Thursday, April 16, 2009

ശുദ്ധി

നാട്ടില്‍ ജലക്ഷാമം രൂക്ഷമായി. മിക്ക കിണറുകളും വറ്റിവരണ്ടു. ചില കിണറുകളില്‍ ഉള്ളത് കലക്കവെള്ളം. കുടിക്കാനും വല്ലതും വെച്ചുണ്ടാക്കാനും കൊള്ളില്ല.

ഇല്ലത്തെ കിണറില്‍ മാത്രം വറ്റാത്ത ഉറവയുണ്ട്. നല്ല തെളിഞ്ഞ വെള്ളം. നാട്ടുകാര്‍ അങ്ങോട്ട് പോയി, വെള്ളം കോരാന്‍.

പക്ഷെ വെള്ളം കോരാന്‍ മുത്തശ്ശി സമ്മതിച്ചില്ല. ഓരോരുത്തര്‍ക്കും കോരിക്കൊടുത്തു. വയ്യാണ്ടായെങ്കിലും അവര്‍ ആരെയും തിരിച്ചയച്ചില്ല. അത്യാവശ്യത്തിന് മാത്രമേ വെള്ളം കൊണ്ടുപോവാന്‍ പാടുള്ളൂന്ന് മുത്തശ്ശി പറഞ്ഞു. ചിലര്‍ അതനുസരിച്ചു. ചില സാമര്‍ത്ഥ്യക്കാര്‍ നല്ല ലാവിഷായി വെള്ളം ഉപയോഗിച്ച് രസിച്ചു. ബഹുജനം പലവിധം!

മുത്തശ്ശിയുടെ കയ്യും നടുവും കുഴമ്പിട്ട് തടവി, പേരക്കുട്ടിക്ക് മതിയായി.

“മുത്തശ്ശിക്ക് വേറെ പണിയൊന്നുമില്ലേ? നാട്ടുകാര്‍ തന്നെത്താനെ വെള്ളം കോരിക്കൊണ്ട് പൊയ്ക്കോളില്ലേ?”

“പിന്നെ, കണ്ട നായന്മാരും ഈഴവരും നസ്രാണികളുമൊക്കെ എന്റെ കിണറ് തൊട്ട് അശുദ്ധമാക്കാന്‍ ഞാന്‍ സമ്മതിക്കില്ല.”

“എങ്കില്‍‌പ്പിന്നെ അവരോട് വെള്ളം തരില്ലാന്ന് പറഞ്ഞൂടേ?”

“കുടിവെള്ളം മുട്ടിച്ചാല്‍ ഈശ്വരന്‍ പൊറുക്കില്ല കുഞ്ഞേ.”

അങ്ങനെ മുത്തശ്ശി വെള്ളം കോരിക്കൊണ്ടേയിരുന്നു.

41 comments:

siva // ശിവ April 16, 2009 at 9:02 PM  

സംഭവമായാലും കഥയായാലും ഈ ചിന്ത തന്നെ രസകരം....

Typist | എഴുത്തുകാരി April 16, 2009 at 11:41 PM  

മുത്തശ്ശി ആളു കൊള്ളാല്ലോ!

ദിവാസ്വപ്നം April 17, 2009 at 5:36 AM  

:-)

ശ്രീ April 17, 2009 at 6:32 AM  

“പിന്നെ, കണ്ട നായന്മാരും ഈഴവരും നസ്രാണികളുമൊക്കെ എന്റെ കിണറ് തൊട്ട് അശുദ്ധമാക്കാന്‍ ഞാന്‍ സമ്മതിക്കില്ല.”ഇത് മുത്തശ്ശിയുടെ അല്പത്തരം തന്നെ. എന്നാല്‍

“കുടിവെള്ളം മുട്ടിച്ചാല്‍ ഈശ്വരന്‍ പൊറുക്കില്ല കുഞ്ഞേ.”ഇത് മഹനീയമായ ചിന്തയും. എന്തായാലും വെള്ളം നല്‍കാനുള്ള നല്ല മനസ്സിനു തന്നെ മുന്‍‌തൂക്കം. :)

ബിന്ദു കെ പി April 17, 2009 at 9:12 AM  

“പിന്നെ, കണ്ട നായന്മാരും ഈഴവരും നസ്രാണികളുമൊക്കെ എന്റെ കിണറിലെ വെള്ളം കുടിയ്ക്കാൻ ഞാന്‍ സമ്മതിക്കില്ല” എന്നു പറയാഞ്ഞതു ഭാഗ്യം :)

Anonymous April 17, 2009 at 10:23 AM  

nice...kollamallo.....

പാവപ്പെട്ടവൻ April 17, 2009 at 1:19 PM  

കുടിവെള്ളം മുട്ടിച്ചാല്‍ ഈശ്വരന്‍ പൊറുക്കില്ല കുഞ്ഞേ

ഇങ്ങനെയുള്ള മുത്തശ്ശിമാര്‍ കുറേയെങ്കിലും ജീവിക്കുന്നതാണ് ഇന്നിന്‍റെ ഭാഗ്യം .

കുകളില്‍ അഭിപ്രായം പറഞ്ഞ സുഹ്ര്‍ത്തുക്കള്‍ മുത്തശ്ശി പറഞ്ഞതിനെ പൂര്‍ണ അര്‍ത്ഥത്തില്‍ കണ്ടില്ല എന്ന് തോന്നുന്ന് .

പിന്നെ, കണ്ട നായന്മാരും ഈഴവരും നസ്രാണികളുമൊക്കെ എന്റെ കിണറ് തൊട്ട് അശുദ്ധമാക്കാന്‍ ഞാന്‍ സമ്മതിക്കില്ല.”

ജലം പവിത്ര മായതാണ് അത് സംരക്ഷിക്കണ്ടതു പോലെ സംരക്ഷിച്ചാല്‍ ഉറവ വറ്റില്ല ആവിശ്യത്തിന് വെള്ളം എടുക്കാന്‍ വരുന്നവര്‍ ഇത് സംരക്ഷണ ബുദ്ധിയോടു കാണമെന്നില്ല .
നല്ല പോസ്റ്റാണ് ആശംസകള്‍

the man to walk with April 17, 2009 at 2:00 PM  

enthaayaalum share cheyyan manassundallo..athilaanu pavithratha..
nannayi

Sands | കരിങ്കല്ല് April 17, 2009 at 4:47 PM  

അതു കലക്കി! :)

മയൂര April 17, 2009 at 7:07 PM  

ഈ വെള്ളം കോരല്‍ ഉടനെയെന്നുമവസാനിക്കുകയുമിലല്ലോ... :)

ഹരീഷ് തൊടുപുഴ April 17, 2009 at 9:05 PM  

ഏതായാലും നല്ലൊരു വ്യായാമമായല്ലോ!!!

sojan p r April 17, 2009 at 11:19 PM  

ബിന്ദു
വളരെ നന്ദി. പോസ്റ്റ് വായിച്ചതിനും കമന്റുകള്‍ക്കും നന്ദി.
ശരിക്കും ഇത്രയധികം യാത്രകള്‍ ചെയ്യാന്‍ കഴിയുന്ന ബിന്ദുവിനോട് അസൂയ തോന്നുന്നു.നല്ല വിവരണങ്ങളും ചിത്രങ്ങളും.ശന്കു പുഷ്പം വയിച്ചുതുടങ്ങിയാതെ ഉള്ളു.വളരെ നനായിരിക്കുന്നു.
ഞാന്‍ ബൂലോകത്ത് പുതിയ ആളാണ്.എഴുതാന്‍ കഴിവധികം ഇല്ലെന്കിലും ഒരു ആഗ്രഹത്തിന്റെ പുറത്താണ്.യാത്രകളും സാഹസങ്ങളും പ്രകൃതിയെയും ഒക്കെ ഇഷ്ടപെടുന്ന സാധാരണ ഒരാള്‍ മാത്രം.
തുടര്‍ന്നും താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

(കമന്റ് ഇടേണ്ടത് ഈ ത്രെഡില്‍ തന്നെയാണൊ?സംശയമുള്ളതിനാല്‍ രണ്ടിലും കമന്റ് ഇടുന്നു.തെറ്റുപറ്റിയെന്കില് ക്ഷമിക്കൂ.)
NB: കൊലുക്കുമലക്ക് പോകുന്നെന്കില്‍ കൂട്ടത്തില്‍ പാല്‍കുളമേട്ടിലും ഒന്ന് പോയിനോക്കൂ.(ഞാന്‍ പാല്‍കുളമേടിനെ പറ്റി പുതിയ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട് )

വേണു venu April 18, 2009 at 12:20 AM  

അശുദ്ധ പ്രവര്‍ത്തികള്‍ തടയാനായിരിക്കാം ശുദ്ധ പ്രവര്‍ത്തികള്‍ക്ക് പുണ്യ്യം കൽപ്പിച്ചിരുന്നത്.‍
രണ്ടും അനുസരിക്കുന്ന അമ്മ്മൂമ്മ കാലത്തിന്‍റെ അടയാളം.
ചിന്തകള്‍ പാപ പുണ്യങ്ങള്‍ തിരയട്ടെ.:)

ബഷീർ April 18, 2009 at 3:02 PM  

അത് കലക്കി..! വെള്ളമല്ല
മുത്തശ്ശിയുടെ ന്യായം. :)

അനാവാശ്യമായി വെള്ളം ദുരുപയോഗം ചെയ്യുന്നത് നാളെ തീരാ ദു:ഖത്തിലേക്കായിരിക്കും നമ്മെ കൊണ്ട് ചെന്നെത്തിക്കുന്നത്

അരുണ്‍ കരിമുട്ടം April 18, 2009 at 4:11 PM  

മുത്തശ്ശിമാര്‍ക്ക് അയിത്തം ഉണ്ടാരുന്നെങ്കിലും സമൂഹത്തോടെ സ്നേഹം ഉണ്ടാരുന്നു.
പുതിയതലമുറയ്ക്ക് അയിത്തം മാത്രമേ ഉള്ളു.

smitha adharsh April 18, 2009 at 6:51 PM  

കഥ അസ്സലായി...
മുത്തശ്ശിയും..

Unknown April 19, 2009 at 1:27 AM  

ഈശ്വരനും ഈശ്വര കോപവും ഇല്ലായിരുന്നേല്‍ മുത്തശ്ശി കണ്ട നായന്മാര്‍ക്കും നസ്രാനികള്‍ക്കും വെള്ളവും കൊടുക്കുമായിരുന്നില്ല അല്ലെ .എന്തായാലും കോരട്ടങ്ങനെ ,കോരട്ടെ .മരണം വരെ കോരട്ടെ .എന്താണാവോ ഇല്ലത്തെ കിണര്‍ മാത്രം വറ്റാത്തത് എനിക്കതിന്റെ ഗുട്ടന്‍സ് ആണ് പിടി കിട്ടാഞ്ഞത് ,എന്തായാലും ആ നാട്ടില്‍ നസ്രാണിയുടെ കിണറില്‍ മാത്രമേ ഇതുപോലെ വറ്റാത്ത ഉറവയുള്ള കിണര്‍ എന്നായിരുന്നേല്‍ മുത്തശ്ശി വെള്ളം കുടിക്കാതെ ചത്തേനെ .

നിരക്ഷരൻ April 19, 2009 at 2:30 PM  

കഥയായാലും സംഭവമാ‍യാലും അതിലൊരു മുത്തശ്ശി വന്നപ്പോള്‍ത്തന്നെ വളരെ ഇഷ്ടായി. മുത്തശ്ശിമാരൊന്നും ഇപ്പോളില്ലാത്തതുകൊണ്ടോ, അവരെപ്പറ്റി ആരും പറയാത്തതുകൊണ്ടോ ആയിരിക്കാം. :)

sHihab mOgraL April 19, 2009 at 6:38 PM  

പോസ്റ്റ് ഇഷ്ടമായി :)
മറ്റൊരു രീതിയില്‍ നമ്മുടെ ചില വിയര്‍പ്പുകള്‍ എപ്പൊഴെങ്കിലും വൃഥാവിലാവുന്നുണ്ടോ എന്നൊരു ആത്മപരിശോധനയ്ക്കും പ്രേരിപ്പിക്കുന്നു.

Jayasree Lakshmy Kumar April 19, 2009 at 6:41 PM  

കൊള്ളാം. ഇഷ്ടമായി മുത്തശ്ശിയെ. മുത്തശ്ശിയെ ഊട്ടിവളർത്തിയ മാമൂലുകൾക്ക് അകമ്പടി സേവിക്കുമ്പോഴും മനസ്സാക്ഷി വിടാതെ, സ്വന്തം ആരോഗ്യം നോക്കാതെ, മുത്തശ്ശി മറ്റുള്ളവർക്കു വേണ്ടി വെള്ളം കോരിക്കൊണ്ടേയിരിക്കുന്നു

മേരിക്കുട്ടി(Marykutty) April 20, 2009 at 10:18 AM  

എം ടി യുടെ "അമ്മയ്ക്ക്" എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്- കൊടുംകാറ്റ് വന്ന രാത്രിയില്‍, മുന്‍ വാതില്‍ കീഴ്ജാതിക്കാര്‍ക്ക് തുറന്നു കൊടുത്തതിനെ പറ്റി...മച്ചില്‍ ഭഗവതി ഉണ്ടായിട്ടും അമ്മ അങ്ങനെ ചെയ്തു.."ആപത്തു സമയത്ത് അതൊന്നും നോക്കേണ്ടതില്ല " എന്നും പറഞ്ഞ്‌...

കാട്ടിപ്പരുത്തി April 20, 2009 at 5:19 PM  

ചിരിക്കണൊ- അതോ കരയണമോ

Sudhi|I|സുധീ April 22, 2009 at 2:10 AM  

വെള്ളം കോരുന്ന മുത്തശ്ശി...
ആര്‍ക്കും കുറ്റം പറയാന്‍ പറ്റാത്ത മുത്തശ്ശി...
എന്നാലും ഇതൊരു വല്ലാത്ത ചിന്ത തന്നെ...
മുത്തശ്ശിനേം, വിശ്വസത്തെം കുറ്റം പറയാന്‍
പറ്റാത്ത അവസ്ഥ.. അല്ലേലും എന്തിനാ കുറ്റം പറയുന്നേ, അല്ലെ?

നന്നായി ചിന്തിപ്പിച്ചു..

പ്രയാണ്‍ April 22, 2009 at 10:56 PM  

ഇവിടെയൊരു മുത്തശ്ശിയുണ്ടായിരുന്നു.ലിഫ്റ്റിന്റെ ബട്ടണ്‍ സാരികൂട്ടിയെ തൊടുമായിരുന്നുള്ളു.കാരണം അടിച്ചുതുടക്കാന്‍ വരുന്ന താണ ജാതിക്കാര്‍ അതു തൊട്ടശുദ്ധമാക്കിയിട്ടുണ്ടാവുമത്രെ.

ഉസ്മാന്‍ പള്ളിക്കരയില്‍ April 23, 2009 at 3:51 AM  

:-))

കുഞ്ഞന്‍ April 23, 2009 at 9:46 AM  

ദുഷ്ടയെന്ന് ആരും പറയില്ലല്ലൊ..!

ഒരു പക്ഷെ ഇവറ്റകളെയൊക്കെ വെള്ളം കോരിയെടുക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ എന്തായിരിക്കും സ്ഥിതി? കയ്യൂക്കുള്ളവന്‍ കാര്യക്കാരനാകും..!

ഹന്‍ല്ലലത്ത് Hanllalath April 23, 2009 at 1:28 PM  

മുത്തശ്ശിയെ കുറ്റപ്പെടുത്താന്‍ ഒന്നും കാണുന്നില്ല..
ദാഹ ജലം നിഷേധിക്കാമായിരുന്നിട്ടും ചെയ്തില്ലല്ലൊ...

റാഷിദ് April 23, 2009 at 5:09 PM  

‘കണ്ട നായന്മാരും നസ്രാണിയുമൊക്കെ തൊട്ടശുദ്ധമാക്കാൻ ഞാൻ സമ്മതിക്കൂല്ല!‘ എന്നത് ഏറ്റവും തരംതാണ നിലപാടാണെങ്കിലും കുടിവെള്ളം മുടക്കാതിരിക്കുന്ന ആ മൻസ്ഥിതി നല്ലതു തന്നെ.

Bindhu Unny April 23, 2009 at 8:53 PM  

ശിവ: സംഭവകഥയില്‍ ഇത്തിരി ഭാവന്‍ ചേര്‍ത്തതാണിത്. :-)

എഴുത്തുകാരി: ശരിയാ :-)

ദിവാസ്വപ്നം: :-)

ശ്രീ: എല്ലാരിലുമുണ്ടല്ലോ നന്മയും തിന്മയും :-)

ബിന്ദു: മുത്തശ്ശിക്ക് ദൈവത്തെ പേടിയുള്ളത് നാട്ടുകാരുടെ ദൈവാനുഗ്രഹം. :-)

നീലാംബരി: കൊള്ളാമല്ലേ :-)

പാവപ്പെട്ടവന്‍: ജലം സംരക്ഷിക്കേണ്ടപോലെ സംരക്ഷിക്കണം. പക്ഷെ ജലത്തിനറിയുമോ ജാതിയും മതവും? പലതരത്തിലുള്ള ആള്‍ക്കാരെ നിയന്ത്രിക്കാന്‍ കഴിയാത്തതുകൊണ്ട് മുത്തശി ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞെന്ന് നമുക്ക് വിചാരിക്കാം. :-)

the man to walk with: വെള്ളം കൊടുക്കാനുള്ള നല്ല മനസ്സിനെ മാത്രം കാണാം അല്ലേ :-)

കരിങ്കല്ല്: വെള്ളം കലക്കിയോ? :-)

മയൂര: വേനലവസാനിക്കും വരെ :-)

ഹരീഷ്: അതെയതെ :-)

സോജന്‍: പോസ്റ്റുകള്‍ ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. കമന്റിവിടെ ഇട്ടാലും അവിടെ ഇട്ടാലും പ്രത്യേകിച്ച് തെറ്റൊന്നുമില്ല. സാധാരണ കണ്ടുവരുന്ന രീതി ഞാനിപ്പോള്‍ ഈ കമന്റെഴുതുന്നതുപോലെ മറുപടിക്കമന്റെഴുതുന്നതാണ്. :-)

വേണു: അശുദ്ധപ്രവര്‍ത്തികള്‍ ചെയ്യുന്ന ആള്‍ക്കാര്‍ എല്ലാ ജാതി-മതത്തിലുമുണ്ടെന്ന് മാത്രം. :-)

ബഷീര്‍: “വെള്ളം ദുരുപയോഗം ചെയ്യുന്നത് നാളെ തീരാ ദു:ഖത്തിലേക്കായിരിക്കും നമ്മെ കൊണ്ട് ചെന്നെത്തിക്കുന്നത്“ - സത്യം. :-)

അരുണ്‍: പുതിയ തലമുറയുടെ അയിത്തം എനിക്ക് മനസ്സിലാക്കാന്‍ പറ്റാത്ത ഒന്നാണ്. :-)

സ്മിത: നന്ദി :-)

ഞാനും എന്റെ ലോകവും: ഈശ്വരകോപത്തെ ഭയന്ന് മാത്രം തെറ്റ് ചെയ്യാതിരിക്കുന്നതിനോട് എനിക്കും യോജിപ്പില്ല. എങ്കിലും ഈ മുത്തശ്ശിയോട് ക്ഷമിക്കാം.
ആ ഭാഗത്ത് പൊതുവെ എല്ലായിടത്തും പാറയാണ്. ഇല്ലത്തെ കിണറ്റിലും അതിന് പിറകിലേയ്ക്കുള്ള പറമ്പുകളിലെ കിണറുകളിലും വെള്ളമുണ്ട്. ആ പറമ്പുകളില്‍ പല ജാതിമതസ്ഥര്‍ താമസവുമുണ്ട്. :-)

നിരക്ഷരന്‍: മുത്തശ്ശിമാര്‍ വംശനാശം വന്നുപോയോ? കഷ്ടം അല്ലേ :-)

ഷിഹാബ്: ഫലേച്ഛയില്ലാതെ കര്‍മ്മം ചെയ്യണം എന്നല്ലേ :-)

ലക്ഷ്മി: മുത്തശ്ശിയെ ഇഷ്ടമായി അല്ലേ.:-)

മേരിക്കുട്ടി: ഞാന്‍ വായിച്ചിട്ടില്ല ‘അമ്മയ്ക്ക്’. നല്ല മനസ്സുള്ളവര്‍ എല്ലാക്കാലത്തും എല്ലാ ജാതിയിലും ഉണ്ട്. :-)

കാട്ടിപ്പരുത്തി: ആദ്യം ചിരിക്കാം, പിന്നെ കരയാം. അതോ ആദ്യം കരയണോ, പിന്നെ ചിരിക്കണോ? :-)

Sudheesh|I|സുധീഷ്‌: കുറ്റം പറയാന്‍ പറ്റില്ല. പറയേണ്ട കാര്യവുമില്ല. ശരിയാ :-)

Prayan: ഹ ഹ ഹ. അങ്ങനെയും ഒരു മുത്തശ്ശി :-)

പള്ളിക്കരയില്‍: :-)

കുഞ്ഞന്‍: ഈ മുത്തശ്ശി ദുഷ്ടയല്ല.
കയ്യൂക്കുള്ളവന്‍ കാര്യക്കാരനാവാതിരിക്കാന്‍ മുത്തശ്ശി ശ്രമിച്ചതാവും :-)

റാഷിദ്: കുടിവെള്ളം മുടക്കാതിരിക്കുന്ന ആ മനസ്ഥിതിയെ നമുക്ക് മാനിക്കാം :-)

ഉസ്മാന്‍ പള്ളിക്കരയില്‍ April 24, 2009 at 7:29 AM  

മുത്തശ്ശിയുടെ മനസ്സിലെ നന്മയ്ക്ക് നമോവാകം.
(ആചാരങ്ങള്‍ അവര്‍ ഉണ്ടാക്കിയതല്ലല്ലോ...)

Unknown April 29, 2009 at 10:02 PM  

resamthanne

ജ്വാല May 7, 2009 at 10:18 PM  

കൊള്ളാം....

Anil cheleri kumaran May 8, 2009 at 2:03 PM  

ഇപ്പോഴും ഉണ്ട് നാട്ടിന്‍‌ പുറത്ത് ഇതു പോലുള്ള മുത്തശ്ശിമാര്‍... പാവം.
പോസ്റ്റ് ഇഷ്ടപ്പെട്ടു.

Kumar Neelakandan © (Kumar NM) May 8, 2009 at 10:46 PM  

“പിന്നെ, കണ്ട നായന്മാരും ഈഴവരും നസ്രാണികളുമൊക്കെ എന്റെ കിണറ് തൊട്ട് അശുദ്ധമാക്കാന്‍ ഞാന്‍ സമ്മതിക്കില്ല.”
....
“കുടിവെള്ളം മുട്ടിച്ചാല്‍ ഈശ്വരന്‍ പൊറുക്കില്ല കുഞ്ഞേ.”
ഇതാണ് ഇന്നത്തെ, സവര്‍ണ്ണ ഹിന്ദു. എന്റെ സ്വന്തമായ ഈശ്വരന്‍ എന്റെ പ്രവൃത്തിയില്‍ എന്നെ വെറുക്കാനും പാടില്ല, എന്നാല്‍ എന്റെ സവര്‍ണ്ണ ചിന്തയും അതിന്റെ ഊറ്റം കൊള്ളലും പിന്നെ ജാതിവ്യവസ്ഥയും നില നില്‍ക്കയും വേണം.

ദൈവമെ
ഈ ഈശ്വരനും ഇങ്ങനെയാണൊ ചിന്തിക്കണെ?
ഞാനിനി നില്‍ക്കണോ പോണോ?

Sachi May 9, 2009 at 8:41 AM  

sme where smethin is strikin~ awesome thought

ഹരിശ്രീ May 9, 2009 at 9:19 AM  

നല്ല പോസ്റ്റ്.

:)

yousufpa May 9, 2009 at 11:00 AM  

മുത്തശ്ശി വെള്ളം കോരിക്കൊണ്ടേ ഇരിക്കട്ടെ.
കോരൊക്കോരി മനസ്സും ശരീരവും ശുദ്ധമാവട്ടെ.

ശ്രീഇടമൺ May 11, 2009 at 12:49 PM  

നല്ല മുത്തശ്ശിക്കഥ....
:)

Sureshkumar Punjhayil May 11, 2009 at 9:57 PM  

Chechy, enikkumundayirunnu ithupoloru muthassi. Ashamsakal...!!!

Amal Bose May 12, 2009 at 9:54 AM  

i think she is a bad person.. she is not doing it coz of love for others, but for the fear of god.
so selfish :(

nice work btw :)

Bindhu Unny May 12, 2009 at 5:58 PM  

പള്ളിക്കരയില്‍: ശരിയായിരിക്കും. :-)

എം.സങ്, ജ്വാല: നന്ദി :-)

കുമാരന്‍: ഉണ്ടാവും :-)

കുമാരന്‍ നീലകണ്‌ഠന്‍: ഈശ്വരന്‍ അങ്ങനെയാ ചിന്തിക്കുന്നതെന്ന് ചില മനുഷ്യര്‍ കരുതുന്നതല്ലേ. :-)

Sachi, ഹരിശ്രീ: നന്ദി :-)

യൂസുഫ്പ: അങ്ങനെ ആവട്ടെ :-)

ശ്രീ ഇടമണ്‍: നന്ദി :-)

Sureshkumar Punjhayil: നന്ദി. സുരേഷും ചേച്ചീന്ന് വിളിച്ച് തുടങ്ങിയോ? :-)

Amal Bose: Not sure if she's bad. At least she's not evil. :-)

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP