Thursday, September 25, 2008

മഴ നനയാന്‍ കൊതിച്ച് ഗോരഖ്ഘടിലേയ്ക്ക്


മഴ നനഞ്ഞ് ട്രെക്ക് ചെയ്തിട്ട് കുറേനാളായി, ഗോരഖ്ഘടില്‍ പോവുമ്പോള്‍ എന്തായാലും മഴ പെയ്യും എന്ന് കരുതി സന്തോഷിച്ചു. ബസ് കാത്ത് ഹൈവേയില്‍ നില്‍ക്കുമ്പോള്‍ തന്നെ നല്ല മഴ തുടങ്ങി. ഞങ്ങള്‍ രണ്ടും ആവശ്യത്തിന് നനഞ്ഞ് കഴിഞ്ഞപ്പോ ബസ് വന്നു. മഴ നനയിക്കാന്‍ വേണ്ടി മനപൂര്‍വ്വം വൈകിച്ചതാണോന്നൊക്കെ ചോദിച്ച് ജ്ഞാനേഷിനെ കുറെ ചീത്തയൊക്കെ വിളിച്ചു. മൂന്ന് മണിക്കൂര്‍ നനഞ്ഞ ഉടുപ്പുമൊക്കെയായി ബസിലിരിക്കുന്ന കാര്യം ഒന്നാലോചിച്ചു നോക്ക്!

മുംബൈ വിട്ടപ്പഴേ മഴ നിന്നു. പിന്നെ, അതായി എല്ലാരുടെയും സങ്കടം. പക്ഷെ ‘എല്ലാം നല്ലതിനുവേണ്ടി‘ എന്നു പറയുന്നത് സത്യമാണെന്ന് ഒന്നൂടെ തെളിഞ്ഞു. ട്രെക്കിങ് ചെയ്ത് പരിചയമുള്ള 8 പേരും ബാക്കി 21 പേരുമായിരുന്നു ഗ്രൂപ്പില്‍. രണ്ടുപേര്‍ താഴെ ഇരുന്നതേയുള്ളൂ. അവര്‍ അത് പ്ലാന്‍ ചെയ്ത് വന്നതായിരുന്നു – പായയും പുസ്തകങ്ങളും ഒക്കെയായി.

ഗോരഖ്ഘട് കയറാന്‍ അത്ര ബുദ്ധിമുട്ടില്ല. എന്നാല്‍ ആദ്യമായി ട്രെക്കിങ് ചെയ്യുന്നവര്‍ക്ക് കയറാന്‍ കഷ്ടമായിരുന്നു. അതുകൊണ്ട് കുറച്ചധികം സമയമെടുത്തു. ചിലയിടത്തൊക്കെ, ഈ കാല്‍ ഇവിടെ വയ്ക്ക്, ആ കാല്‍ അവിടെ വയ്ക്ക് എന്നൊക്കെ പറഞ്ഞു കൊടുത്ത് കയറ്റേണ്ടി വന്നു. മുക്കാല്‍ ഭാഗം കയറീട്ട്, ഇനി മുകളിലേയ്ക്കിലാന്ന് പറഞ്ഞിരുന്ന ചിലരെ നിര്‍ബന്ധിച്ച്, ഇത്രയും മെനക്കെട്ടതൊക്കെ വെറുതെയാവില്ലേന്നൊക്കെ പറഞ്ഞ് മുകളിലെത്തിച്ചു.


മുകളിലെന്താ കാ‍റ്റെന്നറിയുമോ? ഈ ഫോട്ടോ നോക്കിയേ.

(ഈ ഫോട്ടോയുടെ തല മാത്രം ക്രോപ്പ് ചെയ്തെടുത്ത് ഞാ‍ന്‍ നാട്ടിലേയ്ക്ക് അയച്ചുകൊടുത്തു – പുതിയ ഹെയര്‍‌സ്റ്റൈലാന്ന് പറഞ്ഞിട്ട്. വീട്ടിലെല്ലാരും അത് വിശ്വസിച്ചു. ഇപ്പഴും റേഷന്‍ കാര്‍ഡില്‍ പേരുണ്ടായിരുന്നെങ്കില്‍ അത് വെട്ടിച്ചേനെ എന്നൊക്കെ പറഞ്ഞു. ഞാന്‍ സത്യം പറഞ്ഞപ്പോ എല്ലാരും ചമ്മി.)

മുകളില്‍ ഒരു ഗുഹയുണ്ട്. 25 പേര്‍ക്ക് താമസിക്കാം. വേറൊരു ഗ്രൂപ്പ് അവിടെ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. ഇവിടുന്ന് പിന്നെയും മുകളിലേയ്ക്ക് കയറണമെങ്കില്‍ ‘റോക്ക് ക്ലൈംബിങ്ങ്’ ചെയ്യണം. കുത്തനെയുള്ള കയറ്റമാണ്. അതിസാഹസികരും (ഞാനും ഉണ്ണിയും അതില്‍‌പെടിലാന്ന് പ്രത്യേകം പറയേണ്ടല്ലോ) റോക്ക് ക്ലൈംബിങ്ങ് ചെയ്ത് പരിചയമുള്ളവരുമായ 2-3 പേര്‍ അത് കേറാന്‍ നോക്കാ‍ന്‍ പോയി. ഞങ്ങള്‍ ഉച്ചഭക്ഷണവും കഴിച്ച് ഒരു മയക്കവും നടത്തി.

തിരിച്ചിറങ്ങാന്‍ നേരത്താണ് മഴ പെയ്യാതിരുന്നത് എത്ര നന്നായെന്ന് മനസ്സിലായത്. തെന്നലില്ലാതെ തന്നെ ചില സ്ഥലത്തൊക്കെ ഇറങ്ങാന്‍ നല്ല ബുദ്ധിമുട്ടായിരുന്നു, പ്രത്യേകിച്ച് പുതിയ ആള്‍ക്കാര്‍ക്ക്. പലയിടത്തും പിടിച്ച് പിടിച്ച് ഇറക്കേണ്ടിവന്നതിനാല്‍ സമയവും ധാരാളമെടുത്തു. കൂടുതല്‍ പേര്‍ക്കും സിറ്റിയില്‍ ജനിച്ച് വളര്‍ന്നതുമൂലമുള്ള അപരിചതത്വവും, അതുകൊണ്ടുള്ള പേടിയുമായിരുന്നു. പേടി വന്നാല്‍ പിന്നെ നേരെയുള്ള സ്ഥലത്ത് പോലും വീഴുമെന്ന് തോന്നും.

ഒരു കുട്ടിയാണേല്‍ വിറയ്ക്കാന്‍ തുടങ്ങി. അതിനോട് ഇരുന്ന് നിരങ്ങി ഇറങ്ങിയാല്‍ മതിയെന്ന് പറഞ്ഞു. അത് ഇരുന്നിറങ്ങുമ്പോള്‍, ഞാന്‍ അടുത്ത് നില്‍ക്കാന്‍ സമ്മതിച്ചില്ല. ഞാനും ഇരിക്കണമത്രെ, എങ്കിലേ അതിന് പേടി കൂടാതെ ഇറങ്ങാന്‍ പറ്റൂ.

അങ്ങനെ സൂര്യനസ്തമിക്കുമ്പോഴേയ്ക്കും താഴെയെത്തി. നേരെ പോയി ഒരു കാട്ടരുവിയിലേയ്ക്ക്. പത്തുമിനിറ്റ് അതില്‍ കിടന്നു – ഒരു ഞായറാഴ്ച നല്ലവണ്ണം ചെലവഴിച്ച സംതൃപ്തിയോടെ.

കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ.

Thursday, September 4, 2008

നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടൂ?

പാര്‍ട്ട്‌ടൈം ജോലിയും പാര്‍ട്ട്‌ടൈം പഠനവുമായി കഴിയുകയായിരുന്നു അവള്‍, ചെന്നൈയില്‍. നാട്ടിലും പഠിക്കാവുന്നതേയുള്ളൂ. പക്ഷേ, നാട്ടുകാരുടെ സ്ഥിരം ചോദ്യങ്ങള്‍: - മോളേ ജോലിയൊന്നുമായില്ലേ? അമ്മയോടും അച്ഛനോടും – മോള്‍ക്ക് കല്യാണമൊന്നുമായില്ലേ?. ഇതൊക്കെക്കൊണ്ട്, കിട്ടിയ അവസരം പാഴാക്കാതെ അവള്‍ ചെന്നൈ മെയിലില്‍ കയറി ചെന്നൈയില്‍ എത്തി. സഹോദരനോടൊപ്പം ഒരു വാടകവീട്ടില്‍ താമസം. പാചകം, പഠനം, ജോലി, എല്ലാമായി അങ്ങനെ പോണു. മാസത്തിലൊരിക്കലെങ്കിലും തിരുവനന്തപുരം മെയിലില്‍ കയറി വീട്ടില്‍ പോവും – ഹോം സിക്ക്നസ്സാണേ പെണ്ണിന്.
ഇനി വീട്ടിലാരെങ്കിലും കല്യാണക്കാര്യം പറഞ്ഞാലോ, “എനിക്കെന്റേതായ ഡിമാന്റ്സ് ഉണ്ട്. അതംഗീകരിക്കുന്ന ഒരാളേ ഞാന്‍ കെട്ടൂ,‘’ എന്ന്. എന്താണാവോ ഈ ഡിമാന്റ്സ്? 1) വിദ്യാഭ്യാസവും സാമാന്യം നല്ല ജോലിയുണ്ടാവണം ചെറുക്കന്. 2) സ്ത്രീധനമായി ഒരു ചില്ലിപ്പൈസ ചോദിക്കാന്‍ പാടില്ല, നേരിട്ടും അല്ലാതെയും. നേരിട്ടല്ലാതെ ചോദിക്കുന്നതെങ്ങനെയെന്നുവച്ചാല്‍ ഇങ്ങനെ: “നിങ്ങള്‍ നിങ്ങളുടെ മകള്‍ക്ക് എന്താന്ന് വച്ചാ ഉചിതമായി കൊടുക്കൂ,” “രണ്ടുമക്കളല്ലേ, ഉള്ളതിന്റെ പകുതി മകള്‍ക്കല്ലേ,“ “കാശൊന്നും വേണ്ട, കല്യാണത്തിനൊരുങ്ങിയിറങ്ങുമ്പോള്‍ നാലാള്‍ കണ്ടാല്‍ മോശം തോന്നാത്തവിധം സ്വര്‍ണ്ണം ഇടണം.” ഇതൊന്നുമേ പാടില്ല. 3) പെണ്ണിന്റെ ജോലി, ശമ്പളം ഇതിലൊന്നും കണ്ണുണ്ടാവാന്‍ പാടില്ല. സ്വന്തം ശമ്പളം കൊണ്ട് കുടും‌ബം നോക്കാന്‍ പ്ലാനുണ്ടെങ്കില്‍ കല്യാണമാലോചിച്ചാല്‍ മതി. പെണ്ണിന്റെ ശമ്പളം ബോണസായേ കരുതാന്‍ പാടുള്ളൂന്ന് സാരം. 4) വിവാഹം എറ്റവും ലളിതമായിരിക്കണം. 5) സിഗരട്ട്, ബീഡി വലിക്കാന്‍ പാടില്ല. 6) ജാതി, മതം പ്രശ്നമല്ല, എന്നാല്‍ മലയാളിയായിരിക്കണം.
ഇത് തീരെ കുറഞ്ഞ് പോയല്ലോന്ന് ചോദിക്ക്. കേട്ടിട്ട് കല്യാണം കഴിക്കാതിരിക്കാനുള്ള ഡിമാന്റ്സ് പോലുണ്ട്. ഇതൊക്കെ ഒത്തുവരുന്ന ഒരാള്‍ ഈ ഭൂമിമലയാളത്തിലുണ്ടാവുമോന്ന് വിചാരിച്ച് അമ്മ തലയ്ക്ക് കൈവച്ചു. പിന്നെ എല്ലാം ഈശ്വരനെ ഏല്പിച്ച് നാമം ജപിച്ചു. പുര നിറഞ്ഞു നില്‍ക്കുവാണ് നീ എന്നു പറഞ്ഞാല്‍, എന്നാപ്പിന്നെ പുരയങ്ങ് വലുതാക്കിക്കൊള്ളാന്‍ പറയുന്ന മകളോട് എന്തുപറയാന്‍!
അങ്ങനെയങ്ങനെ അവളുടെ പഠിത്തം കഴിയാറായി. ജ്യേഷ്ഠന് സ്ഥലം‌മാറ്റവുമായി. ഇനിയും ചെന്നൈയില്‍ നില്‍ക്കണമെങ്കില്‍ ഒരു ഫുള്‍‌ടൈം ജോലി കിട്ടണം. അല്ലേല്‍ ഇനീം പഠിക്കണം. അവള്‍ക്ക് പഠനം മടുത്തുതുടങ്ങിയിരുന്നു, 17-18 കൊല്ലമായില്ലേ തുടങ്ങീട്ട്. അതുകൊണ്ടവള്‍ നൌക്കരി.കോമില്‍ പോയി റെസ്യുമെ കൊടുത്തു. പിന്നെ, അവിടെത്തന്നെ ജോലി സേര്‍ച്ച് ചെയ്യാനും തുടങ്ങി. അപ്പോഴതാ, ആ സൈറ്റിന്റെ മുകള്‍ഭാഗത്ത് തന്നെ ജീവന്‍സാഥി.കോമിന്റെ പരസ്യം വരുന്നു. ഓ ഇതുരണ്ടും സഹോദരീസൈറ്റുകളാണലോന്നൊക്കെ ആലോചിച്ച് വെറുതെ ആ പരസ്യത്തില്‍ ഒന്നു ക്ലിക്കി. ദാ പോയി, ജീവന്‍സാഥി.കോമിലേയ്ക്ക്. കുറച്ച് നേരം അവിടെയൊക്കെ ഒന്ന് കറങ്ങീട്ട്, സ്വന്തം പ്രൊഫൈല്‍ രജിസ്റ്റര്‍ ചെയ്തു. കാശൊന്നും മുടക്കണ്ടാന്നതായിരുന്നു പ്രധാനകാരണം. മുകളില്‍ പറഞ്ഞ നിബന്ധനകളെല്ലാം കൃത്യമായി റ്റൈപ് ചെയ്തു. അതുകൊണ്ട് തന്നെ ആരും ഈ പ്രൊഫൈല്‍ രണ്ടാമതൊന്നുകൂടി നോക്കില്ലാന്ന് ഉറപ്പിച്ചു. വെറുതെ ഒരു രസം, അല്ല പിന്നെ, ഫ്രീയല്ലേ സംഗതി. അങ്ങനെ അന്നത്തെ ബ്രൌസിങ്ങ് മതിയാക്കി.
പിറ്റേന്ന് പതിവുപോലെ മെയില്‍ ചെക്ക് ചെയ്ത അവള്‍ ഞെട്ടി. അതാ കിടക്കുന്നു ജീവന്‍സാഥിയില്‍ നിന്നൊരു റെസ്പോണ്‍സ്! പടപടാന്നിടിക്കുന്ന ഹൃദയത്തോടെ അവള്‍ ആ മെയില്‍ തുറന്നു. ഈശ്വരാ! ഇതാണോ അവള്‍ തേടി നടന്ന വള്ളി? എല്ലാ ഡിമാന്റ്സും അംഗീകരിച്ചൂന്ന് മാത്രമല്ല, ഈ ഡിമാന്റ്സ് കണ്ടിട്ടാണത്രേ അവന്‍ റെസ്പോണ്ട് ചെയ്തത്. അവള്‍ക്ക് അമ്പലത്തില്‍ തുളസിമാലയിട്ട് കല്യാണം മതിയെന്നാ‍ല്‍, അവന് രജിസ്റ്റര്‍ ഓഫീസിലായാലും മതി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാ‍ത്രം മതി കല്യാണത്തിനെന്ന് അവള്‍‌ക്കെന്നാല്‍, അവന് സാക്ഷികള്‍ മാത്രമായാലും മതി. നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും അവനെന്തെങ്കിലും കുഴപ്പം കാണുമെന്ന്. ഫോട്ടോയുമുണ്ടായിരുന്നു കൂടെ. ചുള്ളനാണ് ട്ടോ ആള്. (‘ചുള്ളിക്കമ്പുപോലെയിരിക്കുന്നവന്‍ ആരോ അവന്‍ ചുള്ളന്‍‘ എന്ന കോളേജ് കാലത്തെ അര്‍ത്ഥവും ചേരും. കാരണം, ആറടി പൊക്കത്തില്‍ മെലിഞ്ഞിട്ടാണ് അവന്‍). വിദ്യാഭ്യാസം, ജോലി, എല്ലാം അവളാഗ്രഹിച്ച പോലെ. ഒരു കാര്യത്തില്‍ മാത്രം യോജിപ്പില്ല, ഭക്ഷണം. അവന്‍ ശുദ്ധസസ്യഭോജി. ഇഷ്ടഭക്ഷണം ഇഡ്ഡലി. അവള്‍ മീന്‍‌കൊതിച്ചി. നിവൃത്തിയില്ലെങ്കില്‍ മാത്രം ഇഡ്ഡലി തിന്നും. ശരി, നോക്കാം, ആര് ആരെ മാറ്റിയെടുക്കുമെന്ന്! പിന്നൊന്നും ആലോചിച്ചില്ല, അയച്ചൂ മറുപടി ഉടനെ.
പിന്നെ ഒരാഴ്ചത്തേയ്ക്ക് മെയിലുകളുടെ പ്രവാഹമായിരുന്നു. സ്കാന്‍ ചെയ്ത ഫോട്ടോ ഇല്ലാത്തതുകാരണം അവള്‍ ഫോട്ടോ പോസ്റ്റിലയച്ചു. വീടിനടുത്തെങ്ങുമല്ല, ദൂരെ ഒരു പോസ്റ്റ്‌ബോക്സില്‍. താമസം ചെന്നൈയില്‍ എവിടെയാണെന്ന് ഇനീം പറഞ്ഞിട്ടില്ല. അത്ര ധൈര്യം ആയിട്ടില്ല. ഫോട്ടോ കണ്ടിഷ്ടമായതോടെ അയാള്‍ക്ക് നേരിട്ട് കാണണമെന്ന്. ഓഫീസ് നമ്പരില്‍ വിളിക്കാനും പറഞ്ഞു. വിളിച്ചപ്പോ അയാളില്ല. ഒരു പ്രമുഖ കമ്പനിയില്‍ ആ പേരില്‍ ഒരാളുണ്ട്. അത്രയും ആശ്വാസം. അവള്‍ വീട്ടുടമസ്ഥയുടെ നമ്പര്‍ മെയിലില്‍ അയച്ചുകൊടുത്തു, തിരിച്ചുവിളിക്കാന്‍.
അവന്‍ തിരിച്ചു വിളിച്ചു. ശബ്ദവും സംസാരവും അവള്‍ക്കിഷ്ടപ്പെട്ടു. തമ്മില്‍ കാണാന്‍ തീരുമാനിച്ചു, സ്ഥലം, തീയതി, മുഹൂര്‍ത്തം(!) എല്ല്ലം നിശ്ചയിച്ചു. അവള്‍ സഹോദരനോട് വിവരം പറഞ്ഞു. അവന്‍ ആദ്യം അയച്ച മെയിലിന്റെ പ്രിന്റൌട്ട് വായിക്കാനും കൊടുത്തു. റൊമാന്റിക് ആയ ബാക്കി മെയിലുകളൊന്നും കാണിച്ചില്ല. വീട്ടില്‍ വിവരം പറയാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു.
അങ്ങനെ അവര്‍ കണ്ടു, മിണ്ടി, ചായ കുടിച്ചു. ആലോചിക്കാന്‍ ഒരാഴ്ചത്തെ സമയം കൊടുത്തു. പക്ഷെ ഫോണ്‍‌വിളികളും മെയിലുകളും അനസ്യൂതം നടന്നു. ഒരാഴ്ച കഴിഞ്ഞ് പിന്നേം കണ്ടു, മിണ്ടി, ചായയും മൈസൂര്‍ ബോണ്ടയും കഴിച്ചു. വെയിറ്റര്‍ ബില്ല് കൊണ്ടു വച്ചപ്പോള്‍ അതിലൊരു ചുവന്ന റോസാപ്പൂവ്, ഒരു പ്രതീകം പോലെ! രണ്ടുപേരും തീരുമാനിച്ചു, ഇനിയുള്ള ജീവിതം ഒന്നിച്ചെന്ന് ... പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. ഇരുപത്തഞ്ചോളം പേര്‍ പങ്കെടുത്ത ലളിതമായ വിവാഹം. പക്ഷേ, നാട്ടില്‍ 5 മിനിട്ട് കൊണ്ട് കഴിയുന്ന ചടങ്ങ്, ചെന്നൈയില്‍ ആര്യസമാജത്തില്‍ വച്ചായതിനാല്‍ 1 മണിക്കുര്‍ നീണ്ടുപോയി. അവിടുത്തെ ആചാരം പ്രകാരം, ചില്ലിപ്പൈസയല്ല, അച്ഛന്‍ ഒരു രൂപ സ്ത്രീധനം കൊടുക്കേണ്ടിയും വന്നു. പിന്നെ അവര്‍ എക്കാലവും സുഖമായി ജീവിച്ചു.
ഇപ്പോഴും ഇടയ്ക്കൊക്കെ അവള്‍ ആലോചിക്കാറുണ്ട്, “നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടൂ“എന്ന്. അച്ഛനമ്മമാരോടോ, ദൈവത്തോടോ, ജീവന്‍സാഥി.കോമിനോടോ?
ഇന്ന് ഞങ്ങളുടെ എട്ടാം വിവാഹവാര്‍ഷികം. അച്ഛനമ്മമാരോടും, ദൈവത്തോടും, ജീവന്‍സാഥി.കോമിനോടും, പിന്നെ ഇതുവരെ കണ്ടുമുട്ടിയ എല്ലാവരോടും, ഇനി കണ്ടുമുട്ടാന്‍ പോകുന്ന എല്ലാവരോടും നന്ദി പറയുന്നു. :-)

Monday, August 4, 2008

നീ വന്ന് വിളിച്ചാല്‍

നീ വന്ന് വിളിച്ചാല്‍ എങ്ങിനെ ഞാന്‍ വരാതിരിക്കും?
എന്റെ ശരീരത്തിന്റെ ഓരോ പരമാണുവിലും
നീ പടര്‍ന്നുകയറുമ്പോള്‍ എങ്ങിനെ ഞാന്‍ നിന്നിലലിയാതിരിക്കും?
എന്റെ കണ്‍‌പോളകളിലുമ്മവച്ച് നീയെന്‍ കാഴ്ച മറയ്ക്കുമ്പോള്‍
എങ്ങിനെ ഞാനവ തുറന്ന് പിടിക്കും?
നിന്നെ തോല്പിക്കാ‍നായി എത്ര അടവുകള്‍
പയറ്റി ഞാന്‍ തോറ്റു പിന്മാറാന്‍ മാത്രം!
ഉപദേശങ്ങളെത്ര കേട്ടു എന്റെ കാതുകള്‍, മടുത്തുപോയി
എത്ര ഡോക്റ്റര്‍മാര്‍ക്ക് ഫീസ് കൊടുത്തു, മുടിഞ്ഞു
എന്നെ കീഴ്‌പെടുത്തിയതില്‍ നിനക്ക് സംതൃപ്തി, പക്ഷെ ഞാനോ?
സൂര്യോദയം കണ്ട നാ‍ള്‍ മറന്നു, പകരം അസ്തമയത്തിന് കൂട്ടായി
എന്റെ പുലരികളിലിപ്പോള്‍ നിദ്രേ നീ മാത്രമാണല്ലോ കൂട്ട്
നീ ഓര്‍ത്ത് വച്ചോ എനിക്കുമൊരുനാള്‍ വരും
എന്റെ നഷ്ടങ്ങള്‍‌ക്കെല്ലാം പകരം വീട്ടുന്ന നാള്‍
അതുവരെ നിനക്കടിമയായി ഇങ്ങനെ ഉറക്കംതൂങ്ങിയും ഉറങ്ങിയും
പിന്നെയും ഉറക്കംതൂങ്ങിയും ഉറങ്ങിയും ...

Wednesday, July 23, 2008

എന്ന് തീരും ഈ ദുരിതം?

Bhopal gas tragedy. 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഈ മഹാദുരന്തത്തെക്കുറിച്ച് ഞാന്‍ മറന്നുപോയിരുന്നു. പത്രങ്ങളില്‍ Dow Jones-ന്റെ വരവിനേക്കുറിച്ച് വായിച്ചപ്പോഴും അതെന്റെ മനസ്സിനെ സ്പര്‍ശിച്ചിരുന്നില്ല. എന്നാല്‍ ആനി സെയ്ദിയുടെ ഈ പോസ്റ്റ് വായിച്ചപ്പോ മനസ്സാകെ കലങ്ങി മറിഞ്ഞു. തലമുറകളെ തന്നെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ദുരന്തം, എങ്ങനെ മറക്കാന്‍ കഴിഞ്ഞു എനിക്ക്?

കുടിക്കുന്നത് വിഷജലം. പിറക്കുന്നത് വൈകല്യമുള്ള കുഞ്ഞുങ്ങള്‍. മുലപ്പാലില്‍ പോലും വിഷം. ശരീരത്തിന്റെ ഓരോ അവയവത്തെയും കാര്‍ന്ന് തിന്നുന്ന രോഗങ്ങള്‍. ഇതിനെല്ലാം നേരെ കണ്ണടയ്ക്കുന്ന സര്‍ക്കാരും.

ഈ ദുരിതങ്ങള്‍ക്ക് എന്നാണൊരു അവസാനം?


മുഴുവന്‍ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.

Monday, July 21, 2008

പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞ് കുറഞ്ഞ് …

സോഹന്‍‌വീറിന് നാലു സഹോദരന്മാരാണുണ്ടായിരുന്നത്. മൂന്നുപേരുടെ കല്യാണം കഴിഞ്ഞു കുട്ടികളായി. ഇവര്‍ക്ക് കല്യാണം കഴിക്കാത്ത സഹോദരങ്ങളുടെ സ്വത്തില്‍ കണ്ണുണ്ടെന്ന് മനസ്സിലാക്കിയ അച്ഛന്‍, സോഹന്‍‌വീറിന് കല്യാണമാലോചിക്കാന്‍ തുടങ്ങി. ഇതറിഞ്ഞ സഹോദരന്മാര്‍ സോഹന്‍‌വീറിനെ മദ്യത്തില്‍ വിഷം ചേര്‍ത്ത് കൊടുത്ത് കൊന്നു. അവര്‍ ഒളിവിലാണ്. യു.പിയിലെ മുസ്സാഫര്‍പൂര്‍ ഡിസ്ട്രിക്റ്റിലാണ് സംഭവം. കല്യാണം കഴിക്കാത്തവര്‍ സഹോദരങ്ങളുടെ കുട്ടികള്‍ക്ക് സ്വത്ത് കൊടുക്കാന്‍ താത്പര്യം കാണിക്കാതിരുന്നാല്‍ ഇതാണ് ഭവിഷ്യത്ത്. സഹോദരന്മാരുടെ കുട്ടികളെ കാര്യമായി നോക്കിയാലോ, ഇവര്‍ക്ക് വീട്ടില്‍ വളരെ വല്യ സ്ഥാനമായിരിക്കും.

ഇതുപോലത്തെ മരണങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെ പോലീസ് കല്യാണപ്രായം കഴിഞ്ഞിട്ടും കല്യാണം കഴിയാതെ നില്‍ക്കുന്ന ആണുങ്ങളുടെ ഒരു ലിസ്റ്റ് തയ്യറാക്കിയിട്ടുണ്ട്. ഇവരിലാരെങ്കിലും പെട്ടെന്ന് മരിച്ചാല്‍ പോലീസ് അസ്വഭാവികമരണമായി കരുതി അന്വേഷിക്കും.


പക്ഷെ, ഇവര്‍ എന്തുകൊണ്ട് കല്യാണം കഴിക്കുന്നില്ല? സ്ത്രീപുരുഷാനുപാതം കുറഞ്ഞ് കുറഞ്ഞ് നാട്ടില്‍ പെണ്ണ് കിട്ടാതായി. എന്നാല്‍ എണ്ണം കുറഞ്ഞത് കാരണം പെണ്ണുങ്ങളുടെ സ്ഥിതി മെച്ചമായോ? അതുമില്ല. ജീവിതനൈരാശ്യം ബാധിച്ച, അസ്വസ്ഥരായ ഈ യുവാക്കള്‍ കാരണം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടുന്നു. സ്ത്രീകള്‍ക്കെതിരെ മാത്രമല്ല, പൊതുവെ കുറ്റകൃത്യങ്ങള്‍ കൂടുതലാണിവിടെ.


ഹിന്ദുസ്ഥാന്‍ ചീഫ് എഡിറ്റര്‍ മൃണാള്‍ പാണ്ഡെ The Mint-ല്‍ എഴുതിയ ഒരു ലേഖനത്തില്‍ നിന്നുള്ള ചില ഭാഗങ്ങളാണ് മുകളിലെഴുതിയിരിക്കുന്നത്. മുഴുവന്‍ ലേഖനവും ഇവിടെ വായിക്കാം.


ഞാന്‍ മുന്‍പ് വിചാരിച്ചിരുന്നു, പെണ്‍ഭ്രൂണഹത്യ ചെയ്ത് ചെയ്ത് പെണ്ണുങ്ങളുടെ എണ്ണം കുറഞ്ഞാല്‍ demand-supply mismatch തത്വപ്രകാരം ‘സ്ത്രീജന്മം പുണ്യജന്മം’ ആകുമെന്ന്. എന്നാല്‍, സ്ത്രീക്കെന്നും അധോഗതി.

ആണ്‍കുഞ്ഞിനെ പ്രസവിക്കാത്ത കാരണം വീട്ടില്‍ നിന്നും പുറത്താക്കപ്പെടുമോ എന്ന പേടിയിലാണ്‍ എന്റെ വീട്ടില്‍ ജോലിക്ക് വരുന്ന നിര്‍മ്മല. ഭര്‍ത്താവ് വേറെ കല്യാണം കഴിക്കുമോ എന്ന പേടിയുമുണ്ടവള്‍ക്ക്. അവളുടെ കഥ ഇവിടെ.

കേരളത്തില്‍ പെണ്ണുങ്ങള്‍ കുറവുള്ള സ്ഥിതിയിലേയ്ക്കെത്തീട്ടില്ലാന്ന് സമാധാനിക്കാം. സ്വത്ത് കിട്ടാന്‍ വേണ്ടി സഹോദരന്റെ കല്യാണം മുടക്കുന്നത് നാട്ടില്‍ നടക്കുന്നുണ്ടാവും. കായ്ക്കാത്ത കൊമ്പുകള്‍ വെട്ടിമാറ്റപ്പെടുന്നുമുണ്ടാവുമോ?

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP