Tuesday, August 18, 2009

മൂന്നില്‍ മൂന്നാമത്

ഇന്നലെ റിസള്‍ട്ട് വന്നത് ചിലരെങ്കിലും അറിഞ്ഞുകാണുമല്ലോ. 29 പോയിന്റോടെ ഞങ്ങള്‍ മൂന്നാമതായിപ്പോയി. 4 പോയിന്റിന് ഒന്നാം സ്ഥാനം പോയി. ഇത്തിരി സങ്കടമുണ്ട്. ഈ യാത്ര ചെയ്യാന്‍ പറ്റിയതിന്റെ സന്തോഷം അതിന്റെ മുകളില്‍ നില്‍ക്കുന്നു.

തുടക്കം മുതല്‍ കൂടെ നിന്ന് പ്രോത്സാഹിപ്പിച്ച എല്ലാ ബൂലോകര്‍ക്കും എന്റെയും ഉണ്ണിയുടെയും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.


Great Driving Challenge ഒരു വാര്‍ഷിക പരിപാടി ആക്കാനാണ് തീരുമാനം. Format കുറച്ച് മാറ്റമുണ്ടാവും. ബൂലോകരിലാരെങ്കിലും പങ്കെടുത്താല്‍ ഞങ്ങളുടെ പൂര്‍ണ്ണ പിന്തുണ ഉറപ്പ്.


രണ്ടാഴ്‌ചയ്ക്ക് ശേഷം വീട്ടിലെത്തിയപ്പോള്‍ പിടിപ്പത് പണി – രണ്ടാഴ്‌ചത്തെ വിഴുപ്പലക്കണം, അത്രയും നാളുകൊണ്ട് വീട് സ്വന്തമാ‍ക്കിയ പൊടിയേയും മാറാലയേയും പുറത്താക്കണം, പ്രാവുകള്‍ കയ്യേറിയ ജനല്‍‌പ്പടികള്‍ തിരിച്ചുപിടിക്കണം. പുതിയ കുറേയേറെ പോസ്റ്റുകള്‍ വായിക്കാന്‍ കഴിഞ്ഞിട്ടില്ല. അതും ചെയ്യണം.

അതുകൊണ്ട് തത്കാലം ഞാന്‍ പോയി എന്റെ പണി നോക്കട്ടെ. :-)

Friday, August 7, 2009

മൂന്നിലൊന്നായി, ഇനി ....

മൂന്നു ദിവസത്തെ രസകരമായ ഓഡിഷന് ശേഷം ഞങ്ങള്‍ Great Driving Challenge-ന്റെ ആദ്യത്തെ മൂന്നുപേരിലൊന്നായി. ഇനി 10 ദിവസത്തെ യാത്ര - ഒരു ചുവന്ന Cedia Sports-ല്‍. മഹാരാഷ്ട, കര്‍ണാടക, കേരളം, ഗോവ സംസ്ഥാനങ്ങളിലൂടെ. പുറകെ ഒരു ക്യാമറ ടീമും വരുന്നുണ്ട്. ഞങ്ങള്‍ വല്ല തരികിടയും ചെയ്യുന്നുണ്ടോന്ന് അറിയാനാവും. :-)

ദിവസം മൂന്ന് പ്രാവശ്യം അവര്‍ ഞങ്ങളുടെ യാത്രയുടെ വീഡിയോ അപ്‌ലോഡ് ചെയ്യും. ഇവിടെ കാണാം - http://www.greatdrivingchallenge.com/bloghome.

കൂടാതെ ഞങ്ങളും ബ്ലോഗ് - http://www.greatdrivingchallenge.com/ee/index.php/nomines/blog/unny-bindhu/ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കും. ബൂലോകത്തെ കൂട്ടുകാരെല്ലാം അത് വായിച്ച് കമന്റിടുകയും പിന്നെ മുന്‍പ് പറഞ്ഞ പോലെ ഫോളോവറാവുകയും മറ്റും ചെയ്യണേ. ഇപ്രാവശ്യം ഫാന്‍സും പിന്നെ വോട്ടിങ്ങും വേറെ ഉണ്ടെന്ന് പറയുന്നു. ഇതെല്ലാംകൂടി നോക്കീട്ടാണ് വിജയിയെ കണ്ടെത്തുന്നത്.

മുന്‍പ് ഫോളോവറായവര്‍ വീണ്ടും ആവണ്ട. പക്ഷെ, ഫാനാവാന്‍ വേറെ ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്ന് തോന്നുന്നു. ശരിക്ക് മനസ്സിലായില്ല. ഇപ്പോ പുറപ്പെടുകയാണ്. ഇനി മലയാളം ടൈപ്പ് ചെയ്യാന്‍ പറ്റുമോന്നറിയില്ല.

എല്ലാരുടെയും ആശംസകള്‍ പ്രതീക്ഷിച്ചുകൊണ്ട്...

Saturday, August 1, 2009

മഴയത്ത് പറന്ന പെങ്ങള്‍

മഴ തകര്‍ത്ത് പെയ്യുന്നു. കടലാകെ ഇളകിമറിയുന്നത് ജനലില്‍ക്കൂടി കാണാം. തിരകള്‍‌ക്കെന്തൊരുയരം! ഓരോ തിര അടിക്കുമ്പോഴും കെട്ടിടം കുലുങ്ങുന്നു. എന്നാലും പേടിക്കാനില്ല. നാലരക്കോടി കൊടുത്ത് വാങ്ങിയ ഫ്ലാറ്റാ, നല്ല ഉറപ്പുണ്ടാവണം. ഇങ്ങനെ നനയാതെ സുരക്ഷിതമായി നിന്ന് മഴ കാണാന്‍ എന്ത് രസമാണ്. മഴ നനയാന്‍ പണ്ടേ മടിയാണ്.

ഇരുപത്തഞ്ച് കൊല്ലം മുന്‍പ്. ഒരു പത്തുവയസ്സുകാരന്‍ സ്കൂളില്‍ പോകുന്നു. മുന്നേ അച്ഛനും അനിയത്തിയും. പാടവരമ്പത്തൂടെ കുറെ നടക്കണം റോഡിലെത്താന്‍. അവിടുന്ന് പത്ത് മിനിറ്റ് മതി സ്കൂളിലേയ്ക്ക്. മഴയുടെ കൂടെ നല്ല കാറ്റുണ്ട്. കുടയുണ്ടായിട്ടും ഉടുപ്പൊക്കെ നനഞ്ഞു. കുട മടങ്ങാതിരുന്നാല്‍ മതിയായിരുന്നു.

ദാ, അനിയത്തിയുടെ കുട പറക്കുന്നു. കൂടെ അവളും. “അച്ഛാ, മീര അതാ പറക്കുന്നു.” അച്ഛന്‍ തിരിഞ്ഞുനോക്കിയപ്പോഴേയ്ക്കും അവള്‍ വീണു, പാടത്തേയ്ക്ക്. സ്വതവേ ദേഷ്യക്കാരനായ അച്ഛന്‍ ഓടിവന്ന് ഒറ്റയടി. “വീഴുമ്പോഴാണോടാ പറക്കുന്നൂന്ന് പറയുന്നത്?” അവനും വീണു, പാടത്തേയ്ക്ക്.

അവന് സങ്കടം സഹിക്കാനായില്ല. കരച്ചില്‍ ഒതുക്കാന്‍ ശ്രമിച്ചിട്ടും തികട്ടി വരുന്നു. എന്നിട്ടും അവന്‍ ആലോചിച്ചു എന്തിനാ കരയുന്നത്? തല്ലുകൊണ്ടതുകൊണ്ടോ? വീണതുകൊണ്ടോ? ഒന്നുമല്ല. മെലിഞ്ഞിരിക്കുന്ന അനിയത്തിയെ, “ഒരു നല്ല കാറ്റ് വന്നാല്‍ നീ പറന്നുപോവും,“ എന്ന് കളിയാക്കിയ നാവിനെ ഓര്‍ത്ത്!

Sunday, July 26, 2009

ഞങ്ങളെ പിന്തുടരുമോ നിങ്ങള്‍?


ആദ്യം വോട്ട് ചോദിച്ചു. ഇപ്പോള്‍ പിന്തുടരുമോന്ന് ചോദിക്കുന്നു. വട്ടായിപ്പോയോന്ന് കരുതല്ലേ. നിങ്ങളുടെയൊക്കെ വോട്ടിന്റെ ബലം കൊണ്ട് Great Driving Challenge-ന്റെ ഒന്നാമത്തെ കടമ്പ കടന്ന് ആദ്യത്തെ 100 ജോടികളിലൊന്നായി. പിന്നെ, അതില്‍ നിന്ന് തെരഞ്ഞെടുത്ത 12 ജോടികളിലും ഞാനും ഉണ്ണിയും ഉള്‍‌പ്പെട്ടിരിക്കുന്നു.

ഇനി അതില്‍നിന്ന് 3 ജോടികളെ തെരഞ്ഞെടുക്കും. അതിനുള്ള audition 3 മുതല്‍ 5 വരെ മുംബൈയിലെ ഒരു റിസോര്‍ട്ടില്‍ നടക്കും. അതുവരെ കഴിയാവുന്നത്ര ആള്‍ക്കാരെ പിന്തുടരാന്‍ കൂട്ടണം. Great Driving Challenge-
ന്റെ വെബ്‌സൈറ്റില്‍ ഒരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട്. അതില്‍ ദിവസവും പോസ്റ്റണം. പോസ്റ്റുകളില്‍ എല്ലാരേം കൊണ്ട് കമന്റ് ചെയ്യിക്കണം. ഇതൊക്കെ നോക്കീട്ടാണത്രെ തെരഞ്ഞെടുപ്പ്.

അതുകൊണ്ട് എല്ലാ ബൂലോകസുഹൃത്തുക്കളുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

http://www.greatdrivingchallenge.com/ee/index.php/nomines/blog/unny-bindhu/

ഈ ലിങ്കില്‍ പോയാല്‍ ബ്ലോഗും കാണാം, പിന്തുടരുകയും ചെയ്യാം. മടി വിചാരിക്കാതെ പോണേ. ഇടയ്ക്കിടയ്ക്ക് വന്ന് കമന്റിടാനും മറക്കരുത്.

ശ്രദ്ധിക്കുക – ഒരാള്‍ക്ക് ഒരു ജോടിയെ മാത്രമേ പിന്തുടരാന്‍ സാധിക്കൂ. (വോട്ട് എത്ര പേര്‍ക്ക് വേണേലും ചെയ്യായിരുന്നു.) ഇതിന് കാരണം, ആദ്യത്തെ മൂന്നില്‍ വരുന്നവരുടെയും ഫൈനല്‍ റൌണ്ടില്‍ ഒന്നാം സ്ഥാനത്ത് വരുന്നവരുടെയും ഫോളോവേര്‍സിന് സമ്മാനങ്ങള്‍ കിട്ടും.

അപ്‌ഡേറ്റ്: നിങ്ങളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്താലേ ബ്ലോഗില്‍ ഫോളോവേഴ്സിന്റെ ലിസ്റ്റില്‍ വരൂ. ഫോട്ടോ കൊടുക്കാന്‍ മടിയുള്ളവര്‍ മറ്റെന്തെങ്കിലും കൊടുത്താല്‍ മതിയെന്ന് തോന്നുന്നു. ഫോളോവേഴ്സ് ലിസ്റ്റിലുള്ള ഏകലവ്യന്റെയും പോളിന്റെയും ഫോട്ടോകള്‍ സ്വന്തമല്ല.

Friday, July 17, 2009

സോള് പൊളിഞ്ഞ ഷൂസും പൊട്ടിയ ചെരുപ്പും

കൊഹോജ്

സോളുകള്‍ പൊളിഞ്ഞ രണ്ട് ഷൂസ്. പൊട്ടിയ ഒരു ചെരുപ്പ്. ചെളിയില്‍ പുതഞ്ഞ പാന്റ്സ്. സംതൃപ്തമായ മനസ്സ്. കൊഹോജ് കോട്ട കയറിയിറങ്ങിയപ്പോള്‍ ഇതൊക്കെ ബാക്കി.

ഈ പച്ചപ്പ് മനസ്സ് തണുപ്പിച്ചു

ആഹ്ലാദത്തിമര്‍പ്പില്‍ സോപാന്‍ - ഈപ്രാവശ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ട്രെക്കര്‍

കാറ്റിന്റെ ശക്തി കൊണ്ട് വെള്ളം മുകളിലേയ്ക്ക് തെറിക്കുന്നു.
(ചിത്രം വലുതാക്കി നോക്കിയാല്‍ കാണാം)

കാറ്റിനോടൊപ്പം ഉണ്ണി

മലമുകളില്‍ ഒരു മയക്കം
(Photo courtesy: Asif)

തിരികെ
(Photo courtesy: Asif)

കഴിഞ്ഞ ഞായറാഴ്ചത്തെ കൊഹോജ് ട്രെക്കിനെക്കുറിച്ച് അധികം എഴുതി മടുപ്പിക്കുന്നില്ല. ചിത്രങ്ങള്‍ നോക്കിയാട്ടെ.

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP