Wednesday, July 16, 2008

കുഞ്ഞുങ്ങള്‍ തീരുമാനിക്കും, ജനിക്കണോ വേണ്ടയോന്ന്

ജൂലൈ 11 ‘ലോക ജനസംഖ്യാദിനം’ ആയിരുന്നു. സ്വന്തം കുടുംബം പ്ലാന്‍ ചെയ്യാനുള്ള ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ, അവകാശത്തെ ഒന്നൂടെ ആഹ്വാനം ചെയ്തു UNFPA. പിന്നെ, ദരിദ്രരാജ്യങ്ങളിലും വികസ്വരരാജ്യങ്ങളിലും കുടുംബാസൂത്രണം കൂടുതല്‍ പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജനസംഖ്യാ വര്‍ദ്ധന വികസനത്തെ തടസ്സം ചെയ്യുന്നതിനെക്കുറിച്ചും പറഞ്ഞു. കൂടാതെ, ആരോഗ്യമുള്ള സമത്വസുന്ദരമായ ലോകത്തിന് വേണ്ടി പരിശ്രമിക്കുമെന്ന പ്രതിജ്ഞയും. Thoraya Ahmed Obaid, Executive Director, UNFPA ലോക ജനസംഖ്യാദിനത്തില്‍ പറഞ്ഞത് ഇവിടെ വായിക്കാം.

ഇത് വായിച്ചപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് നമ്മുടെ നാട്ടിലെ ചില മത/രാഷ്ട്രീയ നേതാക്കന്മാരുടെ ആഹ്വാനമാണ്‍. രണ്ട് വര്‍ഷം മുന്‍പ് RSS-ന്റെ K S സുദര്‍ശന്‍ പറഞ്ഞു, ഹിന്ദുക്കള്‍ കുറഞ്ഞത് 3 കുട്ടികള്‍ എങ്കിലും വേണമെന്ന് വയ്ക്കണമെന്ന്. അല്ലെങ്കില്‍ അടുത്ത 120 വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബം അന്യം നിന്ന് പോവുമത്രെ.
പിന്നെ, ഈയിടെ തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍‌ഡ്രൂസ് താഴത്ത് പറഞ്ഞു, ക്രിസ്ത്യാനികളും കൂടുതല്‍ കുട്ടികളെ സൃഷ്ടിക്കണമെന്ന്. ഇല്ലെങ്കില്‍ അവരുടെ സംഖ്യ കുറഞ്ഞു പോവുമത്രെ. കൂടുതല്‍ കുട്ടികളെ വളര്‍ത്താന്‍ സാമ്പത്തികസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. സുദര്‍ശന്‍ പണമൊന്നും ഓഫര്‍ ചെയ്തില്ല. അതുകാരണം, ആരും അദ്ദേഹം പറഞ്ഞ പ്രകാരം പ്രവര്‍ത്തിച്ചില്ലാന്ന് കരുതാം.

UNFPAയും ഇന്ത്യന്‍ ഗവണ്മെന്റും ജനസംഖ്യ കുറയ്ക്കാ‍ന്‍ പാടുപെടുന്നു ഒരുവശത്ത്. മറുവശത്ത് ഇങ്ങനെ ചിലരും. കൊള്ളാം. ഇന്ന് ഭേദപ്പെട്ട വിദ്യാഭ്യാസമുള്ളവരും ജീവിതസാഹചര്യമുള്ളവരുമാണ് ഒന്ന് അല്ലെങ്കില്‍ രണ്ട് കുട്ടികള്‍ മതി എന്ന് സ്വയം തീരുമാനിക്കുന്നത് - ഉള്ളവരെ നന്നായി വളര്‍ത്താ‍മെന്ന ഉദ്ദേശ്യത്തില്‍. പണവും വിദ്യാഭ്യാസവും കുറവുള്ള പലര്‍ക്കും സാഹചര്യം കൊണ്ടോ അറിവില്ലായ്മ കൊണ്ടോ കൂടുതല്‍ കുട്ടികള്‍ ഉണ്ടാവുന്നു. അവരുടെ ജീവിതനിലവാരം താഴേയ്ക്ക് തന്നെ പോവുന്നു. ഈ നേതാക്കന്മാരുടെ ‘marketing gimmick’ ക്കുകളില്‍ പെട്ടുപോവാന്‍ സാദ്ധ്യതയുള്ളതും ഈ പാവങ്ങളാണ്.

കൂടുതല്‍ പ്രസവിക്കാന്‍ ആഹ്വാനം ചെയ്യുന്നവര്‍ സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ഒരു ശരാശരി ഇന്ത്യന്‍ സ്ത്രീയുടെ ആരോഗ്യം രണ്ട് പ്രസവത്തോടെ വല്ലാതെ കുറഞ്ഞുപോകുമെന്ന് പണ്ട് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. കൂടാതെ, സ്ത്രീ പ്രസവിച്ച് കുട്ടികളെ നോക്കി വീട്ടിലിരുന്നാല്‍ മതിയെന്നാണോ? കൂടുതലും പെണ്‍കുട്ടികളുണ്ടായാലോ? സമൂഹം ‘സ്ത്രീ ധന‘മാണെന്ന് കരുതുമോ? ഇനി, സാമ്പത്തികസഹായം – എത്ര കൊടുക്കും? എന്തിനൊക്കെ കൊടുക്കും? പണം മാത്രം മതിയോ കുട്ടികളെ വളര്‍ത്താന്‍?

ഈ കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ എത്ര അഭിമാനമുണ്ടാവും സ്വന്തം ജന്മത്തെയോര്‍ത്ത്? ആരോ പറഞ്ഞിട്ട് ജനിച്ചു. ആരോ സഹായിച്ച് ജീവിച്ചു.

വളരെക്കാലം മുന്‍പ് കണ്ട ഒരു സിനിമയില്‍ (എതു ഭാഷയാണെന്ന് ഓര്‍മ്മയില്ല), അമ്മയും വയറ്റിലുള്ള കുട്ടിയും സംവദിക്കുന്നതായി കാണിക്കുന്നുണ്ട്. ഭൂമിയിലെ അനീതികളും അക്രമങ്ങളും കണ്ടിട്ട് ആ കുഞ്ഞ് ജനിക്കുന്നില്ലാന്ന് തീരുമാനിക്കുന്നു. അത് മാത്രമല്ല, ഇനി ജനിക്കാനിരിക്കുന്ന എല്ലാ കുഞ്ഞുങ്ങളും അങ്ങനെ തീരുമാനിക്കുന്നു. അമ്മ ആ കുഞ്ഞിനെ എത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്ന് പറയുകയും, എത്രത്തോളം അതിനെ ആഗ്രഹിക്കുന്നുണ്ടെന്ന് പറയുകയും അപേക്ഷിക്കുകയും ചെയ്തതിന് ശേഷമാണ് ആ കുഞ്ഞ് ജനിക്കാന്‍ സമ്മതിക്കുന്നത്.

‘ജന്മമേ വേണ്ടാ വേണ്ടായെന്ന് കരയുന്നവ
മണ്ണിലിനിയും പിറക്കാത്ത നാദങ്ങള്‍, അഗതികള്‍’ – എന്ന് മധുസൂദനന്‍ നായരും കുറിച്ചിട്ടുണ്ട്, ഏത് കവിതയാണെന്ന് മറന്നു പോയി. അഗസ്ത്യകൂടമോ, സന്താനഗോപാലമോ?
എനിക്കും അങ്ങനെ തന്നെ തോന്നുന്നു – ഭാവിയില്‍ കുഞ്ഞുങ്ങള്‍ ജനിക്കണോ വേണ്ടയോന്ന് അവര്‍ തന്നെ തീരുമാനിക്കും.

13 comments:

Bindhu Unny July 16, 2008 at 9:18 AM  

ഭാവിയില്‍ കുഞ്ഞുങ്ങള്‍ ജനിക്കണോ വേണ്ടയോന്ന് അവര്‍ തന്നെ തീരുമാനിക്കും.

ശ്രീ July 16, 2008 at 10:14 AM  

പ്രസക്തമായ പോസ്റ്റ്, ചേച്ചീ.

ബഷീർ July 16, 2008 at 10:42 AM  

Bindhu,
ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ കുറെ നടക്കുന്നുണ്ട്‌.. ഒരു വഴിക്കുമെത്തുന്നില്ല എന്ന് മാത്രം

ആഗ്രഹിക്കാതെ പിറക്കാതിരിക്കുന്നതായിരിക്കും നല്ലത്‌

നിര്‍ബന്ധ വന്ധ്യംകരണം പോലെ തന്നെ നിര്‍ബന്ധമാക്കെപ്പെടുന്ന പ്രസവങ്ങളും ശരിയല്ല.


ഇന്ത്യ ഗവണ്മെന്റിനെ കീഴില്‍ പ്രവര്‍ത്തിക്കുന്ന (?)വുമണ്‍ ആന്‍ഡ്‌ ചൈല്‍ഡ്‌ ഡവലപ്പ്‌മന്റ്‌ മൂവ്‌മെന്റിന്റെ ഒരു പരസ്യ ഫലകത്തില്‍ (പെണ്‍കുട്ടികളെ സംരക്ഷിക്കുക എന്നാണു കാപ്ഷന്‍ എന്നാണു ഓര്‍മ്മ ) 2039 വര്‍ഷത്തോടെ ഇന്ത്യയില്‍ ആറു പുരുഷന്മാര്‍ക്ക്‌ ഒരു പെണ്ണ്‍ എന്ന് ചിത്രീകരിച്ചിരിക്കുന്നതായി കണ്ടു. പെണ്‍ ബ്രൂണഹത്യകളും , പെണ്‍കുട്ടികള്‍ ജനിച്ചാല്‍ അത്‌ സൈര്യ ജീവിതം നഷ്ടമാക്കും എന്ന ചിന്താഗതിയും (സമ്പന്നരിലാണതെ ഇത്‌ കൂടുതല്‍ ) ഈ വിധം തുടര്‍ന്നാല്‍ അധികം താമസിയാതെ പാഞ്ചാലിമാര്‍ പുനസ്യഷ്ടിക്കപ്പെടാന്‍ സധ്യതയുണ്ട്‌..

ആകുലതകള്‍ അവസാനിക്കട്ടെ. നല്ല ജീവിതം നല്‍കാന്‍ നമുക്കാവട്ടെ.. ആശംസകള്‍

OT :
തൊട്ടു മുകളില്‍ ഇരിക്കുന്ന ശ്രീയെപ്പോലെയുള്ള
കല്ല്യാണപ്രായമായ പിള്ളേര്‍ പെണ്ണു കിട്ടാതെ അലയേണ്ടിവരുമോ (ആശങ്കയാണേ.... )
(ഇയാള്‍ ബാംഗ്ലൂരില്‍ നിന്ന് വരുമ്പോള്‍ അറിയാം ബാക്കി കഥകള്‍ : ))

ബഷീർ July 16, 2008 at 10:43 AM  
This comment has been removed by the author.
Unknown July 16, 2008 at 12:26 PM  

നാം ഒന്ന് നമ്മുക്ക് ഒന്ന് അതു തന്നെയാകും ഉചിതം
അങ്ങനെ എല്ലാവരും ചിന്തിച്ചാല്‍ നന്നായിരിക്കും.

Kaithamullu July 16, 2008 at 5:25 PM  

അതെ, ജനിക്കണോ വേണ്ടയോ എന്ന് ഈ ഞാന്‍ തന്നെ തീരുമാനിക്കും.
(ആ‍ദ്യം ഈ ജന്മം ഒന്ന് തീര്‍ന്ന് കിട്ടട്ടേ, ബിന്ദൂ)

കിണകിണാപ്പന്‍ July 16, 2008 at 5:56 PM  

പെറ്റു കൂട്ടണമല്ലൊ, കുരുതി കൊടുക്കാന്‍, കിണകിണാപ്പന്‍ കലാപമുണ്ടാക്കാന്‍.

sunilraj July 17, 2008 at 12:09 PM  

വളരെ നല്ല പോസ്റ്റ്‌

ഒരു സ്നേഹിതന്‍ July 17, 2008 at 1:56 PM  

ഈ കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ എത്ര അഭിമാനമുണ്ടാവും?
സ്വന്തം ജന്മത്തെയോര്‍ത്ത്.
ആരോ പറഞ്ഞിട്ട് ജനിച്ചു... ആരോ സഹായിച്ച് ജീവിച്ചു....

Bindhu Unny July 18, 2008 at 10:14 PM  

ശ്രീ: നന്ദി :-)
ബഷീറേ, ശരിയാണ്. ഇതൊക്കെ എത്ര ചര്‍ച്ച ചെയ്താലും എവിടെയും എത്തില്ല. ഈ വിഷയത്തെ സംബന്ധിക്കുന്ന 2-3 മൂന്ന് കാര്യങ്ങള്‍ മനസ്സില്‍ കിടന്ന് ബഹളമുണ്ടാക്കിയപ്പോ എഴുതിയതാണ് ഈ പോസ്റ്റ്. ഒരു സമാധാനത്തിന്. ബഷീര്‍ സൂചിപ്പിച്ച പോലെ പാഞ്ചാലിമാര്‍ പുനസൃഷ്ടിക്കപ്പെടാന്‍ സാധ്യത ഉണ്ടെന്ന് തന്നെയല്ല, അത് തുടങ്ങിക്കഴിഞ്ഞു. നമ്മുടെ ഇന്ത്യയില്‍ തന്നെ. അതിനെക്കുറിച്ച് വേറെ പോസ്റ്റാം.
ഓ.ടോ. കേരളത്തിലായതുകോണ്ട് ശ്രീയുടെ തലമുറയ്ക്ക് കൂടി പെണ്ണ് കിട്ടാന്‍ ബുദ്ധിമുട്ടുണ്ടാവില്ലാന്ന് കരുതാം. സ്ത്രീ-പുരുഷ അനുപാതം ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണല്ലോ കേരളത്തില്‍ (2001-ലെ കണക്കനുസരിച്ച് 1000 പുരുഷന്മാര്‍ക്ക് 1058 സ്ത്രീകള്‍. ഇപ്പോ കുറഞ്ഞു കാണുമോ ആവോ!) :-)

Bindhu Unny July 18, 2008 at 10:17 PM  

അനൂപ്: :-)
കൈതമുള്ളേ, ഈ ജന്മം അങ്ങനെ വെറുതെ തീര്‍ക്കാതെ, ആസ്വദിച്ച് ജീവിക്ക് ട്ടോ. അടുത്ത ജന്മം മനുഷ്യനല്ലെങ്കിലോ? :-)
സുനില്‍‌രാജ്, സ്നേഹിതന്‍: :-)

paarppidam July 19, 2008 at 11:17 AM  

ഇതേകുറിച്‌ എഴുതുവാൻ ഇരിക്കായിരുന്നു. അപ്പോഴാണ്‌ ഒരു സുഹൃത്ത്‌ താങ്കളൂടെ ബ്ലോഗ്ഗിൽ ഇക്കാര്യം പരാമർശിചിരിക്കുന്നു എന്ന് പറഞ്ഞത്‌.നല്ല കുറിപ്പ്‌.

യദാർത്ഥത്തിൽ ഇന്ത്യയിൽ ജനസംഖ്യ വർദ്ധിപ്പിക്കുവാൻ ആഹ്വാനം ചെയ്യുന്ന മത മേലധ്യക്ഷന്മാർ രാജ്യദ്രോഹം ആണ്‌ ചെയ്യുന്നത്‌.ഓരോ മതക്കാരും പരസ്പരം മൽസരിച്‌ സന്തോനങ്ങളെ ഉൽപാദിപ്പിചാൽ രാജയ്ത്ത്‌ പട്ടിണിയും കൊലപാതകങ്ങളും അരാജകത്വവും ഉണ്ടകും.സാമ്പത്തീകമായി മുന്മ്പന്തിയിൽ എത്തിയ ചിയൽർ സമുദായാംഗങ്ങളുടെ എണ്ണം വർദ്ധിപ്പിച്‌ വോട്ടുബാങ്ക്‌ ശക്തിപ്പെടുത്തുവാനും അധികാരം പിടിചടക്കാനുംചിലർ ശ്രമിക്കുന്നതിൽ നിന്നും വ്യക്തമണ്‌.ചുരുക്കത്തിൽ ഇന്ത്യയുടെ പരമാധികാരം സ്ങ്കുചിത ചിന്താഗതിക്കാര മതമേലധ്യക്ഷന്മാരുടെ കാൽക്കൽ അടിയറവു പറയുന്ന അവസ്ഥയിൽ കൊണ്ടെത്തിക്കുവാൻ ഉള്ള ശ്രമം ആണിതെന്ന് നിസ്സംശയം പറയാം.

അല്ലെങ്കിലും സങ്കുചിത വീക്ഷണം ഉള്ളവർ സ്തീകൾക്ക്‌ എന്തെങ്കിലും പ്രാധാന്യം നൽകുന്നുണ്ടോ?കേവലം ഒരു ലൈംഗീക ഉപകരണമായും പ്രസവിക്കാനും വചുവിളമ്പാനും ഒരു പെണ്ൺ എന്നതിലപ്പുറം സ്ത്രീക്ക്‌ എന്താണ്‌ സ്വാതന്ത്രം ഉള്ളത്‌?

Bindhu Unny July 28, 2008 at 12:08 PM  

പാര്‍പ്പിടം, താങ്കള്‍ പറഞ്ഞതിനോട് യോജിക്കുന്നു. :-)

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP