Wednesday, March 4, 2009

എന്റെ കടുവാന്വേഷണയാത്രകള്‍ - 1: കോര്‍ബറ്റ്


ജിം കോര്‍ബറ്റ് ഒരു കടുവാ വേട്ടക്കാരനായിരുന്നു. കുറേയേറെ മൃഗങ്ങളെ കൊന്നൊടുക്കിക്കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് മാനസാന്തരം വന്നു. വാത്മീകിയെപ്പോലെ തപസ്സിരുന്നില്ല. മൃഗസംരക്ഷകനായി. മനുഷ്യരെയോ വളര്‍ത്തുമൃഗങ്ങളെയോ കൊന്നുതിന്നുന്ന കടുവകളെ മാത്രമേ കൊല്ലൂ എന്ന് ശപഥവുമെടുത്തു. കോര്‍ബറ്റ് എഴുതിയ ഒരു പ്രസിദ്ധ ബുക്കാണ് Man Eaters of Kumaon. ഉത്തരഖണ്ടിലെ രാം‌ഗംഗ നാഷണല്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ ഒരു പ്രധാന പങ്ക് വഹിച്ച ഇദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കാ‍യി ഈ പാര്‍ക്കിന്റെ പേര് 1973 മുതല്‍ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് എന്നാക്കി. അതേ വര്‍ഷം തന്നെ ഇവിടെ Project Tiger ആരംഭിച്ചു.

ഉണ്ണിയുടെ ഡല്‍‌ഹി ഓഫീസിലുള്ള ചിലരാണ് ജിം കോര്‍ബറ്റിലേയ്ക്കുള്ള യാത്ര പ്ലാന്‍ ചെയ്തത്. എല്ലാര്‍ക്കും പ്രിയപ്പെട്ട CEO കുറേ മാസങ്ങള്‍ക്ക് മുന്‍പ് രാജി വെച്ചിരുന്നു. അദ്ദേഹത്തിന്റെ യാത്രയയപ്പ് അന്ന് നടത്താന്‍ പറ്റിയില്ല. അതുകൊണ്ട്, അദ്ദേഹത്തെയും, മുംബൈ, ബാം‌ഗ്ലൂര്‍ ഓഫീസുകളിലുള്ളവരെയും ഉള്‍‌പ്പെടുത്തി ഈ ട്രിപ്പില്‍. കോര്‍ബറ്റിലേയ്ക്കായതിനാല്‍ ഉണ്ണി എന്നെക്കൂടി കൂട്ടാന്‍ തീരുമാനിച്ചു. അതുകേട്ടപ്പോള്‍, വേറെ ഒന്നുരണ്ട് പേര്‍ കൂടി അവരവരുടെ ഭാര്യമാരെ കൂട്ടി. ആ സമയത്ത്, Ezeego.com-ല്‍ 50% cash back offer ഉണ്ടായിരുന്നതിനാല്‍ വളരെ കുറഞ്ഞ നിരക്കില്‍ മുംബൈ-ഡല്‍ഹി റിട്ടേണ്‍ ഫ്ലൈറ്റ് ടിക്കറ്റ് കിട്ടി. ഡല്‍ഹിയില്‍ നിന്ന് 300 km ദൂരമുണ്ട് കോര്‍ബറ്റിലേയ്ക്ക്. Mademytrip.com അവരുടെ client ആയതിനാല്‍ ഡല്‍ഹി-കോര്‍ബറ്റ്-ഡല്‍ഹി യാത്രയ്ക്കുള്ള ബസ്, കോര്‍ബറ്റില്‍ രണ്ട് ദിവസത്തെ താമസം, ഒരു ജംഗിള്‍ സഫാരി, ഭക്ഷണം, ‘വെള്ളം‘ എല്ലാം ഉള്‍പ്പടെ നല്ലൊരു പാക്കേജും കിട്ടി. കൂടുതല്‍ ‘വെള്ളം‘ കുടിച്ചവര്‍ അവസാനം കൂടുതല്‍ പണം കൊടുക്കേണ്ടി വന്നു. :-)

2007 ഡിസംബറിലായിരുന്നു കടുവയെ കാണാന്‍ പുറപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെ ഡല്‍ഹിയിലെത്തി. ബാംഗ്ലൂര്‍ നിന്നുള്ളവരും ഡല്‍ഹിയില്‍ നിന്നുള്ളവരും അവിടെ ഒത്തുകൂടി, ബസില്‍ കോര്‍ബറ്റിലേയ്ക്ക് പുറപ്പെട്ടു. ആ ബഹളത്തിനിടയില്‍ ഉച്ചഭക്ഷണത്തെക്കുറിച്ച് ആരും അന്വേഷിച്ചില്ല. കുറെയങ്ങോട്ട് ചെന്നപ്പോഴാണ് വിശപ്പിന്റെ വിളി കഠിനമായത്. എവിടെയാണ് ഉച്ചഭക്ഷണത്തിന് നിര്‍‌ത്തുന്നതെന്ന് തിരക്കിയപ്പോഴാണ്, അങ്ങനൊന്ന് കാര്യപരിപാടിയില്‍ ഇല്ലെന്നറിഞ്ഞത്. ഡല്‍ഹിയില്‍ നിന്നുള്ളവര്‍ ഭക്ഷണം കഴിച്ചിട്ട് വന്നതിനാല്‍ ഞങ്ങളും കഴിച്ചിട്ടുണ്ടാവുമെന്ന് അവര്‍ അനുമാനിച്ചു. Low cost ഫ്ലൈറ്റില്‍ വന്ന ഞങ്ങള്‍ എയര്‍‌പോര്‍ട്ടില്‍ നിന്ന് കഴിച്ച ഒരു ചായയുടെയും പഫ്സിന്റെയും ബലത്തില്‍ പിടിച്ചിരുന്നു. വിശന്നാല്‍ എനിക്ക് പിന്നെ ഒന്നും ആസ്വദിക്കാന്‍ പറ്റില്ല. അങ്ങനെ സങ്കടപ്പെട്ടിരിക്കുമ്പോള്‍ സിഗരട്ട് ബ്രേക്കിന് ബസ് നിറുത്തി. അവിടെ ഒരു തട്ടുകട കണ്ടു. എല്ലാരെക്കാളും മുന്‍പേ ഞാന്‍ ചാടിയിറങ്ങി, 2-3 പായ്ക്കറ്റ് ബിസ്ക്കറ്റും ഒരുതരം മസാല ബണ്ണും വാങ്ങി. പിന്നെ നോക്കുമ്പോള്‍, ആ കടയിലെ ബിസ്ക്കറ്റും ബണ്ണും എല്ലാം കാലിയായിരുന്നു. ആദ്യം വാങ്ങിയതിന് ഞാന്‍ എന്നെ അഭിനന്ദിച്ചു. വയറ് കുറച്ച് സ്വൈര്യം തന്നു. വൈകുന്നേരം ചായയ്ക്ക് നിര്‍ത്തിയപ്പോള്‍ കുറേ ഉള്ളി പക്കോടയും തട്ടി.

ഏകദേശം പാ‍തിരാത്രിയോടെ കോര്‍ബറ്റില്‍ എത്തി. അവിടെ തണുപ്പ് 5 ഡിഗ്രിയോളം. സ്വെറ്ററിട്ടതുകൊണ്ടൊന്നും ഒരു കാര്യവുമില്ല. അത്ര വൈകിയെങ്കിലും, ഉച്ചയ്ക്ക് ശരിക്ക് കഴിക്കാത്തതുകൊണ്ട് അത്താഴം നല്ലവണ്ണം കഴിച്ചു. ഒരാളുടെ പിറന്നാള്‍ പ്രമാണിച്ച് കേക്ക് മുറിക്കലും, റിസോര്‍ട്ടിനരികിലുള്ള പുഴയുടെ തീരത്തേയ്ക്ക് ഒരു നടത്തവും കഴിഞ്ഞ് ഉറങ്ങാന്‍ പോയി.


റൂമിലും നല്ല തണുപ്പ്. ബ്ലാങ്കറ്റേ തണുത്തിരിക്കുന്നു. അത് പിന്നെങ്ങനെ ചൂട് തരും? റിസപ്ഷനില്‍ വച്ച് ഹീറ്റര്‍ വേണോന്ന് ചോദിച്ചപ്പോള്‍ വേണ്ടാന്ന് പറഞ്ഞത് മണ്ടത്തരമായി. അവസാനനിമിഷം വരാന്‍ തീരുമാനിച്ച ഡല്‍ഹി ഓഫീസിലെ ഒരു പെണ്‍കുട്ടിക്ക് കൂടി ഞങ്ങളുടെ റൂമില്‍ ഇടം കൊടുക്കണമെന്ന് പറഞ്ഞിരുന്നു. ട്രെക്കിങ്ങിന് പോവുമ്പോള്‍ ടെന്റിലും അമ്പലത്തിലും വെറും ആകാശത്തിന് കീഴെയും നിരന്ന് കിടന്ന് ഉറങ്ങാറുള്ളതുകൊണ്ട് ഞങ്ങള്‍ക്ക് കുഴപ്പമുണ്ടായിരുന്നില്ല. തന്നേമല്ല, ഞങ്ങളുടെ യാത്രകളില്‍ ചെലവ് കുറയ്ക്കാനായി, ഹോട്ടലുകാര്‍ അനുവദിക്കുന്നത്രയും ആള്‍ക്കാര്‍ ഒരു റൂമില്‍ തങ്ങാറുണ്ട്. പക്ഷേ, ആ പെണ്‍കുട്ടിയ്ക്ക് ചമ്മലായി. അത് അതിന്റെ കൂട്ടുകാരികളുടെ റൂമില്‍ അഡ്ജസ്റ്റ് ചെയ്തു.


രാവിലെ ആറുമണിക്ക് ജംഗിള്‍ സഫാരി തുടങ്ങും. അഞ്ചരയ്ക്ക് ബസ് പുറപ്പെടും. തണുപ്പ് വകവെയ്ക്കാതെ വെളുപ്പിനെ എണീറ്റ് തയ്യാറായി. താഴെ ചെന്നപ്പോള്‍, കുറച്ച് പേര്‍ ലോണില്‍ ഇരിക്കുന്നത് കണ്ടു. അവര്‍ റെഡിയായി ഇരിക്കുവാന്നാണ് ഞാന്‍ കരുതിയത്. അപ്പോഴവര്‍ പറയുകയാണ്, അവര്‍ രാത്രി മുഴുവന്‍ അവിടെയിരുന്ന് വെള്ളമടിക്കുവായിരുന്നു എന്ന്. അപ്പോഴും ഉറങ്ങാന്‍ പ്ലാനില്ല. ഈശ്വരാ, വെള്ളമടിക്കാനാണോ മുംബൈയില്‍ നിന്ന് ഇവിടെ വരെ വന്നത്! – എന്ന് ഞാന്‍ മനസ്സില്‍ കരുതിയതേയുള്ളൂ, പറഞ്ഞില്ല. കടുവയെ കാണാന്‍ സാധിക്കുമോ എന്നായിരുന്നു എല്ലാരുടെയും ചിന്ത. തണുപ്പുകാലത്ത് കാണാനുള്ള സാ‍ദ്ധ്യത കുറവാണെങ്കിലും എല്ലാര്‍‌ക്കും പ്രതീക്ഷയുണ്ടായിരുന്നു.


മൂന്ന് മണിക്കൂറോളം കാ‍ട്ടിനുള്ളില്‍ ചുറ്റിയടിച്ചുവെങ്കിലും, ആ പ്രതീക്ഷകളെയൊക്കെ തകിടംമറിച്ചുകൊണ്ട് കടുവ ഞങ്ങളെ കാണാന്‍ വന്നില്ല. ഒരു വാഹനത്തിലുള്ളവര്‍ കണ്ടെന്ന് പറഞ്ഞു. അവരുടെ ഡ്രൈവര്‍ പുതിയതായതുകൊണ്ട് പേടിച്ച് വേഗം വണ്ടി വിട്ടൂത്രെ. വനംവകുപ്പിന്റെ കീഴില്‍ പരിശീലനം കിട്ടിയവരാണ് ഡ്രൈവറും ഗൈഡും. ഗൈഡില്ലാതെ ഉള്ളിലേയ്ക്ക് വിടില്ല. ടൂറിസ്റ്റുകള്‍ക്കായുള്ള ഒരു പ്രത്യേകസ്ഥലത്തല്ലാതെ ആരെയും വാഹനത്തില്‍ നിന്ന് നിലത്തിറങ്ങാനും സമ്മതിക്കില്ല. പതിവ് പോലെ, ഞങ്ങള്‍ മാനുകളെയും ചില പക്ഷികളെയും കണ്ട് തിരിച്ചുവന്നു.

പാവക്കടുവയുടെ കൂടെ നിന്നെങ്കിലും ഒരു ഫോട്ടോ എടുക്കട്ടെ!

സഫാരിയ്ക്ക് കൂടെ വന്ന ഗൈഡ് nature walk-ന് താത്പര്യമുണ്ടെങ്കില്‍ കൊണ്ടുപോവാമെന്ന് പറഞ്ഞു. പ്രാതലിന് ശേഷം വരാമെന്ന് ഏറ്റു. താത്പര്യമുള്ള നാലഞ്ച് പേര്‍ കൂടി വന്നു. റോഡിന്റെ ഒരു ഭാഗം മുഴുവനും കിലോമീറ്ററുകളോളം കാ‍ടാണ്. മറുഭാഗത്ത് എല്ലാതരത്തിലുള്ള പോക്കറ്റുകള്‍ക്കുമിണങ്ങുന്ന ഹോട്ടലുകളും റിസോ‍‌ട്ടുകളും. ഗൈഡിന്റെ കൂടെ ഞങ്ങള്‍ കാട്ടിലേയ്ക്ക് കയറി. ആ ഭാഗത്ത് കയറാനും നടക്കാനും അനുവാദം ആവശ്യമില്ലാന്ന് അദ്ദേഹം പറഞ്ഞു. കുറേ ഉള്ളിലേയ്ക്ക് നടന്നു. ഇടയ്ക്ക് കടുവയുടെ ഫ്രഷ് കാഷ്ഠം കണ്ടു. അടുത്തെപ്പഴോ ഇഷ്ടന്‍ ആ വഴിക്ക് പോയതിന്റെ ലക്ഷണം.


ഞങ്ങള്‍ അങ്ങനെ പ്രകൃതിയോട് സൊറ പറഞ്ഞ് നടക്കുമ്പോള്‍ ആരോ ഞങ്ങളെ വിളിച്ചുകൊണ്ടോടി വരുന്നു. നോക്കുമ്പോള്‍ രണ്ട് ഫോറസ്റ്റ് ഗാര്‍‌ഡുകള്‍. ആരോട് ചോദിച്ചുകൊണ്ട് ഇവിടെ കയറി എന്ന് അവര്‍. ഞങ്ങള്‍ വേഗം ഗൈഡിനെ ചൂണ്ടിക്കാണിച്ചു. അതിന് മുന്‍പത്തെ ആഴ്ച മുതല്‍ വനത്തിന്റെ ഏതു ഭാഗത്ത് കയറണമെങ്കിലും അനുവാദം വാങ്ങണമെന്ന ഒരുത്തരവ് ഇറങ്ങിയിട്ടുണ്ട്. അത് ഗൈഡിന് അറിയില്ലായിരുന്നു. എവിടെ നിന്ന്, ആരോട് അനുവാദം വാങ്ങണമെന്ന് ചോദിച്ചു. ആര്‍ക്കും അനുവാദം കൊടുക്കില്ലെന്ന് മറുപടി. ഞങ്ങളോട് വേഗം കാട്ടില്‍ നിന്ന് പുറത്തുപോവാന്‍ പറഞ്ഞു. കടുവ ഇരതേടിയിറങ്ങുമ്പോള്‍ കുരങ്ങന്മാര്‍ അപായസൂചനയായി ഒരു പ്രത്യേകശബ്ദമുണ്ടാക്കും. അവരുടെ സുഹൃത്തുക്കളായ മാനുകളെയും മറ്റും സഹായിക്കാനാണിത്. ഈ ശബ്ദം കേള്‍ക്കുന്നുണ്ട്, കടുവ അടുത്തെവിടെയോ ഉണ്ട്, അതുകൊണ്ട് വേഗം സ്ഥലം വിടാന്‍ പറഞ്ഞു. കടുവയുള്ള കാട്ടില്‍ എന്ത് ധൈര്യത്തിലാണ് ഞങ്ങള്‍ നടക്കാനിറങ്ങിയതെന്ന് അപ്പോഴാണ് ആലോചിച്ചത്. ഒരു കടുവയുടെയെങ്ങാനും മുന്നില്‍ പെട്ടിരുന്നെങ്കിലോ? എന്റമ്മോ! ഓര്‍ക്കാന്‍ കൂടി വയ്യ.


എന്തായാലും ഗൈഡിന് പൈസ കൊടുത്ത് വിട്ടു. പതുക്കെ റിസോര്‍ട്ടിലേയ്ക്ക് നടന്നു. വഴിക്ക് ഒരു പുരാതനക്ഷേത്രത്തിലേയ്ക്കുള്ള വഴി കാണിച്ചുകൊണ്ടുള്ള ബോര്‍ഡ് കണ്ടു. ഒരു നാട്ടുകാരനോട് അതിനെക്കുറിച്ച് അനേഷിച്ചു. ഒരു കിലോമീറ്റര്‍ ഉള്ളിലേയ്ക്ക് നടക്കണം. ഉച്ചഭക്ഷണത്തിന് ശേഷം തിരിച്ച് വരാന്‍ പരിപാടിയിട്ടു. രാത്രി ഉറക്കമിളച്ചവര്‍ അപ്പോഴും എണീറ്റിട്ടുണ്ടായിരുന്നില്ല.

ഞങ്ങള്‍ വേഗം ആഹാരം കഴിച്ചിട്ട് പുരാതനക്ഷേത്രം കാണാനിറങ്ങി. രാവിലെ വന്നവരില്‍ ചിലര്‍ വന്നില്ല. പുതുതായി ചിലര്‍ കൂടി. ഉണ്ണിക്കും എനിക്കും സ്വകാര്യത തരാന്‍ അവര്‍ ശ്രമിക്കുന്നതായി തോന്നി. ഉണ്ണി ഒരു പൂവിന്റെ ഫോട്ടോ എടുക്കുമ്പോള്‍, എന്തോ ടെക്നിക്ക് പറഞ്ഞുതരാന്‍ ഒരാള്‍ അടുത്തുവന്നു. എല്ലാരും കൂടെ അയാളെ ‘കബാബ് മേം ഹഡ്ഡി മത് ഹോനാ’ എന്ന് പറഞ്ഞ് വിളിക്കാന്‍ തുടങ്ങി. കല്യാണം കഴിഞ്ഞ് ഇത്ര വര്‍ഷങ്ങളായിട്ടും ഞങ്ങള്‍ മധുവിധു മൂഡിലാന്ന് അവര്‍ക്ക് തോന്നിയെങ്കില്‍ അങ്ങനെ തന്നിരുന്നോട്ടെ എന്ന് ഞങ്ങളും കരുതി.അതോ, ഈയിടെ കല്യാണം കഴിഞ്ഞതേയുള്ളൂ എന്ന് കരുതീട്ടാണോവോ.


പുരാതനക്ഷേത്രം തേടിപ്പോയ ഞങ്ങളെ എതിരേറ്റത് അത്ര പഴയതല്ലാത്ത ഒരു കോണ്‍ക്രീറ്റ് അമ്പലമാണ്. എന്തായാലും അവിടെ തൊഴുത് പോന്നു. കാട്ടില്‍ക്കൂടി കുറച്ച് നടന്നത് മെച്ചം. തിരിച്ച് റിസോട്ടില്‍ ചെന്ന് ചായ കുടിച്ച്, പുഴയരികിലേയ്ക്ക് പോയി. ഡിസംബറായതിനാല്‍ വെള്ളം വളരെ കുറവാണ്. ഉള്ളത് നല്ല തെളിഞ്ഞ വെള്ളം.


കുറേ ദൂരം പുഴത്തട്ടിലൂടെ നടന്നു. സന്ധ്യയ്ക്കാണ് തിരിച്ചുനടക്കാന്‍ തുടങ്ങിയത്. പകുതിയെത്തിയപ്പോളാണ് ഞാന്‍ ശ്രദ്ധിച്ചത്, എന്റെ വാച്ച് കാണാനില്ലെന്ന്. വെള്ളത്തില്‍ കയ്യിടാനായി അതൂരി ബാഗില്‍ വെച്ചത് ഓര്‍മ്മയുണ്ട്. ബാഗിന്റെ സൈഡ് പോക്കറ്റ് തുറന്ന് കിടക്കുകയായിരുന്നു. അത് താഴെ വീണുകാണും. റ്റോര്‍ച്ചിന്റെ വെട്ടത്തില്‍ തിരിച്ച് പോയി കുറേ നോക്കി. കിട്ടിയില്ല. പിറ്റേന്ന്, swiss knife-ഉം കാണാനില്ലെന്ന് ശ്രദ്ധിച്ചു. രണ്ടും പോയി. എന്റെ അശ്രദ്ധയ്ക്കുള്ള ശിക്ഷയായി, ഒരു വര്‍ഷം വാച്ച് കെട്ടാതെ നടന്നു. പിന്നെയാണ്, പുതിയ വാച്ച് വാങ്ങിയത്. swiss knife ഇനിയും വാങ്ങീട്ടില്ല.


അന്ന് രാത്രി ക്യാമ്പ് ഫയര്‍ ഉണ്ടായിരുന്നു. തലേന്ന് ഉറക്കമിളച്ച് കുടിച്ചവര്‍, വൈകാതെ അത് പുനരാരംഭിച്ചു. എല്ലാരും തിന്നും കുടിച്ചും, വെടിപറഞ്ഞുമിരുന്നു. ഒരുപാട് വൈകിയാണ് CEO-യ്ക്കുള്ള യാത്രയയപ്പ് പരിപാടി തുടങ്ങിയത്. അപ്പോഴേയ്ക്കും, ബോറടിച്ചിട്ട് ഞാന്‍ പോയി കിടന്നു. അന്ന് റൂം ഹീറ്റര്‍ ഉണ്ടായിരുന്നതുകൊണ്ട്, സുഖമായി ഉറങ്ങി.

പിറ്റേന്ന് ഒന്‍പതരയ്ക്ക് മടക്കയാത്ര.
ഞങ്ങള്‍, നേരത്തെ എഴുന്നേറ്റ് റെഡിയായി. എല്ലാം പായ്ക്ക് ചെയ്ത് വെച്ചിട്ട്, നടക്കാനിറങ്ങി. തലേന്ന് പോയതിന്റെ എതിര്‍ഭാഗത്തേയ്ക്ക് നടന്നു. കുറേ പക്ഷികളെ കണ്ടു. റിസോട്ടിന്റെ അടുത്തുള്ള പുഴയുടെ കൂടുതല്‍ വെള്ളമുള്ള ഭാഗത്തെത്തി.


തലേന്ന് അങ്ങോട്ട് വരാന്‍ തോന്നിയില്ലല്ലോന്നോര്‍ത്ത് കുറച്ച് സങ്കടം വന്നു. അധികസമയം, അവിടെ ചുറ്റാനും പറ്റിയില്ല. അരമണിക്കൂര്‍ തിരിച്ചുനടന്നാലേ റിസോട്ടിലെത്തൂ.

തിരിച്ചുവന്ന്, വേഗം പ്രാതല്‍ കഴിച്ച് ഇറങ്ങി. പിന്നെ, നീണ്ട ബസ് യാത്ര. ഇപ്രാവശ്യം ഉച്ചഭക്ഷണം കിട്ടി. ഒന്‍പത് മണിയുടെ ഫ്ലൈറ്റ് കിട്ടാന്‍ പാകത്തിന് ഡല്‍ഹിയിലെത്തി. പാതിരാത്രി കഴിഞ്ഞ് വീട്ടിലും. ഒരു മൂന്നുദിവസവാരാന്ത്യം അങ്ങനെ അവസാനിച്ചു – കടുവയെ കണ്ടില്ലെങ്കിലും.

കൂടുതല്‍ കോര്‍ബറ്റ് ചിത്രങ്ങള്‍ ഇവിടെ.

25 comments:

Bindhu Unny March 4, 2009 at 10:04 PM  

കടുവാന്വേഷണയാത്രകള്‍ അവസാനിക്കുന്നില്ല. തുടരും. :-)

Rosy and Chacko March 5, 2009 at 7:22 AM  

You are cordially invited to visit our blog( on issues related to our dream of a world without competition - the world of sahajeevanam)
http://sahajeevanam.blogspot.com/
Sorry for posting this if you are not interested.
Chacko (for sahajeevanam)

ചങ്കരന്‍ March 5, 2009 at 8:05 AM  

നിങ്ങള്‍ പുലികള്‍ ചെല്ലുന്നതറിഞ്ഞിട്ട് കടുവ മുങ്ങിക്കാണും :) നല്ല എഴുത്ത്.

ശ്രീ March 5, 2009 at 8:24 AM  

കടുവകളെയും വെറുതേ വിടാന്‍ പ്ലാനില്ലല്ലേ?

വിവരണം നന്നായിട്ടുണ്ട്

പ്രയാണ്‍ March 5, 2009 at 8:45 AM  

നൈനിത്താളില്‍ നാലു ദിവസം തമസിച്ചിട്ടും ഇവിടെവരെ എത്തിയില്ല. കടുവയെ കാണാന്‍ കിട്ടില്ലെന്ന മുന്നറിയിപ്പായിരുന്നു കാരണം. എന്തയാലും ഒന്ന് പോയി നോക്കണമെന്ന തീരുമാനം മാറ്റണോന്നൊരു സംശയം.

ബിന്ദു കെ പി March 5, 2009 at 9:28 AM  

കടുവയെ കാണാൻ പറ്റിയില്ലെങ്കിലും ഞങ്ങൾക്ക് നല്ലൊരു യാത്രാവിവരണം വായിക്കാൻ പറ്റിയല്ലോ...നന്ദി
ഇനിയുള്ള അന്വേഷണങ്ങളിൽ കടുവയെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

പാമരന്‍ March 5, 2009 at 9:31 AM  

നല്ല വിവരണം. ബാക്കി കാത്തിരിക്കുന്നു.

മേരിക്കുട്ടി(Marykutty) March 5, 2009 at 9:39 AM  

When Did you go dear?
pinne my dream once was to study forestry...athu nadannilla..

i tried to join ur natureknights. But seems like they have trips around Mumbai only :(.

Do call me or mail me whenever u plan to come to Bangalore :)- dont go anywhere else for accomodation!

പൊറാടത്ത് March 5, 2009 at 10:51 AM  

കടുവയെ കണ്ടില്ലെങ്കിലും ഫ്രെഷ് കാഷ്ടമെങ്കിലും കാണാനായല്ലോ...:)

നല്ല എഴുത്ത്. ബാക്കി വൈകിയ്ക്കണ്ട.

ചിതല്‍ March 5, 2009 at 1:30 PM  

എന്തിട്ട് എങ്ങനെയുണ്ടായിരുന്നു
“മധുവിധൂ മൂഡ്”
അവര്‍ക്കറിയാമായിരിക്കും
നിങ്ങളുടെ യാത്രകളുടേ
ലക്ഷ്യം
അതാണ് എന്ന്
അല്ലാതെ സ്ഥലം കാണാനൊന്നുമല്ല എന്ന്


ചുമ്മാ
---------

മനുഷ്യരെയോ വളര്‍ത്തുമൃഗങ്ങളെയോ കൊന്നുതിന്നുന്ന കടുവകളെ മാത്രമേ കൊല്ലൂ എന്ന് ശപഥവുമെടുത്തു....

കണ്‍ഫ്യൂഷന്‍...
കൊല്ലൂന്നല്ലേ പറഞ്ഞത്....
പിന്നെങ്ങാ‍നാ ഈ പാര്‍ക്ക് ഈ പേര്

Dhanya March 5, 2009 at 9:48 PM  

We were planning to go to Jim Corbett this weekend. We have a long weekend of 4 days. But then dropped it. avide vare minakkettu pooyaalum kaduvaye kaananamnnu nirbandam illaannu paranjoondu bhayangara samadaanam ;)

Zebu Bull::മാണിക്കൻ March 6, 2009 at 4:14 AM  

പതിവുപോലെ, വായിച്ചു ഞാന്‍ അസൂയാലൂ മട്ടറാവുന്നു.

Bindhu Unny March 6, 2009 at 11:18 AM  

സഹജീവനം: Will check out your blog. :-)

ചങ്കരന്‍: അത് ഞാനോര്‍ത്തില്ല. ഇനി അറിയിക്കാതെ പോയിനോക്കാം. അതെങ്ങനെയാ? :-)

ശ്രീ: കടുവയെ കാട്ടിനുള്ളില്‍ കാണാനുള്ള മോഹം കൊണ്ടല്ലേ? :-)

Prayan: പറ്റുമെങ്കില്‍ വേനല്‍‌ക്കാലത്ത് പോയിനോക്കൂ. :-)

ബിന്ദു: നന്ദി. :-)

പാമരന്‍: എഴുതാന്‍ ഞാനും. :-)

മേരിക്കുട്ടി: ഒരു വര്‍ഷത്തിലേറെയായി പോയിട്ട്. എനിക്കും താത്പര്യമുണ്ടായിരുന്നു ഫോറസ്ട്രി കോഴ്സിന് പോവാന്‍. പക്ഷെ, പ്രീഡിഗ്രിക്ക് സെക്കണ്ട് ഗ്രൂപ്പ് എടുക്കണമായിരുന്നു എന്ന് തോന്നുന്നു അത് പഠിക്കാന്‍. അതുകൊണ്ട് ആ മോഹം ഉപേക്ഷിച്ചു. അതേ പോലെ അഗ്രിക്കള്‍‌ച്ചര്‍ എഞ്ചിനിയറിംഗിന് പോവാനുള്ള ആഗ്രഹവും.
നേച്ചര്‍‌ക്നൈറ്റ്സ് ആ ഭാഗത്തേയ്ക്ക് ട്രെക്കിങ്ങ് ഇതുവരെ നടത്തീട്ടില്ല. ചെന്നൈ ട്രെക്കേഴ്സ് എന്നൊരു ഗ്രൂപ്പുണ്ട്. അവര്‍ ചെന്നൈ, ബാംഗ്ലൂര്‍ പരിസരങ്ങളില്‍ ട്രെക്കിങ്ങ് ചെയ്യാറുണ്ട്. (http://www.chennaitrekkers.org/).
ബ്ലോഗര്‍ സന്ദീപ് ഉണ്ണിമാധവനും ഭാര്യ പ്രീതിയും ഈ ഗ്രൂപ്പിലെ അംഗങ്ങളാണ് - http://malayalam.usandeep.com/.
പിന്നെ, ബാംഗ്ലൂര് വന്നാല്‍ കോണ്ടാക്ട് ചെയ്യാം. പക്ഷേ, മേരിക്കുട്ടീടെ വീട്ടില്‍ താമസിച്ചാല്‍, ഉണ്ണീടെ അമ്മാവനോടും കസിന്‍‌സിനോടും എന്ത് പറയും? ഉണ്ണി മാസത്തിലൊരിക്കലെങ്കിലും ബാംഗ്ലൂര് വരാറുണ്ട് - ഓഫീസ് ആവശ്യത്തിന്. :-)
:-)

പൊറാടത്ത്: അത് ശരിയാ. പിന്നെ, തുടരും എന്ന് പറഞ്ഞത് ഈ യാത്രയുടെ കാര്യമല്ല. വേറെ കടുവാന്വേഷണങ്ങളുടെ കാര്യമാണ്. :-)

ചിതല്‍: യാത്രകളുടെ ലക്ഷ്യം മധുവിധു ആഘോഷിക്കാനല്ല. പക്ഷേ, ജീവിതകാലം മുഴുവന്‍ മധുവിധു ആഘൊഷിക്കാന്‍ തീരുമാനിച്ചതിനാല്‍ അത് യാത്രയ്ക്കിടയില്‍ മാറ്റിവയ്ക്കാന്‍ പറ്റില്ലല്ലോ. :-)
നരഭോജികളായ കടുവകളെ കൊല്ലാന്‍ കോര്‍ബറ്റ് തന്റെ വേട്ടയാടാനുള്ള കഴിവുപയോഗിച്ച് കൊന്നിരുന്നു. അല്ലാത്തവയെ രക്ഷിക്കാനും നരഭോജികളായി മാറാനുള്ള സാഹചര്യം ഒഴിവാക്കാനും അദ്ദേഹം ശ്രമിച്ചു. ഈ ലിങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ഉണ്ട് - http://www.jimcorbettnationalpark.com/corbett_coljim.asp.

Dhanya: You could plan a trip to Bandhavgarh (MP) or Ranthambore (Rajasthan) as chances of spotting tigers are more there.
But what are you planning for the four-day weekend? Any treks? :-)

Zebu Bull::മാണിക്കന്‍: നന്ദി, വായിച്ചതിനും അസൂയയ്ക്കും. :-)

പാറുക്കുട്ടി March 6, 2009 at 7:49 PM  

യാത്രാവിവരണം നന്നായിട്ടുണ്ട്.

നല്ല അനുഭവം.

പാവത്താൻ March 6, 2009 at 10:50 PM  

നല്ല യാത്ര.അടുത്ത തവണ ഒരു ഭീകരനായ നരഭോജിക്കടുവയുടെ വായിൽ നിന്നും കഷ്ടിച്ചു രക്ഷപ്പെടാനുള്ള ഭാഗ്യം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.(അതേപ്പറ്റിയും വായിക്കാമല്ലോ)

പകല്‍കിനാവന്‍ | daYdreaMer March 7, 2009 at 10:45 AM  

ഭീകരം.. രസകരം.. !!
വിവരണം നന്നായി..

തോന്ന്യാസി March 7, 2009 at 10:52 AM  

ബിന്ദ്വേച്ചീ ഞങ്ങള്‍ തേക്കടിയില്‍ ഒരു ടൈഗര്‍ ട്രെയ്‌ല്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. പക്ഷേ കൂട്ടുകാരില്‍ ചിലരുടെ അസൌകര്യങ്ങള്‍ കാരണം അതങ്ങനെ നീ‍ണ്ട് പോകുന്നു.

എനിവേ ഒരിയ്ക്കല്‍ ഞങ്ങളവിടെ പോവും അന്ന് ഇതു പോലെ കടുവാന്വേഷണ യാത്രാന്നും പറഞ്ഞ് കടുവയെ കാണാതെ പോന്ന യാത്രാക്കുറിപ്പിറക്കി ആളെപറ്റിക്കൂല്ല. :) :)

കടുവേടെ ഒരു പടോം പിടിച്ച് യാത്രാക്കുറിപ്പും ഇടും, കടുവയുടെ സ്നാക്സ് ആയില്ലെങ്കില്‍....

എന്നാലും ആ കോര്‍ബറ്റ് പാര്‍ക്കിന്റെ പടങ്ങള്‍ ഇഷ്ടായി..യാത്രാവിവരണോം....

ബിനോയ്//HariNav March 7, 2009 at 11:01 AM  

ഹൊ! ഒന്നു രണ്ടു ദിവസം ആ കടുവകള്‍ അനുഭവിച്ച ടെന്‍ഷന്‍ :)

വിശേഷങ്ങളും അവതരണവും ഇഷ്ട്ടപ്പെട്ടു. keep writting

Anonymous March 7, 2009 at 12:20 PM  

ബിന്ദുവേച്ചീ
ക്ഷ പിടിച്ചൂട്ട്വൊ ഈ വിവരണം...

സു | Su March 7, 2009 at 3:58 PM  

2007 - ലാണോ പോയത്? ഇനിയെപ്പോഴാ? ഞാൻ വരുന്നൊന്നുമില്ല. വെറുതെ ചോദിച്ചതാ. :)

smitha adharsh March 7, 2009 at 8:03 PM  

നല്ല വിവരണം...ബാക്കി,ഇനി എന്നാ...?
പറഞ്ഞപോലെ,ഈ പുലികളെ പ്പേടിച്ചാണോ കടുവകള്‍ മുങ്ങിയത്?

Bindhu Unny March 7, 2009 at 10:05 PM  

പാറുക്കുട്ടി: നന്ദി :-)

പാവത്താന്‍: അയ്യോ! കരിനാക്കാണോ? :-)

പകല്‍‌കിനാവന്‍: നന്ദി :-)

തോന്ന്യാസി: കടുവയെ കാണാഞ്ഞതുകൊണ്ടല്ലേ കടുവാന്വേഷണയാത്രകള്‍ എന്ന് പേരിട്ടത്. അല്ലേല്‍, കടുവയെ കണ്ട യാത്രകള്‍ എന്ന് പേരിടുമായിരുന്നു. തേക്കടീലെ കടുവകളെ കണ്ട വിശേഷം എഴുതണം ട്ടോ :-)

വേറിട്ട ശബ്ദം: നന്ദി :-)

സു: ഇനി എപ്പഴാന്ന് അറിയില്ല. വന്നാല്‍ കൊണ്ടുപോവാം. :-)

സ്മിത: ബാക്കി ഉടന്‍ പ്രതീക്ഷിക്കുക. :-)

ജ്വാല March 10, 2009 at 10:34 AM  

നല്ല വിവരണം….
ഇനിയും പ്രതീക്ഷിക്കുന്നു

നിരക്ഷരൻ March 26, 2009 at 1:28 AM  

എന്റമ്മോ !!!സമ്മതിച്ചുതന്നിരിക്കുന്നു നിങ്ങള്‍ രണ്ടാളേം. ഇത്രയും സാഹസികവും, വ്യത്യസ്ഥവുമായ യാത്രകള്‍ ചെയ്യുന്ന നിങ്ങളുടെ ഗ്രൂപ്പിനും എന്റെ അഭിവാദനങ്ങള്‍.

ഒരു സംശയം (അഥവാ തമാശ് ):- സി.ഇ.ഓ. ചേട്ടനെ കടുവാക്കാട്ടിലേക്കാണോ യാത്രയാക്കിയത് ?

Bindhu Unny March 30, 2009 at 11:11 PM  

ജ്വാല: നന്ദി :-)

നിരക്ഷരന്‍: നന്ദി. സി.ഇ.ഓ-യെ കാട്ടിലേയ്ക്കയച്ചില്ല. വീണ്ടും ജോയിന്‍ ചെയ്യിക്കാനുള്ള ശ്രമമായിരുന്നു യാത്രയയപ്പെന്ന് തോന്നുന്നു. അദ്ദേഹത്തിന് പകരം വന്നയാളെ ഇവര്‍ മൂന്നാലുമാസം കൊണ്ട് ഓടിച്ചുവിട്ടു. കാട്ടിലേയ്ക്കാണോന്നറിയില്ല. :-)

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP