Wednesday, November 2, 2011

സ്വപ്നം


മഴവെള്ളം വന്ന് തൊട്ട് വിളിച്ചപ്പോൾ നീണ്ട ഉറക്കം അവൾ മതിയാക്കി. തല നിവർത്ത്, കൈകാലുകൾ നീട്ടി പുറത്തേയ്ക്കൊന്നെത്തിനോക്കി. ഇരുട്ടിനെ പുണർന്ന് കിടന്ന് ശീലിച്ചതുകൊണ്ട് വെളിച്ചം അസഹ്യമായി തോന്നി. പക്ഷെ താ‍ൻ സ്വപ്നങ്ങളിൽ കണ്ട സ്വർഗം ഒരു മൺ‌കട്ട അകലത്തിലെന്ന് കണ്ട് അവൾ കണ്ണടച്ചുകൊണ്ട് പുറത്തുവന്നു.

പതിയെ കണ്ണുതുറന്നു. ഭൂമി! പച്ചപ്പ് നിറഞ്ഞ, നൂറായിരം നിറങ്ങളിലുള്ള പൂക്കളാൽ അലംകൃതമായ മനോഹരമായ സ്ഥലം! ആ ഭൂമിയുടെ ഭംഗിയിൽ ഒരു ഭാഗമാകുവാൻ ഭാഗ്യം കിട്ടിയതിൽ അവൾ ദൈവത്തോട് നന്ദി പറഞ്ഞു. ഇനി ഞാനും പൂക്കൾ നിറഞ്ഞ്, കാറ്റിൽ ചാഞ്ചാടി, ചിത്രശലഭങ്ങൾക്ക് തേൻ പകർന്ന് … അവൾക്ക് ഓർത്തപ്പോൾ തന്നെ കുളിര് കോരി. നെറുകയിൽ വന്ന് ഉമ്മ വെച്ച മഴത്തുള്ളി മേനിയും കുളിർപ്പിച്ചു.

അവൾ ഉത്സാഹത്തോടെ വളർന്നു. ആവോളം മഴവെള്ളം കുടിച്ച് തളിരിലകൾ വേഗം തഴച്ചു. താഴേയ്ക്ക് പടർന്ന വേരുകൾ മണ്ണിൽ നിന്ന് പകർന്നുകൊടുത്ത പോഷകാഹാരമൊക്കെ കഴിച്ച് അവൾ മൊട്ടിടാൻ തുടങ്ങി. പൂവണിയാനുള്ള വെമ്പലായിരുന്നു പിന്നെ.

“ഈ കാട്ടുചെടിയൊന്നും ഇവിടെ വേണ്ട. വല്ല പാമ്പോ പഴുതാരയോ കേറിയിരുന്നാൽ അറിയില്ല. ഇതെല്ലാം പിഴുത് ആ തെങ്ങിൻ‌ചോട്ടിലേയ്ക്കിട്.”

ഒരു കൈ നീണ്ട് വന്ന് അവളെ പിഴുതെറിയുമ്പോൾ, നിറയെ പൂവുകളുമായി കാറ്റിനോട് കിന്നാരം പറഞ്ഞ് നിൽക്കുന്ന സുന്ദരസ്വപ്നത്തെക്കുറിച്ച് അവൾ ഒരു പുൽ‌ച്ചാ‍ടിയോട് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

11 comments:

Bindhu Unny November 2, 2011 at 8:28 PM  

നാട്ടിൽ നാത്തൂന്റെ പൂന്തോട്ടം വൃത്തിയാക്കിയപ്പോൾ തോന്നിയത് …

പടാര്‍ബ്ലോഗ്‌, റിജോ November 3, 2011 at 2:40 PM  

പാവം പുൽച്ചാടി. അതിനി എങ്ങനെ അറിയും സ്വപ്നത്തിന്റെ ബാക്കി?

Typist | എഴുത്തുകാരി November 3, 2011 at 3:20 PM  

ഇനി സ്വപ്നം കാണാൻ പറ്റാത്ത പിഴുതെറിയപ്പെട്ട കാട്ടുചെടിയോ, സ്വപ്നത്തിന്റെ ബാക്കി അറിയാൻ കഴിയാത്ത പുൽച്ചാടിയോ, ഏതാ പാവം?

റോസാപൂക്കള്‍ November 3, 2011 at 4:26 PM  

ഒരു പാഴ് ചെടിയുടെ ആത്മാവറിഞ്ഞ ഈ എഴുത്തിന് അഭിനന്ദനങ്ങള്‍

പ്രയാണ്‍ November 4, 2011 at 10:53 AM  

arkkum ventathe eviteyokkeyo pizhutheriyappetunnunt chila manushyajanmangalum.....

നിരക്ഷരൻ November 4, 2011 at 1:27 PM  

“പുൽച്ചാടീം വണ്ടും കീടങ്ങളുമൊക്കെയായി എന്തൊരു ശല്യമാണ്. എല്ലാത്തിനേം തല്ലിക്കൊന്ന് തെങ്ങിന്റെ ചോട്ടിൽ ആ കാടിന്റേം പടർപ്പിന്റേം ഒപ്പം തീയിട്. “

എന്നൊരു ആക്രോശം ചുറ്റിനും കേൾക്കുന്നുണ്ട്, നാളുകൾ ഏറയായി. :(

Bindhu Unny November 4, 2011 at 3:01 PM  

പടാര്‍ബ്ലോഗ്‌, റിജോ: :)

എഴുത്തുകാരി: പാവമല്ലാത്തത് മനുഷ്യൻ മാത്രം. :)

റോസാപൂക്കൾ: :)

പ്രയാൺ: അതും ശരിയാ :(

നിരക്ഷരൻ: മനുഷ്യന് സുഖിക്കാനുള്ളതല്ലേ ഭൂമി. അതിൽ ബാക്കി ജീവജാലങ്ങൾക്കെന്ത് കാര്യം? :)

പഞ്ചാരകുട്ടന്‍ -malarvadiclub November 26, 2011 at 12:55 PM  

എന്നാലും അതിനെ പിഴുത് കളയണ്ടായിരുന്നു
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍

jayarajmurukkumpuzha December 3, 2011 at 6:49 PM  

aashamsakal........... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE..............

jayarajmurukkumpuzha April 21, 2012 at 10:02 AM  

aashamsakal...... blogil puthiya post..... NEW GENERATION CINEMA ENNAAL...... vayikkane,......

മൈന October 30, 2012 at 10:43 AM  

ആശംസകള്‍

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP