ഒരു ക്രിസ്തുമസ്-പുതുവത്സരമധുരം
ഇത് ഒരു പലവക ബ്ലോഗായതിനാല്‍ എന്റെ ചില പാചകപരീക്ഷണങ്ങളും പോസ്റ്റാമെന്ന് കരുതി. ഞാന്‍ നന്നായി പാചകം ചെയ്യുമെന്നാണ് ഞാനുണ്ടാക്കുന്നത് കഴിക്കുന്നവര്‍ പറയുന്നത്. എനിക്കും അങ്ങനൊരു വിചാരം ഇല്ലാതില്ല. :-) കല്യാണം കഴിഞ്ഞതിന് ശേഷമാണ് പതിവായി ഭക്ഷണം ഉണ്ടാക്കാന്‍ തുടങ്ങിയത്. ആദ്യമായി വച്ച സാമ്പാര്‍ വളരെ ബോറായിരുന്നു. ഉണ്ണിയെ ഒന്ന് impress ചെയ്യാന്‍ ഞാന്‍ വടക്കന്‍ സ്റ്റൈലില്‍ (തേങ്ങ അരച്ച്) സാമ്പാര്‍ വച്ചുനോക്കിയതാണ്. അതിന്‌ശേഷം സാമ്പാര്‍ വയ്ക്കാന്‍ പഠിപ്പിച്ചുതരാമെന്ന് പറഞ്ഞ് ഉണ്ണി ഒരു സാമ്പാര്‍ വച്ചു. എന്റെ സാമ്പാറിന് രുചികുറവാണെങ്കിലും കഴിക്കാന്‍കൊള്ളുമായിരുന്നു. ഉണ്ണീടെയാണെങ്കിലോ, ഉണ്ണിക്ക് തന്നെ കഴിക്കാന്‍ പറ്റിയില്ല. ഞാന്‍ പിന്നെ അതിനെ കഴിക്കാന്‍ പാകത്തിനാക്കിയെടുത്തു. അങ്ങനെ, ഒരു പോയിന്റ് സ്കോര്‍ ചെയ്തുകൊണ്ടാണ് ഞാന്‍ പാചകജൈത്രയാത്ര ആരംഭിച്ചത്.
ഞാനൊരു പാചകവിദഗ്ദ്ധയാണെന്ന അവകാശവാദമൊന്നുമില്ല. പക്ഷെ ഇടയ്ക്കൊക്കെ ഓരോന്ന് പരീക്ഷിക്കും.
പാചകത്തിന് ഞാനുണ്ടാക്കിയിരിക്കുന്ന ചില നിയമങ്ങളുണ്ട്.
1. ഒന്നും ഉണ്ടാക്കാന്‍ അധികം മിനക്കെടാന്‍ താത്പര്യമില്ല. അതേ സാധനം വാങ്ങാന്‍ കിട്ടുവാണേല്‍, അതിന്റെ രുചി എനിക്കും ഉണ്ണിക്കും ഇഷ്ടപ്പെട്ടെങ്കില്‍, അത് വീട്ടിലുണ്ടാക്കില്ല, വാങ്ങിത്തിന്നും.
2. ആരോഗ്യത്തിന് നല്ല ഭക്ഷണം ഉണ്ടാക്കണം. അല്ലാത്തവ കഴിക്കാന്‍ പാടില്ലാന്നല്ല. കഴിക്കണമെങ്കില്‍ പുറത്തൂന്ന് വാങ്ങണം.
3. ആരോഗ്യത്തിന് നല്ലതാണെങ്കില്‍ കുറച്ച് മിനക്കെട്ടാലും കുഴപ്പമില്ല.
4. ഒരു പാചകക്കുറിപ്പും അതേപടി ചെയ്യില്ല. അളവും സാധനങ്ങളും അവസരത്തിനൊത്ത് മാറ്റും.
അങ്ങനെ, ഈ നിയമങ്ങളുടെ പരിധിക്കുള്ളില്‍ വരുന്ന ഒരു പലഹാരമാണ് അരി-കടല-ഓട്സ്-തേങ്ങ-ഈന്തപ്പഴം-ശര്‍ക്കര ഉണ്ട. പണ്ടെവിടെയോ ആരോ എഴുതിയ (ആ ചേച്ചിക്ക് നന്ദി രേഖപ്പെടുത്തുന്നു) ഒരു പാചകക്കുറിപ്പിന്‍ ഞാന്‍ ചില മാറ്റങ്ങള്‍ വരുത്തി. ഓട്സ് ആരോഗ്യത്തിന് നല്ലതാണ്. അത് പോറിഡ്ജായി കഴിച്ചാല്‍ മടുത്തുപോവും. അതുകൊണ്ട് ഓട്സ് വേറെ പല രുചികരമായ രൂപത്തിലാക്കിയെടുക്കാനുള്ള എന്റെ ശ്രമത്തിന്റെ ഫലങ്ങളിലൊന്നുകൂടിയാണ് ഈ പലഹാരം.
ബൂലോകത്തിലുള്ള പാചകറാണി-രാജാമാര്‍ക്ക് ഒരു വെറ്റിലയും അടയ്ക്കയും ഒറ്റരൂപാത്തുട്ടും (ഓരോരുത്തര്‍ക്കും പ്രത്യേകം വയ്ക്കാനില്ല. അതുകൊണ്ട്, എടുത്തവര്‍ അനുഗ്രഹിച്ചിട്ട് തിരിച്ചുവയ്ക്കണം) ദക്ഷിണ വെച്ചുകൊണ്ട് ഇതാ ...
അരി-കടല-ഓട്സ്-തേങ്ങ-ഈന്തപ്പഴം-ശര്‍ക്കര ഉണ്ട
പുഴുങ്ങലരി: ¼ കിലോ
നിലക്കടല: 100 ഗ്രാം
ഓട്സ്: 100 ഗ്രാം
തേങ്ങ: 1
ഈത്തപ്പഴം: 100 ഗ്രാം
നെയ്യ്: 1 സ്പൂണ്‍ (നിര്‍ബന്ധമില്ല)
അരിയും കടലയും ചുവക്കെ വറുക്കണം. ഒന്നിച്ചല്ല, വേറെ വേറെ. ആറുമ്പോള്‍ അരി പുട്ടിന്റെ പരുവത്തില്‍ പൊടിക്കണം. കടല ഒരേപോലെ തരുതരുപ്പായി പൊടിക്കാന്‍ പറ്റിയാല്‍ നല്ലത്. ഞാന് മിക്സിയിലിട്ട് പൊടിക്കുമ്പോള്‍ ചിലതൊക്കെ നല്ലപോലെ പൊടിയും, ചിലത് അതേപടി കിടക്കും. ഓട്സും വറുത്ത് നല്ലപോലെ പൊടിക്കണം. (അരക്കിലോയുടെയോ കാല്‍ക്കിലോയുടെയോ പായ്ക്കറ്റ് വാങ്ങി, ഒന്നിച്ച് വറുത്ത് പൊടിച്ച് വച്ചാല്‍ എളുപ്പമുണ്ട്.) ഈന്തപ്പഴം ചെറുതായി അരിയണം. എന്നിട്ട് ഇതെല്ലാം ഒന്നിച്ച് ഇളക്കി വയ്ക്കാം.
ശര്‍ക്കര ഉരുക്കി അരിച്ചിട്ട് തേങ്ങ ചേര്‍ത്ത് വരട്ടുക. (തേങ്ങ ചിരണ്ടണമെന്ന് പ്രത്യേകം പറയേണ്ടല്ലോ.) നെയ്യും ചേര്‍ക്കാം. നന്നായി വരട്ടിയതിന് ശേഷം വാങ്ങിവച്ചിട്ട് പൊടികളുടെ കൂട്ട് ഇട്ട് ഇളക്കിയോജിപ്പിക്കണം. ഒരുവിധം ആറുമ്പോള്‍ ഉരുട്ടിയെടുക്കാം.
ഞാനിത് ഫ്രിഡ്ജിലാണ് സൂക്ഷിക്കാറ്. പുറത്ത് വച്ച് കേടായിപ്പോവുമോന്ന് പരീക്ഷിച്ചിട്ടില്ല.
എല്ലാവര്‍ക്കും ഈ മധുരം വിളമ്പിക്കൊണ്ട്, ക്രിസ്തുമസ്-നവവത്സരാശംസകള്‍ നേരുന്നു.
15 comments:
എല്ലാര്‍ക്കും ക്രിസ്തുമസ്-നവവത്സരാശംസകള്‍ :-)
ബിന്ദൂ :) കണ്ടിട്ട് ഉണ്ട അടിപൊളി. നന്നായിട്ടുണ്ടാവും എന്ന് അറിയാം. ഞാനിന്ന് കുറേ എന്നു പറഞ്ഞാൽ കുറേ കുറേ മധുരം തിന്നു. അതുകൊണ്ട് ഉണ്ട വേണ്ട. ഒരിക്കൽ നേരിട്ടു വന്ന് കഴിച്ചോളാം. ആഘോഷങ്ങളൊക്കെ കഴിഞ്ഞ് ഒരു ദിവസം ഉണ്ടാക്കിനോക്കാം.
വിശദമായി നോക്കാന്‍ പിന്നെ വരാം. കൊതി യാവുന്നു :)
തിരിച്ചും....
സ്നേഹത്തിന്റെയും ....
സന്തോഷത്തിന്റെയും ....
സമാധാനത്തിന്റെയും ....
നന്മയുടേയും......
ക്രിസ്റ്റുമസ്സ് ആശംസകള്‍ നേരുന്നു...
ബിന്ദൂ, ഇതൊക്കെ കണ്ടാല്‍ എനിക്ക് വല്ലാത്ത സങ്കടമാണ് വരിക. കാരണം മധുരം ഭയങ്കര ഇഷ്ടമാണ്, അതേ സമയം പാചകം ചെയ്യല്‍ അറുമടിയും.
എന്തായാലും ഇതൊന്ന് ഉണ്ടാക്കി നോക്കാം.
മടിയന്മാരായ ബാചിലേറ്സിനു പെട്ടെന്നുണ്ടാക്കാന്‍ പറ്റുന്ന വല്ല കറിക്കൂട്ടും ഉണ്ടെങ്കില്‍ തരുവാന്‍ അപേക്ഷ .
എന്ന് ഒരു പാവം ഐടി മടിയന്‍
ഒരു നാള്‍ ഞാനും ഇതൊക്കെ ഉണ്ടാക്കി കഴിയ്ക്കും....
കൃസ്തുമസ്സ് ആശംസകള്‍ വൈകിപ്പോയെന്നറിയാം .
ന്യൂ ഇയര്‍ ആശംസകള്‍ അഡ്വാന്‍സായി പിടിച്ചോളൂ...
മധുരം പങ്കുവെച്ചതിന് നന്ദി... :)
ഞാന് ഒരു നളപാചകത്തിനു തയാറാകാന്‍ പോകുകയാ
മധുരം ജീവാമ്രിത ബിന്ദൂ. ഇത്രേം വേണ്ടിയിരുന്നില്ല.
പിടിച്ചോള് ഇരട്ടി മധുരത്തില്‍ ഒരു ഹാപ്പി ന്യൂ ഇയര്‍.........
മുരളിക.
കണ്ടിട്ടു തോന്നുന്നു നന്നായിട്ടുണ്ടെന്നു്. ഉണ്ടാക്കണം ഒരു ദിവസം.
സു: പിന്നെ വന്നു കഴിക്കണേ :-)
ബഷീര്‍: താങ്കളും പിന്നെ വരണം. :-)
ബാജി: :-)
ഗീത്: മടി മാറ്റിവച്ച് ഇതൊന്ന് ഉണ്ടാക്കിനോക്കൂ.
:-)
nikeshponnen: മടിയന്മാര്‍ക്ക് പറ്റിയത് എന്തെങ്കിലുമുണ്ടോന്ന് നോക്കട്ടെ :-)
ശിവ: ഉണ്ടാക്കണം ട്ടോ :-)
നിരക്ഷരന്‍: :-)
അരുണ്‍: കല്യാണം കഴിഞ്ഞതിന്റെ after effect ആണോ നളപാചകത്തിനുള്ള തയ്യാറെടുക്കല്‍? :-)
മുരളിക: എന്താ മധുരം കൂടിപ്പോയോ? ശര്‍ക്കര ഇത്തിരി കുറച്ചാല്‍ മതി :-)
എഴുത്തുകാരി: നന്നായിട്ടുണ്ടെന്നേ, ധൈര്യമായിട്ടുണ്ടാക്കിക്കോ :-)
kandappol ruthi thonnunnu...ruthichhu nokkittu parayaam...
"താങ്കള്‍ക്കും കുടുംബത്തിനും ഈവര്‍ഷം പുതുമനിറഞ്ഞതും ആയുരാരോഗ്യ സൌഖ്യം നിറഞ്ഞതും സന്തോഷ പ്രദവുമായിരിക്കട്ടെ!"
Wish you a haappy new year as sweet as your product.
regards
http://manjaly-halwa.blogspot.com
വിജയലക്ഷ്മി: ശരി, ഉണ്ടാക്കിനോക്കീട്ട് പറയണേ. പുതുവത്സരാശംസകള്‍ :-)
poor-me/പാവം-ഞാന്‍: Thanks & wish you the same :-)
Post a Comment