നിറങ്ങള്‍ തന്‍ നൃത്തം
ഇന്ന് ഹോളി അഥവാ രംഗ്‌പഞ്ചമി. തീയാല്‍ മരിക്കില്ലെന്ന വരമുണ്ടെന്ന ധൈര്യത്തില്‍ പ്രഹ്ലാദനുമായി അഗ്നികുണ്ഠത്തില്‍ കയറിയ ഹിരണ്യകശിപുവിന്റെ സഹോദരി ഹോളികയുടെ മരണം അഥവാ തിന്മയുടെ മരണം ആണ് ഹോളി എന്ന ഉത്സവത്തിന് ആഘോഷിക്കുന്നത്. ഇതിന്റെ ഓര്‍മ്മയ്ക്കായി ഹോളിയുടെ തലേന്ന് വല്യ തീക്കുണ്ഠം ഉണ്ടാക്കും. നിറങ്ങളുടെ ആഘോഷമായി ഹോളിയെ മാറ്റിയത് ഭഗവാന്‍ ശ്രീകൃഷ്ണനാണെന്ന് പറയപ്പെടുന്നു. ഉണ്ണിക്കൃഷ്ണന്റെ കുസൃതികളിലൊന്നായിരുന്നത്രെ ഹോളി ദിനത്തില്‍ നിറങ്ങള്‍ കൊണ്ടുള്ള കളി.
പരസ്പരം നിറങ്ങള്‍ വാരിയെറിഞ്ഞുകൊണ്ടുള്ള ഈ ഉത്സവം കോളേജില്‍ പഠിക്കുന്ന കാലം തൊട്ടേ എനിക്ക് പേടിയാണ്. കോളേജിലെ ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോളി വല്യ ആഘോഷമാണ്. നമുക്ക് ഓണം പോലെയായിരിക്കണം അവര്‍ക്ക് ഹോളി. അവരുടെ ആഘോഷത്തില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ പങ്കുചേരും. ദേശീയോദ്ഗ്രഥനത്തിനൊന്നുമല്ല. ആ പേരില്‍ പെണ്‍കുട്ടികളുടെ ദേഹത്ത് തോണ്ടാനും തൊടാനും, പിന്നെ ക്ലാസ് നടക്കാതിരിക്കാനും. ഹോളി ബഹളം കാരണം എല്ലാ വര്‍ഷവും ഉച്ച കഴിഞ്ഞ് ക്ലാസ് സസ്പെന്‍ഡ് ചെയ്യും. വേറാരും വന്ന് തേയ്ക്കാതിരിക്കാന്‍ ഞങ്ങള്‍ രാവിലെ തന്നെ സ്വയം കുറച്ച് കളര്‍ മുഖത്ത് തേയ്ക്കും. അങ്ങനെ നാലുവര്‍ഷം ഓരോ ഹോളിയും തള്ളിനീക്കി.
മുംബൈയിലെ ഹോളി. കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഭവിച്ച അത്യാഹിതങ്ങളെക്കുറിച്ച് പത്രങ്ങളില്‍ വായിച്ച് എന്റെ പേടി അധികരിച്ചു. രാസവസ്തുക്കള്‍ നിറഞ്ഞ നിറങ്ങള്‍ കൊണ്ടുണ്ടായ ത്വക്ക്-കണ്ണ് രോഗങ്ങള്‍, വെള്ളം നിറച്ച ബലൂണിന്റെ ഏറ് കൊണ്ടിട്ടുണ്ടായ ക്ഷതങ്ങള്‍ - ഒക്കെ പോട്ടേന്ന് വയ്ക്കാം. ഹോളിയുടെ പേരില്‍ കല്ലും, ചെളിവെള്ളവും എറിയുന്നത് എന്തിന്? ചേരികളിലെ ചില കുട്ടികള്‍ ഒരു മാസം മുന്‍പ് തന്നെ ഈ ആവശ്യത്തിനായി ചെളിവെള്ളം ശേഖരിച്ചുവയ്ക്കും എന്ന് പത്രത്തില്‍ എഴുതിക്കണ്ടു. എറിയുന്നതോ, ലോക്കല്‍ ട്രെയിനിന്റെ ഫസ്റ്റ്‌ക്ലാസ് കമ്പാര്‍ട്ട്‌മെന്റുകളെ ലക്ഷ്യം വച്ചും. സമൂഹത്തിന്റെ മേലേക്കിടയിലുള്ളവരോടുള്ള പക അവര്‍ അങ്ങനെ തീര്‍ക്കുന്നു. ടെയിനിനുള്ളില്‍ വച്ച് ഏറുകൊണ്ട ഒരു സംഭവം എങ്കിലും എല്ലാ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ഹോളിയ്ക്ക് കുറച്ച് ദിവസങ്ങള്‍ മുന്‍പ് തന്നെ ഏറ് തുടങ്ങും. അതുകൊണ്ട്, ഞാന്‍ ശ്രദ്ധിച്ചാണ് നടക്കാറ്. ട്രെയിനിന്റെ വാതിലിനടുത്ത് നില്‍ക്കുന്നത് ഒഴിവാക്കും. നടന്നുപോവുന്നതും കഴിവതും ഒഴിവാക്കും. ഒരിക്കല്‍, ഞാന്‍ താമസിച്ചിരുന്ന കോംപ്ലക്സിനുള്ളില്‍ വച്ച് തന്നെ വെള്ളം നിറച്ച ഒരു ബലൂണ്‍ എന്റെ മൂക്കിനെ തൊട്ടുരുമ്മി കടന്നുപോയി. ഏത് വീട്ടില്‍ നിന്നാണ്, ആരാണ് എന്നൊന്നും മനസ്സിലായില്ല. എങ്കിലും, ഞാന്‍ മുകളിലേയ്ക്ക് നോക്കി കുറേ ചീത്ത വിളിച്ചു – മനസ്സില്‍. പിന്നൊരിക്കല്‍, സ്റ്റേഷനീന്ന് വീട്ടിലേയ്ക്ക് നടക്കുമ്പോള്‍, വഴിയരികിലെ ഒരു വീട്ടില്‍ നിന്നും ഒരു ബലൂണ്‍ എന്റെ തൊട്ടുമുന്നില്‍ വീണ് പൊട്ടിച്ചിതറി. ലക്ഷ്യം തെറ്റിയില്ലാരുന്നെങ്കില്‍ എന്റെ തലയില്‍ വീണേനെ. പിന്നെ, കുറേനാള്‍ ഞാന്‍ ആ വഴി നടന്നില്ല. സ്റ്റേഷനില്‍ നിന്ന് ഓട്ടോ പിടിച്ച് വീട്ടില്‍ പോവും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, non-toxic, organic കളറുകള്‍ പ്രചാരത്തിലായിട്ടുണ്ടെങ്കിലും, വിലക്കുറവ് കാരണം chemical കളറുകളാണ് പലരും വാങ്ങുക. വെള്ളം നിറച്ച ബലൂണുകള്‍ എറിയുന്നത് കുറ്റകരമാണെങ്കിലും ആരും അത് വകവെയ്ക്കാറില്ല.
ഇങ്ങനെയൊക്കെയാണെങ്കിലും, ഞാന്‍ കഴിഞ്ഞ വര്‍ഷം ഹോളി ആഘോഷിച്ചു. നേച്ചര്‍ ക്നൈറ്റ്സിന്റെ കൂടെ. മുംബൈയ്ക്കടുത്തുള്ള അലിബാഗില്‍, നവ്‌ഗാവ് എന്ന സ്ഥലത്ത്. ഗേറ്റ്‌വേ ഓഫ് ഇന്ത്യയില്‍ നിന്ന് അലിബാഗിലേയ്ക്ക് ബോട്ടില്‍ പോവാം. മുക്കാല്‍ മണിക്കൂര്‍ മതി. റോഡ് വഴി പോയാല്‍ രണ്ടര-മൂന്ന് മണിക്കൂറെടുക്കും. അലിബാഗ് ജെട്ടിയില്‍ നിന്ന് ടൌണ്‍ വരെ 20-25 മിനിറ്റ് ബസ് യാത്രയുള്‍പ്പടെയാണ് ബോട്ട് കൂലി. ഗേറ്റ്‌വേയില്‍ എല്ലാരും ഒത്തുകൂടിയപ്പോള്‍ത്തന്നെ പരസ്പരം കളര്‍ തേയ്ക്കാന്‍ തുടങ്ങി.
അവിടുന്ന്, ചായയും ബണ്‍-മസ്ക്കയും (ബണ്ണില്‍ വെണ്ണ തേച്ചത്) കഴിച്ചിട്ട് ബോട്ടില്‍ കയറി. കുറെ പോകുമ്പോള്‍ സീഗള്ളുകളെ കാണാം. സീഗള്ളിന്റെ മലയാളം എനിക്കറിയില്ല. എന്തെങ്കിലും ഭക്ഷണം എറിഞ്ഞുകൊടുത്താല്‍ അവ വായുവില്‍വച്ച് തന്നെ അത് കൊത്തിയെടുക്കും.
അലിബാഗ് ടൌണില്‍ നിന്ന്‍ നാലഞ്ച് കിലോമീറ്റര്‍ അകലെയാണ് നവ്‌ഗാവ്. പ്രഭാതഭക്ഷണത്തിന് ശേഷം ടം ടം എന്ന റിക്ഷയില്‍ കയറി നവ്‌ഗാവിലെത്തി.
ടുക് ടുക് എന്നും പറയും ഈ റിക്ഷയ്ക്ക്. മഹാരാഷ്ട്രയിലെ മിക്കയിടങ്ങളിലും ഇതാണ് പ്രധാന വാഹനം. ആറ് പേര്‍ക്ക് സുഖമായിരിക്കാം. ഉള്‍നാടുകളില്‍ ചെന്നാല്‍ ആറിന് പകരം പന്ത്രണ്ടോ അതില്‍ക്കൂടുതലോ ആള്‍ക്കാര്‍ ടം ടമ്മില്‍ യാത്ര ചെയ്യുന്നത് കാണാം.
നവ്‌ഗാവിലെ ഒരു കര്‍ഷകകുടുംബം ടൂറിസ്റ്റുകള്‍ക്കായി അവരുടെ വീട്ടില്‍ തന്നെ താമസസൌകര്യം ഒരുക്കിയിട്ടുണ്ട്. അവിടെ നേരത്തെ ബുക്ക് ചെയ്തിരുന്നു.
ബാഗൊക്കെ അവിടെ വെച്ചിട്ട്, അടുത്തുള്ള കടലിലേയ്ക്ക് പോയി. കുറേനേരം വെള്ളത്തില്‍ പന്ത് കളിച്ചു. പിന്നെ, ഹോളിയും. വെള്ളത്തിലായിരുന്നതുകൊണ്ട് അധികം കളര്‍ ദേഹത്ത് പിടിച്ചില്ല.
അവിടത്തെ കടപ്പുറത്ത് മണലല്ല, ചെളിയാണ്. ജ്ഞാനേഷിനെ ആ ചെളിയില്‍ കുഴിച്ചിട്ട് ഒരു പ്രകൃതിചികിത്സ നടത്തി.
രണ്ട് കുളിമുറികളേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട്, കുളിക്കാന്‍ ക്യൂ നില്‍ക്കേണ്ടിവന്നു. എല്ലാരും കുളിച്ചുവന്നപ്പോഴേയ്ക്ക് ഊണ് തയ്യാര്‍.
ഊണ് കഴിഞ്ഞ് ചിലര്‍ കാരസ് കളിച്ചു. ഞാനും ഉണ്ണിയും വായിക്കാന്‍ പുസ്തകമെടുത്തിരുന്നു. ഞങ്ങള്‍ ഹാമൊക്കില്‍ കിടന്ന് വായിച്ചുറങ്ങി. ചിലര്‍ റൂമില്‍ കിടന്നുറങ്ങി.
വൈകുന്നേരം ചായയ്ക്ക് ശേഷം വീണ്ടും കടല്‍ത്തീരത്തേയ്ക്ക്. വേലിയിറക്കമായിരുന്നതുകൊണ്ട് നടക്കാനേറെ സ്ഥലം. കഥകള്‍ പറഞ്ഞും ഗ്രാമത്തിലെ ഇടവഴികളിലൂടെ നിലാവത്ത് നടന്നും സമയം പോയതറിഞ്ഞില്ല. ആ ഹോളി അങ്ങനെ അവസാനിച്ചു.
പിറ്റേന്ന്, രാവിലെ കോറളായ് കോട്ടയിലേയ്ക്ക്. മുന്‍പൊരിക്കല്‍ പോയിട്ടുണ്ട് അവിടെ. ആ ഫോട്ടോകള്‍ ഇവിടെ ഉണ്ട്. ഒരു മുക്കുവഗ്രാമത്തിന്റെ അടുത്താണ് പോര്‍ട്ടുഗീസ് ഭരണത്തിലായിരുന്ന ഈ കോട്ട. മൂന്നുവശവും കടലാണ്. ഒരു ലൈറ്റ് ഹൌസുമുണ്ട് ഈ കോട്ടയുടെ താഴെ.
കോട്ട അധികവും ഇടിഞ്ഞ്‌പൊളിഞ്ഞ് കിടക്കുന്നു. മുകളില്‍ വരെ പടികളുണ്ട്. പക്ഷെ, ഞങ്ങള്‍ കുറച്ചുപേര്‍ക്ക് നേരെയുള്ള വഴി അത്ര പിടിത്തമില്ല. അതുകൊണ്ട് പടികളെ ഉപേക്ഷിച്ച്, ഞങ്ങള്‍ പുല്‍മേട്ടിലേയ്ക്കിറങ്ങി.
കുറച്ചുദൂരം ചെന്നപ്പോള്‍ ഒരു കയ്യാല കേറിയാലേ മുന്നോട്ട് പോകാന്‍ പറ്റൂ. മണ്ണിന് മുകളില്‍ പൊന്തിനിന്നിരുന്ന വേരുകളില്‍ പിടിച്ച് വലിഞ്ഞുകയറി.
താഴേയ്ക്ക് നടന്നപ്പോള്‍ കടലിനരികിലുള്ള മതില്‍ക്കെട്ടിനടുത്തെത്തി. നല്ല തെളിഞ്ഞ വെള്ളം. സമയമില്ലാതിരുന്നതുകൊണ്ട് കടലിലിറങ്ങിയില്ല.
കിതച്ചുകൊണ്ട് മുകളിലെത്തിയപ്പോള്‍ ബാക്കിയുള്ളവര്‍ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. തിരിച്ച് വന്ന്, ഉച്ചഭക്ഷണത്തിന് ശേഷം മുംബൈയിലേയ്ക്ക്.
ഈ യാത്രയ്ക്കിടയില്‍ എടുത്ത കുറച്ച് ചിത്രങ്ങള്‍ ചേര്‍ത്ത് വച്ച ചില ബിസ്ലേരി നിമിഷങ്ങള്‍ ഇവിടെ കാണാം.