Sunday, July 26, 2009

ഞങ്ങളെ പിന്തുടരുമോ നിങ്ങള്‍?


ആദ്യം വോട്ട് ചോദിച്ചു. ഇപ്പോള്‍ പിന്തുടരുമോന്ന് ചോദിക്കുന്നു. വട്ടായിപ്പോയോന്ന് കരുതല്ലേ. നിങ്ങളുടെയൊക്കെ വോട്ടിന്റെ ബലം കൊണ്ട് Great Driving Challenge-ന്റെ ഒന്നാമത്തെ കടമ്പ കടന്ന് ആദ്യത്തെ 100 ജോടികളിലൊന്നായി. പിന്നെ, അതില്‍ നിന്ന് തെരഞ്ഞെടുത്ത 12 ജോടികളിലും ഞാനും ഉണ്ണിയും ഉള്‍‌പ്പെട്ടിരിക്കുന്നു.

ഇനി അതില്‍നിന്ന് 3 ജോടികളെ തെരഞ്ഞെടുക്കും. അതിനുള്ള audition 3 മുതല്‍ 5 വരെ മുംബൈയിലെ ഒരു റിസോര്‍ട്ടില്‍ നടക്കും. അതുവരെ കഴിയാവുന്നത്ര ആള്‍ക്കാരെ പിന്തുടരാന്‍ കൂട്ടണം. Great Driving Challenge-
ന്റെ വെബ്‌സൈറ്റില്‍ ഒരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട്. അതില്‍ ദിവസവും പോസ്റ്റണം. പോസ്റ്റുകളില്‍ എല്ലാരേം കൊണ്ട് കമന്റ് ചെയ്യിക്കണം. ഇതൊക്കെ നോക്കീട്ടാണത്രെ തെരഞ്ഞെടുപ്പ്.

അതുകൊണ്ട് എല്ലാ ബൂലോകസുഹൃത്തുക്കളുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

http://www.greatdrivingchallenge.com/ee/index.php/nomines/blog/unny-bindhu/

ഈ ലിങ്കില്‍ പോയാല്‍ ബ്ലോഗും കാണാം, പിന്തുടരുകയും ചെയ്യാം. മടി വിചാരിക്കാതെ പോണേ. ഇടയ്ക്കിടയ്ക്ക് വന്ന് കമന്റിടാനും മറക്കരുത്.

ശ്രദ്ധിക്കുക – ഒരാള്‍ക്ക് ഒരു ജോടിയെ മാത്രമേ പിന്തുടരാന്‍ സാധിക്കൂ. (വോട്ട് എത്ര പേര്‍ക്ക് വേണേലും ചെയ്യായിരുന്നു.) ഇതിന് കാരണം, ആദ്യത്തെ മൂന്നില്‍ വരുന്നവരുടെയും ഫൈനല്‍ റൌണ്ടില്‍ ഒന്നാം സ്ഥാനത്ത് വരുന്നവരുടെയും ഫോളോവേര്‍സിന് സമ്മാനങ്ങള്‍ കിട്ടും.

അപ്‌ഡേറ്റ്: നിങ്ങളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്താലേ ബ്ലോഗില്‍ ഫോളോവേഴ്സിന്റെ ലിസ്റ്റില്‍ വരൂ. ഫോട്ടോ കൊടുക്കാന്‍ മടിയുള്ളവര്‍ മറ്റെന്തെങ്കിലും കൊടുത്താല്‍ മതിയെന്ന് തോന്നുന്നു. ഫോളോവേഴ്സ് ലിസ്റ്റിലുള്ള ഏകലവ്യന്റെയും പോളിന്റെയും ഫോട്ടോകള്‍ സ്വന്തമല്ല.

Friday, July 17, 2009

സോള് പൊളിഞ്ഞ ഷൂസും പൊട്ടിയ ചെരുപ്പും

കൊഹോജ്

സോളുകള്‍ പൊളിഞ്ഞ രണ്ട് ഷൂസ്. പൊട്ടിയ ഒരു ചെരുപ്പ്. ചെളിയില്‍ പുതഞ്ഞ പാന്റ്സ്. സംതൃപ്തമായ മനസ്സ്. കൊഹോജ് കോട്ട കയറിയിറങ്ങിയപ്പോള്‍ ഇതൊക്കെ ബാക്കി.

ഈ പച്ചപ്പ് മനസ്സ് തണുപ്പിച്ചു

ആഹ്ലാദത്തിമര്‍പ്പില്‍ സോപാന്‍ - ഈപ്രാവശ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ട്രെക്കര്‍

കാറ്റിന്റെ ശക്തി കൊണ്ട് വെള്ളം മുകളിലേയ്ക്ക് തെറിക്കുന്നു.
(ചിത്രം വലുതാക്കി നോക്കിയാല്‍ കാണാം)

കാറ്റിനോടൊപ്പം ഉണ്ണി

മലമുകളില്‍ ഒരു മയക്കം
(Photo courtesy: Asif)

തിരികെ
(Photo courtesy: Asif)

കഴിഞ്ഞ ഞായറാഴ്ചത്തെ കൊഹോജ് ട്രെക്കിനെക്കുറിച്ച് അധികം എഴുതി മടുപ്പിക്കുന്നില്ല. ചിത്രങ്ങള്‍ നോക്കിയാട്ടെ.

Friday, July 10, 2009

മഴയില്‍ കുതിര്‍ന്ന് പ്രബല്‍‌ഘഡില്‍


ഈ വര്‍‌ഷത്തെ ആദ്യത്തെ മണ്‍സൂണ്‍ ട്രെക്ക് ഈ വരുന്ന ഞായറാഴ്ചയാണ് – കൊഹോജ് ഫോര്‍ട്ടിലേയ്ക്ക്. അതിന് മുന്‍പ് എന്റെ ആദ്യത്തെ മണ്‍സൂണ്‍ ട്രെക്കിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

ആദ്യമായി പ്രബല്‍ഘഡില്‍ പോയത് 2005-ലെ മഴക്കാലത്താണ്. മുംബൈയില്‍ നിന്ന് പൂണെയ്ക്ക് പോകുന്ന വഴിക്ക്, പന്‍‌വേലില്‍ നിന്ന് ഏകദേശം 17 km അകലെ താക്കുര്‍വാഡി എന്ന ഗ്രാമത്തില്‍ നിന്നാണ് പ്രബല്‍ഘഡിലേയ്ക്കുള്ള ട്രെക്ക് തുടങ്ങുന്നത്.

Matheran പോലെ ഒരു ഹില്‍‌സ്റ്റേഷനാകാനുള്ള ചുറ്റുപാടൊക്കെയുണ്ട് ഇവിടെ. പക്ഷെ, കുന്നിന്റെ മുകളില്‍ വെള്ളം കിട്ടാനുള്ള ബുദ്ധിമുട്ട് കാരണം പ്രബല്‍ഘഡ് ഒരു ട്രെക്കിങ്ങ് സ്ഥലമായി ഒതുങ്ങി. അത് നന്നായെന്നാണ് തോന്നുന്നത്. അല്ലെങ്കില്‍ ഇവിടെയും വികസിപ്പിച്ച് ബോറാക്കിയേനേ.

2005 ജൂണിലെ ഒരു നനഞ്ഞ പ്രഭാതത്തില്‍ 2-3 വാഹനങ്ങളിലായി ഞങ്ങള്‍ പുറപ്പെട്ടു. ആസിഫ് (Nature Knights-ന്റെ സ്ഥാപകന്‍) സ്വന്തം വണ്ടിയില്‍ വന്നു. അതിലാണ് ഞാനും ഉണ്ണിയും കയറിയത്. പന്‍‌വേലില്‍ നിന്ന് വടാ-പാവ് കഴിച്ച് വിശപ്പടക്കി, താക്കുര്‍വാഡിയിലെത്തി. അതുവരെ മഴ മാറി നിന്നു.

മലകയറാന്‍ തയ്യാറായ്...
(Photo courtesy: Amit Kulkarni)

താക്കുര്‍വാഡിയില്‍ നിന്നും ഒരു ഗ്രാമവാസിയെ ഗൈഡായി കൂട്ടി ട്രെക്കിങ്ങ് തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോള്‍, ആസിഫ് വരുന്നില്ലാന്ന് പറഞ്ഞു.

തുടക്കം

തലേദിവസം എന്തോ കഴിച്ചത് വയറ്റില്‍ പിടിക്കാതെ, രാത്രി മുഴുവനും വയറിളകുകയും ഛര്‍ദ്ദിക്കുകയുമായിരുന്നു ആസിഫ്. വെളുപ്പിനെയാണ് കുറച്ചുറങ്ങിയത്. ഈ അവസ്ഥയിലും ട്രെക്കിങ്ങ് ചെയ്യാന്‍ വന്നല്ലോ എന്നതാണത്ഭുതം! മറ്റൊരു ലീഡര്‍ നിമേഷുണ്ടായിരുന്നതുകൊണ്ട് ആസിഫ് തിരിച്ചുപോയി. ലോണാവ്‌ലയിലുള്ള വീട്ടില്‍ പോയി വിശ്രമിച്ചിട്ട് വൈകുന്നേരം ഞങ്ങള്‍ തിരിച്ചെത്തുമ്പോഴേയ്ക്കും വരാമെന്നേറ്റു.

ഇനിയെത്ര മേലേയ്ക്ക്?

കുറച്ച് മുകളിലേയ്ക്ക് കയറുമ്പോഴേയ്ക്കും മഴ തുടങ്ങി. വേഗം റെയിന്‍‌കോട്ടെടുത്തിട്ടു. ക്യാമറ ബാഗിനകത്തായി. പിന്നെയല്ലേ രസം. മഴ കൂടിയതോടെ ഞങ്ങള്‍ കയറുന്ന വഴിയിലൂടെ വെള്ളമൊഴുകി വരാന്‍ തുടങ്ങി. ആ അരുവികളിലൂടെ മുകളിലേയ്ക്ക് കയറുമ്പോള്‍ നല്ല ത്രില്ലായിരുന്നു. ബാഗും ഷൂസും എല്ലാം കുതിര്‍ന്നു. റെയിന്‍‌കോട്ടിനിടയിലുടെ വെള്ളമിറങ്ങി ഉടുപ്പും കുറെയൊക്കെ നനഞ്ഞു. കണ്ണടയ്ക്ക് വൈപ്പര്‍ ഇല്ലാത്തതുകൊണ്ട് എന്റെ കാഴ്ചയും കണക്കായി. ആകെ നനഞ്ഞാല്‍ കുളിരില്ലാന്ന് പറഞ്ഞപോലെ എല്ലാരും ആവേശത്തോടെ കയറി. ഇടയ്ക്ക് മഴ തോര്‍ന്നപ്പോള്‍ കുറച്ച് ഫോട്ടോകളെടുക്കാന്‍ സാധിച്ചു.

ഒരു ചെറിയ ബ്രേക്ക്

പ്രബല്‍‌ഘഡിലേയ്ക്കുള്ള ആദ്യപകുതി എളുപ്പമാണ്.
രണ്ടാം പകുതി കുറച്ച് കട്ടിയും.

രണ്ടാം പകുതിയിലേയ്ക്ക് കടക്കുന്നതിന് മുന്‍പിത്തിരി വിശ്രമം


കുത്തനെയുള്ള പാറക്കൂട്ടങ്ങളിലൂടെ അള്ളിപ്പിടിച്ച് കയറണം. ആ സമയത്ത് മഴ കുറവായിരുന്നു. മുകളിലെത്താറാവുമ്പോള്‍ കുറച്ച് ദൂരം ഒരു വിധം നിരപ്പായ പാതയുണ്ട്.


കാട്ടുപൂക്കള്‍ക്കൊപ്പം ഒരു ഫോട്ടോ സെഷന്‍
(Photo courtesy: Amit Kulkarni)

ഉച്ചയാ‍യി മുകളിലെത്തുമ്പോള്‍.

മുകളില്‍ ആകെ മൂടല്‍

ഗിരിപ്രഭാഷണം നടത്തുന്ന ഉണ്ണി

കോട്ടയുടെ വളരെക്കുറച്ച് അവശിഷ്ടങ്ങള്‍ മാത്രമേ അവിടെയുള്ളൂ.

ഒരു പ്രതിഷ്ഠയുമുണ്ട്
(Photo courtesy: Amit Kulkarni)

മഴയും പുകമഞ്ഞും കാരണം ഒന്നും ശരിക്ക് കാണാന്‍ പറ്റിയില്ല. മഴയത്ത് നിന്ന് തന്നെ ഭക്ഷണം കഴിച്ചു. വെള്ളം കുടിക്കാനായി മുകളിലേയ്ക്ക് നോക്കി വായും പൊളിച്ചുനിന്നു.

അത്രയും നേരം നടന്നുകൊണ്ടിരുന്നതിനാല്‍ തണുപ്പനുഭപ്പെട്ടില്ല. ഇരുന്നപ്പോള്‍ നല്ല വിറയല്‍. അതുകൊണ്ട് അധികം ഇരിക്കാതെ തിരിച്ചിറങ്ങാന്‍ തുടങ്ങി.


ഇറങ്ങാനാണ് കൂടുതല്‍ വിഷമം. ശ്രദ്ധിച്ച് കാല് വെച്ചില്ലെങ്കില്‍ നടുവുംതല്ലി താഴെക്കിടക്കും. അതുകൊണ്ട് പതുക്കെയേ പോവാന്‍ പറ്റൂ. കുറെ മുന്നോട്ട് പോയപ്പോള്‍, ഒന്നായിരുന്ന ഗ്രൂപ്പ് പിളര്‍ന്ന് രണ്ടായി. നല്ല വേഗത്തില്‍ പോകുന്ന കുറച്ചുപേര്‍ ഗൈഡുമായി ആദ്യം പോയി. ഞങ്ങള്‍ രണ്ടാമത്തെ ഗ്രൂപ്പില്‍. അക്കൂട്ടത്തിലൊരാള്‍ക്ക് വയ്യാതെയായതുകൊണ്ട് പതുക്കെയാണ് നടക്കുന്നത്. അങ്ങനെ കുറച്ചുദൂരം പോയപ്പോള്‍ രണ്ടാമത്തെ ഗ്രൂപ്പ് വീണ്ടും പിളര്‍ന്നു. ഞാനും ഉണ്ണിയും മറ്റ് നാലഞ്ച് പേരും ഒരു ഗ്രൂപ്പ്. നിമേഷും വയ്യാത്ത ആളും വേറെ അഞ്ചാറ് പേരും ഏറ്റവും പിന്നില്‍.


സമയം വൈകി. ഇരുട്ടാന്‍ തുടങ്ങി. ഏകദേശം ഊഹം വച്ചിട്ടാണ് നടക്കുന്നത്. വഴി തെറ്റിയോന്ന് സംശയം. അങ്ങോട്ട് പോകുമ്പോള്‍ കടക്കാത്ത ഒരു തോട് കണ്ടപ്പോള്‍ ഉറപ്പിച്ചു – തെറ്റി. എവിടെയോ വെച്ച് ഒരു തിരിവ് മാറിപ്പോയി. മുന്‍‌പേ പോയവരെയും പുറകെ വരുന്നവരെയും കാണാനില്ല. മുന്നോട്ട് തന്നെ നടക്കാന്‍ തുടങ്ങി. തവളകള്‍ കരയുന്നു. പുറകെ പാമ്പും വരുമോന്ന് ഉള്ളിലൊരു പേടി. ടോര്‍ച്ചുമില്ല ആരുടെ കയ്യിലും. (ഈ ട്രെക്കോടെ ഒരു ദിവസത്തെ ട്രെക്കായാലും ടോര്‍ച്ച് കരുതുമെന്ന് തീരുമാനിച്ചു).

ഭാഗ്യത്തിന് മൊബൈല്‍ സിഗ്നലുണ്ടായിരുന്നു. ആദ്യത്തെ ഗ്രൂപ്പ് താഴെയെത്തി. ആസിഫും എത്തിയിരുന്നു. ആസിഫ് നാട്ടുകാരോട് ചോദിച്ച് ഞങ്ങള്‍ ഏകദേശം എവിടെയായിരിക്കുമെന്ന് പറഞ്ഞുതന്നു. ദൂരെ താക്കുര്‍വാഡി കാണാം ഞങ്ങള്‍ക്ക്. എങ്ങനെ അവിടെ എത്തും എന്ന് ഒരു പിടിയുമില്ല. അവിടെയുമിവിടെയുമുള്ള ഒന്ന് രണ്ട് സ്ട്രീറ്റ് ലൈറ്റുകളുടെ അടിസ്ഥാനത്തിലാണ് വഴി പറഞ്ഞുതന്നത്. അങ്ങനെ ഒരു വിധത്തില്‍ 8 മണിയോടെ താഴെയെത്തി.

മൂന്നാമത്തെ ഗ്രൂപ്പ് അപ്പോഴും വന്നിട്ടില്ല. അവര്‍ വഴി തെറ്റി വേറൊരു ചെറിയ ഗ്രാമത്തിലെത്തി. അവരെ അവിടെ വണ്ടിയില്‍ പോയി കൊണ്ടുവരികയാണുണ്ടായത്. വേഗം ഓടിപ്പോന്നതിന് ഗൈഡിനെ ആസിഫ് കുറേ വഴക്ക് പറഞ്ഞു.

എല്ലാരും ഡ്രെസ്സൊക്കെ മാറി അവിടുന്ന് പുറപ്പെട്ടപ്പോള്‍ മണി ഒമ്പതര. തീര്‍ന്നില്ല adventure. കുറേ ദൂരം ചെന്നിട്ടും മെയിന്‍ റോഡ് കാണുന്നില്ല. പകരം വഴി കൂടുതല്‍ ഇടുങ്ങിയതും വിജനവുമാവുന്നു. അതിലെ വന്ന ചില ഗ്രാമവാസികളോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു ഞങ്ങള്‍ കാട്ടിലേയ്ക്കാണ് പോകുന്നതെന്ന്. വന്ന വഴി തിരിച്ചുവന്ന്, ശരിയായ വഴി കണ്ടുപിടിച്ചപ്പോഴേയ്ക്കും സമയം പിന്നെയും പോയി.

ശരിക്കും ആസ്വദിച്ചു, ഈ വഴിതെറ്റിയ ട്രെക്ക്. പന്ത്രണ്ടരയ്ക്കാണ് വീട്ടിലെത്തിയതെങ്കിലും പിറ്റേന്ന് ഒമ്പത് മണിക്ക് തന്നെ ഞാന്‍ ഓഫീസിലെത്തി – fully recharged ആയിട്ട്.

കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ.

2007-ലും പോയി പ്രബല്‍‌ഗഡിലേയ്ക്ക്. ഒരു ഓര്‍മ്മ പുതുക്കലിനായി. പക്ഷെ, മഴ വരണ്ടാന്ന് തീരുമാനിച്ചു. വെറും ചാറ്റല്‍ മഴ മാത്രം. ഒരു ഗുണമുണ്ടായി. ആദ്യപകുതി വരെ പോകാന്‍ വേറൊരു എളുപ്പമുള്ള വഴി കണ്ടുപിടിച്ചു.

അവിടെ ഒരു ചെറിയ ഗ്രാമവും

എളുപ്പമുള്ള വഴിയിലുടെ മടക്കം (രണ്ടാമത്തെ പ്രാവശ്യം പോയപ്പോള്‍)

അവിടുള്ളവര്‍ താക്കുര്‍വാഡിയിലേയ്ക്ക് നടന്നുപോകാന്‍ ഈ വഴിയാണ് ഉപയോഗിക്കുന്നത്. ആ ഗ്രാമത്തില്‍ താമസിച്ച് രണ്ട് ദിവസത്തെ ട്രെക്ക് ചെയ്യാനും പറ്റും.

ജൂണില്‍ പോയപ്പോള്‍ പച്ചപ്പ് കുറവായിരുന്നു. രണ്ടാ‍മത് പോയത് ജൂലൈയിലാണ്. അപ്പോള്‍ മഴ കുറവായിരുന്നെങ്കിലും എല്ലാം പച്ചപുതച്ച് കിടന്നിരുന്നു. ചില ഫോട്ടോകള്‍ രണ്ടാമത്തെ പ്രാവശ്യം പോയപ്പോളെടുത്തതാണ്. അതിന്റെ കൂടുതല്‍ ഫോട്ടോകളുടെ ഒരു slide show ഇവിടെ ഉണ്ട്.

Saturday, July 4, 2009

വോട്ട് ചോദിക്കുന്നു ഞാന്‍

ഞാനും ഉണ്ണിയും Hindustan Motors സംഘടിപ്പിക്കുന്ന Great Driving Challenge എന്നൊരു മത്സരത്തില്‍ പങ്കെടുക്കുന്നു.


ബൂലോകത്തെ സുഹൃത്തുക്കള്‍ എല്ലാരും വോട്ട് ചെയ്യുമെന്ന പ്രതീക്ഷയോടെ ...

ഈ ലിങ്കില്‍ പോയി വോട്ട് ചെയ്യാം - http://www.greatdrivingchallenge.com/application/Unny/

ഈമെയില്‍ വെരിഫിക്കേഷന്‍ കൂടി ചെയ്താലേ വോട്ട് സാധുവാകൂ എന്നോര്‍ക്കണേ.

നിങ്ങള്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം. ജോടികള്‍ കല്യാണം കഴിച്ചിരിക്കണമെന്ന് നിര്‍ബന്ധമില്ല. :-)

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP