സത്യവതിയോടൊപ്പം: പ്രഥമപ്രതിശ്രുതി
സത്യവതി എന്റെ മനസ്സിൽ കുടിയിരിക്കുകയാണ്. എത്രനാളത്തേയ്ക്കെന്നറിയില്ല. മറ്റ് പല ഗൌരവമേറിയ കാര്യങ്ങൾ ചെയ്യുമ്പോഴും ഞാന്‍ അവളെക്കുറിച്ചാലോചിക്കുന്നു. സങ്കടപ്പെടുന്നു. ഇതല്ലേ എഴുത്തുകാരിയുടെ വിജയം? (വിവര്‍ത്തകന്റെയും?)
“പ്രഥമപ്രതിശ്രുതി” കുറേനാളായി എന്റെ ബുക്ക്ഷെല്‍ഫിൽ ഇരിക്കുന്നു. ഈയിടെ ശ്രീ. പി മാധവന്‍പിള്ളയെക്കുറിച്ച് ഈയിടെ ഒരു ലേഖനം വായിച്ചപ്പോഴാണ്‍ ഈ പുസ്തകം വായിക്കാന്‍ തോന്നിയത്. വായന തുടങ്ങിക്കഴിഞ്ഞപ്പോൾ പിന്നെ പുസ്തകം താഴെ വയ്ക്കാനായില്ല.
മുന്‍പൊരുകാലത്ത് ബംഗാളിൽ നിലനിന്നിരുന്ന അനാചാരങ്ങളെക്കുറിച്ച് (വിധവകള്‍ക്ക് വിധിച്ചിട്ടുള്ള നരകജീവിതവും ബാല്യവിവാഹവും സതിയും മറ്റും) കുറച്ചൊക്കെ അറിയാമായിരുന്നു. പക്ഷെ, ഈ അനാചാരങ്ങളുടെ ബലിയാടുകളായ കുറേ കഥാപാത്രങ്ങള്‍ക്കൊപ്പം ജീവിക്കാനും അവരുടെ വേദനകളെ അടുത്തറിയാനും ഒരവസരം തന്നു ശ്രീ. ആശാപൂര്‍ണ്ണാദേവി.
ഒരുപാട് തലമുറകളിൽ ഉറങ്ങിക്കിടന്ന ഒരു ജീന്‍ സത്യവതിയിൽ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് കൊണ്ടാണോ, അവൾ എല്ലാത്തിനോടും പ്രതികരിക്കാന്‍ ധൈര്യം കാണിച്ചത്? എന്നിട്ടും അച്ഛന്റെ അഭിമാനം രക്ഷിക്കാനും ബഹുമാനമില്ലാഞ്ഞിട്ടും അമ്മായിയച്ഛനോടുള്ള കടമ നിര്‍വ്വഹിക്കാനും അവൾ തയ്യാറായി.
കുട്ടിയായ സത്യ ഭർത്താവിന്റെ വീട്ടിൽ പോവുമ്പോൾ തോന്നുന്ന സങ്കടം മാറുന്നത് അവൾ ആ വീട്ടിലും സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കുമ്പോഴാണ്. പിന്നെ, അവളുടെ വളർച്ച കാണുമ്പോൾ തോന്നുന്ന സന്തോഷം അവള്‍ക്ക് കിട്ടുന്ന ഒരു വല്യ തിരിച്ചടിയിൽ—ഒരുപാട് പ്രതീക്ഷയോടെ അവൾ വളർത്തിയ മകൾ എട്ടാം വയസ്സിൽ അവളറിയാതെ കല്യാണം കഴിപ്പിക്കപ്പെടുന്നു—വേദനയായി മാറുന്നു. സത്യ വീണുപോവുമ്പോൾ, എനിക്ക് നൊന്തു. അവൾ കരയുമ്പോൾ, ഞാനും കരഞ്ഞു. വികാരങ്ങൾക്കടിമപ്പെടാതെ അവൾ മുന്നോട്ട് പോവുമ്പോൾ അഭിമാനം തോന്നി. എങ്കിലും, ആ കുഞ്ഞുമകളോട് അവൾ അനീതി കാട്ടിയില്ലേ?
നവകുമാറിനെപ്പോലെ ഭാര്യയെ അനുസരിക്കുന്ന ഒരു ഭർത്താവിനെ അല്ല അവൾക്ക് കിട്ടിയതെങ്കിൽ എന്താകുമായിരുന്നെന്ന് സത്യ ആലോചിക്കുന്നുണ്ട്. അവളെ മനസ്സിലാക്കുന്ന അച്ഛനെ കിട്ടിയില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു എന്ന് ഞാനും ആലോചിച്ചു. ഉത്തരവും കിട്ടി: ഈ കഥ ഉണ്ടാകുമായിരുന്നില്ല.
സമൂഹം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച ചട്ടക്കൂടുകൾ പൊളിച്ച് മുന്നേറാന്‍ ധൈര്യം കാണിച്ച, എനിക്ക് മുന്‍പേ നടന്നുപോയ എല്ലാ സ്ത്രീകൾക്കും നന്ദി. സത്യയെപ്പോലെ അവരൊക്കെ മുന്നിട്ടിറങ്ങിയതുകൊണ്ടാണല്ലോ എനിക്കിന്ന് പല സ്വാതന്ത്ര്യങ്ങളും അനുഭവിക്കാന്‍ കഴിയുന്നത്.
കരുത്തുറ്റ കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കിയ, അനുഗ്രഹീത എഴുത്തുകാരിയായ ശ്രീ. ആശാപൂർണ്ണാദേവിക്കും നന്ദി. അവരുടെ വരികൾ ജീവന്‍ നഷ്ടപ്പെടാതെ മലയാളത്തിലാക്കിയ ശ്രീ. പി മാധവന്‍പിള്ളയ്ക്കും.
3 comments:
ഒരുപാട് പുസ്തകങ്ങൾ വായനാ ലിസ്റ്റിൽ കുന്നുകൂടിയിരിക്കുന്നുണ്ട്. ഇതും അക്കൂട്ടത്തിൽ ചേർക്കുന്നു. കിടപ്പായിപ്പോയാലും, അന്ത്യനാളുകളിൽ കാഴ്ച്ച ബാക്കിയുണ്ടാകണേ ഇതെല്ലാം വായിച്ച് തീർക്കാൻ എന്നൊരു ആഗ്രഹം മാത്രേയുള്ളൂ. ഈ അവലോകനം പുസ്തകവിചാരം ബ്ലോഗിലേക്ക് ചേർക്കുന്നതിന് അനുമതി തരാമോ ?
മുന്പ് ഇത്രയൊക്കെ ബോധം വീഴും മുന്പ് വായിച്ച് കൂടെക്കൂട്ടിയതാണ് സത്യവതിയെ. ഒരുപക്ഷെ പിന്നിട് എന്നെ മാറ്റിയെടുത്ത പലതും ഇങ്ങിനെയുള്ള വായനകളിൽ നിന്നുമാവണം..
Manoj: പുസ്തകവിചാരത്തില്‍ ചേര്‍ക്കാന്‍ അനുമതി ചോദിക്കേണ്ട കാര്യമില്ല. :)
ചേച്ചീ, വായന നമ്മളറിയാതെ നമ്മെ സ്വാധീനിക്കുന്നു. സുവര്‍ണലതയും ബകുളിന്റെ കഥയും കുറച്ച് കഴിഞ്ഞ് വായിക്കണം.
Post a Comment