പടക്കാവലിയില്‍ നിന്ന് ഒളിക്കാതെ ഓടുന്നു
ദീപാവലി ദീപങ്ങളുടെ ആഘോഷമെന്നത് മാറി പടക്കങ്ങളുടെ ആഘോഷമായി മാറിയ സ്ഥിതിക്ക്, ഞാന്‍ ഈ ഉത്സവത്തിന്റെ പേര് പടക്കാവലിയെന്ന് മാറ്റിയതായി പ്രഖ്യാപിക്കുന്നു. ദീപാവലി കാര്യമായി ആഘോഷിക്കാത്ത ഏക സംസ്ഥാനം കേരളമായിരുന്നു. ഇപ്പഴത്തെ കാര്യം അറിയില്ല. സ്വര്‍ണ്ണം, തുണി, മറ്റ് ഉപഭോഗവസ്തുക്കള്‍ നിര്‍മ്മിക്കുന്ന കമ്പനികളുടെ മാര്‍ക്കറ്റിങ്ങ് തന്ത്രം മൂലം കേരളം പുതിയ ആഘോഷങ്ങള്‍ സ്വന്തമാക്കുകയാണല്ലോ – അക്ഷയതൃതീയ പോലെ.
എന്തായാലും മുംബൈയിലെ ബഹളമയവും പുകമയവുമായ ദീപാവലി ആഘോഷങ്ങളില്‍ നിന്ന് എല്ലാ വര്‍ഷവും ഞാനും ഉണ്ണിയും രക്ഷപെടാറുണ്ട്. സിറ്റിയില്‍ നിന്ന് മാറിയാല്‍ത്തന്നെ ആശ്വാസമാവും. ഇവിടെ ദിവസവും ജീവിക്കാന്‍ വേണ്ടി നെട്ടോട്ടമായതുകൊണ്ടാവും ഉത്സവങ്ങള്‍ വരുമ്പോള്‍ എല്ലാരും തിമിര്‍ത്താഘോഷിക്കുന്നത്. ഓരോ വര്‍ഷം കഴിയുന്തോറും എല്ലാ ആഘോഷങ്ങളും കൂടുതല്‍ ശല്യമായി വരുന്നതായാണ് എനിക്ക് തോന്നുന്നത്. എന്റെ ഒരു സുഹൃത്ത് ഇന്നലെ പറഞ്ഞു, ദൈവവിശ്വാസം കൂടി ഇല്ലാണ്ടായെന്ന്. അത്ര മടുത്ത് പോയി അവള്‍ക്കീ ആഘോഷബഹളങ്ങള്‍. അവളുടെ ഒരു വയസ്സുള്ള മോനെ ആശ്വസിപ്പിക്കാന്‍ പെടുന്ന പാട്. വലിയവര്‍ക്കേ സഹിക്കാന്‍ വയ്യ. കുഞ്ഞുങ്ങളുടെ കാര്യം പറയണോ.
ഇപ്രാവശ്യം ഞാന്‍ ഈ കുരുന്നുകളുടെ കൂടെ ദീപാവലി നേരത്തെ ആഘോഷിച്ചു. ദീപങ്ങളും പടക്കങ്ങളുമില്ലാതെ, പകരം ദീപങ്ങളേക്കാള്‍ തെളിച്ചമുള്ള ചിരിയും പടക്കങ്ങളേക്കാള്‍ കേള്‍ക്കാന്‍ സുഖമുള്ള ആര്‍പ്പുവിളികളും ...