Thursday, September 4, 2008

നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടൂ?

പാര്‍ട്ട്‌ടൈം ജോലിയും പാര്‍ട്ട്‌ടൈം പഠനവുമായി കഴിയുകയായിരുന്നു അവള്‍, ചെന്നൈയില്‍. നാട്ടിലും പഠിക്കാവുന്നതേയുള്ളൂ. പക്ഷേ, നാട്ടുകാരുടെ സ്ഥിരം ചോദ്യങ്ങള്‍: - മോളേ ജോലിയൊന്നുമായില്ലേ? അമ്മയോടും അച്ഛനോടും – മോള്‍ക്ക് കല്യാണമൊന്നുമായില്ലേ?. ഇതൊക്കെക്കൊണ്ട്, കിട്ടിയ അവസരം പാഴാക്കാതെ അവള്‍ ചെന്നൈ മെയിലില്‍ കയറി ചെന്നൈയില്‍ എത്തി. സഹോദരനോടൊപ്പം ഒരു വാടകവീട്ടില്‍ താമസം. പാചകം, പഠനം, ജോലി, എല്ലാമായി അങ്ങനെ പോണു. മാസത്തിലൊരിക്കലെങ്കിലും തിരുവനന്തപുരം മെയിലില്‍ കയറി വീട്ടില്‍ പോവും – ഹോം സിക്ക്നസ്സാണേ പെണ്ണിന്.
ഇനി വീട്ടിലാരെങ്കിലും കല്യാണക്കാര്യം പറഞ്ഞാലോ, “എനിക്കെന്റേതായ ഡിമാന്റ്സ് ഉണ്ട്. അതംഗീകരിക്കുന്ന ഒരാളേ ഞാന്‍ കെട്ടൂ,‘’ എന്ന്. എന്താണാവോ ഈ ഡിമാന്റ്സ്? 1) വിദ്യാഭ്യാസവും സാമാന്യം നല്ല ജോലിയുണ്ടാവണം ചെറുക്കന്. 2) സ്ത്രീധനമായി ഒരു ചില്ലിപ്പൈസ ചോദിക്കാന്‍ പാടില്ല, നേരിട്ടും അല്ലാതെയും. നേരിട്ടല്ലാതെ ചോദിക്കുന്നതെങ്ങനെയെന്നുവച്ചാല്‍ ഇങ്ങനെ: “നിങ്ങള്‍ നിങ്ങളുടെ മകള്‍ക്ക് എന്താന്ന് വച്ചാ ഉചിതമായി കൊടുക്കൂ,” “രണ്ടുമക്കളല്ലേ, ഉള്ളതിന്റെ പകുതി മകള്‍ക്കല്ലേ,“ “കാശൊന്നും വേണ്ട, കല്യാണത്തിനൊരുങ്ങിയിറങ്ങുമ്പോള്‍ നാലാള്‍ കണ്ടാല്‍ മോശം തോന്നാത്തവിധം സ്വര്‍ണ്ണം ഇടണം.” ഇതൊന്നുമേ പാടില്ല. 3) പെണ്ണിന്റെ ജോലി, ശമ്പളം ഇതിലൊന്നും കണ്ണുണ്ടാവാന്‍ പാടില്ല. സ്വന്തം ശമ്പളം കൊണ്ട് കുടും‌ബം നോക്കാന്‍ പ്ലാനുണ്ടെങ്കില്‍ കല്യാണമാലോചിച്ചാല്‍ മതി. പെണ്ണിന്റെ ശമ്പളം ബോണസായേ കരുതാന്‍ പാടുള്ളൂന്ന് സാരം. 4) വിവാഹം എറ്റവും ലളിതമായിരിക്കണം. 5) സിഗരട്ട്, ബീഡി വലിക്കാന്‍ പാടില്ല. 6) ജാതി, മതം പ്രശ്നമല്ല, എന്നാല്‍ മലയാളിയായിരിക്കണം.
ഇത് തീരെ കുറഞ്ഞ് പോയല്ലോന്ന് ചോദിക്ക്. കേട്ടിട്ട് കല്യാണം കഴിക്കാതിരിക്കാനുള്ള ഡിമാന്റ്സ് പോലുണ്ട്. ഇതൊക്കെ ഒത്തുവരുന്ന ഒരാള്‍ ഈ ഭൂമിമലയാളത്തിലുണ്ടാവുമോന്ന് വിചാരിച്ച് അമ്മ തലയ്ക്ക് കൈവച്ചു. പിന്നെ എല്ലാം ഈശ്വരനെ ഏല്പിച്ച് നാമം ജപിച്ചു. പുര നിറഞ്ഞു നില്‍ക്കുവാണ് നീ എന്നു പറഞ്ഞാല്‍, എന്നാപ്പിന്നെ പുരയങ്ങ് വലുതാക്കിക്കൊള്ളാന്‍ പറയുന്ന മകളോട് എന്തുപറയാന്‍!
അങ്ങനെയങ്ങനെ അവളുടെ പഠിത്തം കഴിയാറായി. ജ്യേഷ്ഠന് സ്ഥലം‌മാറ്റവുമായി. ഇനിയും ചെന്നൈയില്‍ നില്‍ക്കണമെങ്കില്‍ ഒരു ഫുള്‍‌ടൈം ജോലി കിട്ടണം. അല്ലേല്‍ ഇനീം പഠിക്കണം. അവള്‍ക്ക് പഠനം മടുത്തുതുടങ്ങിയിരുന്നു, 17-18 കൊല്ലമായില്ലേ തുടങ്ങീട്ട്. അതുകൊണ്ടവള്‍ നൌക്കരി.കോമില്‍ പോയി റെസ്യുമെ കൊടുത്തു. പിന്നെ, അവിടെത്തന്നെ ജോലി സേര്‍ച്ച് ചെയ്യാനും തുടങ്ങി. അപ്പോഴതാ, ആ സൈറ്റിന്റെ മുകള്‍ഭാഗത്ത് തന്നെ ജീവന്‍സാഥി.കോമിന്റെ പരസ്യം വരുന്നു. ഓ ഇതുരണ്ടും സഹോദരീസൈറ്റുകളാണലോന്നൊക്കെ ആലോചിച്ച് വെറുതെ ആ പരസ്യത്തില്‍ ഒന്നു ക്ലിക്കി. ദാ പോയി, ജീവന്‍സാഥി.കോമിലേയ്ക്ക്. കുറച്ച് നേരം അവിടെയൊക്കെ ഒന്ന് കറങ്ങീട്ട്, സ്വന്തം പ്രൊഫൈല്‍ രജിസ്റ്റര്‍ ചെയ്തു. കാശൊന്നും മുടക്കണ്ടാന്നതായിരുന്നു പ്രധാനകാരണം. മുകളില്‍ പറഞ്ഞ നിബന്ധനകളെല്ലാം കൃത്യമായി റ്റൈപ് ചെയ്തു. അതുകൊണ്ട് തന്നെ ആരും ഈ പ്രൊഫൈല്‍ രണ്ടാമതൊന്നുകൂടി നോക്കില്ലാന്ന് ഉറപ്പിച്ചു. വെറുതെ ഒരു രസം, അല്ല പിന്നെ, ഫ്രീയല്ലേ സംഗതി. അങ്ങനെ അന്നത്തെ ബ്രൌസിങ്ങ് മതിയാക്കി.
പിറ്റേന്ന് പതിവുപോലെ മെയില്‍ ചെക്ക് ചെയ്ത അവള്‍ ഞെട്ടി. അതാ കിടക്കുന്നു ജീവന്‍സാഥിയില്‍ നിന്നൊരു റെസ്പോണ്‍സ്! പടപടാന്നിടിക്കുന്ന ഹൃദയത്തോടെ അവള്‍ ആ മെയില്‍ തുറന്നു. ഈശ്വരാ! ഇതാണോ അവള്‍ തേടി നടന്ന വള്ളി? എല്ലാ ഡിമാന്റ്സും അംഗീകരിച്ചൂന്ന് മാത്രമല്ല, ഈ ഡിമാന്റ്സ് കണ്ടിട്ടാണത്രേ അവന്‍ റെസ്പോണ്ട് ചെയ്തത്. അവള്‍ക്ക് അമ്പലത്തില്‍ തുളസിമാലയിട്ട് കല്യാണം മതിയെന്നാ‍ല്‍, അവന് രജിസ്റ്റര്‍ ഓഫീസിലായാലും മതി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാ‍ത്രം മതി കല്യാണത്തിനെന്ന് അവള്‍‌ക്കെന്നാല്‍, അവന് സാക്ഷികള്‍ മാത്രമായാലും മതി. നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും അവനെന്തെങ്കിലും കുഴപ്പം കാണുമെന്ന്. ഫോട്ടോയുമുണ്ടായിരുന്നു കൂടെ. ചുള്ളനാണ് ട്ടോ ആള്. (‘ചുള്ളിക്കമ്പുപോലെയിരിക്കുന്നവന്‍ ആരോ അവന്‍ ചുള്ളന്‍‘ എന്ന കോളേജ് കാലത്തെ അര്‍ത്ഥവും ചേരും. കാരണം, ആറടി പൊക്കത്തില്‍ മെലിഞ്ഞിട്ടാണ് അവന്‍). വിദ്യാഭ്യാസം, ജോലി, എല്ലാം അവളാഗ്രഹിച്ച പോലെ. ഒരു കാര്യത്തില്‍ മാത്രം യോജിപ്പില്ല, ഭക്ഷണം. അവന്‍ ശുദ്ധസസ്യഭോജി. ഇഷ്ടഭക്ഷണം ഇഡ്ഡലി. അവള്‍ മീന്‍‌കൊതിച്ചി. നിവൃത്തിയില്ലെങ്കില്‍ മാത്രം ഇഡ്ഡലി തിന്നും. ശരി, നോക്കാം, ആര് ആരെ മാറ്റിയെടുക്കുമെന്ന്! പിന്നൊന്നും ആലോചിച്ചില്ല, അയച്ചൂ മറുപടി ഉടനെ.
പിന്നെ ഒരാഴ്ചത്തേയ്ക്ക് മെയിലുകളുടെ പ്രവാഹമായിരുന്നു. സ്കാന്‍ ചെയ്ത ഫോട്ടോ ഇല്ലാത്തതുകാരണം അവള്‍ ഫോട്ടോ പോസ്റ്റിലയച്ചു. വീടിനടുത്തെങ്ങുമല്ല, ദൂരെ ഒരു പോസ്റ്റ്‌ബോക്സില്‍. താമസം ചെന്നൈയില്‍ എവിടെയാണെന്ന് ഇനീം പറഞ്ഞിട്ടില്ല. അത്ര ധൈര്യം ആയിട്ടില്ല. ഫോട്ടോ കണ്ടിഷ്ടമായതോടെ അയാള്‍ക്ക് നേരിട്ട് കാണണമെന്ന്. ഓഫീസ് നമ്പരില്‍ വിളിക്കാനും പറഞ്ഞു. വിളിച്ചപ്പോ അയാളില്ല. ഒരു പ്രമുഖ കമ്പനിയില്‍ ആ പേരില്‍ ഒരാളുണ്ട്. അത്രയും ആശ്വാസം. അവള്‍ വീട്ടുടമസ്ഥയുടെ നമ്പര്‍ മെയിലില്‍ അയച്ചുകൊടുത്തു, തിരിച്ചുവിളിക്കാന്‍.
അവന്‍ തിരിച്ചു വിളിച്ചു. ശബ്ദവും സംസാരവും അവള്‍ക്കിഷ്ടപ്പെട്ടു. തമ്മില്‍ കാണാന്‍ തീരുമാനിച്ചു, സ്ഥലം, തീയതി, മുഹൂര്‍ത്തം(!) എല്ല്ലം നിശ്ചയിച്ചു. അവള്‍ സഹോദരനോട് വിവരം പറഞ്ഞു. അവന്‍ ആദ്യം അയച്ച മെയിലിന്റെ പ്രിന്റൌട്ട് വായിക്കാനും കൊടുത്തു. റൊമാന്റിക് ആയ ബാക്കി മെയിലുകളൊന്നും കാണിച്ചില്ല. വീട്ടില്‍ വിവരം പറയാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു.
അങ്ങനെ അവര്‍ കണ്ടു, മിണ്ടി, ചായ കുടിച്ചു. ആലോചിക്കാന്‍ ഒരാഴ്ചത്തെ സമയം കൊടുത്തു. പക്ഷെ ഫോണ്‍‌വിളികളും മെയിലുകളും അനസ്യൂതം നടന്നു. ഒരാഴ്ച കഴിഞ്ഞ് പിന്നേം കണ്ടു, മിണ്ടി, ചായയും മൈസൂര്‍ ബോണ്ടയും കഴിച്ചു. വെയിറ്റര്‍ ബില്ല് കൊണ്ടു വച്ചപ്പോള്‍ അതിലൊരു ചുവന്ന റോസാപ്പൂവ്, ഒരു പ്രതീകം പോലെ! രണ്ടുപേരും തീരുമാനിച്ചു, ഇനിയുള്ള ജീവിതം ഒന്നിച്ചെന്ന് ... പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. ഇരുപത്തഞ്ചോളം പേര്‍ പങ്കെടുത്ത ലളിതമായ വിവാഹം. പക്ഷേ, നാട്ടില്‍ 5 മിനിട്ട് കൊണ്ട് കഴിയുന്ന ചടങ്ങ്, ചെന്നൈയില്‍ ആര്യസമാജത്തില്‍ വച്ചായതിനാല്‍ 1 മണിക്കുര്‍ നീണ്ടുപോയി. അവിടുത്തെ ആചാരം പ്രകാരം, ചില്ലിപ്പൈസയല്ല, അച്ഛന്‍ ഒരു രൂപ സ്ത്രീധനം കൊടുക്കേണ്ടിയും വന്നു. പിന്നെ അവര്‍ എക്കാലവും സുഖമായി ജീവിച്ചു.
ഇപ്പോഴും ഇടയ്ക്കൊക്കെ അവള്‍ ആലോചിക്കാറുണ്ട്, “നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടൂ“എന്ന്. അച്ഛനമ്മമാരോടോ, ദൈവത്തോടോ, ജീവന്‍സാഥി.കോമിനോടോ?
ഇന്ന് ഞങ്ങളുടെ എട്ടാം വിവാഹവാര്‍ഷികം. അച്ഛനമ്മമാരോടും, ദൈവത്തോടും, ജീവന്‍സാഥി.കോമിനോടും, പിന്നെ ഇതുവരെ കണ്ടുമുട്ടിയ എല്ലാവരോടും, ഇനി കണ്ടുമുട്ടാന്‍ പോകുന്ന എല്ലാവരോടും നന്ദി പറയുന്നു. :-)

39 comments:

Bindhu Unny September 5, 2008 at 10:41 AM  

വെയിറ്റര്‍ ബില്ല് കൊണ്ടു വച്ചപ്പോള്‍ അതിലൊരു ചുവന്ന റോസാപ്പൂവ്, ഒരു പ്രതീകം പോലെ! രണ്ടുപേരും തീരുമാനിച്ചു, ഇനിയുള്ള ജീവിതം ഒന്നിച്ചെന്ന് ...

സു | Su September 5, 2008 at 12:05 PM  

ആശംസകൾ. :)

എന്നാലും ഇവിടെ ബ്ലോഗിൽ പോസ്റ്റും വെച്ചുംകൊണ്ട് ഇരിക്കുകയാണോ? രണ്ടാളും ലീവെടുക്കൂ. എവിടെയെങ്കിലുമൊക്കെ കറങ്ങിത്തിരിഞ്ഞു വരൂ. എന്നിട്ട് അതിനെക്കുറിച്ച് എഴുതൂ. എന്നാലെനിക്കും അതൊക്കെ കണ്ട് സന്തോഷിക്കാലോ.

ങ്ങാ...ഇനി ഐസ്ക്രീം പോന്നോട്ടെ. എനിക്കുള്ളത്.

ബിന്ദു കെ പി September 5, 2008 at 12:50 PM  

വിവാഹ വാര്‍ഷികാശംസകള്‍

aneeshans September 5, 2008 at 1:10 PM  

വിവാഹ വാര്‍ഷികാശംസകള്‍ നേരുന്നു. സുഖവും , സന്തോഷവും എന്നുമുണ്ടാവട്ടെ

ശ്രീ September 5, 2008 at 2:22 PM  

വിവാഹ വാര്‍ഷികാശംസകള്‍, ചേച്ചീ...

ഒരു കാര്യം മാത്രം പറഞ്ഞില്ലല്ലോ... എട്ടു വര്‍ഷം കൊണ്ട് ചേട്ടന്‍ മാംസഭുക്ക് ആയോ അതോ ചേച്ചി ഇഡ്ഢലി ശീലിച്ചോ?
;)

എന്തായാലും രണ്ടാള്‍ക്കും ഓണാശംസകള്‍ കൂടി നേരുന്നു

നജൂസ്‌ September 5, 2008 at 2:47 PM  

നന്നായി.
വിവാഹ മംഗളാശംസകള്‍ നേരുന്നു.
ഇനിയുള്ള കാലങളിലും ദൈവം ആനന്ദം നല്‍കട്ടെ.

Arun Meethale Chirakkal September 5, 2008 at 2:51 PM  

എട്ടാം വിവാഹവാര്ഷികാശംസകള്‍.
എനിക്കുപഴയൊരു പാട്ടോര്‍മ്മ വരുന്നു...
കേട്ടിട്ടില്ലേ "സുഖമൊരു ബിന്ദു ദുഖമൊരു ബിന്ദു..."
പിന്നണിയില്‍ ചേച്ചിയുടെ ഭര്‍ത്താവിനു വേണ്ടി ഞാനിതങങു പാട്യാലോ.
ഞാന്‍ നന്നായി പാടും... വിശ്വാസമില്ല അല്ലെ...

ഇട്ടിമാളു അഗ്നിമിത്ര September 5, 2008 at 3:29 PM  

ബിന്ദു.. ആശംസകള്‍..

കൊച്ചുത്രേസ്യ September 5, 2008 at 4:33 PM  

ആശംസകൾ...

ശ്‌..ശ്‌..ജീവൻസാഥീടെ സൈറ്റ്‌ അഡ്രസ്സും പഴയ ആ profile id-യും അർജന്റ്‌ ആയി ഒന്നു വേണമായിരുന്നു. അയ്യേ, കോപ്പി-പേസ്റ്റ്‌ ചെയ്യാനൊന്നുമല്ല;ചുമ്മാ ഒന്നു കാണാനാണെന്നേ;-))

smitha adharsh September 5, 2008 at 4:35 PM  

Anniversary wishes...

അനില്‍@ബ്ലോഗ് // anil September 5, 2008 at 4:56 PM  

ആശംസകള്‍.

ഫസല്‍ ബിനാലി.. September 5, 2008 at 6:30 PM  

സുഖജീവിതമാശംസിക്കുന്നു...

PIN September 5, 2008 at 11:10 PM  

വിവാഹവാർഷികാശംസകൾ...

വളരെ ആപൂർവ്വം ആളുകൾക്ക്‌ മാത്രമേ ഇതുപോലെ ഭാഗ്യം സിദ്ധിക്കാറുള്ളൂ.പലർക്കും നിങ്ങളുടെ ജീവിതം ഒരു പ്രചോദനം ആകട്ടെ എന്നും ആശംസിക്കുന്നു...

മീനു September 5, 2008 at 11:54 PM  

ബിന്ദൂ,ഹൊ,ഇതൊരു സിനിമയാണല്ലോ മാഷേ..100 ദിവസം ഓടുന്ന ഹിറ്റ് ചിത്രം..ലളിതം,കേമം..ലൊക്കേഷനും അധികമില്ല.പടമായാല്‍ ഇങനെ വേണം.വിവരമുള്ള നിര്‍മ്മാതാക്കളെ..ഇതാ ഒരു നല്ല കഥ..സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യട്ടേ..
ഉണ്ണിക്കും ബിന്ദുക്കുട്ടിക്കും എല്ലാ പ്രാര്‍ത്ഥനകളും..

ശ്രീവല്ലഭന്‍. September 6, 2008 at 12:42 AM  

വിവാഹ വാര്‍ഷികാശംസകള്‍! :-)

siva // ശിവ September 6, 2008 at 6:19 AM  

സുന്ദരമായ സ്നേഹം നിറഞ്ഞ ഒരു ജീവിതകാലം ആശംസിക്കുന്നു..

Bindhu Unny September 6, 2008 at 10:41 AM  

സു: നന്ദി. പിറന്നാളും വാര്‍ഷികവും ഒന്നും ലീവെടുത്താഘോഷിക്കുന്ന പതിവില്ല. (കല്യാണത്തിന് മൂന്നര ദിവസം ലീവെടുത്ത ആളാണ് ഉണ്ണി). ഇതിന് മുന്‍പ് കറങ്ങിത്തിരിഞ്ഞതൊക്കെ എഴുതാന്‍ ബാക്കിയുണ്ട്. അതൊക്കെ എഴുതാം ആദ്യം.
പിന്നെ, ഐസ്കീം ഞാന്‍ ഇന്നലെത്തന്നെ അയച്ചിരുന്നു, ഓണ്‍ലൈനായി. കിട്ടിക്കാണുമല്ലോ
:-)
ബിന്ദു, നൊമാദ്: നന്ദി :-)
ശ്രീ: നന്ദി. ഭക്ഷണക്കാര്യത്തില്‍ രണ്ടാളും ഇതുവരെ മാറീട്ടില്ല. ഇനിയൊട്ട് മാറുമെന്നും തോന്നുന്നില്ല. തിരിച്ചും ഓണാശംസകള്‍ :-)
നജൂസ്: നന്ദി :-)
അരുണ്‍: ആശംസകള്‍ക്കും പാട്ടിനും നന്ദി. പക്ഷെ ഉണ്ണിക്കിഷ്ടം “മധുരം ജീവാമൃതബിന്ദു ...” എന്ന പാട്ടാ. നന്നായി പാ‍ടുമെന്ന് വിശ്വസിക്കുന്നതിനാല്‍ അതൂടെ ഒന്ന് പാടിയേക്ക് :-)
ഇട്ടിമാളൂ: നന്ദി :-)
കൊച്ചുത്രേസേ: നന്ദി. സൈറ്റ് അഡ്രസ്സ് തരാം.www.jeevansathi.com. ഉണ്ണീടെ റെസ്പോണ്‍സ് വന്ന് രണ്ടുദിവസം കഴിഞ്ഞപ്പോത്തന്നെ Profile ഡിലീറ്റിയല്ലോ :-)
സ്മിത, അനില്‍@ബ്ലൊഗ്, ഫസല്‍, PIN: നന്ദി :-)
സുഭദ്ര: ശരിയാ, സിനിമയാക്കാം. ഒരു റൊമാന്റിക്ക് സിനിമ. :-) ആശംസകള്‍ക്ക് നന്ദി
ശ്രീവല്ലഭന്‍, ശിവ: നന്ദി :-)

കണ്ണൂരാന്‍ - KANNURAN September 6, 2008 at 12:35 PM  

വൈകിയാണെത്തിയത്, ആശംസകൾ..

Typist | എഴുത്തുകാരി September 6, 2008 at 2:17 PM  

ഞാന്‍ ഇത്തിരി വൈകിപ്പോയി അല്ലേ?
ആശംസകള്‍. സുഖമായ സന്തോഷമായ ജീവിതത്തിനു്.

ജിവി/JiVi September 6, 2008 at 3:06 PM  

ഇതു വായിച്ചിട്ട് കമന്റെഴുതാതെ പോകുന്നതെങ്ങനെ?

ബിന്ദു മീനും കൂട്ടി ചോറും ഉണ്ണി ഇഡ്ഡലിയും സാമ്പാറുമായി അങ്ങ് സുന്ദരമായി പോയാട്ടെ...

കുറ്റ്യാടിക്കാരന്‍|Suhair September 6, 2008 at 3:10 PM  

വിവാഹ വാര്‍ഷികാശംസകള്‍!

ഷാനവാസ് കൊനാരത്ത് September 7, 2008 at 7:03 PM  

ഗാലിബ് എഴുതിയിട്ടുണ്ട് : '' ഒരു തുള്ളിയില്‍ സാഗരം സമഗ്രമായി കാണാന്‍ കഴിയുന്നില്ലെങ്കില്‍ ആ കണ്ണുകള്‍‌ കുട്ടികളുടെ കളിപ്പാട്ടമാണ്;കാണാനുള്ള അവയവമല്ല...''
എല്ലാ നന്മകളും നേരുന്നു.

ദീര്‍ഘ സുമംഗലീ ഭവഃ

Bindhu Unny September 9, 2008 at 8:47 PM  

കണ്ണൂരാന്‍, എഴുത്തുകാരീ: നന്ദി, വൈകിയാണെങ്കിലും :-)
ജിവി: കമന്റെഴുതി പോയതിന് നന്ദി. ആശംസകള്‍ക്കും :-)
കുറ്റ്യാടിക്കാരാ, ഷാന‌വാസ്: നന്ദി :-)

Kichu $ Chinnu | കിച്ചു $ ചിന്നു September 11, 2008 at 12:45 PM  

അമ്മച്ച്യോ! കലക്കന്‍ കഥ, സോറി അനുഭവം...
രണ്ടു പേര്‍ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ .. ഞങ്ങടെ വക

ഒരു ഹാപ്പി ഓണം കൂടി ഇരിക്കട്ടെ...

വിജയലക്ഷ്മി September 14, 2008 at 10:08 PM  

"vivahavarshekasamsakalmolu"yennum sughasandhosham niranjathavate jeevithamennu dheivathodu prarthikunnu.

The one who has loved and lost September 18, 2008 at 12:06 AM  

ho cinema katha pole..:-)
vaikiyaanenkilum..anniversary wishes!!

Unknown September 19, 2008 at 11:42 PM  

ആശംസകള്‍..

Bindhu Unny September 20, 2008 at 11:52 AM  

കിച്ചു $ ചിന്നു, കല്യാണി, the layman, മുരളിക: പോസ്റ്റ് വായിച്ചതിനും ആശംസകള്‍ക്കും നന്ദി. :-)

അരുണ്‍ കരിമുട്ടം September 22, 2008 at 11:47 AM  

വളരെയധികം വൈകിപോയി,എന്നാലും മനസ്സില്‍ നിന്നു നേരുന്നു:
ഇനിയുള്ള ജീവിതത്തിനും എല്ലാവിധ ആശംസകള്‍

മുസാഫിര്‍ September 22, 2008 at 12:46 PM  

വൈകിയിട്ടാണെങ്കിലും ആശംസകള്‍ !പീന്നെ ഇഡ്ഡലിയും മീന്‍ ചാറും നല്ല കോമ്പിനേഷനാണു.

രസികന്‍ September 22, 2008 at 5:31 PM  

വൈകിയെത്തിയ രസികനും നേരുന്നു ആശംസകൾ
ഒരുപാടൊരുപാട് സ്നേഹ വാർഷികങ്ങൾ കഴിയട്ടെ എന്നാശംസിക്കുന്നു.

Arun Meethale Chirakkal September 23, 2008 at 5:47 PM  

അതേ, അടുത്ത പോസ്ററിടാന്‍ സമയമായി...

Bindhu Unny September 24, 2008 at 9:44 AM  

അരുണ്‍, മുസാഫിര്‍, രസികന്‍: വൈകിയെത്തിയ ആശംസകള്‍ക്ക് അധികം വൈകാതെ നന്ദി പറയുന്നു. :-)

Arun: അടിയന്‍!
അടുത്ത പോസ്റ്റിട്ടു. പക്ഷെ ഇവിടെയാണെന്നുമാത്രം - http://colouredcanvas.blogspot.com/2008/09/recruiting-hounds.html
:-)

പാത്തക്കന്‍ September 24, 2008 at 12:33 PM  

മംഗളം നേരുന്നു ഞാന്‍ ..

അനില്‍ വേങ്കോട്‌ September 24, 2008 at 3:44 PM  

please write stories,,, seriously
Take it as seriously

Bindhu Unny September 26, 2008 at 10:05 PM  

പാത്തക്കന്‍: നന്ദി :-)
അനില്‍: Stories? me? :-)

നിരക്ഷരൻ October 2, 2008 at 12:24 AM  

പലതരം വിവാഹകഥകള്‍ വായിച്ചു ഈ ബൂലോകത്ത് വന്നതില്‍പ്പിന്നെ. ഒന്നാം സമ്മാനം ഇതിനുതന്നെ. വേറിട്ട് നില്‍ക്കുന്നു ഇത്. വ്യക്തിത്ത്വവും വേറിട്ടു നില്‍ക്കുന്നു. എല്ലാ ആശംസകളും നേരുന്നു.

ദീര്‍ഘസുമംഗലീ ഭവഃ

Anoop Technologist (അനൂപ് തിരുവല്ല) October 2, 2008 at 8:32 AM  

വിവാഹ വാര്‍ഷികാശംസകള്‍

Bindhu Unny October 4, 2008 at 10:02 PM  

നിരക്ഷരന്‍, അനൂപ്: നന്ദി :-)

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP