Monday, November 24, 2008
Friday, October 24, 2008
പടക്കാവലിയില്‍ നിന്ന് ഒളിക്കാതെ ഓടുന്നു
ദീപാവലി ദീപങ്ങളുടെ ആഘോഷമെന്നത് മാറി പടക്കങ്ങളുടെ ആഘോഷമായി മാറിയ സ്ഥിതിക്ക്, ഞാന്‍ ഈ ഉത്സവത്തിന്റെ പേര് പടക്കാവലിയെന്ന് മാറ്റിയതായി പ്രഖ്യാപിക്കുന്നു. ദീപാവലി കാര്യമായി ആഘോഷിക്കാത്ത ഏക സംസ്ഥാനം കേരളമായിരുന്നു. ഇപ്പഴത്തെ കാര്യം അറിയില്ല. സ്വര്‍ണ്ണം, തുണി, മറ്റ് ഉപഭോഗവസ്തുക്കള്‍ നിര്‍മ്മിക്കുന്ന കമ്പനികളുടെ മാര്‍ക്കറ്റിങ്ങ് തന്ത്രം മൂലം കേരളം പുതിയ ആഘോഷങ്ങള്‍ സ്വന്തമാക്കുകയാണല്ലോ – അക്ഷയതൃതീയ പോലെ.
എന്തായാലും മുംബൈയിലെ ബഹളമയവും പുകമയവുമായ ദീപാവലി ആഘോഷങ്ങളില്‍ നിന്ന് എല്ലാ വര്‍ഷവും ഞാനും ഉണ്ണിയും രക്ഷപെടാറുണ്ട്. സിറ്റിയില്‍ നിന്ന് മാറിയാല്‍ത്തന്നെ ആശ്വാസമാവും. ഇവിടെ ദിവസവും ജീവിക്കാന്‍ വേണ്ടി നെട്ടോട്ടമായതുകൊണ്ടാവും ഉത്സവങ്ങള്‍ വരുമ്പോള്‍ എല്ലാരും തിമിര്‍ത്താഘോഷിക്കുന്നത്. ഓരോ വര്‍ഷം കഴിയുന്തോറും എല്ലാ ആഘോഷങ്ങളും കൂടുതല്‍ ശല്യമായി വരുന്നതായാണ് എനിക്ക് തോന്നുന്നത്. എന്റെ ഒരു സുഹൃത്ത് ഇന്നലെ പറഞ്ഞു, ദൈവവിശ്വാസം കൂടി ഇല്ലാണ്ടായെന്ന്. അത്ര മടുത്ത് പോയി അവള്‍ക്കീ ആഘോഷബഹളങ്ങള്‍. അവളുടെ ഒരു വയസ്സുള്ള മോനെ ആശ്വസിപ്പിക്കാന്‍ പെടുന്ന പാട്. വലിയവര്‍ക്കേ സഹിക്കാന്‍ വയ്യ. കുഞ്ഞുങ്ങളുടെ കാര്യം പറയണോ.
ഇപ്രാവശ്യം ഞാന്‍ ഈ കുരുന്നുകളുടെ കൂടെ ദീപാവലി നേരത്തെ ആഘോഷിച്ചു. ദീപങ്ങളും പടക്കങ്ങളുമില്ലാതെ, പകരം ദീപങ്ങളേക്കാള്‍ തെളിച്ചമുള്ള ചിരിയും പടക്കങ്ങളേക്കാള്‍ കേള്‍ക്കാന്‍ സുഖമുള്ള ആര്‍പ്പുവിളികളും ...
Posted by Bindhu Unny at 10:20 PM 24 comments
Tuesday, September 30, 2008
ഒരു പൂച്ച ‘ചിത്ര’കഥ
അപ്പൂന്റെയും കൃഷിന്റെയും പൂച്ചച്ചിത്രങ്ങള്‍ കണ്ടപ്പോള്‍ എനിക്കും തോന്നി കുറെ പൂച്ചപ്പടങ്ങള്‍ എടുത്ത് പോസ്റ്റ് ചെയ്യണമെന്ന്. മോഡലുകളെ കിട്ടാന്‍ വൈകി. :-)
പിന്നാമ്പുറം: ദാണ്ടേക്കറും കൊതാല്‍ക്കറും നല്ല സുഹൃത്തുക്കളാണ്. എന്നാല്‍ ഇന്നലെ അവര്‍ തമ്മില്‍ ഉഗ്രന്‍ വഴക്കുണ്ടായി. ദാണ്ടേക്കര്‍ രാത്രി കഴിക്കാനായി കുറച്ച് മീന്‍തല സംഘടിപ്പിച്ച് വച്ചിരുന്നത് കൊതാല്‍ക്കര്‍ അടിച്ചുമാറ്റി തിന്നു. കൊതാല്‍ക്കര്‍ക്കല്ലെങ്കിലും കൊതിയിച്ചിരി കൂടുതലാണെന്ന് പറഞ്ഞ് ദാണ്ടേക്കര്‍ കുറെ ചീത്ത പറഞ്ഞു. മീനിനൊക്കെ എന്താ വില, ഞാന്‍ നിനക്കുംകൂടി തരാന്‍ വച്ചിരുന്നതാ – അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് അടി, അല്ല കടിയായി. ആരൊക്കെയോ വന്ന് പിടിച്ചുമാറ്റി. പിന്നെ തമ്മില്‍ മിണ്ടീട്ടില്ല. ഇങ്ങനെ പിണങ്ങിയിരിക്കുന്നതില്‍ കൊതാല്‍ക്കര്‍ക്ക് നല്ല വിഷമമുണ്ട്. “വിശന്നിട്ടല്ലേ മീന്‍തലയെടുത്തത്, അതൊന്ന് ക്ഷമിച്ചൂടെ? ഇത്ര വല്യ ഇഷ്യൂ ആക്കണോ?,“ അവന്‍ വിചാരിച്ചു. എന്തായാലും പോയി സോറി പറഞ്ഞേക്കാം എന്ന് കരുതി അവന്‍ അവരുടെ സ്ഥിരം ‘ഹാങ്ങ് ഔട്ട്’‘ സ്ഥലത്തേയ്ക്ക് വെച്ചു പിടിച്ചു.
Posted by Bindhu Unny at 9:39 PM 46 comments
Thursday, September 25, 2008
മഴ നനയാന്‍ കൊതിച്ച് ഗോരഖ്ഘടിലേയ്ക്ക്
മുംബൈ വിട്ടപ്പഴേ മഴ നിന്നു. പിന്നെ, അതായി എല്ലാരുടെയും സങ്കടം. പക്ഷെ ‘എല്ലാം നല്ലതിനുവേണ്ടി‘ എന്നു പറയുന്നത് സത്യമാണെന്ന് ഒന്നൂടെ തെളിഞ്ഞു. ട്രെക്കിങ് ചെയ്ത് പരിചയമുള്ള 8 പേരും ബാക്കി 21 പേരുമായിരുന്നു ഗ്രൂപ്പില്‍. രണ്ടുപേര്‍ താഴെ ഇരുന്നതേയുള്ളൂ. അവര്‍ അത് പ്ലാന്‍ ചെയ്ത് വന്നതായിരുന്നു – പായയും പുസ്തകങ്ങളും ഒക്കെയായി.
ഗോരഖ്ഘട് കയറാന്‍ അത്ര ബുദ്ധിമുട്ടില്ല. എന്നാല്‍ ആദ്യമായി ട്രെക്കിങ് ചെയ്യുന്നവര്‍ക്ക് കയറാന്‍ കഷ്ടമായിരുന്നു. അതുകൊണ്ട് കുറച്ചധികം സമയമെടുത്തു. ചിലയിടത്തൊക്കെ, ഈ കാല്‍ ഇവിടെ വയ്ക്ക്, ആ കാല്‍ അവിടെ വയ്ക്ക് എന്നൊക്കെ പറഞ്ഞു കൊടുത്ത് കയറ്റേണ്ടി വന്നു. മുക്കാല്‍ ഭാഗം കയറീട്ട്, ഇനി മുകളിലേയ്ക്കിലാന്ന് പറഞ്ഞിരുന്ന ചിലരെ നിര്‍ബന്ധിച്ച്, ഇത്രയും മെനക്കെട്ടതൊക്കെ വെറുതെയാവില്ലേന്നൊക്കെ പറഞ്ഞ് മുകളിലെത്തിച്ചു.
മുകളിലെന്താ കാറ്റെന്നറിയുമോ? ഈ ഫോട്ടോ നോക്കിയേ.
(ഈ ഫോട്ടോയുടെ തല മാത്രം ക്രോപ്പ് ചെയ്തെടുത്ത് ഞാന്‍ നാട്ടിലേയ്ക്ക് അയച്ചുകൊടുത്തു – പുതിയ ഹെയര്‍സ്റ്റൈലാന്ന് പറഞ്ഞിട്ട്. വീട്ടിലെല്ലാരും അത് വിശ്വസിച്ചു. ഇപ്പഴും റേഷന്‍ കാര്‍ഡില്‍ പേരുണ്ടായിരുന്നെങ്കില്‍ അത് വെട്ടിച്ചേനെ എന്നൊക്കെ പറഞ്ഞു. ഞാന്‍ സത്യം പറഞ്ഞപ്പോ എല്ലാരും ചമ്മി.)
മുകളില്‍ ഒരു ഗുഹയുണ്ട്. 25 പേര്‍ക്ക് താമസിക്കാം. വേറൊരു ഗ്രൂപ്പ് അവിടെ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. ഇവിടുന്ന് പിന്നെയും മുകളിലേയ്ക്ക് കയറണമെങ്കില്‍ ‘റോക്ക് ക്ലൈംബിങ്ങ്’ ചെയ്യണം. കുത്തനെയുള്ള കയറ്റമാണ്. അതിസാഹസികരും (ഞാനും ഉണ്ണിയും അതില്‍പെടിലാന്ന് പ്രത്യേകം പറയേണ്ടല്ലോ) റോക്ക് ക്ലൈംബിങ്ങ് ചെയ്ത് പരിചയമുള്ളവരുമായ 2-3 പേര്‍ അത് കേറാന്‍ നോക്കാന്‍ പോയി. ഞങ്ങള്‍ ഉച്ചഭക്ഷണവും കഴിച്ച് ഒരു മയക്കവും നടത്തി.
തിരിച്ചിറങ്ങാന്‍ നേരത്താണ് മഴ പെയ്യാതിരുന്നത് എത്ര നന്നായെന്ന് മനസ്സിലായത്. തെന്നലില്ലാതെ തന്നെ ചില സ്ഥലത്തൊക്കെ ഇറങ്ങാന്‍ നല്ല ബുദ്ധിമുട്ടായിരുന്നു, പ്രത്യേകിച്ച് പുതിയ ആള്‍ക്കാര്‍ക്ക്. പലയിടത്തും പിടിച്ച് പിടിച്ച് ഇറക്കേണ്ടിവന്നതിനാല്‍ സമയവും ധാരാളമെടുത്തു. കൂടുതല്‍ പേര്‍ക്കും സിറ്റിയില്‍ ജനിച്ച് വളര്‍ന്നതുമൂലമുള്ള അപരിചതത്വവും, അതുകൊണ്ടുള്ള പേടിയുമായിരുന്നു. പേടി വന്നാല്‍ പിന്നെ നേരെയുള്ള സ്ഥലത്ത് പോലും വീഴുമെന്ന് തോന്നും.
ഒരു കുട്ടിയാണേല്‍ വിറയ്ക്കാന്‍ തുടങ്ങി. അതിനോട് ഇരുന്ന് നിരങ്ങി ഇറങ്ങിയാല്‍ മതിയെന്ന് പറഞ്ഞു. അത് ഇരുന്നിറങ്ങുമ്പോള്‍, ഞാന്‍ അടുത്ത് നില്‍ക്കാന്‍ സമ്മതിച്ചില്ല. ഞാനും ഇരിക്കണമത്രെ, എങ്കിലേ അതിന് പേടി കൂടാതെ ഇറങ്ങാന്‍ പറ്റൂ.
അങ്ങനെ സൂര്യനസ്തമിക്കുമ്പോഴേയ്ക്കും താഴെയെത്തി. നേരെ പോയി ഒരു കാട്ടരുവിയിലേയ്ക്ക്. പത്തുമിനിറ്റ് അതില്‍ കിടന്നു – ഒരു ഞായറാഴ്ച നല്ലവണ്ണം ചെലവഴിച്ച സംതൃപ്തിയോടെ.
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ.
Posted by Bindhu Unny at 8:41 PM 46 comments
Labels: ട്രെക്ക്
Thursday, September 4, 2008
നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടൂ?
Posted by Bindhu Unny at 11:24 PM 39 comments
Labels: സ്വന്തം കാര്യം