Wednesday, November 26, 2008

ദാണ്ഡേലിയില്‍ ദീപാവലി


പടക്കാവലിയില്‍ നിന്ന് ഓടി ഞങ്ങള്‍ ദാണ്ഡേലി വന്യജീവിസങ്കേതത്തിലെത്തി. നേരത്തെ പ്ലാന്‍ ചെയ്യാതിരുന്നതുകൊണ്ട് ബസും ട്രെയിനും എല്ലാം നിറഞ്ഞുകവിഞ്ഞിരുന്നു. അതുകൊണ്ട് കാറില്‍ പോവാന്‍ തീരുമാനിച്ചു. ദാണ്ഡേലിയിലുള്ള നല്ല resorts എല്ലാം houseful. എന്റെ ജ്യേഷ്ഠന്റെ ഒരു സുഹൃത്ത് ധാര്‍വാഡിലുണ്ട്. ഏതെങ്കിലും ഒരു ചെറിയ ലോഡ്ജില്‍ ഒരു മുറി തരപ്പെടുത്താന്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചു. ദാണ്ഡേലിയില്‍ വെറും കാട് മാത്രമേയുള്ളൂ എന്ന് പറഞ്ഞു അദ്ദേഹം ഞങ്ങളെ നിരുത്സാഹപ്പെടുത്താ‍ന്‍ നോക്കി. നാടുകാണുന്നതിലും ഇഷ്ടം കാട് കാണുന്നതാണെന്ന് ഞാനും.

രണ്ട് സുഹൃത്തുക്കള്‍ വരാന്‍ താത്പര്യം കാണിച്ചെങ്കിലും അവസാനം കാലുമാറി. അങ്ങനെ ഞാനും ഉണ്ണിയും മാത്രം ദാണ്ഡേലിയിലേയ്ക്ക്. മുംബൈ-ദാണ്ടേലി എകദേശം 600 കി.മീ. വരും. അതുകൊണ്ട് ആദ്യദിവസം ബെല്‍ഗാമില്‍ തങ്ങാന്‍ പ്ലാന്‍ ചെയ്തു. കോലാഹ്‌പ്പൂരിലെത്തിയപ്പോള്‍ ധാര്‍വാഡ് സുഹൃത്തിനെ ഫോണ്‍ ചെയ്തു. ദാണ്ഡേലി ടൌണിലുള്ള State Lodge-ല്‍ മുറി ബുക്ക് ചെയ്തുവെന്നും അന്ന് രാത്രി തന്നെ അവിടെ ചെല്ലണമെന്നും അദ്ദേഹം അറിയിച്ചു. ഇല്ലെങ്കില്‍ റൂം കിട്ടില്ലാത്രെ! ബെല്‍‌ഗാമില്‍ നിന്ന് 100 കി.മീ. പോണം ദാണ്ഡേലിയിലെത്താന്‍. ബെല്‍ഗാം വരെ നല്ല സൂപ്പര്‍ റോഡാണ്.


അതുകൊണ്ട്, ഉണ്ണി 120-ലും ഞാന്‍ 80-ലും ഒക്കെ ഓടിച്ച് വേഗം എത്തി. എന്നാല്‍ ബെല്‍ഗാമില്‍ നിന്നുള്ള വഴി വളരെ മോശം. അതും കാടിന്റെ നടുവില്‍ക്കൂടി. 6-6.30 മണിയേ ആയിട്ടുള്ളെങ്കിലും നല്ല ഇരുട്ട്. വിജനമായ വഴി. ഞങ്ങള്‍ക്ക് ചെറിയ പേടി തോന്നിത്തുടങ്ങി. വല്ല കാട്ടാനയോ മറ്റോ ഇറങ്ങിയാലോ; ടയര്‍ പഞ്ചര്‍ ആയാലോ എന്നൊക്കെ ആലോചിച്ച് ആധിയായി. ‘അര്‍ജ്ജുനല്‍, ഫല്‍ഗുനന്‍, പാര്‍ത്ഥന്‍,...’ എന്ന് ജപിച്ച് 7 മണിയോടെ ദാണ്ഡേലിയിലെത്തി. State Lodge-ല്‍ ചെന്നപ്പോള്‍ മാനേജര്‍ - “സര്‍, ആപ് കല്‍ സുബഹ് ആനേവാലാ ഥാ, നാ?“. ഇതു കേട്ടപ്പോള്‍ ആ ധാര്‍വാഡ് സുഹൃത്തിന് നല്ല ഇടി കൊടുക്കാനുള്ള ദേഷ്യം വന്നു. പിന്നെ miscommunication എന്നോര്‍ത്ത് സമാധാനിച്ചു.

അടുത്ത ദിവസങ്ങളിലെ പരിപാടി മാനേജരുടെ സഹായത്തോടെ പ്ലാന്‍ ചെയ്തപ്പോള്‍ കൂടുതല്‍ സമാധാനമായി. ഞങ്ങള്‍ രണ്ടുപേര്‍ മാത്രമായതുകൊണ്ട് ജീപ്പ് സഫാരിക്ക് കൂടുതല്‍ കാശ് കൊടുക്കേണ്ടി വന്നു. വെളുപ്പിനെ 5.30-യ്ക്ക് ജീപ്പ് വന്നു. State Lodge ടൌണിന്റെ നടുക്കാണ്. അവിടുന്ന് sanctuary-യിലേയ്ക്ക് 15 കി.മീ. ഉണ്ട്. അവിടെ ഫോറസ്റ്റ് അധികൃതരുടെ അനുവാദം വാങ്ങി സഫാരി തുടങ്ങിയപ്പോള്‍ 6.30 കഴിഞ്ഞു. ദാണ്ഡേലി കാടുകളില്‍ കരിമ്പുലി, കടുവ, കാട്ടുപോത്ത്, ആന, കരടി അങ്ങനെ അനേകം മൃഗങ്ങള്‍ ഉണ്ടെങ്കിലും ഞങ്ങള്‍ ആകെ കണ്ടത് രണ്ട് കുറുക്കന്മാരെയും, ഒരു കീരിയേയുമാണ്.


വേനല്‍ക്കാലത്ത് ചെന്നാല്‍ മൃഗങ്ങളെ കാണാന്‍ സാദ്ധ്യത കൂടുതലുണ്ട്. വെള്ളം അന്വേഷിച്ച് അവ പുറംകാടുകളിലേയ്ക്ക് വരും. കാടിനുള്ളിലൂടെയുള്ള യാത്ര നല്ല രസമുണ്ടായിരുന്നു. ജീപ്പില്‍ കുലുങ്ങിക്കുലുങ്ങിയുള്ള യാത്ര നെല്ലിയാമ്പതി, കുടജാദ്രി യാത്രകളെ അനുസ്മരിപ്പിച്ചു.

'Jeep safari'-യുടെ കൂടുതല്‍ ചിത്രങ്ങള്‍ക്കായ് ഇവിടെ നോക്കൂ.

പ്രഭാതഭക്ഷണം കഴിഞ്ഞ് ‘Syntheri Rocks’ കാണാന്‍ പോയി. കാടിന്റെ നടുവിലുള്ള കനേരി നദിയിലെ ഈ വെള്ളച്ചാട്ടം മനോഹരവും അപകടകരവുമാണ്. 300 അടിയുള്ള ഒരു ഭീമാകാരമായ ഒരു പാറയാണ് നദിയുടെ ഒരുവശത്ത്.കാട്ടിലുള്ള പലതരത്തിലുള്ള കല്ലുകള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

‘Syntheri‘-യെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും ഇതിലേ പോവുക.

ഞങ്ങളുടെ ഗൈഡ് രാജേഷ് ഫോറസ്റ്റ് ഗാര്‍ഡിനെ മണിയടിച്ച് കാട്ടിനുള്ളിലെ വേറൊരു വെള്ളച്ചാട്ടത്തിലും കൊണ്ടുപോയി.അന്ന് രാത്രി വ്യത്യസ്തമായ ഒരിടത്ത് തങ്ങാമെന്ന് കരുതി ‘Stanley Farm House’-ല്‍ പോയി. അവിടെ മാത്രമേ ഒഴിവുണ്ടായിരുന്നുള്ളൂ. അതും State Lodge-ലെ മാനേജര്‍ വഴി കിട്ടിയതാണ്. ആ farm house-ഉം അവിടെ ഞങ്ങള്‍ക്ക് തങ്ങാനുള്ള tent-ഉം കണ്ടപ്പോള്‍ത്തന്നെ നിരാശ ആയി. അത് farm house ആണെങ്കില്‍ കേരളത്തിലെ എല്ലാ വീടിനെയും farm house എന്ന് വിളിക്കാം. Tent ആണെങ്കിലോ, trekking-ന് പോവുമ്പോള്‍ ഉപയോഗിക്കുന്ന തരം ചെറിയ tent. അവിടുത്തെ മാനേജര്‍ സ്ഥലത്തില്ലായിരുന്നതുകാരണം റൂം കിട്ടാന്‍ രണ്ട് മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നു. കൂടാതെ പൂണെയില്‍ നിന്നുള്ള ഒരു ഗ്രൂപ്പിന്റെ വക ഹിന്ദി പാട്ടുകളും. പാട്ടുകേള്‍ക്കാനാണേല്‍ വന്യജീവിസങ്കേതത്തില്‍ വരണോ; സിറ്റിയിലിരുന്നാല്‍ പോരേന്നൊക്കെ ഞങ്ങള്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു. ഈ നിരാശയൊക്കെകൊണ്ട് 9 മണി വരെ റൂമില്‍ കിടന്നുറങ്ങി. എണീറ്റ് അത്ര കേമമൊന്നുമല്ലാത്ത ഭക്ഷണം കഴിച്ചിട്ട് വീണ്ടും ഉറങ്ങി. Tent ഒന്നും വേണ്ടാന്ന് പറഞ്ഞിട്ട് റൂമില്‍ത്തന്നെ കിടന്നു.

രാവിലത്തെ ഭക്ഷണവും നിരാശപ്പെടുത്തി. അന്ന് എന്താ ചെയ്യേണ്ടതെന്ന് നിശ്ചയിച്ചിട്ടില്ല. Stanley-യുടെ മാനേജര്‍ പിറ്റേന്നത്തേയ്ക്ക് ഒരു trekking arrange ചെയ്യാമെന്ന് പറഞ്ഞു. Trekking ചെയ്യണമെങ്കില്‍ ഫോറസ്റ്റ് അധികൃതരുടെ അനുവാദം വേണം. അവരുടെ ഗൈഡും കൂടെ വരും. അതിന് താങ്കളുടെ സഹായം ആവശ്യമില്ലാന്ന് മനസ്സില്‍ പറഞ്ഞിട്ട് അവിടുന്ന് പുറപ്പെട്ടു.

കാളിനദിയിലെ ജലനിരപ്പ് ഡാമില്‍നിന്ന് വെള്ളം തുറന്നുവിടുന്നതനുസരിച്ച് കുറയുകയും കൂടുകയും ചെയ്യും. ഈ നദിയിലെ white water rafting പ്രസിദ്ധമാണ്. മുംബൈയ്ക്കടുത്തുള്ള കോലാഡിലെ കുണ്ഡലിനീനദിയില്‍ rafting ചെയ്തിട്ടുള്ളതുകൊണ്ട് ഞങ്ങള്‍ rafting-ന് പോവാന്‍ ഉദ്ദ്യേശിച്ചിരുന്നില്ല. വെള്ളം കുറവായതുകൊണ്ട് ആ ദിവസങ്ങളിലൊന്നും rafting നടന്നുമില്ല. രാജേഷ്
rafting guide ആയിരുന്നു. അദ്ദേഹം ജോലി ചെയ്തിരുന്ന കമ്പനിക്ക് ഈ വര്‍ഷം rafting contract കിട്ടിയില്ല. രാജേഷിന് ജോലിയും പോയി.

‘Coracle ride‘ എന്ന പേരില്‍ വട്ടത്തിലുള്ള ഒരുതരം വള്ളത്തില്‍ പോവാം. രാജേഷ് കുറെ നിര്‍ബന്ധിച്ചെങ്കിലും ഞങ്ങള്‍ക്ക് അതിലത്ര താത്പര്യം തോന്നിയില്ല. പിന്നെയുള്ളത് ‘crocodile tracking’ ആണ്. Westcoast Paper Mills കാളിനദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. അവിടുന്നുള്ള മലിനജലം കാളിനദിയിലേയ്ക്കാണ് തുറന്നുവിടുന്നത്. നദിയെ മലിനമാക്കുന്നുവെങ്കിലും 6000-ത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഈ സ്ഥാപനത്തിനെതിരേ പരിസ്ഥിതിവാദികള്‍ ഇതുവരെ രംഗത്തുവന്നിട്ടില്ല. നാടിന്റെ വികസനമോ പരിസ്ഥിതിയോ വലുത് എന്ന dilemma.

നദിയിലേയ്ക്ക് മലിനജലം ചേരുന്നയിടത്താണ് മുതലകളുടെ താമസം. മുതലകള്‍ക്ക് ശുദ്ധജലം ഇഷ്ടമല്ലാത്രെ. അങ്ങനെ ഞങ്ങള്‍ മുതലകളെ തേടി പുറപ്പെട്ടു. രാവിലെ നേരത്തെ എത്തിയാല്‍ പാറപ്പുറത്ത് വെയില്‍ കായാന്‍ ധാരാളം മുതലകളുണ്ടാവുമെന്ന് രാജേഷ് പറഞ്ഞു. വെയിലിന് ചൂട് കൂടിയത് കൊണ്ട് ഞങ്ങള്‍ക്ക് വെള്ളത്തില്‍ക്കൂടി നീങ്ങുന്ന തലകള്‍ മാത്രമേ കാണാന്‍ പറ്റിയുള്ളൂ. കുറേ നടന്നപ്പോള്‍ ഒരെണ്ണം മറുകരയില്‍ കിടക്കുന്നത് കണ്ടു.പല തരത്തിലുള്ള പക്ഷികളെയും കണ്ടു.


‘Crocodile tracking‘-ന്റെ കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും ഇതിലേ പോയാല്‍ കാണാം.

അന്നുച്ച കഴിഞ്ഞും പിറ്റേന്നും എന്താ ചെയ്യേണ്ടതെന്നറിയില്ല. രാജേഷിന് ഇനിയൊന്നും കാണിക്കാന്‍ സ്റ്റോക്കില്ല. നേരെ പോയി ഫോറസ്റ്റ് ഓഫീസിലേയ്ക്ക് – trekking-നെക്കുറിച്ച് അനേഷിക്കാന്‍. ഒന്നും ശരിയായില്ലെങ്കില്‍ കാര്‍വാറിലേയ്ക്ക് പോവാന്‍ തീരുമാനിച്ചു. പോണ വഴിക്ക് Anshi National Park-ഉം കാണാം.

ഫോറസ്റ്റ് ഓഫീസിലുള്ളവരെല്ലാം വളരെ നല്ല ആള്‍ക്കാര്‍. പ്രത്യേകിച്ച് അവിടുത്തെ in-charge Mr Naik. ഒരുദിവസത്തെയും അരദിവസത്തെയും trek ഉണ്ട്. പക്ഷെ ഒരുദിവസത്തെ trek-ന് ഗൈഡിനെ കിട്ടാന്‍ ബുദ്ധിമുട്ടാവും. അതുകൊണ്ട് ഞങ്ങള്‍ അരദിവസത്തേതിന് പോവാന്‍ തീരുമാനിച്ചു. അന്നത്തെ ദിവസം എവിടെ തങ്ങും? ഫോറസ്റ്റ് ക്യാമ്പില്‍ കോട്ടേജുകളുണ്ട്. അതെല്ലാം ഫുള്‍. Naik തന്നെ സഹായിച്ചു. അവിടടുത്ത് ഒരു home stay ഉണ്ട്. അവിടുന്ന് കുറച്ചുപേര്‍ അപ്പോള്‍ ക്യാമ്പിലേയ്ക്ക് വന്നതുകൊണ്ട് അവിടെ ഒഴിവുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. വേറാരെങ്കിലും അത് കൈക്കലാക്കുന്നതിന് മുന്‍പ് ഞങ്ങള്‍ വച്ചുപിടിച്ചു – Arun Bandekar’s Hotel Apoorva-യിലേയ്ക്ക്. ഭാഗ്യത്തിന് അവിടുള്ള രണ്ട് മുറികളില്‍ ഒന്ന് ഒഴിവുണ്ടായിരുന്നു. ഒരു ചെറിയ ഹോട്ടലും അതിനോട് ചേര്‍ന്ന് തന്നെ താമസവും, കൂടാതെ ടൂറിസ്റ്റുകള്‍ക്കായി വീടിനോട് ചേര്‍ന്ന് തന്നെ രണ്ട് മുറികളും. അരുണും ഭാര്യയും കൂടി നോക്കിനടത്തുന്നു. സ്കൂളില്ലാത്തപ്പോള്‍ മകളും സഹായിക്കും. ഞങ്ങളേപ്പോലുള്ള budget travellers-ന് പറ്റിയ ഇടം.


ഒന്ന് മയങ്ങിയതിന് ശേഷം ചുറ്റാന്‍ പോയി. എല്ലാ വഴികളും കാടിന് നടുവില്‍ക്കൂടെയാണ്. വൈകുന്നേരം എന്തെങ്കിലും നാടന്‍ പലഹാരം കിട്ടുമോന്ന് ചോദിച്ചപ്പോള്‍ അരുണ്‍ കുറേ ദീപാവലി പലഹാരങ്ങള്‍ തന്നു. രാത്രി ഭക്ഷണവും നന്നായിരുന്നു. വെളുപ്പിനെ 6.30-ന് ക്യാമ്പിലെത്തണം. അത്ര നേരത്തെ അദ്ദേഹം ഉപ്പുമാവും ഉണ്ടാക്കി പായ്ക്ക് ചെയ്തു തന്നു.

അവിടുത്തെ ഏറ്റവും പ്രായമുള്ളതും പരിചയസമ്പന്നതയുമുള്ള Mr. Babu എന്നയാളാണ് ഗൈഡ് ആയി വന്നത്. ‘Nagzari Falls’-ലേയ്ക്കാണ് പോയത്. ദൂരം കുറവാണെങ്കിലും പോകുന്ന വഴി കുറച്ച് ബുദ്ധിമുട്ടുള്ളതാണ്. കൂടാതെ അട്ടകളും. ആദ്യമായാണ് എന്നെ അട്ട കടിക്കുന്നത്. ഇത്ര വഴുവഴാന്നിരിക്കുന്ന ഇതുങ്ങളെങ്ങനെയാണോ ഷൂവും സോക്സും മറ്റും തുളച്ച് കടക്കുന്നത്. കടിച്ചാലൊട്ട് വിടുകയുമില്ല. ഒന്നും രണ്ടുമല്ല, നൂറുകണക്കിന്. ബാബുവിന്റെ കയ്യില്‍ പുകയിലപ്പൊടിയും ചുണ്ണാമ്പുമുണ്ടായിരുന്നു. പുകയിലയിട്ടാല്‍ അട്ട കടിവിടും. ചോര വരുന്നത് നിറുത്താന്‍ ചുണ്ണാമ്പും. ഇത്രയെല്ലാം ബുദ്ധിമുട്ടി വെള്ളച്ചാട്ടത്തിന്റെയടുത്തെത്തിയപ്പോള്‍ സന്തോഷമായി. വന്നത് വെറുതെയായില്ല.


ധാരാളം പക്ഷികളെയും കണ്ടു. ഒന്നും ഫോട്ടോയ്ക്ക് പോസ് ചെയ്തില്ല. വെറുതെ പറന്നുകളിച്ചുകൊണ്ടേയിരുന്നു. Trekking കഴിഞ്ഞ്, hornbill-നെ കാണാന്‍ ബാബു ഞങ്ങളെ Dandeli Timber Depot-യിലും കൊണ്ടുപോയി. Hornbill-നെ കണ്ടെങ്കിലും ഫോട്ടോ എടുക്കാന്‍ പറ്റിയില്ല.

‘Nagzari trek‘ മുഴുവനും കാണാന്‍ ഈ വഴിക്ക് പോവൂ.

നല്ലൊരു adventure കഴിഞ്ഞ ചാരിതാര്‍ത്ഥ്യം. സ്വാദോടെ ഉച്ചയൂണും കഴിച്ച് അരുണിനോട് സന്തോഷത്തോടെ യാത്ര പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യയോട് രുചിയുള്ള ഭക്ഷണത്തിന് പ്രത്യേകം നന്ദി പറഞ്ഞു. ഞങ്ങളുടെ കൂട്ടുകാര്‍ ആരെങ്കിലും ദാണ്ഡേലിക്ക് വരുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഈ home stay recommend ചെയ്യുമെന്നും പറഞ്ഞു.

അന്ന് ബെല്‍‌ഗാമില്‍ തങ്ങി പിറ്റേന്ന് മുംബൈയ്ക്ക് പോന്നു. ദാണ്ഡേലിയില്‍ നിന്ന് ധാര്‍വാഡ് വഴിയാണ് ബെല്‍ഗാമിലേയ്ക്ക് പോയത്. ആ വഴി മഹാമോശം. ധാര്‍വാഡ് പേഡ പ്രസിദ്ധമാണ്. അത് കുറേ വാങ്ങി.

ദാണ്ഡേലിയില്‍ ദീപാവലി നിശബ്ദമായിരുന്നു. ബെല്‍ഗാമിലെത്തിയപ്പോള്‍ അത് പടക്കാവലിയായി മാറി. എന്നാ‍ലും മുംബൈയേക്കാള്‍ എത്രയോ ഭേദം.

Monday, November 24, 2008

പാമ്പുപിടുത്തക്കാരി

പുതിയൊരു തൊഴില്‍ പഠിച്ചേക്കാമെന്ന് വിചാരിച്ചു.
  © Blogger template 'External' by Ourblogtemplates.com 2008

Back to TOP