Sunday, February 8, 2009

വീണ്ടും കറുത്ത കുതിര


കഴിഞ്ഞ വര്‍ഷം കറുത്ത കുതിരയെക്കുറിച്ച് ഞാനൊരു ചിത്ര-പോസ്റ്റിട്ടിരുന്നു. 2009-ലെ കാലാഘോഡാ കലോത്സവം ഇന്നലെ തുടങ്ങി. ഇനി പത്തുദിവസത്തേയ്ക്ക് ആട്ടവും പാട്ടും മറ്റ് കലാസാഹിത്യപരിപാടികളുമായി കാലാഘോഡായിലും പരിസരത്തും ആഘോഷം തന്നെ.

എന്നും വൈകുന്നേരം ആറുമണിക്ക് Heritage Bus Ride ഉണ്ട്. MTDC ഇത് മുംബൈ ദര്‍ശന്‍ എന്ന പേരില്‍ പതിവായി നടത്തുന്നതാണെങ്കിലും ഞങ്ങള്‍ ഇതുവരെ പോയിട്ടില്ല. അതുകൊണ്ട്, ഇതില്‍ പങ്കെടുത്തുകൊണ്ട് കാലാഘോഡയിലുള്ള ചുറ്റല്‍ തുടങ്ങാമെന്ന് കരുതി.

ആദ്യദിവസമായതുകൊണ്ട്, ബസിന്റെ ഉടമയായ BEST (Bruhan Mumbai Electric Supply & Transport), Ride നടത്തുന്നതിന് അധികാരപ്പെട്ട MTDC, Ride ഉള്‍പ്പടെയുള്ള മറ്റ് Heritage Walks സംഘടിപ്പിക്കുന്ന Mumbai Heritage Walks Society, Kalaghoda Foundation – ഇവരെല്ലാം തമ്മില്‍ വാര്‍ത്താവിനിമയത്തില്‍ ലേശം വീഴ്ച വരുത്തിയതിനാല്‍, Ride കുറച്ച് വൈകിയാണ് തുടങ്ങിയത്.

മുകള്‍‌ഭാഗം തുറന്ന രണ്ടുനില ബസാണ്. നേരത്തെ ചെന്ന് പാസ് (ഫ്രീ) വാങ്ങിയതിനാല്‍ മുകളില്‍ സീറ്റ് കിട്ടി. അങ്ങനെ മുകളിലിരുന്ന് നോക്കുമ്പോള്‍ ഒരു വ്യത്യസ്തമായ വീക്ഷണം കിട്ടും (ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം പറയുന്ന മാതിരി).


റീഗല്‍ സര്‍ക്കിളില്‍ നിന്ന് തുടങ്ങി, ആദ്യം ഗേറ്റ് വേ ഓഫ് ഇന്ത്യയിലേയ്ക്ക്. നവംബറിലെ ഭീകരാക്രമണത്തിന് ശേഷം ആദ്യമായാണ് ഞാനിവിടെ.

ഗേറ്റ് വേ ഓഫ് ഇന്ത്യ


താജ്‌മഹല്‍ പാലസ് ഹോട്ടല്‍

പിന്നെ, കൊളാബ വഴി വീണ്ടും റീഗല്‍ സര്‍ക്കിളില്‍. മറൈന്‍ ഡ്രൈവ്, ഛത്രപതി ശിവജി ടെര്‍മിനസ് (മുന്‍പത്തെ വിക്ടോറിയ ടെര്‍മിനസ്) വഴി തിരിച്ച് റീഗല്‍ സര്‍ക്കിളില്‍ ഇറക്കിവിട്ടു.
ഈ വഴികളിലൊക്കെ ഹെറിറ്റേജ് കെട്ടിടങ്ങള്‍ ധാരാളമുണ്ട്. Art Deco, Indo-Saracen - ഇങ്ങനെ ഓരോ വാസ്തുകലാശൈലിയില്‍ പണിത കെട്ടിടങ്ങള്‍. എനിക്ക് ഇതിലൊക്കെ നല്ല വിവരമായതുകൊണ്ട് കൂടുതല്‍ വിശദീകരിക്കുന്നില്ല. ചിത്രങ്ങള്‍ കണ്ടോളൂ.


ഒരു ഹെറിറ്റേജ് കെട്ടിടം. ഇപ്പോള്‍ MLA hostel

മറൈന്‍ ഡ്രൈവ്. ആ ലൈറ്റുകള്‍ Queen's Necklace എന്നറിയപ്പെടുന്നു


നടുക്കുള്ള ഉയരമുള്ള കെട്ടിടമാണ് ട്രൈഡന്റ് ഹോട്ടല്‍

ഛത്രപതി ശിവജി ടെര്‍മിനസ്

ഫ്ലോറ ഫൌണ്ടന്‍

ഏഷ്യാറ്റിക് ലൈബ്രറി. കാലാഘോഡ കലോത്സവത്തിന്റെ ചില പരിപാടികള്‍ ഇതിനെതിരെ സ്റ്റേജ് കെട്ടിയിട്ടാണ് നടത്തുക. പടികളിരുന്ന് കാണാം.

ഏഴരമണിയോടെ കാലാഘോഡയില്‍ തിരിച്ചെത്തി. മാളവിക സരുക്കായ് എന്ന നര്‍ത്തകി ഭരതനാട്യം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അവസാനഭാഗം മാത്രം കണ്ടു.


കാലാവസ്ഥാമാറ്റത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്ന ഒരു നിശബ്ദനാടകം.


അതുകഴിഞ്ഞ്, സല്‍‌സാ നൃത്തം.

അനായാസമായി ആ നര്‍ത്തകര്‍ ചുവട് വയ്ക്കുന്നത് കണ്ടപ്പോള്‍, ഞാനും ഉണ്ണിയും സല്‍‌സ പഠിക്കാന്‍ ശ്രമിച്ച് പരസ്പരം കാലില്‍ ചവിട്ടി പരാജയപ്പെട്ടത് ഓര്‍മ്മ വന്നു.


ചില സുഹൃത്തുക്കളെ കണ്ടു, സംസാരിച്ചു. ഒരിക്കലൊരു ട്രെക്കിനും പിന്നെ എല്ലാ വര്‍ഷവും കാലാഘോഡയിലും മാത്രം കാണുന്ന പ്രതിഷ്ഠ-തരുണ്‍ ദമ്പതികളെയും കണ്ടു.


കുറേനേരം കൂടി ചുറ്റി നടന്നു. ചില കലാരൂപങ്ങള്‍ ഉയര്‍ന്നുവരുന്നതേയുള്ളൂ. ഇന്നും, പിന്നെ പറ്റുന്ന ദിവസങ്ങളിലെല്ലാം പോണം.

കൂടുതല്‍ ചിത്രങ്ങള്‍ പിന്നാലെ.

കഴിഞ്ഞ വര്‍ഷത്തെ ചിത്രങ്ങള്‍ ഇവിടെയുണ്ട്.

26 comments:

ഹരീഷ് തൊടുപുഴ February 8, 2009 at 5:09 PM  

വീണ്ടും കാണിച്ചുതന്നതിന് നന്ദി...

The Layman February 8, 2009 at 9:29 PM  

കഴിഞ്ഞ വര്‍ഷം കാല ഘോട ഫെസ്റ്റിവല്‍ നടക്കുന്ന സമയത്തു ഞാനുമുണ്ടായിരുന്നു മുംബൈ യില്‍ ..
ചിലപ്പോള്‍ നമ്മള്‍ പാസ് ചെയ്തു പോയി കാണും :D

ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഓര്‍മ്മകള്‍ ഓടി വന്നു.
മുംബൈ ദര്‍ശന്‍ വഴി ഞങ്ങളും (ഡാഡി യും ഞാനും) മുംബൈ കറങ്ങി. പക്ഷെ ബസ്സ് ഭയങ്കര ഓട്ടമാണ്.. കുറച്ചു സമയമേ ഓരോ സ്ഥലത്തും നിര്‍ത്തൂ. എങ്കിലും അങ്ങനെ കുറെ സ്ഥലങ്ങള്‍ കണ്ടിരുന്നു.
മുംബൈ ഒരു മഹാ നഗരം തന്നെയാണ്..

കഴിഞ്ഞ വര്‍ഷം കാല ഘോടയില്‍ കമ്പി കൊണ്ടുണ്ടാക്കിയ ഒരു ഈച്ച മനുഷ്യനെ ഓര്‍ക്കുന്നു..

മേരിക്കുട്ടി(Marykutty) February 10, 2009 at 8:44 AM  

എന്റെ ഭര്‍ത്താവിന്റെ അമ്മാവന്‍ ബോംബയിലാണ്....അവിടെയ്ക്ക് വിളിക്കുന്നു കുറെ നാളായി...ബിന്ദുവിന്റെ ബ്ലോഗ് വായിച്ചു വായിച്ചു,. എനിക്ക് ബോംബയില്‍ വരാന്‍ തോന്നുന്നു...

കുഞ്ഞന്‍ February 10, 2009 at 9:47 AM  

ബിന്ദു..

ചിത്രങ്ങളോടുകൂടിയ വിവരണം നന്നായിട്ടുണ്ട്..കറുത്ത കുതിര പായട്ടെ....

അരുണ്‍ കായംകുളം February 10, 2009 at 10:52 AM  

ഇവിടെ ഒന്നും പോയിട്ടില്ല.ഇപ്പോള്‍ ഈ സ്ഥലങ്ങളില്‍ മൊത്തം പോയ ഒരു അനുഭൂതി.കലക്കീട്ടുണ്ടേ

സു | Su February 10, 2009 at 11:00 AM  

കഴിഞ്ഞവർഷം ഞങ്ങൾ മുംബൈയിൽ വന്നിരുന്നു. ഫെസ്റ്റിവലിന്റെ സമയത്തല്ല. ഈ വർഷം വരാൻ പറ്റില്ല. ചിത്രങ്ങളൊക്കെ ഇവിടെ നോക്കിയിരിക്കാം. അടുത്തവർഷം വരാൻ നോക്കാം. മേരിക്കുട്ടിയും ഉണ്ടാവും ല്ലേ? ഒരു മീറ്റ് നടത്തിക്കളയാം. (വെറുതേ ഒരു മോഹം...)

ശ്രീ February 10, 2009 at 11:16 AM  

ഒരിയ്ക്കല്‍ കൂടി നല്ലൊരു പോസ്റ്റ്, ചേച്ചീ...

...പകല്‍കിനാവന്‍...daYdreamEr... February 10, 2009 at 1:50 PM  

നല്ല ചിത്രങ്ങളും പോസ്റ്റും... അഭിവാദ്യങ്ങള്‍...

Arun Meethale Chirakkal February 10, 2009 at 2:33 PM  

ചേച്ചി, കഴിഞ്ഞ വര്‍ഷത്തെ പോസ്റ്റ് ഞാന്‍ ഓര്‍ക്കുന്നു.
രസം എന്താന്ന് വെച്ചാല്‍ പോസ്റ്റ് ഇന്നലെ തന്നെ വായിച്ചൂ
ചിത്രങ്ങള്‍ ഒക്കെ വിശദമായി നോക്കിയിരുന്നു, രാവിലെ എഴുന്നേറ്റു
'ശാന്താറാം' വായിച്ചപ്പോഴല്ലേ, അതാ കിടക്കുന്നു ഫ്ലോറ ഫൌണ്ടന്‍ , ലിയോപോള്‍ഡ് കഫേ ...സന്തോഷമായി.

the man to walk with February 10, 2009 at 3:34 PM  

ishtaayi..chithragalum

മാണിക്യം February 10, 2009 at 7:46 PM  

നല്ല പോസ്റ്റ്..
മനോഹരമായ ചിത്രങ്ങളും വര്‍ണനയും
കാലാഘോഡാ കലോത്സവം എന്നെങ്കിലും കാണാന്‍ സാധിക്കണേ എന്ന് ആഗ്രഹമുണ്ട്...

നല്ലൊരു പോസ്റ്റിട്ടതിനു നന്ദി..

Bindhu Unny February 10, 2009 at 8:59 PM  

ഹരീഷ്: നന്ദി :-)

ദീപു: ശരിയാ, നമ്മള്‍ പാസ് ചെയ്തു പോയ്‌ക്കാണും. ഞാനും ഉണ്ണിയും മിക്ക ദിവസങ്ങളിലും അവിടെ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. കുറച്ചൂടി വിശദമായി സ്ഥലങ്ങള്‍ കാണണമെങ്കില്‍ ഹെറിറ്റേജ് നടത്തമാണ് നല്ലത്. കഴിഞ്ഞ വര്‍ഷം, കമ്പി കൊണ്ടുണ്ടാക്കിയത് കൊതുകായിരുന്നു.
:-)

മേരിക്കുട്ടി: വരൂ ബോംബെയിലേയ്ക്ക്. വരുമ്പോള്‍ അറിയിക്കണേ - unnys at travelwithacouple dot com.

(ഉണ്ണീടെ അമ്മാവന്‍ ബാംഗ്ലൂരുണ്ട്. ഞങ്ങളെ വിളിക്കാറില്ല, അവിടേയ്ക്ക് :-))

കുഞ്ഞന്, അരുണ്‍‍: നന്ദി :-)

സു: 2009-ലെ മുഴുവന്‍ യാത്രാപരിപാടികളും ഇപ്പഴേ തയ്യാറാക്കിയോ? ശരി, 2010-ല്‍ വരുമ്പോള്‍ അറിയിക്കൂ ട്ടോ. ഒരു മീറ്റ് നടത്താം. ഈമെയില്‍ ഐഡി മുകളിലുണ്ട്.

ശ്രീ, പകല്‍‌കിനാവന്‍: നന്ദി. :-)

അരുണ്‍: ശാന്താറാം വായിച്ചപ്പോള്‍ മുതല്‍ വിചാരിക്കുന്നതാ,ലിയോപോള്‍ഡില്‍ പോണംന്ന്. അതിന്റെ മുന്നില്‍ക്കൂടെ പലപ്രാവശ്യം വെള്ളമിറക്കി നടന്നതല്ലാ‍തെ ഇതുവരെ അകത്തുകയറി വെള്ളം കുടിച്ചിട്ടില്ല. :-)

the man to walk with: നന്ദി :-)

മാണിക്യം: നന്ദി. മേരിക്കുട്ടിയുടെയും സൂവിന്റെയും കൂടെ മാണിക്യവും പോന്നോളൂ. :-)

ചാണക്യന്‍ February 10, 2009 at 11:05 PM  

നല്ല ചിത്രങ്ങള്‍....
ആശംസകള്‍....

വെളിച്ചപ്പാട് February 10, 2009 at 11:15 PM  

വായിച്ചപ്പോള്‍ സന്തോഷം തോന്നി.

പാറുക്കുട്ടി February 11, 2009 at 11:39 AM  

വിവരണം നന്നായിട്ടുണ്ട്.

വള്ളിക്കുന്ന് Vallikkunnu February 11, 2009 at 12:04 PM  

മുംബൈ എയര്‍പോര്‍ട്ടില്‍ പലപ്പോഴും ഇറങ്ങിയിട്ടുണ്ട്. ട്രാന്‍സിറ്റ് പാസഞ്ചര്‍ ആയി. ഒന്നു രണ്ടു തവണ എവിടെയൊക്കയോ കറങ്ങിയിട്ടുണ്ട്. ജുഹു ബീച്ചില്‍ പോയി ഒരിക്കല്‍ ഒരു കുതിരപ്പുറത്തു കേറി, ഇനിയൊരിക്കലും ആ പണി ചെയ്യില്ല എന്നും ഉറപ്പിച്ചു. എന്‍റെ എളാപ്പയുടെ മകള്‍ മുംബൈയില്‍ ഉണ്ട്. ഹസീന. അവളെ കാണണമെന്നും മുംബൈയില്‍ കറങ്ങണം എന്നും കരുതിയിട്ടു നാളേറെയായി, പക്ഷെ ഇതുവരെ കഴിഞ്ഞിട്ടില്ല. ബിന്ദു നല്ല ഫോട്ടോഗ്രാഫര്‍ ആണ്. യാത്ര എനിക്കും ഇഷ്ടമാണ്. കഴിഞ്ഞ മാസം കുടുംബ സമേതം ഒരു യാത്ര നടത്തി. ചെന്നൈക്കടുത്ത് പുലിക്കാട്ട് എന്ന ഒരു ഗ്രാമത്തില്‍. ചിത്രങ്ങള്‍ എന്‍റെ കുടുംബ ബ്ലോഗിലുണ്ട്. (www.vptharavad.blogspot.com )

ജ്വാല February 11, 2009 at 12:23 PM  

നല്ല ദൃശ്യങ്ങളും വിവരണവും..ആശംസകള്‍

B Shihab February 12, 2009 at 2:32 PM  

നന്ദി...

തെന്നാലിരാമന്‍‍ February 13, 2009 at 12:05 AM  

ആദ്യമായാണ്‌ ഇതുവഴി. നല്ല ചിത്റങ്ങള്‍...നല്ല വിവരണം...നല്ലൊരു പോസ്റ്റ്‌. മൊത്തതില്‍ നല്ലൊരുനുഭവം.

My......C..R..A..C..K........Words February 13, 2009 at 12:53 AM  

jeevitham chuttiyadichu aaghoshichu theerkkukayaanalle ... kolaam nalla chithrangal ...

ചങ്കരന്‍ February 13, 2009 at 4:57 AM  

ഇനിയിപ്പം ബോംബെയില്‍ പോയില്ലാ എന്ന തോന്നല്‍ വേണ്ടല്ലോ, ഒരു ഗൈഡഡ് ടൂര്‍ കഴിഞ്ഞ അനുഭവം.

Bindhu Unny February 13, 2009 at 9:37 AM  

ചാണക്യന്‍, വെളിച്ചപ്പാട്, പാറുക്കുട്ടി: നന്ദി :-)

വള്ളിക്കുന്ന്: പറ്റിച്ചേ! ഫോട്ടോകളൊക്കെ ഉണ്ണി എടുത്തതാണ്. വല്ലപ്പോഴും ക്യാമറ എടുത്ത് ക്ലിക്കും എന്നല്ലാതെ എനിക്ക് ഫോട്ടോഗ്രഫിയെക്കുറിച്ച് കൂടുതലറിയില്ല. എന്റെ കയ്യില്‍ SLR ക്യാമറ കിട്ടിയാല്‍ പട്ടിക്ക് മുഴുവന്‍ തേങ്ങ കിട്ടിയ പോലാണ്.
പുലിക്കാട്ട് പോസ്റ്റ് കണ്ടു. കുറച്ചൂടെ വിവരണവും ചിത്രങ്ങളും ആകാമായിരുന്നു. :-)

ജ്വാല, ഷിഹാബ്, തെന്നാലിരാമന്‍: നന്ദി :-)

My......C..R..A..C..K........Words: വേറെന്താ ചെയ്ക? :-)

ചങ്കരന്‍: ഇത് വെര്‍ച്വല്‍ ടൂറല്ലേ. നേരിട്ട് വന്നും കാണാന്‍ ശ്രമിക്കൂ. :-)

Sureshkumar Punjhayil February 17, 2009 at 10:24 AM  

Manoharam Chechy... Theerchayaym enne pazhayakalangalikku kaipidichu kondupoyi. Ashamsakal.

Bindhu Unny February 17, 2009 at 3:10 PM  

Sureshkumar Punjhayil: നന്ദി :-)

നിരക്ഷരന്‍ February 23, 2009 at 4:58 PM  

ഈ ബസ്സ് യാത്ര എല്ലാ സമയത്തും തരമാകില്ലേ ? ഹെറിറ്റേജ് യാത്ര കാലാഘോട സമയത്ത് മാത്രമേയുള്ളോ ? ഫ്ലോറാ ഫൌണ്ടന്‍, എഷ്യാറ്റിക്ക് ലൈബ്രറി, ചര്‍ച്ച് ഗേറ്റു, എന്നീ പരിസരത്തൊക്കെ കുറേ കറങ്ങിയിട്ടുള്ളതാണ്. എന്നാലും ആ ബസ്സിന്റെ മുകളില്‍ ഇരുന്ന് പോകാനൊരു പൂതി.

Bindhu Unny February 25, 2009 at 12:40 PM  

നിരക്ഷരന്‍: ബസിന്റെ മുകളിരുന്ന് കാണുന്നത് ഒരു പ്രത്യേകരസമാണ്. :-)

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP