ഡാഫീന്‍ ഡു മോരിയറിന്റെ റെബേക്ക
മുന്മൊഴി
ഇഞ്ചിപ്പെണ്ണിന്റെ ഇവന്റ് അനൌണ്‍സ്മെന്റ് വായിച്ചപ്പൊ ആദ്യം മനസ്സിലേക്ക് ഓടിക്കയറി വന്നത് ഡാഫീന്‍ ഡു മോരിയര്‍ എന്ന ബ്രിട്ടീഷ് എഴുത്തുകാരിയുടെ റെബേക്ക എന്ന നോവലാണ്. എങ്കില്‍പ്പിന്നെ, അതു തന്നെ ഇരിക്കട്ടെ സ്ത്രീ എഴുത്തുകാരെക്കുറിച്ച് എഴുതാനുള്ള ഇവന്റിലേയ്ക്ക് എന്റെ സംഭാവന (മഹത്തായതൊന്നുമല്ല, എളിയതു തന്നെ). മറ്റു പലരുടെയും പോസ്റ്റുകളൊക്കെ വായിച്ചു. ഞെട്ടി. എന്റീശ്വരാ, ഒരു ബുക്ക് വായിച്ചാല്‍ ഇത്രയൊക്കെ തല പുകയ്ക്കണോന്ന് ആലോചിച്ച് എന്റെ തല പുകഞ്ഞു. പിന്നെ, അവര്‍ക്കൊക്കെ ഈ അഭിപ്രായമെല്ലാം തല പുകയ്ക്കാതെ സ്വാഭാവികമായി തലയില്‍ ഉദിക്കുന്നതാവും എന്നു വിചാരിച്ചു സമാധാനിച്ചു. ലേശം അസൂയ തോന്നാതിരുന്നില്ല. അതുകൊണ്ട്, ഇത് ഡു മോരിയറിന്റെ എഴുത്തിനെക്കുറിച്ചുള്ള എന്റെ പഠനമൊന്നുമല്ല.
റെബേക്ക
കോളേജില്‍ പഠിക്കുമ്പോഴാണ് ഒരു കൂട്ടുകാരി "റെബേക്ക"യെന്ന നോവലിനെക്കുറിച്ച് പറഞ്ഞത്. അവള്‍ക്കീ ബുക്ക് വളരെ ഇഷ്ടമായിരുന്നു. ഞാനിതു വായിച്ചത് മൂന്നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് മാത്രം. എനിക്കും ഇഷ്ടമായി. ഇതിലെ അനാഥയായ നായികയോട് ഒരടുപ്പം കൂടി തോന്നിപ്പോയി.
നായിക സ്വന്തം കഥ പറയുകയാണു റെബേക്കയില്‍. എന്നാല്‍, ഒരിക്കല്‍ പോലും അവളുടെ പേരു പറയുന്നില്ല.ഒരു സാധാരണ കഥ വളരെ മനോഹരമായി ചിത്രീകരിച്ചതുകൊണ്ടാണു എനിക്കിതിഷ്ടമായത്. നായികയുടെ ആകാംക്ഷകളും, ആശങ്കകളും, മറ്റു മനോവ്യാപാരങ്ങളും, ഡു മോരിയര്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.
ഒരു ധനികസ്ത്രീയുടെ ഔദാര്യത്തില്‍ ജീവിക്കുന്ന നായിക, ധനികനായ, ഭാര്യ മരിച്ച മാക്സ് എന്നയാളെ വിവാഹം കഴിക്കുന്നു. ഭര്‍ത്താവിന്റെ വീട്ടിലെത്തുമ്പോള്‍ അവിടെ മുന്‍ഭാര്യയായ റെബേക്കയുടെ ശക്തമായ സ്വാധീനം അവള്‍ക്കു തോന്നുന്നു. വീട്ടുജോലിക്കാരും, പ്രത്യേകിച്ച് വീട് മേല്‍നോട്ടക്കാരിയായ മിസ്സിസ്സ് ഡാന്‍വേര്‍സും, അവളെ റെബേക്കയുമായി താരതമ്യം ചെയ്യുന്നതുപോലെയും തോന്നുന്നു. റെബേക്കയോട് കൂറുപുലര്‍ത്തിയിരുന്ന മിസ്സിസ്സ് ഡാന്‍വേര്‍സ്, അവളെ തെറ്റിദ്ധരിപ്പിച്ച് ചില അബദ്ധങ്ങളില്‍ കൊണ്ടു ചാടിക്കുകയും, അവളെ വിവാഹം കഴിക്കേണ്ടിയിരുന്നില്ല എന്നു മാക്സിനു തോന്നുന്നതായി വിശ്വസിപ്പിക്കുകയും ചെയ്യുന്നു. പിന്നെ, പുതിയ ചില സംഭവങ്ങള്‍ കഥയെ മറ്റൊരു വഴിക്കു തിരിക്കുകയും, മാക്സും അവളും സന്തോഷമായി (അങ്ങനെ വിചാരിക്കാനാണെനിക്കിഷ്ടം, കഥയില്‍ ഇതു പ്രത്യേകം എടുത്തു പറയുന്നില്ലെങ്കിലും) ജീവിക്കുകയും ചെയ്യുന്നു.
റെബേക്ക വായിക്കാന്‍ ഉദ്ദേശിക്കുന്നവരെ ഓര്‍ത്ത് കഥ വിശദീകരിക്കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ ഈ ബുക്കിനേക്കുറിച്ച് അറിയണമെങ്കില്‍, ഇതാ വിക്കിയിലേക്കുള്ള ലിങ്ക്: http://en.wikipedia.org/wiki/Rebecca_(novel)
വിക്കിയില്‍ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങള്‍: റെബേക്ക വേറെ ചില ബുക്കുകള്‍ക്ക് പ്രചോദനമായിട്ടുണ്ടത്രെ. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിക്കാര്‍ ഈ ബുക്ക് ഒരു കോഡ് സോഴ്സ് ആക്കിയിരുന്നു, പക്ഷെ ആ കോഡ് എവിടെയും ഉപയോഗിച്ചിട്ടില്ല. ഇതിനെ ആധാരമാക്കി, കെന്‍ ഫോളറ്റ് "ദ് കീ റ്റു റെബേക്ക" എന്ന ത്രില്ലര്‍ എഴുതി (ഇതു ഞാന്‍ വായിച്ചിട്ടുണ്ട്). ഡു മോരിയര്‍ റെബേക്കയുടെ തീം മോഷ്ടിച്ചതാണെന്നും എഴുതിയിട്ടുണ്ട് വിക്കിയില്‍.
1 comments:
ബ്ലോഗ് ഇവന്റ് കാരണം പുതിയ ബ്ലോഗ് തുടങ്ങുന്നു എന്ന് പറയുന്നത് എനിക്ക് ലോട്ടറി അടിച്ച പോലെ സന്തോഷമാണ്. ബ്ലോഗ് ഇവന്റിനും പുതിയ ബ്ലോഗിനും ഇതുപോലെ ഒരു പോസ്റ്റിനും വളരെ വളരെ നന്ദി. കൂടുതല്‍ പേര്‍ ബ്ലോഗിങ്ങിലേക്ക് ഇങ്ങിനെ കടന്നു വരുന്നതില്‍ ഐ ആം ദ ഹാപ്പി! :)
Post a Comment