നാല് പാനീയങ്ങള്‍
വേനല്‍ക്കാലം തുടങ്ങിയതോടെ വെള്ളം കുടിക്കുന്നതും കൂടിക്കാണും. കൂടിയില്ലെങ്കില്‍ കൂട്ടണം. അല്ലെങ്കില്‍ നിര്‍ജ്ജലീകരണം (ഹൊ! ഡീഹൈഡ്രേഷന്‍ എന്ന് പറയാന്‍ എന്തെളുപ്പം!) സംഭവിച്ച് കുഴപ്പമായാലോ. പക്ഷെ, എപ്പഴും പച്ചവെള്ളം തന്നെ കുടിച്ചുകൊണ്ടിരുന്നാല്‍ ബോറടിക്കില്ലേ. ചുക്കുവെള്ളം, കരിങ്ങാലിവെള്ളം, ഒക്കെ ഉണ്ട് ഒരു വെറൈറ്റിക്ക്. അത് ചൂടോടെ കുടിച്ചാല്‍ നല്ലതാണ്. ഉഷ്ണം ഉഷ്ണേന ശാന്തി. അതും മടുത്താലോ? വല്ലപ്പോഴും കോള കുടിക്കാം. വയറിനെ അങ്ങനെ കൊഞ്ചിച്ച് വഷളാക്കരുതല്ലോ. എന്ന് കരുതി കോള പതിവാക്കുന്നത് നന്നല്ല. പുറത്ത് പോവുമ്പോള്‍ വിശ്വസിച്ച് കുടിക്കാന്‍ വേറെ ഒന്നും കിട്ടിയില്ലെങ്കില്‍ കോളയേ രക്ഷ. ഒരു യാത്രയ്ക്കിടയില്‍ കുപ്പീലാക്കിയ വെള്ളം പല കടകളിലും അനേഷിച്ചിട്ട് കിട്ടാതായപ്പോള്‍ Sprite വാങ്ങിയതോര്‍മ്മയുണ്ട്.
പച്ചവെള്ളം, ചൂടുവെള്ളം, കോളവെള്ളം – ഇതിന്റെയെല്ലാം സ്ഥാനം മനസ്സിലായല്ലോ. ഇനി വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന, കുറേയേറെ നാള്‍ സൂക്ഷിച്ച് വയ്ക്കാവുന്ന, രുചിയുള്ള നാല് പാനീയങ്ങള്‍ ഉണ്ടാക്കുന്ന വിധമാവട്ടെ. പഞ്ചസാര ഉണ്ട് എന്നതൊഴിച്ചാല്‍ ഈ സിറപ്പുകളെല്ലാം ആരോഗ്യത്തിന് നല്ലതാണ്. പഞ്ചസാര ആവശ്യത്തിന് കുറയ്ക്കുകയോ കൂട്ടുകയോ ആവാം.
ശ്രദ്ധിയ്ക്കേണ്ട കാര്യം, സ്ക്വാഷ് ഉണ്ടാക്കുമ്പോള്‍ ഉപയോഗിക്കുന്ന എല്ലാ പാത്രങ്ങളും, ഒഴിച്ച് വയ്ക്കുന്ന കുപ്പികളും, കഴുകി ഉണക്കിയവ ആവണം. ഈ പാനീയങ്ങളെല്ലാം തന്നെ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ മൂന്നാല് മാസം വരെ കേടാവാതെയിരിക്കും. കുടിക്കാന്‍ നേരത്ത് മൂന്നോ നാലോ സ്പൂണ്‍ ഗ്ലാസ്സിലെടുത്ത് ബാക്കി വെള്ളം ചേര്‍ക്കാം. സ്ക്വാഷിന് നല്ല കളറ് വേണമെന്നുള്ളവര്‍ക്ക് അല്പം കളര്‍ തുള്ളികളും ചേര്‍ക്കാം – പച്ച, മഞ്ഞ, ചുവപ്പ്, ഓറഞ്ച്, നീല, വയലറ്റ്, ... അങ്ങനെ. :-)
നാരങ്ങ-ഇഞ്ചി സ്ക്വാഷ്
- നാരങ്ങാനീര്: 400 മില്ലിലിറ്റര്‍
- ഇഞ്ചിനീര്: 150 മില്ലിലിറ്റര്‍
- പഞ്ചസാര: 1 കിലോ
നാരങ്ങാനീരും ഇഞ്ചിനീരും ഉണ്ടാക്കുന്നതാണ് മിനക്കെട്ട പണി. നാരങ്ങ കഴുകിത്തുടച്ചിട്ട് വേണം പിഴിയാന്‍. അരിച്ചെടുക്കുകയും വേണം. ഇഞ്ചിനീരുണ്ടാക്കുമ്പോള്‍ അരയ്ക്കാന്‍ ആവശ്യത്തിന് മാത്രം വെള്ളം ചേര്‍ക്കുക. വെള്ളമേ ചേര്‍ത്തില്ലെങ്കില്‍ അതിന്റെ നൂറ് തെളിഞ്ഞ് വരില്ല. ഇഞ്ചി തൊലി കളഞ്ഞ്, കഴുകി, അരച്ച് പിഴിഞ്ഞ്, അരിച്ച്, തെളിയാന്‍ വയ്ക്കുക. കുറച്ച് സമയം കഴിഞ്ഞാല്‍ നൂറ് അടിയിലാവും. മുകളിലുള്ള നീര് ഊറ്റിയെടുത്ത് ഉപയോഗിക്കാം. ഇത് രണ്ടും റെഡിയായാല്‍ പിന്നെ പണി എളുപ്പമാണ്.
ഇടത്തരം കട്ടിയായിട്ട് പഞ്ചസാര പാനി ഉണ്ടാക്കി അരിച്ചെടുക്കണം. അത് വീണ്ടും തിളപ്പിച്ച്, അതിലേയ്ക്ക് നാരങ്ങാനീരും ഇഞ്ചിനീരും ഒഴിക്കണം. വെട്ടിത്തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ വാങ്ങിവെയ്ക്കാം. തണുത്തതിന് ശേഷം കഴുകിയുണക്കിയ കുപ്പികളിലാക്കി ഫ്രിഡ്ജില്‍ വയ്ക്കണം.
പുതിന സ്ക്വാഷ്
- പുതിനയില: ഒരു കപ്പ്
- പഞ്ചസാര: ഒരു കപ്പ്
- ഏലയ്ക: 2-3
- ഗ്രാമ്പൂ: 3-4
- കറുവാപ്പട്ട: ഒരു കഷണം
- കുരുമുളക്: 8-10
- ഇഞ്ചി: ഒരു കഷണം
പുതിന സാധാരണ കെട്ടായിട്ടാണല്ലോ വാങ്ങാന്‍ കിട്ടുക. ഒരു വല്യ കെട്ട് വാങ്ങി നല്ല ഇലകളെല്ലാം നുള്ളിയെടുക്കണം. ഈ ഇലകളെല്ലാം കഴുകി, നിരത്തിയിട്ട് ഉണക്കി എടുക്കണം. ഈര്‍പ്പം തീരെ ഉണ്ടാവാന്‍ പാടില്ല. ബാക്കി എളുപ്പമാണ്.
ഏലയ്ക, ഗ്രാമ്പൂ, കറുവാപ്പട്ട, കുരുമുളക്, ഇഞ്ചി ഇവയെല്ലാം ചതച്ചത് ചേര്‍ത്ത് പഞ്ചസാര പാനി, ഇടത്തരം കട്ടിയായിട്ട് ഉണ്ടാക്കണം. പാകമാവുമ്പോള്‍ പുതിനയില ചേര്‍ത്ത്, തീ കെടുത്തി, രണ്ടുമണിക്കൂര്‍ അടച്ച് വെയ്ക്കുക. ഇത്രയും സമയം കൊണ്ട് പുതിനയുടെ സത്തൊക്കെ പാനിയിലേയ്ക്കിറങ്ങിയിട്ടുണ്ടാവും. അരിച്ച്, തണുപ്പിച്ച് ഉണങ്ങിയ കുപ്പിയിലാക്കുക.
പുതിന സ്ക്വാഷിന് പുളി കിട്ടാന്‍ വേണമെങ്കില്‍ ഒരു ടീസ്പൂണ്‍ സിട്രിക് ആസിഡ് ക്രിസ്റ്റലുകള്‍ ചേര്‍ക്കാം. ഞാന്‍ ചേര്‍ക്കാറില്ല. കുടിക്കാന്‍ നേരത്ത് അല്പം നാരങ്ങ പിഴിഞ്ഞ് ചേര്‍ക്കും.
പെരുഞ്ചീരകം സ്ക്വാഷ്
- പെരുഞ്ചീരകം: 100 ഗ്രാം
- പഞ്ചസാര: 500 ഗ്രാം
- കുരുമുളക്: 8-10
- കറുവാപ്പട്ട: 1 കഷണം
- ഏലയ്ക്കാ: 2-3
- ഗ്രാമ്പൂ: 3-4
ഇത് ഉണ്ടാക്കാനാണ് ഏറ്റവും എളുപ്പം. അധികം കട്ടിയില്ലാതെ പഞ്ചസാര പാനി ഉണ്ടാക്കണം. അതിലേയ്ക്ക്, പെരുഞ്ചീരകം പൊടിച്ചതും, കുരുമുളക്-കറുവാപ്പട്ട-ഏലയ്ക്കാ-ഗ്രാമ്പൂ ചതച്ചതും ചേര്‍ത്ത് 5 മിനിറ്റ് തിളപ്പിക്കണം. പാനി കുറച്ചുകൂടി കട്ടിയാവും. വാങ്ങിവച്ച് അരിച്ച്, തണുക്കുമ്പോള്‍ കുപ്പിയിലാക്കാം.
ആം പന്ന
പേര് കേട്ട് ഞെട്ടണ്ട. കേടുവന്ന മാങ്ങ കൊണ്ടുണ്ടാക്കുന്നതല്ല ഇത്. സാധാരണ പച്ചമാങ്ങ കൊണ്ടുണ്ടാക്കുന്ന ഒരു സ്ക്വാഷാണ് ആം പന്ന (Aam Panna). ഒരു ഉത്തരേന്ത്യന്‍ പാനീയമാണിത്. അവിടുത്തെ ചൂടിനെ അതിജീവിക്കാന്‍ പറ്റിയതാണ് ഇത്.
- പച്ചമാങ്ങ: 2
- പഞ്ചസാര: 150 ഗ്രാം
- ജീരകം വറുത്ത് പൊടിച്ചത്: 1 ടീസ്പൂണ്‍
- കറുത്ത ഉപ്പ്: 1 ടീസ്പൂണ്‍
- ചുക്ക് പൊടിച്ചത്: ¼ ടീസ്പൂണ്‍
- ഉപ്പ്: ¼ ടീസ്പൂണ്‍
മാങ്ങ കഷണങ്ങളാക്കി വെള്ളമൊഴിച്ച് വേവിക്കണം. വെന്തതിന് ശേഷം വെള്ളം ഊറ്റിക്കളഞ്ഞ്, തൊലി കളയണം. കൈകൊണ്ട് ഞെരടിയോ, മിക്സിയിലിട്ടടിച്ചോ ചാറെടുത്ത് അരിച്ചെടുക്കണം. ഇടത്തരം കട്ടിയില്‍ പഞ്ചസാര പാനിയുണ്ടാക്കി അരിച്ചെടുക്കുക. അതിലേയ്ക്ക് മാങ്ങയുടെ ചാറും, എല്ലാ പൊടികളും ചേര്‍ത്ത് ഒന്ന് തിളപ്പിക്കണം. തണുക്കുമ്പോള്‍ കുപ്പിയിലാക്കാം.
ഇനി ദാഹിക്കുമ്പോള്‍ ഓരോന്നായി എടുത്ത് കലക്കി കുടിക്കാം.
33 comments:
നാല് പാനീയങ്ങളും കണ്ടിട്ട് എകദേശം ഒരുപോലുണ്ടല്ലേ? അതാ ഞാന്‍ പറഞ്ഞത് കളറ് ചേര്‍ക്കാന്‍...
:-)
അവസാനത്തെ ആ “പന്ന ” സാധനം ഇതു വരെ കേട്ടിട്ടില്ല, എങ്ങിനെ ഉണ്ടാവുമോ ആവോ !!
:)
ആദ്യത്തെ സ്ക്വാഷും അവസാനത്തെ ആ ‘പന്നയും’ ഞാൻ മുൻപ് ഉണ്ടാക്കിയിട്ടുണ്ട്. മറ്റതു രണ്ടും പുതിയതാണ്. നോക്കണം...
ഇതു കൊള്ളാമല്ലോ ചേച്ചീ... ഉണ്ടാക്കിയെടുക്കുന്ന ബുദ്ധിമുട്ട് ആലോചിയ്ക്കുമ്പോഴാ...
പേര് പന്നയാണെങ്കിലും നല്ല റിഫ്രഷിങ്ങ് ആണ്...പൊതീന സ്ക്വാഷിന് ഇവിടെ ശിഘഞ്ചിയെന്നാണ് പറയുക. ഓരോ പേരുകളേയ്...
ഗുഡ് മോര്‍ണിങ്ങ് ചേച്ചീ...
ദാ രാവിലെ എഴുന്നേറ്റു ഞാന്‍ ചായ എന്നൊരു പാനീയം ഉണ്ടാക്കിക്കൊണ്ടിരിക്ക്യാ ...
ചേച്ചി പറഞ്ഞ പാനീയങ്ങളൊക്കെ കൊള്ളാം... ബാച്ചികള്‍ക്കു് ബുദ്ധിമുട്ടാ... ...
അപ്പൊ ഈ പാനീയങ്ങളോടു വിട പറഞ്ഞു, ഞാന്‍ എന്റെ ചായയിലേക്കു തിരിയട്ടെ :)
ആം പന്ന...പേര്കേട്ട് ഞെട്ടണ്ട എന്ന് പറഞ്ഞത് നന്നായി...
ഞാന്‍ നാരങ്ങയും പിന്നെ ആം പന്ന യും ട്രൈ ചെയ്യും. പുതിന-എനിക്ക് ഇഷ്ടമില്ല.
thanks alot for the recpies!!!
വായിച്ചപ്പോള്‍ എല്ലാം ഒന്നുണ്ടാക്കി നോക്കണമെന്നു തോന്നിയിട്ടുണ്ട്. പക്ഷേ എനിക്കറിയില്ലേ എന്നെ. അങ്ങേ അറ്റം ആ നാരങ്ങ ഐറ്റം ഒന്നു നോക്കും.
ഇനി ദാഹിക്കുമ്പോള്‍ ഓരോന്നായി എടുത്ത് കലക്കി കുടിക്കാം.
ഇത് മാത്രം ഓക്കെ.. വേറെ ഒന്നും നടക്കില്ല..
പിന്നെ നാട്ടില്‍ നിന്ന് തെറ്റല്ലേ എന്ന കാരണം ഒരു പെപ്സിയും കോളയും കുടിക്കാത്ത ഞാന്‍ ഇവിടെ
സെവന്‍ അപ്പില്ലാതെ(നാട്ടില്‍ നാരങ്ങ സോഡ ഉപ്പിട്ട് നല്ലവണം കുടിക്കാറുണ്ട്-അത് ഇവിടെ കിട്ടാത്തത് കൊണ്ടാണ് ഈ ചതി) ഒരു ദിവസം തള്ളിനിക്കാന്‍ ബുദ്ധിമുട്ട്.
ഓഫ്..
ഞാനും ഒരു മലകയറിട്ടോ..
കൊള്ളാല്ലോ വീഡിയോണ്‍... ദാഹിക്കുന്നു...
:)
naaalu paaniyangalum kollam
കൊതിയൂറുന്ന ഈ പാനീയങ്ങള്‍ ഉണ്ടാക്കുന്ന വിധം പോസ്റ്റ് ചെയ്തതിന് ഒരുപാട് നന്ദി....
This is really useful. Thanks a lot Chechy..!!! Best wishes.
ദാ ഞാനിപ്പഴേ ഒന്ന് ശ്രമിക്കട്ടേ, ആ പൊതീനാ സ്ക്വാഷ്.
ഒന്നു പ്രിന്റട്ടേ...
സ്ക്വാഷ് കണ്ടിട്ട് കൊതിയാവുന്നു. പ്രത്യേകിച്ച് പുതിന സ്ക്വാഷ് തനിനാടന്‍ കള്ള് പോലെ സാമ്യമുണ്ട്. ബാക്കിയുള്ളതും പല ഹോട്ടുകളെപ്പോലെ! ഇതൊക്കെ ഉണ്ടാക്കി കുടിക്കാന്‍ നിര്‍വാഹമില്ല. ആരെങ്കിലും ഉണ്ടാക്കിത്തരാന്‍ ഉണ്ടായിരുന്നെങ്കില്‍...?
4 പാനീയങ്ങളും ഓരോ ഗ്ലാസ്സ് വീതം,
രാധാ ഗോവിന്ദ് ,
ഡി സെക്‍ടര്‍,
ഫ്ലാറ്റ് # 802,
കാന്തിവിലി ഈസ്റ്റ് ,
നിയര്‍ താക്കൂര്‍ കോമ്പ്ലക്‍സ്
എന്ന അഡ്രസ്സിലേക്ക് എത്രയും പെട്ടെന്ന് കൊടുത്തയക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു :)
ഭയങ്കര ദാഹം....
ഏതായാലും മതി ഒരു ഗ്ലാസ്സ് നല്ലോണം പഞ്ചസാരയിട്ട് ഇങ്ങട് പോരട്ടെ.....
മുപ്പത് ചെറു നാരങ, 400 ഗ്രാം ഇന്‍ചി ..ഓകെ മനസ്സിലായി. പക്ഷെ ഒരു കിലോ പന്‍ചസാര കിട്ടാന്‍ എത്ര കരിമ്പ് ആട്ടണമെന്നു പറഞില്ല!
ഇതൊരു നല്ല പരിചയ പെടുത്തലാണ് .
ആശംസകള്‍
അനില്‍@ബ്ലോഗ്: ആ ‘പന്ന്’ സാധനം ഉണ്ടാക്കി കുടിച്ചുനോക്കൂ. അത്ര പന്നയല്ലെന്ന് മനസ്സിലാവും. :-)
ബിന്ദു: ഇതു പോലെ തന്നാണോ ഉണ്ടാക്കിയിട്ടുള്ളത്. എന്തെങ്കിലും ടിപ്സ് ഉണ്ടെകില്‍ പറയണേ. :-)
ശ്രീ: അത്ര ബുദ്ധിമുട്ടില്ലെന്നേ. ഓരോന്നും ഓരോ ദിവസം ഉണ്ടാക്കിയാല്‍ മതി. :-)
Prayan: ശരിയാ, ഓരോ പേരുകളേയ്! :-)
Sands | കരിങ്കല്ല്: Motivation ഇല്ലാത്തതുകൊണ്ടല്ലേ ബാച്ചികള്‍ക്ക് ഇതൊക്കെ ഉണ്ടാക്കാന്‍ മടി. ഒരു ബോട്ടില്‍ സ്ക്വാഷ് ഉണ്ടാക്കി സമ്മാനിച്ച് ഗേള്‍ഫ്രണ്ടിനെ ഇമ്പ്രെസ് ചെയ്യിക്കാന്‍ നോക്കൂ. :-)
മേരിക്കുട്ടി: ട്രൈ ചെയ്തിട്ട് റിസള്‍ട്ട് പറയണേ. :-)
എഴുത്തുകാരി: കുറച്ച് സമയം മടി മാറ്റി വച്ചിട്ട് ഉണ്ടാക്കി നോക്കൂ. :-)
ചിതല്‍: വെര്‍ച്വലായി കലക്കി കുടിച്ച് ദാഹം മാറ്റാനുള്ള കഴിവുണ്ടല്ലേ. ഭാഗ്യവാന്‍!
നാരങ്ങ സ്ക്വാഷ് ഇഞ്ചി ചേര്‍ക്കാതെ ഉണ്ടാക്കി വയ്ക്കുക. ഒരു സോഡാ മേക്കര്‍ സംഘടിപ്പിക്കുക. ദിവസോം നാരങ്ങാ-സോഡ കുടിക്കാല്ലോ. :-)
മലകയറ്റവിവരണം വായിച്ചു. :-)
പകല്‍കിനാവന്‍: എടുത്ത് (ഉണ്ടാക്കി) കുടിച്ചാട്ടെ. :-)
അനൂപ്, ശിവ, സുരേഷ്‌കുമാര്‍: നന്ദി :-)
നരിക്കുന്നന്‍: ശ്രമിക്കൂ, കുടിക്കൂ. :-)
ഏറനാടന്‍: എന്ത് കണ്ടാലും കള്ള് പോലെ എന്ന് തോന്നുന്നത് കുഴപ്പമാണേ. :-)
നിരക്ഷരന്‍: അയച്ചിട്ടുണ്ട്. തുളുമ്പി തുളുമ്പി ഗ്ലാസ് കാലിയായാല്‍ എന്റെ കുറ്റമല്ല കേട്ടോ.
:-)
ഇപ്പഴും കാന്തിവിലിയില്‍ ആണോ?
ശ്രീഇടമണ്‍: ഇനീം പഞ്ചസാര ഇടണോ. ഷുഗറ് വരുമേ. :-)
പാവം ഞാന്‍: താങ്കള്‍ കരിമ്പാട്ടി പഞ്ചസാര ഉണ്ടാക്കിയാണോ ഉപയോഗിക്കുന്നത്? ഞാന്‍ കടയില്‍ നിന്ന് വാങ്ങുകയാണ് പതിവ്. അതുകൊണ്ട് കരിമ്പിന്റെ അളവ് അറിയില്ല. :-)
പാവപ്പെട്ടവന്‍: നന്ദി :-)
വേനലിനു പറ്റിയ പാനീയങള്‍..
നന്ദി
വിവരണം മാത്രം മതിയാരുന്നു,ഫോട്ടോ വേണ്ടായിരുന്നു.ഇത് വെറുതെ കൊതിപ്പിക്കാന്‍.
എന്തായാലും ഉണ്ടാക്കി നോക്കട്ടെ
എന്നെ അടുക്കളയില്‍ സഹായിക്കാന്‍ നില്‍ക്കുന്ന സ്ത്രീയോടു ഈ സാധനങ്ങള്‍ എങ്ങനെ ഉണ്ടാക്കണം എന്ന് പറഞ്ഞിട്ട് ഓഫീസില്‍ പോയതാ... തിരിച്ചു വന്നപ്പോ ഉണ്ടാക്കി വെച്ചിരിക്കുന്നു. നല്ല ചെളിവെള്ളം പോലെതോന്നിക്കുന്ന എന്തോ ഒന്ന്. വളരെസന്തോഷത്തോടെ എടുത്തു ദൂരെ കളഞ്ഞു. ഉടനെ ഞാന്‍ ഇത് ഉണ്ടാക്കും.. കട്ടായം..അതിനു മുന്പ് വേനല്‍ കഴിയാതിരുന്നെങ്കില്‍....
ജ്വാല: :-)
അരുണ്‍: ഉണ്ടാക്കി നോക്കിയാല്‍ പോര, കുടിക്കുകയും വേണം. :-)
നീലാംബരി: അയ്യോ, ടേസ്റ്റ് ചെയ്തിട്ടാണോ കളഞ്ഞത്? ഞാന്‍ കൊടുത്ത പടങ്ങളൊക്കെ കുടിക്കാനായി വെള്ളം ചേര്‍ത്ത് വച്ചതാണ്. സ്കാഷിന്റെ കളര്‍ വ്യത്യാസമുണ്ട്. നാരങ്ങ-ഇഞ്ചിക്ക് ഇളം ചുവപ്പ്, പെരുഞ്ചീരകത്തിന് ബ്രൌണ്‍, പുതിനയ്ക്കും മാങ്ങായ്ക്കും മഞ്ഞയാണോ പച്ചയാണോ ഇളം ബ്രൌണാണോ എന്ന് കണ്‍ഫ്യൂഷനാക്കുന്ന നിറം. :-)
കോള ഞാന്‍ ടോലെറ്റ് കഴുകാന്‍ മാത്രമേ ഉപയൊഗിക്കരുല്ലു...
സംഗതി കൊള്ളാം പക്ഷെ ഉണ്ടാക്കാന്‍ ബുദ്ധിമുട്ടാ
And one of the best drinks on earth is our good old tender coconut...
അരുണ്‍: കോളയ്ക്ക് അങ്ങനെയും ഒരുപയോഗമുണ്ടോ? ഹാര്‍പിക് വാങ്ങണ്ട കാര്യമില്ലേ? അപ്പോള്‍, കോള കുടിച്ചാല്‍ വയറ്റിലെ രോഗാണുക്കളൊക്കെ നശിച്ചോളും.
കരിക്കിന്‍വെള്ളത്തിനൊപ്പം നില്‍ക്കാന്‍ മറ്റൊന്നുമില്ല. അതുപോലെ സംഭാരവും. ഇതൊരു വെറൈറ്റിക്കല്ലേ. :-)
വായിച്ചു കഴിഞ്ഞപ്പോഴെ വല്ലാത്ത ദാഹം... തല്‍ക്കാലം പായ്ക്കറ്റ് പാനീയങ്ങളെ രക്ഷയുള്ളു... ഇതൊക്കെ ചെയ്യാന്‍ സമയം വേണ്ടെ.. പിന്നെ കുറച്ചു മടിയും, ഉണ്ണാന്‍ നേരത്തല്ലേ ഇല അന്വേഷിക്കാറുള്ളു...
കൊള്ളാലോ,ആം പന്ന മാത്രം കുടിച്ചിട്ടുണ്ട് ഒരു യു പിക്കാരന്‍ ചങ്ങായിയുടെ വീട്ടില്‍ നിന്ന്. ഫാരയയെ പ്രകോപിച്ചു നോക്കട്ടെ പുതിന സ്ക്വാഷ് ഉണ്ടാക്കാന്‍.
രണ്ടു ഗ്ലാസ് കലക്കി കുറിയര്‍ ചെയ്യാമെങ്കില്‍ അഡ്രസ്സ് അയച്ചു തരാം. വെറുതെ കിട്ടുന്നതിന്റെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാണേ..
വരാന്‍ വൈകിയെന്നറിയാം .... എന്നാലും ഇത് ധൈര്യമായി പരീക്ഷിക്കട്ടെ അല്ലേ? .... ഭൂമി ഉരുണ്ടതല്ലേ തീര്‍ച്ചയായും പരീക്ഷിക്കണം ....
Binu: ഉണ്ണാന്‍ നേരത്ത് ഇലയന്വേഷിക്കുന്നവര്‍ക്ക് പായ്ക്കറ്റ് പാനീയങ്ങളേ പറ്റൂ. :-)
ചങ്കരന്‍: ഉണ്ടാക്കീട്ട് അറിയിക്കണേ. :-)
വള്ളിക്കുന്ന്: ഞാനിതൊക്കെ കയറ്റുമതി ചെയ്യാന്‍ തുടങ്ങുമ്പോള്‍ അയച്ചുതരാം. :-)
രസികന്‍: ധൈര്യമായി പരീക്ഷിക്കൂ. ഞാന്‍ ഗ്യാരണ്ടി. :-)
ഇന്നാ ഇയാളുടെ ബ്ലോഗ് കണ്ടത് എല്ലാം നന്നായിട്ടുണ്ട് അഭിനന്ദങ്ങള്‍
പരീക്ഷിച്ചു നോക്കട്ടെ
Post a Comment