Saturday, October 31, 2015

ഒരൊച്ചും മൂന്ന് പൂക്കളും

കക്കയം കക്കയം എന്ന് കുട്ടിയായിരിക്കുമ്പോൾ തന്നെ കുറേ കേട്ടിട്ടുണ്ട് എന്നല്ലാതെ അവിടെ പോകുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടേയില്ല. രാജന്‍ കൊലക്കേസ് മൂലം കുപ്രസിദ്ധി നേടിയ സ്ഥലം—അത്രയേ കക്കയത്തെക്കുറിച്ച് അറിയുമായിരുന്നുള്ളൂ. അവിടെ പോലീസ് ക്യാമ്പ് കൂടാതെ ഇത്ര മനോഹരമായ കാടും വെള്ളച്ചാട്ടവും ഉണ്ടെന്ന് ആരറിഞ്ഞു! കഴിഞ്ഞ വര്‍ഷമാണ് കക്കയത്ത് പോവാന്‍ സാധിച്ചത്. അതും അപ്രതീക്ഷിതമായി.

കോഴിക്കോട് ഒരു മൂന്ന് ദിവസം. കോഴിക്കോടും പരിസരങ്ങളും ചുറ്റുക. ഒരു സുഹൃത്തിനെ കാണുക. കോഴിക്കോടെത്തിയതിന് ശേഷമാണ് എവിടെ പോകണമെന്ന് ആലോചിച്ചത്. അങ്ങനെ തട്ടിക്കൂട്ടി ഒരു യാത്രാപരിപാടി.

ആദ്യം പോയത് പെരുവണ്ണാമൂഴി അണക്കെട്ടിലേയ്ക്ക്. കോഴിക്കോട് നിന്ന് ഏകദേശം 50 കിലോമീറ്ററേ ഉള്ളെങ്കിലും ട്രാഫിക്ക് കാരണം 2 മണിക്കൂറിലധികമെടുത്തു. ഒരു കൊച്ചുഗ്രാമത്തിൽ ഒരു അണക്കെട്ട്.
 
കുറ്റ്യാടി ജലസേചനപദ്ധതിയുടെ ഭാഗമാണ് ഈ അണക്കെട്ട്. വെള്ളം തുറന്ന് വിട്ടിരുന്നത്കൊണ്ട് നല്ല ഭംഗിയുണ്ടായിരുന്നു. അല്ലെങ്കിൽ ഇത്രയും ദൂരം ഇതിനായാണോ വന്നതെന്ന് തോന്നിയേനെ.

എടുത്ത് പറയേണ്ട ഒരു കാര്യം, അണക്കെട്ടിനടുത്തുള്ള ചെറിയ പൂന്തോട്ടത്തിൽ നിറയെ പൂമ്പാറ്റകളുണ്ടായിരുന്നു എന്നതാ‍ണ്.
പെരുവണ്ണാമൂഴിയിലേക്ക് വെള്ളം എത്തുന്നത് കക്കയം അണക്കെട്ടിൽ നിന്നാണ്. കുറ്റ്യാടി ജലവൈദ്യുതപദ്ധതി പ്രകാരം വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നത് കക്കയത്താണ്. വൈദ്യുതി ഉത്പാദിപ്പിച്ചതിന് ശേഷം പുറത്ത് വരുന്ന വെള്ളം പെരുവണ്ണാമൂഴിയിൽ ജലസേചനത്തിനായി ഉപയോഗിക്കപ്പെടുന്നു. വയനാട്ടിലുള്ള ബാണാസുരസാഗർ അണക്കെട്ടിൽ നിന്നുള്ള വെള്ളം കക്കയത്താണ് എത്തുന്നത്.

ഒരു ചായയ്ക്കും പരിപ്പുവടയ്ക്കും ശേഷം ഞങ്ങൾ കക്കയത്തേയ്ക്ക് പുറപ്പെട്ടു. ഏകദേശം ഒരു മണിക്കൂർ യാത്ര ഉണ്ട് പെരുവണ്ണാമൂഴിയിൽ നിന്ന് കക്കയത്തേയ്ക്ക്.
കക്കയത്ത് നിന്ന് കുറ്റ്യാടിയിലേക്ക് പാഞ്ഞുപോകുന്ന വെള്ളം.
കക്കയം അങ്ങാടിവരെയുള്ള യാത്ര മനോഹരമാണ്. അവിടുന്ന് ചെക്ക്പോസ്റ്റ് വരെ അതിമനോഹരവും. പിന്നെ കാട്ടിലൂടെയുള്ള നടപ്പിനെക്കുറിച്ച് പ്രത്യേകം പറയേണ്ടല്ലോ.
കരിയാത്തന്‍ പാറ എന്ന സ്ഥലം ഇപ്പോള്‍ സിനിമ/സീരിയൽ/കല്യാണആല്‍ബം ഷൂട്ടിങ്ങിന് പേരുകേട്ടതായി മാറിയെന്ന് ഡ്രൈവര്‍ പറഞ്ഞു.
 
 
കക്കയം അങ്ങാടിയിൽ നിന്ന് ടിക്കറ്റെടുത്തിട്ട് വേണം മുകളിലേയ്ക്ക് പോവാന്‍. അവിടെ ഒരു രജിസ്റ്ററിൽ ഫോൺ നമ്പർ എഴുതണമെന്ന് എടുത്ത് പറഞ്ഞു. അതും സ്വന്തം നമ്പരല്ല. അടുത്ത ബന്ധുവിന്റെയോ സുഹൃത്തിന്റെയോ വേണം. തിരിച്ച് വന്നില്ലെങ്കിൽ അറിയിക്കാനാണ്. പേടിപ്പിക്കല്ലേ ചേച്ചീ, എന്ന് കൌണ്ടറിലിരിക്കുന്ന സ്ത്രീയോട് പറഞ്ഞപ്പോൾ അവര്‍ക്ക് ചിരി.

മുകളിലെത്തിയാൽ കഴിക്കാനൊന്നും കിട്ടില്ലാന്ന് ആ ചേച്ചി മുന്നറിയിപ്പ് തന്നതുകൊണ്ട്, കുറച്ച് നേരത്തെയാണെങ്കിലും, അങ്ങാടിയിലെ ഒരു ഹോട്ടലിൽ നിന്ന് ഞങ്ങൾ ഊണ് കഴിച്ചു. ഒരു ഒപ്പിക്കൽ ഊണ്! പിന്നെ, dining experience-നൊന്നുമല്ലല്ലോ കക്കയം അങ്ങാടിയിൽ വന്നത്.

ഇനി, മലമുകളിലേയ്ക്ക് വളഞ്ഞുപുളഞ്ഞ വീതികുറഞ്ഞ വഴിയാണ്. കാട്ടുചെടികളും കാട്ടുപൂക്കളും അതിര് കാക്കുന്ന വഴി.

മുകളിൽ ചെക്ക്‍പോസ്റ്റ് വരെയെ വാഹനം അനുവദിക്കൂ. പിന്നെ നടക്കണം, കാട്ടിലൂടെ. ഉരക്കുഴി വെള്ളച്ചാട്ടം വരെ.
 
രാജന്റെ മൃതദേഹം ഇവിടെയാണ് കൊണ്ട് തള്ളിയതെന്ന് പറയപ്പെടുന്നു. ഒരു തൂക്ക്‍പാലത്തിൽ കയറി വെള്ളച്ചാട്ടം ആസ്വദിക്കാന്‍ കഴിയും. ആള്‍ക്കാരെ സഹായിക്കാനും വെള്ളത്തിലിറങ്ങി അപകടം വരുത്തിവയ്ക്കാതിരിക്കാനുമായി വനംവകുപ്പ് നാട്ടുകാരിൽ ചിലരെ പരിശീലനം കൊടുത്ത് നിർത്തിയിട്ടുണ്ട്.
തിരിച്ച് നടക്കുമ്പോഴേയ്ക്കും മൂടല്‍മഞ്ഞിന് കനം വച്ചിരുന്നു.
എങ്കിലും, മനോഹരമായ ഒരു ഒച്ചിനെ കാണാന്‍ സാധിച്ചു. ആദ്യമായാണ് ഇത്ര നിറങ്ങളുള്ള ഒരൊച്ചിനെ കാണുന്നത്.
Indrella ampulla
ചെക്ക്പോസ്റ്റിലെത്താറായപ്പോഴാണ്‍ പലരെയും അട്ടകടിച്ചത് അറിയുന്നത്. ഞങ്ങൾ കഷ്ടിച്ച് രക്ഷപെട്ടു. അപ്പോഴറിഞ്ഞില്ല അത് ഒരു താത്കാലികാശ്വാസമാണെന്ന്!

അങ്ങോട്ട് പോകുമ്പോൾ നോട്ടമിട്ടുവെച്ചിരുന്ന പൂക്കളെയൊക്കെ ക്യാമറയിൽ ഒപ്പിയെടുക്കാനായി ഇടയ്ക്ക് കാറ് നിര്‍ത്തിയിറങ്ങി. ഇതുവരെ കണ്ടിട്ടില്ലാത്ത മൂന്ന് തരം പൂക്കളുണ്ടായിരുന്നു.

Handsome-flowered balsam (Impatiens pulcherrima)
Rock balsam (Impatiens acaulis)
East Indian klugia (Rhynchoglossum notonianum)
ഈ മൂന്ന് പൂക്കളുടെയും ഒച്ചിന്റെയും പടം വിവരമുള്ളവര്‍ക്ക് അയച്ചുകൊടുത്ത് കിട്ടിയ പേരുകളാണ്. എനിക്ക് ഇത്ര വിവരമുണ്ടെന്ന് തെറ്റിദ്ധരിക്കേണ്ട.
ഇത് മുന്‍പ് കണ്ട് പരിചയമുണ്ട്. പക്ഷേ പേരറിയില്ല.
 പൂക്കളുടെ മാക്രോസ് എടുത്ത് രസിക്കുന്നതിനിടയിൽ മറ്റൊന്നും ശ്രദ്ധിച്ചില്ല. തിരിച്ച് കാറിലിരുന്നപ്പോഴാണ് കാലിൽ അട്ടകളുടെ വിളയാട്ടം കണ്ടത്. ആ സമയത്ത് രക്തദാനത്തിനുള്ള മൂഡൊന്നുമില്ലായിരുന്നു. പുറത്തിറങ്ങിയാൽ പിന്നെയും അട്ട കടിക്കും. കാറിലിരുന്ന് തന്നെ ഒരുവിധം എല്ലാത്തിനെയും തോണ്ടി പുറത്തിട്ടു. കാറിൽ അട്ട കക്കയം അങ്ങാടിയിൽ നിന്ന് ചായ കുടിച്ച് വീണ്ടും കോഴിക്കോട്ടേയ്ക്ക്.

പിന്‍‌കുറിപ്പ്: Kerala Hydel Tourism Centre-ന്റെ വക boating, adventure bicycle ride എന്നിവ ഈയടുത്ത് കക്കയത്ത് ആരംഭിച്ചതായി വാര്‍‌ത്ത കണ്ടു. റോഡ്മാര്‍‌ഗ്ഗം എത്തിപ്പെടാന്‍ കഴിയാത്ത അമ്പലപ്പാറ വെള്ളച്ചാട്ടം ബോട്ടിങ്ങിനിടയിൽ കാണാന്‍ കഴിയും. ഭാഗ്യമുണ്ടെങ്കിൽ മൃഗങ്ങളെയും.

Sunday, October 25, 2015

സത്യവതിയോടൊപ്പം: പ്രഥമപ്രതിശ്രുതി


സത്യവതി എന്റെ മനസ്സിൽ കുടിയിരിക്കുകയാണ്. എത്രനാളത്തേയ്ക്കെന്നറിയില്ല. മറ്റ് പല ഗൌരവമേറിയ കാര്യങ്ങൾ ചെയ്യുമ്പോഴും ഞാന്‍ അവളെക്കുറിച്ചാലോചിക്കുന്നു. സങ്കടപ്പെടുന്നു. ഇതല്ലേ എഴുത്തുകാരിയുടെ വിജയം? (വിവര്‍‌ത്തകന്റെയും?)


“പ്രഥമപ്രതിശ്രുതി” കുറേനാളാ‍യി എന്റെ ബുക്ക്ഷെല്‍ഫിൽ ഇരിക്കുന്നു. ഈയിടെ ശ്രീ. പി മാധവന്‍പിള്ളയെക്കുറിച്ച് ഈയിടെ ഒരു ലേഖനം വായിച്ചപ്പോഴാണ്‍ ഈ പുസ്തകം വായിക്കാന്‍ തോന്നിയത്. വായന തുടങ്ങിക്കഴിഞ്ഞപ്പോൾ പിന്നെ പുസ്തകം താഴെ വയ്ക്കാനായില്ല.

മുന്‍‌പൊരുകാലത്ത് ബംഗാളിൽ നിലനിന്നിരുന്ന അനാചാരങ്ങളെക്കുറിച്ച് (വിധവകള്‍ക്ക് വിധിച്ചിട്ടുള്ള നരകജീവിതവും ബാല്യവിവാഹവും സതിയും മറ്റും) കുറച്ചൊക്കെ അറിയാമായിരുന്നു. പക്ഷെ, ഈ അനാചാരങ്ങളുടെ ബലിയാടുകളായ കുറേ കഥാപാത്രങ്ങള്‍ക്കൊപ്പം ജീവിക്കാനും അവരുടെ വേദനകളെ അടുത്തറിയാനും ഒരവസരം തന്നു ശ്രീ. ആശാപൂര്‍ണ്ണാദേവി.

ഒരുപാട് തലമുറകളിൽ ഉറങ്ങിക്കിടന്ന ഒരു ജീന്‍ സത്യവതിയിൽ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് കൊണ്ടാണോ, അവൾ എല്ലാത്തിനോടും പ്രതികരിക്കാന്‍ ധൈര്യം കാണിച്ചത്? എന്നിട്ടും അച്ഛന്റെ അഭിമാനം രക്ഷിക്കാനും ബഹുമാനമില്ലാഞ്ഞിട്ടും അമ്മായിയച്ഛനോടുള്ള കടമ നിര്‍വ്വഹിക്കാനും അവൾ തയ്യാറായി.

കുട്ടിയായ സത്യ ഭർ‌ത്താവിന്റെ വീട്ടിൽ പോവുമ്പോൾ തോന്നുന്ന സങ്കടം മാറുന്നത് അവൾ ആ വീട്ടിലും സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കുമ്പോഴാണ്. പിന്നെ, അവളുടെ വളർച്ച കാണുമ്പോൾ തോന്നുന്ന സന്തോഷം അവള്‍ക്ക് കിട്ടുന്ന ഒരു വല്യ തിരിച്ചടിയിൽ—ഒരുപാട് പ്രതീക്ഷയോടെ അവൾ വളർത്തിയ മകൾ എട്ടാം വയസ്സിൽ അവളറിയാതെ കല്യാണം കഴിപ്പിക്കപ്പെടുന്നു—വേദനയായി മാറുന്നു. സത്യ വീണുപോവുമ്പോൾ, എനിക്ക് നൊന്തു. അവൾ കരയുമ്പോൾ, ഞാനും കരഞ്ഞു. വികാരങ്ങൾക്കടിമപ്പെടാതെ അവൾ മുന്നോട്ട് പോവുമ്പോൾ അഭിമാനം തോന്നി. എങ്കിലും, ആ കുഞ്ഞുമകളോട് അവൾ അനീതി കാട്ടിയില്ലേ?

നവകുമാറിനെപ്പോലെ ഭാര്യയെ അനുസരിക്കുന്ന ഒരു ഭർത്താവിനെ അല്ല അവൾക്ക് കിട്ടിയതെങ്കിൽ എന്താകുമായിരുന്നെന്ന് സത്യ ആലോചിക്കുന്നുണ്ട്. അവളെ മനസ്സിലാക്കുന്ന അച്ഛനെ കിട്ടിയില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു എന്ന് ഞാനും ആലോചിച്ചു. ഉത്തരവും കിട്ടി: ഈ കഥ ഉണ്ടാകുമായിരുന്നില്ല.

സമൂഹം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച ചട്ടക്കൂടുകൾ പൊളിച്ച് മുന്നേറാന്‍ ധൈര്യം കാ‍ണിച്ച, എനിക്ക് മുന്‍പേ നടന്നുപോയ എല്ലാ സ്ത്രീകൾക്കും നന്ദി. സത്യയെപ്പോലെ അവരൊക്കെ മുന്നിട്ടിറങ്ങിയതുകൊണ്ടാണല്ലോ എനിക്കിന്ന് പല സ്വാതന്ത്ര്യങ്ങളും അനുഭവിക്കാന്‍ കഴിയുന്നത്.

കരുത്തുറ്റ കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കിയ, അനുഗ്രഹീത എഴുത്തുകാരിയായ ശ്രീ. ആശാപൂർണ്ണാദേവിക്കും നന്ദി. അവരുടെ വരികൾ ജീവന്‍ നഷ്ടപ്പെടാതെ മലയാളത്തിലാക്കിയ ശ്രീ. പി മാധവന്‍പിള്ളയ്ക്കും.

Friday, April 24, 2015

ഒരു വിഷുദിനത്തിലെ ലിംഗ അസമത്വം


ഒരു വിഷുദിനം. ഉച്ചയ്ക്ക് ശേഷം നാലുപേർ തറവാട്ടിൽ വന്നു—ആ തറവാട്ടിലെ മകൾ, മരുമകന്‍, മകന്‍, മരുമകൾ സ്ഥാനങ്ങളിലുള്ളവർ.

വിശേഷങ്ങളൊക്കെ പറഞ്ഞിരുന്ന്, ചായയും കുടിച്ച് അവർ പോകാനിറങ്ങുമ്പോള്‍, ആ തറവാട്ടിലെ മുതിര്‍ന്ന സ്ത്രീ (മുത്തശ്ശി എന്നൊക്കെ പറഞ്ഞാൽ മനസ്സിലുണ്ടാകുന്ന ഒരു ഇമേജില്ലേ, അത് ഉണ്ടാവാതിരിക്കാനാണ് ‘മുതിര്‍ന്ന സ്ത്രീ’ എന്ന് മാത്രം വിശേഷിപ്പിച്ചത്. അതെന്താപ്പോ മുത്തശ്ശീടെ ഇമേജ് വന്നാൽ എന്നല്ലേ. മുഴുവനും വായിക്ക്) നാലുപേര്‍ക്കും വിഷുക്കൈനീട്ടം കൊടുത്തു. നാ‍ലുപേരും സന്തോഷത്തോടെ അത് വാങ്ങി.

തിരിച്ച് പോരുന്ന വഴിക്ക് ഭര്‍ത്താക്കന്മാർ രണ്ടുപേരും തങ്ങള്‍ക്ക് കിട്ടിയ കൈനീട്ടം അവരവരുടെ ഭാര്യമാരുടെ കയ്യിൽ കൊടുത്തു. അപ്പോഴല്ലേ മനസ്സിലായത് ആണുങ്ങള്‍ക്ക് അമ്പത് രൂപ വീതവും, പെണ്ണുങ്ങള്‍ക്ക് പത്ത് രൂപ വീതവും ആണ് കൊടുത്തിരിക്കുന്നത്!

പണമില്ലാഞ്ഞിട്ടല്ല, ആ സ്ത്രീ അങ്ങനെ ചെയ്തത്. അഥവാ പണമില്ലാഞ്ഞിട്ടാണെങ്കിൽ, നാലുപേര്‍ക്കും തുല്യമായി (പത്തോ മുപ്പതോ) കൊടുക്കാമല്ലോ. അതല്ലെങ്കിൽ, തറവാ‍ട്ടിലെ മകനും മകള്‍ക്കും കൂടുതലും മരുമക്കള്‍ക്ക് കുറച്ചും (അല്ലെങ്കിൽ തിരിച്ചും) കൊടുക്കാമായിരുന്നു.

വിഷുക്കൈനീട്ടത്തിലും കൂടി ലിംഗ അസമത്വം.

എന്താ ചെയ്ക!

(ഇപ്പോ മനസ്സിലായില്ലേ, ആ സ്ത്രീയെ മുത്തശ്ശി എന്ന് വിളിക്കാതിരുന്നതെന്തുകൊണ്ടാണെന്ന്.)

Friday, April 10, 2015

ഋതുഭേദക്കാഴ്ചകൾ (ട്രിയൂണ്ട് ട്രെക്ക്)

ജൂലായ്

കൊഴിഞ്ഞുപോയ പൂക്കളെയോർത്ത്
നിർത്താതെ പെയ്യുന്ന മഴയത്ത്
നനഞ്ഞ് കുതിർന്ന് നിൽക്കുന്ന
കാട്ടുപൂവരശുകളോട് കിന്നാരം
പറഞ്ഞായിരുന്നു ആദ്യം പോയത്.
മൂടൽമഞ്ഞുമായ് കൂട്ടുകൂടി
ഒളിച്ചേ കണ്ടേ കളിക്കുന്ന
സുന്ദരിക്കാടിനെ ആവോളം ആസ്വദിച്ച്
കാട്ടുവഴികൾ മുറിച്ചൊഴുകുന്ന
കുഞ്ഞരുവികളിലെ വെള്ളം തട്ടിത്തെറിപ്പിച്ച്
പാറിനടക്കുന്ന വെണ്‍‌മേഘങ്ങളെ തൊട്ടുരുമ്മി
മലകയറി മുകളിലെത്തിയപ്പോൾ
പച്ചപുതച്ച ഭൂമിയല്ലോ ഏറ്റവും സുന്ദരമെന്ന്.
മാർച്ച്

കടുംപച്ച ഇലച്ചാർത്തിനിടയില്‍ നിന്നും
ചുകചുകപ്പായ് തലനീട്ടുന്ന
കാട്ടുപൂവരശിന്‍ പൂക്കളാണ്
മഴയില്ലാത്ത മാര്‍ച്ചില്‍
മനസ്സ് തണുപ്പിച്ചത്.
പിന്നെ, വസന്തത്തിന്റെ നിറങ്ങളൊക്കെ
വാരിയണിഞ്ഞ് നില്‍ക്കുന്ന മറ്റ് പൂക്കളും
സുന്ദരിക്കാടിനെ ഒന്നൂടി തുടുപ്പിച്ചു.
ഇതൊന്നും പോരാഞ്ഞ്
കാട് കരുതിവെച്ചത്
മഞ്ഞ് മൂടിയ വഴികളും.
തെന്നിത്തടഞ്ഞും, മഞ്ഞില്‍ പുതഞ്ഞുപോയ
കാലുകൾ വലിച്ചെടുത്തും
മലകയറി മുകളിലെത്തിയപ്പോൾ
മഞ്ഞ് പുതച്ച ഭൂമിയല്ലോ ഏറ്റവും സുന്ദരമെന്ന്.
ജൂലായിലും മാര്‍ച്ചിലും ട്രിയൂണ്ട് ട്രെക്ക് ചെയതപ്പോൾ തോന്നിയത്. ഹിമാചല്‍ പ്രദേശിലെ ധരംശാലയ്ക്കടുത്താണ് ട്രിയൂണ്ട്.

Wednesday, November 2, 2011

സ്വപ്നം


മഴവെള്ളം വന്ന് തൊട്ട് വിളിച്ചപ്പോൾ നീണ്ട ഉറക്കം അവൾ മതിയാക്കി. തല നിവർത്ത്, കൈകാലുകൾ നീട്ടി പുറത്തേയ്ക്കൊന്നെത്തിനോക്കി. ഇരുട്ടിനെ പുണർന്ന് കിടന്ന് ശീലിച്ചതുകൊണ്ട് വെളിച്ചം അസഹ്യമായി തോന്നി. പക്ഷെ താ‍ൻ സ്വപ്നങ്ങളിൽ കണ്ട സ്വർഗം ഒരു മൺ‌കട്ട അകലത്തിലെന്ന് കണ്ട് അവൾ കണ്ണടച്ചുകൊണ്ട് പുറത്തുവന്നു.

പതിയെ കണ്ണുതുറന്നു. ഭൂമി! പച്ചപ്പ് നിറഞ്ഞ, നൂറായിരം നിറങ്ങളിലുള്ള പൂക്കളാൽ അലംകൃതമായ മനോഹരമായ സ്ഥലം! ആ ഭൂമിയുടെ ഭംഗിയിൽ ഒരു ഭാഗമാകുവാൻ ഭാഗ്യം കിട്ടിയതിൽ അവൾ ദൈവത്തോട് നന്ദി പറഞ്ഞു. ഇനി ഞാനും പൂക്കൾ നിറഞ്ഞ്, കാറ്റിൽ ചാഞ്ചാടി, ചിത്രശലഭങ്ങൾക്ക് തേൻ പകർന്ന് … അവൾക്ക് ഓർത്തപ്പോൾ തന്നെ കുളിര് കോരി. നെറുകയിൽ വന്ന് ഉമ്മ വെച്ച മഴത്തുള്ളി മേനിയും കുളിർപ്പിച്ചു.

അവൾ ഉത്സാഹത്തോടെ വളർന്നു. ആവോളം മഴവെള്ളം കുടിച്ച് തളിരിലകൾ വേഗം തഴച്ചു. താഴേയ്ക്ക് പടർന്ന വേരുകൾ മണ്ണിൽ നിന്ന് പകർന്നുകൊടുത്ത പോഷകാഹാരമൊക്കെ കഴിച്ച് അവൾ മൊട്ടിടാൻ തുടങ്ങി. പൂവണിയാനുള്ള വെമ്പലായിരുന്നു പിന്നെ.

“ഈ കാട്ടുചെടിയൊന്നും ഇവിടെ വേണ്ട. വല്ല പാമ്പോ പഴുതാരയോ കേറിയിരുന്നാൽ അറിയില്ല. ഇതെല്ലാം പിഴുത് ആ തെങ്ങിൻ‌ചോട്ടിലേയ്ക്കിട്.”

ഒരു കൈ നീണ്ട് വന്ന് അവളെ പിഴുതെറിയുമ്പോൾ, നിറയെ പൂവുകളുമായി കാറ്റിനോട് കിന്നാരം പറഞ്ഞ് നിൽക്കുന്ന സുന്ദരസ്വപ്നത്തെക്കുറിച്ച് അവൾ ഒരു പുൽ‌ച്ചാ‍ടിയോട് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP