Saturday, June 14, 2008

2005 ജൂലൈ 26 – മുംബൈ വെള്ളപ്പൊക്കം

(ഡി.സി. ബുക്ക്സിന്റെ “മഴക്കാലം” എന്ന സമാഹാരത്തില്‍ പ്രസിദ്ധീകരിച്ചത്.) 
 
കഴിഞ്ഞ കുറേ ദിവസങ്ങളായി മുംബൈയില്‍ മഴ തകര്‍ത്ത് പെയ്യുകയാണ്. മഴക്കാലമായാല്‍ ഇവിടെ എല്ലാവര്‍ക്കും പേടിയാണ്. പ്രത്യേകിച്ച്, 2005 ജൂലൈയിലെ വെള്ളപ്പൊക്കത്തിന് ശേഷം. ഞാന്‍ മുംബൈവാസിയായിട്ട് ഏഴെട്ട് മാസമേ ആയിട്ടുള്ളു അന്ന്. വായിച്ചും പറഞ്ഞും കേട്ടതനുസരിച്ച് വഴീലൊക്കെ വെള്ളം കേറുമെന്നറിയാമായിരുന്നു. നിര്‍ത്താതെ മഴ പെയ്തോണ്ടിരുന്നതുകൊണ്ട് ആ ദിവസം (ജൂലൈ 26) നാലര ആയപ്പോ ഓഫീസീന്നിറങ്ങി. അന്ന് ചെംബൂരായിരുന്നു താമസം. ആ ഭാഗത്ത് താമസിക്കുന്ന ഒരാളുടെ കാറില്‍ ഞാനും വേറെ രണ്ട് പെണ്‍കുട്ടികളും കൂടി പുറപ്പെട്ടു. ട്രാഫിക്ക് ബ്ലോക്ക് കാരണം പ്രഭാദേവിയില്‍ നിന്ന് ദാദര്‍ വരെയെത്താന്‍ രണ്ട് മണിക്കൂറെടുത്തു. പിന്നെയൊട്ട് മുന്നോട്ട് പോവാനും പറ്റിയില്ല. റോഡിലൊക്കെ വെള്ളം. എട്ടര വരെ അവിടെത്തന്നെ. മൈഗ്രേന്‍ കാരണം ഞാനന്നുച്ചയ്ക്ക് കാര്യമായൊന്നും കഴിച്ചില്ലായിരുന്നു. നന്നായിട്ട് വിശക്കുന്നുമുണ്ട്, ഛര്‍ദ്ദിക്കുമോന്ന് പേടിച്ച് ഒന്നും കഴിക്കാനും തോന്നിയില്ല.

ഇതിനിടയ്ക്ക്, ഉണ്ണി ബാന്ദ്രയില്‍ നിന്ന് നടന്ന് മൂന്നാല് മണിക്കൂറുകൊണ്ട് വീടെത്തി. ഭാഗ്യത്തിന്, കുറേ ശ്രമിച്ചതിനുശേഷമാണെങ്കിലും മൊബൈലില്‍ ലൈന്‍ കിട്ടുന്നുണ്ടായിരുന്നു. വഴീലൊക്കെ ഭയങ്കര വെള്ളമാണ്, തിരിച്ച് ഓഫീസിലേയ്ക്ക് പൊയ്ക്കോളാന്‍ എന്നോട് പറഞ്ഞു. എന്റെ സ്വതവേയുള്ള വാശി കാരണം എങ്ങനെയെങ്കിലും ഞാന്‍ വീട്ടില്‍ പോകും എന്ന് തീരുമാനിച്ചു. ആറടി പൊക്കമുള്ള ഉണ്ണീടെ നെഞ്ചുവരെ ചില സ്ഥലത്ത് വെള്ളമുണ്ടെന്ന് പറഞ്ഞിട്ടും ഞാന്‍ പിന്മാറിയില്ല.

അവസാ‍നം ഞങ്ങള്‍ മൂന്ന് പെണ്‍പിള്ളേരുംകൂടി നടന്നുപോവാന്‍ തീരുമാനിച്ചു. കാറിന്റെ ഉടമസ്ഥന് കാറ് ഉപേക്ഷിച്ചിട്ട് വരാന്‍ പറ്റില്ല. അതുകൊണ്ട് പുള്ളിക്ക് ഒരു ബോട്ടില്‍ വെള്ളവും ഒരു പായ്ക്കറ്റ് ചിപ്സും വാങ്ങിക്കൊടുത്തിട്ട് ഞാനും, ദീപ്തിയും, അപര്‍ണ്ണയും കൂടെ നടക്കാന്‍ തുടങ്ങി. (പിന്നീടറിഞ്ഞു, പുള്ളി എങ്ങനെയോ കാറ് തിരിച്ച് ഓഫീസിലേയ്ക്ക് തന്നെ പോയി.) ഞങ്ങടെ വിചാ‍രം കുറച്ചങ്ങോട്ട് ചെന്നാല്‍ ബ്ലോക്കൊന്നുമില്ല, വേഗം പോകാമെന്നായിരുന്നു. പിന്നെയല്ലേ വിവരമറിഞ്ഞത് – ദാദര്‍ തിലക് ബ്രിഡ്ജ് കഴിഞ്ഞതും മുട്ടുവരെ വെള്ളം. റോഡിലും ഫുട്ട്പാത്തിലുമൊക്കെ കാറുകളും മറ്റും പാര്‍ക്ക് ചെയ്തിരിക്കുന്നു. ധാരാളം ആള്‍ക്കാര്‍ നടന്നുപോകുന്നു. മുന്നോട്ട് വച്ച കാല് പുറകോട്ടില്ലാന്ന് പറഞ്ഞ് ഞങ്ങള്‍ മൂന്നും കയ്യും പിടിച്ച് ആ വെള്ളത്തിലേയ്ക്കിറങ്ങി. ഇതിനിടയ്ക്ക് നാട്ടില്‍ വിളിച്ച് വിവരം പറഞ്ഞു. ടീവീലും മറ്റും വാര്‍ത്ത കണ്ടിട്ട് അവര്‍ ടെന്‍ഷനാവണ്ടാന്ന് കരുതി. പിന്നെ, അവര്‍ പ്രാര്‍‌ത്ഥിച്ചോട്ടേന്നും ഉള്ളില്‍ കരുതി.

കുറെക്കഴിഞ്ഞപ്പോ വെള്ളം അരയ്ക്ക് മുകളിലെത്തി. ആകെ നനഞ്ഞാല്‍ കുളിരില്ലാന്ന മട്ടില്‍ ഞങ്ങള്‍ മുന്നോട്ട് തന്നെ. മാട്ടുംഗ എത്തിയപ്പോള്‍ ദീപ്തിയുടെ അമ്മ വിളിച്ചിട്ട് സയണിലുള്ള ഒരു കുടുംബസുഹൃത്തിന്റെ വീട്ടില്‍ പോവാനും, അവരെ വിളിച്ചറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. ദീപ്തിയുടെ വീട് ചെമ്പൂര് നിന്നും കുറെ അകലെ കോപര്‍ കൈര്‍‌നെ എന്ന സ്ഥലത്താണ്. ആദ്യം ദീപ്തി എന്റെ വീട്ടില്‍ തങ്ങാമെന്നായിരുന്നു കരുതിയത്. ഞാന്‍ ഉണ്ണിയെ വിളിച്ച് ചോറ് അധികം വയ്ക്കാനും പറഞ്ഞു. ഞാ‍നും അപര്‍ണ്ണയും എന്തായാലും സ്വന്തം വീട്ടിലേ അന്ന് അന്തിയുറങ്ങൂ എന്ന് വീണ്ടും ഉറപ്പിച്ച് പറഞ്ഞു. പിന്നേം വലിഞ്ഞ് വലിഞ്ഞ് നടന്ന് സയണില്‍ ദീപ്തിക്ക് പോവേണ്ട വഴിയെത്തി. അപ്പോഴേയ്ക്കും സമയം 11. വഴീലുള്ള ചിലരുടെ ഭാവവും കമന്റുകളും അത്ര പന്തിയായി തോന്നാതിരുന്നതുകൊണ്ട് ദീപ്തിയുടെ കൂടെ പോയാലോന്ന് എനിക്കും അപര്‍ണ്ണയ്ക്കും തോന്നിത്തുടങ്ങി. എനിക്കാണേല്‍ തല വെട്ടിപ്പൊളിക്കുന്ന പോലത്തെ വേദനയും. പണ്ടെപ്പഴോ പോയി മാത്രം പരിചയമുള്ള സ്ഥലത്തേയ്ക്ക് തനിച്ച് പോവാന്‍ ദീപ്തിക്കും അത്ര ധൈര്യം പോരാ.

അവസാനം മൂന്ന് പേരും ആ വീട്ടിലേയ്ക്ക് തന്നെ പോവാന്‍ തീരുമാനിച്ചു. പക്ഷേ, ഒരു പരിചയവുമില്ലാത്ത രണ്ടുപേര്‍ പാതിരാത്രിയില്‍ കയറിച്ചെന്നാല്‍ അവരെന്ത് വിചാരിക്കും? ഉടനെ ദീപ്തി അവരെ വിളിച്ച് ചോദിച്ചു. അവര്‍ക്ക് പൂര്‍ണ്ണസമ്മതം. ഇനി അവിടെ എത്തിപ്പെടേണ്ടെ? ഇത്രനേരം ഹൈവേയിലായിരുന്നത് കാരണം, റോഡില്‍ നിറയെ ആളുകളുണ്ടായിരുന്നു. ഇനീ പോവേണ്ടത് മിക്കവാറും വിജനമാ‍യ വഴികളിലൂടെയാണ്. എന്റെ കയ്യിലുണ്ടായിരുന്ന ഒരു ചെറിയ ടോര്‍ച്ചും തെളിച്ച് ഞങ്ങള്‍ പിന്നേം നടക്കാന്‍ തുടങ്ങി. അതും ഒരൂഹം വെച്ച്. ആദ്യത്തെ ഒരരമണിക്കൂര്‍ വെള്ളമില്ലാത്ത വഴികളായിരുന്നു. എന്നാല്‍ ഈ വീട് അടുക്കാറായപ്പോ വീണ്ടും മുട്ടറ്റം വെള്ളം. ഒരുവിധത്തില്‍ തപ്പിപ്പിടിച്ച് ആ അപ്പാര്‍ട്ട്‌മെന്റ് കോം‌പ്ലക്സിനകത്ത് കയറി. അവിടെ കുറെ കെട്ടിടങ്ങളുണ്ട്. താഴത്തെ നിലയില്‍ വെള്ളം കയറിയിട്ടുണ്ട്. പവറും ഇല്ല. ഞങ്ങള്‍ക്ക് പോവണ്ടത് നാലാമത്തെ നിലയിലും. ഏത് കെട്ടിടത്തിലാണ് പോവണ്ടതെന്ന് കണ്‍ഫൂഷ്യനും ആയി. വിളിച്ചു ചോദിക്കാനാണേല്‍ ലൈന്‍ കിട്ടുന്നുമില്ല. രണ്ടും കല്‍പ്പിച്ച് പടികേറി, ഒരു വീട്ടില്‍ തട്ടിവിളിച്ചു. അവര്‍ ചീത്ത വിളിച്ചില്ലന്നെയുള്ളൂ. അവരെ കുറ്റം പറയാന്‍ പറ്റില്ല. പാതിരാത്രി, അതും പവറില്ലാത്തപ്പോ ആരെങ്കിലും കതകിന് തട്ടിയാല്‍ പിന്നെ ദേഷ്യം വരാതിരിക്കുമോ? ഞങ്ങടെ വിഷമം ഞങ്ങള്‍ക്കല്ലേ അറിയൂ. ദേഷ്യോം സങ്കടോം ഒക്കെക്കൊണ്ട് അവരെ പതുക്കെ കുറെ ചീത്തയും വിളിച്ച്, പിന്നെയും ഫോണ്‍ ചെയ്ത് നോക്കി. ഭാഗ്യം, ലൈന്‍ കിട്ടി. ഞങ്ങള്‍ കയറിയതിന്റെ നേരെ എതിര്‍വശത്തുള്ള കെട്ടിടത്തിലായിരുന്നു പോവേണ്ടിയിരുന്നത്. പടിയിറങ്ങി, കേറി, അവസാനം ലക്ഷ്യസ്ഥാനത്തെത്തി.

ആ വീട്ടില്‍ വെളിച്ചവുമില്ല, വെള്ളവുമില്ല. ഞങ്ങളാകട്ടെ, സങ്കല്പിക്കാവുന്നതിനുമപ്പുറം എന്തൊക്കെയോ കലര്‍ന്ന വെള്ളത്തില്‍ നനഞ്ഞ് കുതിര്‍ന്ന് വന്നവര്‍. ആ വീട്ടില്‍ അപ്പോള്‍ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടത്തെ കുട്ടിയും ഓഫീസീന്ന് എത്തിയിട്ടുണ്ടായിരുന്നില്ല. അതിനെ കൂട്ടിക്കൊണ്ടുവരാന്‍ പോയിരിക്കുന്നു അച്ഛന്‍. ആ അമ്മ പിടിച്ചുവച്ചിരുന്ന വെളളം പിശുക്കി ഉപയോഗിച്ച് ഞങ്ങള്‍ കുളിച്ചെന്ന് വരുത്തി. ഇടാന്‍ അവിടത്തെ കുട്ടിയുടെ സല്‍‌വാര്‍-കമീസും, കഴിക്കാന്‍ ചൂട് ആലു-പറാത്തയും കിട്ടി. പിന്നെ ഉറങ്ങാന്‍ കട്ടിലും, മെത്തയും, പുതപ്പും. മൈഗ്രേന്‍ കാരണം, ഞാന്‍ മാത്രം ഛര്‍ദ്ദിച്ചതല്ലാതെ ഒന്നും കഴിച്ചില്ല. എല്ലാരും അവരവരുടെ വീട്ടുകാരെ വിളിച്ചറിയിച്ചു. ഒരു ഗുളിക കഴിച്ച്, ടൈഗര്‍ ബാമും വാരിത്തേച്ച് ഞാന്‍ വേഗം കിടന്നു, അവിടുത്തെ കുട്ടി വരാന്‍ പോലും കാ‍ക്കാതെ.

പിറ്റേന്ന് ജൂലൈ 27. എന്റെ ജന്മദിനം. ഭാഗ്യം, തലവേദന മാറി. ഇനി വീടെത്തണ്ടേ? തലേന്നത്തെ നനഞ്ഞ ഉടുപ്പും ഇട്ട്, ചൂട് ആലു-പറാത്തയും കഴിച്ച് ഞാനും അപര്‍ണ്ണയും ഇറങ്ങി. ദീപ്തി വെള്ളമൊക്കെ ഇറങ്ങീട്ട് പതുക്കയേ വരുന്നുള്ളൂന്ന് പറഞ്ഞു. (അത് മണ്ടത്തരമായീന്ന് പിന്നീടവള്‍ പറഞ്ഞു. ഉച്ചതിരിഞ്ഞ് കൂട്ടില്ലാതെ തനിച്ച് നടന്ന് വളരെ ബുദ്ധിമുട്ടിയത്രെ.) വെള്ളം കുറെയൊക്കെ ഇറങ്ങിയെങ്കിലും, പിന്നെയും മുട്ടൊപ്പവും, അരയ്ക്കൊപ്പവും ഒക്കെ വെള്ളത്തിലൂടെ നടക്കേണ്ടിവന്നു. റോഡ് നിറയെ ആളുകള്‍. എങ്ങനെയും വീടെത്താന്‍ കഷ്ടപ്പെട്ട് നടക്കുന്നവര്‍. വയസ്സാ‍യവരും, ചെറുപ്പക്കാരും, പണക്കാ‍രും, പാവപ്പെട്ടവരും, എല്ലാം. വെള്ളമില്ലാത്തിടത്തൊക്കെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. ചിലരൊക്കെ അതിനുള്ളില്‍ത്തന്നെ ഇരിക്കുന്നു, വെള്ളമിറങ്ങുന്നതും കാത്ത്.

വീട്ടില്‍നിന്ന് രണ്ടുമൂന്നു കിലോമീറ്റര്‍ ഇപ്പുറത്ത് ഉണ്ണി കാത്ത് നില്‍പ്പുണ്ടായിരുന്നു. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ അപര്‍ണ്ണ വേറെ വഴിക്ക് പിരിഞ്ഞു. ഞാന്‍ ഉച്ചയോടെ വീട്ടിലെത്തി. നല്ലകാലത്തിന് ആ പരിസരത്തൊന്നും വെള്ളം കയറിയിട്ടില്ല. ധാരാളം ഡെറ്റോള്‍ ഒഴിച്ച വെള്ളത്തില്‍ ഞാന്‍ മതിയാവോളം കുളിച്ചു. നാട്ടില്‍ വിളിച്ച് വീടെത്തിയ കാര്യം അറിയിച്ചു.


ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേ (സയണ്‍) - ഞാനന്ന് നടന്ന വഴി (ആരെടുത്ത ഫോട്ടോ ആണെന്നറിയില്ല, എന്റെ മെയിലില്‍ വന്നതാണ്)

പിന്നെയാണ് ഈ വെള്ളപ്പൊക്കത്തിന്റെ ഭീകരത ശരിക്ക് മനസ്സിലായത്. ഞങ്ങള്‍ രാത്രി നടന്ന് വീടെത്താന്‍ ശ്രമിച്ചത് അതിസാഹസികതയായിരുന്നെന്നും. അങ്ങനെ നടന്ന പലരും ഒരിക്കലും വീടെത്തിയില്ല. ശവം പോലും കിട്ടിയില്ല. ഗട്ടറില്‍ വീണ് കടലിലേയ്ക്ക് ഒഴുകിപ്പോയവര്‍, ഷോക്കേറ്റ് മരിച്ചവര്‍, അങ്ങനെ എത്ര പേര്‍. കാറുകളും, ബസ്സുകളും വെള്ളത്തില്‍ മുങ്ങി മരിച്ചവര്‍ വേറെ. ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും വെള്ളത്തില്‍ മുങ്ങിപ്പോയ ഒരുപാട് പേര്‍. എന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരാളുടെ വീട് മുഴുവന്‍ വെള്ളത്തിലായി. ആ ഭാഗത്ത് (ബദ്‌ലാപ്പൂര്‍) രണ്ടാമത്തെ നില വരെ വെള്ളം കയറിയത്രെ. രണ്ടു മാസത്തോളം മറ്റൊരാളുടെ വീട്ടില്‍ അവര്‍ക്കെല്ലാര്‍ക്കും താമസിക്കേണ്ടിവന്നു. കടം വാങ്ങിയ വസ്ത്രങ്ങളും, സര്‍ക്കാര്‍ വിതരണം ചെയ്ത അരിയും, പരിപ്പും ആയി എത്രയോ ദിവസങ്ങള്‍. വെള്ളവും വൈദ്യുതിയുമില്ലാതെ ദിവസങ്ങള്‍ കഴിച്ചുകൂട്ടി പലരും. ഇതെല്ലാം അപ്പാര്‍‌ട്ട്മെന്റ് കോം‌പ്ലെക്സുകളില്‍ താമസിക്കുന്നവരുടെ കാര്യം. ചേരികളിലെ താമസക്കാരുടെ കാര്യം തീര്‍ത്തും കഷ്ടം.

ഇതൊക്കെയുമായി താരതമ്യപ്പെടുത്തുമ്പോള്‍. എനിക്ക് വളരെ സുഖമായിരുന്നു. – വീട്ടിലെത്തുന്നതു വരെയുള്ള ബുദ്ധിമുട്ടൊഴിച്ചാല്‍. (മറ്റ് പലരും ചെയ്ത പോലെ ഓഫീസില്‍ താമസിച്ചിട്ട്, പതുക്കെ വീട്ടില്‍ പോയിരുന്നെങ്കില്‍ അതും ഒഴിവാക്കാമായിരുന്നു.) ഉണ്ണി നടന്നിട്ടാണെങ്കിലും സുഖമായി വീടെത്തി. വെള്ളം, പവര്‍, പാല്‍, പത്രം – ഇതൊന്നിനും ഞാന്‍ താമസിച്ചിരുന്നിടത്ത് ഒരു മുടക്കവും വന്നില്ല. വീടിന്റെ പരിസരങ്ങളില്‍ വെള്ളം കയറി ബുദ്ധിമുട്ടിയില്ല. ഇപ്പോഴും ഇതൊക്കെ ഓര്‍ത്തിട്ട് ഇടയ്ക്കൊക്കെ ദൈവത്തിന് നന്ദി പറയാറുണ്ട്. അന്നു താമസിച്ച ആ പഞ്ചാബികുടുംബവുമായി പിന്നീടൊരിക്കലും ഒരു സമ്പര്‍ക്കവും ഉണ്ടായിട്ടില്ല. എങ്കിലും എന്നും കടപ്പെട്ടിരിക്കുന്നു അവരോട്. ദീപ്തിയും അപര്‍ണ്ണയും ഓരോ വഴിക്ക് പോയി. അവരും ഇതൊക്കെ ഓര്‍ക്കുന്നുണ്ടാവും. എങ്ങനെ മറക്കാന്‍!



അങ്ങനെ രണ്ട് മഴക്കാലമുള്ള നാട്ടില്‍ ജനിച്ചുവളര്‍ന്ന ഞാനിപ്പോ മഴക്കാലത്തെ പേടിക്കുന്നു (ചെറുതായിട്ട്).

10 comments:

ഫസല്‍ ബിനാലി.. June 14, 2008 at 5:25 PM  

ഇതിനും രണ്ട് വര്‍ഷം മുമ്പത്തെ ഒരു വെള്ളപ്പൊക്കത്തില്‍ ഞാന്‍ മുംബെയില്‍ ഉണ്ടായിരുന്നു, അതൊന്നും ഇത്രക്കില്ലട്ടോ..അന്നും ഞങ്ങള്‍ രണ്ടു മൂന്നു സുഹൃത്തുക്കള്‍ സി എസ് ടി മുതല്‍ മാട്ടുംഗ വരെ വെള്ളത്തിലൂടെ നടന്ന് ഓഫീസില്‍ നിന്ന് റൂമിലെത്തിയിരുന്നു. പ്രത്യേകത ഞങ്ങള്‍ റോഡിലൂടെയായിരുന്നില്ല നടന്നു പോന്നത്, മറിച്ച് റെയില്‍വേ ട്രാക്കിലൂടെയായിരുന്നു. ഇത് മുംബൈ സ്ഥ്രിരം കാഴ്ച്ചകള്‍. ഒരു നല്ല മഴ പെയ്താല്‍ വെള്ളപ്പൊക്കം..
അനുഭവം പങ്കു വെച്ചതിന്‍ നന്ദി..
ആശംസകളോടെ

ഹാരിസ് June 14, 2008 at 11:46 PM  

ആ നഗരത്തെ എങ്ങനെ വിശേഷിപ്പിക്കണം എന്നത് ഇന്നുമെനിക്കൊരു സമസ്യയാണ്.അനുഭവിപ്പിക്കാതെ വിടില്ല മനുഷ്യ സഹജവും അല്ലാത്തതുമായ ഒരു വികാരത്തെയും ആ നഗരം.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM June 15, 2008 at 12:43 AM  

നല്ല എഴുത്ത്.
ജൂലൈ 26, 2005 - മുംബൈ വെള്ളപ്പൊക്കത്തെപ്പറ്റിയുള്ള അനുസ്‌മരണം ഒരു പാട് ഓർമ്മകൾ ഉണർത്തി.ഞങ്ങളൂം (ഞാനും, ഭാര്യയും, രണ്ടു മക്കളും, ചേച്ചിയുടെ മകനുമടങ്ങുന്ന സംഘം) അന്നു വെള്ളപ്പൊക്കത്തിൽ‌പ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്നു.പഴകിപ്പോയ സംഭവമെന്ന നിലയിലും, ഒരു പാടു പേർ എഴുതിത്തള്ളിയിട്ടുണ്ടാകുമെന്നു തോന്നിയതിനാലും അതിനെക്കുറിച്ചെഴുതാൻ മുതിർന്നില്ല. ശംഖുപുഷ്പത്തിന്റെ ബ്ലോഗ്ഗ് അതിനെപ്പറ്റിയൊന്നെഴുതിയാലോ എന്നു തോന്നിപ്പിക്കുന്നു. ശ്രമിച്ചുനോക്കട്ടെ. നന്ദി.

Bindhu Unny June 16, 2008 at 5:36 PM  

ഫസല്‍, മുംബൈയില്‍ എല്ലാ മഴക്കാലത്തും വെള്ളം കയറുമല്ലോ. അന്നും സാധാരണ പോലെയേ ഉണ്ടാവൂന്നാണ് എല്ലാരും കരുതിയത്. ഇപ്പോള്‍ എല്ലാരും 'extra careful' ആണ്.
:-)

ഹാരിസ്, വല്യ താത്പര്യമില്ലാതെയാണു
ഞാനും ഉണ്ണിയും ഈ നഗരത്തില്‍ വന്നത്. പക്ഷേ ഇപ്പോള്‍ ഇവിടം വിടാന്‍ മടിയാണ്. :-)

മോഹന്‍, ഓരോരുത്തരുടെയും അനുഭവം വ്യത്യസ്തമായിരിക്കുമല്ലോ. അതുകൊണ്ട് സ്വന്തം അനുഭവം എഴുതുക. ഈ പ്രാവശ്യത്തെ മഴ തുടങ്ങിയപ്പോള്‍ എഴുതാന്‍ തോന്നിയതാണെനിക്ക്.
:-)

ആഷ | Asha June 23, 2008 at 9:30 PM  

ഈയിടയ്ക്ക് മുബൈ വെള്ളപ്പൊക്കത്തെ കുറിച്ച് നാഷണല്‍ ജോഗ്രഫിക്കലില്‍ വന്ന പരിപാടി കണ്ടിരുന്നു. വെള്ളപൊക്കദിവസം വീട്ടിലെത്താന്‍ ശ്രമിക്കുന്ന മൂന്നാല് പേരുടെ കഥകള്‍.
ആ ദിവസങ്ങളില്‍ വീട്ടിലെത്താന്‍ ശ്രമിച്ച പലര്‍ക്കും ഇതേമാതിരി മറക്കാന്‍ സാധിക്കാത്ത അനുഭവങ്ങളാവും ഉണ്ടായിരിക്ക അല്ലേ.
ദൈവത്തിനു സ്തുതി. സുരക്ഷിതമായി വീട്ടിലെത്തിയല്ലോ :)

Bindhu Unny June 24, 2008 at 12:24 PM  

ആഷ: ദൈവം എടുത്ത് വീട്ടിലെത്തിച്ച പോലെയാണ് എനിക്ക് തോന്നിയത്.

പ്രിയംവദ-priyamvada June 24, 2008 at 6:07 PM  

ശംഖുപുഷ്പം...നല്ല പേരു
..നല്ല ബ്ലോഗും
qw_er_ty

Bindhu Unny June 26, 2008 at 1:55 PM  

പ്രിയംവദ, നന്ദി

Unknown August 8, 2008 at 9:55 AM  

Hi Bindhu,

Valarey ishtapettu thankaluday blog. Ente blog sandarshichathinu nandi.

Oru link ente blog http://johnpmathew.blogspot.com inu kodukamo? Njan Bindu-vinte blog inum oru link ente blogil kodukkam.

Snehashamsakal,

John

wes October 13, 2011 at 11:17 AM  

Hi Bindhu ,
Good job Keep it up write more ,
God Bless

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP