Tuesday, March 24, 2009

നാല് പാനീയങ്ങള്‍


വേനല്‍ക്കാലം തുടങ്ങിയതോടെ വെള്ളം കുടിക്കുന്നതും കൂടിക്കാണും. കൂടിയില്ലെങ്കില്‍ കൂട്ടണം. അല്ലെങ്കില്‍ നിര്‍‌ജ്ജലീകരണം (ഹൊ! ഡീഹൈഡ്രേഷന്‍ എന്ന് പറയാന്‍ എന്തെളുപ്പം!) സംഭവിച്ച് കുഴപ്പമായാലോ. പക്ഷെ, എപ്പഴും പച്ചവെള്ളം തന്നെ കുടിച്ചുകൊണ്ടിരുന്നാല്‍ ബോറടിക്കില്ലേ. ചുക്കുവെള്ളം, കരിങ്ങാലിവെള്ളം, ഒക്കെ ഉണ്ട് ഒരു വെറൈറ്റിക്ക്. അത് ചൂടോടെ കുടിച്ചാല്‍ നല്ലതാണ്. ഉഷ്ണം ഉഷ്ണേന ശാന്തി. അതും മടുത്താലോ? വല്ലപ്പോഴും കോള കുടിക്കാം. വയറിനെ അങ്ങനെ കൊഞ്ചിച്ച് വഷളാക്കരുതല്ലോ. എന്ന് കരുതി കോള പതിവാക്കുന്നത് നന്നല്ല. പുറത്ത് പോവുമ്പോള്‍ വിശ്വസിച്ച് കുടിക്കാന്‍ വേറെ ഒന്നും കിട്ടിയില്ലെങ്കില്‍ കോളയേ രക്ഷ. ഒരു യാത്രയ്ക്കിടയില്‍ കുപ്പീലാക്കിയ വെള്ളം പല കടകളിലും അനേഷിച്ചിട്ട് കിട്ടാതായപ്പോള്‍ Sprite വാങ്ങിയതോര്‍മ്മയുണ്ട്.

പച്ചവെള്ളം, ചൂടുവെള്ളം, കോളവെള്ളം – ഇതിന്റെയെല്ലാം സ്ഥാനം മനസ്സിലായല്ലോ. ഇനി വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന, കുറേയേറെ നാള്‍ സൂക്ഷിച്ച് വയ്ക്കാവുന്ന, രുചിയുള്ള നാല് പാനീയങ്ങള്‍ ഉണ്ടാക്കുന്ന വിധമാവട്ടെ. പഞ്ചസാര ഉണ്ട് എന്നതൊഴിച്ചാല്‍ ഈ സിറപ്പുകളെല്ലാം ആരോഗ്യത്തിന് നല്ലതാണ്. പഞ്ചസാര ആവശ്യത്തിന് കുറയ്ക്കുകയോ കൂട്ടുകയോ ആവാം.

ശ്രദ്ധിയ്ക്കേണ്ട കാര്യം, സ്ക്വാഷ് ഉണ്ടാക്കുമ്പോള്‍ ഉപയോഗിക്കുന്ന എല്ലാ പാത്രങ്ങളും, ഒഴിച്ച് വയ്ക്കുന്ന കുപ്പികളും, കഴുകി ഉണക്കിയവ ആവണം. ഈ പാനീയങ്ങളെല്ലാം തന്നെ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ മൂന്നാല് മാസം വരെ കേടാവാതെയിരിക്കും. കുടിക്കാന്‍ നേരത്ത് മൂന്നോ നാലോ സ്പൂണ്‍ ഗ്ലാസ്സിലെടുത്ത് ബാ‍ക്കി വെള്ളം ചേര്‍ക്കാം. സ്ക്വാഷിന് നല്ല കളറ് വേണമെന്നുള്ളവര്‍ക്ക് അല്പം കളര്‍ തുള്ളികളും ചേര്‍ക്കാം – പച്ച, മഞ്ഞ, ചുവപ്പ്, ഓറഞ്ച്, നീല, വയലറ്റ്, ... അങ്ങനെ. :-)

നാരങ്ങ-ഇഞ്ചി സ്ക്വാഷ്

  • നാരങ്ങാനീര്: 400 മില്ലിലിറ്റര്‍
(എകദേശം 30 ഇടത്തരം നാരങ്ങ പിഴിഞ്ഞാല്‍ ഇത്രയും നീര് കിട്ടും)
  • ഇഞ്ചിനീര്: 150 മില്ലിലിറ്റര്‍
(400 ഗ്രാം ഇഞ്ചി പിഴിഞ്ഞിട്ടാണ് ഇത്രയും നീര് കിട്ടിയത്)
  • പഞ്ചസാര: 1 കിലോ

നാരങ്ങാനീരും ഇഞ്ചിനീരും ഉണ്ടാക്കുന്നതാണ് മിനക്കെട്ട പണി. നാരങ്ങ കഴുകിത്തുടച്ചിട്ട് വേണം പിഴിയാന്‍. അരിച്ചെടുക്കുകയും വേണം. ഇഞ്ചിനീരുണ്ടാക്കുമ്പോള്‍ അരയ്ക്കാന്‍ ആവശ്യത്തിന് മാത്രം വെള്ളം ചേര്‍ക്കുക. വെള്ളമേ ചേര്‍ത്തില്ലെങ്കില്‍ അതിന്റെ നൂറ് തെളിഞ്ഞ് വരില്ല. ഇഞ്ചി തൊലി കളഞ്ഞ്, കഴുകി, അരച്ച് പിഴിഞ്ഞ്, അരിച്ച്, തെളിയാന്‍ വയ്ക്കുക. കുറച്ച് സമയം കഴിഞ്ഞാല്‍ നൂറ് അടിയിലാവും. മുകളിലുള്ള നീര് ഊറ്റിയെടുത്ത് ഉപയോഗിക്കാം. ഇത് രണ്ടും റെഡിയായാല്‍ പിന്നെ പണി എളുപ്പമാണ്.


ഇടത്തരം കട്ടിയായിട്ട് പഞ്ചസാര പാനി ഉണ്ടാക്കി അരിച്ചെടുക്കണം. അത് വീണ്ടും തിളപ്പിച്ച്, അതിലേയ്ക്ക് നാരങ്ങാനീരും ഇഞ്ചിനീരും ഒഴിക്കണം. വെട്ടിത്തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ വാങ്ങിവെയ്ക്കാം. തണുത്തതിന് ശേഷം കഴുകിയുണക്കിയ കുപ്പികളിലാക്കി ഫ്രിഡ്ജില്‍ വയ്ക്കണം.


പുതിന സ്ക്വാഷ്

  • പുതിനയില: ഒരു കപ്പ്
  • പഞ്ചസാര: ഒരു കപ്പ്
(പഞ്ചസാര എത്ര എടുക്കുന്നുവോ അതേ അളവില്‍ പുതിനയിലയും എടുക്കാം. അതിനനുസരിച്ച് ബാക്കി ചേരുവകളും എടുക്കുക)
  • ഏലയ്ക: 2-3
  • ഗ്രാമ്പൂ: 3-4
  • കറുവാപ്പട്ട: ഒരു കഷണം
  • കുരുമുളക്: 8-10
  • ഇഞ്ചി: ഒരു കഷണം

പുതിന സാധാരണ കെട്ടായിട്ടാണല്ലോ വാങ്ങാന്‍ കിട്ടുക. ഒരു വല്യ കെട്ട് വാങ്ങി നല്ല ഇലകളെല്ലാം നുള്ളിയെടുക്കണം. ഈ ഇലകളെല്ലാം കഴുകി, നിരത്തിയിട്ട് ഉണക്കി എടുക്കണം. ഈര്‍പ്പം തീരെ ഉണ്ടാവാന്‍ പാടില്ല. ബാക്കി എളുപ്പമാണ്.

ഏലയ്ക, ഗ്രാമ്പൂ, കറുവാപ്പട്ട, കുരുമുളക്, ഇഞ്ചി ഇവയെല്ലാം ചതച്ചത് ചേര്‍ത്ത് പഞ്ചസാര പാനി, ഇടത്തരം കട്ടിയായിട്ട് ഉണ്ടാക്കണം. പാകമാവുമ്പോള്‍ പുതിനയില ചേര്‍ത്ത്, തീ കെടുത്തി, രണ്ടുമണിക്കൂര്‍ അടച്ച് വെയ്ക്കുക. ഇത്രയും സമയം കൊണ്ട് പുതിനയുടെ സത്തൊക്കെ പാനിയിലേയ്ക്കിറങ്ങിയിട്ടുണ്ടാവും. അരിച്ച്, തണുപ്പിച്ച് ഉണങ്ങിയ കുപ്പിയിലാക്കുക.


പുതിന സ്ക്വാഷിന് പുളി കിട്ടാന്‍ വേണമെങ്കില്‍ ഒരു ടീസ്പൂണ്‍ സിട്രിക് ആസിഡ് ക്രിസ്റ്റലുകള്‍ ചേര്‍ക്കാം. ഞാന്‍ ചേര്‍ക്കാറില്ല. കുടിക്കാന്‍ നേരത്ത് അല്പം നാരങ്ങ പിഴിഞ്ഞ് ചേര്‍ക്കും.

പെരുഞ്ചീരകം സ്ക്വാഷ്

  • പെരുഞ്ചീരകം: 100 ഗ്രാം
  • പഞ്ചസാര: 500 ഗ്രാം
  • കുരുമുളക്: 8-10
  • കറുവാപ്പട്ട: 1 കഷണം
  • ഏലയ്ക്കാ: 2-3
  • ഗ്രാമ്പൂ: 3-4

ഇത് ഉണ്ടാക്കാനാണ് ഏറ്റവും എളുപ്പം. അധികം കട്ടിയില്ലാതെ പഞ്ചസാര പാനി ഉണ്ടാക്കണം. അതിലേയ്ക്ക്, പെരുഞ്ചീരകം പൊടിച്ചതും, കുരുമുളക്-കറുവാപ്പട്ട-ഏലയ്ക്കാ-ഗ്രാമ്പൂ ചതച്ചതും ചേര്‍ത്ത് 5 മിനിറ്റ് തിളപ്പിക്കണം. പാനി കുറച്ചുകൂടി കട്ടിയാവും. വാങ്ങിവച്ച് അരിച്ച്, തണുക്കുമ്പോള്‍ കുപ്പിയിലാക്കാം.


ആം പന്ന

പേര് കേട്ട് ഞെട്ടണ്ട. കേടുവന്ന മാങ്ങ കൊണ്ടുണ്ടാക്കുന്നതല്ല ഇത്. സാധാരണ പച്ചമാങ്ങ കൊണ്ടുണ്ടാക്കുന്ന ഒരു സ്ക്വാഷാണ് ആം പന്ന (Aam Panna). ഒരു ഉത്തരേന്ത്യന്‍ പാനീയമാണിത്. അവിടുത്തെ ചൂടിനെ അതിജീവിക്കാന്‍ പറ്റിയതാണ് ഇത്.

  • പച്ചമാങ്ങ: 2
  • പഞ്ചസാര: 150 ഗ്രാം
  • ജീരകം വറുത്ത് പൊടിച്ചത്: 1 ടീസ്പൂണ്‍
  • കറുത്ത ഉപ്പ്: 1 ടീസ്പൂണ്‍
(കറുത്ത ഉപ്പ് ഒരു ഇളം പിങ്ക് നിറത്തിലാണുണ്ടാവുക. പൊടിയ്ക്കുമ്പോള്‍ കളറ് മാറുന്നതാണെന്ന് തോന്നുന്നു. പൊടി മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ.)
  • ചുക്ക് പൊടിച്ചത്: ¼ ടീസ്പൂണ്‍
  • ഉപ്പ്: ¼ ടീസ്പൂണ്‍
(അല്ലെങ്കില്‍ കറുത്ത ഉപ്പ് ¼ ടീസ്പൂണ്‍ അധികം ചേര്‍ത്താലും മതി)

മാങ്ങ കഷണങ്ങളാക്കി വെള്ളമൊഴിച്ച് വേവിക്കണം. വെന്തതിന് ശേഷം വെള്ളം ഊറ്റിക്കളഞ്ഞ്, തൊലി കളയണം. കൈകൊണ്ട് ഞെരടിയോ, മിക്സിയിലിട്ടടിച്ചോ ചാറെടുത്ത് അരിച്ചെടുക്കണം. ഇടത്തരം കട്ടിയില്‍ പഞ്ചസാര പാനിയുണ്ടാക്കി അരിച്ചെടുക്കുക. അതിലേയ്ക്ക് മാങ്ങയുടെ ചാറും, എല്ലാ പൊടികളും ചേര്‍ത്ത് ഒന്ന് തിളപ്പിക്കണം. തണുക്കുമ്പോള്‍ കുപ്പിയിലാക്കാം.


ഇനി ദാഹിക്കുമ്പോള്‍ ഓരോന്നായി എടുത്ത് കലക്കി കുടിക്കാം.

Monday, March 16, 2009

സ്വന്തമായി ഒരു പിടി മണ്ണ്

സ്വന്തമായി ഒരു പിടി മണ്ണ് – ഒരുപാട് നാളായുള്ള മോഹമായിരുന്നു. മണ്ണിന് സ്വര്‍ണ്ണത്തിന്റെ വിലയായതും സ്വര്‍ണ്ണത്തിന്റെ വില അതിനും‌ മേലേയ്ക്ക് കയറുന്നതും കണ്ട് നിരാശപ്പെട്ടു. പണമുള്ളവര്‍ മണ്ണ് വാങ്ങിക്കൂട്ടുന്നത് കണ്ട് അസൂയ പൂണ്ടു.

ഇതിങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. പണമില്ലാത്തവര്‍ക്കും വേണ്ടേ സ്വന്തമായി ഇത്തിരി മണ്ണ്. അവസാനം രണ്ടും കല്‍പ്പിച്ച് ഇന്നലെപ്പോയി ഒരു പിടിയല്ല, ഒരു പായ്ക്കറ്റ് മണ്ണ് വാങ്ങി.

സന്തോഷം. സംതൃപ്തി. സായൂജ്യം.

ഇതാ എന്റെ മണ്ണ്. എന്റെ സ്വന്തം മണ്ണ്.

Wednesday, March 11, 2009

നിറങ്ങള്‍ തന്‍ നൃത്തം


ഇന്ന് ഹോളി അഥവാ രംഗ്‌പഞ്ചമി. തീയാല്‍ മരിക്കില്ലെന്ന വരമുണ്ടെന്ന ധൈര്യത്തില്‍ പ്രഹ്ലാദനുമായി അഗ്നികുണ്ഠത്തില്‍ കയറിയ ഹിരണ്യകശിപുവിന്റെ സഹോദരി ഹോളികയുടെ മരണം അഥവാ തിന്മയുടെ മരണം ആണ് ഹോളി എന്ന ഉത്സവത്തിന് ആഘോഷിക്കുന്നത്. ഇതിന്റെ ഓര്‍‌മ്മയ്ക്കായി ഹോളിയുടെ തലേന്ന് വല്യ തീക്കുണ്ഠം ഉണ്ടാക്കും. നിറങ്ങളുടെ ആഘോഷമായി ഹോളിയെ മാറ്റിയത് ഭഗവാന്‍ ശ്രീകൃഷ്ണനാണെന്ന് പറയപ്പെടുന്നു. ഉണ്ണിക്കൃഷ്ണന്റെ കുസൃതികളിലൊന്നായിരുന്നത്രെ ഹോളി ദിനത്തില്‍ നിറങ്ങള്‍ കൊണ്ടുള്ള കളി.

പരസ്പരം നിറങ്ങള്‍ വാരിയെറിഞ്ഞുകൊണ്ടുള്ള ഈ ഉത്സവം കോളേജില്‍ പഠിക്കുന്ന കാലം തൊട്ടേ എനിക്ക് പേടിയാണ്. കോളേജിലെ ഉത്തരേന്ത്യന്‍ വിദ്യാര്‍‌ത്ഥികള്‍ക്ക് ഹോളി വല്യ ആഘോഷമാ‍ണ്. നമുക്ക് ഓണം പോലെയായിരിക്കണം അവര്‍ക്ക് ഹോളി. അവരുടെ ആഘോഷത്തില്‍ മലയാളി വിദ്യാര്‍‌ത്ഥികള്‍ പങ്കുചേരും. ദേശീയോദ്ഗ്രഥനത്തിനൊന്നുമല്ല. ആ പേരില്‍ പെണ്‍കുട്ടികളുടെ ദേഹത്ത് തോണ്ടാ‍നും തൊടാനും, പിന്നെ ക്ലാസ് നടക്കാതിരിക്കാനും. ഹോളി ബഹളം കാരണം എല്ലാ വര്‍ഷവും ഉച്ച കഴിഞ്ഞ് ക്ലാസ് സസ്പെന്‍ഡ് ചെയ്യും. വേറാരും വന്ന് തേയ്ക്കാതിരിക്കാന്‍ ഞങ്ങള്‍ രാവിലെ തന്നെ സ്വയം കുറച്ച് കളര്‍ മുഖത്ത് തേയ്ക്കും. അങ്ങനെ നാലുവര്‍ഷം ഓരോ ഹോളിയും തള്ളിനീക്കി.

മുംബൈയിലെ ഹോളി. കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഭവിച്ച അത്യാഹിതങ്ങളെക്കുറിച്ച് പത്രങ്ങളില്‍ വായിച്ച് എന്റെ പേടി അധികരിച്ചു. രാസവസ്തുക്കള്‍ നിറഞ്ഞ നിറങ്ങള്‍ കൊണ്ടുണ്ടായ ത്വക്ക്-കണ്ണ് രോഗങ്ങള്‍, വെള്ളം നിറച്ച ബലൂണിന്റെ ഏറ് കൊണ്ടിട്ടുണ്ടായ ക്ഷതങ്ങള്‍ - ഒക്കെ പോട്ടേന്ന് വയ്ക്കാം. ഹോളിയുടെ പേരില്‍ കല്ലും, ചെളിവെള്ളവും എറിയുന്നത് എന്തിന്? ചേരികളിലെ ചില കുട്ടികള്‍ ഒരു മാസം മുന്‍പ് തന്നെ ഈ ആവശ്യത്തിനായി ചെളിവെള്ളം ശേഖരിച്ചുവയ്ക്കും എന്ന് പത്രത്തില്‍ എഴുതിക്കണ്ടു. എറിയുന്നതോ, ലോക്കല്‍ ട്രെയിനിന്റെ ഫസ്റ്റ്‌ക്ലാസ് കമ്പാര്‍ട്ട്‌മെന്റുകളെ ലക്ഷ്യം വച്ചും. സമൂഹത്തിന്റെ മേലേക്കിടയിലുള്ളവരോടുള്ള പക അവര്‍ അങ്ങനെ തീര്‍ക്കുന്നു. ടെയിനിനുള്ളില്‍ വച്ച് ഏറുകൊണ്ട ഒരു സംഭവം എങ്കിലും എല്ലാ വര്‍ഷവും റിപ്പോര്‍‌ട്ട് ചെയ്യപ്പെടാറുണ്ട്. ഹോളിയ്ക്ക് കുറച്ച് ദിവസങ്ങള്‍ മുന്‍പ് തന്നെ ഏറ് തുടങ്ങും. അതുകൊണ്ട്, ഞാന്‍ ശ്രദ്ധിച്ചാണ് നടക്കാറ്. ട്രെയിനിന്റെ വാതിലിനടുത്ത് നില്‍ക്കുന്നത് ഒഴിവാക്കും. നടന്നുപോവുന്നതും കഴിവതും ഒഴിവാക്കും. ഒരിക്കല്‍, ഞാന്‍ താമസിച്ചിരുന്ന കോം‌പ്ലക്സിനുള്ളില്‍ വച്ച് തന്നെ വെള്ളം നിറച്ച ഒരു ബലൂണ്‍ എന്റെ മൂക്കിനെ തൊട്ടുരുമ്മി കടന്നുപോയി. ഏത് വീട്ടില്‍ നിന്നാണ്, ആരാണ് എന്നൊന്നും മനസ്സിലായില്ല. എങ്കിലും, ഞാന്‍ മുകളിലേയ്ക്ക് നോക്കി കുറേ ചീത്ത വിളിച്ചു – മനസ്സില്‍. പിന്നൊരിക്കല്‍, സ്റ്റേഷനീന്ന് വീട്ടിലേയ്ക്ക് നടക്കുമ്പോള്‍, വഴിയരികിലെ ഒരു വീട്ടില്‍ നിന്നും ഒരു ബലൂണ്‍ എന്റെ തൊട്ടുമുന്നില്‍ വീണ് പൊട്ടിച്ചിതറി. ലക്ഷ്യം തെറ്റിയില്ലാരുന്നെങ്കില്‍ എന്റെ തലയില്‍ വീണേനെ. പിന്നെ, കുറേനാള്‍ ഞാന്‍ ആ വഴി നടന്നില്ല. സ്റ്റേഷനില്‍ നിന്ന് ഓട്ടോ പിടിച്ച് വീട്ടില്‍ പോവും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, non-toxic, organic കളറുകള്‍ പ്രചാരത്തിലായിട്ടുണ്ടെങ്കിലും, വിലക്കുറവ് കാരണം chemical കളറുകളാണ് പലരും വാങ്ങുക. വെള്ളം നിറച്ച ബലൂണുകള്‍ എറിയുന്നത് കുറ്റകരമാണെങ്കിലും ആരും അത് വകവെയ്ക്കാറില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും, ഞാന്‍ കഴിഞ്ഞ വര്‍ഷം ഹോളി ആഘോഷിച്ചു. നേച്ചര്‍ ക്നൈറ്റ്സിന്റെ കൂടെ. മുംബൈയ്ക്കടുത്തുള്ള അലിബാഗില്‍, നവ്‌ഗാവ് എന്ന സ്ഥലത്ത്. ഗേറ്റ്‌വേ ഓഫ് ഇന്ത്യയില്‍ നിന്ന് അലിബാഗിലേയ്ക്ക് ബോട്ടില്‍ പോവാം. മുക്കാല്‍ മണിക്കൂര്‍ മതി. റോഡ് വഴി പോയാല്‍ രണ്ടര-മൂന്ന് മണിക്കൂറെടുക്കും. അലിബാഗ് ജെട്ടിയില്‍ നിന്ന് ടൌണ്‍ വരെ 20-25 മിനിറ്റ് ബസ് യാത്രയുള്‍പ്പടെയാണ് ബോട്ട് കൂലി. ഗേറ്റ്‌വേയില്‍ എല്ലാരും ഒത്തുകൂടിയപ്പോള്‍ത്തന്നെ പരസ്പരം കളര്‍ തേയ്ക്കാന്‍ തുടങ്ങി.


അവിടുന്ന്, ചായയും ബണ്‍-മസ്ക്കയും (ബണ്ണില്‍ വെണ്ണ തേച്ചത്) കഴിച്ചിട്ട് ബോട്ടില്‍ കയറി. കുറെ പോകുമ്പോള്‍ സീഗള്ളുകളെ കാണാം. സീഗള്ളിന്റെ മലയാളം എനിക്കറിയില്ല. എന്തെങ്കിലും ഭക്ഷണം എറിഞ്ഞുകൊടുത്താല്‍ അവ വായുവില്‍‌വച്ച് തന്നെ അത് കൊത്തിയെടുക്കും.


അലിബാഗ് ടൌണില്‍ നിന്ന്‍ നാലഞ്ച് കിലോമീറ്റര്‍ അകലെയാണ് നവ്‌ഗാവ്. പ്രഭാതഭക്ഷണത്തിന് ശേഷം ടം ടം എന്ന റിക്ഷയില്‍ കയറി നവ്‌ഗാവിലെത്തി.


ടുക് ടുക് എന്നും പറയും ഈ റിക്ഷയ്ക്ക്. മഹാരാഷ്ട്രയിലെ മിക്കയിടങ്ങളിലും ഇതാണ് പ്രധാന വാഹനം. ആറ് പേര്‍ക്ക് സുഖമായിരിക്കാം. ഉള്‍‌നാടുകളില്‍ ചെന്നാല്‍ ആറിന് പകരം പന്ത്രണ്ടോ അതില്‍‌ക്കൂടുതലോ ആള്‍ക്കാര്‍ ടം ടമ്മില്‍ യാത്ര ചെയ്യുന്നത് കാണാം.

നവ്‌ഗാവിലെ ഒരു കര്‍ഷകകുടുംബം ടൂറിസ്റ്റുകള്‍ക്കായി അവരുടെ വീട്ടില്‍ തന്നെ താമസസൌകര്യം ഒരുക്കിയിട്ടുണ്ട്. അവിടെ നേരത്തെ ബുക്ക് ചെയ്തിരുന്നു.


ബാഗൊക്കെ അവിടെ വെച്ചിട്ട്, അടുത്തുള്ള കടലിലേയ്ക്ക് പോയി. കുറേനേരം വെള്ളത്തില്‍ പന്ത് കളിച്ചു. പിന്നെ, ഹോളിയും. വെള്ളത്തിലായിരുന്നതുകൊണ്ട് അധികം കളര്‍ ദേഹത്ത് പിടിച്ചില്ല.


അവിടത്തെ കടപ്പുറത്ത് മണലല്ല, ചെളിയാണ്. ജ്ഞാനേഷിനെ ആ ചെളിയില്‍ കുഴിച്ചിട്ട് ഒരു പ്രകൃതിചികിത്സ നടത്തി.


രണ്ട് കുളിമുറികളേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട്, കുളിക്കാന്‍ ക്യൂ നില്‍‌ക്കേണ്ടിവന്നു. എല്ലാരും കുളിച്ചുവന്നപ്പോഴേയ്ക്ക് ഊണ് തയ്യാര്‍.


ഊണ് കഴിഞ്ഞ് ചിലര്‍ കാരസ് കളിച്ചു. ഞാനും ഉണ്ണിയും വായിക്കാന്‍ പുസ്തകമെടുത്തിരുന്നു. ഞങ്ങള്‍ ‍ ഹാമൊക്കില്‍ കിടന്ന് വായിച്ചുറങ്ങി. ചിലര്‍ റൂമില്‍ കിടന്നുറങ്ങി.


വൈകുന്നേരം ചായയ്ക്ക് ശേഷം വീണ്ടും കടല്‍‌ത്തീരത്തേയ്ക്ക്. വേലിയിറക്കമായിരുന്നതുകൊണ്ട് നടക്കാനേറെ സ്ഥലം. കഥകള്‍ പറഞ്ഞും ഗ്രാമത്തിലെ ഇടവഴികളിലൂടെ നിലാവത്ത് നടന്നും സമയം പോയതറിഞ്ഞില്ല. ആ ഹോളി അങ്ങനെ അവസാനിച്ചു.


പിറ്റേന്ന്, രാവിലെ കോറളായ് കോട്ടയിലേയ്ക്ക്. മുന്‍പൊരിക്കല്‍ പോയിട്ടുണ്ട് അവിടെ. ആ ഫോട്ടോകള്‍ ഇവിടെ ഉണ്ട്. ഒരു മുക്കുവഗ്രാമത്തിന്റെ അടുത്താണ് പോര്‍ട്ടുഗീസ് ഭരണത്തിലായിരുന്ന ഈ കോട്ട. മൂന്നുവശവും കടലാണ്. ഒരു ലൈറ്റ് ഹൌസുമുണ്ട് ഈ കോട്ടയുടെ താഴെ.



കോട്ട അധികവും ഇടിഞ്ഞ്‌പൊളിഞ്ഞ് കിടക്കുന്നു. മുകളില്‍ വരെ പടികളുണ്ട്. പക്ഷെ, ഞങ്ങള്‍ കുറച്ചുപേര്‍ക്ക് നേരെയുള്ള വഴി അത്ര പിടിത്തമില്ല. അതുകൊണ്ട് പടികളെ ഉപേക്ഷിച്ച്, ഞങ്ങള്‍ പുല്‍‌മേട്ടിലേയ്ക്കിറങ്ങി.



കുറച്ചുദൂരം ചെന്നപ്പോള്‍ ഒരു കയ്യാല കേറിയാലേ മുന്നോ‍ട്ട് പോകാന്‍ പറ്റൂ. മണ്ണിന് മുകളില്‍ പൊന്തിനിന്നിരുന്ന വേരുകളില്‍ പിടിച്ച് വലിഞ്ഞുകയറി.


താഴേയ്ക്ക് നടന്നപ്പോള്‍ കടലിനരികിലുള്ള മതില്‍‌ക്കെട്ടിനടുത്തെത്തി. നല്ല തെളിഞ്ഞ വെള്ളം. സമയമില്ലാതിരുന്നതുകൊണ്ട് കടലിലിറങ്ങിയില്ല.


കിതച്ചുകൊണ്ട് മുകളിലെത്തിയപ്പോള്‍ ബാക്കിയുള്ളവര്‍ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു.
തിരിച്ച് വന്ന്, ഉച്ചഭക്ഷണത്തിന് ശേഷം മുംബൈയിലേയ്ക്ക്.

ഈ യാത്രയ്ക്കിടയില്‍ എടുത്ത കുറച്ച് ചിത്രങ്ങള്‍ ചേര്‍ത്ത് വച്ച ചില ബിസ്ലേരി നിമിഷങ്ങള്‍ ഇവിടെ കാണാം.

Wednesday, March 4, 2009

എന്റെ കടുവാന്വേഷണയാത്രകള്‍ - 1: കോര്‍ബറ്റ്


ജിം കോര്‍ബറ്റ് ഒരു കടുവാ വേട്ടക്കാരനായിരുന്നു. കുറേയേറെ മൃഗങ്ങളെ കൊന്നൊടുക്കിക്കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് മാനസാന്തരം വന്നു. വാത്മീകിയെപ്പോലെ തപസ്സിരുന്നില്ല. മൃഗസംരക്ഷകനായി. മനുഷ്യരെയോ വളര്‍ത്തുമൃഗങ്ങളെയോ കൊന്നുതിന്നുന്ന കടുവകളെ മാത്രമേ കൊല്ലൂ എന്ന് ശപഥവുമെടുത്തു. കോര്‍ബറ്റ് എഴുതിയ ഒരു പ്രസിദ്ധ ബുക്കാണ് Man Eaters of Kumaon. ഉത്തരഖണ്ടിലെ രാം‌ഗംഗ നാഷണല്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ ഒരു പ്രധാന പങ്ക് വഹിച്ച ഇദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കാ‍യി ഈ പാര്‍ക്കിന്റെ പേര് 1973 മുതല്‍ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് എന്നാക്കി. അതേ വര്‍ഷം തന്നെ ഇവിടെ Project Tiger ആരംഭിച്ചു.

ഉണ്ണിയുടെ ഡല്‍‌ഹി ഓഫീസിലുള്ള ചിലരാണ് ജിം കോര്‍ബറ്റിലേയ്ക്കുള്ള യാത്ര പ്ലാന്‍ ചെയ്തത്. എല്ലാര്‍ക്കും പ്രിയപ്പെട്ട CEO കുറേ മാസങ്ങള്‍ക്ക് മുന്‍പ് രാജി വെച്ചിരുന്നു. അദ്ദേഹത്തിന്റെ യാത്രയയപ്പ് അന്ന് നടത്താന്‍ പറ്റിയില്ല. അതുകൊണ്ട്, അദ്ദേഹത്തെയും, മുംബൈ, ബാം‌ഗ്ലൂര്‍ ഓഫീസുകളിലുള്ളവരെയും ഉള്‍‌പ്പെടുത്തി ഈ ട്രിപ്പില്‍. കോര്‍ബറ്റിലേയ്ക്കായതിനാല്‍ ഉണ്ണി എന്നെക്കൂടി കൂട്ടാന്‍ തീരുമാനിച്ചു. അതുകേട്ടപ്പോള്‍, വേറെ ഒന്നുരണ്ട് പേര്‍ കൂടി അവരവരുടെ ഭാര്യമാരെ കൂട്ടി. ആ സമയത്ത്, Ezeego.com-ല്‍ 50% cash back offer ഉണ്ടായിരുന്നതിനാല്‍ വളരെ കുറഞ്ഞ നിരക്കില്‍ മുംബൈ-ഡല്‍ഹി റിട്ടേണ്‍ ഫ്ലൈറ്റ് ടിക്കറ്റ് കിട്ടി. ഡല്‍ഹിയില്‍ നിന്ന് 300 km ദൂരമുണ്ട് കോര്‍ബറ്റിലേയ്ക്ക്. Mademytrip.com അവരുടെ client ആയതിനാല്‍ ഡല്‍ഹി-കോര്‍ബറ്റ്-ഡല്‍ഹി യാത്രയ്ക്കുള്ള ബസ്, കോര്‍ബറ്റില്‍ രണ്ട് ദിവസത്തെ താമസം, ഒരു ജംഗിള്‍ സഫാരി, ഭക്ഷണം, ‘വെള്ളം‘ എല്ലാം ഉള്‍പ്പടെ നല്ലൊരു പാക്കേജും കിട്ടി. കൂടുതല്‍ ‘വെള്ളം‘ കുടിച്ചവര്‍ അവസാനം കൂടുതല്‍ പണം കൊടുക്കേണ്ടി വന്നു. :-)

2007 ഡിസംബറിലായിരുന്നു കടുവയെ കാണാന്‍ പുറപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെ ഡല്‍ഹിയിലെത്തി. ബാംഗ്ലൂര്‍ നിന്നുള്ളവരും ഡല്‍ഹിയില്‍ നിന്നുള്ളവരും അവിടെ ഒത്തുകൂടി, ബസില്‍ കോര്‍ബറ്റിലേയ്ക്ക് പുറപ്പെട്ടു. ആ ബഹളത്തിനിടയില്‍ ഉച്ചഭക്ഷണത്തെക്കുറിച്ച് ആരും അന്വേഷിച്ചില്ല. കുറെയങ്ങോട്ട് ചെന്നപ്പോഴാണ് വിശപ്പിന്റെ വിളി കഠിനമായത്. എവിടെയാണ് ഉച്ചഭക്ഷണത്തിന് നിര്‍‌ത്തുന്നതെന്ന് തിരക്കിയപ്പോഴാണ്, അങ്ങനൊന്ന് കാര്യപരിപാടിയില്‍ ഇല്ലെന്നറിഞ്ഞത്. ഡല്‍ഹിയില്‍ നിന്നുള്ളവര്‍ ഭക്ഷണം കഴിച്ചിട്ട് വന്നതിനാല്‍ ഞങ്ങളും കഴിച്ചിട്ടുണ്ടാവുമെന്ന് അവര്‍ അനുമാനിച്ചു. Low cost ഫ്ലൈറ്റില്‍ വന്ന ഞങ്ങള്‍ എയര്‍‌പോര്‍ട്ടില്‍ നിന്ന് കഴിച്ച ഒരു ചായയുടെയും പഫ്സിന്റെയും ബലത്തില്‍ പിടിച്ചിരുന്നു. വിശന്നാല്‍ എനിക്ക് പിന്നെ ഒന്നും ആസ്വദിക്കാന്‍ പറ്റില്ല. അങ്ങനെ സങ്കടപ്പെട്ടിരിക്കുമ്പോള്‍ സിഗരട്ട് ബ്രേക്കിന് ബസ് നിറുത്തി. അവിടെ ഒരു തട്ടുകട കണ്ടു. എല്ലാരെക്കാളും മുന്‍പേ ഞാന്‍ ചാടിയിറങ്ങി, 2-3 പായ്ക്കറ്റ് ബിസ്ക്കറ്റും ഒരുതരം മസാല ബണ്ണും വാങ്ങി. പിന്നെ നോക്കുമ്പോള്‍, ആ കടയിലെ ബിസ്ക്കറ്റും ബണ്ണും എല്ലാം കാലിയായിരുന്നു. ആദ്യം വാങ്ങിയതിന് ഞാന്‍ എന്നെ അഭിനന്ദിച്ചു. വയറ് കുറച്ച് സ്വൈര്യം തന്നു. വൈകുന്നേരം ചായയ്ക്ക് നിര്‍ത്തിയപ്പോള്‍ കുറേ ഉള്ളി പക്കോടയും തട്ടി.

ഏകദേശം പാ‍തിരാത്രിയോടെ കോര്‍ബറ്റില്‍ എത്തി. അവിടെ തണുപ്പ് 5 ഡിഗ്രിയോളം. സ്വെറ്ററിട്ടതുകൊണ്ടൊന്നും ഒരു കാര്യവുമില്ല. അത്ര വൈകിയെങ്കിലും, ഉച്ചയ്ക്ക് ശരിക്ക് കഴിക്കാത്തതുകൊണ്ട് അത്താഴം നല്ലവണ്ണം കഴിച്ചു. ഒരാളുടെ പിറന്നാള്‍ പ്രമാണിച്ച് കേക്ക് മുറിക്കലും, റിസോര്‍ട്ടിനരികിലുള്ള പുഴയുടെ തീരത്തേയ്ക്ക് ഒരു നടത്തവും കഴിഞ്ഞ് ഉറങ്ങാന്‍ പോയി.


റൂമിലും നല്ല തണുപ്പ്. ബ്ലാങ്കറ്റേ തണുത്തിരിക്കുന്നു. അത് പിന്നെങ്ങനെ ചൂട് തരും? റിസപ്ഷനില്‍ വച്ച് ഹീറ്റര്‍ വേണോന്ന് ചോദിച്ചപ്പോള്‍ വേണ്ടാന്ന് പറഞ്ഞത് മണ്ടത്തരമായി. അവസാനനിമിഷം വരാന്‍ തീരുമാനിച്ച ഡല്‍ഹി ഓഫീസിലെ ഒരു പെണ്‍കുട്ടിക്ക് കൂടി ഞങ്ങളുടെ റൂമില്‍ ഇടം കൊടുക്കണമെന്ന് പറഞ്ഞിരുന്നു. ട്രെക്കിങ്ങിന് പോവുമ്പോള്‍ ടെന്റിലും അമ്പലത്തിലും വെറും ആകാശത്തിന് കീഴെയും നിരന്ന് കിടന്ന് ഉറങ്ങാറുള്ളതുകൊണ്ട് ഞങ്ങള്‍ക്ക് കുഴപ്പമുണ്ടായിരുന്നില്ല. തന്നേമല്ല, ഞങ്ങളുടെ യാത്രകളില്‍ ചെലവ് കുറയ്ക്കാനായി, ഹോട്ടലുകാര്‍ അനുവദിക്കുന്നത്രയും ആള്‍ക്കാര്‍ ഒരു റൂമില്‍ തങ്ങാറുണ്ട്. പക്ഷേ, ആ പെണ്‍കുട്ടിയ്ക്ക് ചമ്മലായി. അത് അതിന്റെ കൂട്ടുകാരികളുടെ റൂമില്‍ അഡ്ജസ്റ്റ് ചെയ്തു.


രാവിലെ ആറുമണിക്ക് ജംഗിള്‍ സഫാരി തുടങ്ങും. അഞ്ചരയ്ക്ക് ബസ് പുറപ്പെടും. തണുപ്പ് വകവെയ്ക്കാതെ വെളുപ്പിനെ എണീറ്റ് തയ്യാറായി. താഴെ ചെന്നപ്പോള്‍, കുറച്ച് പേര്‍ ലോണില്‍ ഇരിക്കുന്നത് കണ്ടു. അവര്‍ റെഡിയായി ഇരിക്കുവാന്നാണ് ഞാന്‍ കരുതിയത്. അപ്പോഴവര്‍ പറയുകയാണ്, അവര്‍ രാത്രി മുഴുവന്‍ അവിടെയിരുന്ന് വെള്ളമടിക്കുവായിരുന്നു എന്ന്. അപ്പോഴും ഉറങ്ങാന്‍ പ്ലാനില്ല. ഈശ്വരാ, വെള്ളമടിക്കാനാണോ മുംബൈയില്‍ നിന്ന് ഇവിടെ വരെ വന്നത്! – എന്ന് ഞാന്‍ മനസ്സില്‍ കരുതിയതേയുള്ളൂ, പറഞ്ഞില്ല. കടുവയെ കാണാന്‍ സാധിക്കുമോ എന്നായിരുന്നു എല്ലാരുടെയും ചിന്ത. തണുപ്പുകാലത്ത് കാണാനുള്ള സാ‍ദ്ധ്യത കുറവാണെങ്കിലും എല്ലാര്‍‌ക്കും പ്രതീക്ഷയുണ്ടായിരുന്നു.


മൂന്ന് മണിക്കൂറോളം കാ‍ട്ടിനുള്ളില്‍ ചുറ്റിയടിച്ചുവെങ്കിലും, ആ പ്രതീക്ഷകളെയൊക്കെ തകിടംമറിച്ചുകൊണ്ട് കടുവ ഞങ്ങളെ കാണാന്‍ വന്നില്ല. ഒരു വാഹനത്തിലുള്ളവര്‍ കണ്ടെന്ന് പറഞ്ഞു. അവരുടെ ഡ്രൈവര്‍ പുതിയതായതുകൊണ്ട് പേടിച്ച് വേഗം വണ്ടി വിട്ടൂത്രെ. വനംവകുപ്പിന്റെ കീഴില്‍ പരിശീലനം കിട്ടിയവരാണ് ഡ്രൈവറും ഗൈഡും. ഗൈഡില്ലാതെ ഉള്ളിലേയ്ക്ക് വിടില്ല. ടൂറിസ്റ്റുകള്‍ക്കായുള്ള ഒരു പ്രത്യേകസ്ഥലത്തല്ലാതെ ആരെയും വാഹനത്തില്‍ നിന്ന് നിലത്തിറങ്ങാനും സമ്മതിക്കില്ല. പതിവ് പോലെ, ഞങ്ങള്‍ മാനുകളെയും ചില പക്ഷികളെയും കണ്ട് തിരിച്ചുവന്നു.

പാവക്കടുവയുടെ കൂടെ നിന്നെങ്കിലും ഒരു ഫോട്ടോ എടുക്കട്ടെ!

സഫാരിയ്ക്ക് കൂടെ വന്ന ഗൈഡ് nature walk-ന് താത്പര്യമുണ്ടെങ്കില്‍ കൊണ്ടുപോവാമെന്ന് പറഞ്ഞു. പ്രാതലിന് ശേഷം വരാമെന്ന് ഏറ്റു. താത്പര്യമുള്ള നാലഞ്ച് പേര്‍ കൂടി വന്നു. റോഡിന്റെ ഒരു ഭാഗം മുഴുവനും കിലോമീറ്ററുകളോളം കാ‍ടാണ്. മറുഭാഗത്ത് എല്ലാതരത്തിലുള്ള പോക്കറ്റുകള്‍ക്കുമിണങ്ങുന്ന ഹോട്ടലുകളും റിസോ‍‌ട്ടുകളും. ഗൈഡിന്റെ കൂടെ ഞങ്ങള്‍ കാട്ടിലേയ്ക്ക് കയറി. ആ ഭാഗത്ത് കയറാനും നടക്കാനും അനുവാദം ആവശ്യമില്ലാന്ന് അദ്ദേഹം പറഞ്ഞു. കുറേ ഉള്ളിലേയ്ക്ക് നടന്നു. ഇടയ്ക്ക് കടുവയുടെ ഫ്രഷ് കാഷ്ഠം കണ്ടു. അടുത്തെപ്പഴോ ഇഷ്ടന്‍ ആ വഴിക്ക് പോയതിന്റെ ലക്ഷണം.


ഞങ്ങള്‍ അങ്ങനെ പ്രകൃതിയോട് സൊറ പറഞ്ഞ് നടക്കുമ്പോള്‍ ആരോ ഞങ്ങളെ വിളിച്ചുകൊണ്ടോടി വരുന്നു. നോക്കുമ്പോള്‍ രണ്ട് ഫോറസ്റ്റ് ഗാര്‍‌ഡുകള്‍. ആരോട് ചോദിച്ചുകൊണ്ട് ഇവിടെ കയറി എന്ന് അവര്‍. ഞങ്ങള്‍ വേഗം ഗൈഡിനെ ചൂണ്ടിക്കാണിച്ചു. അതിന് മുന്‍പത്തെ ആഴ്ച മുതല്‍ വനത്തിന്റെ ഏതു ഭാഗത്ത് കയറണമെങ്കിലും അനുവാദം വാങ്ങണമെന്ന ഒരുത്തരവ് ഇറങ്ങിയിട്ടുണ്ട്. അത് ഗൈഡിന് അറിയില്ലായിരുന്നു. എവിടെ നിന്ന്, ആരോട് അനുവാദം വാങ്ങണമെന്ന് ചോദിച്ചു. ആര്‍ക്കും അനുവാദം കൊടുക്കില്ലെന്ന് മറുപടി. ഞങ്ങളോട് വേഗം കാട്ടില്‍ നിന്ന് പുറത്തുപോവാന്‍ പറഞ്ഞു. കടുവ ഇരതേടിയിറങ്ങുമ്പോള്‍ കുരങ്ങന്മാര്‍ അപായസൂചനയായി ഒരു പ്രത്യേകശബ്ദമുണ്ടാക്കും. അവരുടെ സുഹൃത്തുക്കളായ മാനുകളെയും മറ്റും സഹായിക്കാനാണിത്. ഈ ശബ്ദം കേള്‍ക്കുന്നുണ്ട്, കടുവ അടുത്തെവിടെയോ ഉണ്ട്, അതുകൊണ്ട് വേഗം സ്ഥലം വിടാന്‍ പറഞ്ഞു. കടുവയുള്ള കാട്ടില്‍ എന്ത് ധൈര്യത്തിലാണ് ഞങ്ങള്‍ നടക്കാനിറങ്ങിയതെന്ന് അപ്പോഴാണ് ആലോചിച്ചത്. ഒരു കടുവയുടെയെങ്ങാനും മുന്നില്‍ പെട്ടിരുന്നെങ്കിലോ? എന്റമ്മോ! ഓര്‍ക്കാന്‍ കൂടി വയ്യ.


എന്തായാലും ഗൈഡിന് പൈസ കൊടുത്ത് വിട്ടു. പതുക്കെ റിസോര്‍ട്ടിലേയ്ക്ക് നടന്നു. വഴിക്ക് ഒരു പുരാതനക്ഷേത്രത്തിലേയ്ക്കുള്ള വഴി കാണിച്ചുകൊണ്ടുള്ള ബോര്‍ഡ് കണ്ടു. ഒരു നാട്ടുകാരനോട് അതിനെക്കുറിച്ച് അനേഷിച്ചു. ഒരു കിലോമീറ്റര്‍ ഉള്ളിലേയ്ക്ക് നടക്കണം. ഉച്ചഭക്ഷണത്തിന് ശേഷം തിരിച്ച് വരാന്‍ പരിപാടിയിട്ടു. രാത്രി ഉറക്കമിളച്ചവര്‍ അപ്പോഴും എണീറ്റിട്ടുണ്ടായിരുന്നില്ല.

ഞങ്ങള്‍ വേഗം ആഹാരം കഴിച്ചിട്ട് പുരാതനക്ഷേത്രം കാണാനിറങ്ങി. രാവിലെ വന്നവരില്‍ ചിലര്‍ വന്നില്ല. പുതുതായി ചിലര്‍ കൂടി. ഉണ്ണിക്കും എനിക്കും സ്വകാര്യത തരാന്‍ അവര്‍ ശ്രമിക്കുന്നതായി തോന്നി. ഉണ്ണി ഒരു പൂവിന്റെ ഫോട്ടോ എടുക്കുമ്പോള്‍, എന്തോ ടെക്നിക്ക് പറഞ്ഞുതരാന്‍ ഒരാള്‍ അടുത്തുവന്നു. എല്ലാരും കൂടെ അയാളെ ‘കബാബ് മേം ഹഡ്ഡി മത് ഹോനാ’ എന്ന് പറഞ്ഞ് വിളിക്കാന്‍ തുടങ്ങി. കല്യാണം കഴിഞ്ഞ് ഇത്ര വര്‍ഷങ്ങളായിട്ടും ഞങ്ങള്‍ മധുവിധു മൂഡിലാന്ന് അവര്‍ക്ക് തോന്നിയെങ്കില്‍ അങ്ങനെ തന്നിരുന്നോട്ടെ എന്ന് ഞങ്ങളും കരുതി.അതോ, ഈയിടെ കല്യാണം കഴിഞ്ഞതേയുള്ളൂ എന്ന് കരുതീട്ടാണോവോ.


പുരാതനക്ഷേത്രം തേടിപ്പോയ ഞങ്ങളെ എതിരേറ്റത് അത്ര പഴയതല്ലാത്ത ഒരു കോണ്‍ക്രീറ്റ് അമ്പലമാണ്. എന്തായാലും അവിടെ തൊഴുത് പോന്നു. കാട്ടില്‍ക്കൂടി കുറച്ച് നടന്നത് മെച്ചം. തിരിച്ച് റിസോട്ടില്‍ ചെന്ന് ചായ കുടിച്ച്, പുഴയരികിലേയ്ക്ക് പോയി. ഡിസംബറായതിനാല്‍ വെള്ളം വളരെ കുറവാണ്. ഉള്ളത് നല്ല തെളിഞ്ഞ വെള്ളം.


കുറേ ദൂരം പുഴത്തട്ടിലൂടെ നടന്നു. സന്ധ്യയ്ക്കാണ് തിരിച്ചുനടക്കാന്‍ തുടങ്ങിയത്. പകുതിയെത്തിയപ്പോളാണ് ഞാന്‍ ശ്രദ്ധിച്ചത്, എന്റെ വാച്ച് കാണാനില്ലെന്ന്. വെള്ളത്തില്‍ കയ്യിടാനായി അതൂരി ബാഗില്‍ വെച്ചത് ഓര്‍മ്മയുണ്ട്. ബാഗിന്റെ സൈഡ് പോക്കറ്റ് തുറന്ന് കിടക്കുകയായിരുന്നു. അത് താഴെ വീണുകാണും. റ്റോര്‍ച്ചിന്റെ വെട്ടത്തില്‍ തിരിച്ച് പോയി കുറേ നോക്കി. കിട്ടിയില്ല. പിറ്റേന്ന്, swiss knife-ഉം കാണാനില്ലെന്ന് ശ്രദ്ധിച്ചു. രണ്ടും പോയി. എന്റെ അശ്രദ്ധയ്ക്കുള്ള ശിക്ഷയായി, ഒരു വര്‍ഷം വാച്ച് കെട്ടാതെ നടന്നു. പിന്നെയാണ്, പുതിയ വാച്ച് വാങ്ങിയത്. swiss knife ഇനിയും വാങ്ങീട്ടില്ല.


അന്ന് രാത്രി ക്യാമ്പ് ഫയര്‍ ഉണ്ടായിരുന്നു. തലേന്ന് ഉറക്കമിളച്ച് കുടിച്ചവര്‍, വൈകാതെ അത് പുനരാരംഭിച്ചു. എല്ലാരും തിന്നും കുടിച്ചും, വെടിപറഞ്ഞുമിരുന്നു. ഒരുപാട് വൈകിയാണ് CEO-യ്ക്കുള്ള യാത്രയയപ്പ് പരിപാടി തുടങ്ങിയത്. അപ്പോഴേയ്ക്കും, ബോറടിച്ചിട്ട് ഞാന്‍ പോയി കിടന്നു. അന്ന് റൂം ഹീറ്റര്‍ ഉണ്ടായിരുന്നതുകൊണ്ട്, സുഖമായി ഉറങ്ങി.

പിറ്റേന്ന് ഒന്‍പതരയ്ക്ക് മടക്കയാത്ര.
ഞങ്ങള്‍, നേരത്തെ എഴുന്നേറ്റ് റെഡിയായി. എല്ലാം പായ്ക്ക് ചെയ്ത് വെച്ചിട്ട്, നടക്കാനിറങ്ങി. തലേന്ന് പോയതിന്റെ എതിര്‍ഭാഗത്തേയ്ക്ക് നടന്നു. കുറേ പക്ഷികളെ കണ്ടു. റിസോട്ടിന്റെ അടുത്തുള്ള പുഴയുടെ കൂടുതല്‍ വെള്ളമുള്ള ഭാഗത്തെത്തി.


തലേന്ന് അങ്ങോട്ട് വരാന്‍ തോന്നിയില്ലല്ലോന്നോര്‍ത്ത് കുറച്ച് സങ്കടം വന്നു. അധികസമയം, അവിടെ ചുറ്റാനും പറ്റിയില്ല. അരമണിക്കൂര്‍ തിരിച്ചുനടന്നാലേ റിസോട്ടിലെത്തൂ.

തിരിച്ചുവന്ന്, വേഗം പ്രാതല്‍ കഴിച്ച് ഇറങ്ങി. പിന്നെ, നീണ്ട ബസ് യാത്ര. ഇപ്രാവശ്യം ഉച്ചഭക്ഷണം കിട്ടി. ഒന്‍പത് മണിയുടെ ഫ്ലൈറ്റ് കിട്ടാന്‍ പാകത്തിന് ഡല്‍ഹിയിലെത്തി. പാതിരാത്രി കഴിഞ്ഞ് വീട്ടിലും. ഒരു മൂന്നുദിവസവാരാന്ത്യം അങ്ങനെ അവസാനിച്ചു – കടുവയെ കണ്ടില്ലെങ്കിലും.

കൂടുതല്‍ കോര്‍ബറ്റ് ചിത്രങ്ങള്‍ ഇവിടെ.

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP