Showing posts with label പാചകം. Show all posts
Showing posts with label പാചകം. Show all posts

Tuesday, March 24, 2009

നാല് പാനീയങ്ങള്‍


വേനല്‍ക്കാലം തുടങ്ങിയതോടെ വെള്ളം കുടിക്കുന്നതും കൂടിക്കാണും. കൂടിയില്ലെങ്കില്‍ കൂട്ടണം. അല്ലെങ്കില്‍ നിര്‍‌ജ്ജലീകരണം (ഹൊ! ഡീഹൈഡ്രേഷന്‍ എന്ന് പറയാന്‍ എന്തെളുപ്പം!) സംഭവിച്ച് കുഴപ്പമായാലോ. പക്ഷെ, എപ്പഴും പച്ചവെള്ളം തന്നെ കുടിച്ചുകൊണ്ടിരുന്നാല്‍ ബോറടിക്കില്ലേ. ചുക്കുവെള്ളം, കരിങ്ങാലിവെള്ളം, ഒക്കെ ഉണ്ട് ഒരു വെറൈറ്റിക്ക്. അത് ചൂടോടെ കുടിച്ചാല്‍ നല്ലതാണ്. ഉഷ്ണം ഉഷ്ണേന ശാന്തി. അതും മടുത്താലോ? വല്ലപ്പോഴും കോള കുടിക്കാം. വയറിനെ അങ്ങനെ കൊഞ്ചിച്ച് വഷളാക്കരുതല്ലോ. എന്ന് കരുതി കോള പതിവാക്കുന്നത് നന്നല്ല. പുറത്ത് പോവുമ്പോള്‍ വിശ്വസിച്ച് കുടിക്കാന്‍ വേറെ ഒന്നും കിട്ടിയില്ലെങ്കില്‍ കോളയേ രക്ഷ. ഒരു യാത്രയ്ക്കിടയില്‍ കുപ്പീലാക്കിയ വെള്ളം പല കടകളിലും അനേഷിച്ചിട്ട് കിട്ടാതായപ്പോള്‍ Sprite വാങ്ങിയതോര്‍മ്മയുണ്ട്.

പച്ചവെള്ളം, ചൂടുവെള്ളം, കോളവെള്ളം – ഇതിന്റെയെല്ലാം സ്ഥാനം മനസ്സിലായല്ലോ. ഇനി വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന, കുറേയേറെ നാള്‍ സൂക്ഷിച്ച് വയ്ക്കാവുന്ന, രുചിയുള്ള നാല് പാനീയങ്ങള്‍ ഉണ്ടാക്കുന്ന വിധമാവട്ടെ. പഞ്ചസാര ഉണ്ട് എന്നതൊഴിച്ചാല്‍ ഈ സിറപ്പുകളെല്ലാം ആരോഗ്യത്തിന് നല്ലതാണ്. പഞ്ചസാര ആവശ്യത്തിന് കുറയ്ക്കുകയോ കൂട്ടുകയോ ആവാം.

ശ്രദ്ധിയ്ക്കേണ്ട കാര്യം, സ്ക്വാഷ് ഉണ്ടാക്കുമ്പോള്‍ ഉപയോഗിക്കുന്ന എല്ലാ പാത്രങ്ങളും, ഒഴിച്ച് വയ്ക്കുന്ന കുപ്പികളും, കഴുകി ഉണക്കിയവ ആവണം. ഈ പാനീയങ്ങളെല്ലാം തന്നെ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ മൂന്നാല് മാസം വരെ കേടാവാതെയിരിക്കും. കുടിക്കാന്‍ നേരത്ത് മൂന്നോ നാലോ സ്പൂണ്‍ ഗ്ലാസ്സിലെടുത്ത് ബാ‍ക്കി വെള്ളം ചേര്‍ക്കാം. സ്ക്വാഷിന് നല്ല കളറ് വേണമെന്നുള്ളവര്‍ക്ക് അല്പം കളര്‍ തുള്ളികളും ചേര്‍ക്കാം – പച്ച, മഞ്ഞ, ചുവപ്പ്, ഓറഞ്ച്, നീല, വയലറ്റ്, ... അങ്ങനെ. :-)

നാരങ്ങ-ഇഞ്ചി സ്ക്വാഷ്

  • നാരങ്ങാനീര്: 400 മില്ലിലിറ്റര്‍
(എകദേശം 30 ഇടത്തരം നാരങ്ങ പിഴിഞ്ഞാല്‍ ഇത്രയും നീര് കിട്ടും)
  • ഇഞ്ചിനീര്: 150 മില്ലിലിറ്റര്‍
(400 ഗ്രാം ഇഞ്ചി പിഴിഞ്ഞിട്ടാണ് ഇത്രയും നീര് കിട്ടിയത്)
  • പഞ്ചസാര: 1 കിലോ

നാരങ്ങാനീരും ഇഞ്ചിനീരും ഉണ്ടാക്കുന്നതാണ് മിനക്കെട്ട പണി. നാരങ്ങ കഴുകിത്തുടച്ചിട്ട് വേണം പിഴിയാന്‍. അരിച്ചെടുക്കുകയും വേണം. ഇഞ്ചിനീരുണ്ടാക്കുമ്പോള്‍ അരയ്ക്കാന്‍ ആവശ്യത്തിന് മാത്രം വെള്ളം ചേര്‍ക്കുക. വെള്ളമേ ചേര്‍ത്തില്ലെങ്കില്‍ അതിന്റെ നൂറ് തെളിഞ്ഞ് വരില്ല. ഇഞ്ചി തൊലി കളഞ്ഞ്, കഴുകി, അരച്ച് പിഴിഞ്ഞ്, അരിച്ച്, തെളിയാന്‍ വയ്ക്കുക. കുറച്ച് സമയം കഴിഞ്ഞാല്‍ നൂറ് അടിയിലാവും. മുകളിലുള്ള നീര് ഊറ്റിയെടുത്ത് ഉപയോഗിക്കാം. ഇത് രണ്ടും റെഡിയായാല്‍ പിന്നെ പണി എളുപ്പമാണ്.


ഇടത്തരം കട്ടിയായിട്ട് പഞ്ചസാര പാനി ഉണ്ടാക്കി അരിച്ചെടുക്കണം. അത് വീണ്ടും തിളപ്പിച്ച്, അതിലേയ്ക്ക് നാരങ്ങാനീരും ഇഞ്ചിനീരും ഒഴിക്കണം. വെട്ടിത്തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ വാങ്ങിവെയ്ക്കാം. തണുത്തതിന് ശേഷം കഴുകിയുണക്കിയ കുപ്പികളിലാക്കി ഫ്രിഡ്ജില്‍ വയ്ക്കണം.


പുതിന സ്ക്വാഷ്

  • പുതിനയില: ഒരു കപ്പ്
  • പഞ്ചസാര: ഒരു കപ്പ്
(പഞ്ചസാര എത്ര എടുക്കുന്നുവോ അതേ അളവില്‍ പുതിനയിലയും എടുക്കാം. അതിനനുസരിച്ച് ബാക്കി ചേരുവകളും എടുക്കുക)
  • ഏലയ്ക: 2-3
  • ഗ്രാമ്പൂ: 3-4
  • കറുവാപ്പട്ട: ഒരു കഷണം
  • കുരുമുളക്: 8-10
  • ഇഞ്ചി: ഒരു കഷണം

പുതിന സാധാരണ കെട്ടായിട്ടാണല്ലോ വാങ്ങാന്‍ കിട്ടുക. ഒരു വല്യ കെട്ട് വാങ്ങി നല്ല ഇലകളെല്ലാം നുള്ളിയെടുക്കണം. ഈ ഇലകളെല്ലാം കഴുകി, നിരത്തിയിട്ട് ഉണക്കി എടുക്കണം. ഈര്‍പ്പം തീരെ ഉണ്ടാവാന്‍ പാടില്ല. ബാക്കി എളുപ്പമാണ്.

ഏലയ്ക, ഗ്രാമ്പൂ, കറുവാപ്പട്ട, കുരുമുളക്, ഇഞ്ചി ഇവയെല്ലാം ചതച്ചത് ചേര്‍ത്ത് പഞ്ചസാര പാനി, ഇടത്തരം കട്ടിയായിട്ട് ഉണ്ടാക്കണം. പാകമാവുമ്പോള്‍ പുതിനയില ചേര്‍ത്ത്, തീ കെടുത്തി, രണ്ടുമണിക്കൂര്‍ അടച്ച് വെയ്ക്കുക. ഇത്രയും സമയം കൊണ്ട് പുതിനയുടെ സത്തൊക്കെ പാനിയിലേയ്ക്കിറങ്ങിയിട്ടുണ്ടാവും. അരിച്ച്, തണുപ്പിച്ച് ഉണങ്ങിയ കുപ്പിയിലാക്കുക.


പുതിന സ്ക്വാഷിന് പുളി കിട്ടാന്‍ വേണമെങ്കില്‍ ഒരു ടീസ്പൂണ്‍ സിട്രിക് ആസിഡ് ക്രിസ്റ്റലുകള്‍ ചേര്‍ക്കാം. ഞാന്‍ ചേര്‍ക്കാറില്ല. കുടിക്കാന്‍ നേരത്ത് അല്പം നാരങ്ങ പിഴിഞ്ഞ് ചേര്‍ക്കും.

പെരുഞ്ചീരകം സ്ക്വാഷ്

  • പെരുഞ്ചീരകം: 100 ഗ്രാം
  • പഞ്ചസാര: 500 ഗ്രാം
  • കുരുമുളക്: 8-10
  • കറുവാപ്പട്ട: 1 കഷണം
  • ഏലയ്ക്കാ: 2-3
  • ഗ്രാമ്പൂ: 3-4

ഇത് ഉണ്ടാക്കാനാണ് ഏറ്റവും എളുപ്പം. അധികം കട്ടിയില്ലാതെ പഞ്ചസാര പാനി ഉണ്ടാക്കണം. അതിലേയ്ക്ക്, പെരുഞ്ചീരകം പൊടിച്ചതും, കുരുമുളക്-കറുവാപ്പട്ട-ഏലയ്ക്കാ-ഗ്രാമ്പൂ ചതച്ചതും ചേര്‍ത്ത് 5 മിനിറ്റ് തിളപ്പിക്കണം. പാനി കുറച്ചുകൂടി കട്ടിയാവും. വാങ്ങിവച്ച് അരിച്ച്, തണുക്കുമ്പോള്‍ കുപ്പിയിലാക്കാം.


ആം പന്ന

പേര് കേട്ട് ഞെട്ടണ്ട. കേടുവന്ന മാങ്ങ കൊണ്ടുണ്ടാക്കുന്നതല്ല ഇത്. സാധാരണ പച്ചമാങ്ങ കൊണ്ടുണ്ടാക്കുന്ന ഒരു സ്ക്വാഷാണ് ആം പന്ന (Aam Panna). ഒരു ഉത്തരേന്ത്യന്‍ പാനീയമാണിത്. അവിടുത്തെ ചൂടിനെ അതിജീവിക്കാന്‍ പറ്റിയതാണ് ഇത്.

  • പച്ചമാങ്ങ: 2
  • പഞ്ചസാര: 150 ഗ്രാം
  • ജീരകം വറുത്ത് പൊടിച്ചത്: 1 ടീസ്പൂണ്‍
  • കറുത്ത ഉപ്പ്: 1 ടീസ്പൂണ്‍
(കറുത്ത ഉപ്പ് ഒരു ഇളം പിങ്ക് നിറത്തിലാണുണ്ടാവുക. പൊടിയ്ക്കുമ്പോള്‍ കളറ് മാറുന്നതാണെന്ന് തോന്നുന്നു. പൊടി മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ.)
  • ചുക്ക് പൊടിച്ചത്: ¼ ടീസ്പൂണ്‍
  • ഉപ്പ്: ¼ ടീസ്പൂണ്‍
(അല്ലെങ്കില്‍ കറുത്ത ഉപ്പ് ¼ ടീസ്പൂണ്‍ അധികം ചേര്‍ത്താലും മതി)

മാങ്ങ കഷണങ്ങളാക്കി വെള്ളമൊഴിച്ച് വേവിക്കണം. വെന്തതിന് ശേഷം വെള്ളം ഊറ്റിക്കളഞ്ഞ്, തൊലി കളയണം. കൈകൊണ്ട് ഞെരടിയോ, മിക്സിയിലിട്ടടിച്ചോ ചാറെടുത്ത് അരിച്ചെടുക്കണം. ഇടത്തരം കട്ടിയില്‍ പഞ്ചസാര പാനിയുണ്ടാക്കി അരിച്ചെടുക്കുക. അതിലേയ്ക്ക് മാങ്ങയുടെ ചാറും, എല്ലാ പൊടികളും ചേര്‍ത്ത് ഒന്ന് തിളപ്പിക്കണം. തണുക്കുമ്പോള്‍ കുപ്പിയിലാക്കാം.


ഇനി ദാഹിക്കുമ്പോള്‍ ഓരോന്നായി എടുത്ത് കലക്കി കുടിക്കാം.

Friday, February 13, 2009

വാലന്റൈന്‍ മധുരം

ആദ്യമേ പറയട്ടെ, ഞാന്‍ വാലന്റൈന്റെ ദിനം ആഘോഷിക്കാറില്ല. സേനക്കാരുടെ ആളായതുകൊണ്ടല്ല. സ്നേഹം ആഘോഷിക്കാന്‍ അങ്ങനെ ഒരു ദിവസം വേണ്ടല്ലോ. എന്നും ആഘോഷിക്കാല്ലോ. അപ്പോ, കാര്‍ഡും ബലൂണും ഒന്നും വാങ്ങി പൈസേം കളയണ്ട.

സമയം കിട്ടിയതുകൊണ്ട് രണ്ട് സ്വീറ്റ്സ് ഉണ്ടാക്കി. എങ്കില്‍ പിന്നെ, അത് വാലന്റൈന്‍ മധുരം ആയി ഇവിടെ വിളമ്പാം എന്ന് കരുതി. ഒന്ന് നമ്മുടെ പഴയ അരി-കടല-ഓട്സ്-തേങ്ങ-ഈന്തപ്പഴം-ശര്‍ക്കര ഉണ്ട തന്നെ. രണ്ടാമത്തേത്, രസഗുള.

കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍‌പ് ഒരു കൂട്ടുകാരി പറഞ്ഞു തന്നതാണ് രസഗുള ഉണ്ടാക്കുന്ന വിധം. ഈയടുത്തെങ്ങും ഉണ്ടാക്കിയിട്ടില്ല. ഇന്നാള്, ഹൌറ എന്നൊരു റെസ്റ്റൊറന്റില്‍ പോയപ്പോള്‍ രസഗുള വാങ്ങി. അത് കഴിച്ചപ്പോള്‍ തോന്നി, ഇതിലും നന്നായി ഞാനുണ്ടാക്കുമല്ലോന്ന്.

രസഗുള


പാല്‍ - 1 ലിറ്റര്‍
തൈര് - പാല്‍ പിരിയിക്കാന്‍ ആവശ്യത്തിന്
പഞ്ചസാര – ¼ കിലോ
റോസ് എസ്സന്‍സ് – 2 തുള്ളി

ആദ്യം പനീര്‍ ഉണ്ടാക്കണം. ഫ്രെഷ് പനീര്‍ വച്ച് രസഗുള ഉണ്ടാക്കിയില്ലേല്‍ ശരിയാവില്ലാന്നാണ് അനുഭവം. കൂടുതല്‍ പനീര്‍ കിട്ടാന്‍, കട്ടിയുള്ള പാലാണ് നല്ലത്. പാല്‍ തിളച്ചുവരുമ്പോള്‍, കുറച്ച് തൈര് ഒഴിച്ച് പാല്‍ പിരിയിക്കണം. (നാരങ്ങാനീരോ വിനാഗിരിയോ ഒഴിച്ചും പാല്‍ പിരിയിക്കാം. പക്ഷെ, രസഗുള ഉണ്ടാക്കാനാണ് പനീറെങ്കില്‍ തൈരാണ് നല്ലത്. കറി വയ്ക്കാനുള്ള പനീറുണ്ടാക്കാന്‍ നാരങ്ങാനീരോ വിനാഗിരിയോ ഉപയോഗിക്കാം.) ഒന്നൂടി തിളപ്പിച്ച ശേഷം, വാങ്ങി വച്ച്, കുറച്ചാറുമ്പോള്‍, വെള്ളം ഊറ്റുക. (ഈ വെള്ളം പോഷകസമൃദ്ധമാണ്. ഇംഗ്ലീഷില്‍ whey എന്ന് പറയും. ചപ്പാത്തിയ്ക്ക് കുഴയ്ക്കുവാനും കറികള്‍ക്ക് ചേര്‍ക്കുവാനും ഇത് ഉപയോഗിക്കാം. മൂന്നാലുദിവസം വരെ ഫ്രിഡ്ജില്‍ വച്ചുപയോഗിക്കാം.)

കനം കുറഞ്ഞ ഒരു തുണിയ്ക്കകത്ത് പനീര്‍ ഒരുമണിക്കൂറോളം കെട്ടിത്തൂക്കിയിടണം. വെള്ളം ഊര്‍ന്ന് പോവാനാണ്. സിങ്കിലെ ടാപ്പില്‍‍ കെട്ടിയിട്ടാല്‍ മതി. എന്നിട്ടും ബാക്കിയുള്ള വെള്ളം കളയാന്‍, ഈ പനീറെടുത്ത് രണ്ട് പ്ലേറ്റുകളുടെ ഇടയില്‍ വയ്ക്കുക. എന്നിട്ട് അതിന്റെ മുകളില്‍ ഒരു വല്യ പാത്രം വെള്ളം കയറ്റി വയ്ക്കണം. ഭാരമുള്ള എന്തെങ്കിലും വച്ചാല്‍ മതി. ഇത് സിങ്കിന്റെ അടുത്ത് തന്നെ വെച്ചാല്‍ വൃത്തിയാക്കാന്‍ എളുപ്പമുണ്ട്. ഊറിവരുന്ന വെള്ളം സിങ്കിലേയ്ക്ക് ഒലിച്ചുപൊയ്കോളും.

രണ്ടുമണിക്കൂര്‍ കഴിഞ്ഞാല്‍ പനീര്‍ റെഡി.

ഇനി എല്ലാം എളുപ്പമാണ്. ടി.വി. ഓണ്‍ ചെയ്യുക. അല്ലേല്‍. പത്രമോ ഒരു പുസ്തകമോ വായിക്കാന്‍ പാകത്തിന് നിവര്‍ത്തി വയ്ക്കുക. എന്നിട്ട്, ഒരു പാത്രത്തില്‍ പനീര്‍ എടുത്ത് ഞെരടിപ്പീച്ചുക. 15 മിനിറ്റ് ഇങ്ങനെ ഞെരടുമ്പോള്‍ പനീര്‍ നല്ല മൃദുലമായി വരും.

എന്നിട്ട്, അതിനെ ചെറിയ ഉണ്ടകളാക്കണം.

എത്ര വലുപ്പത്തില്‍ രസഗുള വേണോ, അതിന്റെ പകുതി വലുപ്പമുള്ള ഉണ്ടകള്‍ പിടിക്കണം.

പഞ്ചസാരപ്പാനിയുണ്ടക്കാന്‍ എല്ലാര്‍ക്കുമറിയാല്ലോ. പാനി അധികം മുറുകേണ്ട. തിളയ്ക്കൂന്ന പാനിയിലേയ്ക്ക്, പനീര്‍ ഉണ്ടകള്‍ ഇട്ട് , ഇടത്തരം തീയില്‍ 10-15 മിനിറ്റ്. തിളപ്പിക്കണം. പാനി കുടിച്ച് ഈ ഉണ്ടകള്‍ വീര്‍ത്ത് വരും – എകദേശം ഒറിജിനല്‍ സൈസിന്റെ ഇരട്ടിയാകും. അതുകൊണ്ട്, ഇങ്ങനെ വികസിക്കാന്‍ സ്ഥലമുള്ള പാത്രത്തില്‍ വേണം തിളപ്പിക്കാന്‍.
ഉണ്ട പിടിക്കുമ്പോള്‍ അധികം അമര്‍ത്തിയാല്‍ പാനി അകത്തുകയറാതെ രസഗുളയ്ക്ക് ഒരു രസമുണ്ടാവില്ല. എന്നാല്‍, തീരെ അമര്‍ത്തിയില്ലെങ്കിലോ – പാനിയിലേയ്ക്കിടുമ്പോള്‍ പൊട്ടിപ്പൊളിഞ്ഞു വരും. രുചിയുണ്ടാവും. കാണാന്‍ ബോറായിരിക്കും. ഈപ്രാവശ്യം ഒരെണ്ണം പൊളിയാന്‍ തുടങ്ങി.


ഇനി നിങ്ങള് വേറെ പണിയൊക്കെ ചെയ്തോളൂ. രസഗുള അവിടെയിരുന്ന് തണുക്കട്ടെ. നന്നായി തണുത്തതിന് ശേഷം രണ്ട് തുള്ളി റോസ് എസ്സന്സ് ചേര്‍ത്ത് പതുക്കെ ഇളക്കുക. പിന്നെ, നേരെ പോട്ടെ ഫ്രിഡ്ജിലേയ്ക്ക്. തണുപ്പിച്ചാലാ നല്ലത്.

Wednesday, December 24, 2008

ഒരു ക്രിസ്തുമസ്-പുതുവത്സരമധുരം

ഇത് ഒരു പലവക ബ്ലോഗായതിനാല്‍ എന്റെ ചില പാചകപരീക്ഷണങ്ങളും പോസ്റ്റാമെന്ന് കരുതി. ഞാന്‍ നന്നായി പാചകം ചെയ്യുമെന്നാണ് ഞാനുണ്ടാക്കുന്നത് കഴിക്കുന്നവര്‍ പറയുന്നത്. എനിക്കും അങ്ങനൊരു വിചാരം ഇല്ലാതില്ല. :-) കല്യാണം കഴിഞ്ഞതിന് ശേഷമാണ് പതിവായി ഭക്ഷണം ഉണ്ടാക്കാന്‍ തുടങ്ങിയത്. ആദ്യമായി വച്ച സാമ്പാര്‍ വളരെ ബോറായിരുന്നു. ഉണ്ണിയെ ഒന്ന് impress ചെയ്യാന്‍ ഞാന്‍ വടക്കന്‍ സ്റ്റൈലില്‍ (തേങ്ങ അരച്ച്) സാമ്പാര്‍ വച്ചുനോക്കിയതാണ്. അതിന്‌ശേഷം സാമ്പാര്‍ വയ്ക്കാന്‍ പഠിപ്പിച്ചുതരാമെന്ന് പറഞ്ഞ് ഉണ്ണി ഒരു സാമ്പാര്‍ വച്ചു. എന്റെ സാമ്പാറിന് രുചികുറവാണെങ്കിലും കഴിക്കാന്‍‌കൊള്ളുമായിരുന്നു. ഉണ്ണീടെയാണെങ്കിലോ, ഉണ്ണിക്ക് തന്നെ കഴിക്കാന്‍ പറ്റിയില്ല. ഞാന്‍ പിന്നെ അതിനെ കഴിക്കാന്‍ പാകത്തിനാക്കിയെടുത്തു. അങ്ങനെ, ഒരു പോയിന്റ് സ്കോര്‍ ചെയ്തുകൊണ്ടാണ് ഞാന്‍ പാചകജൈത്രയാത്ര ആരംഭിച്ചത്.

ഞാനൊരു പാചകവിദഗ്ദ്ധയാണെന്ന അവകാശവാദമൊന്നുമില്ല. പക്ഷെ ഇടയ്ക്കൊക്കെ ഓരോന്ന് പരീക്ഷിക്കും.

പാചകത്തിന് ഞാനുണ്ടാക്കിയിരിക്കുന്ന ചില നിയമങ്ങളുണ്ട്.

1. ഒന്നും ഉണ്ടാക്കാന്‍ അധികം മിനക്കെടാന്‍ താത്പര്യമില്ല. അതേ സാധനം വാങ്ങാന്‍ കിട്ടുവാണേല്‍, അതിന്റെ രുചി എനിക്കും ഉണ്ണിക്കും ഇഷ്ടപ്പെട്ടെങ്കില്‍, അത് വീട്ടിലുണ്ടാക്കില്ല, വാങ്ങിത്തിന്നും.

2. ആരോഗ്യത്തിന് നല്ല ഭക്ഷണം ഉണ്ടാക്കണം. അല്ലാത്തവ കഴിക്കാന്‍ പാടില്ലാന്നല്ല. കഴിക്കണമെങ്കില്‍ പുറത്തൂന്ന് വാങ്ങണം.

3. ആരോഗ്യത്തിന് നല്ലതാണെങ്കില്‍ കുറച്ച് മിനക്കെട്ടാലും കുഴപ്പമില്ല.

4. ഒരു പാചകക്കുറിപ്പും അതേപടി ചെയ്യില്ല. അളവും സാധനങ്ങളും അവസരത്തിനൊത്ത് മാറ്റും.

അങ്ങനെ, ഈ നിയമങ്ങളുടെ പരിധിക്കുള്ളില്‍ വരുന്ന ഒരു പലഹാരമാണ് അരി-കടല-ഓട്സ്-തേങ്ങ-ഈന്തപ്പഴം-ശര്‍ക്കര ഉണ്ട. പണ്ടെവിടെയോ ആരോ എഴുതിയ (ആ ചേച്ചിക്ക് നന്ദി രേഖപ്പെടുത്തുന്നു) ഒരു പാചകക്കുറിപ്പിന്‍ ഞാന്‍ ചില മാറ്റങ്ങള്‍ വരുത്തി. ഓട്സ് ആരോഗ്യത്തിന് നല്ലതാണ്. അത് പോറിഡ്ജായി കഴിച്ചാല്‍ മടുത്തുപോവും. അതുകൊണ്ട് ഓട്സ് വേറെ പല രുചികരമായ രൂപത്തിലാക്കിയെടുക്കാനുള്ള എന്റെ ശ്രമത്തിന്റെ ഫലങ്ങളിലൊന്നുകൂടിയാണ് ഈ പലഹാരം.

ബൂലോകത്തിലുള്ള പാചകറാണി-രാജാമാര്‍ക്ക് ഒരു വെറ്റിലയും അടയ്ക്കയും ഒറ്റരൂപാത്തുട്ടും (ഓരോരുത്തര്‍ക്കും പ്രത്യേകം വയ്ക്കാനില്ല. അതുകൊണ്ട്, എടുത്തവര്‍ അനുഗ്രഹിച്ചിട്ട് തിരിച്ചുവയ്ക്കണം) ദക്ഷിണ വെച്ചുകൊണ്ട് ഇതാ ...

അരി-കടല-ഓട്സ്-തേങ്ങ-ഈന്തപ്പഴം-ശര്‍ക്കര ഉണ്ട

പുഴുങ്ങലരി: ¼ കിലോ
നിലക്കടല: 100 ഗ്രാം
ഓട്സ്: 100 ഗ്രാം
തേങ്ങ: 1
ഈത്തപ്പഴം: 100 ഗ്രാം
നെയ്യ്: 1 സ്പൂണ്‍ (നിര്‍ബന്ധമില്ല)

അരിയും കടലയും ചുവക്കെ വറുക്കണം. ഒന്നിച്ചല്ല, വേറെ വേറെ. ആറുമ്പോള്‍ അരി പുട്ടിന്റെ പരുവത്തില്‍ പൊടിക്കണം. കടല ഒരേപോലെ തരുതരുപ്പായി പൊടിക്കാന്‍ പറ്റിയാല്‍ നല്ലത്. ഞാന് മിക്സിയിലിട്ട് പൊടിക്കുമ്പോള്‍ ചിലതൊക്കെ നല്ലപോലെ പൊടിയും, ചിലത് അതേപടി കിടക്കും. ഓട്സും വറുത്ത് നല്ലപോലെ പൊടിക്കണം. (അരക്കിലോയുടെയോ കാല്‍ക്കിലോയുടെയോ പായ്ക്കറ്റ് വാങ്ങി, ഒന്നിച്ച് വറുത്ത് പൊടിച്ച് വച്ചാല്‍ എളുപ്പമുണ്ട്.) ഈന്തപ്പഴം ചെറുതായി അരിയണം. എന്നിട്ട് ഇതെല്ലാം ഒന്നിച്ച് ഇളക്കി വയ്ക്കാം.

ശര്‍ക്കര ഉരുക്കി അരിച്ചിട്ട് തേങ്ങ ചേര്‍ത്ത് വരട്ടുക. (തേങ്ങ ചിരണ്ടണമെന്ന് പ്രത്യേകം പറയേണ്ടല്ലോ.) നെയ്യും ചേര്‍ക്കാം. നന്നായി വരട്ടിയതിന് ശേഷം വാങ്ങിവച്ചിട്ട് പൊടികളുടെ കൂട്ട് ഇട്ട് ഇളക്കിയോജിപ്പിക്കണം. ഒരുവിധം ആറുമ്പോള്‍ ഉരുട്ടിയെടുക്കാം.



ഞാനിത് ഫ്രിഡ്ജിലാണ് സൂക്ഷിക്കാറ്. പുറത്ത് വച്ച് കേടായിപ്പോവുമോന്ന് പരീക്ഷിച്ചിട്ടില്ല.

എല്ലാവര്‍ക്കും ഈ മധുരം വിളമ്പിക്കൊണ്ട്, ക്രിസ്തുമസ്-നവവത്സരാശംസകള്‍ നേരുന്നു.

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP