Wednesday, November 2, 2011

സ്വപ്നം


മഴവെള്ളം വന്ന് തൊട്ട് വിളിച്ചപ്പോൾ നീണ്ട ഉറക്കം അവൾ മതിയാക്കി. തല നിവർത്ത്, കൈകാലുകൾ നീട്ടി പുറത്തേയ്ക്കൊന്നെത്തിനോക്കി. ഇരുട്ടിനെ പുണർന്ന് കിടന്ന് ശീലിച്ചതുകൊണ്ട് വെളിച്ചം അസഹ്യമായി തോന്നി. പക്ഷെ താ‍ൻ സ്വപ്നങ്ങളിൽ കണ്ട സ്വർഗം ഒരു മൺ‌കട്ട അകലത്തിലെന്ന് കണ്ട് അവൾ കണ്ണടച്ചുകൊണ്ട് പുറത്തുവന്നു.

പതിയെ കണ്ണുതുറന്നു. ഭൂമി! പച്ചപ്പ് നിറഞ്ഞ, നൂറായിരം നിറങ്ങളിലുള്ള പൂക്കളാൽ അലംകൃതമായ മനോഹരമായ സ്ഥലം! ആ ഭൂമിയുടെ ഭംഗിയിൽ ഒരു ഭാഗമാകുവാൻ ഭാഗ്യം കിട്ടിയതിൽ അവൾ ദൈവത്തോട് നന്ദി പറഞ്ഞു. ഇനി ഞാനും പൂക്കൾ നിറഞ്ഞ്, കാറ്റിൽ ചാഞ്ചാടി, ചിത്രശലഭങ്ങൾക്ക് തേൻ പകർന്ന് … അവൾക്ക് ഓർത്തപ്പോൾ തന്നെ കുളിര് കോരി. നെറുകയിൽ വന്ന് ഉമ്മ വെച്ച മഴത്തുള്ളി മേനിയും കുളിർപ്പിച്ചു.

അവൾ ഉത്സാഹത്തോടെ വളർന്നു. ആവോളം മഴവെള്ളം കുടിച്ച് തളിരിലകൾ വേഗം തഴച്ചു. താഴേയ്ക്ക് പടർന്ന വേരുകൾ മണ്ണിൽ നിന്ന് പകർന്നുകൊടുത്ത പോഷകാഹാരമൊക്കെ കഴിച്ച് അവൾ മൊട്ടിടാൻ തുടങ്ങി. പൂവണിയാനുള്ള വെമ്പലായിരുന്നു പിന്നെ.

“ഈ കാട്ടുചെടിയൊന്നും ഇവിടെ വേണ്ട. വല്ല പാമ്പോ പഴുതാരയോ കേറിയിരുന്നാൽ അറിയില്ല. ഇതെല്ലാം പിഴുത് ആ തെങ്ങിൻ‌ചോട്ടിലേയ്ക്കിട്.”

ഒരു കൈ നീണ്ട് വന്ന് അവളെ പിഴുതെറിയുമ്പോൾ, നിറയെ പൂവുകളുമായി കാറ്റിനോട് കിന്നാരം പറഞ്ഞ് നിൽക്കുന്ന സുന്ദരസ്വപ്നത്തെക്കുറിച്ച് അവൾ ഒരു പുൽ‌ച്ചാ‍ടിയോട് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

Tuesday, August 9, 2011

വെള്ളച്ചാട്ടത്തിലൂടെ നടന്ന് നടന്ന് ...


Rappelling പല പ്രാവശ്യം ചെയ്തിട്ടുണ്ടെങ്കിലും വെള്ളച്ചാട്ടത്തില്‍ക്കൂടി ചെയ്യുന്നതിതാദ്യം. കുറെ വര്‍‌ഷങ്ങളായുള്ള ആഗ്രഹമായിരുന്നെങ്കിലും നടന്നതിപ്പോഴാണ്.

മുംബൈയുടെയുടെയും പൂണെയുടെയും ഇടയിലുള്ള (ഏകദേശം നടുക്കായി) മനോഹരമായ കര്‍ജത് എന്ന സ്ഥലത്തിനടുത്താണ് വാം‌ഗ്‌നി. ഒരു വെള്ളച്ചാട്ടത്തിന്റെ പെരുമയുള്ള കൊച്ചുഗ്രാമം. ഒരു സബര്‍ബന്‍ സ്റ്റേഷനുമുണ്ട്. മുംബൈ—കര്‍ജത് റൂട്ടിലോടുന്ന ലോക്കല്‍ ട്രെയിനുകള്‍ ഇവിടെ നിര്‍ത്തും. സ്റ്റേഷനില്‍ നിന്ന് ഒരു മണിക്കൂര്‍ നടപ്പുണ്ട് വെള്ളച്ചാട്ടത്തിലേയ്ക്ക്. ഓട്ടോയ്ക്കും പോവാം. ഓട്ടോ നിര്‍ത്തുന്നിടത്ത് നിന്ന് 10 മിനിട്ട് നടന്നാല്‍ മതി.മലകയറ്റത്തില്‍ പ്രമുഖനായ പ്രദീപ് ഖെല്‍‌ക്കറും സംഘവുമാണ് rappelling സംഘടിപ്പിച്ചത്. മുന്‍‌പൊരിക്കല്‍ രത്നഗിരിയില്‍ rappelling ചെയ്തതും പ്രദീപ് സാറിന്റെ കൂടെയായിരുന്നു. രണ്ട് കുട്ടികളുള്‍പ്പടെ117 പേരാണ് rappelling ചെയ്യാനെത്തിയത്. അതുകൊണ്ട് ഞങ്ങളുടെ (Nature Knights ടീമിന്റെ) ഊഴം വരാന്‍ കുറെ സമയമെടുത്തു. ആ സമയം മുതലാക്കി, എല്ലാരും മുകളിലേയ്ക്ക് പോയി വെള്ളത്തില്‍ കളിച്ച് തിമിര്‍ത്തു.


മലമുകളില്‍ നിന്ന് ഒഴുകിവരുന്നതുകൊണ്ട്, ചെറിയ വെള്ളച്ചാട്ടങ്ങളും കുഴികളും ധാരാളമുണ്ട്.


ഞാനും ഉണ്ണിയും അരുവിയുടെ ഉറവിടം തേടി മുകളിലേയ്ക്ക് നടന്നു.ഒരു picnic spot കൂടിയാണ് വാം‌ഗ്‌നി. ധാരാളം ആള്‍ക്കാര്‍ വരുന്നുണ്ട്. നല്ലവണ്ണം ആസ്വദിച്ച ശേഷം കുപ്പയെല്ലാം വലിച്ചെറിഞ്ഞ് എല്ലായിടവും നാശമാക്കി പോവുന്ന വിദ്യാഭ്യാസമുള്ള വിവരദോഷികള്‍!

വെള്ളത്തില്‍ക്കൂടിയുള്ള നടപ്പ് നല്ല രസമായിരുന്നെങ്കിലും, പാറയും വഴുക്കലും കാരണം സമയം കൂടുതലെടുക്കുന്നെന്ന് കണ്ടപ്പോള്‍ തിരിച്ചു വന്നു. അപ്പോഴാണ്, അരുവിയുടെ ഒരു വശത്ത് ഒരു കാട്ടുപാത കണ്ടത്. അതിലെ വച്ചുപിടിച്ചു. പത്ത് മിനിറ്റ് കൊണ്ട് മുകളിലെത്തി. മുകളില്‍ എന്ന് പറഞ്ഞാല്‍, അരുവിയുടെ ഉറവിടമൊന്നുമല്ല. അത് കണ്ടുപിടിക്കണമെങ്കില്‍, കാട്ടില്‍ക്കൂടി പിന്നെയും ധാരാളം പോണം. കുറച്ചുനേരം അവിടെ അര്‍മാദിച്ച ശേഷം ബാക്കിയുള്ളവരെക്കൂടി വിളിച്ചോണ്ട് വരാമെന്ന് കരുതി താഴേയ്ക്ക് പോയി. അവരെല്ലാം rappelling ചെയ്യാന്‍ അക്ഷമരായി നില്‍ക്കുന്നു. രണ്ട്‌ പേര്‍ മാത്രമേ വരാന്‍ താത്പര്യം കാണിച്ചുള്ളൂ. ഞങ്ങളെടുത്ത ഫോട്ടോകള്‍ പിന്നെ കാണിച്ചുകൊടുത്തപ്പോള്‍ എല്ലാര്‍ക്കും നിരാശയായി.

പാക്ക് ചെയ്ത് കൊണ്ടുപോയ പറാത്തയും തൈരും അകത്താക്കി ഊര്‍ജ്ജോദ്പാദനം നടത്തിയ ശേഷം വീണ്ടും മുകളിലേയ്ക്ക്. ഇത്തവണ കുറേയേറെ നേരം അര്‍മാദിച്ചു.

