മഴയില്‍ കുതിര്‍ന്ന് പ്രബല്‍ഘഡില്‍
ഈ വര്‍ഷത്തെ ആദ്യത്തെ മണ്‍സൂണ്‍ ട്രെക്ക് ഈ വരുന്ന ഞായറാഴ്ചയാണ് – കൊഹോജ് ഫോര്‍ട്ടിലേയ്ക്ക്. അതിന് മുന്‍പ് എന്റെ ആദ്യത്തെ മണ്‍സൂണ്‍ ട്രെക്കിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.
ആദ്യമായി പ്രബല്‍ഘഡില്‍ പോയത് 2005-ലെ മഴക്കാലത്താണ്. മുംബൈയില്‍ നിന്ന് പൂണെയ്ക്ക് പോകുന്ന വഴിക്ക്, പന്‍വേലില്‍ നിന്ന് ഏകദേശം 17 km അകലെ താക്കുര്‍വാഡി എന്ന ഗ്രാമത്തില്‍ നിന്നാണ് പ്രബല്‍ഘഡിലേയ്ക്കുള്ള ട്രെക്ക് തുടങ്ങുന്നത്.
Matheran പോലെ ഒരു ഹില്‍സ്റ്റേഷനാകാനുള്ള ചുറ്റുപാടൊക്കെയുണ്ട് ഇവിടെ. പക്ഷെ, കുന്നിന്റെ മുകളില്‍ വെള്ളം കിട്ടാനുള്ള ബുദ്ധിമുട്ട് കാരണം പ്രബല്‍ഘഡ് ഒരു ട്രെക്കിങ്ങ് സ്ഥലമായി ഒതുങ്ങി. അത് നന്നായെന്നാണ് തോന്നുന്നത്. അല്ലെങ്കില്‍ ഇവിടെയും വികസിപ്പിച്ച് ബോറാക്കിയേനേ.
2005 ജൂണിലെ ഒരു നനഞ്ഞ പ്രഭാതത്തില്‍ 2-3 വാഹനങ്ങളിലായി ഞങ്ങള്‍ പുറപ്പെട്ടു. ആസിഫ് (Nature Knights-ന്റെ സ്ഥാപകന്‍) സ്വന്തം വണ്ടിയില്‍ വന്നു. അതിലാണ് ഞാനും ഉണ്ണിയും കയറിയത്. പന്‍വേലില്‍ നിന്ന് വടാ-പാവ് കഴിച്ച് വിശപ്പടക്കി, താക്കുര്‍വാഡിയിലെത്തി. അതുവരെ മഴ മാറി നിന്നു.
തലേദിവസം എന്തോ കഴിച്ചത് വയറ്റില്‍ പിടിക്കാതെ, രാത്രി മുഴുവനും വയറിളകുകയും ഛര്‍ദ്ദിക്കുകയുമായിരുന്നു ആസിഫ്. വെളുപ്പിനെയാണ് കുറച്ചുറങ്ങിയത്. ഈ അവസ്ഥയിലും ട്രെക്കിങ്ങ് ചെയ്യാന്‍ വന്നല്ലോ എന്നതാണത്ഭുതം! മറ്റൊരു ലീഡര്‍ നിമേഷുണ്ടായിരുന്നതുകൊണ്ട് ആസിഫ് തിരിച്ചുപോയി. ലോണാവ്‌ലയിലുള്ള വീട്ടില്‍ പോയി വിശ്രമിച്ചിട്ട് വൈകുന്നേരം ഞങ്ങള്‍ തിരിച്ചെത്തുമ്പോഴേയ്ക്കും വരാമെന്നേറ്റു.
കുറച്ച് മുകളിലേയ്ക്ക് കയറുമ്പോഴേയ്ക്കും മഴ തുടങ്ങി. വേഗം റെയിന്‍കോട്ടെടുത്തിട്ടു. ക്യാമറ ബാഗിനകത്തായി. പിന്നെയല്ലേ രസം. മഴ കൂടിയതോടെ ഞങ്ങള്‍ കയറുന്ന വഴിയിലൂടെ വെള്ളമൊഴുകി വരാന്‍ തുടങ്ങി. ആ അരുവികളിലൂടെ മുകളിലേയ്ക്ക് കയറുമ്പോള്‍ നല്ല ത്രില്ലായിരുന്നു. ബാഗും ഷൂസും എല്ലാം കുതിര്‍ന്നു. റെയിന്‍കോട്ടിനിടയിലുടെ വെള്ളമിറങ്ങി ഉടുപ്പും കുറെയൊക്കെ നനഞ്ഞു. കണ്ണടയ്ക്ക് വൈപ്പര്‍ ഇല്ലാത്തതുകൊണ്ട് എന്റെ കാഴ്ചയും കണക്കായി. ആകെ നനഞ്ഞാല്‍ കുളിരില്ലാന്ന് പറഞ്ഞപോലെ എല്ലാരും ആവേശത്തോടെ കയറി. ഇടയ്ക്ക് മഴ തോര്‍ന്നപ്പോള്‍ കുറച്ച് ഫോട്ടോകളെടുക്കാന്‍ സാധിച്ചു.
പ്രബല്‍ഘഡിലേയ്ക്കുള്ള ആദ്യപകുതി എളുപ്പമാണ്. രണ്ടാം പകുതി കുറച്ച് കട്ടിയും.
കുത്തനെയുള്ള പാറക്കൂട്ടങ്ങളിലൂടെ അള്ളിപ്പിടിച്ച് കയറണം. ആ സമയത്ത് മഴ കുറവായിരുന്നു. മുകളിലെത്താറാവുമ്പോള്‍ കുറച്ച് ദൂരം ഒരു വിധം നിരപ്പായ പാതയുണ്ട്.
ഉച്ചയായി മുകളിലെത്തുമ്പോള്‍.
കോട്ടയുടെ വളരെക്കുറച്ച് അവശിഷ്ടങ്ങള്‍ മാത്രമേ അവിടെയുള്ളൂ.
മഴയും പുകമഞ്ഞും കാരണം ഒന്നും ശരിക്ക് കാണാന്‍ പറ്റിയില്ല. മഴയത്ത് നിന്ന് തന്നെ ഭക്ഷണം കഴിച്ചു. വെള്ളം കുടിക്കാനായി മുകളിലേയ്ക്ക് നോക്കി വായും പൊളിച്ചുനിന്നു.
അത്രയും നേരം നടന്നുകൊണ്ടിരുന്നതിനാല്‍ തണുപ്പനുഭപ്പെട്ടില്ല. ഇരുന്നപ്പോള്‍ നല്ല വിറയല്‍. അതുകൊണ്ട് അധികം ഇരിക്കാതെ തിരിച്ചിറങ്ങാന്‍ തുടങ്ങി.
ഇറങ്ങാനാണ് കൂടുതല്‍ വിഷമം. ശ്രദ്ധിച്ച് കാല് വെച്ചില്ലെങ്കില്‍ നടുവുംതല്ലി താഴെക്കിടക്കും. അതുകൊണ്ട് പതുക്കെയേ പോവാന്‍ പറ്റൂ. കുറെ മുന്നോട്ട് പോയപ്പോള്‍, ഒന്നായിരുന്ന ഗ്രൂപ്പ് പിളര്‍ന്ന് രണ്ടായി. നല്ല വേഗത്തില്‍ പോകുന്ന കുറച്ചുപേര്‍ ഗൈഡുമായി ആദ്യം പോയി. ഞങ്ങള്‍ രണ്ടാമത്തെ ഗ്രൂപ്പില്‍. അക്കൂട്ടത്തിലൊരാള്‍ക്ക് വയ്യാതെയായതുകൊണ്ട് പതുക്കെയാണ് നടക്കുന്നത്. അങ്ങനെ കുറച്ചുദൂരം പോയപ്പോള്‍ രണ്ടാമത്തെ ഗ്രൂപ്പ് വീണ്ടും പിളര്‍ന്നു. ഞാനും ഉണ്ണിയും മറ്റ് നാലഞ്ച് പേരും ഒരു ഗ്രൂപ്പ്. നിമേഷും വയ്യാത്ത ആളും വേറെ അഞ്ചാറ് പേരും ഏറ്റവും പിന്നില്‍.
സമയം വൈകി. ഇരുട്ടാന്‍ തുടങ്ങി. ഏകദേശം ഊഹം വച്ചിട്ടാണ് നടക്കുന്നത്. വഴി തെറ്റിയോന്ന് സംശയം. അങ്ങോട്ട് പോകുമ്പോള്‍ കടക്കാത്ത ഒരു തോട് കണ്ടപ്പോള്‍ ഉറപ്പിച്ചു – തെറ്റി. എവിടെയോ വെച്ച് ഒരു തിരിവ് മാറിപ്പോയി. മുന്‍പേ പോയവരെയും പുറകെ വരുന്നവരെയും കാണാനില്ല. മുന്നോട്ട് തന്നെ നടക്കാന്‍ തുടങ്ങി. തവളകള്‍ കരയുന്നു. പുറകെ പാമ്പും വരുമോന്ന് ഉള്ളിലൊരു പേടി. ടോര്‍ച്ചുമില്ല ആരുടെ കയ്യിലും. (ഈ ട്രെക്കോടെ ഒരു ദിവസത്തെ ട്രെക്കായാലും ടോര്‍ച്ച് കരുതുമെന്ന് തീരുമാനിച്ചു).
ഭാഗ്യത്തിന് മൊബൈല്‍ സിഗ്നലുണ്ടായിരുന്നു. ആദ്യത്തെ ഗ്രൂപ്പ് താഴെയെത്തി. ആസിഫും എത്തിയിരുന്നു. ആസിഫ് നാട്ടുകാരോട് ചോദിച്ച് ഞങ്ങള്‍ ഏകദേശം എവിടെയായിരിക്കുമെന്ന് പറഞ്ഞുതന്നു. ദൂരെ താക്കുര്‍വാഡി കാണാം ഞങ്ങള്‍ക്ക്. എങ്ങനെ അവിടെ എത്തും എന്ന് ഒരു പിടിയുമില്ല. അവിടെയുമിവിടെയുമുള്ള ഒന്ന് രണ്ട് സ്ട്രീറ്റ് ലൈറ്റുകളുടെ അടിസ്ഥാനത്തിലാണ് വഴി പറഞ്ഞുതന്നത്. അങ്ങനെ ഒരു വിധത്തില്‍ 8 മണിയോടെ താഴെയെത്തി.
മൂന്നാമത്തെ ഗ്രൂപ്പ് അപ്പോഴും വന്നിട്ടില്ല. അവര്‍ വഴി തെറ്റി വേറൊരു ചെറിയ ഗ്രാമത്തിലെത്തി. അവരെ അവിടെ വണ്ടിയില്‍ പോയി കൊണ്ടുവരികയാണുണ്ടായത്. വേഗം ഓടിപ്പോന്നതിന് ഗൈഡിനെ ആസിഫ് കുറേ വഴക്ക് പറഞ്ഞു.
എല്ലാരും ഡ്രെസ്സൊക്കെ മാറി അവിടുന്ന് പുറപ്പെട്ടപ്പോള്‍ മണി ഒമ്പതര. തീര്‍ന്നില്ല adventure. കുറേ ദൂരം ചെന്നിട്ടും മെയിന്‍ റോഡ് കാണുന്നില്ല. പകരം വഴി കൂടുതല്‍ ഇടുങ്ങിയതും വിജനവുമാവുന്നു. അതിലെ വന്ന ചില ഗ്രാമവാസികളോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു ഞങ്ങള്‍ കാട്ടിലേയ്ക്കാണ് പോകുന്നതെന്ന്. വന്ന വഴി തിരിച്ചുവന്ന്, ശരിയായ വഴി കണ്ടുപിടിച്ചപ്പോഴേയ്ക്കും സമയം പിന്നെയും പോയി.
ശരിക്കും ആസ്വദിച്ചു, ഈ വഴിതെറ്റിയ ട്രെക്ക്. പന്ത്രണ്ടരയ്ക്കാണ് വീട്ടിലെത്തിയതെങ്കിലും പിറ്റേന്ന് ഒമ്പത് മണിക്ക് തന്നെ ഞാന്‍ ഓഫീസിലെത്തി – fully recharged ആയിട്ട്.
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ.
2007-ലും പോയി പ്രബല്‍ഗഡിലേയ്ക്ക്. ഒരു ഓര്‍മ്മ പുതുക്കലിനായി. പക്ഷെ, മഴ വരണ്ടാന്ന് തീരുമാനിച്ചു. വെറും ചാറ്റല്‍ മഴ മാത്രം. ഒരു ഗുണമുണ്ടായി. ആദ്യപകുതി വരെ പോകാന്‍ വേറൊരു എളുപ്പമുള്ള വഴി കണ്ടുപിടിച്ചു.
അവിടുള്ളവര്‍ താക്കുര്‍വാഡിയിലേയ്ക്ക് നടന്നുപോകാന്‍ ഈ വഴിയാണ് ഉപയോഗിക്കുന്നത്. ആ ഗ്രാമത്തില്‍ താമസിച്ച് രണ്ട് ദിവസത്തെ ട്രെക്ക് ചെയ്യാനും പറ്റും.
ജൂണില്‍ പോയപ്പോള്‍ പച്ചപ്പ് കുറവായിരുന്നു. രണ്ടാമത് പോയത് ജൂലൈയിലാണ്. അപ്പോള്‍ മഴ കുറവായിരുന്നെങ്കിലും എല്ലാം പച്ചപുതച്ച് കിടന്നിരുന്നു. ചില ഫോട്ടോകള്‍ രണ്ടാമത്തെ പ്രാവശ്യം പോയപ്പോളെടുത്തതാണ്. അതിന്റെ കൂടുതല്‍ ഫോട്ടോകളുടെ ഒരു slide show ഇവിടെ ഉണ്ട്.
23 comments:
വഴിതെറ്റിയ ട്രെക്ക്...
:-)
ഈ കാഴ്ചകൾ നേരിട്ട് കാണാൻ കഴിയില്ല എന്നുറപ്പാണ്. ഫോട്ടോയും വിവരങ്ങളും അതിന്റെ കുറവ് തീർത്തു.
ആശംസകളോടെ...
അങ്ങനൊരു സ്ഥലം അതിന്റെ വിവരങ്ങള്‍ എല്ലാം ഒഴുക്കോടെ എഴുതി നന്ദി ആദ്യം.
പിന്നെ ഈ സ്ഥല വിവരങ്ങള്‍ എവിടെന്നു കിട്ടുന്നു .മുമ്പ് ഒരുപോസ്റ്റില്‍ മറ്റൊരു യാത്ര.. അതും സാഹസികമായ എങ്ങനെ കഴിയുന്നു. ഞാന്‍ ഈ ജൂലായ് 22 നാട്ടില്‍ എത്തും ഇതുപോലുള്ള യാത്ര വല്ലതും മുണ്ടോ ?അറിയിക്കുമല്ലോ
കൊള്ളാം.
ഓ.ടോ.
വോട്ട് ഞാന്‍ വേറെ ആര്‍ക്കോ ചെയ്തു. ഇനി വേണേല്‍ ഒരു അഞ്ചാറെണ്ണം ചെയ്യാ,
:)
ഈ കുറി എഴുത്തിനെക്കാള്‍ ഇഷ്ടം തോന്നിയത് ആ ഫോട്ടോകളോടാണ്.
നല്ല സ്ഥലം:)
ജുലായിലെ ലോണാവല സുന്ദരിയാണ്....ഞാന്‍ പോയിട്ടുണ്ട് അപ്പോള്‍.ഫോട്ടോ കലക്കി.
മനോഹരമായ വിവരണങ്ങളും ഫോട്ടോകളും നന്നായിട്ടുണ്ട്
നല്ല ത്രില്ലിംഗ് ആയിട്ടുണ്ടാവും അല്ലെ.... ഫോട്ടോസ് കാണുമ്പൊ തന്നെ അറിയാം
ഫോട്ടൊവിലെങ്കിലും കാണാന്‍ പറ്റുന്നുണ്ടല്ലോ.
ഓ.ടോ. ഞാനുമൊരു വോട്ട് ചെയ്തിട്ടുണ്ടേ.
ബിന്ദു ചേച്ചി.....ഞാന്‍ വായിച്ചു തുടങ്ങിയതെ ഉള്ളു.....ഈ ബ്ലോഗ്.....
ട്രെക്ക് വിശേഷങ്ങള്‍ ...നന്നായിടുണ്ട്.....പോകാന്‍ എന്തായാലും പറ്റില്ല....സൊ ഇങ്ങനെ വായിക്കാന്‍ നല്ല രസം..:)
ഞാനും വോട്ട് ചെയ്തിടുണ്ട് ട്ടോ........
my hearty wishes for ur trekking..
ഇതൊക്കെ വായിച്ച് ഞാനും ഒന്നു റീചാർജ്ജ് ആയപോലെ!!വായിച്ചിട്ടുള്ള റീചാർജ് ആവൽ മാത്രമേ എന്നേക്കൊണ്ട് പറ്റുകയുള്ളൂ എന്നത് വേറെ കാര്യം :)
നിങ്ങൾ രാത്രി വഴിതെറ്റിപ്പോയത് സങ്കല്പിച്ചുനോക്കിയപ്പോൾ ശരിയ്ക്കും കിടുങ്ങിപ്പോയി കേട്ടോ...
മനോഹരം...
OAB: നന്ദി :-)
പാവപ്പെട്ടവന്‍: നന്ദി. :-)
ഞങ്ങള്‍ ട്രെക്കിങ്ങിന് പോവുന്നത് Nature Knights-ന്റെ കൂടെയാണ്. ഇനിമുതല്‍ എല്ലാ വീക്കെന്റിലും ഓരോന്ന് പ്ലാന്‍ ചെയ്തിട്ടുണ്ട്. മുംബൈയില്‍ വന്നാലേ ഇതിനൊക്കെ പോവാന്‍ പറ്റൂ. നാട്ടില്‍ ട്രെക്കിങ്ങ് ചെയ്യാന്‍ നിരക്ഷരനെയോ ഹരീഷ് തൊടുപുഴയെയോ കൂട്ടുപിടിക്കാം. :-)
അനില്‍@ബ്ലോഗ്: നന്ദി :-)
വോട്ട് വേറെ ആര്‍ക്കോ ചെയ്തുവെന്ന് പറഞ്ഞാല്‍ അറിയാതെ ആര്‍ക്കോ ചെയ്തുവെന്നാണോ? ശരി, എന്തായാലും ഞങ്ങള്‍ക്കൂടെ ഒന്ന് ചെയ്യൂ. അതിന് മുന്‍കൂറായി നന്ദി പറയുന്നു. :-)
അരുണ്‍: എഴുത്ത് അത്ര പോരാ ല്ലേ. ഫോട്ടോകള്‍ ഇഷ്ടയെന്നറിഞ്ഞതില്‍ സന്തോഷം. :-)
Prayan: ശരിയാ. നന്ദി :-)
വരവൂരാന്‍:നന്ദി :-)
കണ്ണനുണ്ണി: ത്രില്ലിംഗ് ആയിരുന്നു. നന്ദി :-)
എഴുത്തുകാരി: നന്ദി, വോട്ടിനും. :-)
കുക്കു: വായിച്ചുതുടങ്ങിയതിന് നന്ദി. കമന്റിട്ടതിനും.പിന്നെ, വോട്ട് ചെയ്തതിനും.
ബിന്ദു: ബിന്ദൂനെ റീചാര്‍ജ്ജ് ആക്കാന്‍ ഈ പോസ്റ്റിന് കഴിഞ്ഞൂന്നറിഞ്ഞതില്‍ സന്തോഷം. വോട്ടിനും നന്ദി. :-)
കുമാരന്‍: നന്ദി :-)
ബിന്ദു, ഒരാള്‍ എന്നോട് ലിങ്ക് തന്നിട്ട് പറഞ്ഞു ഒരു വോട്ടിട്ടേക്കാന്‍, ആര്‍ക്കാണെന്ന് തന്നെ അറിയില്ല.
:)
ഏതായാലും ഒരെണ്ണം കൂടി ചെയ്തേക്കാം.
:)
നല്ല ചിത്രങ്ങള്‍....നല്ല ഫീല്‍....
Reminds me of our Chimmony trek :)
This is the link to the first post http://itallstartedingoa.blogspot.com/2006/11/chimmony-jungle-camp-jungle-to-get.html
There are 4 more posts for each day after this.
And is Amit kulkarni in your trekking team? Our Pune trip was inspired by his photos of Lohagad fort :) Looks like world is real small :)
ഇതിപ്പോ നല്ല കയറ്റം ആണെന്ന് തോന്നുന്നു. അടി പൊളി! എനിക്കും മഴക്കാലത്ത് ട്രെക് ചെയ്യാനാണ് ഇഷ്ടം. അട്ടയെ കണ്ടാല്‍ പേടിച്ചു കരയുന്ന ആള്‍കാര്‍ കൂടെയുണ്ടെങ്കില്‍ ആണ് പ്രശ്നം :)
Nice Pictures ..
അനില്‍: ചെയ്തല്ലോ അല്ലേ, നന്ദി :-)
ശിവ: നന്ദി :-)
Dhanya: Read the posts on Chimmony trek. That was quite adventurous. Couldn't see the photos, though.
Yes, Amit is part of our trekking group. He is a superb photographer also. :-)
സന്ദീപ്: മഴക്കാലമല്ലേ ട്രെക്കിങ്ങിന് പറ്റിയ സമയം. മഹാരാഷ്ട്ര കാടുകളില്‍ അട്ടകളെ കണ്ടുമുട്ടിയിട്ടില്ല. കര്‍ണാടക കാടുകളില്‍ കയറിയപ്പോഴൊക്കെ അട്ട കടിച്ചിട്ടുമുണ്ട്. :-)
Faizal: Thanks :-)
വഴി തെറ്റിയാലും ട്രെക്കിങ്ങ് ഗംഭീരമായി, അല്ലേ?
:)
എന്റെ ബ്ലോഗില്‍ വന്നതില്‍ ആദ്യമേ നന്ദി ..
കൊഹോജ് ഫോര്‍ട്ടിലേയ്ക്ക് ഉള്ള മണ്‍സൂണ്‍ ട്രെക്ക്ക്കിനെ കുറിച്ച് ഒരു ഫ്രണ്ട് പറഞ്ഞിട്ടുണ്ട് .പക്ഷെ എത്ര സാഹസികവും സുന്ദരവും ആണന്നു അറിഞ്ഞില്ല . ഒരിക്കല്‍ എനിക്കും പോകണം .. സ്ലൈഡ് ഷോയും നന്നായിട്ടുണ്ട് ...
വോട്ട് ചെയ്തിടുണ്ട് കേട്ടോ
ശ്രീ: ഗംഭീരമായി. നന്ദി :-)
Rani Ajay: കമന്റിനും വോട്ടിനും നന്ദി.
കൊഹോജ് അത്ര സാഹസികമല്ല. മുകളിലുള്ള pinnacle കയറുന്നത് മാത്രം കുറച്ച് ബുദ്ധിമുട്ടാണ്. ഷൂവെല്ലാം പൊളിഞ്ഞതുകൊണ്ട് ഞാനും ഉണ്ണിയും കയറിയില്ല.
:-)
ബിന്ദൂ...
ഇനി ഒരിക്കലും ഒരു ചെറു കുന്നു പോയിട്ട്
സ്റ്റെപ്പ് പോലും മുന്നോട്ട് കാലെടുത്തു വെക്കാന്‍
കഴിയാത്ത,ഞങ്ങളെപ്പോലുള്ളവര്‍ക്ക് ഭാവനയുടെ
ചിറകിലേറി ഒരു ട്രെക്കിങ്ങനുഭൂതി പകര്‍ന്ന്
തന്നതിനു ഒരുപാടൊരുപാട് നന്ദി....
ജീവന്‍ തുടിക്കുന്ന ഫോട്ടൊസ്,തേങ്ക്സ്.
Post a Comment