Tuesday, February 17, 2009

പാവം ഞാന്‍

മുറ്റത്തും പറമ്പിലും വെയിലെന്നും മഴെയെന്നും നോക്കാതെ ഞാന്‍ ഓടിക്കളിച്ചപ്പോള്‍ അമ്മ എന്നെ തടഞ്ഞില്ല. ചന്ദ്രിക സോപ്പ് തേച്ച് കുളിപ്പിച്ചുമില്ല. അതുകൊണ്ട്, ചൂടും പൊടിയുമേറ്റ് എന്റെ ചര്‍മ്മം മങ്ങിപ്പോയി. പാവം ഞാന്‍.

വളരുന്ന പ്രായത്തില്‍ അമ്മ എനിക്ക് കോം‌പ്ലാന്‍ തന്നില്ല, ഹോര്‍‌ലിക്സും തന്നില്ല. പോഷകവകുപ്പില്‍ പോയി അന്വേഷിച്ചുമില്ല. അതുകൊണ്ട്, എനിക്ക് പൊക്കം വച്ചില്ല. പാവം ഞാന്‍.

ഉമിക്കരിയും, പിന്നെ ഫോര്‍‌ഹാന്‍സും ബിനാക്കയും വെച്ച് പല്ല് തേച്ച് തേച്ച് എന്റെ പല്ലുകളിലെല്ലാം പോടുകള്‍ വന്നു. പാവം ഞാന്‍.

അമ്മയ്ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഹോര്‍ലിക്‍സ് വാങ്ങിക്കഴിക്കാത്തതുകൊണ്ട് അമ്മയും ക്ഷീണിച്ചുപോയി. പാവം അമ്മ.

Friday, February 13, 2009

വാലന്റൈന്‍ മധുരം

ആദ്യമേ പറയട്ടെ, ഞാന്‍ വാലന്റൈന്റെ ദിനം ആഘോഷിക്കാറില്ല. സേനക്കാരുടെ ആളായതുകൊണ്ടല്ല. സ്നേഹം ആഘോഷിക്കാന്‍ അങ്ങനെ ഒരു ദിവസം വേണ്ടല്ലോ. എന്നും ആഘോഷിക്കാല്ലോ. അപ്പോ, കാര്‍ഡും ബലൂണും ഒന്നും വാങ്ങി പൈസേം കളയണ്ട.

സമയം കിട്ടിയതുകൊണ്ട് രണ്ട് സ്വീറ്റ്സ് ഉണ്ടാക്കി. എങ്കില്‍ പിന്നെ, അത് വാലന്റൈന്‍ മധുരം ആയി ഇവിടെ വിളമ്പാം എന്ന് കരുതി. ഒന്ന് നമ്മുടെ പഴയ അരി-കടല-ഓട്സ്-തേങ്ങ-ഈന്തപ്പഴം-ശര്‍ക്കര ഉണ്ട തന്നെ. രണ്ടാമത്തേത്, രസഗുള.

കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍‌പ് ഒരു കൂട്ടുകാരി പറഞ്ഞു തന്നതാണ് രസഗുള ഉണ്ടാക്കുന്ന വിധം. ഈയടുത്തെങ്ങും ഉണ്ടാക്കിയിട്ടില്ല. ഇന്നാള്, ഹൌറ എന്നൊരു റെസ്റ്റൊറന്റില്‍ പോയപ്പോള്‍ രസഗുള വാങ്ങി. അത് കഴിച്ചപ്പോള്‍ തോന്നി, ഇതിലും നന്നായി ഞാനുണ്ടാക്കുമല്ലോന്ന്.

രസഗുള


പാല്‍ - 1 ലിറ്റര്‍
തൈര് - പാല്‍ പിരിയിക്കാന്‍ ആവശ്യത്തിന്
പഞ്ചസാര – ¼ കിലോ
റോസ് എസ്സന്‍സ് – 2 തുള്ളി

