Monday, July 21, 2008

പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞ് കുറഞ്ഞ് …

സോഹന്‍‌വീറിന് നാലു സഹോദരന്മാരാണുണ്ടായിരുന്നത്. മൂന്നുപേരുടെ കല്യാണം കഴിഞ്ഞു കുട്ടികളായി. ഇവര്‍ക്ക് കല്യാണം കഴിക്കാത്ത സഹോദരങ്ങളുടെ സ്വത്തില്‍ കണ്ണുണ്ടെന്ന് മനസ്സിലാക്കിയ അച്ഛന്‍, സോഹന്‍‌വീറിന് കല്യാണമാലോചിക്കാന്‍ തുടങ്ങി. ഇതറിഞ്ഞ സഹോദരന്മാര്‍ സോഹന്‍‌വീറിനെ മദ്യത്തില്‍ വിഷം ചേര്‍ത്ത് കൊടുത്ത് കൊന്നു. അവര്‍ ഒളിവിലാണ്. യു.പിയിലെ മുസ്സാഫര്‍പൂര്‍ ഡിസ്ട്രിക്റ്റിലാണ് സംഭവം. കല്യാണം കഴിക്കാത്തവര്‍ സഹോദരങ്ങളുടെ കുട്ടികള്‍ക്ക് സ്വത്ത് കൊടുക്കാന്‍ താത്പര്യം കാണിക്കാതിരുന്നാല്‍ ഇതാണ് ഭവിഷ്യത്ത്. സഹോദരന്മാരുടെ കുട്ടികളെ കാര്യമായി നോക്കിയാലോ, ഇവര്‍ക്ക് വീട്ടില്‍ വളരെ വല്യ സ്ഥാനമായിരിക്കും.

ഇതുപോലത്തെ മരണങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെ പോലീസ് കല്യാണപ്രായം കഴിഞ്ഞിട്ടും കല്യാണം കഴിയാതെ നില്‍ക്കുന്ന ആണുങ്ങളുടെ ഒരു ലിസ്റ്റ് തയ്യറാക്കിയിട്ടുണ്ട്. ഇവരിലാരെങ്കിലും പെട്ടെന്ന് മരിച്ചാല്‍ പോലീസ് അസ്വഭാവികമരണമായി കരുതി അന്വേഷിക്കും.


പക്ഷെ, ഇവര്‍ എന്തുകൊണ്ട് കല്യാണം കഴിക്കുന്നില്ല? സ്ത്രീപുരുഷാനുപാതം കുറഞ്ഞ് കുറഞ്ഞ് നാട്ടില്‍ പെണ്ണ് കിട്ടാതായി. എന്നാല്‍ എണ്ണം കുറഞ്ഞത് കാരണം പെണ്ണുങ്ങളുടെ സ്ഥിതി മെച്ചമായോ? അതുമില്ല. ജീവിതനൈരാശ്യം ബാധിച്ച, അസ്വസ്ഥരായ ഈ യുവാക്കള്‍ കാരണം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടുന്നു. സ്ത്രീകള്‍ക്കെതിരെ മാത്രമല്ല, പൊതുവെ കുറ്റകൃത്യങ്ങള്‍ കൂടുതലാണിവിടെ.


ഹിന്ദുസ്ഥാന്‍ ചീഫ് എഡിറ്റര്‍ മൃണാള്‍ പാണ്ഡെ The Mint-ല്‍ എഴുതിയ ഒരു ലേഖനത്തില്‍ നിന്നുള്ള ചില ഭാഗങ്ങളാണ് മുകളിലെഴുതിയിരിക്കുന്നത്. മുഴുവന്‍ ലേഖനവും ഇവിടെ വായിക്കാം.


ഞാന്‍ മുന്‍പ് വിചാരിച്ചിരുന്നു, പെണ്‍ഭ്രൂണഹത്യ ചെയ്ത് ചെയ്ത് പെണ്ണുങ്ങളുടെ എണ്ണം കുറഞ്ഞാല്‍ demand-supply mismatch തത്വപ്രകാരം ‘സ്ത്രീജന്മം പുണ്യജന്മം’ ആകുമെന്ന്. എന്നാല്‍, സ്ത്രീക്കെന്നും അധോഗതി.

ആണ്‍കുഞ്ഞിനെ പ്രസവിക്കാത്ത കാരണം വീട്ടില്‍ നിന്നും പുറത്താക്കപ്പെടുമോ എന്ന പേടിയിലാണ്‍ എന്റെ വീട്ടില്‍ ജോലിക്ക് വരുന്ന നിര്‍മ്മല. ഭര്‍ത്താവ് വേറെ കല്യാണം കഴിക്കുമോ എന്ന പേടിയുമുണ്ടവള്‍ക്ക്. അവളുടെ കഥ ഇവിടെ.

കേരളത്തില്‍ പെണ്ണുങ്ങള്‍ കുറവുള്ള സ്ഥിതിയിലേയ്ക്കെത്തീട്ടില്ലാന്ന് സമാധാനിക്കാം. സ്വത്ത് കിട്ടാന്‍ വേണ്ടി സഹോദരന്റെ കല്യാണം മുടക്കുന്നത് നാട്ടില്‍ നടക്കുന്നുണ്ടാവും. കായ്ക്കാത്ത കൊമ്പുകള്‍ വെട്ടിമാറ്റപ്പെടുന്നുമുണ്ടാവുമോ?

27 comments:

Bindhu Unny July 21, 2008 at 9:49 AM  

കായ്ക്കാത്ത കൊമ്പുകള്‍ വെട്ടിമാറ്റപ്പെടുന്നുമുണ്ടാവുമോ?

sunilraj July 21, 2008 at 10:19 AM  

ഇതും ഒരു പ്രശ്നം തന്നെയാണു...
ചൈനയില്‍ ആണ്‍കുട്ടികള്‍ക്കുവേണ്ടി ബന്ധുക്കളുടെ വീട്ടിലുള്ള പെണ്‍കുട്ടികളെ നേര്‍ത്തെ പരഞ്ഞുവെക്കുമെന്നു കേട്ടിട്ടുണ്ട്‌. അവിടെ മതാ പിതാക്കള്‍ക്ക്‌ ഒരു കുട്ടിയല്ലെ ഉള്ളത്‌. പെണ്‍ ബ്രൂണഹത്യയാണു ഇതിനു കാരണം.

ശ്രീ July 21, 2008 at 12:01 PM  

എന്തെല്ലാം പ്രശ്നങ്ങളാണ്???

തണല്‍ July 21, 2008 at 1:18 PM  

വെട്ടിമാറ്റപ്പെട്ട കായ്ക്കാത്തതും മൂക്കാത്തതുമായ കൊമ്പുകള്‍ അങ്ങനെ ഒരുപാടുണ്ട് ബിന്ദൂ..,പെണ്ണിന്റെ ശത്രു പെണ്ണുതന്നെയെന്ന് തോന്നിപ്പോകും ചിലപ്പോള്‍!

അരുണ്‍ കരിമുട്ടം July 21, 2008 at 1:21 PM  

ശരിയാ,പക്ഷേ ഒന്നോ രണ്ടോ പേരു വിചാരിച്ചാല്‍ സോള്‍വ്വ് ചെയ്യാന്‍ പറ്റില്ലല്ലോ.ഇതിനെതിരെ നമ്മളാലാകും വിധം പ്രതികരിക്കാം.അല്ലേ?

നിരക്ഷരൻ July 21, 2008 at 1:53 PM  

വടക്കേ ഇന്ത്യയിലെല്ലാം ഈ പ്രവണത കൂടുതലാണ്. നമ്മള്‍ മലയാളികളും അത്ര മോശമൊന്നുമല്ല.

ജിജ സുബ്രഹ്മണ്യൻ July 21, 2008 at 5:27 PM  

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളീല്‍ ഇതൊരു വലിയ പ്രശ്നമാകാന്‍ സാധ്യത ഉണ്ട്.പുരുഷ ധനം കൊടുക്കാം എന്നു പറഞ്ഞാലും പെണ്ണിനെ കിട്ടാതാവുന്ന അവസ്ഥ..ഭാവിയില്‍ ബഹു ഭര്‍തൃത്ത്വം നിലവില്‍ വരുമോ.. ആശങ്ക തോന്നുന്നു..

ബഷീർ July 21, 2008 at 6:01 PM  

വെട്ടിമാറ്റപ്പെടുന്നുണ്ടാവാം.. പേടിക്കേണ്ടിയിരിക്കുന്നു..

പെണ്ണു പിറക്കുന്നതിനെ ആവലാതിയോടെ നോക്കിക്കാണുന്നതും ആണിനെ പ്രസവിക്കാത്തവളെ ആട്ടുന്നതും (അധികവും ) പെണ്ണുതന്നെ എന്നതാണു കഷ്ടം..

ബഷീർ July 21, 2008 at 6:01 PM  
This comment has been removed by the author.
siva // ശിവ July 21, 2008 at 10:26 PM  

ബാനറിലെ ആ മലയുടെ ചിത്രം അതി മനോഹരം.

സസ്നേഹം,

ശിവ.

അനില്‍@ബ്ലോഗ് // anil July 21, 2008 at 11:57 PM  

നമ്മുടെ സാമൂഹിക ഘടനയില്‍ കാതലായ മാറ്റം വന്നാലെ ഈ പ്രശ്നത്തിനു പരിഹാരമാവുകയുള്ളൂ.

Typist | എഴുത്തുകാരി July 22, 2008 at 12:06 AM  

ini sthree dhanam maari purusha dhanam aayi maarumo?

Unknown July 22, 2008 at 1:03 AM  

പെണ്‍ഭൂണഹത്യ മറ്റ് എല്ലാം സംസ്ഥാനങ്ങളില്ലും
ഗണ്യമായ തോതിലുണ്ട്.
ഈ നില തുടര്‍ന്നാല്‍ കേരളത്തിലും
വരുനാളുകളില്‍ അങ്ങനെ ഒന്ന് ഉണ്ടായി കൂടായ്കയില്ല

ഹരിയണ്ണന്‍@Hariyannan July 22, 2008 at 3:28 AM  

നാടിന്റെ ഈ ദുരവസ്ഥ കണ്ടിട്ട് ഞാന്‍ രണ്ട് മാലാഖക്കുട്ടികളെ ദൈവത്തിന്റടുത്തൂന്ന് ഇങ്ങോട്ടുകൊണ്ടുവന്നു...

ഒരെണ്ണം നാലുവര്‍ഷം ഓള്‍ഡ്!
രണ്ടാമത്തേത് ജസ്റ്റ് ടൂ മാസംസ്!

എന്നെക്കൊണ്ട് പറ്റുന്നതുചെയ്തിട്ടുണ്ട്!
:)

രണ്ടാമത്തവള്‍ ഗര്‍ഭത്തിലുള്ളപ്പോള്‍ ശ്രീമതി ചോദിച്ചു..ആണോ പെണ്ണോ?

ഞാന്‍: പെണ്ണ്..
എനിക്കെന്റെ മൂത്ത മകള്‍ തന്നുകൊണ്ടിരിക്കുന്ന സ്നേഹം അത്രക്കുണ്ടാരുന്നു.

മനഃപൂര്‍വ്വം ആരും അവരുടെ എണ്ണം കുറക്കാതിരിക്കുക!

Unknown July 22, 2008 at 11:10 AM  

വളരെ ശരിയാണ്. പക്ഷേ ഇതിനൊരു മറുവശം കൂടിയുണ്ടെന്നത് മറക്കാൻ പറ്റില്ല. പെരുകിപ്പെരുകിവരുന്ന സ്ത്രീപീഢനങ്ങളുടെ വാർത്തകൾ കാണുമ്പോൾ ഒരുപക്ഷേ അടുത്തത് തങ്ങളുടെ മകളാകുമോ എന്ന പേടിയോടെയാണ് ഓരോ പെൺകുട്ടിയുടെയും മാതാപിതാക്കൾ ദിനങ്ങൾ തള്ളിനീക്കുന്നത് എന്നുതോന്നാറുണ്ട്.

കാലം വളരേ മോശമാണ്. സ്ത്രീത്വം ഒരു ഉപഭോഗവസ്തുവെന്നപോലെയായിരിക്കുന്നു. ഒരു പെൺകുട്ടിയെ പ്രസവിച്ചശേഷം അവളെ സുരക്ഷിതയായി വളർത്തി സുരക്ഷിതമായ കൈകളിലേൽപ്പിക്കാനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചോർക്കുമ്പോൾ, അതിൽത്തന്നെ സ്ത്രീധനം, തുടങ്ങി ഒട്ടേറെ കടമ്പകളെക്കുറിച്ചോർക്കുമ്പോൾ, പെൺകുട്ടികൾ വേണ്ട എന്ന ഒരു തീരുമാനമെടുക്കുന്ന ദമ്പതിമാരെ കുറ്റപ്പെടുത്താനാകുമോ?

ഈയൊരു സാഹചര്യത്തിൽ ശരിതെറ്റുകളെക്കുറിച്ച് വിലയിരുത്തുന്നത് വളരെ വിഷമകരമാണെന്നു തോന്നുന്നു.

കുഞ്ഞന്‍ July 22, 2008 at 1:01 PM  

കുട്ടി ആണായാലും പെണ്ണായാലും ആദ്യത്തെ ആരോഗ്യമുള്ള കണ്മണിയെ എല്ലാവരും വരവേല്‍ക്കും.. എന്നാല്‍ രണ്ടാമത്തെത് ആണൊ പെണ്ണൊ എന്നതിനെ എത്രത്തോളം സ്വീകരിക്കും എന്നത് ആദ്യത്തെ കണ്മണിയുടെ ജാതിയനുസരിച്ചായിരിക്കും..

കൂടുതല്‍ പെണ്‍കുട്ടികള്‍ ഉണ്ടാകാന്‍ മാതാപിതാക്കള്‍ ആഗ്രഹിക്കാത്തത് പീഡനം തന്നെയാണ്..ആരും സ്ത്രീധനത്തെപ്പറ്റി അത്ര ബേജാറാവാറില്ല, ബേജാറാകും എപ്പോള്‍ കല്യാണ പ്രായമാകാറാകുമ്പോള്‍..എന്നാല്‍ പീഡനമൊ അത് പെണ്‍കുഞ്ഞ് ജനിച്ച അന്നുമുതല്‍ തുടങ്ങുന്നു..മാതാപിതാക്കള്‍ക്ക് ആധിയാണ് ആ പെണ്‍കുട്ടിയെ കെട്ടിച്ചയച്ചാലും തീരുന്നില്ല..ഇങ്ങിനെ ജീവിതകാലം മുഴുവന്‍ ആധിയെടുക്കാന്‍ മനുഷ്യ സമൂഹം (ഒരു കൂട്ടം ആളുകള്‍ ) തയ്യാറാകുന്നില്ല.

ചെറിയൊരു ഉദാഹരണം എന്റെ വീടിനു സമീപത്തെ വീട്ടീലെ പെണ്‍കുട്ടി നേഴ്സറിയില്‍ പോകുന്നുണ്ട്(മൂന്നര വയസ്സ്), ആ കുട്ടിയോട് അതിന്റെ അമ്മ പറഞ്ഞുകൊടുത്തിരിക്കുന്നത് സ്കൂളില്‍ പോയാല്‍ മൂത്രമൊഴിക്കരുത് വീട്ടില്‍ വന്നാലെ ഒഴിക്കാവൂ..ആ കുഞ്ഞു മനസ്സ് അത് എത്രത്തോളം പ്രാവര്‍ത്തികമാക്കും എന്ന കാര്യം അറിയില്ല പക്ഷെ മാസങ്ങളായി ഈ പല്ലവി കേള്‍ക്കുമ്പോള്‍ ആ കുഞ്ഞ് സ്വാഭാവികമായും സ്കൂളില്‍ മൂത്രമൊഴിക്കുന്നത് നിര്‍ത്തും..ആ അമ്മ എന്തിനാണങ്ങനെ പറയുന്നെതെന്ന് ഞാന്‍ എന്റെ വാമഭാഗത്തെക്കൊണ്ടു ചോദിച്ചു..അവര്‍ പറഞ്ഞത് സ്കൂളില്‍ മൂത്രമൊഴിക്കാനായി തുണി പൊക്കിയാല്‍ അത് ആസ്വദിക്കാന്‍ മുതിര്‍ന്ന കുട്ടികളെക്കാള്‍ കുടുതല്‍ ടീച്ചേര്‍സ് ഉണ്ടെന്നാണ്. അപ്പോള്‍ ആ അമ്മ ചെയ്യുന്ന പല്ലവിയില്‍ എന്തെങ്കിലും തെറ്റുണ്ടൊ..എനിക്കും ഉത്തരം കിട്ടിയില്ല... ഈ ആധി അമ്മക്കും അച്ഛനും (കൂടുതല്‍ അച്ഛന്മാര്‍ക്കായിരിക്കും, കാരണം അവനും മഞ്ഞക്കണ്ണട ധരിച്ചിട്ടുണ്ട് ) ഉള്ളപ്പോള്‍ എങ്ങിനെ പെണ്‍കുട്ടിയുണ്ടാകുവാന്‍ ആഗ്രഹിക്കും..?

കാട് കയറിപ്പോയി..ക്ഷമിക്കൂ

Kichu $ Chinnu | കിച്ചു $ ചിന്നു July 22, 2008 at 2:30 PM  

പ്രസക്തമായ പ്പോസ്റ്റ്

നവരുചിയന്‍ July 22, 2008 at 4:40 PM  

ഇപ്പോള്‍ തന്നെ ഒന്നു ആലോചിച്ചു നോക്ക് ...ആദ്യത്തെ കുട്ടിക്ക് ശേഷം രണ്ടാമത്തെ കുട്ടി ആയി ഒരു കുഞ്ഞിനെ ദത്ത് എടുത്താല്‍ എന്താണ് കുഴപ്പം ??? അത് പോലും പലരും ചെയുന്നില്ലല്ലോ ... ഞാന്‍ അടകം ഉള്ളവരുടെ പുതു തലമുറയ്ക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം ആകും അത് എന്ന് എനിക്ക് തോന്നുന്നു ....

പെണ്‍കുട്ടി ജനിച്ചു പോയതില്‍ വിഷമിക്കുന്ന മാതാപിതാക്കള്‍ അടുത്ത് തന്നെ കുറഞ്ഞു കൊള്ളും എന്നാണ് എന്‍റെ അഭിപ്രായം ... ഇപ്പൊ സ്വയം തിരുമാനങ്ങള്‍ എടുക്കുന്ന തലമുറയുടെ കാലം ആണ്

smitha adharsh July 23, 2008 at 1:41 AM  

നല്ല പോസ്റ്റ് . ഒരുപാടു ചിന്തിപ്പിച്ചു...

Bindhu Unny July 23, 2008 at 8:07 AM  

സുനില്‍‌രാജ്, ശ്രീ, തണല്‍, അരുണ്‍, നിരക്ഷരന്‍, കാന്താരിക്കുട്ടി, ബഷീര്‍, അനില്‍, എഴുത്തുകാരി, അനൂ‍പ്, ഹരിയണ്ണന്‍, ചന്ദൂട്ടന്‍, കുഞ്ഞന്‍, കിച്ചു & ചിന്നു, നവരുചിയന്‍, സ്മിത – എല്ലാര്‍ക്കും നന്ദി, വന്നതിനും, പോസ്റ്റ് വായിച്ചതിനും, അഭിപ്രായം പറഞ്ഞതിനും.

ഞാന്‍ വിചാരിച്ചിരുന്നത് പെണ്‍കുഞ്ഞുങ്ങളെ ഒഴിവാക്കാന്‍ കാരണം അവര്‍ ബാദ്ധ്യതയാ‍ണെന്ന് കരുതുന്നതുകൊണ്ടാണെന്നായിരുന്നു. അതായത്, വളര്‍ത്തണം, പഠിപ്പിക്കണം, സ്ത്രീധനം കൊടുത്ത് കല്യാണം കഴിച്ചയയ്ക്കണം. കൂടാതെ ആണ്‍‌വീട്ടുകാരുടെ ആവശ്യങ്ങള്‍ക്കും, പ്രസവത്തോടനുബന്ധിച്ചുള്ള നിര്‍ബന്ധിത ആചാരങ്ങള്‍ക്കും, പ്രസവത്തിനും പണം മുടക്കണം. തിരിച്ചൊന്നും കിട്ടുകയുമില്ല. ആണ്‍കുട്ടിയാണെങ്കില്‍ വരവാണല്ലോ കൂടുതല്‍. ഇതൊക്കെ പൊതുവെയുള്ള കാര്യം. ആണ്മക്കളെക്കാള്‍ നന്നായി അച്ഛനമ്മമാരെ നോക്കുന്ന പെണ്മക്കള്‍ (സ്നേഹം കൊടുത്തും പണം കൊടുത്തും) ധാരാളമുണ്ട്.

പീഢനം ഭയന്ന് പെണ്‍കുട്ടികള്‍ വേണ്ടാന്ന് വെയ്ക്കുന്നത് എനിക്ക് പുതിയ അറിവാണ്. നാട്ടില്‍ നിറയെ പിഞ്ചുകുഞ്ഞിനെപ്പോലും കാമക്കണ്ണോടെ നോക്കുന്ന paedophiles ആണെന്നാണോ? ഈശ്വരാ! കുഞ്ഞന്റെ അയല്‍‌വാസി കുട്ടിയുടെ കാര്യം കഷ്ടം തന്നെ. ആ സ്കൂളില്‍ ടോയ്‌ലറ്റ് ഇല്ലേ? എന്തിനാ ആ നഴ്‌സറിയില്‍ തന്നെ വിടുന്നത്?
പിന്നെ, പീഢനത്തിന് ആണ്‍കുഞ്ഞുമിരയാവാം. Pinky Virani-യുടെ Bitter Chocolate എന്ന ബുക്ക് child abuse-നെ കുറിച്ചുള്ളതാണ്. നടന്ന കാര്യങ്ങളാണ് അതിലെഴുതിയിരിക്കുന്നത്. എല്ലാ അച്ഛനമ്മമാരും ഈ ബുക്ക് വായിക്കണമെന്നാണ് എന്റെ അഭിപ്രായം. തങ്ങളുടെ മക്കളെ ആരില്‍ നിന്നൊക്കെ രക്ഷിക്കണമെന്ന് അറിഞ്ഞിരിക്കാം.

എന്തിന്റെ പേരിലായാലും പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞാല്‍, കഷപ്പാട് പെണ്‍കുട്ടികള്‍ക്ക് തന്നെ. ഇപ്പോള്‍ പെണ്‍കുട്ടികള്‍ കുറവുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്നത് നോക്കുമ്പോള്‍, പുരുഷധനം ഒന്നും നിലവില്‍ വരുമെന്ന് തോന്നുന്നില്ല. പകരം, ബഹുഭര്‍തൃത്വം വരുമെന്നാണ് തോന്നുന്നത്.

നവരുചിയന്‍ പറഞ്ഞ പോലെ പുതിയ തലമുറ മാറ്റത്തിന്റെ വക്താക്കള്‍ ആകുമെന്ന് നമുക്ക് പ്രത്യാശിക്കാം. പെണ്‍കുട്ടികളുള്ളവര്‍ (ഹരിയണ്ണാ) അവരെ നല്ല ധൈര്യശാലികളായി, വ്യക്തിത്വമുള്ളവരായി വളര്‍ത്തട്ടെ. സ്ത്രീധനം കൊടുക്കില്ലാന്നും, വാങ്ങില്ലാന്നും പുതിയ തലമുറയും അവരുടെ മാതാപിതാക്കന്മാരും തീരുമാനിക്കട്ടെ. (ഈയൊരു കാര്യത്തില്‍ മാത്രം നമ്മളെന്താ പാശ്ചാത്യരെ അനുകരിക്കാത്തത്?)

Bindhu Unny July 23, 2008 at 8:10 AM  

ശിവാ, നന്ദി. അത് ഞാന്‍ രണ്ടാഴ്ച മുന്‍പ് കേറിയ മലയാണ് - ഗോരഖ്ഘട്.

ഒരു സ്നേഹിതന്‍ July 23, 2008 at 12:37 PM  

കാലിക പ്രാധാന്യമുള്ള പോസ്റ്റ്..
നന്നായിരിക്കൂന്നു... ആശംസകൽ ....

കുഞ്ഞന്‍ July 24, 2008 at 6:55 PM  

ബിന്ദു..

ആ നേഴ്സറിയില്‍ ടോയിലെറ്റ് ഉണ്ട് പക്ഷെ കൊച്ചുകുട്ടികള്‍ മൂത്രമൊഴിക്കുവാന്‍ മുട്ടുമ്പോള്‍ ടോയിലെറ്റിലേക്കു കയറുന്നതിനുമുമ്പ് തുണി പൊക്കിപ്പിടിക്കും ആ ചെറിയൊരു സമയം മാത്രം..അതുപോലും ആ അമ്മക്ക് താങ്ങാന്‍ പറ്റുന്നില്ല, പേടി കൊണ്ട്.

Unknown July 27, 2008 at 11:45 PM  

ഇത് മലയാളംബ്ളോഗ് ആണെന് കരുതി കേറിപോയതാ
ക്ഷമികനേ വനന സ്ഥിതിക് ഒരുഅഭി്പ്രായംപറയാം
പെന്‍കുഞുങളെ നശിപപികുനന തില്‍ മുന്‍കയെയടുകുനനത്
്്പെണുങള്‍തനെന > മറവന്‍

Bindhu Unny July 28, 2008 at 12:06 PM  

സ്നേഹിതാ നന്ദി. :-)
കുഞ്ഞാ, ആ അമ്മ ചെയ്യുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല.റ്റോയ്‌ലറ്റിനുള്ളില്‍ കയറിട്ടേ തുണി പൊക്കാവൂ എന്ന് പഠിപ്പിക്കുന്നതിന് പകരം മൂത്രമൊഴിക്കരുതെന്ന് പറഞ്ഞ് എളുപ്പവഴി കണ്ടെത്തുകയല്ലേ? ആ കുഞ്ഞിന്റെ കഷ്ടകാലം.
മറവാ, ഇത് മലയാളം ബ്ലോഗ് തന്നെയാണല്ലോ. എന്തായാലും അഭിപ്രായം പറഞ്ഞതിന് നന്ദി, ഞാന്‍ അതിനോട് യോജിക്കുന്നില്ലെങ്കിലും.

sreeni sreedharan September 27, 2008 at 11:04 AM  

പെണ്‍കുഞ്ഞുങ്ങളെ ജനിക്കുമ്പോള്‍ തന്നെ ഇല്ലാതാക്കി അവസാനം സ്ത്രീകള്‍ ഇല്ലാതാവുന്ന ഒരു ഗ്രാമത്തിന്‍റെ കഥ പറയുന്ന ഒരു സിനിമയുണ്ട്.
Matrubhoomi: A Nation Without Women
http://www.imdb.com/title/tt0379375/

Bindhu Unny October 1, 2008 at 8:45 PM  

പച്ചാളം: ഈ സിനിമയെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. എണ്ണം കുറഞ്ഞാലും കഷ്ടപ്പാട് പെണ്‍കുട്ടികള്‍ക്ക് തന്നെ. ലിങ്ക് തന്നതിന്‍ നന്ദി. :-)

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP