ഉണ്ടച്ചമ്മന്തി
നാലാം ക്ലാസിലാണവള്‍ ആ സ്കൂളില്‍ ചേര്‍ന്നത്. കറുത്ത് മെലിഞ്ഞ്, മൂക്കുത്തിയിട്ട റാണി. ക്ലാസില്‍ വേറാര്‍ക്കും മൂക്കുത്തിയില്ലായിരുന്നു. അതുകൊണ്ട് എല്ലാരും അവളെ തമിഴത്തിയായിക്കരുതി. അവളുടെ മലയാളത്തിന് ഒരു മലയാളത്തമില്ലാഞ്ഞതും ഒരു കാരണമായി. രണ്ട് കൂട്ടുകാരെ കിട്ടി അവള്‍ക്ക്. ഒരേ ബെഞ്ചിലിരിപ്പ്. ഒന്നിച്ചിരുന്ന് ചോറുണ്ണല്‍. ഒരേ സ്കൂള്‍ബസില്‍. എന്നാല്‍, ഒന്നിച്ചിരിക്കാന്‍ പറ്റില്ല. ഇറങ്ങുന്ന സ്ഥലത്തിനനുസരിച്ചാണല്ലോ ഇരിക്കേണ്ടത്.
കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ആ രണ്ട് കൂട്ടുകാര്‍ ശ്രദ്ധിച്ചു – റാണി എന്നും ചോറിന്റെ കൂടെ ഉണ്ടച്ചമ്മന്തിയാണ് കൊണ്ടുവരുന്നത്. ഉണ്ടച്ചമ്മന്തീന്ന് പറഞ്ഞാല്‍, തേങ്ങ, ചുവന്നമുളക്, ഉള്ളി, പുളി – എല്ലാല്‍ കൂടെ അരച്ച് ഉരുട്ടിയെടുത്ത ചമ്മന്തി. വേറൊരു കറീമില്ല. അവര്‍ അവളോട് ചോദിച്ചു, “നീ എന്നും എന്താ ഉണ്ടച്ചമ്മന്തി മാത്രം കൊണ്ടുവരുന്നത്?“
“അമ്മയ്ക്ക് രാവിലെ വേറൊന്നും ഉണ്ടാക്കാന്‍ സമയമില്ല”, അവള്‍ പറഞ്ഞു. അതോടെ പുതിയ പേരും വീണു – ‘ഉണ്ടച്ചമ്മന്തി’.
മോളെ പഠിപ്പിച്ച് നല്ലനിലയിലാക്കാന്‍ ഇല്ലായ്മകള്‍ക്കിടയിലും അവളെ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ അയക്കുന്ന അച്ഛനുമമ്മയും. യൂണിഫോം, സ്കൂള്‍ഫീസ്, പുസ്തകങ്ങള്‍, പിന്നെ സ്കൂള്‍ ബസിന്റെ ഫീസും. ഇതൊന്നും വെട്ടിച്ചുരുക്കാന്‍ നിവൃത്തിയില്ല. ഒഴിവാക്കാന്‍ പറ്റുന്നത് കറികളാണ്. കൂട്ടുകാരുടെ പാത്രങ്ങളിലെ പയറുതോരനും, മീന്‍ വറുത്തതും കണ്ട് വെള്ളമിറക്കി, ഉണ്ടച്ചമ്മന്തി കൂട്ടിക്കുഴച്ച് ചോറുണ്ണുമ്പോള്‍ അവള്‍ ഒന്നോര്‍ത്ത് സമാധാനിക്കും. അഞ്ചാം ക്ലാസ് തൊട്ട് സ്കൂള്‍ഫീസ് കുറവാണ്. പിന്നെ, അടുത്ത വര്‍ഷം മുതല്‍ സ്കൂള്‍ ബസില്‍ പോവാതെ ലൈന്‍ബസില്‍ വരാന്‍ മുതിരും അവള്‍. അപ്പോള്‍ അമ്മ എന്തെങ്കിലും കറി തന്നുവിടുമായിരിക്കും.