ആദ്യം പനീര്‍ ഉണ്ടാക്കണം. ഫ്രെഷ് പനീര്‍ വച്ച് രസഗുള ഉണ്ടാക്കിയില്ലേല്‍ ശരിയാവില്ലാന്നാണ് അനുഭവം. കൂടുതല്‍ പനീര്‍ കിട്ടാന്‍, കട്ടിയുള്ള പാലാണ് നല്ലത്. പാല്‍ തിളച്ചുവരുമ്പോള്‍, കുറച്ച് തൈര് ഒഴിച്ച് പാല്‍ പിരിയിക്കണം. (നാരങ്ങാനീരോ വിനാഗിരിയോ ഒഴിച്ചും പാല്‍ പിരിയിക്കാം. പക്ഷെ, രസഗുള ഉണ്ടാക്കാനാണ് പനീറെങ്കില്‍ തൈരാണ് നല്ലത്. കറി വയ്ക്കാനുള്ള പനീറുണ്ടാക്കാന്‍ നാരങ്ങാനീരോ വിനാഗിരിയോ ഉപയോഗിക്കാം.) ഒന്നൂടി തിളപ്പിച്ച ശേഷം, വാങ്ങി വച്ച്, കുറച്ചാറുമ്പോള്‍, വെള്ളം ഊറ്റുക. (ഈ വെള്ളം പോഷകസമൃദ്ധമാണ്. ഇംഗ്ലീഷില്‍ whey എന്ന് പറയും. ചപ്പാത്തിയ്ക്ക് കുഴയ്ക്കുവാനും കറികള്‍ക്ക് ചേര്‍ക്കുവാനും ഇത് ഉപയോഗിക്കാം. മൂന്നാലുദിവസം വരെ ഫ്രിഡ്ജില്‍ വച്ചുപയോഗിക്കാം.)

കനം കുറഞ്ഞ ഒരു തുണിയ്ക്കകത്ത് പനീര്‍ ഒരുമണിക്കൂറോളം കെട്ടിത്തൂക്കിയിടണം. വെള്ളം ഊര്‍ന്ന് പോവാനാണ്. സിങ്കിലെ ടാപ്പില്‍‍ കെട്ടിയിട്ടാല്‍ മതി. എന്നിട്ടും ബാക്കിയുള്ള വെള്ളം കളയാന്‍, ഈ പനീറെടുത്ത് രണ്ട് പ്ലേറ്റുകളുടെ ഇടയില്‍ വയ്ക്കുക. എന്നിട്ട് അതിന്റെ മുകളില്‍ ഒരു വല്യ പാത്രം വെള്ളം കയറ്റി വയ്ക്കണം. ഭാരമുള്ള എന്തെങ്കിലും വച്ചാല്‍ മതി. ഇത് സിങ്കിന്റെ അടുത്ത് തന്നെ വെച്ചാല്‍ വൃത്തിയാക്കാന്‍ എളുപ്പമുണ്ട്. ഊറിവരുന്ന വെള്ളം സിങ്കിലേയ്ക്ക് ഒലിച്ചുപൊയ്കോളും.

രണ്ടുമണിക്കൂര്‍ കഴിഞ്ഞാല്‍ പനീര്‍ റെഡി.

ഇനി എല്ലാം എളുപ്പമാണ്. ടി.വി. ഓണ്‍ ചെയ്യുക. അല്ലേല്‍. പത്രമോ ഒരു പുസ്തകമോ വായിക്കാന്‍ പാകത്തിന് നിവര്‍ത്തി വയ്ക്കുക. എന്നിട്ട്, ഒരു പാത്രത്തില്‍ പനീര്‍ എടുത്ത് ഞെരടിപ്പീച്ചുക. 15 മിനിറ്റ് ഇങ്ങനെ ഞെരടുമ്പോള്‍ പനീര്‍ നല്ല മൃദുലമായി വരും.

എന്നിട്ട്, അതിനെ ചെറിയ ഉണ്ടകളാക്കണം.

എത്ര വലുപ്പത്തില്‍ രസഗുള വേണോ, അതിന്റെ പകുതി വലുപ്പമുള്ള ഉണ്ടകള്‍ പിടിക്കണം.

പഞ്ചസാരപ്പാനിയുണ്ടക്കാന്‍ എല്ലാര്‍ക്കുമറിയാല്ലോ. പാനി അധികം മുറുകേണ്ട. തിളയ്ക്കൂന്ന പാനിയിലേയ്ക്ക്, പനീര്‍ ഉണ്ടകള്‍ ഇട്ട് , ഇടത്തരം തീയില്‍ 10-15 മിനിറ്റ്. തിളപ്പിക്കണം. പാനി കുടിച്ച് ഈ ഉണ്ടകള്‍ വീര്‍ത്ത് വരും – എകദേശം ഒറിജിനല്‍ സൈസിന്റെ ഇരട്ടിയാകും. അതുകൊണ്ട്, ഇങ്ങനെ വികസിക്കാന്‍ സ്ഥലമുള്ള പാത്രത്തില്‍ വേണം തിളപ്പിക്കാന്‍.
ഉണ്ട പിടിക്കുമ്പോള്‍ അധികം അമര്‍ത്തിയാല്‍ പാനി അകത്തുകയറാതെ രസഗുളയ്ക്ക് ഒരു രസമുണ്ടാവില്ല. എന്നാല്‍, തീരെ അമര്‍ത്തിയില്ലെങ്കിലോ – പാനിയിലേയ്ക്കിടുമ്പോള്‍ പൊട്ടിപ്പൊളിഞ്ഞു വരും. രുചിയുണ്ടാവും. കാണാന്‍ ബോറായിരിക്കും. ഈപ്രാവശ്യം ഒരെണ്ണം പൊളിയാന്‍ തുടങ്ങി.


ഇനി നിങ്ങള് വേറെ പണിയൊക്കെ ചെയ്തോളൂ. രസഗുള അവിടെയിരുന്ന് തണുക്കട്ടെ. നന്നായി തണുത്തതിന് ശേഷം രണ്ട് തുള്ളി റോസ് എസ്സന്സ് ചേര്‍ത്ത് പതുക്കെ ഇളക്കുക. പിന്നെ, നേരെ പോട്ടെ ഫ്രിഡ്ജിലേയ്ക്ക്. തണുപ്പിച്ചാലാ നല്ലത്.

Sunday, February 8, 2009

വീണ്ടും കറുത്ത കുതിര


കഴിഞ്ഞ വര്‍ഷം കറുത്ത കുതിരയെക്കുറിച്ച് ഞാനൊരു ചിത്ര-പോസ്റ്റിട്ടിരുന്നു. 2009-ലെ കാലാഘോഡാ കലോത്സവം ഇന്നലെ തുടങ്ങി. ഇനി പത്തുദിവസത്തേയ്ക്ക് ആട്ടവും പാട്ടും മറ്റ് കലാസാഹിത്യപരിപാടികളുമായി കാലാഘോഡായിലും പരിസരത്തും ആഘോഷം തന്നെ.

എന്നും വൈകുന്നേരം ആറുമണിക്ക് Heritage Bus Ride ഉണ്ട്. MTDC ഇത് മുംബൈ ദര്‍ശന്‍ എന്ന പേരില്‍ പതിവായി നടത്തുന്നതാണെങ്കിലും ഞങ്ങള്‍ ഇതുവരെ പോയിട്ടില്ല. അതുകൊണ്ട്, ഇതില്‍ പങ്കെടുത്തുകൊണ്ട് കാലാഘോഡയിലുള്ള ചുറ്റല്‍ തുടങ്ങാമെന്ന് കരുതി.

ആദ്യദിവസമായതുകൊണ്ട്, ബസിന്റെ ഉടമയായ BEST (Bruhan Mumbai Electric Supply & Transport), Ride നടത്തുന്നതിന് അധികാരപ്പെട്ട MTDC, Ride ഉള്‍പ്പടെയുള്ള മറ്റ് Heritage Walks സംഘടിപ്പിക്കുന്ന Mumbai Heritage Walks Society, Kalaghoda Foundation – ഇവരെല്ലാം തമ്മില്‍ വാര്‍ത്താവിനിമയത്തില്‍ ലേശം വീഴ്ച വരുത്തിയതിനാല്‍, Ride കുറച്ച് വൈകിയാണ് തുടങ്ങിയത്.

മുകള്‍‌ഭാഗം തുറന്ന രണ്ടുനില ബസാണ്. നേരത്തെ ചെന്ന് പാസ് (ഫ്രീ) വാങ്ങിയതിനാല്‍ മുകളില്‍ സീറ്റ് കിട്ടി. അങ്ങനെ മുകളിലിരുന്ന് നോക്കുമ്പോള്‍ ഒരു വ്യത്യസ്തമായ വീക്ഷണം കിട്ടും (ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം പറയുന്ന മാതിരി).


റീഗല്‍ സര്‍ക്കിളില്‍ നിന്ന് തുടങ്ങി, ആദ്യം ഗേറ്റ് വേ ഓഫ് ഇന്ത്യയിലേയ്ക്ക്. നവംബറിലെ ഭീകരാക്രമണത്തിന് ശേഷം ആദ്യമായാണ് ഞാനിവിടെ.

ഗേറ്റ് വേ ഓഫ് ഇന്ത്യ


താജ്‌മഹല്‍ പാലസ് ഹോട്ടല്‍

പിന്നെ, കൊളാബ വഴി വീണ്ടും റീഗല്‍ സര്‍ക്കിളില്‍. മറൈന്‍ ഡ്രൈവ്, ഛത്രപതി ശിവജി ടെര്‍മിനസ് (മുന്‍പത്തെ വിക്ടോറിയ ടെര്‍മിനസ്) വഴി തിരിച്ച് റീഗല്‍ സര്‍ക്കിളില്‍ ഇറക്കിവിട്ടു.
ഈ വഴികളിലൊക്കെ ഹെറിറ്റേജ് കെട്ടിടങ്ങള്‍ ധാരാളമുണ്ട്. Art Deco, Indo-Saracen - ഇങ്ങനെ ഓരോ വാസ്തുകലാശൈലിയില്‍ പണിത കെട്ടിടങ്ങള്‍. എനിക്ക് ഇതിലൊക്കെ നല്ല വിവരമായതുകൊണ്ട് കൂടുതല്‍ വിശദീകരിക്കുന്നില്ല. ചിത്രങ്ങള്‍ കണ്ടോളൂ.


ഒരു ഹെറിറ്റേജ് കെട്ടിടം. ഇപ്പോള്‍ MLA hostel

മറൈന്‍ ഡ്രൈവ്. ആ ലൈറ്റുകള്‍ Queen's Necklace എന്നറിയപ്പെടുന്നു


നടുക്കുള്ള ഉയരമുള്ള കെട്ടിടമാണ് ട്രൈഡന്റ് ഹോട്ടല്‍

ഛത്രപതി ശിവജി ടെര്‍മിനസ്

ഫ്ലോറ ഫൌണ്ടന്‍

ഏഷ്യാറ്റിക് ലൈബ്രറി. കാലാഘോഡ കലോത്സവത്തിന്റെ ചില പരിപാടികള്‍ ഇതിനെതിരെ സ്റ്റേജ് കെട്ടിയിട്ടാണ് നടത്തുക. പടികളിരുന്ന് കാണാം.

ഏഴരമണിയോടെ കാലാഘോഡയില്‍ തിരിച്ചെത്തി. മാളവിക സരുക്കായ് എന്ന നര്‍ത്തകി ഭരതനാട്യം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അവസാനഭാഗം മാത്രം കണ്ടു.


കാലാവസ്ഥാമാറ്റത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്ന ഒരു നിശബ്ദനാടകം.


അതുകഴിഞ്ഞ്, സല്‍‌സാ നൃത്തം.

അനായാസമായി ആ നര്‍ത്തകര്‍ ചുവട് വയ്ക്കുന്നത് കണ്ടപ്പോള്‍, ഞാനും ഉണ്ണിയും സല്‍‌സ പഠിക്കാന്‍ ശ്രമിച്ച് പരസ്പരം കാലില്‍ ചവിട്ടി പരാജയപ്പെട്ടത് ഓര്‍മ്മ വന്നു.


ചില സുഹൃത്തുക്കളെ കണ്ടു, സംസാരിച്ചു. ഒരിക്കലൊരു ട്രെക്കിനും പിന്നെ എല്ലാ വര്‍ഷവും കാലാഘോഡയിലും മാത്രം കാണുന്ന പ്രതിഷ്ഠ-തരുണ്‍ ദമ്പതികളെയും കണ്ടു.


കുറേനേരം കൂടി ചുറ്റി നടന്നു. ചില കലാരൂപങ്ങള്‍ ഉയര്‍ന്നുവരുന്നതേയുള്ളൂ. ഇന്നും, പിന്നെ പറ്റുന്ന ദിവസങ്ങളിലെല്ലാം പോണം.

കൂടുതല്‍ ചിത്രങ്ങള്‍ പിന്നാലെ.

കഴിഞ്ഞ വര്‍ഷത്തെ ചിത്രങ്ങള്‍ ഇവിടെയുണ്ട്.

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP