ജൂലൈ 11 ‘ലോക ജനസംഖ്യാദിനം’ ആയിരുന്നു. സ്വന്തം കുടുംബം പ്ലാന്‍ ചെയ്യാനുള്ള ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ, അവകാശത്തെ ഒന്നൂടെ ആഹ്വാനം ചെയ്തു UNFPA. പിന്നെ, ദരിദ്രരാജ്യങ്ങളിലും വികസ്വരരാജ്യങ്ങളിലും കുടുംബാസൂത്രണം കൂടുതല്‍ പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജനസംഖ്യാ വര്‍ദ്ധന വികസനത്തെ തടസ്സം ചെയ്യുന്നതിനെക്കുറിച്ചും പറഞ്ഞു. കൂടാതെ, ആരോഗ്യമുള്ള സമത്വസുന്ദരമായ ലോകത്തിന് വേണ്ടി പരിശ്രമിക്കുമെന്ന പ്രതിജ്ഞയും. Thoraya Ahmed Obaid, Executive Director, UNFPA ലോക ജനസംഖ്യാദിനത്തില്‍ പറഞ്ഞത് ഇവിടെ വായിക്കാം.
ഇത് വായിച്ചപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് നമ്മുടെ നാട്ടിലെ ചില മത/രാഷ്ട്രീയ നേതാക്കന്മാരുടെ ആഹ്വാനമാണ്‍. രണ്ട് വര്‍ഷം മുന്‍പ് RSS-ന്റെ K S സുദര്‍ശന്‍ പറഞ്ഞു, ഹിന്ദുക്കള്‍ കുറഞ്ഞത് 3 കുട്ടികള്‍ എങ്കിലും വേണമെന്ന് വയ്ക്കണമെന്ന്. അല്ലെങ്കില്‍ അടുത്ത 120 വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബം അന്യം നിന്ന് പോവുമത്രെ.
പിന്നെ, ഈയിടെ തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു, ക്രിസ്ത്യാനികളും കൂടുതല്‍ കുട്ടികളെ സൃഷ്ടിക്കണമെന്ന്. ഇല്ലെങ്കില്‍ അവരുടെ സംഖ്യ കുറഞ്ഞു പോവുമത്രെ. കൂടുതല്‍ കുട്ടികളെ വളര്‍ത്താന്‍ സാമ്പത്തികസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. സുദര്‍ശന്‍ പണമൊന്നും ഓഫര്‍ ചെയ്തില്ല. അതുകാരണം, ആരും അദ്ദേഹം പറഞ്ഞ പ്രകാരം പ്രവര്‍ത്തിച്ചില്ലാന്ന് കരുതാം.
UNFPAയും ഇന്ത്യന്‍ ഗവണ്മെന്റും ജനസംഖ്യ കുറയ്ക്കാന്‍ പാടുപെടുന്നു ഒരുവശത്ത്. മറുവശത്ത് ഇങ്ങനെ ചിലരും. കൊള്ളാം. ഇന്ന് ഭേദപ്പെട്ട വിദ്യാഭ്യാസമുള്ളവരും ജീവിതസാഹചര്യമുള്ളവരുമാണ് ഒന്ന് അല്ലെങ്കില്‍ രണ്ട് കുട്ടികള്‍ മതി എന്ന് സ്വയം തീരുമാനിക്കുന്നത് - ഉള്ളവരെ നന്നായി വളര്‍ത്താമെന്ന ഉദ്ദേശ്യത്തില്‍. പണവും വിദ്യാഭ്യാസവും കുറവുള്ള പലര്‍ക്കും സാഹചര്യം കൊണ്ടോ അറിവില്ലായ്മ കൊണ്ടോ കൂടുതല്‍ കുട്ടികള്‍ ഉണ്ടാവുന്നു. അവരുടെ ജീവിതനിലവാരം താഴേയ്ക്ക് തന്നെ പോവുന്നു. ഈ നേതാക്കന്മാരുടെ ‘marketing gimmick’ ക്കുകളില്‍ പെട്ടുപോവാന്‍ സാദ്ധ്യതയുള്ളതും ഈ പാവങ്ങളാണ്.
കൂടുതല്‍ പ്രസവിക്കാന്‍ ആഹ്വാനം ചെയ്യുന്നവര്‍ സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ഒരു ശരാശരി ഇന്ത്യന്‍ സ്ത്രീയുടെ ആരോഗ്യം രണ്ട് പ്രസവത്തോടെ വല്ലാതെ കുറഞ്ഞുപോകുമെന്ന് പണ്ട് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. കൂടാതെ, സ്ത്രീ പ്രസവിച്ച് കുട്ടികളെ നോക്കി വീട്ടിലിരുന്നാല്‍ മതിയെന്നാണോ? കൂടുതലും പെണ്‍കുട്ടികളുണ്ടായാലോ? സമൂഹം ‘സ്ത്രീ ധന‘മാണെന്ന് കരുതുമോ? ഇനി, സാമ്പത്തികസഹായം – എത്ര കൊടുക്കും? എന്തിനൊക്കെ കൊടുക്കും? പണം മാത്രം മതിയോ കുട്ടികളെ വളര്‍ത്താന്‍?
ഈ കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ എത്ര അഭിമാനമുണ്ടാവും സ്വന്തം ജന്മത്തെയോര്‍ത്ത്? ആരോ പറഞ്ഞിട്ട് ജനിച്ചു. ആരോ സഹായിച്ച് ജീവിച്ചു.
വളരെക്കാലം മുന്‍പ് കണ്ട ഒരു സിനിമയില്‍ (എതു ഭാഷയാണെന്ന് ഓര്‍മ്മയില്ല), അമ്മയും വയറ്റിലുള്ള കുട്ടിയും സംവദിക്കുന്നതായി കാണിക്കുന്നുണ്ട്. ഭൂമിയിലെ അനീതികളും അക്രമങ്ങളും കണ്ടിട്ട് ആ കുഞ്ഞ് ജനിക്കുന്നില്ലാന്ന് തീരുമാനിക്കുന്നു. അത് മാത്രമല്ല, ഇനി ജനിക്കാനിരിക്കുന്ന എല്ലാ കുഞ്ഞുങ്ങളും അങ്ങനെ തീരുമാനിക്കുന്നു. അമ്മ ആ കുഞ്ഞിനെ എത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്ന് പറയുകയും, എത്രത്തോളം അതിനെ ആഗ്രഹിക്കുന്നുണ്ടെന്ന് പറയുകയും അപേക്ഷിക്കുകയും ചെയ്തതിന് ശേഷമാണ് ആ കുഞ്ഞ് ജനിക്കാന്‍ സമ്മതിക്കുന്നത്.
‘ജന്മമേ വേണ്ടാ വേണ്ടായെന്ന് കരയുന്നവ
മണ്ണിലിനിയും പിറക്കാത്ത നാദങ്ങള്‍, അഗതികള്‍’ – എന്ന് മധുസൂദനന്‍ നായരും കുറിച്ചിട്ടുണ്ട്, ഏത് കവിതയാണെന്ന് മറന്നു പോയി. അഗസ്ത്യകൂടമോ, സന്താനഗോപാലമോ?
എനിക്കും അങ്ങനെ തന്നെ തോന്നുന്നു – ഭാവിയില്‍ കുഞ്ഞുങ്ങള്‍ ജനിക്കണോ വേണ്ടയോന്ന് അവര്‍ തന്നെ തീരുമാനിക്കും.