പിന്നെ, rappelling. Harness കെട്ടി, മുടിയെല്ലാം സ്കാര്‍ഫിലൊതുക്കിക്കെട്ടി, ഹെല്‍മെറ്റും വച്ച് റെഡിയായി. മുടി ഒതുക്കിക്കെട്ടാതെയിരുന്നാല്‍ rappelling ചെയ്യുമ്പോള്‍ അത് മുന്നോട്ട് വന്ന് കയറില്‍ കുടുങ്ങാന്‍ സാദ്ധ്യതയുണ്ട്. പിന്നെ അനങ്ങാന്‍ പറ്റില്ല. ഒരാള്‍ rappelling ചെയ്ത് ഒപ്പമിറങ്ങിവന്ന് മുടി മുറിച്ചുമാറ്റേണ്ടി വരും. ഈപ്രാവശ്യം ഒരു കുട്ടിക്ക് അങ്ങനെ സംഭവിക്കുകയും ചെയ്തു.
മുന്‍പ് ചെയ്തിട്ടുള്ളതുകൊണ്ടാണോ, ആഴം കുറവായതുകൊണ്ടാണോ (120 feet), പാറയില്‍ അള്ളിപ്പിടിച്ച് താഴേയ്ക്ക് ഊര്‍‌ന്നിറങ്ങാന്‍ പേടി തോന്നിയില്ല. ഒരടിയോളം താഴേയ്ക്കിറങ്ങിയ ശേഷം മാത്രമേ കയറില്‍ പിടിയ്ക്കാന്‍ പാടുള്ളു. അതുവരെ മുകളില്‍ നിന്നുള്ള സപ്പോര്‍ട്ടിലാണ് നിലനില്പ്.തെന്നുന്ന പാറയില്‍ കാലിന് പിടിത്തം കിട്ടാന്‍ ബുദ്ധിമുട്ടാണ്. മുന്‍‌പ് ചെയ്ത പലരും ഒരു സ്ഥലത്ത് തെന്നി മുട്ടുകുത്തുന്നത് കണ്ടിരുന്നു. വെള്ളത്തില്‍ക്കൂടിയുള്ള നടപ്പ് പിടിക്കാത്തതുകൊണ്ടാ‍വും എന്റെ ഷൂവിന്റെ സോള്‍ പൊളിഞ്ഞുതുടങ്ങിയിരുന്നു. എങ്കിലു, തെന്നാതെ തന്നെ ചെയ്യാന്‍ പറ്റി.

പകുതി വഴിയെത്തുമ്പോള്‍ പാറ ഉള്ളിലേയ്ക്കാവും (overhang). അവിടെയെത്തുമ്പോള്‍ വെള്ളം ശക്തിയായി തെറിക്കുന്നതുകൊണ്ട് ഒന്നും ശരിക്ക് കാണാനും പറ്റില്ല, പ്രത്യേകിച്ച് എന്നെപ്പോലുള്ള കണ്ണടധാരികള്‍ക്ക്. ആദ്യം വെള്ളച്ചാട്ടത്തിന്റെ ഒത്ത നടുക്കൂടെ ഒരു കയറിട്ടിട്ടുണ്ടായിരുന്നു. പക്ഷേ, മൂര്‍ച്ചയുള്ള പാറയില്‍ ഉരഞ്ഞ് കയര്‍ പൊട്ടാന്‍ തുടങ്ങിയതുകൊണ്ട്, ആ കയര്‍ അഴിച്ചെടുത്തു. ആ കയറില്‍ ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം.

Overhang –ല്‍ കാല്‍ നേരെ താഴേയ്ക്ക് തൂക്കിയിടണമെന്ന് അറിയാം. പക്ഷെ, പാറയില്‍ നിന്ന് കലെടുത്താല്‍ ദേഹം മൊത്തം വന്ന് പാറയിലിടിക്കും. അതൊഴിവാക്കാനാവില്ല. ഇടിയുടെ ശക്തി എത്ര കുറയ്ക്കാമെന്നാലോചിച്ച്, അവസാനം കാല്‍ താഴേയ്ക്ക് തൂക്കി. വല്യ കുഴപ്പമില്ലാത്ത ഇടിയായിരുന്നു. പിന്നെ താഴെ വരെ കാലുതൊടാതെയുള്ള rappelling.
വളരെ പെട്ടെന്ന് കഴിഞ്ഞു, അതായിരുന്നു നിരാശ. സമയക്കുറവ് കൊണ്ട് രണ്ടാമതൊന്ന് കൂടി ചെയ്യാനുള്ള അവസരം കിട്ടിയില്ല. എങ്കിലും നാലഞ്ചുമണിക്കൂര്‍ വെള്ളത്തില്‍ കളിച്ച് തിമിര്‍ത്തതുകൊണ്ട് പൈസാ വസൂല്‍!

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP