Thursday, October 7, 2010

വിധി

കലയോടുള്ള താത്പര്യമോ കലാകാരനോടുള്ള ആരാധനയോ, എന്താന്നറിയില്ല, അവള്‍ക്കവനോട് അടുപ്പം തോന്നി. അത് വളര്‍ന്ന് പരസ്പരമുള്ള പ്രേമമായി. സിനിമാലോകമായിരുന്നു അവന്റെ സ്വപ്നം. നല്ല സിനിമകളെടുക്കുന്ന സംവിധായകന്‍ എന്ന പേര്‍ നേടാനുള്ള പരിശ്രമത്തിനിടയിലും അവളെ ഒപ്പം കൂട്ടാന്‍ അവനാഗ്രഹിച്ചു.



അച്ഛനില്ലാത്ത വീട്ടില്‍ അവളുടെ മൂത്ത ആങ്ങളയ്ക്കാണ് തീരുമാനമെടുക്കാനുള്ള അധികാ‍രം. കലാകാരന്മാരെ പുച്ഛമായിരുന്നു, ആങ്ങളയ്ക്ക്. പ്രത്യേകിച്ച് സിനിമാക്കാരെ. കല്യാണമാലോചിച്ച് വന്ന അവനെ അപമാനിച്ചുവിട്ടു അയാള്‍. അവള്‍ക്ക് താക്കീതും നല്‍കി. ആങ്ങളെയെ എതിര്‍ക്കാന്‍ കഴിയാതെ അവള്‍ അയാള്‍ കൊണ്ടുവന്ന ആലോചനകളിലൊന്നിന് സമ്മതം നല്‍കി. ഉയര്‍ന്ന വിദ്യാഭ്യാസം. നല്ല ജോലി. വല്യ കുടുംബം.



ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ ഒന്നുകൂടി മനസ്സിലാക്കി. ഭര്‍ത്താവും ഒരു കലാകാരനാണ്. സിനിമയില്‍ അഭിനയിക്കണമെന്നത് അയാളുടെ കലശലാ‍യ മോഹമാണ്. അതിനുവേണ്ടി ഒരുപാട് ശ്രമിക്കുന്നുണ്ട്. അച്ഛന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഡിഗ്രികള്‍ കരസ്ഥമാക്കിയെങ്കിലും അഭിനയമായിരുന്നു അയാളുടെ അഭിനിവേശം. അവള്‍ ഉള്ളില്‍ ചിരിച്ചു.



അയാള്‍ ചെറിയ ചെറിയ, ആരും ശ്രദ്ധിക്കാത്ത വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അങ്ങനെയിരിക്കെ, ഒരു ഭേദപ്പെട്ട വേഷം കിട്ടി. ആഹ്ലാദത്തിമര്‍പ്പിലായി അയാള്‍. കൂടുതല്‍ അവസരങ്ങള്‍ കിട്ടിയാല്‍ ജോലി രാജിവച്ച് മുഴുവന്‍ സമയവും അഭിനയത്തിനാ‍യി നീക്കിവയ്ക്കണം എന്നൊക്കെ പറയാന്‍ തുടങ്ങി. അവള്‍ അതിനെ പിന്തുണച്ചു.



പതിനഞ്ച് ദിവസത്തെ ഷൂട്ടിങ്ങിന് ഭര്‍ത്താവ് പോയപ്പോള്‍, അവള്‍ ആങ്ങളയെ വിളിച്ചു വിവരം പറഞ്ഞു. എന്നിട്ട് ചോദിച്ചു, “എന്റെ ഭര്‍ത്താവ് നിനിമാക്കാരനാവാന്‍ പോവാ. താലി പൊട്ടിച്ചെറിഞ്ഞ് ഞാന്‍ പോരട്ടേ?”



ആങ്ങള അന്തംവിട്ട് നിന്നപ്പോള്‍ അവള്‍ ഫോണ്‍ വെച്ചിട്ട് പൊട്ടിച്ചിരിച്ചു.

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP