Friday, July 16, 2010

എന്റെ കടുവാന്വേഷണയാത്രകള്‍ - 2: പെഞ്ച്


കുറേനാളുകള്‍ക്ക് മുന്‍പാണ് എന്റെ ആദ്യത്തെ
കടുവാന്വേഷണയാത്രകള്‍ (കോര്‍ബറ്റ്)
എഴുതിയത്. മടിക്കും തിരക്കിനുമൊക്കെ ഒരു തത്കാലവിരാമമിട്ടുകൊണ്ട് ഇതാ അടുത്ത ഭാഗം.

മുകളില്‍ കൊടുത്തിരിക്കുന്ന ഫോട്ടോ കണ്ടിട്ട് ഞാന്‍ പെഞ്ചില്‍ കടുവയെ കണ്ടു എന്ന് തെറ്റിദ്ധരിക്കേണ്ട. അത് പിലിക്കുള ബയോളജിക്കല്‍ പാര്‍ക്കില്‍ കണ്ട കടുവകളുടെ ചിത്രമാണ്. രണ്ടുവര്‍ഷം മുന്‍പ് ഒരു മൂകാംബിക-കുടജാദ്രി സന്‍(ദര്‍ശന)ത്തിന് ശേഷം മാംഗ്ലൂരില്‍ ഒന്ന് ചുറ്റി. മാംഗ്ലൂര്‍ ടൂറിസ്റ്റ് ഗൈഡ് വാങ്ങി നാലഞ്ച് മണിക്കൂറുകള്‍ കൊണ്ട് കാണാന്‍ പറ്റിയ സ്ഥലങ്ങളിലൊക്കെ പോയി. അങ്ങനെയാണ് പിലിക്കുളയിലെത്തിയത്. തടവിലാണെങ്കിലും ഇത്ര ആഹ്ലാദത്തിമിര്‍‌പ്പോടെ ഓടിക്കളിക്കുന്ന കടുവകളെ ആദ്യമായാണ് കാണുന്നത്. നാലെണ്ണം – രണ്ട് ജോടികള്‍. ഒരു ജോടി കരയിലും മറ്റേത് വെള്ളത്തിലും. അവരുടെ സന്തോഷം കണ്ടപ്പോള്‍ ഞങ്ങള്‍ക്കും സന്തോഷമായി. എങ്കിലും തടവിലായതിനാല്‍ ഈ യാത്രയില്‍ കടുവയെ കണ്ടതായി കണക്കാക്കുന്നില്ല. കാ‍ട്ടില്‍ സ്വൈരവിഹാരം നടത്തുന്നവയെ കണ്ടാലേ തൃപ്തിയാവൂ.


പിന്നത്തെ കടുവാന്വേഷണയാത്ര
ദാണ്ടേലിയിലേയ്ക്കായിരുന്നു. ആ യാത്രയിലും കടുവയെ കണ്ടില്ല. ദാണ്ടേലിയില്‍ പോയത് കടുവയെ മാത്രം ലക്ഷ്യം വച്ചിട്ടല്ലായിരുന്നതുകൊണ്ട് അതിനെ ശുദ്ധമായ കടുവാന്വേഷണയാത്രകളില്‍ പെടുത്തില്ല.

2009 ഫെബ്രുവരിയിലാണ് പെഞ്ച് കടുവാസങ്കേതത്തില്‍ പോയത്. മഹാരാഷ്ട്രയിലും മദ്ധ്യപ്രദേശിലുമായാണ് പെഞ്ച്. 10 ശതമാനം മാത്രമേ മഹാരാഷ്ട്രയിലുള്ളൂ. നാഗ്‌പൂരില്‍ നിന്ന് എകദേശം 70 കിലോമീറ്റര്‍ ദൂരമൂണ്ട് മഹാരാഷ്ട്രയിലുള്ള പെഞ്ച് ഗേറ്റിലേയ്ക്ക്. നാഗ്‌പൂര്‍-ജബല്‍‌പൂര്‍ റോഡിലാണ് ഇത്. അവിടുന്ന്‍ ഏകദേശം 12 കിലോമീറ്റര്‍ പോയാല്‍ മദ്ധ്യപ്രദേശ് ഗേറ്റിലെത്താം.


പെഞ്ചിനൊരു പെരുമയുണ്ട്. ഈ കാടുകളായിരുന്നു മൌഗ്ലിയുടെയും, ബാലുവിന്റെയും, ബഗീരയുടെയും, ഷേര്‍ഖാന്റെയുമൊക്കെ നാട്. റുഡ്യാര്‍ഡ് കിപ്ലിങിന്റെ ജംഗിള്‍ ബുക്ക് എന്ന പുസ്തകം പെഞ്ച്, മദ്ധ്യപ്രദേശിലെ തന്നെ കന്‌ഹ കാടുകള്‍ ആസ്പദമാക്കിയാണ് എഴുതിയതെന്ന് പറയപ്പെടുന്നു. അതുകൊണ്ട് തന്നെ, മദ്ധ്യപ്രദേശ് സൈഡില്‍ Mougly's Den, Kipling Country എന്നൊക്കെയാണ് റിസോര്‍‌ട്ടുകളുടെ പേര്. അവിടെ ധാരാളം റിസോര്‍‌ട്ടുകളുണ്ട്. മഹാരാഷ്ട്ര സൈഡില്‍ MTDC മാത്രം, അതും MTDC നേരിട്ട് നടത്തുന്നതല്ല. അവിടെയാണ് ഞങ്ങള്‍ ക്യാമ്പ് സെറ്റപ്പ് ചെയ്തത്.


ആദ്യം ഏഴ് പേരാണ് പോവാന്‍ പരിപാടിയിട്ടത്. എന്നാല്‍ പോകുന്ന ദിവസം ഓഫീസിലെ തിരക്ക് കാരണം ഒരാള്‍ക്ക് വരാന്‍ പറ്റിയില്ല. വേറൊരാള്‍ക്ക് ട്രെയിന്‍ കിട്ടിയില്ല. അങ്ങനെ ഞങ്ങള്‍ അഞ്ച് പേര്‍ രാവിലെ നാഗ്‌പൂരിലെത്തി. അവിടുന്ന് മൂന്ന് ദിവസത്തേയ്ക്ക് വാഹനം ബുക്ക് ചെയ്തിരുന്നു. പബ്ലിക്ക് ട്രാന്‍സ്‌പോര്‍ട്ടിനെ ആശ്രയിക്കാന്‍ പറ്റില്ല. വല്ലപ്പോഴുമുള്ള സ്റ്റേറ്റ് ട്രാന്‍‌സ്പോര്‍‌ട്ട് ബസുകളെ വിശ്വസിച്ച് നിന്നാല്‍ ഞങ്ങളുടെ റ്റൈറ്റ് ഷെഡ്യൂള്‍ തെറ്റും. തന്നേമല്ല, മെയില്‍ റോഡില്‍ നിന്ന് ഏഴെട്ട് കിലോമീറ്റര്‍ ഉള്ളിലാണ് റിസോര്‍ട്ടും റിസേര്‍വിന്റെ ഗേറ്റും. പിന്നെ, മദ്ധ്യപ്രദേശിലും പോണമല്ലോ.


നാഗ്‌പൂര്‍ ഹല്‍ദിറാമില്‍ പോയി മസാലദോശയൊക്കെ കഴിച്ച് പെഞ്ചിലേയ്ക്ക് വച്ച് പിടിച്ചു. ഉച്ചഭക്ഷണസമയത്ത് തന്നെ റിസോര്‍ട്ടിലെത്തി. മുറികള്‍ കൈവശപ്പെടുത്തുന്നതിന് മുന്‍പ്‌ തന്നെ സഫാരിക്കുള്ള ജിപ്സി ബുക്ക് ചെയ്തു. ഫോറസ്റ്റ് വകുപ്പിന്റെ വക ജിപ്സികളൊന്നുമില്ല. താമസിക്കുന്ന റിസോര്‍‌ട്ടുകള്‍ വഴിയേ സഫാരിക്ക് ബുക്ക് ചെയ്യാന്‍ പറ്റൂ. നമ്മുടെ സ്വന്തം വണ്ടികളും കാട്ടിനുള്ളില്‍ വിടും. തുറന്ന ജിപ്സിയില്‍ പോകുന്ന സുഖം അടച്ചുമൂടിയ ഖ്വാളിസില്‍ പോയാല്‍ കിട്ടുമോ? രണ്ടായാലും ഒരു ഫോറസ്റ്റ് ഗൈഡിനെ കൂടെ കൊണ്ടുപോകണം. ഗേറ്റില്‍ പണമടച്ച് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഗൈഡിനെ തരും.മൂന്ന് മൂന്നരയോടെ സഫാരി തുടങ്ങി. കടുവയെ തേടിയിറങ്ങിയ ഞങ്ങളുടെ മുന്നില്‍ മാന്‍, മയില്‍, ചെന്നായ്, പന്നി, കാട്ടുപോത്ത്, കുറേ പക്ഷികള്‍ ഇവയൊക്കെ വന്നുപെട്ടു. ഫെബ്രുവരിയായതുകൊണ്ട് കാട്ടില്‍ പച്ചപ്പ് നന്നെ കുറവായിരുന്നു.കണ്ടാ നാട്ടുപോത്താന്നേ തോന്നൂ. അതും സോക്സൊക്കെയിട്ടിട്ട്. പക്ഷെ, കാട്ടുപോത്ത് തന്നെ. ഫെയര്‍ & ലവ്‌ലി തേച്ച് കാണും.

നിശ്ചിതസഥലങ്ങളിലല്ലാതെ റിസേര്‍വിലെവിടെയും ഇറങ്ങാന്‍ അനുവാദമില്ലാത്തതാണ്. ജിപ്സിടെ ടയര്‍ പഞ്ചറായതുകൊണ്ട് ഞങ്ങള്‍ക്കിറങ്ങാന്‍ പറ്റി.


ഉണക്കപ്പുല്ലുകള്‍ക്കിടയില്‍ ഒരു കുഞ്ഞുകടുവയെങ്കിലും ഉണ്ടായിരിക്കും എന്ന പ്രതീക്ഷയില്‍ ഞങ്ങള്‍ മൂന്ന് മണിക്കൂറോളം കാട്ടില്‍ ചുറ്റി. നിരാശയോടെ, എന്നാല്‍ ഇനീം രണ്ട് സഫാരികളും കൂടി ബാക്കിയുണ്ടെന്ന സമാധാനിച്ച് തിരികെ റിസോര്‍‌ട്ടിലെത്തി.


തലേന്ന് ട്രെയിന്‍ മിസ്സായ വിപിന്‍ അന്ന് രാത്രി തന്നെ മുംബൈയില്‍ നിന്ന് പുറപ്പെട്ടിരുന്നു. പല പാസഞ്ചര്‍ ട്രെയിനുകളും മാറിക്കയറി വൈകുന്നേരത്തോടെ നാഗ്‌പൂരിലെത്തി. വിപിന് വേണ്ടി ഞങ്ങള്‍ ഖ്വാളിസ് ബുക്ക് ചെയ്ത അതേ ഏജന്‍സി വഴി ഒരു കാറ് ബുക്ക് ചെയ്തിരുന്നു. അങ്ങനെ ഒരു രാത്രിയും ഒരു പകലും യാത്ര ചെയ്ത് വന്ന വിപിന് ഭാഗ്യമുണ്ടെങ്കില്‍ പിറ്റേന്ന് കടുവയെക്കാണാം എന്നുറപ്പിച്ച് ഞങ്ങള്‍ അന്നത്തെ ദിവസത്തിനോട് ബൈ പറഞ്ഞു. വെളുപ്പിന് മദ്ധ്യപ്രദേശില്‍ പോവണ്ടതല്ലേ?


മദ്ധ്യപ്രദേശിലെ പെഞ്ചില്‍ ഫോറസ്റ്റ് വകുപ്പിന്റെ വക ജിപ്സികളുണ്ട്. അവിടെയുള്ള റിസോര്‍‌ട്ടുകളില്‍ താമസിക്കുന്നവര്‍ക്ക് വേണ്ടി അതെല്ലാം നേരത്തെ തന്നെ ബുക്ക് ചെയ്യപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് MTDCയുടെ മാനേജര്‍ പറഞ്ഞു. അവിടെ മറ്റ് വാഹനങ്ങള്‍ പ്രവേശിപ്പിക്കുകയുമില്ല. ആറരയ്ക്ക് സഫാരി തുടങ്ങും. അതിന് മുന്‍‌പേ അവിടെയെത്തി ജിപ്സി തരപ്പെടുത്താന്‍ വളരെ നേരത്തെ എണീറ്റ് കുളിയൊന്നും പാസാക്കാതെ ഇറങ്ങി. സ്വെറ്ററും മങ്കി ക്യാപ്പുമൊക്കെ ഇട്ടിട്ടും നല്ല തണുപ്പ്. ഭാഗ്യത്തിന് ജിപ്സി കിട്ടി. ചായയും.അടുത്ത മൂന്ന് മണിക്കൂറുകളും കടുവയെത്തേടി അലഞ്ഞു. എവിടെ? ഒരു രക്ഷയുമില്ല. മാനുകളെയും മയിലുകളെയും കണ്ട് ബോറടിച്ചു. പലതരം പക്ഷികളെ (മഹാരാഷ്ട്ര സൈഡില്‍ കണ്ടതിലധികം) കണ്ടതാണ് ഒരാശ്വാസം. ഇവിടുത്തെ വനംവകുപ്പിന് കുറേക്കൂടി കാര്യക്ഷമതയുള്ളതായി തോന്നി.എല്ലാരും നോക്കുന്നത് കണ്ടാ കടുവയെ കണ്ടപോലുണ്ട്. ചുമ്മാ!

കടുവ മാന്തിയതാന്നാ ഗൈഡ് പറഞ്ഞത്. ഇതൊക്കെ കാണാനേ വിധിയുള്ളോ?

കൊള്ളാല്ലേ വനസുന്ദരി. രാത്രീല്‍ തിളങ്ങും. അതുകൊണ്ട് ഗോസ്റ്റ് ട്രീ എന്നും പേരുണ്ട്.അല്പം വിശ്രമം

ഗേറ്റിനടുത്ത് സുവനീറൊക്കെ കിട്ടുന്ന ഒരു കടയുണ്ട്. മഹാരാഷ്ട്ര സൈഡില്‍ ഇതൊന്നുമില്ല.


ചെറിയ ഷോപ്പിങ്ങും ചെറിയ തോതില്‍ പ്രാതലും കഴിഞ്ഞിട്ട്, കടുവയെ കാണാന്‍ ഇനീം ഒരു സഫാരി കൂടിയുണ്ടെന്ന് സമാധാനിച്ച് തിരിച്ചുപോന്നു.


ഊണും ഒരു ചെറിയ മയക്കവും കഴിഞ്ഞ് അടുത്ത സഫാ‍രി. എന്താ കാര്യം? ഞങ്ങള്‍ വരുന്നതറിഞ്ഞ് കടുവകളെല്ലാം മുങ്ങിയപോലുണ്ട്.


വരണ്ടുകിടക്കുന്ന പെഞ്ച് നദി

വെള്ളമൊഴുകി പാറകളെല്ലാം ഡിസൈനര്‍ പാറകളായിഅങ്ങനെ അതും നിരാശയില്‍ തന്നെ അവസാനിച്ചു. കടുവയെ കാണണമെങ്കില്‍ ഭാഗ്യം വേണം. അതിനുള്ള സമയമായില്ല എന്നൊക്കെ പരസ്പരം സമാധാനിപ്പിച്ചു.


ചെക്കൌട്ടിന് മുന്‍പൊരു ഗ്രൂപ്പ് ഫോട്ടോ

Pench MTDC

വൈകുന്നേരമാണ് നാഗ്‌പൂരില്‍ നിന്ന് ട്രെയിന്‍. ശിവരാത്രിയായതുകൊണ്ട് അന്ന് സഫാരിയില്ല. പിന്നെന്ത് ചെയ്യണം എന്നാലോചിച്ച് നില്‍ക്കുമ്പോള്‍ ക്വാളിസിന്റെ ഡ്രൈവറുടെ സുഹൃത്ത് ഞങ്ങളെ ഓറഞ്ച് തോട്ടത്തില്‍ കൊണ്ടുപോവാം എന്ന് പറഞ്ഞു. നാഗ്‌പൂരിന് Orange Country എന്നും പേരുണ്ട്. റൂമില്‍ നിന്ന് നോക്കുമ്പോള്‍ ദൂരെ ഓറഞ്ച് തോട്ടങ്ങള്‍ കണ്ടപ്പോഴേ ആഗ്രഹം തോന്നിയതാണ്.ഞാനും ഉണ്ണിയും ഓറഞ്ച് തോട്ടത്തില്‍ ഒരു യുഗ്മഗാനം പാടാന്‍ ശ്രമിക്കുന്നു

ഒരെണ്ണം മുഴുവനോടെ വിഴുങ്ങിയാലോ?


ഓറഞ്ച് പറിക്കുന്നിടത്ത് ചെന്നാല്‍ ഓറഞ്ച് പറിക്കാതെ പോരുന്നതെങ്ങനെ?


ഓറഞ്ച് ഷെഡ്

നൂറോളം ഓറഞ്ചുകള്‍ ഇരുനൂറ് രൂപയ്ക്ക് വാങ്ങി. നല്ല മധുരമുണ്ടായിരുന്നു. ഉച്ചയ്ക്ക് ആക്രാന്തം കാണിച്ച് വലിച്ചുവാരി തിന്നതുകൊണ്ട് അത്താഴം ഓറഞ്ചില്‍ ഒതുക്കി.


കടലപ്പാടം

തിരിച്ച് പോകുന്ന വഴിക്ക് ഇത്തിരി വഴിമാറി രാംടെക്ക് എന്ന രാമക്ഷേത്രവും സന്ദര്‍ശിച്ചു.ഇവിടുത്തെ കാടുകളില്‍ വനവാസകാലത്ത് ശ്രീരാമനും മറ്റും താമസിച്ചിരുന്നുവെന്നും അഗസ്ത്യമുനി തപസ്സിരുന്നിട്ടുണ്ടെന്നും പറയപ്പെടുന്നു. ഇപ്പോ കാടൊന്നുമില്ല.


ഈ ചുറ്റലെല്ലാം കഴിഞ്ഞപ്പോള്‍, ചൂടും വിശപ്പും കൊണ്ട് ആകെ ക്ഷീണിച്ചു. നാഗ്‌പൂരിലേയ്ക്ക് ബാക്കിയുള്ള 50 കിലോമീറ്റര്‍ യാത്രയില്‍ എല്ലാരും ഉറക്കമായിരുന്നു. നാഗ്‌പൂരിലെത്തി വളരെ വിശാലമായി ഉച്ചഭക്ഷണം കഴിച്ച്, ഹല്‍‌ദിറാമില്‍ പോയി കുറേ സ്വീറ്റ്സും, പ്രത്യേകിച്ച് ഓറഞ്ച് ബര്‍ഫി, വാങ്ങി കൃത്യസമയത്ത് തന്നെ സ്റ്റേഷനിലെത്തി.


കടുവയെക്കാ‍ണാനുള്ള ഭാഗ്യമുണ്ടായില്ലെങ്കിലും മറക്കാന്‍ പറ്റാത്ത മറ്റൊരു യാത്ര കൂടി.

ഈ പോസ്റ്റില്‍ ഫോട്ടോകളുടെ അതിപ്രസരമാണെന്നറിയാമെങ്കിലും, കൂടുതല്‍ ഫോട്ടോ കാണണമെന്നുള്ളവര്‍ക്ക് ഇവിടെയും, ഇവിടെയും, പിന്നെ ഇവിടെയും പോകാവുന്നതാണ്.

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP