ആദ്യമേ പറയട്ടെ, ഞാന്‍ വാലന്റൈന്റെ ദിനം ആഘോഷിക്കാറില്ല. സേനക്കാരുടെ ആളായതുകൊണ്ടല്ല. സ്നേഹം ആഘോഷിക്കാന്‍ അങ്ങനെ ഒരു ദിവസം വേണ്ടല്ലോ. എന്നും ആഘോഷിക്കാല്ലോ. അപ്പോ, കാര്‍ഡും ബലൂണും ഒന്നും വാങ്ങി പൈസേം കളയണ്ട.
സമയം കിട്ടിയതുകൊണ്ട് രണ്ട് സ്വീറ്റ്സ് ഉണ്ടാക്കി. എങ്കില്‍ പിന്നെ, അത് വാലന്റൈന്‍ മധുരം ആയി ഇവിടെ വിളമ്പാം എന്ന് കരുതി. ഒന്ന് നമ്മുടെ പഴയ അരി-കടല-ഓട്സ്-തേങ്ങ-ഈന്തപ്പഴം-ശര്‍ക്കര ഉണ്ട തന്നെ. രണ്ടാമത്തേത്, രസഗുള.
കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കൂട്ടുകാരി പറഞ്ഞു തന്നതാണ് രസഗുള ഉണ്ടാക്കുന്ന വിധം. ഈയടുത്തെങ്ങും ഉണ്ടാക്കിയിട്ടില്ല. ഇന്നാള്, ഹൌറ എന്നൊരു റെസ്റ്റൊറന്റില്‍ പോയപ്പോള്‍ രസഗുള വാങ്ങി. അത് കഴിച്ചപ്പോള്‍ തോന്നി, ഇതിലും നന്നായി ഞാനുണ്ടാക്കുമല്ലോന്ന്.
രസഗുള
പാല് - 1 ലിറ്റര്‍
തൈര് - പാല് പിരിയിക്കാന്‍ ആവശ്യത്തിന്
പഞ്ചസാര – ¼ കിലോ
റോസ് എസ്സന്‍സ് – 2 തുള്ളി
ആദ്യം പനീര്‍ ഉണ്ടാക്കണം. ഫ്രെഷ് പനീര്‍ വച്ച് രസഗുള ഉണ്ടാക്കിയില്ലേല്‍ ശരിയാവില്ലാന്നാണ് അനുഭവം. കൂടുതല്‍ പനീര്‍ കിട്ടാന്‍, കട്ടിയുള്ള പാലാണ് നല്ലത്. പാല് തിളച്ചുവരുമ്പോള്‍, കുറച്ച് തൈര് ഒഴിച്ച് പാല് പിരിയിക്കണം. (നാരങ്ങാനീരോ വിനാഗിരിയോ ഒഴിച്ചും പാല് പിരിയിക്കാം. പക്ഷെ, രസഗുള ഉണ്ടാക്കാനാണ് പനീറെങ്കില്‍ തൈരാണ് നല്ലത്. കറി വയ്ക്കാനുള്ള പനീറുണ്ടാക്കാന്‍ നാരങ്ങാനീരോ വിനാഗിരിയോ ഉപയോഗിക്കാം.) ഒന്നൂടി തിളപ്പിച്ച ശേഷം, വാങ്ങി വച്ച്, കുറച്ചാറുമ്പോള്‍, വെള്ളം ഊറ്റുക. (ഈ വെള്ളം പോഷകസമൃദ്ധമാണ്. ഇംഗ്ലീഷില്‍ whey എന്ന് പറയും. ചപ്പാത്തിയ്ക്ക് കുഴയ്ക്കുവാനും കറികള്‍ക്ക് ചേര്‍ക്കുവാനും ഇത് ഉപയോഗിക്കാം. മൂന്നാലുദിവസം വരെ ഫ്രിഡ്ജില്‍ വച്ചുപയോഗിക്കാം.)
കനം കുറഞ്ഞ ഒരു തുണിയ്ക്കകത്ത് പനീര്‍ ഒരുമണിക്കൂറോളം കെട്ടിത്തൂക്കിയിടണം. വെള്ളം ഊര്‍ന്ന് പോവാനാണ്. സിങ്കിലെ ടാപ്പില്‍ കെട്ടിയിട്ടാല്‍ മതി. എന്നിട്ടും ബാക്കിയുള്ള വെള്ളം കളയാന്‍, ഈ പനീറെടുത്ത് രണ്ട് പ്ലേറ്റുകളുടെ ഇടയില്‍ വയ്ക്കുക. എന്നിട്ട് അതിന്റെ മുകളില്‍ ഒരു വല്യ പാത്രം വെള്ളം കയറ്റി വയ്ക്കണം. ഭാരമുള്ള എന്തെങ്കിലും വച്ചാല്‍ മതി. ഇത് സിങ്കിന്റെ അടുത്ത് തന്നെ വെച്ചാല്‍ വൃത്തിയാക്കാന്‍ എളുപ്പമുണ്ട്. ഊറിവരുന്ന വെള്ളം സിങ്കിലേയ്ക്ക് ഒലിച്ചുപൊയ്കോളും.
രണ്ടുമണിക്കൂര്‍ കഴിഞ്ഞാല്‍ പനീര്‍ റെഡി. ഇനി എല്ലാം എളുപ്പമാണ്. ടി.വി. ഓണ്‍ ചെയ്യുക. അല്ലേല്‍. പത്രമോ ഒരു പുസ്തകമോ വായിക്കാന്‍ പാകത്തിന് നിവര്‍ത്തി വയ്ക്കുക. എന്നിട്ട്, ഒരു പാത്രത്തില്‍ പനീര്‍ എടുത്ത് ഞെരടിപ്പീച്ചുക. 15 മിനിറ്റ് ഇങ്ങനെ ഞെരടുമ്പോള്‍ പനീര്‍ നല്ല മൃദുലമായി വരും.
എന്നിട്ട്, അതിനെ ചെറിയ ഉണ്ടകളാക്കണം.
എത്ര വലുപ്പത്തില്‍ രസഗുള വേണോ, അതിന്റെ പകുതി വലുപ്പമുള്ള ഉണ്ടകള്‍ പിടിക്കണം.
പഞ്ചസാരപ്പാനിയുണ്ടക്കാന്‍ എല്ലാര്‍ക്കുമറിയാല്ലോ. പാനി അധികം മുറുകേണ്ട. തിളയ്ക്കൂന്ന പാനിയിലേയ്ക്ക്, പനീര്‍ ഉണ്ടകള്‍ ഇട്ട് , ഇടത്തരം തീയില്‍ 10-15 മിനിറ്റ്. തിളപ്പിക്കണം. പാനി കുടിച്ച് ഈ ഉണ്ടകള്‍ വീര്‍ത്ത് വരും – എകദേശം ഒറിജിനല്‍ സൈസിന്റെ ഇരട്ടിയാകും. അതുകൊണ്ട്, ഇങ്ങനെ വികസിക്കാന്‍ സ്ഥലമുള്ള പാത്രത്തില്‍ വേണം തിളപ്പിക്കാന്‍. ഉണ്ട പിടിക്കുമ്പോള്‍ അധികം അമര്‍ത്തിയാല്‍ പാനി അകത്തുകയറാതെ രസഗുളയ്ക്ക് ഒരു രസമുണ്ടാവില്ല. എന്നാല്‍, തീരെ അമര്‍ത്തിയില്ലെങ്കിലോ – പാനിയിലേയ്ക്കിടുമ്പോള്‍ പൊട്ടിപ്പൊളിഞ്ഞു വരും. രുചിയുണ്ടാവും. കാണാന്‍ ബോറായിരിക്കും. ഈപ്രാവശ്യം ഒരെണ്ണം പൊളിയാന്‍ തുടങ്ങി.

ഇനി നിങ്ങള്‍ വേറെ പണിയൊക്കെ ചെയ്തോളൂ. രസഗുള അവിടെയിരുന്ന് തണുക്കട്ടെ. നന്നായി തണുത്തതിന് ശേഷം രണ്ട് തുള്ളി റോസ് എസ്സന്‍സ് ചേര്‍ത്ത് പതുക്കെ ഇളക്കുക. പിന്നെ, നേരെ പോട്ടെ ഫ്രിഡ്ജിലേയ്ക്ക്. തണുപ്പിച്ചാലാ നല്ലത്.