വീണ്ടും കറുത്ത കുതിര
കഴിഞ്ഞ വര്‍ഷം കറുത്ത കുതിരയെക്കുറിച്ച് ഞാനൊരു ചിത്ര-പോസ്റ്റിട്ടിരുന്നു. 2009-ലെ കാലാഘോഡാ കലോത്സവം ഇന്നലെ തുടങ്ങി. ഇനി പത്തുദിവസത്തേയ്ക്ക് ആട്ടവും പാട്ടും മറ്റ് കലാസാഹിത്യപരിപാടികളുമായി കാലാഘോഡായിലും പരിസരത്തും ആഘോഷം തന്നെ.
എന്നും വൈകുന്നേരം ആറുമണിക്ക് Heritage Bus Ride ഉണ്ട്. MTDC ഇത് മുംബൈ ദര്‍ശന്‍ എന്ന പേരില്‍ പതിവായി നടത്തുന്നതാണെങ്കിലും ഞങ്ങള്‍ ഇതുവരെ പോയിട്ടില്ല. അതുകൊണ്ട്, ഇതില്‍ പങ്കെടുത്തുകൊണ്ട് കാലാഘോഡയിലുള്ള ചുറ്റല്‍ തുടങ്ങാമെന്ന് കരുതി.
ആദ്യദിവസമായതുകൊണ്ട്, ബസിന്റെ ഉടമയായ BEST (Bruhan Mumbai Electric Supply & Transport), Ride നടത്തുന്നതിന് അധികാരപ്പെട്ട MTDC, Ride ഉള്‍പ്പടെയുള്ള മറ്റ് Heritage Walks സംഘടിപ്പിക്കുന്ന Mumbai Heritage Walks Society, Kalaghoda Foundation – ഇവരെല്ലാം തമ്മില്‍ വാര്‍ത്താവിനിമയത്തില്‍ ലേശം വീഴ്ച വരുത്തിയതിനാല്‍, Ride കുറച്ച് വൈകിയാണ് തുടങ്ങിയത്.
മുകള്‍ഭാഗം തുറന്ന രണ്ടുനില ബസാണ്. നേരത്തെ ചെന്ന് പാസ് (ഫ്രീ) വാങ്ങിയതിനാല്‍ മുകളില്‍ സീറ്റ് കിട്ടി. അങ്ങനെ മുകളിലിരുന്ന് നോക്കുമ്പോള്‍ ഒരു വ്യത്യസ്തമായ വീക്ഷണം കിട്ടും (ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം പറയുന്ന മാതിരി).
റീഗല്‍ സര്‍ക്കിളില്‍ നിന്ന് തുടങ്ങി, ആദ്യം ഗേറ്റ് വേ ഓഫ് ഇന്ത്യയിലേയ്ക്ക്. നവംബറിലെ ഭീകരാക്രമണത്തിന് ശേഷം ആദ്യമായാണ് ഞാനിവിടെ.
പിന്നെ, കൊളാബ വഴി വീണ്ടും റീഗല്‍ സര്‍ക്കിളില്‍. മറൈന്‍ ഡ്രൈവ്, ഛത്രപതി ശിവജി ടെര്‍മിനസ് (മുന്‍പത്തെ വിക്ടോറിയ ടെര്‍മിനസ്) വഴി തിരിച്ച് റീഗല്‍ സര്‍ക്കിളില്‍ ഇറക്കിവിട്ടു. ഈ വഴികളിലൊക്കെ ഹെറിറ്റേജ് കെട്ടിടങ്ങള്‍ ധാരാളമുണ്ട്. Art Deco, Indo-Saracen - ഇങ്ങനെ ഓരോ വാസ്തുകലാശൈലിയില്‍ പണിത കെട്ടിടങ്ങള്‍. എനിക്ക് ഇതിലൊക്കെ നല്ല വിവരമായതുകൊണ്ട് കൂടുതല്‍ വിശദീകരിക്കുന്നില്ല. ചിത്രങ്ങള്‍ കണ്ടോളൂ.
ഏഴരമണിയോടെ കാലാഘോഡയില്‍ തിരിച്ചെത്തി. മാളവിക സരുക്കായ് എന്ന നര്‍ത്തകി ഭരതനാട്യം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അവസാനഭാഗം മാത്രം കണ്ടു.
കാലാവസ്ഥാമാറ്റത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്ന ഒരു നിശബ്ദനാടകം.
അതുകഴിഞ്ഞ്, സല്‍സാ നൃത്തം.
അനായാസമായി ആ നര്‍ത്തകര്‍ ചുവട് വയ്ക്കുന്നത് കണ്ടപ്പോള്‍, ഞാനും ഉണ്ണിയും സല്‍സ പഠിക്കാന്‍ ശ്രമിച്ച് പരസ്പരം കാലില്‍ ചവിട്ടി പരാജയപ്പെട്ടത് ഓര്‍മ്മ വന്നു.
ചില സുഹൃത്തുക്കളെ കണ്ടു, സംസാരിച്ചു. ഒരിക്കലൊരു ട്രെക്കിനും പിന്നെ എല്ലാ വര്‍ഷവും കാലാഘോഡയിലും മാത്രം കാണുന്ന പ്രതിഷ്ഠ-തരുണ്‍ ദമ്പതികളെയും കണ്ടു.
കുറേനേരം കൂടി ചുറ്റി നടന്നു. ചില കലാരൂപങ്ങള്‍ ഉയര്‍ന്നുവരുന്നതേയുള്ളൂ. ഇന്നും, പിന്നെ പറ്റുന്ന ദിവസങ്ങളിലെല്ലാം പോണം.
കൂടുതല്‍ ചിത്രങ്ങള്‍ പിന്നാലെ.
കഴിഞ്ഞ വര്‍ഷത്തെ ചിത്രങ്ങള്‍ ഇവിടെയുണ്ട്.










