നാല് പാനീയങ്ങള്‍
വേനല്‍ക്കാലം തുടങ്ങിയതോടെ വെള്ളം കുടിക്കുന്നതും കൂടിക്കാണും. കൂടിയില്ലെങ്കില്‍ കൂട്ടണം. അല്ലെങ്കില്‍ നിര്‍ജ്ജലീകരണം (ഹൊ! ഡീഹൈഡ്രേഷന്‍ എന്ന് പറയാന്‍ എന്തെളുപ്പം!) സംഭവിച്ച് കുഴപ്പമായാലോ. പക്ഷെ, എപ്പഴും പച്ചവെള്ളം തന്നെ കുടിച്ചുകൊണ്ടിരുന്നാല്‍ ബോറടിക്കില്ലേ. ചുക്കുവെള്ളം, കരിങ്ങാലിവെള്ളം, ഒക്കെ ഉണ്ട് ഒരു വെറൈറ്റിക്ക്. അത് ചൂടോടെ കുടിച്ചാല്‍ നല്ലതാണ്. ഉഷ്ണം ഉഷ്ണേന ശാന്തി. അതും മടുത്താലോ? വല്ലപ്പോഴും കോള കുടിക്കാം. വയറിനെ അങ്ങനെ കൊഞ്ചിച്ച് വഷളാക്കരുതല്ലോ. എന്ന് കരുതി കോള പതിവാക്കുന്നത് നന്നല്ല. പുറത്ത് പോവുമ്പോള്‍ വിശ്വസിച്ച് കുടിക്കാന്‍ വേറെ ഒന്നും കിട്ടിയില്ലെങ്കില്‍ കോളയേ രക്ഷ. ഒരു യാത്രയ്ക്കിടയില്‍ കുപ്പീലാക്കിയ വെള്ളം പല കടകളിലും അനേഷിച്ചിട്ട് കിട്ടാതായപ്പോള്‍ Sprite വാങ്ങിയതോര്‍മ്മയുണ്ട്.
പച്ചവെള്ളം, ചൂടുവെള്ളം, കോളവെള്ളം – ഇതിന്റെയെല്ലാം സ്ഥാനം മനസ്സിലായല്ലോ. ഇനി വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന, കുറേയേറെ നാള്‍ സൂക്ഷിച്ച് വയ്ക്കാവുന്ന, രുചിയുള്ള നാല് പാനീയങ്ങള്‍ ഉണ്ടാക്കുന്ന വിധമാവട്ടെ. പഞ്ചസാര ഉണ്ട് എന്നതൊഴിച്ചാല്‍ ഈ സിറപ്പുകളെല്ലാം ആരോഗ്യത്തിന് നല്ലതാണ്. പഞ്ചസാര ആവശ്യത്തിന് കുറയ്ക്കുകയോ കൂട്ടുകയോ ആവാം.
ശ്രദ്ധിയ്ക്കേണ്ട കാര്യം, സ്ക്വാഷ് ഉണ്ടാക്കുമ്പോള്‍ ഉപയോഗിക്കുന്ന എല്ലാ പാത്രങ്ങളും, ഒഴിച്ച് വയ്ക്കുന്ന കുപ്പികളും, കഴുകി ഉണക്കിയവ ആവണം. ഈ പാനീയങ്ങളെല്ലാം തന്നെ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ മൂന്നാല് മാസം വരെ കേടാവാതെയിരിക്കും. കുടിക്കാന്‍ നേരത്ത് മൂന്നോ നാലോ സ്പൂണ്‍ ഗ്ലാസ്സിലെടുത്ത് ബാക്കി വെള്ളം ചേര്‍ക്കാം. സ്ക്വാഷിന് നല്ല കളറ് വേണമെന്നുള്ളവര്‍ക്ക് അല്പം കളര്‍ തുള്ളികളും ചേര്‍ക്കാം – പച്ച, മഞ്ഞ, ചുവപ്പ്, ഓറഞ്ച്, നീല, വയലറ്റ്, ... അങ്ങനെ. :-)
നാരങ്ങ-ഇഞ്ചി സ്ക്വാഷ്
- നാരങ്ങാനീര്: 400 മില്ലിലിറ്റര്‍
- ഇഞ്ചിനീര്: 150 മില്ലിലിറ്റര്‍
- പഞ്ചസാര: 1 കിലോ
നാരങ്ങാനീരും ഇഞ്ചിനീരും ഉണ്ടാക്കുന്നതാണ് മിനക്കെട്ട പണി. നാരങ്ങ കഴുകിത്തുടച്ചിട്ട് വേണം പിഴിയാന്‍. അരിച്ചെടുക്കുകയും വേണം. ഇഞ്ചിനീരുണ്ടാക്കുമ്പോള്‍ അരയ്ക്കാന്‍ ആവശ്യത്തിന് മാത്രം വെള്ളം ചേര്‍ക്കുക. വെള്ളമേ ചേര്‍ത്തില്ലെങ്കില്‍ അതിന്റെ നൂറ് തെളിഞ്ഞ് വരില്ല. ഇഞ്ചി തൊലി കളഞ്ഞ്, കഴുകി, അരച്ച് പിഴിഞ്ഞ്, അരിച്ച്, തെളിയാന്‍ വയ്ക്കുക. കുറച്ച് സമയം കഴിഞ്ഞാല്‍ നൂറ് അടിയിലാവും. മുകളിലുള്ള നീര് ഊറ്റിയെടുത്ത് ഉപയോഗിക്കാം. ഇത് രണ്ടും റെഡിയായാല്‍ പിന്നെ പണി എളുപ്പമാണ്.
ഇടത്തരം കട്ടിയായിട്ട് പഞ്ചസാര പാനി ഉണ്ടാക്കി അരിച്ചെടുക്കണം. അത് വീണ്ടും തിളപ്പിച്ച്, അതിലേയ്ക്ക് നാരങ്ങാനീരും ഇഞ്ചിനീരും ഒഴിക്കണം. വെട്ടിത്തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ വാങ്ങിവെയ്ക്കാം. തണുത്തതിന് ശേഷം കഴുകിയുണക്കിയ കുപ്പികളിലാക്കി ഫ്രിഡ്ജില്‍ വയ്ക്കണം.
പുതിന സ്ക്വാഷ്
- പുതിനയില: ഒരു കപ്പ്
- പഞ്ചസാര: ഒരു കപ്പ്
- ഏലയ്ക: 2-3
- ഗ്രാമ്പൂ: 3-4
- കറുവാപ്പട്ട: ഒരു കഷണം
- കുരുമുളക്: 8-10
- ഇഞ്ചി: ഒരു കഷണം
പുതിന സാധാരണ കെട്ടായിട്ടാണല്ലോ വാങ്ങാന്‍ കിട്ടുക. ഒരു വല്യ കെട്ട് വാങ്ങി നല്ല ഇലകളെല്ലാം നുള്ളിയെടുക്കണം. ഈ ഇലകളെല്ലാം കഴുകി, നിരത്തിയിട്ട് ഉണക്കി എടുക്കണം. ഈര്‍പ്പം തീരെ ഉണ്ടാവാന്‍ പാടില്ല. ബാക്കി എളുപ്പമാണ്.
ഏലയ്ക, ഗ്രാമ്പൂ, കറുവാപ്പട്ട, കുരുമുളക്, ഇഞ്ചി ഇവയെല്ലാം ചതച്ചത് ചേര്‍ത്ത് പഞ്ചസാര പാനി, ഇടത്തരം കട്ടിയായിട്ട് ഉണ്ടാക്കണം. പാകമാവുമ്പോള്‍ പുതിനയില ചേര്‍ത്ത്, തീ കെടുത്തി, രണ്ടുമണിക്കൂര്‍ അടച്ച് വെയ്ക്കുക. ഇത്രയും സമയം കൊണ്ട് പുതിനയുടെ സത്തൊക്കെ പാനിയിലേയ്ക്കിറങ്ങിയിട്ടുണ്ടാവും. അരിച്ച്, തണുപ്പിച്ച് ഉണങ്ങിയ കുപ്പിയിലാക്കുക.
പുതിന സ്ക്വാഷിന് പുളി കിട്ടാന്‍ വേണമെങ്കില്‍ ഒരു ടീസ്പൂണ്‍ സിട്രിക് ആസിഡ് ക്രിസ്റ്റലുകള്‍ ചേര്‍ക്കാം. ഞാന്‍ ചേര്‍ക്കാറില്ല. കുടിക്കാന്‍ നേരത്ത് അല്പം നാരങ്ങ പിഴിഞ്ഞ് ചേര്‍ക്കും.
പെരുഞ്ചീരകം സ്ക്വാഷ്
- പെരുഞ്ചീരകം: 100 ഗ്രാം
- പഞ്ചസാര: 500 ഗ്രാം
- കുരുമുളക്: 8-10
- കറുവാപ്പട്ട: 1 കഷണം
- ഏലയ്ക്കാ: 2-3
- ഗ്രാമ്പൂ: 3-4
ഇത് ഉണ്ടാക്കാനാണ് ഏറ്റവും എളുപ്പം. അധികം കട്ടിയില്ലാതെ പഞ്ചസാര പാനി ഉണ്ടാക്കണം. അതിലേയ്ക്ക്, പെരുഞ്ചീരകം പൊടിച്ചതും, കുരുമുളക്-കറുവാപ്പട്ട-ഏലയ്ക്കാ-ഗ്രാമ്പൂ ചതച്ചതും ചേര്‍ത്ത് 5 മിനിറ്റ് തിളപ്പിക്കണം. പാനി കുറച്ചുകൂടി കട്ടിയാവും. വാങ്ങിവച്ച് അരിച്ച്, തണുക്കുമ്പോള്‍ കുപ്പിയിലാക്കാം.
ആം പന്ന
പേര് കേട്ട് ഞെട്ടണ്ട. കേടുവന്ന മാങ്ങ കൊണ്ടുണ്ടാക്കുന്നതല്ല ഇത്. സാധാരണ പച്ചമാങ്ങ കൊണ്ടുണ്ടാക്കുന്ന ഒരു സ്ക്വാഷാണ് ആം പന്ന (Aam Panna). ഒരു ഉത്തരേന്ത്യന്‍ പാനീയമാണിത്. അവിടുത്തെ ചൂടിനെ അതിജീവിക്കാന്‍ പറ്റിയതാണ് ഇത്.
- പച്ചമാങ്ങ: 2
- പഞ്ചസാര: 150 ഗ്രാം
- ജീരകം വറുത്ത് പൊടിച്ചത്: 1 ടീസ്പൂണ്‍
- കറുത്ത ഉപ്പ്: 1 ടീസ്പൂണ്‍
- ചുക്ക് പൊടിച്ചത്: ¼ ടീസ്പൂണ്‍
- ഉപ്പ്: ¼ ടീസ്പൂണ്‍
മാങ്ങ കഷണങ്ങളാക്കി വെള്ളമൊഴിച്ച് വേവിക്കണം. വെന്തതിന് ശേഷം വെള്ളം ഊറ്റിക്കളഞ്ഞ്, തൊലി കളയണം. കൈകൊണ്ട് ഞെരടിയോ, മിക്സിയിലിട്ടടിച്ചോ ചാറെടുത്ത് അരിച്ചെടുക്കണം. ഇടത്തരം കട്ടിയില്‍ പഞ്ചസാര പാനിയുണ്ടാക്കി അരിച്ചെടുക്കുക. അതിലേയ്ക്ക് മാങ്ങയുടെ ചാറും, എല്ലാ പൊടികളും ചേര്‍ത്ത് ഒന്ന് തിളപ്പിക്കണം. തണുക്കുമ്പോള്‍ കുപ്പിയിലാക്കാം.
ഇനി ദാഹിക്കുമ്പോള്‍ ഓരോന്നായി എടുത്ത് കലക്കി കുടിക്കാം.