
കോണ്‍ക്രീറ്റ് കാടായ മുബൈയുടെ അതിര്‍ത്തിക്കുള്ളില്‍ തന്നെ ഇങ്ങനെ ഒരു ഒറിജിനല്‍ കാടുണ്ടെന്നുള്ളത് ഒരു വല്യ ആശ്വാസമാണ്. സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്ക് (മുന്‍പത്തെ ബോറിവലി നാഷണല്‍ പാര്‍ക്ക്) ‘നഗരത്തിന്റെ ശ്വാസകോശങ്ങള്‍‘ എന്നാണ് അറിയപ്പെടുന്നത്. മുനിസിപ്പല്‍ അതിര്‍ത്തിക്കുള്ളില്‍ നാഷണല്‍ പാര്‍ക്കുള്ള ലോകത്തിലെ ഏക മെട്രോ മുംബൈയാണ്. 110 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ വനത്തില്‍ ആയിരത്തിലേറെ തരം ചെടികളും, നാല്പതിലേറെ തരം മൃഗങ്ങളും, ദേശാടനക്കിളികളുള്‍പ്പടെ 260 തരം പക്ഷികളും, നാല്പതോളം ഉരഗങ്ങളും, മറ്റ് ജീവജാലങ്ങളും ഉണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. പാര്‍ക്കിനോടടുത്ത് താമസിക്കുന്നവര്‍ക്ക് ഇടയ്ക്ക് പുലിശല്യം ഉണ്ടാവാറുണ്ട്.
നേച്ചര്‍ ക്നൈറ്റ്സ് ഈ വര്‍ഷത്തെ മണ്‍സൂണ്‍ ട്രെക്കിന് തുടക്കം കുറിച്ചത് ഇവിടുന്നാണ്. പാര്‍ക്കിലെ (മുബൈയിലെയും) ഏറ്റവും ഉയര്‍ന്ന പോയിന്റായിരുന്നു ലക്ഷ്യം. സമുദ്രനിരപ്പില്‍ നിന്ന് 468 മീറ്റര്‍ ഉയരത്തിലാണ് ഈ പോയിന്റ്. ഞങ്ങള്‍ മുപ്പതോളം പേരുണ്ടായിരുന്നു. ഇത്ര വല്യ ഗ്രൂപ്പായതുകൊണ്ട് പ്രത്യേകം അനുവാദം വാങ്ങിയിരുന്നു. മുകളില്‍ ഡിഫന്‍സിന്റെ റഡാര്‍ വച്ചിട്ടുണ്ട്. അതുകാരണം അവിടെച്ചെന്ന് ശബ്ദമൊന്നും ഉണ്ടാക്കാന്‍ പാടില്ല. ശബ്ദമുണ്ടാക്കിയാല് റഡാര്‍ അത് പിടിച്ചെടുത്ത്, പിന്നെ പട്ടാളക്കാര്‍ വന്ന് നമ്മളെ പിടിച്ചോണ്ട് പോവും. (ഹ ഹ ഹ)
ട്രെക്കെന്നൊന്നും ഇതിനെ വിളിക്കാന്‍ പറ്റില്ല. കാരണം, നടത്തം മാത്രമേയുള്ളൂ. അതും ഒരു മണിക്കൂര്‍ കൊണ്ടെത്താം. ഞങ്ങള്‍ കാനനഭംഗി ആസ്വദിച്ചും, ഇഷ്ടം പോലെ ഫോട്ടോ എടുത്തും, മാങ്ങ പെറുക്കിത്തിന്നും രണ്ടുമണിക്കുറെടുത്തു.

കന്ഹേരി ഗുഹകള്ക്കടുത്തൂന്നാണ് നടക്കാന്‍ തുടങ്ങേണ്ടത്. അജന്ത-എല്ലോറ ഗുഹകളുടെ ഒരു ചെറിയ പതിപ്പാണ് കന്ഹേരി ഗുഹകള്‍. അവിടം വരെ വാഹനങ്ങളില്‍ വരാം. ഒരു അരമണിക്കൂര്‍ മുകളിലേയ്ക്ക് കയറിയാല്‍ ഒരു സമതലത്തിലെത്തും. അവിടുന്ന് നോക്കിയാല്‍ മുംബൈയുടെ ഒരു നല്ല ദൃശ്യം കിട്ടും. നാഷണല്‍ പാര്‍ക്കിന്റെ അതിര്‍ത്തി മാന്തി പണിതിരിക്കുന്ന അപാര്‍ട്ട്മെന്റ് കോംപ്ലക്സുകളും കാണാം. മുബൈയുടെ ശ്വാസകോശങ്ങളെ ബാധിച്ച കാന്‍സര്‍!
പിന്നെയും കുറേ മുകളിലേയ്ക്ക് പോയി, അവിടിരുന്ന് രാവിലത്തെ ഭക്ഷണം കഴിച്ചു. വീണ്ടും വെടിപറഞ്ഞും, കാണുന്ന ഫോട്ടോ എടുത്തും നടന്നു. ആ വഴിക്ക് കണ്ടുമുട്ടിയതാണ് കഴിഞ്ഞ പോസ്റ്റിലുള്ള വിരുതനെ.



ഇതെല്ലാം നോക്കി നടന്നാണ് സമയമെടുത്തത്.
അങ്ങനെ നടന്ന് നടന്ന് മുകളിലെത്തുമ്പോള്‍ താഴെ തുളസി, വിഹാര്‍ എന്നീ തടാകങ്ങള്‍ കാണാം. മുംബൈയിലെ രണ്ട് പ്രധാന ശുദ്ധജലസ്രോതസ്സുകളാണ് ഇവ.

മുകളില്‍ കുറേനേരം ഇരുന്നും കിടന്നും വിശ്രമിച്ച ശേഷം തിരിച്ചിറങ്ങി.
സമയം ധാരാളമുള്ളതു കാരണം, ഇടയ്ക്കൊരിടത്ത് നിധി കണ്ടുപിടിക്കല്, ഒരുതരം പന്തുകളി, ‘ബര്‍മ്മ ബ്രിഡ്ജ്’‘, ‘ജുമ്മാറിങ്’‘ എന്നീ അഡ്വെഞ്ചര്‍ ഗയിംസ് – ഇതെല്ലാം ചെയ്തു.


പതിവു പോലെ പലപല വിഭവങ്ങളുള്ള ഉച്ചഭക്ഷണവും അകത്താക്കി തിരിച്ചു പോന്നു. നന്നായി മഴ നനയാന്‍ പറ്റിയില്ല എന്ന സങ്കടം മാത്രം. കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ.
ഞങ്ങള്‍ കഴിഞ്ഞ ജൂണിലും ഇതേ സ്ഥലത്ത് പോയിരുന്നു. അപ്പോള്‍ ഒരു മയില്‍പ്പേട ഞങ്ങളോട് കൂട്ടായി. ഞങ്ങള്‍ കൊടുത്ത കടലയും കൊറിച്ച്, ഞങ്ങള്‍ നടക്കുമ്പോള്‍ നടന്ന്, ഇരിക്കുമ്പോള്‍ ഇരുന്ന്, അത് കന്ഹേരി ഗുഹ വരെയെത്തി. കാട് മടുത്തിട്ട് സിറ്റീലേയ്ക്ക് വരാനായിരുന്നു ഉദ്ദേശ്യം എന്ന് തോന്നുന്നു. എന്നാല്‍, കുരങ്ങന്മാരും പട്ടികളും ചേര്‍ന്ന് അതിനെ തിരിച്ച് കാട്ടിലേയ്ക്ക് തന്നെ ഓടിച്ചു. (ഫോട്ടോയ്ക്ക് കടപ്പാട്: ആഷിഷ് തിവാരി)
ഇതിനും മുന്‍പ് വേറെ രണ്ട് ട്രെക്കുകളും ഈ പാര്‍ക്കില്‍ ചെയ്തിട്ടുണ്ട്. സിലോണ്ട ട്രെയിലും, തുളസി ട്രെയിലും. സിലോണ്ടയില് പോവുമ്പോള്‍ നല്ല മഴയുണ്ടായിരുന്നു. കാട്ടരുവികളില്ക്കൂടിയും തെന്നുന്ന പാറകളില്ക്കൂടിയുമുള്ള നടത്തം നല്ല രസമുണ്ടായിരുന്നു. കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ.
തുളസി ട്രെയിലില്ക്കൂടി പോയാല്‍ തുളസി തടാകത്തിന്റെ അടുത്തുവരെയെത്താം. പോണ വഴിക്ക് ബ്രിട്ടീഷുകാര്‍ തടാകത്തില്‍ നിന്ന് വെള്ളം തിരിച്ചുവിടാനോ മറ്റോ പണിത ഒരു ടണല്‍ ഉണ്ട്. അതിനുള്ളില്‍ക്കൂടി പോണം. എവിടേം തൊടാതെ വരിവരിയായി നടക്കണം. കുറ്റാക്കൂരിരുട്ടാണ്. റ്റോര്‍ച്ചില്ലാതെ പോവാന്‍ പറ്റില്ല. ഇടയ്ക് ഞങ്ങള്‍ റ്റോര്ച്ചണച്ച് നോക്കി. പേടിയാവും. കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ.
ഇതുകൂടാതെ, ‘റോക്ക് ക്ലൈംബിങ്’, ‘റാപ്പെലിങ്‘ പരിശീലനത്തിന് വേണ്ടിയും പല പ്രാവശ്യം നാഷണല്‍ പാര്‍ക്കില്‍ പോയിട്ടുണ്ട്. എത്ര പ്രാവശ്യം പോയാലും പുതുമ നശിക്കാത്ത സ്ഥലം.
അടുത്ത ശനിയാഴ്ച പോവാണ് അവ്ചിത്ഘടിലേയ്ക്ക് – മുംബൈ-ഗോവ റൂട്ടില്‍ റോഹയ്ക്കടുത്തെവിടെയോ …