Showing posts with label സാഹസികം. Show all posts
Showing posts with label സാഹസികം. Show all posts

Friday, April 10, 2015

ഋതുഭേദക്കാഴ്ചകൾ (ട്രിയൂണ്ട് ട്രെക്ക്)

ജൂലായ്

കൊഴിഞ്ഞുപോയ പൂക്കളെയോർത്ത്
നിർത്താതെ പെയ്യുന്ന മഴയത്ത്
നനഞ്ഞ് കുതിർന്ന് നിൽക്കുന്ന
കാട്ടുപൂവരശുകളോട് കിന്നാരം
പറഞ്ഞായിരുന്നു ആദ്യം പോയത്.
മൂടൽമഞ്ഞുമായ് കൂട്ടുകൂടി
ഒളിച്ചേ കണ്ടേ കളിക്കുന്ന
സുന്ദരിക്കാടിനെ ആവോളം ആസ്വദിച്ച്
കാട്ടുവഴികൾ മുറിച്ചൊഴുകുന്ന
കുഞ്ഞരുവികളിലെ വെള്ളം തട്ടിത്തെറിപ്പിച്ച്
പാറിനടക്കുന്ന വെണ്‍‌മേഘങ്ങളെ തൊട്ടുരുമ്മി
മലകയറി മുകളിലെത്തിയപ്പോൾ
പച്ചപുതച്ച ഭൂമിയല്ലോ ഏറ്റവും സുന്ദരമെന്ന്.




മാർച്ച്

കടുംപച്ച ഇലച്ചാർത്തിനിടയില്‍ നിന്നും
ചുകചുകപ്പായ് തലനീട്ടുന്ന
കാട്ടുപൂവരശിന്‍ പൂക്കളാണ്
മഴയില്ലാത്ത മാര്‍ച്ചില്‍
മനസ്സ് തണുപ്പിച്ചത്.
പിന്നെ, വസന്തത്തിന്റെ നിറങ്ങളൊക്കെ
വാരിയണിഞ്ഞ് നില്‍ക്കുന്ന മറ്റ് പൂക്കളും
സുന്ദരിക്കാടിനെ ഒന്നൂടി തുടുപ്പിച്ചു.
ഇതൊന്നും പോരാഞ്ഞ്
കാട് കരുതിവെച്ചത്
മഞ്ഞ് മൂടിയ വഴികളും.
തെന്നിത്തടഞ്ഞും, മഞ്ഞില്‍ പുതഞ്ഞുപോയ
കാലുകൾ വലിച്ചെടുത്തും
മലകയറി മുകളിലെത്തിയപ്പോൾ
മഞ്ഞ് പുതച്ച ഭൂമിയല്ലോ ഏറ്റവും സുന്ദരമെന്ന്.




ജൂലായിലും മാര്‍ച്ചിലും ട്രിയൂണ്ട് ട്രെക്ക് ചെയതപ്പോൾ തോന്നിയത്. ഹിമാചല്‍ പ്രദേശിലെ ധരംശാലയ്ക്കടുത്താണ് ട്രിയൂണ്ട്.

Tuesday, August 9, 2011

വെള്ളച്ചാട്ടത്തിലൂടെ നടന്ന് നടന്ന് ...


Rappelling പല പ്രാവശ്യം ചെയ്തിട്ടുണ്ടെങ്കിലും വെള്ളച്ചാട്ടത്തില്‍ക്കൂടി ചെയ്യുന്നതിതാദ്യം. കുറെ വര്‍‌ഷങ്ങളായുള്ള ആഗ്രഹമായിരുന്നെങ്കിലും നടന്നതിപ്പോഴാണ്.

മുംബൈയുടെയുടെയും പൂണെയുടെയും ഇടയിലുള്ള (ഏകദേശം നടുക്കായി) മനോഹരമായ കര്‍ജത് എന്ന സ്ഥലത്തിനടുത്താണ് വാം‌ഗ്‌നി. ഒരു വെള്ളച്ചാട്ടത്തിന്റെ പെരുമയുള്ള കൊച്ചുഗ്രാമം. ഒരു സബര്‍ബന്‍ സ്റ്റേഷനുമുണ്ട്. മുംബൈ—കര്‍ജത് റൂട്ടിലോടുന്ന ലോക്കല്‍ ട്രെയിനുകള്‍ ഇവിടെ നിര്‍ത്തും. സ്റ്റേഷനില്‍ നിന്ന് ഒരു മണിക്കൂര്‍ നടപ്പുണ്ട് വെള്ളച്ചാട്ടത്തിലേയ്ക്ക്. ഓട്ടോയ്ക്കും പോവാം. ഓട്ടോ നിര്‍ത്തുന്നിടത്ത് നിന്ന് 10 മിനിട്ട് നടന്നാല്‍ മതി.



മലകയറ്റത്തില്‍ പ്രമുഖനായ പ്രദീപ് ഖെല്‍‌ക്കറും സംഘവുമാണ് rappelling സംഘടിപ്പിച്ചത്. മുന്‍‌പൊരിക്കല്‍ രത്നഗിരിയില്‍ rappelling ചെയ്തതും പ്രദീപ് സാറിന്റെ കൂടെയായിരുന്നു. രണ്ട് കുട്ടികളുള്‍പ്പടെ117 പേരാണ് rappelling ചെയ്യാനെത്തിയത്. അതുകൊണ്ട് ഞങ്ങളുടെ (Nature Knights ടീമിന്റെ) ഊഴം വരാന്‍ കുറെ സമയമെടുത്തു. ആ സമയം മുതലാക്കി, എല്ലാരും മുകളിലേയ്ക്ക് പോയി വെള്ളത്തില്‍ കളിച്ച് തിമിര്‍ത്തു.


മലമുകളില്‍ നിന്ന് ഒഴുകിവരുന്നതുകൊണ്ട്, ചെറിയ വെള്ളച്ചാട്ടങ്ങളും കുഴികളും ധാരാളമുണ്ട്.


ഞാനും ഉണ്ണിയും അരുവിയുടെ ഉറവിടം തേടി മുകളിലേയ്ക്ക് നടന്നു.



ഒരു picnic spot കൂടിയാണ് വാം‌ഗ്‌നി. ധാരാളം ആള്‍ക്കാര്‍ വരുന്നുണ്ട്. നല്ലവണ്ണം ആസ്വദിച്ച ശേഷം കുപ്പയെല്ലാം വലിച്ചെറിഞ്ഞ് എല്ലായിടവും നാശമാക്കി പോവുന്ന വിദ്യാഭ്യാസമുള്ള വിവരദോഷികള്‍!

വെള്ളത്തില്‍ക്കൂടിയുള്ള നടപ്പ് നല്ല രസമായിരുന്നെങ്കിലും, പാറയും വഴുക്കലും കാരണം സമയം കൂടുതലെടുക്കുന്നെന്ന് കണ്ടപ്പോള്‍ തിരിച്ചു വന്നു. അപ്പോഴാണ്, അരുവിയുടെ ഒരു വശത്ത് ഒരു കാട്ടുപാത കണ്ടത്. അതിലെ വച്ചുപിടിച്ചു. പത്ത് മിനിറ്റ് കൊണ്ട് മുകളിലെത്തി. മുകളില്‍ എന്ന് പറഞ്ഞാല്‍, അരുവിയുടെ ഉറവിടമൊന്നുമല്ല. അത് കണ്ടുപിടിക്കണമെങ്കില്‍, കാട്ടില്‍ക്കൂടി പിന്നെയും ധാരാളം പോണം. കുറച്ചുനേരം അവിടെ അര്‍മാദിച്ച ശേഷം ബാക്കിയുള്ളവരെക്കൂടി വിളിച്ചോണ്ട് വരാമെന്ന് കരുതി താഴേയ്ക്ക് പോയി. അവരെല്ലാം rappelling ചെയ്യാന്‍ അക്ഷമരായി നില്‍ക്കുന്നു. രണ്ട്‌ പേര്‍ മാത്രമേ വരാന്‍ താത്പര്യം കാണിച്ചുള്ളൂ. ഞങ്ങളെടുത്ത ഫോട്ടോകള്‍ പിന്നെ കാണിച്ചുകൊടുത്തപ്പോള്‍ എല്ലാര്‍ക്കും നിരാശയായി.

പാക്ക് ചെയ്ത് കൊണ്ടുപോയ പറാത്തയും തൈരും അകത്താക്കി ഊര്‍ജ്ജോദ്പാദനം നടത്തിയ ശേഷം വീണ്ടും മുകളിലേയ്ക്ക്. ഇത്തവണ കുറേയേറെ നേരം അര്‍മാദിച്ചു.





പിന്നെ, rappelling. Harness കെട്ടി, മുടിയെല്ലാം സ്കാര്‍ഫിലൊതുക്കിക്കെട്ടി, ഹെല്‍മെറ്റും വച്ച് റെഡിയായി. മുടി ഒതുക്കിക്കെട്ടാതെയിരുന്നാല്‍ rappelling ചെയ്യുമ്പോള്‍ അത് മുന്നോട്ട് വന്ന് കയറില്‍ കുടുങ്ങാന്‍ സാദ്ധ്യതയുണ്ട്. പിന്നെ അനങ്ങാന്‍ പറ്റില്ല. ഒരാള്‍ rappelling ചെയ്ത് ഒപ്പമിറങ്ങിവന്ന് മുടി മുറിച്ചുമാറ്റേണ്ടി വരും. ഈപ്രാവശ്യം ഒരു കുട്ടിക്ക് അങ്ങനെ സംഭവിക്കുകയും ചെയ്തു.




മുന്‍പ് ചെയ്തിട്ടുള്ളതുകൊണ്ടാണോ, ആഴം കുറവായതുകൊണ്ടാണോ (120 feet), പാറയില്‍ അള്ളിപ്പിടിച്ച് താഴേയ്ക്ക് ഊര്‍‌ന്നിറങ്ങാന്‍ പേടി തോന്നിയില്ല. ഒരടിയോളം താഴേയ്ക്കിറങ്ങിയ ശേഷം മാത്രമേ കയറില്‍ പിടിയ്ക്കാന്‍ പാടുള്ളു. അതുവരെ മുകളില്‍ നിന്നുള്ള സപ്പോര്‍ട്ടിലാണ് നിലനില്പ്.



തെന്നുന്ന പാറയില്‍ കാലിന് പിടിത്തം കിട്ടാന്‍ ബുദ്ധിമുട്ടാണ്. മുന്‍‌പ് ചെയ്ത പലരും ഒരു സ്ഥലത്ത് തെന്നി മുട്ടുകുത്തുന്നത് കണ്ടിരുന്നു. വെള്ളത്തില്‍ക്കൂടിയുള്ള നടപ്പ് പിടിക്കാത്തതുകൊണ്ടാ‍വും എന്റെ ഷൂവിന്റെ സോള്‍ പൊളിഞ്ഞുതുടങ്ങിയിരുന്നു. എങ്കിലു, തെന്നാതെ തന്നെ ചെയ്യാന്‍ പറ്റി.

പകുതി വഴിയെത്തുമ്പോള്‍ പാറ ഉള്ളിലേയ്ക്കാവും (overhang). അവിടെയെത്തുമ്പോള്‍ വെള്ളം ശക്തിയായി തെറിക്കുന്നതുകൊണ്ട് ഒന്നും ശരിക്ക് കാണാനും പറ്റില്ല, പ്രത്യേകിച്ച് എന്നെപ്പോലുള്ള കണ്ണടധാരികള്‍ക്ക്. ആദ്യം വെള്ളച്ചാട്ടത്തിന്റെ ഒത്ത നടുക്കൂടെ ഒരു കയറിട്ടിട്ടുണ്ടായിരുന്നു. പക്ഷേ, മൂര്‍ച്ചയുള്ള പാറയില്‍ ഉരഞ്ഞ് കയര്‍ പൊട്ടാന്‍ തുടങ്ങിയതുകൊണ്ട്, ആ കയര്‍ അഴിച്ചെടുത്തു. ആ കയറില്‍ ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം.

Overhang –ല്‍ കാല്‍ നേരെ താഴേയ്ക്ക് തൂക്കിയിടണമെന്ന് അറിയാം. പക്ഷെ, പാറയില്‍ നിന്ന് കലെടുത്താല്‍ ദേഹം മൊത്തം വന്ന് പാറയിലിടിക്കും. അതൊഴിവാക്കാനാവില്ല. ഇടിയുടെ ശക്തി എത്ര കുറയ്ക്കാമെന്നാലോചിച്ച്, അവസാനം കാല്‍ താഴേയ്ക്ക് തൂക്കി. വല്യ കുഴപ്പമില്ലാത്ത ഇടിയായിരുന്നു. പിന്നെ താഴെ വരെ കാലുതൊടാതെയുള്ള rappelling.




വളരെ പെട്ടെന്ന് കഴിഞ്ഞു, അതായിരുന്നു നിരാശ. സമയക്കുറവ് കൊണ്ട് രണ്ടാമതൊന്ന് കൂടി ചെയ്യാനുള്ള അവസരം കിട്ടിയില്ല. എങ്കിലും നാലഞ്ചുമണിക്കൂര്‍ വെള്ളത്തില്‍ കളിച്ച് തിമിര്‍ത്തതുകൊണ്ട് പൈസാ വസൂല്‍!

Monday, June 22, 2009

ആകാംക്ഷയുടെ കൂടെ

ഈ പുഞ്ചിരി കാണുമ്പോള്‍ നമുക്കും സന്തോഷം

Nature Knights എല്ലാ വര്‍‌ഷവും ഒരു ഫ്രീ പ്രോഗ്രാം സംഘടിപ്പിക്കാറുണ്ട്. ഈ വര്‍ഷം അത് Akanksha എന്ന സംഘടനയ്ക്ക് വേണ്ടിയായിരുന്നു.

പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുന്ന ഒരു NGO ആണ് Akanksha. മുംബൈയിലും പൂണെയിലുമായി ധാരാളം സെന്ററുകളുണ്ട്. മുംബൈയിലെ ലോവര്‍ പരേല്‍ സെന്ററില്‍ ഞാന്‍ വോളണ്ടിയര്‍ ആയി പോകുന്നുണ്ട്. അങ്ങനെയാണ് ഈ പ്രോഗ്രാം സംഘടിപ്പിക്കാന്‍ അവസരം കിട്ടിയത്. സ്പോണ്‍‌‌സേഴ്സിനെ വേണമെന്ന് മെയില്‍ അയച്ചയുടനെ Nature Knights-ലെ പല അംഗങ്ങളും ഭക്ഷണം, ബസ്, കൂടാതെ കുട്ടികള്‍ക്കായി ചില സമ്മാനങ്ങളും സ്പോണ്‍‌സര്‍ ചെയ്യാന്‍ തയ്യാറായി.

ഏപ്രിലിലെ ഒരു ഞായറാഴ്‌ച. ഏഴരയ്ക്ക് സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കില്‍ എല്ലാ‍രും – ആകാംക്ഷയിലെ കുട്ടികളും ടീച്ചര്‍മാരും വോളണ്ടിയര്‍മാരും നേച്ചര്‍ ക്നൈറ്റ്സിലെ സംഘാടകരും വോളണ്ടിയര്‍മാരും - ഒത്തുകൂടി.


പാര്‍ക്കിലെ കന്‌ഹേരി ഗുഹകള്‍ക്കടുത്ത് ഒരു പരിചയപ്പെടല്‍

ബേസ് ക്യാമ്പിലേയ്ക്ക്

ബേസ് ക്യാമ്പ്

Rock climbing-ന്റെ ബാലപാഠങ്ങള്‍ ആസിഫ് വിവരിക്കുന്നു

ജ്ഞാനേഷിന്റെ വക ഡെമോ

Valley crossing (ശരിക്കുമുള്ള താഴ്വാരത്തിന് പകരം രണ്ട് മരങ്ങളില്‍ കയര്‍ വലിച്ച് കെട്ടിയിരിക്കുന്നു)

Rock climbing

Rappelling

പിരിയുന്നതിന് മുന്‍പ് ഒരു ഗ്രൂപ്പ് ഫോട്ടോ

കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ ഉണ്ട്.

Tuesday, May 12, 2009

ജയ് കുണ്ഡലിക!

ജയ് കുണ്ഡലിക!
(ഫോട്ടോയ്ക്ക് കടപ്പാട്: വന്ദന)

കുണ്ഡലികാനദിയിലൂടെ തെന്നിത്തെറിച്ച് പായുമ്പോള്‍ ആര്‍ത്ത്‌വിളിച്ചുപോവും, ജയ് കുണ്ഡലിക എന്ന്. കഴിഞ്ഞ മെയ്‌മാസത്തിലാണ് കുണ്ഡലികയില്‍ rafting ചെയ്തത്. അതിന്റെ ഫോട്ടോ അധികം ഒന്നും ഇല്ലാത്തതിനാല്‍ എഴുതാതിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച rafting ചെയ്യുന്ന ടീമിനെ പിന്തുടര്‍ന്ന് അവിടെ പോയി കുറെ ഫോട്ടോകളെടുത്ത്, കുണ്ഡലികയില്‍ കുളിച്ച് തിരിച്ചുവന്നപ്പോള്‍ പോസ്റ്റിടാനുള്ള പടങ്ങള്‍ കിട്ടി.

മുംബൈ-ഗോവ ഹൈവേയില്‍, മുംബൈയില്‍ നിന്ന് ഏകദേശം 120 km അകലെയാണ് കോലാഡ്. കോലാഡില്‍ നിന്ന് പൂണെയ്ക്കുള്ള റോഡില്‍ 8 km പോയാല്‍ സൂതര്‍വാഡിയിലെത്തും. അവിടുന്ന് വീണ്ടും 8 km ഉള്ളിലുള്ള ഷാജെ എന്ന ഗ്രാമത്തിലാണ് rafting തുടങ്ങുന്നത്. മുല്‍‌ഷി ഡാമില്‍ നിന്നും ഭിരാ ഡാമില്‍ നിന്നുമുള്ള വെള്ളം കുണ്ഡലികയിലേയ്ക്ക് തുറന്നുവിടുമ്പോഴാണ് rafting ചെയ്യാന്‍ പറ്റുക. നദിയിലുള്ള പാറക്കെട്ടുകളിലൂടെ വെള്ളം ഒഴുകുമ്പോള്‍ rapids ഉണ്ടാവും. Rapids ഒന്ന് മുതല്‍ ആറ് വരെയുള്ള ഗ്രേഡുകളായി തരം തിരിച്ചിട്ടുണ്ട്.

Grade I: Small, easy waves; mainly flat water
Grade II: Mainly clear passages; some areas of difficulty
Grade III: Difficult passages; narrow in places and with high waves
Grade IV: Very difficult, narrow and requiring precise manoeuvring
Grade V: Extremely difficult. Very fast-flowing waters, which can be manoeuvred only by experts
Grade VI: For all practical purposes, unmanageable - even suicidal

കുണ്ഡലികയില്‍ ഏകദേശം 12 km ദൂരത്തില്‍ rafting ചെയ്യാന് പറ്റും. രണ്ടര മണിക്കൂറെടുക്കും. ഈ റൂട്ടില്‍ ഗ്രേഡ് മൂന്നും നാലും rapids ഉണ്ട്. രാവിലെ ഒമ്പതരയ്ക്കും പത്തിനുമിടയ്ക്കാണ് സാധാരണ ഡാം തുറക്കുക. ഉച്ചയ്ക്ക് ശേഷവും തുറക്കുമെന്ന് തോന്നുന്നു. ഒമ്പതുമണിക്ക് അവിടെയെത്താന്‍ വേണ്ടി വെളുപ്പിനെ അഞ്ച് മണിക്ക് പുറപ്പെട്ടു. രാവിലത്തെ ഭക്ഷണം സമയക്കുറവ് കൊണ്ട് ബസിലിരുന്ന് തന്നെ കഴിച്ചു.

Wild River Adventures എന്ന കമ്പനി ആണ് ഇവിടെ rafting നടത്തുന്നത്. ഒരു റാഫ്റ്റില്‍ ഗൈഡിനെക്കൂടാതെ എട്ടുപേര്‍ക്കിരിക്കാം. പത്തുപേര്‍ക്ക് പോകാവുന്ന റാഫ്റ്റും ഉണ്ട്. അതിന് ഭാരം കൂടുതലായതുകൊണ്ട് അത്ര ത്രില്ലിങ്ങ് അല്ല. തിരകളെടുത്തിട്ട് അമ്മാനമാടുമ്പൊഴല്ലേ അതിന്റെ ഒരു രസം.


സുരക്ഷോപകരണങ്ങള്‍

ലൈഫ് ജാക്കറ്റും ഹെല്‍മറ്റും ധരിച്ചേ rafting ചെയ്യാന്‍ അനുവദിക്കൂ. വെള്ളത്തില്‍ വീണാലും മുങ്ങിപ്പോവാതിരിക്കാനും തല പാറക്കല്ലിലിടിക്കാതിരിക്കാനും ഇത് രണ്ടും അത്യാവശ്യമാണ്. തുടങ്ങുന്നതിന് മുന്‍പ് കുറേ നിര്‍‌ദ്ദേശങ്ങള്‍ തരും.

റിവര്‍ ഗൈഡുകള്‍

ആരെങ്കിലും വെള്ളത്തില്‍ വീണാല്‍, റാഫ്റ്റിന്റെ അടുത്തെങ്ങാനുമാണെങ്കില്‍ കയറിട്ടുതന്ന് രക്ഷിക്കാം. അകലേയ്ക്ക് ഒഴുകിപ്പോയെങ്കില്‍ kayak ആണ് രക്ഷിക്കാന്‍ വരിക. ഒരു rescue kayak എപ്പോഴും റാഫ്റ്റുകളുടെ കൂടെയുണ്ടാവും. കയാക്കിന് വേഗം സഞ്ചരിക്കാനാവും.

രക്ഷിക്കാന്‍ കയാക്ക് വന്നാല്‍ എങ്ങനെ അതില്‍ പിടിച്ച് കിടക്കണമെന്ന് കാണിച്ചുതരുന്നു

പടവെട്ടാന്‍ തയ്യാറായി ആസിഫ്

Nature Knights team all set for rafting

കരയിലിരുന്ന് എല്ലാ നിര്‍ദ്ദേശങ്ങളുമനുസരിച്ച് ഒരു റിഹേഴ്സലും നടത്തും.

Dry run

എന്നിട്ട് റാഫ്റ്റ് തള്ളി വെള്ളത്തിലിറക്കും. നനയാനുള്ള മടി മാറാനായി ഗൈഡ് ആദ്യം തന്നെ എല്ലാരുടെയും മേല്‍ കുറേ വെള്ളം കോരിയൊഴിക്കും.

ഡാമില്‍ നിന്ന് വെള്ളം വരുമ്പോള്‍ ഇവിടെയുള്ള ജലനിരപ്പും കൂടും

കുറച്ച് മുന്നോട്ട് പോവുമ്പോഴാണ് ഡാമില്‍ നിന്നുള്ള വെള്ളം വരുന്നയിടത്ത് എത്തുക. അങ്ങോട്ട് തുഴഞ്ഞ് പോണം. അവിടുന്നാണ് rapids തുടങ്ങുക.

Rapids-ന് തൊട്ടുമുന്‍പ്

Rapids-ലേയ്ക്കിറങ്ങിക്കഴിഞ്ഞു

അങ്ങോട്ട് കേറിക്കഴിഞ്ഞാല്‍ വളരെ വേഗത്തില്‍ പോവും. ഗൈഡിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ച് തുഴയുകയും, നല്ലവണ്ണം പിടിച്ചിരിക്കുകയും, റാഫ്റ്റിന്റെ ഉള്ളിലിറങ്ങിയിരിക്കുകയും ഒക്കെ വേണം. റാഫ്റ്റിന്റെ വക്കത്തിരുന്നാണ് തുഴയുന്നത്. ഞങ്ങളുടെ റാഫ്റ്റിലുണ്ടായിരുന്ന ജ്യോതിയുടെ അമ്മായിയച്ഛന്, പ്രായമായതുകൊണ്ടാവും, തുഴയാന്‍ ധൈര്യം കിട്ടിയില്ല. അതുകൊണ്ട് അദ്ദേഹത്തോട് റാഫ്റ്റിന്റെ മുന്നില്‍ നല്ലവണ്ണം പിടിച്ചിരുന്നോളാന്‍ ഗൈഡ് പറഞ്ഞു. ഒന്‍പത് പേരുള്ള റാഫ്റ്റില്‍ എട്ടുപേര്‍ തുഴഞ്ഞാലും മതി.

വലത് വശത്തൂന്നാണ് ഡാമില്‍നിന്നുള്ള വെള്ളം വരുന്നത്. ഓളങ്ങളില്ലാത്ത ഇടതുവശത്തൂന്നാണ് റാഫ്റ്റുകള്‍ വെള്ളത്തിലേയ്ക്കിറങ്ങുന്നത്.

ഗ്രേഡ് നാല് റാപ്പിഡുകളില്‍ക്കൂടി പോവുമ്പോഴാണ് കൂടുതല്‍ ത്രില്ല്. ആര്‍ത്തലച്ച് പാറക്കെട്ടുകള്‍ക്ക് മുകളിലൂടെ ഒഴുകുന്ന വെള്ളത്തില്‍ റാഫ്റ്റ് പൊങ്ങിയും താണും പായുമ്പോള്‍ തെറിച്ച് വെള്ളത്തില്‍ വീഴാനുള്ള സാദ്ധ്യത കൂടുതലാണ്. ആ സമയത്ത് റാഫ്റ്റിന്റെ ഉള്ളിലിറങ്ങിയിരിക്കണം. വെള്ളത്തില്‍ വീണാല്‍ നീന്തലറിയാമെങ്കിലും നീന്താന്‍ പാടില്ല. നീന്താന്‍ സാധിക്കില്ലാന്ന് തന്നെ പറയാം. പരിഭ്രമിക്കാതെ, കൈകള്‍ വിരിച്ച് മലര്‍ന്ന് കിടക്കണം. ലൈഫ് ജാക്കറ്റുള്ളതുകൊണ്ട് മുങ്ങിപ്പോവില്ല. റാഫ്റ്റില്‍ നിന്ന് കയറിട്ടുതന്നോ, റെസ്ക്യൂ കയാക്ക് വന്നിട്ടോ രക്ഷിക്കും വരെ അങ്ങനെ മലര്‍ന്ന് കിടന്ന് പ്രാര്‍ത്ഥിക്കണം.

മോട്ടര്‍ പിടിപ്പിച്ച റെസ്ക്യൂ റാഫ്റ്റില്‍ പരിശീലനം നടത്തുന്നു

ഇങ്ങനെ അഭ്യാസങ്ങളെല്ലാം കഴിഞ്ഞ് കുറച്ച് ശാന്തമായ ഒരിടത്തെത്തി കരയ്കടുപ്പിക്കും. കുറച്ച് വിശ്രമം. അവിടെ കരയോടടുത്ത് വെള്ളത്തിലിറങ്ങിയിരിക്കാം. പിന്നെയുള്ള ദൂരം കൂടുതലും ശാന്തമാണ്. മറ്റ് റാഫ്റ്റുകളുമായി തമാശയ്ക്ക് കൂട്ടിയിടിക്കാനും, സ്വന്തം റാഫ്റ്റ് മറിച്ചിട്ടിട്ട് അതിന്റെ മുകളില്‍ കയറിയിരിക്കാനുമൊക്കെ പറ്റും. അതുകഴിഞ്ഞ് തീര്‍ത്തും ശാന്തമായി ഒഴുകുന്നിടത്ത് എല്ലാരെയും വെള്ളത്തിലിറക്കും. മലര്‍ന്ന് കിടന്നോ കുത്തനെ നിന്നോ ഒഴുകി പോവാം. നീന്താന്‍ പാടില്ല.

വെള്ളത്തില്‍ ഒഴുകിയൊഴുകി...
(പോനാല്‍ പോകട്ടും പോടാ എന്ന് വിചാരിച്ച് ജ്ഞാനേഷ് ക്യാമറ കൊണ്ട് വന്ന് എടുത്ത ഫോട്ടോകളിലൊന്ന്)


ഏകദേശം രണ്ട് കിലോമീറ്ററോളം അങ്ങനെ പോവാം. പിന്നെ വീണ്ടും റാഫ്റ്റില്‍ കയറി ഫിനിഷിങ്ങ് പോയിന്റിലേയ്ക്ക്.

തിരിച്ച് കരയിലേയ്ക്ക്

റാഫ്റ്റുകളുടെ മടക്കം

മുഴുവന്‍ നനഞ്ഞ് കുതിരുന്നതുകൊണ്ട് ഒരു സാധനവും, പ്രത്യേകിച്ച് ക്യാമറ, മൊബൈല്‍, കൂടെ കൊണ്ടുപോവാന്‍ പറ്റില്ല. കരയില്‍ നില്‍ക്കുന്നവര്‍ക്ക് തുടക്കത്തിലും ഒടുക്കത്തിലും ഫോട്ടോ എടുക്കാന്‍ പറ്റും. മിനിഞ്ഞാന്ന് പോയപ്പോള്‍ ഞങ്ങള്‍ റാഫ്റ്റിങ്ങ് ചെയ്യാത്തതുകൊണ്ട് കുറെ ഫോട്ടോ എടുക്കാന്‍ പറ്റി. ഡാം തുറന്ന് വിട്ട് ഏകദേശം ഒരുമണിക്കൂര്‍ കഴിയുമ്പോള്‍ വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞുതുടങ്ങും. ആ സമയത്ത് ഞങ്ങള്‍ വെള്ളത്തിലിറങ്ങി.


നല്ല തെളിഞ്ഞ വെള്ളത്തില്‍ പാറകള്‍ക്കിടയില്‍ കിടക്കാന്‍ നല്ല രസം. അപ്പോഴെങ്ങാനും ഡാം തുറന്ന് വിട്ടാല്‍ ഞങ്ങള്‍ ആരുടെയെങ്കിലും പൈപ്പിലൂടെയാവും പുറത്ത് വരിക.

വെള്ളമൊഴുകിത്തീര്‍ന്നപ്പോള്‍

മുംബൈയിലുള്ള ആരെങ്കിലും ഇത് വായിച്ചിട്ട് കുണ്ഡലികയില്‍ rafting ചെയ്യണം എന്ന് തോന്നുന്നുവെങ്കില്‍ http://www.natureknights.com/-ലെ Upcoming Events-ല്‍ പോയി നോക്കാം. May 24, June 7, June 21 എന്നീ തീയതികളിലും rafting പ്ലാന്‍ ചെയ്തിട്ടുണ്ട്.

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP