Sunday, April 25, 2010

മാറാം, നമുക്കും

ഇവരും അദ്ധ്യാപകര്‍ എന്ന എന്റെ പോസ്റ്റിന് വന്ന കമന്റുകള്‍ക്കുള്ള മറുപടിയായിട്ടാണ് ഈ പോസ്റ്റ്.

ആദ്യമേ തന്നെ പറയട്ടെ, ആ പോസ്റ്റിന്റെ തലക്കെട്ട് എല്ലാ അദ്ധ്യാപകര്‍‌ക്കെതിരെയും വിരല്‍ ചൂണ്ടാനായി ഉദ്ദേശ്ശിച്ചിട്ടതല്ല. കുറേയധികം ആളുകളെ ഒന്നിച്ച്, അതും വളരെ ചെറുപ്പത്തിലെ തന്നെ, സ്വാധീനിക്കാന്‍ കഴിയുന്നവരാണ് അദ്ധ്യാപകര്‍. അങ്ങനെയുള്ളവര്‍ ഇതുപോലെ പെരുമാറുകയാണെങ്കില്‍ ഒരു തലമുറ തന്നെയല്ലേ തെറ്റ് പഠിച്ച് വളരുന്നത്?


അതേ ട്രെയിനിലിരുന്നാണ് ഞാന്‍ രാവിലെ ഭക്ഷണം കഴിച്ചത്. വാഷ്‌ബേസിനടിയിലുള്ള വേസ്റ്റ്ബാസ്ക്കറ്റില്‍ അതിന്റെ അവശിഷ്ടം ഇടുകയും ചെയ്തു. ഡെല്‍ഹിയില്‍‌നിന്ന് വരുന്ന ടെയിനല്ലേ, ആ വേസ്റ്റ്‌ബാസ്ക്കറ്റ് നിറഞ്ഞിരിക്കുകയാ‍യിരുന്നെങ്കില്‍ എന്റെ ബാഗിലെപ്പോഴുമുണ്ടാവുന്ന ഒരു പ്ലാസിക്ക്കവറില്‍ പൊതിഞ്ഞ് അത് ഞാന്‍ വീട്ടിലേയ്ക്കോ അടുത്ത വേസ്റ്റ്‌ബിന്‍ ഉള്ളയിടം വരെയോ കൊണ്ടുവന്നേനേ. എന്നാല്‍, റെയില്‍‌വേ ജോലിക്കാര്‍ ഇടയ്ക്കൊക്കെ വൃത്തിയാക്കിയതുകൊണ്ടോ അതോ അധികമാരും ഉപയോഗിക്കാതിരുന്നതുകൊണ്ടോ ആ കുപ്പത്തൊട്ടിയില്‍ വളരെ കുറച്ചേ കുപ്പയുണ്ടായിരുന്നുള്ളൂ.


വേണ്ടയിടത്തൊക്കെ കുപ്പത്തൊട്ടി വയ്ക്കാത്തതുകൊണ്ടാണ് അത് വഴിയിലേയ്ക്ക് വലിച്ചെറിയുന്നത് എന്ന് പറയുന്നതിലര്‍‌ത്ഥമില്ല. വേണമെന്ന് വെച്ചാല്‍ വേണ്ട പോലെ ചെയ്യാവുന്ന കാര്യമേയുള്ളു. പട്ടണങ്ങളിലും ഗ്രാമങ്ങളിലും മാത്രമല്ല, കാടുകളിലും യാത്ര പോവുന്നയാളാണ് ഞാന്‍. അതും കുറേ ആളുകള്‍ ഒന്നിച്ച്. ഒരിക്കലും ഒരു മിഠായിക്കടലാസുപോലും കാട്ടില്‍ വലിച്ചറിഞ്ഞിട്ടില്ല. കൂടെയുള്ള ആരെയും അങ്ങനെ ചെയ്യാന്‍ സമ്മതിക്കാറുമില്ല. ഇതുവരെ ഏറ്റവും കൂടുതല്‍ നാള്‍ കാട്ടില്‍ കഴിഞ്ഞിട്ടുള്ളത് മൂന്നുദിവസമാണ്. ഞങ്ങള്‍ പതിമൂന്ന് പേരും മൂന്ന് ദിവസത്തെ വേസ്റ്റ് എല്ലാം പൊതിഞ്ഞെടുത്ത് അടുത്ത പട്ടണത്തിലെ വേസ്റ്റ്ബിന്നിലാണ് ഇട്ടത്. ജൈവാവശിഷ്ടങ്ങള്‍ മാത്രം കാട്ടിലുപേക്ഷിച്ചു
—അതും മിതമായ തോതില്‍. കാട്ടില്‍ വരുന്നവരെല്ലാം ഇങ്ങനെ പെരുമാറാറില്ല എന്ന് നമുക്കറിയാം. അടുത്തുള്ള ഒരു പക്ഷിസങ്കേതത്തില്‍ പോയിട്ട് അവിടെ കണ്ട കുപ്പയൊക്കെ പെറുക്കിക്കൂട്ടിയിട്ടുണ്ട് ഞാനും ഉണ്ണിയും. അതുകൊണ്ട് അത്രയും കുപ്പ (0.1%) ആ കാട്ടിനുള്ളില്‍ കുറഞ്ഞു എന്നല്ലാതെ വല്യ മാറ്റമൊന്നും അതുകൊണ്ട് വരില്ല. എങ്കിലും നമ്മളെക്കൊണ്ട് ആവുന്നത് ചെയ്തു എന്ന് സമാധാനം. (കൂടാതെ, പ്രകൃതി ഒരു സമ്മാനവും തന്നു—അധികം കാണാന്‍ കിട്ടാത്ത ഒരു പക്ഷി വന്ന് ഞങ്ങളുടെ മുന്നില്‍ പാറിക്കളിച്ചു. മണിക്കൂറുകളായി മുകളിലേയ്ക്ക് നോക്കിനിന്നിട്ടും ഈ പക്ഷിയെ കാണാന്‍ കിട്ടാതിരുന്ന ഒരു പക്ഷിനിരീക്ഷകനാണ് ഈ പക്ഷിയുടെ ഫോട്ടോ ഞങ്ങളുടെ ക്യാമറയില്‍ കണ്ടിട്ട് അതിന്റെ പേരും മറ്റും പറഞ്ഞുതന്നത്.)

വേസ്റ്റ്ബിന്‍ തൊട്ടടുത്ത് ഉണ്ടെങ്കിലും അതിലിടാതെ നില്‍ക്കുന്നിടത്ത് തന്നെ വേസ്റ്റ് വലിച്ചെറിഞ്ഞിട്ട് പോവുന്നവരും ധാരാളം. പഠിപ്പുള്ളവര്‍. പണമുള്ളവര്‍. അക്ഷരാഭ്യാസമില്ലാത്തവര്‍. തെരുവില്‍ ജീവിക്കുന്നവര്‍. ഇങ്ങനെ എല്ല്ലാ കൂട്ടരും ഇക്കാര്യത്തില്‍ ഒരുപോലെ പെരുമാറും. സമൂഹം ഭ്രാന്തരെന്ന് മുദ്ര കുത്തിയിട്ടുള്ളവര്‍ ഭേദം എന്നുതോന്നുന്നു—ഞാന്‍ കാണാ‍നിടയായ ഒരു സംഭവത്തെക്കുറിച്ച്
ഇവിടെ എഴുതിയിട്ടുണ്ട്.

റോഡ് വൃത്തിയാക്കാന്‍ തൂപ്പുജോലിക്കാരുണ്ടല്ലോ, പിന്നെ കുപ്പ വലിച്ചെറിഞ്ഞാലെന്താ എന്ന മനോഭാവമുള്ളവരുണ്ട്. വീട്ടില്‍ അമ്മയോ ഭാര്യയോ അല്ലെങ്കില്‍ ജോലിക്കാരിയോ വൃത്തിയാക്കാനുണ്ടെന്ന് കരുതി ഇരിക്കുന്നിടത്തുതന്നെ ആരെങ്കിലും വേസ്റ്റ് ഇടാറുണ്ടോ? വീട്ടിലെ ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യാതെ പോവാറുണ്ടോ? നമ്മുടെ പബ്ലിക്ക് ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്നത് പോട്ടെ, അതിനടുത്തൂടെ മൂക്ക് പൊത്താതെ നടക്കാന്‍ പറ്റാറുണ്ടോ? ഓരോരുത്തരും അത് ഉപയോഗം കഴിഞ്ഞ് വൃത്തിയാക്കിയിട്ട് പോയാല്‍ ഈ സ്ഥിതി മാറില്ലേ? ശരി, വെള്ളമില്ലെങ്കില്‍ എന്ത് ചെയ്യും എന്നല്ലേ ഇപ്പോള്‍ മനസ്സില്‍ തോന്നിയത്? ധാരാളം വെള്ളമുള്ള പബ്ലിക്ക് ടോയ്‌ലറ്റുകളും (റയില്‍‌വേ സ്റ്റേഷന്‍, എയര്‍‌പോര്‍‌ട്ട്, ഓഫീസ്—ഫ്ലഷ് കൂടാതെ ഫോസറ്റുമുള്ളവ) വൃത്തികേടാക്കിയിട്ട് പോകുന്ന ധാരാളം ആള്‍ക്കാരുണ്ട്. സ്വന്തം വീട് തേച്ച്മിനുക്കിയിടുന്ന സ്ത്രീകളും പൊതുവഴിയില്‍ കുപ്പ വലിച്ചറിയാന്‍ മടികാണിക്കാറില്ല. വാടക കൊടുക്കുന്നതല്ലേയെന്ന ന്യായവും പറഞ്ഞ് ഹോട്ടല്‍/ഹോസ്റ്റല്‍ മുറികളിലെ ലൈറ്റും ഫാനും ആവശ്യം കഴിയുമ്പോള്‍ ഓഫ് ചെയ്യാതെ പോവുന്നവരുണ്ട്. ഇങ്ങനെയൊക്കെ പെരുമാറുന്നത് മലയാളികള്‍ മാത്രമല്ല. ഇന്ത്യാക്കാരെല്ലാം കണക്ക് തന്നെ. മറ്റ് രാജ്യങ്ങളിലെ ജനങ്ങളെക്കുറിച്ച് പറയാന്‍ എനിക്ക് അറിയില്ല.


ഇതൊക്കെ വിരല്‍‌ചൂണ്ടുന്നത് നമ്മുടെ സംസ്ക്കാരത്തിലെയ്ക്കല്ലേ? ഈ സംസ്ക്കാരം വളര്‍ന്ന്‌ വരുന്ന തലമുറ പഠിക്കാതിരിക്കുകയല്ലേ നല്ലത്? അവരത് പഠിക്കാതെ ശ്രദ്ധിക്കാന്‍ അദ്ധ്യാ‍പകര്‍ക്ക് കഴിയില്ലെങ്കില്‍ നമുക്കെന്ത് പ്രതീക്ഷിക്കാനുണ്ട്? ഇടയ്ക്ക് ആകാംക്ഷയില്‍ വോളണ്ടിയര്‍ പോവുമ്പോള്‍ ഞാനും ഒരദ്ധ്യാപികയുടെ വേഷം അണിയാറുണ്ട്. ഇംഗ്ലീഷും കണക്കും കൂടാതെ ഇതുപോലുള്ള മൂല്യങ്ങള്‍ ആ ചെറിയ കുട്ടികള്‍ക്ക് പകര്‍ന്ന് കൊടുക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ആകാംക്ഷയുടെ സ്ലോഗന്‍ തന്നെ “"Be the change" എന്നാണ്. മഹാത്മജിയുടെ "Be the change you want to see in the world" എന്ന വാക്കുകളില്‍ നിന്നാണിതിന് പ്രചോദനം. ആകാംക്ഷയില്‍ നിന്ന് പഠിക്കുന്ന നല്ല ശീലങ്ങള്‍ ഈ കുട്ടികള്‍ അവര്‍ താമസിക്കുന്ന ചേരികളില്‍ പ്രാവര്‍ത്തികമാക്കുന്നു. ഇല്ലായ്മകളില്‍ ജീവിക്കുന്ന അവര്‍ക്ക് മാറാമെങ്കില്‍ നമുക്കാവില്ലേ മാറാന്‍?

ഒരു ബ്ലോഗറായ ക്രിസും കൂട്ടുകാരും തുടക്കമിട്ട TidyCity എന്ന ഗ്രൂപ്പ് തിരുവനന്തപുരം നഗരത്തെ വൃത്തിയാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദാര്‍‌ഹമാണ്. നമ്മളൊത്തുകൂടിയാല്‍ പല നല്ല കാര്യങ്ങളും നടക്കും. ഞാനീ പോസ്റ്റ് എഴുതിയത് കൊണ്ട് ആരെങ്കിലും മാറുമെന്ന പ്രതീക്ഷയില്ല. അല്ലെങ്കില്‍, മഹീന്ദ്ര ഡ്യൂറോയുടെ പരസ്യം കണ്ടിട്ടോ ഇവിടുത്തെ തീയറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുന്‍പ് ഷാരൂഖ്‌ ഖാന്റെ ആഹ്വാനം കേട്ടിട്ടോ ഒരുപാട് മാറ്റങ്ങള്‍ വരേണ്ടതല്ലേ? അതുകൊണ്ട്, മള്‍‌ട്ടിപ്ലെക്സുകളുടെ പ്ലഷ് ഇടനാഴികളില്‍ “Do not spit” എന്ന് എഴുതിവയ്ക്കേണ്ടി വരുന്നു. നിരത്തുകളിലും പിന്നെ പറ്റുന്നിടത്തൊക്കെയും നമ്മള്‍ നീട്ടിത്തുപ്പുന്നു. ടിബി പടരുന്നു. നാനോയുടെയും ഓഡിയുടെയും വിന്‍‌ഡോഗ്ലാസുകള്‍ താഴ്‌ന്ന് ഒഴിഞ്ഞ കുപ്പികളും പായ്ക്കറ്റുകളും ഇപ്പഴും പുറത്തേയ്ക്ക് എറിയപ്പെടുന്നു. ഓടകള്‍ കുപ്പകൊണ്ട് നിറഞ്ഞ് വെള്ളംകെട്ടിനിന്ന് വഴിയിലൊക്കെ വെള്ളം കേറുമ്പോള്‍, പലതരം പനികള്‍ പടര്‍ന്ന്‌ പിടിക്കുമ്പോള്‍ സര്‍ക്കാരിനെ കുറ്റം പറയുന്നു. കാടൊക്കെ പ്ലാസ്റ്റിക്കാല്‍ നിറച്ചിട്ട്, മരങ്ങളൊക്കെ നശിച്ചിട്ട്, മഴ കുറയുമ്പോള്‍, വരള്‍ച്ച കൊണ്ട് പൊറുതിമുട്ടുമ്പോള്‍ വീണ്ടും നമ്മള്‍ സര്‍ക്കാരിനെ പഴിക്കുന്നു.

പലതും നമുക്ക് മാറ്റാനാവില്ല. പ്രകൃതിക്ക് നല്ലതല്ലാത്ത പല കാര്യങ്ങളും നമുക്കിന്ന് ജീവിക്കാന്‍ അത്യാവശ്യമായിക്കഴിഞ്ഞു. എങ്കിലും കുറച്ചുകൂടി ഉത്തരവാദിത്തത്തോടുകൂടിയും മിതത്വം പാലിച്ചും ജീവിച്ചാല്‍, അങ്ങനെ ജീവിക്കാന്‍ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിക്കൊടുത്താല്‍, അതെല്ലാര്‍ക്കും നല്ലതല്ലേ? So let’s be the change.

Friday, January 22, 2010

ഇവരും അദ്ധ്യാപകര്‍!

ജനുവരി 14 2010

ന്യൂഡെല്‍ഹി–തിരുവനന്തപുരം കേരള എക്സ്പ്രസ്. രണ്ടുമണിക്കൂര്‍ വൈകിയോടുന്നു.

ഉച്ചയായപ്പോള്‍ എറണാകുളത്തെത്തി. തൃശൂര് നിന്ന് കയറിയതാണെന്ന് തോന്നുന്നു, നാലഞ്ച് അദ്ധ്യാപകരും കുറേ പെണ്‍‌കുട്ടികളും. കോഴിക്കോട്ട് നടന്ന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്തശേഷം മടങ്ങുകയാണെന്ന് സംസാരത്തില്‍ നിന്ന് മനസ്സിലായി. കാലിയായ സീറ്റുകളിലും ബെര്‍‌ത്തുകളിലുമായി എല്ലാരും ഇരിപ്പുറപ്പിച്ചു. എഞ്ചിന്‍ മാറ്റി പിടിപ്പിക്കാന്‍ സൌത്തില്‍ കുറേനേരം വണ്ടി കിടക്കുമല്ലോ. പുരുഷ അദ്ധ്യാപകര്‍ പുറത്തുപോയി എല്ലാര്‍ക്കും ഭക്ഷണവും വെള്ളവും വാങ്ങിക്കൊണ്ടുവന്നു. ചിലര്‍ക്ക് ചോറും ചിലര്‍ക്ക് വെജിറ്റബിള്‍ ബിരിയാണിയും.

വല്യ താത്പര്യമില്ലാതെ, എന്നാല്‍ വിശപ്പിന്റെ ആധിക്യം കൊണ്ടാവണം എല്ലാരും വേഗം കഴിച്ചു. നല്ല ചൂട്. വെള്ളക്കുപ്പികള്‍ വേഗം കാലിയായി. അപ്പോഴേയ്ക്കും ട്രെയിന്‍ പോവാന്‍ തുടങ്ങിയിരുന്നു. അതാ ഒഴിഞ്ഞ അലുമിനിയം ഫോയില്‍ ഡബ്ബകളും, പ്ലാസ്റ്റിക് കുപ്പികളും ഒന്നൊന്നായി പുറത്തേയ്ക്ക് പറക്കുന്നു. ജനലരികിലിരുന്ന എന്റെ കണ്ണുകള്‍ അവയെ പിന്തുടര്‍ന്നു. ഇങ്ങനെ പലര്‍ എറിഞ്ഞെറിഞ്ഞ് റെയില്‍‌വേ ലൈന് സമാന്തരമായി ഒരു ‘അവശിഷ്ട’ ലൈനും.

വൈക്കം റോഡ് സ്റ്റേഷന് സമീപം (മൊബൈലില്‍ എടുത്തത്)

ഈ അദ്ധ്യാപകരാണോ പുതുതലമുറയ്ക്ക് മാര്‍‌ഗ്ഗം കാണിച്ചുകൊടുക്കുന്നത്? എങ്കില്‍ എനിക്ക് നാളെയെക്കുറിച്ച് ഒരു പ്രതീക്ഷയുമില്ല

Wednesday, November 18, 2009

ക്രിസ്തുമസ് കേക്കിനൊരുക്കാന്‍ സമയമായി


ക്രിസ്തുമസിനിനി ഒരുമാസത്തിലധികമുണ്ടെങ്കിലും കേക്കുണ്ടാക്കാന്‍ ഇപ്പഴേ തയ്യാറെടുക്കണം. ഉണക്കമുന്തിരിയും ഈന്തപ്പഴവും കശുവണ്ടിയും അങ്ങനെ കുറേ സാധനങ്ങള്‍ തേനിലും ജാമിലും പിന്നെ റമ്മിലും മറ്റും കുതിര്‍ത്ത് ഒരു മാസമെങ്കിലും വയ്ക്കണ്ടേ, നല്ല പ്ലം കേക്കുണ്ടാക്കാന്‍. വേഗമാവട്ടെ. ആരും മറക്കാതിരിക്കാന്‍ ഞാനൊരു പോസ്റ്റിട്ട് ഓര്‍മ്മിപ്പിക്കാമെന്ന് കരുതി. അല്ലാതെ ഞാന്‍ കേക്കൊന്നും ഉണ്ടാക്കാന്‍ പരിപാടിയില്ല.ആരെങ്കിലും ഉണ്ടാക്കിത്തന്നാല്‍ കഴിക്കാം. അല്ലെങ്കില്‍ എലൈറ്റിന്റെ പ്ലം കേക്ക് വാങ്ങി കഴിക്കും.

വല്യ ഹോട്ടലുകളിലൊക്കെ ക്രിസ്തുമസ് കേക്കിനുള്ള ഈ ഒരുക്കം ഒരു മാസം മുന്നേ തുടങ്ങും. ചിലര്‍ ഒരു വര്‍ഷം മുന്‍‌പ്‌ തന്നെ ഈ പഴങ്ങളൊക്കെ കുതിര്‍ത്ത് വയ്ക്കാറുണ്ടത്രെ. ഇതുപോലൊരു Cake Mixing Ceremony-യില്‍ പങ്കെടുക്കാന്‍ ഈയിടെ സാധിച്ചു. ITC Grand Central-ലെ Cake Mixing-ന് ആകാംക്ഷയിലെ കുട്ടികളെ ക്ഷണിച്ചിരുന്നു. സാധാരണ ഈ പരിപാടിക്ക് ഹോട്ടലിലെ മാനേജര്‍മാരും അല്ലെങ്കില്‍ സമൂഹത്തിലെ ചില പ്രധാനികളും മാത്രമേ ഉണ്ടാവുകയുള്ളൂ.

ഈ ക്ഷണത്തെക്കുറിച്ച് അറിഞ്ഞതോടെ കുട്ടികള്‍ അതീവ ഉത്സാഹത്തിലായിരുന്നു. സ്കൂളില്‍ നിന്ന് അനുവാദം വാങ്ങി എല്ലാരും നേരത്തെ തന്നെ എത്തി. അവിടെത്തിയിട്ട് പരിപാടി തുടങ്ങാന്‍ കാത്തിരിക്കുമ്പോള്‍ കാര്‍ട്ടൂണ്‍ ഇട്ട് കൊടുത്തിട്ടും ആര്‍ക്കും കാണാന്‍ താത്പര്യമുണ്ടായിരുന്നില്ല.

ബോള്‍ റൂമിലെത്തിയപ്പോള്‍ തന്നെ എല്ലാരും ആഹ്ലാദത്തിമര്‍പ്പിലായിരുന്നു. ഹോട്ടലിലെ ഷെഫുമാരും മറ്റുള്ളവരും ചേര്‍ന്ന് കുട്ടികളുടെ തലയില്‍ ചുവന്ന തൊപ്പിയും കൈകളില്‍ ഗ്ലൌസും ഇട്ടുകൊടുത്തു.





എന്നെക്കൂടാതെയുള്ള celebrity guests സരോദ് വിദ്വാന്‍ ഉസ്താദ് അം‌ജദ് അലി ഖാനും അദ്ദേഹത്തിന്റെ രണ്ട് മക്കളും ആയിരുന്നു. (മക്കളും സരോദ് വിദ്വാന്മാര്‍ തന്നെ).


ക്യാമറ കയ്യിലുണ്ടായിരുന്നതുകൊണ്ട് എനിക്കിതില്‍ കയ്യിടാന്‍ പറ്റിയില്ല.

എല്ലാം കഴിഞ്ഞപ്പോള്‍ ...

പോവുന്നതിന് മുന്‍പ് കുട്ടികളെ ക്ഷണിക്കാന്‍ മുന്‍കയ്യെടുത്ത്, അവരെ വളരെ കാര്യമായി സ്വീകരിക്കുകയും സല്‍‌ക്കരിക്കുകയും ചെയ്ത ITC Grand Central-ലെ ഉദ്യോഗസ്ഥരുമായി ഒരു ഗ്രൂപ്പ് ഫോട്ടോ.

Saturday, October 31, 2009

അവസരവാദിയല്ല


നല്ല ഭക്ഷണം കിട്ടുന്നതുകൊണ്ടാണ് അവള്‍ ആ ചെറിയ ഹോട്ടലില്‍ കയറുന്നത്. അന്ന് കുറച്ച് തിരക്ക് കൂടുതലായിരുന്നു. ഫാമിലി സെക്ഷനില്‍ ഇടമില്ല. മുന്‍പ് പോയിട്ടില്ലാത്ത ഒരു ഭാഗത്തേയ്ക്ക് വെയിറ്റര്‍ കൂട്ടിക്കൊണ്ടുപോയി. അവിടെ തിരക്കില്ല. ഒരു ടേബിളില്‍ രണ്ട് സ്ത്രീകള്‍ മാത്രം. ഇരുന്നുകഴിഞ്ഞപ്പോഴാണ് അവളത് ശ്രദ്ധിച്ചത്. ആ സ്ത്രീകളെ കണ്ടാല്‍ താഴേക്കിടയിലുള്ളവരാണെന്ന് തോന്നും. അവരുടെ മുന്നില്‍ ഓരോ ഗ്ലാസ് ബിയറുണ്ട്. “അശ്രീകരങ്ങള്‍, ഇതറിഞ്ഞിരുന്നെങ്കില്‍ ഞാനിങ്ങോട്ട് വരില്ലായിരുന്നു,“ അവള്‍ക്ക് ദേഷ്യം വന്നു. “വല്ല പോക്ക്‍‌കേസുകളുമായിരിക്കും. വേഗം കഴിച്ചിട്ട് പോവാം.”

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം. നഗരത്തിലെ ഒരു മുന്തിയ പബ്. അവളും കൂട്ടുകാരികളും ഒന്ന് കൂടാനെത്തിയതാണ്. തിരക്കൊഴിവാക്കാന്‍ വെള്ളിയാഴ്ചയ്ക്ക് പകരം ബുധനാഴ്ച വൈകുന്നേരമാണ് അവര്‍ ഒത്തുകൂടാന്‍ തീരുമാനിച്ചത്. ഒരുപാട് നാളുകള്‍ക്ക് ശേഷം തമ്മില്‍ കാണുന്നതുകൊണ്ട് ആദ്യം നല്ല ബഹളമായിരുന്നു. അതിനിടയ്ക്ക് എല്ലാരും അവരവരുടെ ഫേവറിറ്റ് ഡ്രിങ്ക് ഓര്‍ഡര്‍ ചെയ്തു. വോഡ്ക്ക ഗ്ലാസ് ചുണ്ടോടടുപ്പിക്കുമ്പോഴോ, പാതിരാത്രിയോടടുപ്പിച്ച് പാതി ഫിറ്റായി വീട്ടിലേയ്ക്ക് കാറോടിക്കുമ്പോഴോ, അവള്‍ ആ ചെറിയ ഹോട്ടലിലിരുന്ന് ബിയര്‍ കുടിച്ച താഴേക്കിടയിലുള്ള സ്ത്രീകളെക്കുറിച്ചോര്‍ത്തില്ല.

അവളൊരു അവസരവാദിയല്ലല്ലോ. അതുകൊണ്ട്, അവള്‍ക്ക് എന്നും അവരോട് പുച്ഛം തന്നെ.

Tuesday, September 22, 2009

ഉണ്ടച്ചമ്മന്തി

നാലാം ക്ലാസിലാണവള്‍ ആ സ്കൂളില്‍ ചേര്‍ന്നത്. കറുത്ത് മെലിഞ്ഞ്, മൂക്കുത്തിയിട്ട റാണി. ക്ലാസില്‍ വേറാര്‍ക്കും മൂക്കുത്തിയില്ലായിരുന്നു. അതുകൊണ്ട് എല്ലാരും അവളെ തമിഴത്തിയായിക്കരുതി. അവളുടെ മലയാളത്തിന് ഒരു മലയാളത്തമില്ലാഞ്ഞതും ഒരു കാരണമായി. രണ്ട് കൂട്ടുകാരെ കിട്ടി അവള്‍ക്ക്. ഒരേ ബെഞ്ചിലിരിപ്പ്. ഒന്നിച്ചിരുന്ന് ചോറുണ്ണല്‍. ഒരേ സ്കൂള്‍ബസില്‍. എന്നാല്‍, ഒന്നിച്ചിരിക്കാന്‍ പറ്റില്ല. ഇറങ്ങുന്ന സ്ഥലത്തിനനുസരിച്ചാണല്ലോ ഇരിക്കേണ്ടത്.

കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ആ രണ്ട് കൂട്ടുകാര്‍ ശ്രദ്ധിച്ചു – റാണി എന്നും ചോറിന്റെ കൂടെ ഉണ്ടച്ചമ്മന്തിയാണ് കൊണ്ടുവരുന്നത്. ഉണ്ടച്ചമ്മന്തീന്ന് പറഞ്ഞാല്‍, തേങ്ങ, ചുവന്നമുളക്, ഉള്ളി, പുളി – എല്ലാല്‍ കൂടെ അരച്ച് ഉരുട്ടിയെടുത്ത ചമ്മന്തി. വേറൊരു കറീമില്ല. അവര്‍ അവളോട് ചോദിച്ചു, “നീ എന്നും എന്താ ഉണ്ടച്ചമ്മന്തി മാത്രം കൊണ്ടുവരുന്നത്?“

“അമ്മയ്ക്ക് രാവിലെ വേറൊന്നും ഉണ്ടാക്കാന്‍ സമയമില്ല”, അവള്‍ പറഞ്ഞു. അതോടെ പുതിയ പേരും വീണു – ‘ഉണ്ടച്ചമ്മന്തി’.

മോളെ പഠിപ്പിച്ച് നല്ലനിലയിലാക്കാന്‍ ഇല്ലായ്മകള്‍ക്കിടയിലും അവളെ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ അയക്കുന്ന അച്ഛനുമമ്മയും. യൂണിഫോം, സ്കൂള്‍ഫീസ്, പുസ്തകങ്ങള്‍, പിന്നെ സ്കൂള്‍ ബസിന്റെ ഫീസും. ഇതൊന്നും വെട്ടിച്ചുരുക്കാന്‍ നിവൃത്തിയില്ല. ഒഴിവാക്കാന്‍ പറ്റുന്നത് കറികളാണ്. കൂട്ടുകാരുടെ പാത്രങ്ങളിലെ പയറുതോരനും, മീന്‍ വറുത്തതും കണ്ട് വെള്ളമിറക്കി, ഉണ്ടച്ചമ്മന്തി കൂട്ടിക്കുഴച്ച് ചോറുണ്ണുമ്പോള്‍ അവള്‍ ഒന്നോര്‍ത്ത് സമാധാനിക്കും. അഞ്ചാം ക്ലാസ് തൊട്ട് സ്കൂള്‍ഫീസ് കുറവാണ്. പിന്നെ, അടുത്ത വര്‍ഷം മുതല്‍ സ്കൂള്‍ ബസില്‍ പോവാതെ ലൈന്‍ബസില്‍ വരാന്‍ മുതിരും അവള്‍. അപ്പോള്‍ അമ്മ എന്തെങ്കിലും കറി തന്നുവിടുമായിരിക്കും.

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP