മഴയത്ത് പറന്ന പെങ്ങള്‍
മഴ തകര്‍ത്ത് പെയ്യുന്നു. കടലാകെ ഇളകിമറിയുന്നത് ജനലില്‍ക്കൂടി കാണാം. തിരകള്‍ക്കെന്തൊരുയരം! ഓരോ തിര അടിക്കുമ്പോഴും കെട്ടിടം കുലുങ്ങുന്നു. എന്നാലും പേടിക്കാനില്ല. നാലരക്കോടി കൊടുത്ത് വാങ്ങിയ ഫ്ലാറ്റാ, നല്ല ഉറപ്പുണ്ടാവണം. ഇങ്ങനെ നനയാതെ സുരക്ഷിതമായി നിന്ന് മഴ കാണാന്‍ എന്ത് രസമാണ്. മഴ നനയാന്‍ പണ്ടേ മടിയാണ്.
ഇരുപത്തഞ്ച് കൊല്ലം മുന്‍പ്. ഒരു പത്തുവയസ്സുകാരന്‍ സ്കൂളില്‍ പോകുന്നു. മുന്നേ അച്ഛനും അനിയത്തിയും. പാടവരമ്പത്തൂടെ കുറെ നടക്കണം റോഡിലെത്താന്‍. അവിടുന്ന് പത്ത് മിനിറ്റ് മതി സ്കൂളിലേയ്ക്ക്. മഴയുടെ കൂടെ നല്ല കാറ്റുണ്ട്. കുടയുണ്ടായിട്ടും ഉടുപ്പൊക്കെ നനഞ്ഞു. കുട മടങ്ങാതിരുന്നാല്‍ മതിയായിരുന്നു.
ദാ, അനിയത്തിയുടെ കുട പറക്കുന്നു. കൂടെ അവളും. “അച്ഛാ, മീര അതാ പറക്കുന്നു.” അച്ഛന്‍ തിരിഞ്ഞുനോക്കിയപ്പോഴേയ്ക്കും അവള്‍ വീണു, പാടത്തേയ്ക്ക്. സ്വതവേ ദേഷ്യക്കാരനായ അച്ഛന്‍ ഓടിവന്ന് ഒറ്റയടി. “വീഴുമ്പോഴാണോടാ പറക്കുന്നൂന്ന് പറയുന്നത്?” അവനും വീണു, പാടത്തേയ്ക്ക്.
അവന് സങ്കടം സഹിക്കാനായില്ല. കരച്ചില്‍ ഒതുക്കാന്‍ ശ്രമിച്ചിട്ടും തികട്ടി വരുന്നു. എന്നിട്ടും അവന്‍ ആലോചിച്ചു എന്തിനാ കരയുന്നത്? തല്ലുകൊണ്ടതുകൊണ്ടോ? വീണതുകൊണ്ടോ? ഒന്നുമല്ല. മെലിഞ്ഞിരിക്കുന്ന അനിയത്തിയെ, “ഒരു നല്ല കാറ്റ് വന്നാല്‍ നീ പറന്നുപോവും,“ എന്ന് കളിയാക്കിയ നാവിനെ ഓര്‍ത്ത്!











