Monday, June 30, 2008

Are you feeling SAD?

പുറത്ത് മഴ തകര്‍ത്ത് പെയ്യുന്നു. മഴയെ സ്നേഹിക്കുന്ന ഒരുപാട് പേര്‍ (ഞാനുള്‍പ്പടെ) ബ്ലോഗ് ലോകത്തുണ്ടെന്നറിയാം. പക്ഷേ, ഇതൊന്ന് വായിച്ചു നോക്കിയേ:

http://www.hindustantimes.com/StoryPage/StoryPage.aspx?id=fee92269-fba7-402c-bffe-5044d237f491&&Headline=Are+you+feeling+SAD%3f+Blame+it+on+the+rains

:-)

Sunday, June 29, 2008

മുംബൈയുടെ നിറുകയില്‍ നിന്ന്

കോണ്‍ക്രീറ്റ് കാടായ മുബൈയുടെ അതിര്‍ത്തിക്കുള്ളില്‍ തന്നെ ഇങ്ങനെ ഒരു ഒറിജിനല്‍ കാടുണ്ടെന്നുള്ളത് ഒരു വല്യ ആശ്വാസമാണ്. സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്ക് (മുന്‍പത്തെ ബോറിവലി നാഷണല്‍ പാര്‍ക്ക്) ‘നഗരത്തിന്റെ ശ്വാസകോശങ്ങള്‍‘ എന്നാണ് അറിയപ്പെടുന്നത്. മുനിസിപ്പല്‍ അതിര്‍ത്തിക്കുള്ളില്‍ നാഷണല്‍ പാര്‍ക്കുള്ള ലോകത്തിലെ ഏക മെട്രോ മുംബൈയാണ്. 110 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ വനത്തില്‍ ആയിരത്തിലേറെ തരം ചെടികളും, നാല്പതിലേറെ തരം മൃഗങ്ങളും, ദേശാടനക്കിളികളുള്‍പ്പടെ 260 തരം പക്ഷികളും, നാല്പതോളം ഉരഗങ്ങളും, മറ്റ് ജീവജാലങ്ങളും ഉണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. പാര്‍ക്കിനോടടുത്ത് താമസിക്കുന്നവര്‍ക്ക് ഇടയ്ക്ക് പുലിശല്യം ഉണ്ടാവാറുണ്ട്.

നേച്ചര്‍ ക്നൈറ്റ്സ് ഈ വര്‍ഷത്തെ മണ്‍സൂണ്‍ ട്രെക്കിന് തുടക്കം കുറിച്ചത് ഇവിടുന്നാണ്. പാര്‍ക്കിലെ (മുബൈയിലെയും) ഏറ്റവും ഉയര്‍ന്ന പോയിന്റായിരുന്നു ലക്ഷ്യം. സമുദ്രനിരപ്പില്‍ നിന്ന് 468 മീറ്റര്‍ ഉയരത്തിലാണ് ഈ പോയിന്റ്. ഞങ്ങള്‍ മുപ്പതോളം പേരുണ്ടായിരുന്നു. ഇത്ര വല്യ ഗ്രൂപ്പായതുകൊണ്ട് പ്രത്യേകം അനുവാദം വാങ്ങിയിരുന്നു. മുകളില്‍ ഡിഫന്‍സിന്റെ റഡാര്‍ വച്ചിട്ടുണ്ട്. അതുകാരണം അവിടെച്ചെന്ന് ശബ്ദമൊന്നും ഉണ്ടാക്കാന്‍ പാടില്ല. ശബ്ദമുണ്ടാക്കിയാല്‍ റഡാര്‍ അത് പിടിച്ചെടുത്ത്, പിന്നെ പട്ടാളക്കാര്‍ വന്ന് നമ്മളെ പിടിച്ചോണ്ട് പോവും. (ഹ ഹ ഹ)

ട്രെക്കെന്നൊന്നും ഇതിനെ വിളിക്കാന്‍ പറ്റില്ല. കാരണം, നടത്തം മാത്രമേയുള്ളൂ. അതും ഒരു മണിക്കൂര്‍ കൊണ്ടെത്താം. ഞങ്ങള്‍ കാനനഭംഗി ആസ്വദിച്ചും, ഇഷ്ടം പോലെ ഫോട്ടോ എടുത്തും, മാങ്ങ പെറുക്കിത്തിന്നും രണ്ടുമണിക്കുറെടുത്തു.

കന്‌ഹേരി ഗുഹകള്‍ക്കടുത്തൂന്നാണ് നടക്കാന്‍ തുടങ്ങേണ്ടത്. അജന്ത-എല്ലോറ ഗുഹകളുടെ ഒരു ചെറിയ പതിപ്പാണ് കന്‌ഹേരി ഗുഹകള്‍. അവിടം വരെ വാഹനങ്ങളില്‍ വരാം. ഒരു അരമണിക്കൂര്‍ മുകളിലേയ്ക്ക് കയറിയാല്‍ ഒരു സമതലത്തിലെത്തും. അവിടുന്ന് നോക്കിയാല്‍ മുംബൈയുടെ ഒരു നല്ല ദൃശ്യം കിട്ടും. നാഷണല്‍ പാര്‍ക്കിന്റെ അതിര്‍ത്തി മാന്തി പണിതിരിക്കുന്ന അപാര്‍ട്ട്മെന്റ് കോം‌പ്ലക്സുകളും കാണാം. മുബൈയുടെ ശ്വാസകോശങ്ങളെ ബാധിച്ച കാന്‍സര്‍!

പിന്നെയും കുറേ മുകളിലേയ്ക്ക് പോയി, അവിടിരുന്ന് രാവിലത്തെ ഭക്ഷണം കഴിച്ചു. വീണ്ടും വെടിപറഞ്ഞും, കാണുന്ന ഫോട്ടോ എടുത്തും നടന്നു. ആ വഴിക്ക് കണ്ടുമുട്ടിയതാണ് കഴിഞ്ഞ പോസ്റ്റിലുള്ള വിരുതനെ.





ഇതെല്ലാം നോക്കി നടന്നാണ് സമയമെടുത്തത്.

അങ്ങനെ നടന്ന് നടന്ന് മുകളിലെത്തുമ്പോള്‍ താഴെ തുളസി, വിഹാര്‍ എന്നീ തടാകങ്ങള്‍ കാണാം. മുംബൈയിലെ രണ്ട് പ്രധാന ശുദ്ധജലസ്രോതസ്സുകളാണ് ഇവ.

മുകളില്‍ കുറേനേരം ഇരുന്നും കിടന്നും വിശ്രമിച്ച ശേഷം തിരിച്ചിറങ്ങി.

സമയം ധാരാളമുള്ളതു കാരണം, ഇടയ്ക്കൊരിടത്ത് നിധി കണ്ടുപിടിക്കല്‍, ഒരുതരം പന്തുകളി, ‘ബര്‍മ്മ ബ്രിഡ്ജ്’‘, ‘ജുമ്മാറിങ്’‘ എന്നീ അഡ്‌വെഞ്ചര്‍ ഗയിംസ് – ഇതെല്ലാം ചെയ്തു.

പതിവു പോലെ പലപല വിഭവങ്ങളുള്ള ഉച്ചഭക്ഷണവും അകത്താക്കി തിരിച്ചു പോന്നു. നന്നായി മഴ നനയാന്‍ പറ്റിയില്ല എന്ന സങ്കടം മാത്രം. കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ.

ഞങ്ങള്‍ കഴിഞ്ഞ ജൂണിലും ഇതേ സ്ഥലത്ത് പോയിരുന്നു. അപ്പോള്‍ ഒരു മയില്‍പ്പേട ഞങ്ങളോട് കൂട്ടായി. ഞങ്ങള്‍ കൊടുത്ത കടലയും കൊറിച്ച്, ഞങ്ങള്‍ നടക്കുമ്പോള്‍ നടന്ന്, ഇരിക്കുമ്പോള്‍ ഇരുന്ന്, അത് കന്‌ഹേരി ഗുഹ വരെയെത്തി. കാട് മടുത്തിട്ട് സിറ്റീലേയ്ക്ക് വരാനായിരുന്നു ഉദ്ദേശ്യം എന്ന് തോന്നുന്നു. എന്നാല്‍, കുരങ്ങന്മാരും പട്ടികളും ചേര്‍ന്ന് അതിനെ തിരിച്ച് കാട്ടിലേയ്ക്ക് തന്നെ ഓടിച്ചു. (ഫോട്ടോയ്ക്ക് കടപ്പാട്: ആഷിഷ് തിവാരി)

ഇതിനും മുന്‍പ് വേറെ രണ്ട് ട്രെക്കുകളും ഈ പാര്‍ക്കില്‍ ചെയ്തിട്ടുണ്ട്. സിലോണ്ട ട്രെയിലും, തുളസി ട്രെയിലും. സിലോണ്ടയില്‍ പോവുമ്പോള്‍ നല്ല മഴയുണ്ടായിരുന്നു. കാട്ടരുവികളില്‍ക്കൂടിയും തെന്നുന്ന പാറകളില്‍ക്കൂടിയുമുള്ള നടത്തം നല്ല രസമുണ്ടായിരുന്നു. കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ.

തുളസി ട്രെയിലില്‍ക്കൂടി പോയാല്‍ തുളസി തടാകത്തിന്റെ അടുത്തുവരെയെത്താം. പോണ വഴിക്ക് ബ്രിട്ടീഷുകാര്‍ തടാകത്തില്‍ നിന്ന് വെള്ളം തിരിച്ചുവിടാനോ മറ്റോ പണിത ഒരു ടണല്‍ ഉണ്ട്. അതിനുള്ളില്‍ക്കൂടി പോണം. എവിടേം തൊടാതെ വരിവരിയായി നടക്കണം. കുറ്റാക്കൂരിരുട്ടാണ്. റ്റോര്‍ച്ചില്ലാതെ പോവാന്‍ പറ്റില്ല. ഇടയ്ക് ഞങ്ങള്‍ റ്റോര്‍ച്ചണച്ച് നോക്കി. പേടിയാവും. കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ.

ഇതുകൂടാതെ, ‘റോക്ക് ക്ലൈം‌ബിങ്’, ‘റാപ്പെലിങ്‘ പരിശീലനത്തിന് വേണ്ടിയും പല പ്രാവശ്യം നാഷണല്‍ പാര്‍ക്കില്‍ പോയിട്ടുണ്ട്. എത്ര പ്രാവശ്യം പോയാലും പുതുമ നശിക്കാത്ത സ്ഥലം.

അടുത്ത ശനിയാഴ്ച പോവാണ് അവ്ചിത്ഘടിലേയ്ക്ക് – മുംബൈ-ഗോവ റൂട്ടില്‍ റോഹയ്ക്കടുത്തെവിടെയോ …

Monday, June 23, 2008

ഇങ്ങനെയുമുണ്ടോ ഒരു പറ്റിക്കല്‍‌സ്!

ഈ ചെടിയിലിരിക്കുന്ന വിദ്വാനെ കണ്ടോ?

:-)

Friday, June 20, 2008

സഹ്യാദ്രിയിലൂടെ ആദ്യമായ് - പെബ് ഫോര്‍ട്ട്

ഈ വര്‍ഷത്തെ ആദ്യത്തെ മണ്‍സൂണ്‍ ട്രെക്ക് ഈ വരുന്ന ഞായറാഴ്ചയാണ്. അതിന് പോയിവന്നിട്ട് അതിനേക്കുറിച്ച് എഴുതാം. ഇതിപ്പോ എന്റെ ആദ്യത്തെ ട്രെക്കിനേക്കുറിച്ചാണ്. ട്രെക്കിങ് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും, മുംബൈയില്‍ വന്നതിനു ശേഷമാണ് അതിന് അവസരമുണ്ടായത്. നേച്ചര്‍ ക്നൈറ്റ്സ് എന്ന ട്രെക്കിങ് ഗ്രൂപ്പ് ഒരു ദിവസത്തെ പെബ് ഫോര്‍ട്ട് ട്രെക്ക് സംഘടിപ്പിക്കുന്ന വിവരം ഇന്റര്‍‌നെറ്റിലൂടെ അറിഞ്ഞ ഉടനെ ഞാനും ഉണ്ണിയും വേഗം പേരുകൊടുത്തു. വൈകിയാല്‍ ആള് തെകഞ്ഞ് പോയാലോ? പിന്നെ കുറച്ച് റ്റെന്‍ഷനൊക്കെയുണ്ടായിരുന്നു – മലയൊക്കെ കയറാന്‍ പറ്റുമോ, വല്ലാതെ ക്ഷീണിച്ചാല്‍ എന്തു ചെയ്യും, മറ്റുള്ളവരോടൊപ്പം നടന്നെത്താന്‍ പറ്റിയില്ലെങ്കില്‍ അവര്‍ക്കൊക്കെ ദേഷ്യം വരുമോ – അങ്ങനെ.

എന്തായാലും അന്ന് വെളുപ്പിനത്തെ കര്‍ജാത് ലോക്കല്‍ പിടിച്ച് നേരല്‍ സ്റ്റേഷനിലെത്തി. അതായിരുന്നു മീറ്റിങ് പോയിന്റ്. ട്രെയിനില്‍ വച്ച് തന്നെ സംഘാടകരിലൊരാളായ നിമേഷിനെ പരിചയപ്പെട്ടു. എപ്പോഴും മുഖത്ത് പുഞ്ചിരിയുള്ള ഒരാള്‍. കട്ടിങ് ചായയും വടാ-പാവും കഴിച്ച് എട്ട് മണിയോടെ ട്രെക്കിങ് തുടങ്ങി. നല്ല വെയില്‍. കുറച്ച് നടന്നപ്പൊഴേ അതിന്റെ കട്ടി മനസ്സിലായിത്തുടങ്ങി. ഒട്ടും തണലില്ല. മരങ്ങളൊക്കെയുണ്ടെങ്കിലും ഒന്നിലും ഒരു ശകലം പച്ചപ്പ് പോലുമില്ല. എവിടെ നോക്കിയാലും ബ്രൌണ്‍ നിറം തന്നെ. പുല്ലെല്ലാം ഉണങ്ങി കച്ചി പോലെ.

ഞങ്ങളുടെ ലക്ഷ്യം – അങ്ങ് ദൂരെ, മുകളില്‍

എല്ലാവരും മൂന്ന് ലിറ്റര്‍ വീതം വെള്ളം കൊണ്ടുവരണമെന്ന് പറഞ്ഞിരുന്നു. കയറ്റത്തിന്റെ കട്ടി കൂടുന്നതനുസരിച്ച് വെള്ളം തീരാന്‍ തുടങ്ങി. ഓരോ പത്തടി വയ്ക്കുമ്പഴും അഞ്ച് മിനിട്ട് നില്‍ക്കും. മിക്കവരും ഞങ്ങളെപ്പോലെ തന്നെ. അതുകൊണ്ട് കുറച്ചാശ്വാസം. ചില സ്ഥലത്തൊക്കെ കുത്തനെയുള്ള കയറ്റം.
വേറെ ചിലയിടത്ത് വല്യ പാറക്കല്ലുകളില്‍ അള്ളിപ്പിടിച്ച് കയറണം. പിന്നെ ഒരു കാട്ടാറിന്റെ പാതയിലൂടെ മുകളിലേയ്ക്ക്, നിറയെ ഉണ്ടക്കല്ലുകളും മറ്റുമുള്ള വഴി. അങ്ങനെ പൊരിവെയിലത്ത് ഏന്തിവലിഞ്ഞ് കയറിക്കയറി ഉച്ചയോടെ ഒരു ഗുഹയിലെത്തി. ശരിക്കുമുള്ള പെബ് ഫോര്‍ട്ടിലെത്തണമെങ്കില്‍ പിന്നെയും കുറേ പോണമെന്ന് നിമേഷ് പറഞ്ഞു. അതും കൂടുതല്‍ ദുര്‍ഘടം പിടിച്ച വഴിയിലൂടെ. അതുകൊണ്ട് ആ ഗുഹയില്‍ ഉച്ചഭക്ഷണം കഴിച്ച് വിശ്രമിച്ചശേഷം വേറെ വഴിയിലൂടെ മടങ്ങാനാണ് പരിപാടി.

ചെന്നപാടെ എല്ലാരും അവരവരുടെ ഭക്ഷണപ്പൊതികള്‍ തുറക്കാന്‍ തുടങ്ങി. എത്രയെത്ര വിഭവങ്ങള്‍. എല്ലാം വെട്ടിവിഴുങ്ങി.

പക്ഷേ വെള്ളമില്ല. നല്ല കാലത്തിന് ചിലര്‍ കുറച്ചകലെയുള്ള ഒരു ചെറിയ കുളം കണ്ടുപിടിച്ചു. പാറയുടെ മുകളിലാണ്. അങ്ങോട്ട് കയറാന്‍ ഒരു ഇരുമ്പേണിയുമുണ്ട്. താഴ്‌വാരത്തിലുള്ള ഗ്രാമത്തിലെ ആള്‍ക്കാര്‍ ആ ഗുഹയിലുള്ള അമ്പലത്തില്‍ പൂജ ചെയ്യാറുണ്ട്. എന്തൊരു കഷ്ടപ്പാട്. പക്ഷേ അവര്‍ക്കീ കയറ്റമൊക്കെ എളുപ്പം. ചടപടേന്ന് കേറും, അതും സ്ലിപ്പറുമിട്ട്. നമ്മള്‍ റീബോക്ക് ഷൂസൊക്കെയിട്ട് കേറീട്ട് ‘സ്ലിപ്പും‘. ആ ഗ്രാമവാസികള്‍ വെച്ചതായിരിക്കും ഏണി. എന്തായാലും എല്ലാരും അവിടെക്കേറി, ധാരാളം വെള്ളം കുടിച്ച്, മുഖം കഴുകി, കയ്യിലുള്ള കുപ്പികളെല്ലാം നിറച്ച് സംതൃപ്തരായി. സാധാരണ ഗതിയില്‍ അങ്ങനെ കാട്ടിനു നടുവില്‍, പായല്‍ മൂടിയ കുളത്തീന്ന് വെള്ളം കുടിക്കാന്‍ പോയിട്ട് മുഖം കഴുകാന്‍ കൂടി മടിക്കും. പക്ഷേ ആ സമയത്ത് ആരും ഒന്നും ആലോചിച്ചില്ല. കുപ്പിയില്‍ പിടിച്ച വെള്ളത്തില്‍ കുഞ്ഞുകുഞ്ഞ് ജലജീവികള്‍ നീന്തി നടക്കുന്നുണ്ടായിരുന്നു.

മടക്കയാത്ര വന്നതിലും കഷ്ടം. കഷ്ടിച്ച് ഒരാള്‍ക്ക് നടക്കാന്‍ വീതിയുള്ള കാട്ടുപാത. ഒരു വശത്ത് മല. മറുവശത്ത് ഉണക്കപ്പുല്ലുമൂടിയ കുത്തനെയുള്ള ചെരിവ്. കാലൊന്ന് തെന്നിയാല്‍ പോക്ക് തന്നെ. അങ്ങനെ ഞങ്ങള്‍ ശരിക്കും ‘അടിവെച്ചടിവെച്ച്’ കയറാന്‍ തുടങ്ങി. ചിലയിടത്ത് ചരല്‍ കാരണം കാല് വയ്ക്കുമ്പഴേ തെന്നും. അതിനാല്‍ വളരെ സൂക്ഷിക്കണം.

ഇതിനിടെ, കൂട്ടത്തിലൊരാള്‍ അപ്പഴാ‍ പറയുന്നത് അയാള്‍ക്ക് ‘വെര്‍ട്ടിഗോ’ എന്ന അസുഖമുണ്ടെന്ന്. അയാള്‍ പാറയില്‍ പിടിച്ച് നിരങ്ങി നിരങ്ങി പോവാന്‍ തുടങ്ങി – താഴോട്ട് നോക്കാതെ. നിമേഷാണെങ്കില്‍, വഴി കാണിച്ച് കൊടുക്കാന്‍ മുന്നോട്ട് പോവും. പിന്നെ, തിരിച്ചുവന്ന് വെര്‍ട്ടിഗോക്കാരനെ കയ്യില്‍ പിടിച്ച് നടത്തും. ഞങ്ങളാണേല്‍, തന്നെത്താനെ നടക്കാന്‍ തന്നെ പാടുപെടുന്നു. അപ്പഴാണ്, അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും, ഒരാളെ കയ്യ്‌പിടിച്ച് നടത്തുകയും ചെയ്യുന്നത്. നിമേഷിനെ മനസ്സില്‍ നമസ്കരിച്ചു.

നാലഞ്ചുമണിയോടെ മാതേരാനിലെയ്ക്കുള്ള റയില്‍‌വേ ട്രാക്കിലെത്തി. ട്രാ‍ക്കിലേയ്ക്ക് എല്ലാ‍രും വീഴുകയായിരുന്നൂന്ന് തന്നെ പറയാം. അവിടുന്ന് ഗ്രൂപ്പ് ഫോട്ടോയൊക്കെ എടുത്ത് പിന്നേം നടക്കാന്‍ തുടങ്ങി, ട്രാക്കിലൂടെ. ഏകദേശം ഒരു മണിക്കൂറങ്ങനെ നടന്ന് മാതേരാന്‍ മാര്‍ക്കറ്റിലെത്തി. ചായേം കുടിച്ച്, ഷെയര്‍ റ്റാക്സിയില്‍ കയറി നേരല്‍ സ്റ്റേഷനിലെത്തി. പിന്നേം അരമുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞിട്ടാ‍ണ് ട്രെയിന്‍ വന്നത്. നല്ല തിരക്കും. കുറച്ചുദൂരം ചെന്നപ്പോ ഭാഗ്യത്തിന് ഇരിക്കാന്‍ കിട്ടി. മുംബൈയുടെ തിരക്കിലേയ്ക്ക് വീണ്ടും ... എന്തൊക്കെയോ നേടിയ തൃപ്തിയോടെ ...

കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ

Wednesday, June 18, 2008

നിറപ്പകി‍ട്ടാര്‍ന്ന കറുത്ത കുതിര

അതെങ്ങനെയാ കറുത്ത കുതിരയ്ക്ക് ഇത്ര നിറപ്പകിട്ട് വരുന്നെ?
ഇതാ നോക്കിയേ ...










മുംബൈയിലെ പത്താമത് കാലാ ഘോഡാ (കറുത്ത കുതിര) ആര്‍ട്ട്‌സ് ഫെസ്റ്റിവലിലെ ചില നിറപ്പകിട്ടാര്‍ന്ന ദൃശ്യങ്ങളാണിവ. കൂടുതല്‍ നിറങ്ങള്‍ക്കായും, ഈ ഉത്സവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ക്കുമായി ഇവിടെ നോക്കുക.
എല്ലാര്‍ക്കും ഇഷ്ടമാവുംന്ന് കരുതുന്നു.

Saturday, June 14, 2008

2005 ജൂലൈ 26 – മുംബൈ വെള്ളപ്പൊക്കം

(ഡി.സി. ബുക്ക്സിന്റെ “മഴക്കാലം” എന്ന സമാഹാരത്തില്‍ പ്രസിദ്ധീകരിച്ചത്.) 
 
കഴിഞ്ഞ കുറേ ദിവസങ്ങളായി മുംബൈയില്‍ മഴ തകര്‍ത്ത് പെയ്യുകയാണ്. മഴക്കാലമായാല്‍ ഇവിടെ എല്ലാവര്‍ക്കും പേടിയാണ്. പ്രത്യേകിച്ച്, 2005 ജൂലൈയിലെ വെള്ളപ്പൊക്കത്തിന് ശേഷം. ഞാന്‍ മുംബൈവാസിയായിട്ട് ഏഴെട്ട് മാസമേ ആയിട്ടുള്ളു അന്ന്. വായിച്ചും പറഞ്ഞും കേട്ടതനുസരിച്ച് വഴീലൊക്കെ വെള്ളം കേറുമെന്നറിയാമായിരുന്നു. നിര്‍ത്താതെ മഴ പെയ്തോണ്ടിരുന്നതുകൊണ്ട് ആ ദിവസം (ജൂലൈ 26) നാലര ആയപ്പോ ഓഫീസീന്നിറങ്ങി. അന്ന് ചെംബൂരായിരുന്നു താമസം. ആ ഭാഗത്ത് താമസിക്കുന്ന ഒരാളുടെ കാറില്‍ ഞാനും വേറെ രണ്ട് പെണ്‍കുട്ടികളും കൂടി പുറപ്പെട്ടു. ട്രാഫിക്ക് ബ്ലോക്ക് കാരണം പ്രഭാദേവിയില്‍ നിന്ന് ദാദര്‍ വരെയെത്താന്‍ രണ്ട് മണിക്കൂറെടുത്തു. പിന്നെയൊട്ട് മുന്നോട്ട് പോവാനും പറ്റിയില്ല. റോഡിലൊക്കെ വെള്ളം. എട്ടര വരെ അവിടെത്തന്നെ. മൈഗ്രേന്‍ കാരണം ഞാനന്നുച്ചയ്ക്ക് കാര്യമായൊന്നും കഴിച്ചില്ലായിരുന്നു. നന്നായിട്ട് വിശക്കുന്നുമുണ്ട്, ഛര്‍ദ്ദിക്കുമോന്ന് പേടിച്ച് ഒന്നും കഴിക്കാനും തോന്നിയില്ല.

ഇതിനിടയ്ക്ക്, ഉണ്ണി ബാന്ദ്രയില്‍ നിന്ന് നടന്ന് മൂന്നാല് മണിക്കൂറുകൊണ്ട് വീടെത്തി. ഭാഗ്യത്തിന്, കുറേ ശ്രമിച്ചതിനുശേഷമാണെങ്കിലും മൊബൈലില്‍ ലൈന്‍ കിട്ടുന്നുണ്ടായിരുന്നു. വഴീലൊക്കെ ഭയങ്കര വെള്ളമാണ്, തിരിച്ച് ഓഫീസിലേയ്ക്ക് പൊയ്ക്കോളാന്‍ എന്നോട് പറഞ്ഞു. എന്റെ സ്വതവേയുള്ള വാശി കാരണം എങ്ങനെയെങ്കിലും ഞാന്‍ വീട്ടില്‍ പോകും എന്ന് തീരുമാനിച്ചു. ആറടി പൊക്കമുള്ള ഉണ്ണീടെ നെഞ്ചുവരെ ചില സ്ഥലത്ത് വെള്ളമുണ്ടെന്ന് പറഞ്ഞിട്ടും ഞാന്‍ പിന്മാറിയില്ല.

അവസാ‍നം ഞങ്ങള്‍ മൂന്ന് പെണ്‍പിള്ളേരുംകൂടി നടന്നുപോവാന്‍ തീരുമാനിച്ചു. കാറിന്റെ ഉടമസ്ഥന് കാറ് ഉപേക്ഷിച്ചിട്ട് വരാന്‍ പറ്റില്ല. അതുകൊണ്ട് പുള്ളിക്ക് ഒരു ബോട്ടില്‍ വെള്ളവും ഒരു പായ്ക്കറ്റ് ചിപ്സും വാങ്ങിക്കൊടുത്തിട്ട് ഞാനും, ദീപ്തിയും, അപര്‍ണ്ണയും കൂടെ നടക്കാന്‍ തുടങ്ങി. (പിന്നീടറിഞ്ഞു, പുള്ളി എങ്ങനെയോ കാറ് തിരിച്ച് ഓഫീസിലേയ്ക്ക് തന്നെ പോയി.) ഞങ്ങടെ വിചാ‍രം കുറച്ചങ്ങോട്ട് ചെന്നാല്‍ ബ്ലോക്കൊന്നുമില്ല, വേഗം പോകാമെന്നായിരുന്നു. പിന്നെയല്ലേ വിവരമറിഞ്ഞത് – ദാദര്‍ തിലക് ബ്രിഡ്ജ് കഴിഞ്ഞതും മുട്ടുവരെ വെള്ളം. റോഡിലും ഫുട്ട്പാത്തിലുമൊക്കെ കാറുകളും മറ്റും പാര്‍ക്ക് ചെയ്തിരിക്കുന്നു. ധാരാളം ആള്‍ക്കാര്‍ നടന്നുപോകുന്നു. മുന്നോട്ട് വച്ച കാല് പുറകോട്ടില്ലാന്ന് പറഞ്ഞ് ഞങ്ങള്‍ മൂന്നും കയ്യും പിടിച്ച് ആ വെള്ളത്തിലേയ്ക്കിറങ്ങി. ഇതിനിടയ്ക്ക് നാട്ടില്‍ വിളിച്ച് വിവരം പറഞ്ഞു. ടീവീലും മറ്റും വാര്‍ത്ത കണ്ടിട്ട് അവര്‍ ടെന്‍ഷനാവണ്ടാന്ന് കരുതി. പിന്നെ, അവര്‍ പ്രാര്‍‌ത്ഥിച്ചോട്ടേന്നും ഉള്ളില്‍ കരുതി.

കുറെക്കഴിഞ്ഞപ്പോ വെള്ളം അരയ്ക്ക് മുകളിലെത്തി. ആകെ നനഞ്ഞാല്‍ കുളിരില്ലാന്ന മട്ടില്‍ ഞങ്ങള്‍ മുന്നോട്ട് തന്നെ. മാട്ടുംഗ എത്തിയപ്പോള്‍ ദീപ്തിയുടെ അമ്മ വിളിച്ചിട്ട് സയണിലുള്ള ഒരു കുടുംബസുഹൃത്തിന്റെ വീട്ടില്‍ പോവാനും, അവരെ വിളിച്ചറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. ദീപ്തിയുടെ വീട് ചെമ്പൂര് നിന്നും കുറെ അകലെ കോപര്‍ കൈര്‍‌നെ എന്ന സ്ഥലത്താണ്. ആദ്യം ദീപ്തി എന്റെ വീട്ടില്‍ തങ്ങാമെന്നായിരുന്നു കരുതിയത്. ഞാന്‍ ഉണ്ണിയെ വിളിച്ച് ചോറ് അധികം വയ്ക്കാനും പറഞ്ഞു. ഞാ‍നും അപര്‍ണ്ണയും എന്തായാലും സ്വന്തം വീട്ടിലേ അന്ന് അന്തിയുറങ്ങൂ എന്ന് വീണ്ടും ഉറപ്പിച്ച് പറഞ്ഞു. പിന്നേം വലിഞ്ഞ് വലിഞ്ഞ് നടന്ന് സയണില്‍ ദീപ്തിക്ക് പോവേണ്ട വഴിയെത്തി. അപ്പോഴേയ്ക്കും സമയം 11. വഴീലുള്ള ചിലരുടെ ഭാവവും കമന്റുകളും അത്ര പന്തിയായി തോന്നാതിരുന്നതുകൊണ്ട് ദീപ്തിയുടെ കൂടെ പോയാലോന്ന് എനിക്കും അപര്‍ണ്ണയ്ക്കും തോന്നിത്തുടങ്ങി. എനിക്കാണേല്‍ തല വെട്ടിപ്പൊളിക്കുന്ന പോലത്തെ വേദനയും. പണ്ടെപ്പഴോ പോയി മാത്രം പരിചയമുള്ള സ്ഥലത്തേയ്ക്ക് തനിച്ച് പോവാന്‍ ദീപ്തിക്കും അത്ര ധൈര്യം പോരാ.

അവസാനം മൂന്ന് പേരും ആ വീട്ടിലേയ്ക്ക് തന്നെ പോവാന്‍ തീരുമാനിച്ചു. പക്ഷേ, ഒരു പരിചയവുമില്ലാത്ത രണ്ടുപേര്‍ പാതിരാത്രിയില്‍ കയറിച്ചെന്നാല്‍ അവരെന്ത് വിചാരിക്കും? ഉടനെ ദീപ്തി അവരെ വിളിച്ച് ചോദിച്ചു. അവര്‍ക്ക് പൂര്‍ണ്ണസമ്മതം. ഇനി അവിടെ എത്തിപ്പെടേണ്ടെ? ഇത്രനേരം ഹൈവേയിലായിരുന്നത് കാരണം, റോഡില്‍ നിറയെ ആളുകളുണ്ടായിരുന്നു. ഇനീ പോവേണ്ടത് മിക്കവാറും വിജനമാ‍യ വഴികളിലൂടെയാണ്. എന്റെ കയ്യിലുണ്ടായിരുന്ന ഒരു ചെറിയ ടോര്‍ച്ചും തെളിച്ച് ഞങ്ങള്‍ പിന്നേം നടക്കാന്‍ തുടങ്ങി. അതും ഒരൂഹം വെച്ച്. ആദ്യത്തെ ഒരരമണിക്കൂര്‍ വെള്ളമില്ലാത്ത വഴികളായിരുന്നു. എന്നാല്‍ ഈ വീട് അടുക്കാറായപ്പോ വീണ്ടും മുട്ടറ്റം വെള്ളം. ഒരുവിധത്തില്‍ തപ്പിപ്പിടിച്ച് ആ അപ്പാര്‍ട്ട്‌മെന്റ് കോം‌പ്ലക്സിനകത്ത് കയറി. അവിടെ കുറെ കെട്ടിടങ്ങളുണ്ട്. താഴത്തെ നിലയില്‍ വെള്ളം കയറിയിട്ടുണ്ട്. പവറും ഇല്ല. ഞങ്ങള്‍ക്ക് പോവണ്ടത് നാലാമത്തെ നിലയിലും. ഏത് കെട്ടിടത്തിലാണ് പോവണ്ടതെന്ന് കണ്‍ഫൂഷ്യനും ആയി. വിളിച്ചു ചോദിക്കാനാണേല്‍ ലൈന്‍ കിട്ടുന്നുമില്ല. രണ്ടും കല്‍പ്പിച്ച് പടികേറി, ഒരു വീട്ടില്‍ തട്ടിവിളിച്ചു. അവര്‍ ചീത്ത വിളിച്ചില്ലന്നെയുള്ളൂ. അവരെ കുറ്റം പറയാന്‍ പറ്റില്ല. പാതിരാത്രി, അതും പവറില്ലാത്തപ്പോ ആരെങ്കിലും കതകിന് തട്ടിയാല്‍ പിന്നെ ദേഷ്യം വരാതിരിക്കുമോ? ഞങ്ങടെ വിഷമം ഞങ്ങള്‍ക്കല്ലേ അറിയൂ. ദേഷ്യോം സങ്കടോം ഒക്കെക്കൊണ്ട് അവരെ പതുക്കെ കുറെ ചീത്തയും വിളിച്ച്, പിന്നെയും ഫോണ്‍ ചെയ്ത് നോക്കി. ഭാഗ്യം, ലൈന്‍ കിട്ടി. ഞങ്ങള്‍ കയറിയതിന്റെ നേരെ എതിര്‍വശത്തുള്ള കെട്ടിടത്തിലായിരുന്നു പോവേണ്ടിയിരുന്നത്. പടിയിറങ്ങി, കേറി, അവസാനം ലക്ഷ്യസ്ഥാനത്തെത്തി.

ആ വീട്ടില്‍ വെളിച്ചവുമില്ല, വെള്ളവുമില്ല. ഞങ്ങളാകട്ടെ, സങ്കല്പിക്കാവുന്നതിനുമപ്പുറം എന്തൊക്കെയോ കലര്‍ന്ന വെള്ളത്തില്‍ നനഞ്ഞ് കുതിര്‍ന്ന് വന്നവര്‍. ആ വീട്ടില്‍ അപ്പോള്‍ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടത്തെ കുട്ടിയും ഓഫീസീന്ന് എത്തിയിട്ടുണ്ടായിരുന്നില്ല. അതിനെ കൂട്ടിക്കൊണ്ടുവരാന്‍ പോയിരിക്കുന്നു അച്ഛന്‍. ആ അമ്മ പിടിച്ചുവച്ചിരുന്ന വെളളം പിശുക്കി ഉപയോഗിച്ച് ഞങ്ങള്‍ കുളിച്ചെന്ന് വരുത്തി. ഇടാന്‍ അവിടത്തെ കുട്ടിയുടെ സല്‍‌വാര്‍-കമീസും, കഴിക്കാന്‍ ചൂട് ആലു-പറാത്തയും കിട്ടി. പിന്നെ ഉറങ്ങാന്‍ കട്ടിലും, മെത്തയും, പുതപ്പും. മൈഗ്രേന്‍ കാരണം, ഞാന്‍ മാത്രം ഛര്‍ദ്ദിച്ചതല്ലാതെ ഒന്നും കഴിച്ചില്ല. എല്ലാരും അവരവരുടെ വീട്ടുകാരെ വിളിച്ചറിയിച്ചു. ഒരു ഗുളിക കഴിച്ച്, ടൈഗര്‍ ബാമും വാരിത്തേച്ച് ഞാന്‍ വേഗം കിടന്നു, അവിടുത്തെ കുട്ടി വരാന്‍ പോലും കാ‍ക്കാതെ.

പിറ്റേന്ന് ജൂലൈ 27. എന്റെ ജന്മദിനം. ഭാഗ്യം, തലവേദന മാറി. ഇനി വീടെത്തണ്ടേ? തലേന്നത്തെ നനഞ്ഞ ഉടുപ്പും ഇട്ട്, ചൂട് ആലു-പറാത്തയും കഴിച്ച് ഞാനും അപര്‍ണ്ണയും ഇറങ്ങി. ദീപ്തി വെള്ളമൊക്കെ ഇറങ്ങീട്ട് പതുക്കയേ വരുന്നുള്ളൂന്ന് പറഞ്ഞു. (അത് മണ്ടത്തരമായീന്ന് പിന്നീടവള്‍ പറഞ്ഞു. ഉച്ചതിരിഞ്ഞ് കൂട്ടില്ലാതെ തനിച്ച് നടന്ന് വളരെ ബുദ്ധിമുട്ടിയത്രെ.) വെള്ളം കുറെയൊക്കെ ഇറങ്ങിയെങ്കിലും, പിന്നെയും മുട്ടൊപ്പവും, അരയ്ക്കൊപ്പവും ഒക്കെ വെള്ളത്തിലൂടെ നടക്കേണ്ടിവന്നു. റോഡ് നിറയെ ആളുകള്‍. എങ്ങനെയും വീടെത്താന്‍ കഷ്ടപ്പെട്ട് നടക്കുന്നവര്‍. വയസ്സാ‍യവരും, ചെറുപ്പക്കാരും, പണക്കാ‍രും, പാവപ്പെട്ടവരും, എല്ലാം. വെള്ളമില്ലാത്തിടത്തൊക്കെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. ചിലരൊക്കെ അതിനുള്ളില്‍ത്തന്നെ ഇരിക്കുന്നു, വെള്ളമിറങ്ങുന്നതും കാത്ത്.

വീട്ടില്‍നിന്ന് രണ്ടുമൂന്നു കിലോമീറ്റര്‍ ഇപ്പുറത്ത് ഉണ്ണി കാത്ത് നില്‍പ്പുണ്ടായിരുന്നു. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ അപര്‍ണ്ണ വേറെ വഴിക്ക് പിരിഞ്ഞു. ഞാന്‍ ഉച്ചയോടെ വീട്ടിലെത്തി. നല്ലകാലത്തിന് ആ പരിസരത്തൊന്നും വെള്ളം കയറിയിട്ടില്ല. ധാരാളം ഡെറ്റോള്‍ ഒഴിച്ച വെള്ളത്തില്‍ ഞാന്‍ മതിയാവോളം കുളിച്ചു. നാട്ടില്‍ വിളിച്ച് വീടെത്തിയ കാര്യം അറിയിച്ചു.


ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേ (സയണ്‍) - ഞാനന്ന് നടന്ന വഴി (ആരെടുത്ത ഫോട്ടോ ആണെന്നറിയില്ല, എന്റെ മെയിലില്‍ വന്നതാണ്)

പിന്നെയാണ് ഈ വെള്ളപ്പൊക്കത്തിന്റെ ഭീകരത ശരിക്ക് മനസ്സിലായത്. ഞങ്ങള്‍ രാത്രി നടന്ന് വീടെത്താന്‍ ശ്രമിച്ചത് അതിസാഹസികതയായിരുന്നെന്നും. അങ്ങനെ നടന്ന പലരും ഒരിക്കലും വീടെത്തിയില്ല. ശവം പോലും കിട്ടിയില്ല. ഗട്ടറില്‍ വീണ് കടലിലേയ്ക്ക് ഒഴുകിപ്പോയവര്‍, ഷോക്കേറ്റ് മരിച്ചവര്‍, അങ്ങനെ എത്ര പേര്‍. കാറുകളും, ബസ്സുകളും വെള്ളത്തില്‍ മുങ്ങി മരിച്ചവര്‍ വേറെ. ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും വെള്ളത്തില്‍ മുങ്ങിപ്പോയ ഒരുപാട് പേര്‍. എന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരാളുടെ വീട് മുഴുവന്‍ വെള്ളത്തിലായി. ആ ഭാഗത്ത് (ബദ്‌ലാപ്പൂര്‍) രണ്ടാമത്തെ നില വരെ വെള്ളം കയറിയത്രെ. രണ്ടു മാസത്തോളം മറ്റൊരാളുടെ വീട്ടില്‍ അവര്‍ക്കെല്ലാര്‍ക്കും താമസിക്കേണ്ടിവന്നു. കടം വാങ്ങിയ വസ്ത്രങ്ങളും, സര്‍ക്കാര്‍ വിതരണം ചെയ്ത അരിയും, പരിപ്പും ആയി എത്രയോ ദിവസങ്ങള്‍. വെള്ളവും വൈദ്യുതിയുമില്ലാതെ ദിവസങ്ങള്‍ കഴിച്ചുകൂട്ടി പലരും. ഇതെല്ലാം അപ്പാര്‍‌ട്ട്മെന്റ് കോം‌പ്ലെക്സുകളില്‍ താമസിക്കുന്നവരുടെ കാര്യം. ചേരികളിലെ താമസക്കാരുടെ കാര്യം തീര്‍ത്തും കഷ്ടം.

ഇതൊക്കെയുമായി താരതമ്യപ്പെടുത്തുമ്പോള്‍. എനിക്ക് വളരെ സുഖമായിരുന്നു. – വീട്ടിലെത്തുന്നതു വരെയുള്ള ബുദ്ധിമുട്ടൊഴിച്ചാല്‍. (മറ്റ് പലരും ചെയ്ത പോലെ ഓഫീസില്‍ താമസിച്ചിട്ട്, പതുക്കെ വീട്ടില്‍ പോയിരുന്നെങ്കില്‍ അതും ഒഴിവാക്കാമായിരുന്നു.) ഉണ്ണി നടന്നിട്ടാണെങ്കിലും സുഖമായി വീടെത്തി. വെള്ളം, പവര്‍, പാല്‍, പത്രം – ഇതൊന്നിനും ഞാന്‍ താമസിച്ചിരുന്നിടത്ത് ഒരു മുടക്കവും വന്നില്ല. വീടിന്റെ പരിസരങ്ങളില്‍ വെള്ളം കയറി ബുദ്ധിമുട്ടിയില്ല. ഇപ്പോഴും ഇതൊക്കെ ഓര്‍ത്തിട്ട് ഇടയ്ക്കൊക്കെ ദൈവത്തിന് നന്ദി പറയാറുണ്ട്. അന്നു താമസിച്ച ആ പഞ്ചാബികുടുംബവുമായി പിന്നീടൊരിക്കലും ഒരു സമ്പര്‍ക്കവും ഉണ്ടായിട്ടില്ല. എങ്കിലും എന്നും കടപ്പെട്ടിരിക്കുന്നു അവരോട്. ദീപ്തിയും അപര്‍ണ്ണയും ഓരോ വഴിക്ക് പോയി. അവരും ഇതൊക്കെ ഓര്‍ക്കുന്നുണ്ടാവും. എങ്ങനെ മറക്കാന്‍!



അങ്ങനെ രണ്ട് മഴക്കാലമുള്ള നാട്ടില്‍ ജനിച്ചുവളര്‍ന്ന ഞാനിപ്പോ മഴക്കാലത്തെ പേടിക്കുന്നു (ചെറുതായിട്ട്).

Sunday, June 8, 2008

ഇത്തിരി ഇടം

ഇന്നാള് മുക്കുറ്റി വന്ന് ചോദിച്ചു, “നിന്റെ പൂന്തോട്ടത്തില്‍ ഇത്തിരി ഇടം തരുമോ“ ന്ന്. ഞാനൊന്നും പറഞ്ഞില്ല. പണ്ടെപ്പഴോ തുമ്പയും ചോദിച്ചാരുന്നു.

വേറെ ചെലരൊക്കെ നാണം കാരണം ചോദിക്കാന്‍ മടിച്ച് അവിടേം ഇവിടേം ഒക്കെ മറഞ്ഞ് നില്‍ക്കുന്നുണ്ട് - കാതിപ്പൂവും, കാക്കപ്പൂവും, പിന്നെ കമ്മ്യൂണിസ്റ്റ് പച്ചയും ഒക്കെ. ഉണ്ടച്ചെത്തിയും, വാടാമുല്ലയും മറ്റും “ഞങ്ങളും ചോദിക്കേണ്ടി വരുമോ“ ന്ന് സംശയിച്ച് നില്‍പ്പാണ്.

ഞാനെന്തായാലും എല്ലാര്‍ക്കും ഇടം കൊടുക്കാന്‍ തീരുമാനിച്ചു - ചോദിച്ചവര്‍ക്കും ചോദിക്കാത്തവര്‍ക്കും എല്ലാം - എന്റെ മനസ്സിലെ കൊച്ചു പൂന്തോട്ടത്തില്‍.

Sunday, June 1, 2008

ഡാഫീന്‍ ഡു മോരിയറിന്റെ റെബേക്ക

മുന്മൊഴി
ഇഞ്ചിപ്പെണ്ണിന്റെ ഇവന്റ്‌ അനൌണ്‍സ്മെന്റ് വായിച്ചപ്പൊ ആദ്യം മനസ്സിലേക്ക്‌ ഓടിക്കയറി വന്നത്‌ ഡാഫീന്‍ ഡു മോരിയര്‍ എന്ന ബ്രിട്ടീഷ്‌ എഴുത്തുകാരിയുടെ റെബേക്ക എന്ന നോവലാണ്. എങ്കില്‍പ്പിന്നെ, അതു തന്നെ ഇരിക്കട്ടെ സ്ത്രീ എഴുത്തുകാരെക്കുറിച്ച്‌ എഴുതാനുള്ള ഇവന്റിലേയ്ക്ക്‌ എന്റെ സംഭാവന (മഹത്തായതൊന്നുമല്ല, എളിയതു തന്നെ). മറ്റു പലരുടെയും പോസ്റ്റുകളൊക്കെ വായിച്ചു. ഞെട്ടി. എന്റീശ്വരാ, ഒരു ബുക്ക്‌ വായിച്ചാല്‍ ഇത്രയൊക്കെ തല പുകയ്ക്കണോന്ന് ആലോചിച്ച്‌ എന്റെ തല പുകഞ്ഞു. പിന്നെ, അവര്‍ക്കൊക്കെ ഈ അഭിപ്രായമെല്ലാം തല പുകയ്ക്കാതെ സ്വാഭാവികമായി തലയില്‍ ഉദിക്കുന്നതാവും എന്നു വിചാരിച്ചു സമാധാനിച്ചു. ലേശം അസൂയ തോന്നാതിരുന്നില്ല. അതുകൊണ്ട്‌, ഇത്‌ ഡു മോരിയറിന്റെ എഴുത്തിനെക്കുറിച്ചുള്ള എന്റെ പഠനമൊന്നുമല്ല.

റെബേക്ക
കോളേജില്‍ പഠിക്കുമ്പോഴാണ് ഒരു കൂട്ടുകാരി "റെബേക്ക"യെന്ന നോവലിനെക്കുറിച്ച്‌ പറഞ്ഞത്‌. അവള്‍ക്കീ ബുക്ക്‌ വളരെ ഇഷ്ടമായിരുന്നു. ഞാനിതു വായിച്ചത്‌ മൂന്നാലു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മാത്രം. എനിക്കും ഇഷ്ടമായി. ഇതിലെ അനാഥയായ നായികയോട്‌ ഒരടുപ്പം കൂടി തോന്നിപ്പോയി.

നായിക സ്വന്തം കഥ പറയുകയാണു റെബേക്കയില്‍. എന്നാല്‍, ഒരിക്കല്‍ പോലും അവളുടെ പേരു പറയുന്നില്ല.ഒരു സാധാരണ കഥ വളരെ മനോഹരമായി ചിത്രീകരിച്ചതുകൊണ്ടാണു എനിക്കിതിഷ്ടമായത്‌. നായികയുടെ ആകാംക്ഷകളും, ആശങ്കകളും, മറ്റു മനോവ്യാപാരങ്ങളും, ഡു മോരിയര്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട്‌.

ഒരു ധനികസ്ത്രീയുടെ ഔദാര്യത്തില്‍ ജീവിക്കുന്ന നായിക, ധനികനായ, ഭാര്യ മരിച്ച മാക്സ്‌ എന്നയാളെ വിവാഹം കഴിക്കുന്നു. ഭര്‍ത്താവിന്റെ വീട്ടിലെത്തുമ്പോള്‍ അവിടെ മുന്‍ഭാര്യയായ റെബേക്കയുടെ ശക്തമായ സ്വാധീനം അവള്‍ക്കു തോന്നുന്നു. വീട്ടുജോലിക്കാരും, പ്രത്യേകിച്ച്‌ വീട്‌ മേല്‍നോട്ടക്കാരിയായ മിസ്സിസ്സ്‌ ഡാന്‍വേര്‍സും, അവളെ റെബേക്കയുമായി താരതമ്യം ചെയ്യുന്നതുപോലെയും തോന്നുന്നു. റെബേക്കയോട്‌ കൂറുപുലര്‍ത്തിയിരുന്ന മിസ്സിസ്സ്‌ ഡാന്‍വേര്‍സ്‌, അവളെ തെറ്റിദ്ധരിപ്പിച്ച്‌ ചില അബദ്ധങ്ങളില്‍ കൊണ്ടു ചാടിക്കുകയും, അവളെ വിവാഹം കഴിക്കേണ്ടിയിരുന്നില്ല എന്നു മാക്സിനു തോന്നുന്നതായി വിശ്വസിപ്പിക്കുകയും ചെയ്യുന്നു. പിന്നെ, പുതിയ ചില സംഭവങ്ങള്‍ കഥയെ മറ്റൊരു വഴിക്കു തിരിക്കുകയും, മാക്സും അവളും സന്തോഷമായി (അങ്ങനെ വിചാരിക്കാനാണെനിക്കിഷ്ടം, കഥയില്‍ ഇതു പ്രത്യേകം എടുത്തു പറയുന്നില്ലെങ്കിലും) ജീവിക്കുകയും ചെയ്യുന്നു.

റെബേക്ക വായിക്കാന്‍ ഉദ്ദേശിക്കുന്നവരെ ഓര്‍ത്ത്‌ കഥ വിശദീകരിക്കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ ഈ ബുക്കിനേക്കുറിച്ച്‌ അറിയണമെങ്കില്‍, ഇതാ വിക്കിയിലേക്കുള്ള ലിങ്ക്‌: http://en.wikipedia.org/wiki/Rebecca_(novel)

വിക്കിയില്‍ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങള്‍: റെബേക്ക വേറെ ചില ബുക്കുകള്‍ക്ക്‌ പ്രചോദനമായിട്ടുണ്ടത്രെ. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിക്കാര്‍ ഈ ബുക്ക്‌ ഒരു കോഡ്‌ സോഴ്സ്‌ ആക്കിയിരുന്നു, പക്ഷെ ആ കോഡ്‌ എവിടെയും ഉപയോഗിച്ചിട്ടില്ല. ഇതിനെ ആധാരമാക്കി, കെന്‍ ഫോളറ്റ്‌ "ദ്‌ കീ റ്റു റെബേക്ക" എന്ന ത്രില്ലര്‍ എഴുതി (ഇതു ഞാന്‍ വായിച്ചിട്ടുണ്ട്‌). ഡു മോരിയര്‍ റെബേക്കയുടെ തീം മോഷ്ടിച്ചതാണെന്നും എഴുതിയിട്ടുണ്ട്‌ വിക്കിയില്‍.

തുടക്കം നന്നായാല്‍ ...

കുറേക്കാലമായി ഒരു മലയാളം ബ്ലോഗ്‌ തുടങ്ങണമെന്ന് വിചാരിക്കുന്നു. ഓഫീസില്‍ ജോലിയൊന്നുമില്ലാതെ ബോറടിച്ചിരിക്കുമ്പൊഴാണ്‍ ബ്ലോഗൊക്കെ സ്ഥിരമായി വായിച്ചു തുടങ്ങിയത്‌. എതിലെയൊക്കെയോ ചുറ്റിത്തിരിഞ്ഞ്‌ വന്ന് ഇഞ്ചിപ്പെണ്ണിന്റെയും സുവിന്റെയുമൊക്കെ ബ്ലോഗുകള്‍ വായിച്ചപ്പൊഴാണു എനിക്ക്‌ ഇളക്കം തോന്നിയത്‌. "അങ്ങനെയിപ്പം അവളുമാരു മാത്രമങ്ങനെ വിലസണ്ട; ഞാനെന്താ മോശമാണോ" - ഇങ്ങനെ പോയി ചിന്താതരംഗങ്ങള്‍. ഇവരുടെയൊക്കെ ബ്ലോഗിലെ ചില പരുക്കന്‍ കമന്റുകള്‍ കണ്ടപ്പോള്‍, ആരുമറിയാതെ ഇവിടെങ്ങാനും അടങ്ങിയൊതുങ്ങി ഇരുന്നാല്‍ മതീന്നും തോന്നി. തന്നേമല്ല, മുന്‍പത്തെ ജോലിയില്‍ ബോറടിച്ചപ്പൊ തുടങ്ങിയ ഇംഗ്ലീഷ്‌ ബ്ലോഗ്‌ അനാഥമായിക്കിടക്കുന്നു. " ഇനീം ഒന്നൂടെ തുടങ്ങി, ഒരു അനാഥബ്ലോഗിനേക്കൂടി സൃഷ്ടിക്കണോ" - ഇതു വേറൊരു ചിന്താവര (ഇംഗ്ലീഷില്‍ ലൈന്‍ ഓഫ്‌ തോട്ട്‌). പിന്നെ, ഓഫീസിലെ ബോറടി ഒരു സ്ഥിരം പരിപാടി ആയപ്പോള്‍, ഓഫീസ്‌ ജോലി വേണ്ടാന്നുവെച്ച്‌, വീട്ടിലിരുന്ന് ഫ്രീലാന്‍സ്‌ ചെയ്യാന്‍ തീരുമാനിച്ചു. അങ്ങനെ ഫ്രീ ആയതു പ്രമാണിച്ച്‌, ഒരു മലയാളം ബ്ലോഗ്‌ തുടങ്ങുന്നു.

ഇതിലെ അടുത്ത പോസ്റ്റ്‌ ഇഞ്ചിപ്പെണ്ണിന്റെ ഇവന്റിലേക്ക്‌ ...

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP