Wednesday, December 24, 2008

ഒരു ക്രിസ്തുമസ്-പുതുവത്സരമധുരം

ഇത് ഒരു പലവക ബ്ലോഗായതിനാല്‍ എന്റെ ചില പാചകപരീക്ഷണങ്ങളും പോസ്റ്റാമെന്ന് കരുതി. ഞാന്‍ നന്നായി പാചകം ചെയ്യുമെന്നാണ് ഞാനുണ്ടാക്കുന്നത് കഴിക്കുന്നവര്‍ പറയുന്നത്. എനിക്കും അങ്ങനൊരു വിചാരം ഇല്ലാതില്ല. :-) കല്യാണം കഴിഞ്ഞതിന് ശേഷമാണ് പതിവായി ഭക്ഷണം ഉണ്ടാക്കാന്‍ തുടങ്ങിയത്. ആദ്യമായി വച്ച സാമ്പാര്‍ വളരെ ബോറായിരുന്നു. ഉണ്ണിയെ ഒന്ന് impress ചെയ്യാന്‍ ഞാന്‍ വടക്കന്‍ സ്റ്റൈലില്‍ (തേങ്ങ അരച്ച്) സാമ്പാര്‍ വച്ചുനോക്കിയതാണ്. അതിന്‌ശേഷം സാമ്പാര്‍ വയ്ക്കാന്‍ പഠിപ്പിച്ചുതരാമെന്ന് പറഞ്ഞ് ഉണ്ണി ഒരു സാമ്പാര്‍ വച്ചു. എന്റെ സാമ്പാറിന് രുചികുറവാണെങ്കിലും കഴിക്കാന്‍‌കൊള്ളുമായിരുന്നു. ഉണ്ണീടെയാണെങ്കിലോ, ഉണ്ണിക്ക് തന്നെ കഴിക്കാന്‍ പറ്റിയില്ല. ഞാന്‍ പിന്നെ അതിനെ കഴിക്കാന്‍ പാകത്തിനാക്കിയെടുത്തു. അങ്ങനെ, ഒരു പോയിന്റ് സ്കോര്‍ ചെയ്തുകൊണ്ടാണ് ഞാന്‍ പാചകജൈത്രയാത്ര ആരംഭിച്ചത്.

ഞാനൊരു പാചകവിദഗ്ദ്ധയാണെന്ന അവകാശവാദമൊന്നുമില്ല. പക്ഷെ ഇടയ്ക്കൊക്കെ ഓരോന്ന് പരീക്ഷിക്കും.

പാചകത്തിന് ഞാനുണ്ടാക്കിയിരിക്കുന്ന ചില നിയമങ്ങളുണ്ട്.

1. ഒന്നും ഉണ്ടാക്കാന്‍ അധികം മിനക്കെടാന്‍ താത്പര്യമില്ല. അതേ സാധനം വാങ്ങാന്‍ കിട്ടുവാണേല്‍, അതിന്റെ രുചി എനിക്കും ഉണ്ണിക്കും ഇഷ്ടപ്പെട്ടെങ്കില്‍, അത് വീട്ടിലുണ്ടാക്കില്ല, വാങ്ങിത്തിന്നും.

2. ആരോഗ്യത്തിന് നല്ല ഭക്ഷണം ഉണ്ടാക്കണം. അല്ലാത്തവ കഴിക്കാന്‍ പാടില്ലാന്നല്ല. കഴിക്കണമെങ്കില്‍ പുറത്തൂന്ന് വാങ്ങണം.

3. ആരോഗ്യത്തിന് നല്ലതാണെങ്കില്‍ കുറച്ച് മിനക്കെട്ടാലും കുഴപ്പമില്ല.

4. ഒരു പാചകക്കുറിപ്പും അതേപടി ചെയ്യില്ല. അളവും സാധനങ്ങളും അവസരത്തിനൊത്ത് മാറ്റും.

അങ്ങനെ, ഈ നിയമങ്ങളുടെ പരിധിക്കുള്ളില്‍ വരുന്ന ഒരു പലഹാരമാണ് അരി-കടല-ഓട്സ്-തേങ്ങ-ഈന്തപ്പഴം-ശര്‍ക്കര ഉണ്ട. പണ്ടെവിടെയോ ആരോ എഴുതിയ (ആ ചേച്ചിക്ക് നന്ദി രേഖപ്പെടുത്തുന്നു) ഒരു പാചകക്കുറിപ്പിന്‍ ഞാന്‍ ചില മാറ്റങ്ങള്‍ വരുത്തി. ഓട്സ് ആരോഗ്യത്തിന് നല്ലതാണ്. അത് പോറിഡ്ജായി കഴിച്ചാല്‍ മടുത്തുപോവും. അതുകൊണ്ട് ഓട്സ് വേറെ പല രുചികരമായ രൂപത്തിലാക്കിയെടുക്കാനുള്ള എന്റെ ശ്രമത്തിന്റെ ഫലങ്ങളിലൊന്നുകൂടിയാണ് ഈ പലഹാരം.

ബൂലോകത്തിലുള്ള പാചകറാണി-രാജാമാര്‍ക്ക് ഒരു വെറ്റിലയും അടയ്ക്കയും ഒറ്റരൂപാത്തുട്ടും (ഓരോരുത്തര്‍ക്കും പ്രത്യേകം വയ്ക്കാനില്ല. അതുകൊണ്ട്, എടുത്തവര്‍ അനുഗ്രഹിച്ചിട്ട് തിരിച്ചുവയ്ക്കണം) ദക്ഷിണ വെച്ചുകൊണ്ട് ഇതാ ...

അരി-കടല-ഓട്സ്-തേങ്ങ-ഈന്തപ്പഴം-ശര്‍ക്കര ഉണ്ട

പുഴുങ്ങലരി: ¼ കിലോ
നിലക്കടല: 100 ഗ്രാം
ഓട്സ്: 100 ഗ്രാം
തേങ്ങ: 1
ഈത്തപ്പഴം: 100 ഗ്രാം
നെയ്യ്: 1 സ്പൂണ്‍ (നിര്‍ബന്ധമില്ല)

അരിയും കടലയും ചുവക്കെ വറുക്കണം. ഒന്നിച്ചല്ല, വേറെ വേറെ. ആറുമ്പോള്‍ അരി പുട്ടിന്റെ പരുവത്തില്‍ പൊടിക്കണം. കടല ഒരേപോലെ തരുതരുപ്പായി പൊടിക്കാന്‍ പറ്റിയാല്‍ നല്ലത്. ഞാന് മിക്സിയിലിട്ട് പൊടിക്കുമ്പോള്‍ ചിലതൊക്കെ നല്ലപോലെ പൊടിയും, ചിലത് അതേപടി കിടക്കും. ഓട്സും വറുത്ത് നല്ലപോലെ പൊടിക്കണം. (അരക്കിലോയുടെയോ കാല്‍ക്കിലോയുടെയോ പായ്ക്കറ്റ് വാങ്ങി, ഒന്നിച്ച് വറുത്ത് പൊടിച്ച് വച്ചാല്‍ എളുപ്പമുണ്ട്.) ഈന്തപ്പഴം ചെറുതായി അരിയണം. എന്നിട്ട് ഇതെല്ലാം ഒന്നിച്ച് ഇളക്കി വയ്ക്കാം.

ശര്‍ക്കര ഉരുക്കി അരിച്ചിട്ട് തേങ്ങ ചേര്‍ത്ത് വരട്ടുക. (തേങ്ങ ചിരണ്ടണമെന്ന് പ്രത്യേകം പറയേണ്ടല്ലോ.) നെയ്യും ചേര്‍ക്കാം. നന്നായി വരട്ടിയതിന് ശേഷം വാങ്ങിവച്ചിട്ട് പൊടികളുടെ കൂട്ട് ഇട്ട് ഇളക്കിയോജിപ്പിക്കണം. ഒരുവിധം ആറുമ്പോള്‍ ഉരുട്ടിയെടുക്കാം.ഞാനിത് ഫ്രിഡ്ജിലാണ് സൂക്ഷിക്കാറ്. പുറത്ത് വച്ച് കേടായിപ്പോവുമോന്ന് പരീക്ഷിച്ചിട്ടില്ല.

എല്ലാവര്‍ക്കും ഈ മധുരം വിളമ്പിക്കൊണ്ട്, ക്രിസ്തുമസ്-നവവത്സരാശംസകള്‍ നേരുന്നു.

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP