം.


ഇങ്ങനെ മുന്നോട്ട് ചാടി വേണം തിരിച്ചിറങ്ങാന്‍. അല്ലെങ്കില്‍ കയര്‍ പുറത്തോ കഴുത്തിലോ വന്നിടിച്ച് പരിക്ക് പറ്റാന്‍ സാദ്ധ്യതയുണ്ട്.

ഉച്ചയ്ക്ക് നല്ലൊരൂണും ഉറക്കവും പാസ്സാക്കിയതിന് ശേഷം rock climbing-ന് പോയി. മുന്‍പ് ചെറിയ തോതില്‍, അതായത് പത്ത്-പതിനഞ്ചടി ഉയരത്തിലുള്ള പാറയിലൊക്കെ വലിഞ്ഞുകേറിയിട്ടുണ്ട്. ഇത് അമ്പതടി ഉയരത്തിലുള്ള പാറക്കെട്ടാണ്. ചെറിയ ചെറിയ വിള്ളലുകളിലും കുനിപ്പുകളിലും ഒക്കെ പിടിച്ചുവേണം കയറാന്‍. പിടിവിട്ടുപോയാലും താഴെ വീഴാതിരിക്കാന്‍ harness ധരിക്കണം. അതില്‍നിന്നുള്ള കയര്‍ പരിശീലകരില്‍ ഒരാള്‍ മുകളില്‍ നിന്ന് പിടിക്കും. ഇതിന് belay എന്നാണ് പറയുന്നത്. Rock climbing-ന് ഒരുപാട് ടെക്നിക്കുകള്‍ അറിഞ്ഞിരിക്കണം. ഇതെല്ലാം വിശദമായി വിവരിച്ചതിന് ശേഷമേ പരിശീലനം തുടങ്ങൂ. സുരക്ഷയുടെ കാര്യത്തിലും ഒരു വിട്ടുവീഴ്ചയുമില്ല. മുന്‍പ് ചെയ്ത് പരിചയമുള്ളതുകൊണ്ടായിരിക്കും എനിക്കും ഉണ്ണിക്കും ഇത് ശരിക്ക് ചെയ്യാന്‍ പറ്റി.



ആദ്യമായിട്ട് ചെയ്യുമ്പോള്‍ കുറച്ച് ബുദ്ധിമുട്ടാണ്. അള്ളിപ്പിടിച്ച് മുകളിലെത്തിയ ശേഷം rappelling ചെയ്ത് വേണം താഴെ ഇറങ്ങാന്‍.

അപ്പുറത്തൂടെ ഞാന്‍ തിരിച്ചിറങ്ങുന്നു. താഴെ നിന്ന് ജ്ഞാനേഷ് belay തരുന്നു. Belay മുറുക്കിയാല്‍ എനിക്ക് അനങ്ങാന്‍ പറ്റില്ല.

ഇതേ സ്ഥലത്താണ് ഞങ്ങള്‍ രണ്ട് വര്‍ഷം മുന്‍പ് ‘valley crossing’ ചെയ്തത്. അതും പ്രദീപ് സാറിന്റെ കൂടെത്തന്നെ. അതിന്റെ ചിത്രങ്ങള്‍ കാണണമെങ്കില്‍ ഇതിലേ പോയാല്‍ മതി.

എല്ലാരും ചെയ്തുകഴിഞ്ഞപ്പോള്‍ നേരം ഇരുട്ടി. പിന്നെ പാട്ടൊക്കെ പാടി ബീച്ചിലൂടെ നടന്നു. രാത്രി ഭക്ഷണത്തിന് ശേഷം ചിലരൊക്കെ നടക്കാന്‍ പോയി. നവംബറല്ലേ, നല്ല തണുപ്പ്. ഞാന്‍ സ്ലീപ്പിങ്ങ് ബാഗിനുള്ളില്‍ കയറിക്കിടന്ന് ഉറങ്ങി. കുറേക്കഴിഞ്ഞപ്പോള്‍ വല്ലാത്ത ചൂട്. അപ്പോള്‍ സ്ലീപ്പിങ്ങ് ബാഗിന്റെ പുറത്ത് കിടന്നു. നടക്കാന്‍ പോയവര്‍ തിരിച്ചു വന്നപ്പോള്‍ പാതിരാത്രി കഴിഞ്ഞു.

നേരത്തെ കിടന്ന കാരണം നേരത്തെ എണീറ്റു. അന്ന് ഉച്ച വരെ പരിപാടിയൊന്നുമില്ല. വേലിയേറ്റമായതുകൊണ്ട് ഉച്ച കഴിഞ്ഞേ rappelling ചെയ്യാന്‍ പറ്റൂ. 300 അടി rappelling ചെയ്ത് ഇറങ്ങേണ്ടത് കടലിലുള്ള പാറക്കല്ലിലേയ്ക്കാണ്. വേലിയേറ്റസമയത്ത് ആ പാറയൊക്കെ വെള്ളത്തില്‍ മുങ്ങും. ഇങ്ങനെ കുറേ സമയം വെറുതെ കിട്ടിയതുകൊണ്ട് ഞാനും ഉണ്ണിയും ട്രിപ്പിനുള്ളിലൊരു ട്രിപ്പ് പ്ലാന്‍ ചെയ്തു.

അമിതാവ് ഘോഷിന്റെ ‘ഗ്ലാസ് പാലസ്’ എന്ന നോവലിലെ ചില ഭാഗങ്ങള്‍ രത്നഗിരിയിലാണ് നടക്കുന്നത്. ബര്‍മ്മ പിടിച്ചെടുത്ത ബ്രിട്ടീഷുകാര്‍ അവിടുത്തെ ഥീബാ രാജാവിനെ നാടുകടത്തി ആദ്യം മദ്രാസിലും, പിന്നീട് രത്നഗിരിയിലുമാണ് താമസിപ്പിച്ചത്. നാടുകടത്തപ്പെട്ടതാണെങ്കിലും രാജാവായതിനാല്‍ അദ്ദേഹത്തിന് രത്നഗിരിയില്‍ ഒരു കൊട്ടാരം പണിയാന്‍ സൌകര്യം ചെയ്തുകൊടുത്തു. ഥീബാ പാലസ് എന്ന ആ കൊട്ടാരം (ഇപ്പോള്‍ മ്യൂസിയം) കാണാനാണ് ഞങ്ങള്‍ പ്ലാനിട്ടത്. ഇത് കേട്ടപ്പോള്‍ വേറെ അഞ്ചാറുപേര്‍ കൂടി വരാന്‍ തയ്യാറായി.

ഓട്ടോ പിടിച്ച് പോകാനായിരുന്നു പരിപാടി. ഞങ്ങള്‍ക്ക് ഭക്ഷണമുണ്ടാക്കുന്ന ചേട്ടനോട് ചോദിച്ചപ്പോള്‍ ഓട്ടോ ചാര്‍ജ് നൂറ് രൂപയാകും എന്ന് പറഞ്ഞു. അപ്പോള്‍ നല്ല ദൂരമുണ്ടാകും എന്ന് കരുതി ഞങ്ങള്‍ രാവിലെ ഏഴരയ്ക്ക് തന്നെ പുറപ്പെട്ടു. മെയിന്‍‌റോഡിലെത്തണമെങ്കില്‍ ഇരുപത് മിനിട്ട് നടക്കണം.

ഞങ്ങള്‍ താമസിച്ച വീടിനടുത്തുള്ള ടെലിഫോണ്‍ ബൂത്ത്.

വഴിക്കൊന്നും കാലി ഓട്ടോ കിട്ടിയില്ല.
മെയിന്‍‌റോഡിലെത്തീട്ടും ഓട്ടോ കിട്ടാഞ്ഞതിനാല്‍ ഞങ്ങളിലൊരാള്‍ ഒരു ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് അടുത്ത കവലയില്‍ പോയി രണ്ട് ഓട്ടോ പിടിച്ചിട്ട് വന്നു.

ഓട്ടോയ്ക്ക് വേണ്ടി കാത്തിരുന്നപ്പോള്‍ ഒരു പൂച്ച വന്ന് മടിയിലിരുന്നു. മുന്‍പ് ഞാന്‍ വളര്‍ത്തിയ ഏതോ പൂച്ചയുടെ പുനര്‍‌ജന്മമാവും.

ഓട്ടോക്കാര്‍ മീറ്റര്‍ ചാര്‍ജ് തരണം എന്ന് പറഞ്ഞു. നൂറ് രൂപാ ദൂരം യാത്ര ചെയ്യാന്‍ പോയ ഞങ്ങള്‍ 45 രൂപയായപ്പോഴേയ്ക്കും ലക്ഷ്യസ്ഥാനത്തെത്തി. പക്ഷെ, അപ്പോഴാണ് അബദ്ധം പറ്റിയതറിഞ്ഞത്. കൊട്ടാരം 10 മണിക്കേ തുറക്കൂ. അപ്പോള്‍ സമയം ഒന്‍പതാവുന്നതേയുള്ളൂ. എന്തു ചെയ്യാനാ? ഓട്ടോക്കാരോട് ഏതെങ്കിലും നല്ല ഹോട്ടലില്‍ കൊണ്ടുവിടാന്‍ പറഞ്ഞു. പത്ത് മിനിട്ട് നടക്കാന്‍ ദൂരത്തില്‍ ഒരു നല്ല ഹോട്ടലില്‍ അവര്‍ കൊണ്ടുവിട്ടു. നല്ല ഭക്ഷണം. ആ ഹോട്ടലിനേക്കുറിച്ചും രത്നഗിരിയിലെ ഒരു നല്ല നോണ്‍-വെജിറ്റേറിയന്‍ ഹോട്ടലിനേക്കുറിച്ചും ഇവിടെ വായിക്കാം. ഇഡ്ഡലി, മസാലദോശ, ഉപ്പുമാവ്, മിസല്‍-പാവ്, പൈനാപ്പിള്‍ ഷീര, ഇതൊക്കെ കഴിച്ച് സായൂജ്യമടഞ്ഞ് വീണ്ടും ഥീബാ പാലസിലേയ്ക്ക്.

ഇപ്പോള്‍ സംസ്ഥാന പുരാവസ്തുവകുപ്പിന്റെ കീഴിലുള്ള ഈ കൊട്ടാരത്തിലെ ചില മുറികളില്‍ മഹാരാഷ്ട്രയിലെ പലഭാഗങ്ങളില്‍നിന്ന് ശേഖരിക്കപ്പെട്ട പുരാവസ്തുക്കളാണ്. ബാക്കി മുറികള്‍ അങ്ങനെ തന്നെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.



അവിടുത്തെ മേല്‍‌നോട്ടക്കാരന്‍ ആദ്യം ഞങ്ങളെ സാധാരണ ടൂറിസ്റ്റുകളായി കരുതിയെങ്കിലും പിന്നീട് ഞങ്ങളുടെ ഉത്സാഹം കണ്ടപ്പോള്‍ കൂടെ വന്ന് എപ്പോഴും തുറക്കാത്ത മുറികളും നിലകളുമൊക്കെ തുറന്ന് കാ‍ണിച്ച് തന്നു.


അമിതാവ് ഘോഷ് ‘ഗ്ലാസ് പാലസ്’ എഴുതുന്നതിനുള്ള റിസേര്‍ച്ചിന്റെ ഭാഗമായി അവിടെ വന്നകാര്യമൊക്കെ അദ്ദേഹം പറഞ്ഞു. രാജകുടുംബത്തിന്റെ കഥയും നോവലിലെ കഥയും കുറേയൊക്കെ ഒരുപോലാണ്. രാജകുടുംബത്തിലെ ഒരു വേലക്കാരിയാണ് നോവലിലെ ഒരു പ്രധാനകഥാപാത്രം. കൂടുതല്‍ ഇവിടെ എഴുതീട്ടുണ്ട്.

തിരിച്ച് വീട്ടിലെത്തിയപ്പോഴേയ്ക്കും rappelling-നുള്ള തയ്യാറെടുപ്പിനായ് പ്രദീപ് സാറും മറ്റ് ചിലരും പോയിക്കഴിഞ്ഞിരുന്നു. അരമുക്കാല്‍ മണിക്കൂര്‍ യാത്രയുണ്ട് അവിടേയ്ക്ക്. ഭഗവതി കോട്ട എന്ന സ്ഥലത്തിനടുത്താണ്.
Valley crossing ചെയ്യാന്‍ വന്നപ്പോള്‍ ഈ കോട്ടയിലാണ് താമസിച്ചത്. അവിടെ ശരിക്കും കോട്ടയൊന്നും ഇപ്പോഴില്ല. ഒരമ്പലമുണ്ട്.

ദൂരെ ഭഗവതി കോട്ട

Rappelling ചെയ്യുന്ന സ്ഥലം ഒരു വല്യ പുല്‍‌മേടാണ്. ഭക്ഷണം, വെള്ളം ഒന്നും അടുത്തെങ്ങും കിട്ടില്ല. തണലും കുറവാണ്. അതുകൊണ്ട്, ധാരാ‍ളം വെള്ളം കൊണ്ടുവരാന്‍ സര്‍ പറഞ്ഞേല്‍പ്പിച്ചിരുന്നു. എന്റെ കയ്യില്‍ അരക്കിലോ Tang ഉണ്ടായിരുന്നത് ഒരു കുടം വെള്ളത്തില്‍ കലക്കി. അത് തുളുമ്പാതെ അവിടെ എത്തിക്കാന്‍ കുറേ ബുദ്ധിമുട്ടി. പിന്നെ, കിട്ടാവുന്നത്ര കുപ്പികളിലും വെള്ളം കൊണ്ടുപോയി. കൂടാതെ ബിസ്ക്കറ്റും. വറുത്ത അവലും തേങ്ങയും. അവല്‍ ഞാന്‍ എന്റെ വീട്ടില്‍ നിന്ന് കൊണ്ടുവന്നിരുന്നു. താമസിച്ചിരുന്ന വീട്ടില്‍ നിന്ന് തേങ്ങ ചിരവിയത് തന്നു.


വാ‍നില്‍ നിന്നിറങ്ങി കുറേ നടക്കാനുണ്ട്.


ഞങ്ങള്‍ ചെല്ലുമ്പോഴേയ്ക്കും ഒരുക്കങ്ങളെല്ലാം ഏതാണ്ട് കഴിഞ്ഞിരുന്നു.


300 അടി താഴ്ചയുള്ളതുകൊണ്ട് കൂടുതല്‍ സുരക്ഷയ്ക്കായി മുകളിലും താഴെയും സപ്പോര്‍ട്ട് (belay) ഉണ്ട്.

മുന്നൂറടി താഴ്ച

കിടന്നുകൊണ്ട് വേണം താഴേയ്ക്ക് നോക്കാന്‍

Harness ധരിച്ചിട്ട് അതില്‍ രണ്ട് കയറുകള്‍ കൊളുത്തും. ഒന്ന് മുകളില്‍ നിന്നുള്ള belay. താഴേയ്ക്ക് പോകുന്നതനുസരിച്ച് ആ കയര്‍ കുറേശ്ശേ അയച്ചുതരും. അത് മുറുക്കിയാല്‍ rappelling ചെയ്യുന്നയാള്‍ക്ക് അനങ്ങാന്‍ പറ്റില്ല. അപകടമെന്തെങ്കിലും സംഭവിച്ചെന്ന് തോന്നിയാലുടനെ ഈ കയര്‍ മുറുക്കും. അപ്പോള്‍ നമ്മള്‍ അന്തരീക്ഷത്തില്‍ തൂങ്ങിക്കിടക്കും. മുകളിലിരുന്ന് ഈ കയര്‍ നിയന്ത്രിക്കുന്നയാള്‍ക്ക് rappelling ചെയ്യുന്നയാളെ കാണാന്‍ പറ്റില്ല. അയാള്‍ സുരക്ഷിതമായി കുറച്ച് ദൂരെ മാറി ഇരിക്കും. കയറില്‍ വരുന്ന വലിവിന്റെ മാറ്റങ്ങള്‍ ശ്രദ്ധിച്ചാണ് നിയന്ത്രിക്കുക. മറ്റേ കയര്‍ ഏറ്റവും താഴെ നില്ക്കുന്നയാള്‍ പിടിച്ചിരിക്കും.

കയറിന്റെ അറ്റം താഴെ ഒരാള്‍ പിടിച്ചിരിക്കുന്നു

ഇത് മുറുക്കിപ്പിടിച്ചാലും അനങ്ങാന്‍ പറ്റില്ല. എങ്ങാനും വീണാല്‍, താഴേയ്ക്ക് പൊത്തോന്ന് പതിക്കാതിരിക്കാന്‍ താഴെയുള്ള സപ്പോര്‍ട്ട് ഉപകരിക്കും. പൊക്കം കുറവാണെങ്കില്‍ സാധാരണ ഈ belay മാത്രമേ ഉണ്ടാവൂ. ദൂരം കൂടുതലായതുകൊണ്ട്, വീണാലുടനെ താഴെ നിന്ന് അത് തടയാന്‍ ബുദ്ധിമുട്ടാണ്. ഒരു അമ്പതടി വരെ എത്തിയാല്‍ തടയാന്‍ പറ്റും. അതായത്, കൈവിട്ടുപോയാല്‍ ഉരുണ്ട്പിരണ്ട് അമ്പതടി വരെ വന്നാല്‍, പിന്നെ കയറിന്റെ നിയന്ത്രണം താഴെ നിന്ന് ഏറ്റെടുത്തോളും.

ഇത്രയും ദൂരം ഞാനാദ്യമായാണ് rappelling ചെയ്യുന്നത്. 30-40 അടി വരെയൊക്കെ ചെയ്തിട്ടുണ്ട്. അതുകൊണ്ട്, എങ്ങനെ ചെയ്യണമെന്ന് അറിയാം. എന്നാല്‍, പാറയുടെ അറ്റത്ത് മാത്രം പിടിച്ച് താഴേയ്ക്കൂര്‍ന്നിറങ്ങുമ്പോള്‍, വീഴില്ലാന്നറിയാമെങ്കിലും, എവിടെയും കാലുകുത്താന്‍ പറ്റാത്തതിനാല്‍ വല്ലാത്ത ടെന്‍ഷന്‍.


പ്രതീക്ഷിക്കാഞ്ഞത്, കയറിന്റെ ഭാരമാണ്. 10 mm കയര്‍. 300 ft ദൂരം. അത് വലത് കൈകൊണ്ട് വലിച്ച് പൊക്കിപ്പൊക്കി, കാലുകള്‍ ഒരു നിശ്ചിത അകലത്തില്‍ ചവിട്ടി ഇറങ്ങണം. പുറകോട്ട് നടന്നിറങ്ങുന്നതുപോലെ.



എന്നാല്‍. ഒന്നുരണ്ടിടത്ത്, നിലം കുറച്ച് ഉള്ളിലെയ്ക്കാണ്. Overhang എന്ന് പറയും. അവിടെയെത്തുമ്പോള്‍ എവിടെയും ചവിട്ടാന്‍ കിട്ടില്ല. കാലുകള്‍ നേരെ താഴേയ്ക്ക് വയ്ക്കാനാണ് സാര്‍ പറഞ്ഞുതന്നത്. എങ്കിലും, ശൂന്യതയിലേയ്ക്ക് കാലുകള്‍ ഇറങ്ങുമ്പോള്‍ ഉള്ളൊന്ന് കാളും.

(ഫോട്ടോയ്ക്ക് കടപ്പാട്: രൂപ)

ഇടതുകൈ വെറുതെ മുന്നിലെ കയറില്‍ പിടിച്ചാല്‍ മതി. പക്ഷേ പേടി കാരണം നല്ല മുറുക്കി പിടിക്കും. താഴെയെത്തുമ്പോഴാണ് വേദന അറിയുന്നത്. കയ്യുറ ഇട്ടിട്ടാണ് rappeling ചെയ്യുന്നത്. അല്ലെങ്കില്‍, ഇത്ര ദൂരം ഇറങ്ങുമ്പോഴേയ്ക്കും കയ്യിലെ തൊലിയൊക്കെ കയറില്‍ പറ്റിപ്പിടിച്ചിട്ടുണ്ടാവും.


എല്ലാരും താഴെയെത്തിയപ്പോഴേയ്ക്കും വേലിയേറ്റം തുടങ്ങിയിരുന്നു. നേരവും ഇരുട്ടി. കുറേ ദൂരം പാറകള്‍ക്ക് മുകളിലൂടെ നടന്ന് വേണം മുകളിലേയ്ക്ക് തിരിച്ചെത്താന്‍. വഴുക്കലുമുണ്ട്. ഒരു ടോര്‍ച്ചിന്റെയും ബാക്കി മൊബൈലുകളുടെയും വെളിച്ചത്തില്‍ മുകളിലെത്തി. പിന്നെയും കുറേ പുല്ലുകള്‍ക്കിടയിലൂടെ മുകളിലേയ്ക്ക് കയറണം. കൂര്‍ത്ത പുല്ലുകള്‍ ഷൂസും സോക്സും തുളച്ച് ഉള്ളില്‍ കയറി. നമ്മുടെ സ്നേഹപ്പുല്ലിന്റെ കുറച്ച് സ്നേഹം കൂടുതലുള്ള ഇനമാണെന്ന് തോന്നുന്നു. ബാക്കിയുണ്ടായിരുന്ന വെള്ളവും ബിസ്കറ്റും അവലുമൊക്കെ കഴിച്ച് പായ്ക്കപ്പ് ചെയ്തു പുറപ്പെട്ടു. വാന്‍ മൂന്ന് ട്രിപ്പടിക്കണം. അതുകൊണ്ട് ഞങ്ങള്‍ അടുത്ത കവല വരെ നടക്കാന്‍ തീരുമാനിച്ചു. വീണ്ടും കുറച്ചുദൂരം പുല്‍‌മേട്ടിലൂടെ. പുറത്ത് വന്നപ്പോഴാണ് ആരോ സംശയം പ്രകടിപ്പിച്ചത് – ഇവിടെ പാമ്പുണ്ടോന്ന്. ധാരാളം അണലിയുണ്ടെന്ന് RMA-യിലെ ഒരാള്‍. എല്ലാരും ഞെട്ടി.

വീട്ടിലെത്തിയപ്പോഴേയ്ക്കും ചൂട് ഉള്ളി പക്കോട റെഡി. കുറേ നേരം പ്രദീപ് സാറിനോട് സംസാരിച്ചിരുന്നു. അത്താഴത്തിന് ശേഷം സ്ലീപ്പിങ്ങ് ബാഗിനുള്ളിലേയ്ക്ക്.

പിറ്റേന്ന് പ്രധാനപരിപാടി underwater caving (spelunking). 40 അടിയോളം വെള്ളമുള്ള, ഇരുട്ട് നിറഞ്ഞ ഗുഹയിലൂടെ ഒരു യാത്ര.

ഗുഹാമുഖം

ദേഹത്ത് ടയര്‍ ഇട്ട്, ഒരു കയറില്‍ പിടിച്ച് വേണം വെള്ളത്തില്‍ കൂടി നീങ്ങാന്‍. അവിടെ വരെയെത്തണമെങ്കിലും കുറെ കടമ്പകള്‍ കടക്കണം. ഗുഹയുടെ വശങ്ങളിലൊന്നും തൊടാന്‍ പാടില്ല. വല്ല ജീവികളുമുണ്ടാവും. ഒരിടത്ത് ആറേഴടി ഉയരത്തില്‍ ഒരു പാറ വഴിമുടക്കി നില്‍ക്കുന്നു. അതിന്റെ മുകളില്‍ അള്ളിപ്പിടിച്ച് കയറി ഒരു കയറേണി വഴി താഴേയ്ക്കിറങ്ങണം. സഹായിക്കാന്‍ പല സ്ഥലങ്ങളിലായി ലൈറ്റും പിടിച്ച് ആള്‍ക്കാരുണ്ട്. മറ്റൊരിടത്ത് പാറയുടെ അടിയിലൂടെ കമഴ്ന്ന് കിടന്നിഴഞ്ഞ് പോണം. പിന്നെയാണ്, വെള്ളത്തിലൂടെ പോവുന്നത്.

(ഫോട്ടോയ്ക്ക് കടപ്പാട്: ജ്ഞാനേഷ്)

എല്ലാം വളരെ വളരെ thrilling. ഗുഹയ്ക്ക് ഒരു വാതിലേയുള്ളൂ. തിരിച്ച് അതേ വഴി തന്നെ വരണം. പുറത്തിറങ്ങിയപ്പോള്‍ ദേഹം മുഴുവന്‍ ചെളി. നേരെ കടലില്‍ പോയി ഒന്നുകുളിച്ചു. നനഞ്ഞ ഉടുപ്പോടെ വീട്ടിലെത്തി ശരിക്ക് കുളിച്ചു. ഉണ്ടു, ഉറങ്ങി.

വൈകുന്നേരം ബീച്ചില്‍ ചുറ്റാന്‍ പോയി. തിരിച്ച് വന്നപ്പോള്‍ ഞങ്ങളെ സ്വീകരിക്കാന്‍ പാമ്പുകള്‍. അതിനെക്കുറിച്ച് മുന്‍പ് പോസ്റ്റിയിരുന്നു.


രത്നഗിരിയിലും പരിസരങ്ങളിലും വീടുകളിലും മറ്റും എത്തിപ്പെടുന്ന പാമ്പുകളെ രക്ഷിച്ച്, മുറിവുണ്ടെങ്കില്‍ ചികിത്സിച്ച്, കാട്ടില്‍ കൊണ്ടുവിടാറുണ്ട് RMA. അങ്ങനെ പിടിച്ച പാമ്പുകളില്‍ ചിലതിനെ, ഞങ്ങളുടെ പേടി മാറ്റാന്‍ കൊണ്ടുവന്നതാണ്.

10 മണിക്കാണ് ട്രെയിന്‍ - കൊങ്കണ്‍ കന്യ തന്നെ. അതിന് മുന്‍പ്, നേരത്തെ സൂചിപ്പിച്ച നോണ്‍-വെജ് ഹോട്ടലില്‍ പോയി വിഭവസമൃദ്ധമായ അത്താഴം. മൂന്ന് ദിവസം പച്ചക്കറി മാത്രം കഴിച്ച് ചിലരൊക്കെ മടുത്ത് പോയിരുന്നു. അതിന്റെ ആക്രാന്തം കാണാനുമുണ്ടായിരുന്നു.

രത്നഗിരി സ്റ്റേഷന്‍
(ഫോട്ടോയ്ക്ക് കടപ്പാട്: രൂപ)

അങ്ങനെ രത്നഗിരിയിലെ സാഹസങ്ങള്‍ക്ക് അവസാനമായി.

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP