കോയ്നക്കാടുകള്‍ ഇളക്കിമറിച്ച് ...
2006 ജനുവരി 26 വ്യാഴാഴ്ച. വെള്ളിയാഴ്ചയും കൂടി അവധി എടുത്താല്‍ 4 ദിവസം അടുപ്പിച്ച് അവധി. എങ്കില്‍പ്പിന്നെ എവിടേയ്ക്കാ പോവുക? ആലോചിച്ച് സമയം കളയേണ്ടി വന്നില്ല. Nature Knights-ന്റെ നാലുദിവസത്തെ ട്രെക്ക് – കോയ്നയിലേയ്ക്ക്. അപ്പോഴേയ്ക്കും അഞ്ചാറ് ട്രെക്കുകള്‍ ചെയ്ത പരിചയം ഉള്ളതുകൊണ്ട് ചാടിക്കേറി പേര് കൊടുത്തു. പിന്നെയാണ് ട്രെക്കിന്റെ കാഠിന്യത്തെക്കുറിച്ചും അതിന് വേണ്ട തയ്യാറെടുപ്പുകളെക്കുറിച്ചും അറിഞ്ഞത്. കൊടുംകാടാണ്, വല്യ പൂച്ചകളെക്കൂടാതെ ധാരാളം കരടികളുണ്ട്, രണ്ട് ദിവസം കാട്ടിനുള്ളിലായിരിക്കും, ഭക്ഷണസാധനങ്ങളും പാത്രങ്ങളും ഇങ്ങനെ പലതും കൊണ്ടുപോണം. മനസ്സൊന്ന് പതറി.
മുന്നോട്ട് വെച്ച കാല് മുന്നോട്ട് തന്നെ എന്ന് തീരുമാനിച്ചുകൊണ്ട് ഞാനും ഉണ്ണിയും തയ്യാറെടുപ്പുകള്‍ തുടങ്ങാന്‍ തീരുമാനിച്ചു. അതായത്, ദിവസവും വ്യായാമം ചെയ്യണം. ബാക്ക്പാക്ക് നിറച്ച് പുറത്തുതൂക്കി നടന്ന് സ്റ്റാമിന കൂട്ടണമെന്നാണ് ആസിഫ് പറഞ്ഞത്. വല്യ ആവേശത്തോടെ തീരുമാനിച്ചെങ്കിലും, ഞങ്ങളുടെ തീരുമാനം വെറും തീരുമാനമായിത്തന്നെ അവശേഷിച്ചു.
ഇത്ര വല്യ ട്രെക്കായതിനാല്‍ രണ്ട് പ്രീ-ട്രെക്ക് മീറ്റിങ്ങ് ഉണ്ടായിരുന്നു. ആദ്യത്തേത് സംസാരത്തില്‍ മാത്രം ഒതുങ്ങിയെങ്കില്‍, രണ്ടാമത്തേതില്‍ റോക്ക് ക്ലൈംബിങ്ങ് പരിശീലനവും ഉണ്ടായിരുന്നു. ഉള്ള ആത്മവിശ്വാസവും കൂടി പോയിക്കിട്ടി. കാട്ടില്‍ കടന്നുകഴിഞ്ഞാല്‍ എല്ലാം അനിശ്ചിതമാണല്ലോ. അതുകൊണ്ട്, ആസിഫ് എ, ബി, സി ഇങ്ങനെ മൂന്ന് ഓപ്ഷനുകള്‍ പ്ലാന്‍ ചെയ്തു. എന്നാല്‍, ട്രെക്കിങ്ങ് തുടങ്ങിക്കഴിഞ്ഞപ്പോള്‍, ഡി എന്നൊരു ഓപ്ഷന്, തന്നെ ഉരുത്തിരിഞ്ഞു.
പോകുന്നതിന് മുന്‍പുള്ള ഞായറാഴ്ച എല്ലാരും കൂടി മുംബൈയിലെ സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കില്‍ ഒത്തുകൂടി കൊണ്ടുപോവാനുള്ള സാധനങ്ങളൊക്കെ പങ്കുവച്ചു. അരി, പരിപ്പ്, പഞ്ചസാര, തേയില, കശുവണ്ടിപ്പരിപ്പ്, ഈന്തപ്പഴം, ബിസ്കറ്റ്, തേന്‍, ജാം, ചോക്കലേറ്റ് ബാറുകള്‍, അച്ചാര്‍, ഇങ്ങനെ പോയി സാധനങ്ങള്‍. ഉരുളക്കിഴങ്ങ്, സവാള, കറി വയ്ക്കാനുള്ള മറ്റ് ചേരുവകള്‍, ബ്രഡ്, തേപ്ല (ഗുജറാത്തികളുടെ ഒരു തരം ചപ്പാത്തി – ഇത് കുറേനാള്‍ കേടുവരാതെയിരിക്കും) ഇതൊക്കെ പോവുന്ന അന്ന് വാങ്ങാന്‍ നിമേഷിനെ ഏല്‍പ്പിച്ചു. ഇടയ്ക്ക് കടയില്‍ പോയപ്പോള്‍ MTR റെഡി-റ്റു-മേക്ക് ഉപ്പുമാവ് കണ്ടപ്പോള്‍ ഞാന്‍ അത് 15 പാക്കറ്റ് വാങ്ങി.
തണുപ്പുകാലമായതുകൊണ്ട് സ്വെറ്റര്‍, മങ്കിക്യാപ്പ്, ഒക്കെയും എടുത്തു. എല്ലാം പായ്ക്ക് ചെയ്ത് കഴിഞ്ഞ് ബാക്ക്പാക്ക് പൊക്കിനോക്കിയപ്പോള്‍ വീഴാന്‍ പോയി. അങ്ങനെ 25-ന് രാത്രി മുംബൈ-കോലഹ്പ്പൂര്‍ എക്സ്പ്രസില്‍ ഞങ്ങള്‍ 13 പേര് പുറപ്പെട്ടു.
മഹാരാഷ്ട്രയിലെ സതാരാ ജില്ലയിലാണ് 426 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കോയ്ന വന്യജീവി സങ്കേതം. കോയ്ന നദിയിലാണ് സംസ്ഥാനത്തെ ഒരു വല്യ ജലവൈദ്യുതപദ്ധതിയായ കോയ്ന ഡാം. 1967-ല്‍ ഉണ്ടായ ഭൂമികുലുക്കത്തില്‍ (6.3 റിക്ടര്‍ സ്കെയില്‍) ഈ ഡാമിന് കുറേയേറെ വിളളലുകളുണ്ടായി. കൂടാതെ കോയ്നനഗര്‍ പട്ടണത്തില്‍ ഇരുനൂറിലധികം മരണവും ആയിരത്തഞ്ഞൂറോളം പേര്‍ക്ക് പരുക്കും മറ്റ് നാശനഷ്ടങ്ങളും. പിന്നീടും ഈ പ്രദേശത്ത് ചെറിയ തോതിലുള്ള ഭൂമികുലുക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2005-ലെ വെള്ളപ്പൊക്കത്തില്‍ ഈ ഡാം അപകടനിലയിലാണെന്ന് കേട്ടിരുന്നു. ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല. ഡാം പണിതതുകൊണ്ടാണ് ഇവിടെ ഭൂമികുലുക്കങ്ങള്‍ ഉണ്ടാവുന്നതെന്ന് പറയപ്പെടുന്നു. കോയ്ന ഡാമിന്റെ റിസര്‍വോയറായ ശിവാജിസാഗര്‍ തടാകം 50 കിലോമീറ്റര്‍ നീളത്തില്‍ വളഞ്ഞുപുളഞ്ഞു കിടക്കുന്നു.
കാരാഡ് എന്ന സ്റ്റേഷനില്‍ വെളുപ്പിനെ ഇറങ്ങി. കാരാഡില്‍ നിന്ന് ചിപ്ലുനിലേയ്ക്ക് പോണവഴിക്കാണ് കോയ്ന നഗര്‍. കിടുകിടാന്ന് വിറച്ചുകൊണ്ട് വെളിച്ചമാവും വരെ പ്ലാറ്റ്ഫോമില്‍ ഇരുന്നു. പിന്നെ ഒരു സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസില്‍ കയറി കോയ്ന നഗറിലെത്തി. രണ്ട് മണിക്കൂര്‍ യാത്രയുണ്ട്. ടെക്കിങ്ങിന് ഫോറസ്റ്റ് അധികൃതരോട് നേരത്തെ എഴുത്തുകുത്തുകള്‍ നടത്തി അനുവാദം വാങ്ങിയിരുന്നു. ഓഫീസില്‍ ചെന്ന് കാട്ടിലേയ്ക്കുള്ള പ്രവേശനഫീസ് അടച്ചപ്പോള്‍ അവര്‍ തന്നെ ഒരു ഗൈഡിനെയും ഏര്‍പ്പാടാക്കിത്തന്നു. കോയ്ന നഗറില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയുള്ള നവ്ജ എന്ന സ്ഥലത്തുനിന്നാണ് ട്രെക്കിങ്ങ് തുടങ്ങേണ്ടത്. അവിടെ വരെ രണ്ട് ടാക്സി-ജീപ്പുകളില്‍ പോയി. ഞങ്ങള്‍ നടക്കാന്‍ തുടങ്ങിയപ്പോള്‍ സമയം ഏകദേശം പതിനൊന്നായി.

കാട്ടിനുള്ളിലെ ജംഗ്ലി ജയ്ഗഡ് എന്ന സ്ഥലമായിരുന്നു ലക്ഷ്യം. വൈകുന്നേരം ഒരു ആദിവാസി ഗ്രാമത്തിലെത്തണം. കാടിനുള്ളില്‍ കഴിയാന്‍ അനുവാദമില്ല. അപകടമാണ്. ഞങ്ങള്‍ വ്യായാമമൊക്കെ ചെയ്യാതെ ഫിറ്റായിരുന്നത് കൊണ്ട് ഓരോ പത്തടി വയ്ക്കുമ്പോഴും അഞ്ച് മിനിറ്റ് വിശ്രമിക്കും. ഇങ്ങനെ പുരോഗമിക്കുന്നത് കണ്ടിട്ടാവണം ഗൈഡ് ഇടയ്ക്ക് റൂട്ടൊന്ന് മാറ്റി. ഇത് വളരെ വൈകിയാണ് ഞങ്ങള്‍ക്ക് മനസ്സിലായത്. അയാളെ കുറ്റം പറയാന്‍ പറ്റില്ല. ഞങ്ങള്‍ ഇങ്ങനെ അരകല്ലിന് കാറ്റുപിടിച്ചതുപോലെ നടന്നാല്‍ ഇരുട്ടുന്നതിന് മുന്‍പ് ഞങ്ങളെ ഗ്രാമത്തിലെത്തിക്കാന്‍ പറ്റില്ലാന്ന് അയാള്‍ കൃത്യമായി മനസ്സിലാക്കി.

മൂന്നുമണിയോടെ ഒരു കുന്നിന്റെ മുകളിലെത്തി. “അതാ ജംഗ്ലി ജയ്ഗഡ്“ എന്ന് എതിര്‍വശത്തേയ്ക്ക് ചൂണ്ടി ഗൈഡ് പറഞ്ഞപ്പോഴാണ് റൂട്ട് മാറിയ വിവരം ഞങ്ങളറിഞ്ഞത്. തളര്‍ന്നവശരായിരുന്നതിനാല്‍ ആര്‍ക്കും നിരാശയൊന്നും തോന്നിയില്ല. ദൂരെ ഒരു കാട്ടുപോത്തിനേക്കൂടി കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് കുറേക്കൂടി സന്തോഷമായി. കാട്ടുപോത്ത് ഞങ്ങളോട് ‘സ്റ്റാച്യൂ’ എന്ന് പറഞ്ഞ പോലെ ആദ്യം എല്ലാരും ശ്വാസമടക്കി നിന്നു. ഫോട്ടോയെടുക്കാന്‍ ആസിഫ് ഓര്‍മ്മിപ്പിക്കേണ്ടി വന്നു. ഞങ്ങളെ കണ്ട് ബോറടിച്ചിട്ടാവും അത് ഓടിപ്പോയി.

എട്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിഷമം പിടിച്ച ട്രെക്കായിരുന്നെങ്കിലും ഞാന്‍ വളരെ ആസ്വദിച്ചു. എങ്ങനെ ഇത് വര്‍ണ്ണിക്കണമെന്ന് എനിക്കറിയില്ല. ട്രെക്കിങ്ങിനിടയില്‍ ആദ്യമായി വീണതും അന്നാണ്. അത് ഒരു ഒന്നര വീഴ്ച തന്നെയായിരുന്നു.
കുന്നിറങ്ങി വേണം ഗ്രാമത്തിലെത്താന്‍. ചരലു നിറഞ്ഞ കാട്ടുപാതയിലൂടെ 15 കിലോയോളം തൂക്കമുള്ള ബാഗും പുറത്തുനീക്കി പിച്ചവച്ചിറങ്ങുമ്പോള്‍ കാലൊന്ന് തെന്നി. ‘വീണിതല്ലോ കിടക്കുന്നു ധരണിയില്‍’ എന്നായി എന്റെ സ്ഥിതി. ഭാഗ്യത്തിന് ശോണിതമണിഞ്ഞില്ല. ബാഗിന്റെ ഭാരം തലയ്ക്ക് മുകളിലേയ്ക്ക് വന്നതുകൊണ്ട് മൂക്കുംകുത്തിയാണ് വീണത്. കണ്ണട പൊട്ടാതിരിക്കാനുള്ള ശ്രമത്തില്‍ കയ്യില്‍ നല്ല പോറലുണ്ടായി. മുട്ടിലും. ദൈവാനുഗ്രഹം കൊണ്ട് കൂടുതലൊന്നും പറ്റിയില്ല. കുറേനേരം വിശ്രമിച്ചതിനുശേഷമാണ് കൈകാലുകള്‍ വിറയല്‍ നിര്‍ത്തിയത്.
സന്ധ്യയ്ക്ക് മുന്‍പ് കാടിന് വെളിയിലെത്താന്‍ ആഞ്ഞ് നടന്നു. ഏഴ് മണിയോടെ സഡോലി എന്ന ഗ്രാമത്തിലെത്തി. അവിടെ മൂന്നാല് ആദിവാസി കുടുംബങ്ങള്‍ താമസമുണ്ട്. അവരുടെ മുറ്റത്ത് തന്നെ മെഴുകുതിരിയുടെയും ടോര്‍ച്ചിന്റെയും വെളിച്ചത്തില്‍ ടെന്റ് കെട്ടി.

അപ്പോഴെയ്ക്കും തണുപ്പും കൂടി. കുറച്ചു ചൂടുവെള്ളത്തില്‍ മേല്‍കഴുകിയപോലെ വരുത്തി. ഞങ്ങള്‍ കൊണ്ടുവന്ന അരിയും പച്ചക്കറിയും ഉപയോഗിച്ച് അത്താഴം ആ വീട്ടിലെ സ്ത്രീകള്‍ തന്നെ ഉണ്ടാക്കിത്തന്നു. ഇരുട്ട്, തണുപ്പ്, ക്ഷീണം, ഇവ കാരണം എല്ലാരും വേഗം ചോറും കറീം വിഴുങ്ങീട്ട് ടെന്റിനുള്ളില്‍ കടന്നു. Move, Iodex, Relispray മണങ്ങള്‍ എങ്ങും വ്യാപിച്ചു. ക്ഷീണം കാരണം, സ്വെറ്റര്‍, മങ്കി ക്യാപ്, സോക്സ്, ഇതൊക്കെ ഇട്ടോണ്ട് സ്ലീപ്പിങ്ങ് ബാഗില്‍ കയറിയതേ എനിക്കോര്‍മ്മയുള്ളൂ. നന്നായി ഉറങ്ങി.
ആദ്യദിവസത്തെ ഫോട്ടോകള്‍ ഇവിടെയുണ്ട്.
MTR റെഡി-റ്റു-മേക്ക് ഉപ്പുമാവ് ആയിരുന്നു രാവിലത്തെ ഭക്ഷണം. എന്തൊരു സ്വാദായിരുന്നെന്നോ!
അന്നും ബാഗിന്റെ വെയിറ്റൊന്നും കുറഞ്ഞിട്ടില്ല. എല്ലാരും അവരവരുടെ ബാഗിലുള്ള ഭക്ഷണസാധനങ്ങള്‍ ആദ്യം തീര്‍ക്കാനാണ് നോക്കുന്നത്. ചെറിയ ബാഗുമായിട്ട് വന്ന വിപിനെ എല്ലാരും ഇടയ്ക്കിടയ്ക്ക് ചീത്ത വിളിച്ചു. അന്നും ഭാരം ചുമക്കുന്ന കാര്യമാലോചിച്ചപ്പഴേ വയ്യാണ്ടായി. എന്നാല്‍ ഡി ഓപ്ഷന് അപ്പോഴാണ് രംഗപ്രവേശം ചെയ്തത്.
സഡോലിയ്ക്കടുത്ത് നിന്ന് ഒരുമണിക്കൂര്‍ നടന്നാല്‍ കോയ്ന തടാകത്തിലെത്താം. അതിന്റെ വേറൊരു കരയിലാണ് വസോട്ട കോട്ടയുടെ ബേസ്ക്യാമ്പ്. വസോട്ടയാണ് അന്നത്തെ ഞങ്ങളുടെ ലക്ഷ്യം. അങ്ങോട്ട് ബോട്ടില്‍ പോണമെന്നല്ലാതെ അതൊരു മൂന്നരമണിക്കൂര്‍ യാത്രയാണെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. വളരെ ആസ്വാദ്യകരമായ ഒരു ബോട്ട്യാത്രയായിരുന്നു അത്. ചുറ്റുമുള്ള കാടിന്റെ ഭംഗി ആസ്വദിച്ചും, ഭക്ഷണം കഴിച്ചും, ഉറങ്ങിയും, വെടി പറഞ്ഞും, ഫോട്ടോ എടുത്തും നല്ല രസമായിരുന്നു.

ഒരുമണിയോടെ വസോട്ട ക്യാമ്പിലെത്തി. അവിടെ ഫോറസ്റ്റ് ഓഫീസും സ്ഥിരം ടെന്റുമുണ്ട്. ഞങ്ങളുടെ ടെന്റ് പുറത്തെടുക്കേണ്ടി വന്നില്ല. ഉച്ചകഴിഞ്ഞതുകൊണ്ട് അന്ന് വസോട്ട വെട്ടിപ്പിടിക്കാന്‍ സമയമില്ല. തടാകത്തിന്റെ തീരത്തിരുന്ന് വിശാലമായി ഭക്ഷണം കഴിച്ചു. കുറച്ചുനേരം വെടിപറഞ്ഞിരുന്ന ശേഷം വെള്ളത്തിലേയ്ക്കിറങ്ങി. വൈകുന്നേരമായി തിരിച്ച് കേറിയപ്പോള്‍.

സന്ധ്യയോടെ ഭക്ഷണം ഉണ്ടാക്കാനുള്ള ശ്രമം തുടങ്ങി. കാടിനുള്ളിലേയ്ക്ക് ഒരു കിലോമീറ്റര്‍ നടന്നുപോണം നല്ല വെള്ളം കിട്ടുന്ന ഒരരുവിയിലേയ്ക്ക്. ചിലര്‍ വെള്ളം ശേഖരിച്ചു, ചിലര്‍ വിറകും. തണുപ്പ് കൂടിത്തുടങ്ങി. 8-9 മണിയോടെ ഖിച്ടി (ചോറും പരിപ്പും ചേര്‍ന്നത്) ഉണ്ടാക്കി. കൂടെ അച്ചാറും പപ്പടം ചുട്ടതും. ഇതിന് മുന്‍പെങ്ങും തോന്നിയിട്ടില്ലാത്ത രുചി.

ഫോറസ്റ്റ് അധികൃതരുടെ വല്യ ടെന്റിലാണ് എല്ലാരും കൂടി കിടന്നത്. മുകളില്‍ ഒരു കീറല്‍ ഉണ്ടായിരുന്നത്കൊണ്ട് തണുത്ത കാറ്റ് ഉള്ളില്‍ വന്ന്, ശരിക്ക് ഉറങ്ങാന്‍ പറ്റിയില്ല.
ബോട്ട് യാത്ര, വെള്ളത്തില്‍ കളി, പാചകം – ഇവയുടെ കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ പോസ്റ്റിയിട്ടുണ്ട്.
പിറ്റേന്ന് അഞ്ച് മണിയോടെ എണീറ്റു. കിടുകിടാ വിറച്ചുകൊണ്ട് പല്ലുതേച്ചു, ചായയും ഉപ്പുമാവും ഉണ്ടാക്കി. തണുപ്പ് കാരണം വിറകിനും കൂടി കത്താന്‍ മടിയായി. വസോട്ടയിലേയ്ക്കുള്ള ട്രെക്ക് അത്ര കഠിനമല്ല. ഒരു ഇടത്തരം കാഠിന്യമുള്ള ട്രെക്കെന്ന് പറയാം. കാടിനുള്ളില്‍ 10 മണിയായിട്ടും സൂര്യന് എത്തിനോക്കുന്നതേയുള്ളൂ. ബാഗില്‍ വെള്ളവും പലഹാരങ്ങളും മാത്രമേയുള്ളതുകൊണ്ട് കയറാന്‍ എളുപ്പമായി.

ഒരു മണിക്കൂറോളം അവിടെ ചുറ്റിയടിച്ചു. എല്ലാര്ക്കും എന്തോ നേടിയ പ്രതീതി.
ഉച്ചയോടെ തിരിച്ച് ക്യാമ്പിലെത്തി. ഞങ്ങളെ തിരികെ കൊണ്ടുപോവാന്‍ ബോട്ടെത്തിയിരുന്നു. വേഗം കെട്ടും ഭാണ്ഡവും എടുത്ത് പുറപ്പെട്ടു. ബോട്ടില്‍ വച്ച് ബാക്കി വന്ന ഭക്ഷണസാധനങ്ങള്‍ മിക്സ് & മാച്ച് ചെയ്ത് കഴിച്ചു. ഒന്നരമണിക്കൂറോളം സുഖമായ യാത്ര തപോള എന്ന സ്ഥലത്തേയ്ക്ക്. അവിടുന്ന് ഒരു മണിക്കൂര്‍ പോയാല്‍ മഹാബലേശ്വറില്‍ എത്തും. കുറേനേരം കാത്തുനിന്നതിനുശേഷമാണ് ബസ് കിട്ടിയത്.
വസോട്ടയും മറ്റും കൂടുതല്‍ കാണണമെങ്കില്‍ ഇതിലേ പോവൂ ട്ടോ.
മഹാബലേശ്വറില്‍ ഹോട്ടലില്‍ മുറിയെടുത്തു. വിശാലമായി കുളിയൊക്കെ പാസാക്കി, അത്താഴത്തിന് പുറപ്പെട്ടു. ഞങ്ങളുടെ ഓര്‍ഡര്‍ കേട്ടിട്ട് ആ ഹോട്ടലുകാര്‍ ഞെട്ടീട്ടുണ്ടാവണം. അത്ര ആക്രാന്തമായിരുന്നു.
പിറ്റേന്ന് വെളുപ്പിനെ വില്‍സണ്‍ പോയിന്റില്‍ പോയി സൂര്യോദയം കണ്ടു. വിശാലമായ പ്രാതലിന് ശേഷം, കുറച്ചു ഷോപ്പിങ്ങും നടത്തി.
അടുത്ത ലക്ഷ്യം പ്രതാപ്ഘട് കോട്ട.

ശിവജിയുടെ പ്രധാനപ്പെട്ട കോട്ടകളിലൊന്നാണിത്. മുകളില്‍ വരെ പടികളുണ്ട്. അതുകൊണ്ട് തിരക്കും കൂടുതലാണ്. അവിടുന്ന് ഉച്ചഭക്ഷണം കഴിച്ച് പുറപ്പെട്ടു.
മഹാഡ് (അംബേദ്ക്കറുടെ ജന്മസ്ഥലം) എന്ന സ്ഥലത്ത് ചെന്നാലേ മുംബൈക്ക് ബസ് കിട്ടൂ. കുറച്ച് ദൂരം ബസില്‍ പോയി. പിന്നെ ഒരു ജീപ്പ് വാടകയ്ക്ക് എടുത്തു. അതില്‍ 13 പേരും ലഗ്ഗേജും - ശരിക്കും മത്തിയടുക്കിയതുപോലെയായിരുന്നു. ഭാഗ്യത്തിന് മഹാഡ് നിന്നുള്ള ബസില്‍ സീറ്റ് കിട്ടി. പാതിരാത്രി കഴിഞ്ഞപ്പോള്‍ മുംബൈയിലെത്തി.

നാലാം ദിവസത്തെ ചിത്രങ്ങള്‍ കാണണോ? വരൂ ...
വര്‍ഷം മൂന്ന് കഴിഞ്ഞിട്ടും മനസ്സില്‍ പച്ചപിടിച്ചുനില്‍ക്കുന്നു ഈ ട്രെക്ക്. 2007 ജനുവരി 26-നും ഞങ്ങള്‍ കോയ്നയില്‍ പോയി. വസോട്ട കൂടാതെ വേറൊരു മലമുകളിലുള്ള നാഗേശ്വര്‍ എന്ന അമ്പലത്തിലും പോയി. അതും കുറച്ച് വിഷമം പിടിച്ച ട്രെക്കാണ്. അപ്പോഴും ജംഗ്ലി ജയ്ഗഡ് പിടിതരാതെ നിന്നു. അത് കീഴടക്കണം, ഇനിയൊരിക്കല്‍. വീണ്ടും 2007 ഡിസംബറില്‍ കോയ്ന നഗറില്‍ പോയി, വെറുതെ ചുറ്റാന്‍. അതിനെക്കുറിച്ച് വേറെ പോസ്റ്റെഴുതാം. ഇപ്പത്തന്നെ നിങ്ങള്‍ ബോറടിച്ചുകാണും.
പിന്മൊഴി
MTR റെഡി-റ്റു-മേക്ക് ഉപ്പുമാവ് ബാക്കിയുണ്ടായിരുന്നത് ഒരു ദിവസം വീട്ടിലുണ്ടാക്കി. ശര്‍ദ്ദിച്ചില്ലന്നേയുള്ളൂ. അത്ര സ്വാദായിരുന്നു.
ഗുണപാഠം: ട്രെക്കിനിടയില്‍ ഏതെങ്കിലും ആഹാരത്തിന് നല്ല സ്വാദ് തോന്നീന്ന് കരുതി വീട്ടിലും അങ്ങനെ തന്നെ തോന്നുമെന്ന് പ്രതീക്ഷിക്കരുത്.