Friday, February 13, 2009

വാലന്റൈന്‍ മധുരം

ആദ്യമേ പറയട്ടെ, ഞാന്‍ വാലന്റൈന്റെ ദിനം ആഘോഷിക്കാറില്ല. സേനക്കാരുടെ ആളായതുകൊണ്ടല്ല. സ്നേഹം ആഘോഷിക്കാന്‍ അങ്ങനെ ഒരു ദിവസം വേണ്ടല്ലോ. എന്നും ആഘോഷിക്കാല്ലോ. അപ്പോ, കാര്‍ഡും ബലൂണും ഒന്നും വാങ്ങി പൈസേം കളയണ്ട.

സമയം കിട്ടിയതുകൊണ്ട് രണ്ട് സ്വീറ്റ്സ് ഉണ്ടാക്കി. എങ്കില്‍ പിന്നെ, അത് വാലന്റൈന്‍ മധുരം ആയി ഇവിടെ വിളമ്പാം എന്ന് കരുതി. ഒന്ന് നമ്മുടെ പഴയ അരി-കടല-ഓട്സ്-തേങ്ങ-ഈന്തപ്പഴം-ശര്‍ക്കര ഉണ്ട തന്നെ. രണ്ടാമത്തേത്, രസഗുള.

കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍‌പ് ഒരു കൂട്ടുകാരി പറഞ്ഞു തന്നതാണ് രസഗുള ഉണ്ടാക്കുന്ന വിധം. ഈയടുത്തെങ്ങും ഉണ്ടാക്കിയിട്ടില്ല. ഇന്നാള്, ഹൌറ എന്നൊരു റെസ്റ്റൊറന്റില്‍ പോയപ്പോള്‍ രസഗുള വാങ്ങി. അത് കഴിച്ചപ്പോള്‍ തോന്നി, ഇതിലും നന്നായി ഞാനുണ്ടാക്കുമല്ലോന്ന്.

രസഗുള


പാല്‍ - 1 ലിറ്റര്‍
തൈര് - പാല്‍ പിരിയിക്കാന്‍ ആവശ്യത്തിന്
പഞ്ചസാര – ¼ കിലോ
റോസ് എസ്സന്‍സ് – 2 തുള്ളി

ആദ്യം പനീര്‍ ഉണ്ടാക്കണം. ഫ്രെഷ് പനീര്‍ വച്ച് രസഗുള ഉണ്ടാക്കിയില്ലേല്‍ ശരിയാവില്ലാന്നാണ് അനുഭവം. കൂടുതല്‍ പനീര്‍ കിട്ടാന്‍, കട്ടിയുള്ള പാലാണ് നല്ലത്. പാല്‍ തിളച്ചുവരുമ്പോള്‍, കുറച്ച് തൈര് ഒഴിച്ച് പാല്‍ പിരിയിക്കണം. (നാരങ്ങാനീരോ വിനാഗിരിയോ ഒഴിച്ചും പാല്‍ പിരിയിക്കാം. പക്ഷെ, രസഗുള ഉണ്ടാക്കാനാണ് പനീറെങ്കില്‍ തൈരാണ് നല്ലത്. കറി വയ്ക്കാനുള്ള പനീറുണ്ടാക്കാന്‍ നാരങ്ങാനീരോ വിനാഗിരിയോ ഉപയോഗിക്കാം.) ഒന്നൂടി തിളപ്പിച്ച ശേഷം, വാങ്ങി വച്ച്, കുറച്ചാറുമ്പോള്‍, വെള്ളം ഊറ്റുക. (ഈ വെള്ളം പോഷകസമൃദ്ധമാണ്. ഇംഗ്ലീഷില്‍ whey എന്ന് പറയും. ചപ്പാത്തിയ്ക്ക് കുഴയ്ക്കുവാനും കറികള്‍ക്ക് ചേര്‍ക്കുവാനും ഇത് ഉപയോഗിക്കാം. മൂന്നാലുദിവസം വരെ ഫ്രിഡ്ജില്‍ വച്ചുപയോഗിക്കാം.)

കനം കുറഞ്ഞ ഒരു തുണിയ്ക്കകത്ത് പനീര്‍ ഒരുമണിക്കൂറോളം കെട്ടിത്തൂക്കിയിടണം. വെള്ളം ഊര്‍ന്ന് പോവാനാണ്. സിങ്കിലെ ടാപ്പില്‍‍ കെട്ടിയിട്ടാല്‍ മതി. എന്നിട്ടും ബാക്കിയുള്ള വെള്ളം കളയാന്‍, ഈ പനീറെടുത്ത് രണ്ട് പ്ലേറ്റുകളുടെ ഇടയില്‍ വയ്ക്കുക. എന്നിട്ട് അതിന്റെ മുകളില്‍ ഒരു വല്യ പാത്രം വെള്ളം കയറ്റി വയ്ക്കണം. ഭാരമുള്ള എന്തെങ്കിലും വച്ചാല്‍ മതി. ഇത് സിങ്കിന്റെ അടുത്ത് തന്നെ വെച്ചാല്‍ വൃത്തിയാക്കാന്‍ എളുപ്പമുണ്ട്. ഊറിവരുന്ന വെള്ളം സിങ്കിലേയ്ക്ക് ഒലിച്ചുപൊയ്കോളും.

രണ്ടുമണിക്കൂര്‍ കഴിഞ്ഞാല്‍ പനീര്‍ റെഡി.

ഇനി എല്ലാം എളുപ്പമാണ്. ടി.വി. ഓണ്‍ ചെയ്യുക. അല്ലേല്‍. പത്രമോ ഒരു പുസ്തകമോ വായിക്കാന്‍ പാകത്തിന് നിവര്‍ത്തി വയ്ക്കുക. എന്നിട്ട്, ഒരു പാത്രത്തില്‍ പനീര്‍ എടുത്ത് ഞെരടിപ്പീച്ചുക. 15 മിനിറ്റ് ഇങ്ങനെ ഞെരടുമ്പോള്‍ പനീര്‍ നല്ല മൃദുലമായി വരും.

എന്നിട്ട്, അതിനെ ചെറിയ ഉണ്ടകളാക്കണം.

എത്ര വലുപ്പത്തില്‍ രസഗുള വേണോ, അതിന്റെ പകുതി വലുപ്പമുള്ള ഉണ്ടകള്‍ പിടിക്കണം.

പഞ്ചസാരപ്പാനിയുണ്ടക്കാന്‍ എല്ലാര്‍ക്കുമറിയാല്ലോ. പാനി അധികം മുറുകേണ്ട. തിളയ്ക്കൂന്ന പാനിയിലേയ്ക്ക്, പനീര്‍ ഉണ്ടകള്‍ ഇട്ട് , ഇടത്തരം തീയില്‍ 10-15 മിനിറ്റ്. തിളപ്പിക്കണം. പാനി കുടിച്ച് ഈ ഉണ്ടകള്‍ വീര്‍ത്ത് വരും – എകദേശം ഒറിജിനല്‍ സൈസിന്റെ ഇരട്ടിയാകും. അതുകൊണ്ട്, ഇങ്ങനെ വികസിക്കാന്‍ സ്ഥലമുള്ള പാത്രത്തില്‍ വേണം തിളപ്പിക്കാന്‍.
ഉണ്ട പിടിക്കുമ്പോള്‍ അധികം അമര്‍ത്തിയാല്‍ പാനി അകത്തുകയറാതെ രസഗുളയ്ക്ക് ഒരു രസമുണ്ടാവില്ല. എന്നാല്‍, തീരെ അമര്‍ത്തിയില്ലെങ്കിലോ – പാനിയിലേയ്ക്കിടുമ്പോള്‍ പൊട്ടിപ്പൊളിഞ്ഞു വരും. രുചിയുണ്ടാവും. കാണാന്‍ ബോറായിരിക്കും. ഈപ്രാവശ്യം ഒരെണ്ണം പൊളിയാന്‍ തുടങ്ങി.


ഇനി നിങ്ങള് വേറെ പണിയൊക്കെ ചെയ്തോളൂ. രസഗുള അവിടെയിരുന്ന് തണുക്കട്ടെ. നന്നായി തണുത്തതിന് ശേഷം രണ്ട് തുള്ളി റോസ് എസ്സന്സ് ചേര്‍ത്ത് പതുക്കെ ഇളക്കുക. പിന്നെ, നേരെ പോട്ടെ ഫ്രിഡ്ജിലേയ്ക്ക്. തണുപ്പിച്ചാലാ നല്ലത്.

24 comments:

Bindhu Unny February 13, 2009 at 10:22 PM  

എല്ലാരും രസഗുള കഴിച്ച് സന്തോഷമായിരിക്കൂ. :-)

അനില്‍@ബ്ലോഗ് // anil February 13, 2009 at 10:50 PM  

((ഠേ))

നല്ല രസമുള്ള രസഗുള, കാണാന്‍.
:)

എല്ലാ പൂവാല്‍ന്മാരും ഓരോന്ന് എടുത്ത് ഇഷ്ടപ്പെട്ടവര്‍ക്ക് കൊടുക്കുക.

Anuroop Sunny February 13, 2009 at 11:57 PM  

എന്നാ മുധുരമാ.

ഹരീഷ് തൊടുപുഴ February 14, 2009 at 8:19 AM  

ഒരു രസഗുള എടുത്ത് ഞാനെന്റെ പൂവാലിക്ക് കൊടുക്കട്ടെ..

Ranjith chemmad / ചെമ്മാടൻ February 14, 2009 at 2:02 PM  

മധുരതരം.....

ശ്രീ February 15, 2009 at 1:11 PM  

പാചകവുമുണ്ടല്ലേ ചേച്ചീ... കൊള്ളാം
:)

ചങ്കരന്‍ February 15, 2009 at 8:53 PM  

ആഹാ, രസഗുള കലക്കി.

Foodie@calicut February 15, 2009 at 11:50 PM  

രസഗുള റപ്പായിയെ വല്ലാതെ പ്രകോപിപ്പിക്കുന്നു. ഇതിന്‌ പ്രതികാരമായി ഉടന്‍ ഒരു പലഹാരവിഭവം എഴുതിയിട്ട്‌ തന്നെ കാര്യം. ഹല്ല പിന്നെ...

വെളിച്ചപ്പാട് February 16, 2009 at 1:39 PM  

ഭുജിച്ചിട്ടുണ്ടെങ്കിലും പാചകരീതീ അറിയില്ലായിരുന്നു.
നന്ദീണ്ട്....

Bindhu Unny February 16, 2009 at 1:57 PM  

അനില്‍: നന്ദി. ആ തേങ്ങ ഞാന്‍ എടുത്ത് ഫ്രിഡ്ജില്‍ വച്ചു. തേങ്ങാബര്‍‌ഫി ഉണ്ടാക്കീട്ട് പോസ്റ്റാം. :-)

അനുരൂപ്: നന്ദി. മധുരം അധികമാണെങ്കില്‍ പഞ്ചസാര കുറച്ചോളൂ. :-)

ഹരീഷ്: പൂവാലിക്കേ കൊടുക്കാവൂ. വേറാര്‍ക്കും കൊടുക്കല്ലേ. :-)

രണ്‍ജിത്: നന്ദി :-)

ശ്രീ: നന്ദി. പാചകിച്ചല്ലേ പറ്റൂ. :-)

ചങ്കരന്‍: നന്ദി :-)

Foodie@calicut: പോരട്ടെ പുതിയ ഒരു പലഹാരം. :-)

വെളിച്ചപ്പാട്: ഇനീ പാ‍ചകിച്ച് കഴിച്ച് നോക്കൂ. :-)

the man to walk with February 16, 2009 at 2:35 PM  

onathinu payassam pole valentinesdaykku rasagulayanalle vendath..!!
congrats

siva // ശിവ February 16, 2009 at 3:17 PM  

വളരെ നന്ദി....മുമ്പൊരിയ്ക്കല്‍ ഇത് കഴിച്ചിട്ടുണ്ട്....അപ്പോഴേ കരുതിയതാ ഇത് ഉണ്ടാക്കാനും പഠിക്കണം എന്ന്.....നന്ദി.....

Sureshkumar Punjhayil February 16, 2009 at 3:45 PM  

Thanks a lot dear. Really sweeeeet. Best wishes.

Dhanya February 16, 2009 at 5:31 PM  

അയ്യൊ ഞാന്‍ diet ആനു :(

★ Shine February 16, 2009 at 6:40 PM  

വാലെന്റയിൻസ്‌ ദിനതിന്റെ ചിലവിൽ രസഗുള ഉണ്ടാക്കുന്നത്‌ എങ്ങനെന്നു പടിച്ചു !

OAB/ഒഎബി February 17, 2009 at 9:39 AM  

ഇതുണ്ടാക്കി ഫാര്യേടെ മുമ്പിലൊന്ന് ആളാവണം.

അനില്‍ വേങ്കോട്‌ February 17, 2009 at 11:20 AM  

മധുരം ജീവാമൃത ബിന്ദു എന്നാരോ പാടിയിട്ടുണ്ടല്ലോ.
സത്യത്തിൽ ഇതാണു സ്നേഹം. സ്നേഹിക്കുന്നവനു
പുട്ടിൽ മുട്ടവച്ചു കൊടുക്കുന്നതിനെകുറിച്ചു ബഷീർ പറയുന്നുണ്ട്. ഇവിടെ രസഗുള. ഇത്രമേൽ മധുരിക്കുമ്മെന്നു കരുതിയതേഇല്ല

ഗൗരിനാഥന്‍ February 17, 2009 at 12:07 PM  

thanks friends...

Bindhu Unny February 17, 2009 at 3:08 PM  

the man to walk with: നമുക്ക് അങ്ങനെ പറഞ്ഞുണ്ടാക്കാം. ബംഗാളി സ്വീറ്റ്സ് കടക്കാര്‍ക്ക് കോളാകും. :-)

ശിവ: ഉണ്ടാക്കി നോക്കീട്ട് അറിയിക്കണേ. :-)

Sureshkumar Punjhayil‍: നന്ദി :-)

Dhanya: ഒരെണ്ണം എടുക്കൂന്നേ. ഒന്ന് കഴിച്ചാല്‍ തടി കൂടില്ല. :-)

shine അഥവാ കുട്ടേട്ടൻ: ഇനി ഉണ്ടാക്കിക്കോളൂ. :-)

OAB: ‘ഫാര്യക്ക്’ സന്തോഷമാവും. :-)

അനില്‍ വേങ്കോട്: പുട്ടില്‍ മുട്ട വച്ച് കൊടുക്കുന്ന കാര്യം കേട്ടിട്ടില്ല. ഒന്ന് ട്രൈ ചെയ്യാനും പറ്റില്ല - ഉണ്ണി വെജിറ്റേറിയനാണേ. :-)

ഗൗരിനാഥന്‍: നന്ദി :-)

Arun Meethale Chirakkal February 17, 2009 at 5:52 PM  

ഹാ രസഗുള, ഗുലാബ് ജാമൂന്‍...ഇതൊന്നുമില്ലായിരുന്നെങ്കില്‍...
ഓരോ തവണ നാട്ടില്‍ പോകുമ്പോഴും കൊണ്ടു പോകും
എന്നിട്ട് ഞാന്‍ തന്നെ തിന്നു തീര്‍ക്കും.
ചേച്ചി നീണാള്‍ വാഴട്ടെ.

poocha^-.-^ February 17, 2009 at 6:00 PM  

ഞാന്‍ പണ്ട് ഇണ്ടാക്കി നോക്കിട്ടു ശരി ആവാത്ത സംഗതി ആണ്. ഇനി ഒന്നുടെ നോക്കട്ടെ. thanks for the photos.:)

bini February 23, 2009 at 4:11 PM  

Thank u so much for rasagula... njan orikkal undaakki nokkiyitt nannaayilla... njan ann vineger aan use cheithath.... yoghurt ethra quantity vendi varum....?? onnu paranju tharo??

നിരക്ഷരൻ February 23, 2009 at 4:51 PM  

വാലന്റെനൊന്നും ഞമ്മളും ആഘോഷിക്കാറില്ല. ഇതൊക്കെ ഉണ്ടാക്കി തിന്നാനൊന്നും സമയമില്ല ബിന്ദൂ. ഉണ്ടാക്കി വെച്ചാല്‍ കഴിക്കാന്‍ കൂടാം.

ഓ.ടോ:- ഇന്നലെ വൈകീട്ട് മുംബൈ മഹാനഗരത്തില്‍ എത്തിയിട്ടുണ്ട്. ഇത് കുറച്ച് ഉണ്ടാക്കി കാന്തിവിലിയിലേക്ക് അയക്കാമോ ? സ്ലം‌ഡോഗ് ഓസ്ക്കാര്‍ വിജയം ആഘോഷിക്കാനാ...:)

Bindhu Unny February 25, 2009 at 12:37 PM  

അരുണ്‍: ഇനീ നാ‍ട്ടില്‍ പോവുമ്പോള്‍ ഉണ്ടാക്കി തന്നെ തിന്നുനോക്കൂ. :-)

poocha: ഉണ്ടാക്കീട്ട് അറിയിക്കണേ. :-)

bini: തൈര് ഞാന്‍ അളന്നല്ല ചേര്‍ക്കാറ്. കുറച്ച് കുറച്ച് ചേര്‍ത്ത് ഇളക്കിനോക്കും - നല്ലവണ്ണം പാ‍ല്‍ പിരിയുന്നത് വരെ. ഉണ്ടാക്കി നോക്കീട്ട് അറിയിക്കണം. :-)

നിരക്ഷരന്‍: ഗീതയോട് ഒന്ന് പറഞ്ഞ്‌നോ‍ക്ക് മാഷേ. :-)

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP