Sunday, April 25, 2010

മാറാം, നമുക്കും

ഇവരും അദ്ധ്യാപകര്‍ എന്ന എന്റെ പോസ്റ്റിന് വന്ന കമന്റുകള്‍ക്കുള്ള മറുപടിയായിട്ടാണ് ഈ പോസ്റ്റ്.

ആദ്യമേ തന്നെ പറയട്ടെ, ആ പോസ്റ്റിന്റെ തലക്കെട്ട് എല്ലാ അദ്ധ്യാപകര്‍‌ക്കെതിരെയും വിരല്‍ ചൂണ്ടാനായി ഉദ്ദേശ്ശിച്ചിട്ടതല്ല. കുറേയധികം ആളുകളെ ഒന്നിച്ച്, അതും വളരെ ചെറുപ്പത്തിലെ തന്നെ, സ്വാധീനിക്കാന്‍ കഴിയുന്നവരാണ് അദ്ധ്യാപകര്‍. അങ്ങനെയുള്ളവര്‍ ഇതുപോലെ പെരുമാറുകയാണെങ്കില്‍ ഒരു തലമുറ തന്നെയല്ലേ തെറ്റ് പഠിച്ച് വളരുന്നത്?


അതേ ട്രെയിനിലിരുന്നാണ് ഞാന്‍ രാവിലെ ഭക്ഷണം കഴിച്ചത്. വാഷ്‌ബേസിനടിയിലുള്ള വേസ്റ്റ്ബാസ്ക്കറ്റില്‍ അതിന്റെ അവശിഷ്ടം ഇടുകയും ചെയ്തു. ഡെല്‍ഹിയില്‍‌നിന്ന് വരുന്ന ടെയിനല്ലേ, ആ വേസ്റ്റ്‌ബാസ്ക്കറ്റ് നിറഞ്ഞിരിക്കുകയാ‍യിരുന്നെങ്കില്‍ എന്റെ ബാഗിലെപ്പോഴുമുണ്ടാവുന്ന ഒരു പ്ലാസിക്ക്കവറില്‍ പൊതിഞ്ഞ് അത് ഞാന്‍ വീട്ടിലേയ്ക്കോ അടുത്ത വേസ്റ്റ്‌ബിന്‍ ഉള്ളയിടം വരെയോ കൊണ്ടുവന്നേനേ. എന്നാല്‍, റെയില്‍‌വേ ജോലിക്കാര്‍ ഇടയ്ക്കൊക്കെ വൃത്തിയാക്കിയതുകൊണ്ടോ അതോ അധികമാരും ഉപയോഗിക്കാതിരുന്നതുകൊണ്ടോ ആ കുപ്പത്തൊട്ടിയില്‍ വളരെ കുറച്ചേ കുപ്പയുണ്ടായിരുന്നുള്ളൂ.


വേണ്ടയിടത്തൊക്കെ കുപ്പത്തൊട്ടി വയ്ക്കാത്തതുകൊണ്ടാണ് അത് വഴിയിലേയ്ക്ക് വലിച്ചെറിയുന്നത് എന്ന് പറയുന്നതിലര്‍‌ത്ഥമില്ല. വേണമെന്ന് വെച്ചാല്‍ വേണ്ട പോലെ ചെയ്യാവുന്ന കാര്യമേയുള്ളു. പട്ടണങ്ങളിലും ഗ്രാമങ്ങളിലും മാത്രമല്ല, കാടുകളിലും യാത്ര പോവുന്നയാളാണ് ഞാന്‍. അതും കുറേ ആളുകള്‍ ഒന്നിച്ച്. ഒരിക്കലും ഒരു മിഠായിക്കടലാസുപോലും കാട്ടില്‍ വലിച്ചറിഞ്ഞിട്ടില്ല. കൂടെയുള്ള ആരെയും അങ്ങനെ ചെയ്യാന്‍ സമ്മതിക്കാറുമില്ല. ഇതുവരെ ഏറ്റവും കൂടുതല്‍ നാള്‍ കാട്ടില്‍ കഴിഞ്ഞിട്ടുള്ളത് മൂന്നുദിവസമാണ്. ഞങ്ങള്‍ പതിമൂന്ന് പേരും മൂന്ന് ദിവസത്തെ വേസ്റ്റ് എല്ലാം പൊതിഞ്ഞെടുത്ത് അടുത്ത പട്ടണത്തിലെ വേസ്റ്റ്ബിന്നിലാണ് ഇട്ടത്. ജൈവാവശിഷ്ടങ്ങള്‍ മാത്രം കാട്ടിലുപേക്ഷിച്ചു
—അതും മിതമായ തോതില്‍. കാട്ടില്‍ വരുന്നവരെല്ലാം ഇങ്ങനെ പെരുമാറാറില്ല എന്ന് നമുക്കറിയാം. അടുത്തുള്ള ഒരു പക്ഷിസങ്കേതത്തില്‍ പോയിട്ട് അവിടെ കണ്ട കുപ്പയൊക്കെ പെറുക്കിക്കൂട്ടിയിട്ടുണ്ട് ഞാനും ഉണ്ണിയും. അതുകൊണ്ട് അത്രയും കുപ്പ (0.1%) ആ കാട്ടിനുള്ളില്‍ കുറഞ്ഞു എന്നല്ലാതെ വല്യ മാറ്റമൊന്നും അതുകൊണ്ട് വരില്ല. എങ്കിലും നമ്മളെക്കൊണ്ട് ആവുന്നത് ചെയ്തു എന്ന് സമാധാനം. (കൂടാതെ, പ്രകൃതി ഒരു സമ്മാനവും തന്നുഅധികം കാണാന്‍ കിട്ടാത്ത ഒരു പക്ഷി വന്ന് ഞങ്ങളുടെ മുന്നില്‍ പാറിക്കളിച്ചു. മണിക്കൂറുകളായി മുകളിലേയ്ക്ക് നോക്കിനിന്നിട്ടും ഈ പക്ഷിയെ കാണാന്‍ കിട്ടാതിരുന്ന ഒരു പക്ഷിനിരീക്ഷകനാണ് ഈ പക്ഷിയുടെ ഫോട്ടോ ഞങ്ങളുടെ ക്യാമറയില്‍ കണ്ടിട്ട് അതിന്റെ പേരും മറ്റും പറഞ്ഞുതന്നത്.)

വേസ്റ്റ്ബിന്‍ തൊട്ടടുത്ത് ഉണ്ടെങ്കിലും അതിലിടാതെ നില്‍ക്കുന്നിടത്ത് തന്നെ വേസ്റ്റ് വലിച്ചെറിഞ്ഞിട്ട് പോവുന്നവരും ധാരാളം. പഠിപ്പുള്ളവര്‍. പണമുള്ളവര്‍. അക്ഷരാഭ്യാസമില്ലാത്തവര്‍. തെരുവില്‍ ജീവിക്കുന്നവര്‍. ഇങ്ങനെ എല്ല്ലാ കൂട്ടരും ഇക്കാര്യത്തില്‍ ഒരുപോലെ പെരുമാറും. സമൂഹം ഭ്രാന്തരെന്ന് മുദ്ര കുത്തിയിട്ടുള്ളവര്‍ ഭേദം എന്നുതോന്നുന്നു—ഞാന്‍ കാണാ‍നിടയായ ഒരു സംഭവത്തെക്കുറിച്ച്
ഇവിടെ എഴുതിയിട്ടുണ്ട്.

റോഡ് വൃത്തിയാക്കാന്‍ തൂപ്പുജോലിക്കാരുണ്ടല്ലോ, പിന്നെ കുപ്പ വലിച്ചെറിഞ്ഞാലെന്താ എന്ന മനോഭാവമുള്ളവരുണ്ട്. വീട്ടില്‍ അമ്മയോ ഭാര്യയോ അല്ലെങ്കില്‍ ജോലിക്കാരിയോ വൃത്തിയാക്കാനുണ്ടെന്ന് കരുതി ഇരിക്കുന്നിടത്തുതന്നെ ആരെങ്കിലും വേസ്റ്റ് ഇടാറുണ്ടോ? വീട്ടിലെ ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യാതെ പോവാറുണ്ടോ? നമ്മുടെ പബ്ലിക്ക് ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്നത് പോട്ടെ, അതിനടുത്തൂടെ മൂക്ക് പൊത്താതെ നടക്കാന്‍ പറ്റാറുണ്ടോ? ഓരോരുത്തരും അത് ഉപയോഗം കഴിഞ്ഞ് വൃത്തിയാക്കിയിട്ട് പോയാല്‍ ഈ സ്ഥിതി മാറില്ലേ? ശരി, വെള്ളമില്ലെങ്കില്‍ എന്ത് ചെയ്യും എന്നല്ലേ ഇപ്പോള്‍ മനസ്സില്‍ തോന്നിയത്? ധാരാളം വെള്ളമുള്ള പബ്ലിക്ക് ടോയ്‌ലറ്റുകളും (റയില്‍‌വേ സ്റ്റേഷന്‍, എയര്‍‌പോര്‍‌ട്ട്, ഓഫീസ്—ഫ്ലഷ് കൂടാതെ ഫോസറ്റുമുള്ളവ) വൃത്തികേടാക്കിയിട്ട് പോകുന്ന ധാരാളം ആള്‍ക്കാരുണ്ട്. സ്വന്തം വീട് തേച്ച്മിനുക്കിയിടുന്ന സ്ത്രീകളും പൊതുവഴിയില്‍ കുപ്പ വലിച്ചറിയാന്‍ മടികാണിക്കാറില്ല. വാടക കൊടുക്കുന്നതല്ലേയെന്ന ന്യായവും പറഞ്ഞ് ഹോട്ടല്‍/ഹോസ്റ്റല്‍ മുറികളിലെ ലൈറ്റും ഫാനും ആവശ്യം കഴിയുമ്പോള്‍ ഓഫ് ചെയ്യാതെ പോവുന്നവരുണ്ട്. ഇങ്ങനെയൊക്കെ പെരുമാറുന്നത് മലയാളികള്‍ മാത്രമല്ല. ഇന്ത്യാക്കാരെല്ലാം കണക്ക് തന്നെ. മറ്റ് രാജ്യങ്ങളിലെ ജനങ്ങളെക്കുറിച്ച് പറയാന്‍ എനിക്ക് അറിയില്ല.


ഇതൊക്കെ വിരല്‍‌ചൂണ്ടുന്നത് നമ്മുടെ സംസ്ക്കാരത്തിലെയ്ക്കല്ലേ? ഈ സംസ്ക്കാരം വളര്‍ന്ന്‌ വരുന്ന തലമുറ പഠിക്കാതിരിക്കുകയല്ലേ നല്ലത്? അവരത് പഠിക്കാതെ ശ്രദ്ധിക്കാന്‍ അദ്ധ്യാ‍പകര്‍ക്ക് കഴിയില്ലെങ്കില്‍ നമുക്കെന്ത് പ്രതീക്ഷിക്കാനുണ്ട്? ഇടയ്ക്ക് ആകാംക്ഷയില്‍ വോളണ്ടിയര്‍ പോവുമ്പോള്‍ ഞാനും ഒരദ്ധ്യാപികയുടെ വേഷം അണിയാറുണ്ട്. ഇംഗ്ലീഷും കണക്കും കൂടാതെ ഇതുപോലുള്ള മൂല്യങ്ങള്‍ ആ ചെറിയ കുട്ടികള്‍ക്ക് പകര്‍ന്ന് കൊടുക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ആകാംക്ഷയുടെ സ്ലോഗന്‍ തന്നെ “"Be the change" എന്നാണ്. മഹാത്മജിയുടെ "Be the change you want to see in the world" എന്ന വാക്കുകളില്‍ നിന്നാണിതിന് പ്രചോദനം. ആകാംക്ഷയില്‍ നിന്ന് പഠിക്കുന്ന നല്ല ശീലങ്ങള്‍ ഈ കുട്ടികള്‍ അവര്‍ താമസിക്കുന്ന ചേരികളില്‍ പ്രാവര്‍ത്തികമാക്കുന്നു. ഇല്ലായ്മകളില്‍ ജീവിക്കുന്ന അവര്‍ക്ക് മാറാമെങ്കില്‍ നമുക്കാവില്ലേ മാറാന്‍?

ഒരു ബ്ലോഗറായ ക്രിസും കൂട്ടുകാരും തുടക്കമിട്ട TidyCity എന്ന ഗ്രൂപ്പ് തിരുവനന്തപുരം നഗരത്തെ വൃത്തിയാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദാര്‍‌ഹമാണ്. നമ്മളൊത്തുകൂടിയാല്‍ പല നല്ല കാര്യങ്ങളും നടക്കും. ഞാനീ പോസ്റ്റ് എഴുതിയത് കൊണ്ട് ആരെങ്കിലും മാറുമെന്ന പ്രതീക്ഷയില്ല. അല്ലെങ്കില്‍, മഹീന്ദ്ര ഡ്യൂറോയുടെ പരസ്യം കണ്ടിട്ടോ ഇവിടുത്തെ തീയറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുന്‍പ് ഷാരൂഖ്‌ ഖാന്റെ ആഹ്വാനം കേട്ടിട്ടോ ഒരുപാട് മാറ്റങ്ങള്‍ വരേണ്ടതല്ലേ? അതുകൊണ്ട്, മള്‍‌ട്ടിപ്ലെക്സുകളുടെ പ്ലഷ് ഇടനാഴികളില്‍ “Do not spit” എന്ന് എഴുതിവയ്ക്കേണ്ടി വരുന്നു. നിരത്തുകളിലും പിന്നെ പറ്റുന്നിടത്തൊക്കെയും നമ്മള്‍ നീട്ടിത്തുപ്പുന്നു. ടിബി പടരുന്നു. നാനോയുടെയും ഓഡിയുടെയും വിന്‍‌ഡോഗ്ലാസുകള്‍ താഴ്‌ന്ന് ഒഴിഞ്ഞ കുപ്പികളും പായ്ക്കറ്റുകളും ഇപ്പഴും പുറത്തേയ്ക്ക് എറിയപ്പെടുന്നു. ഓടകള്‍ കുപ്പകൊണ്ട് നിറഞ്ഞ് വെള്ളംകെട്ടിനിന്ന് വഴിയിലൊക്കെ വെള്ളം കേറുമ്പോള്‍, പലതരം പനികള്‍ പടര്‍ന്ന്‌ പിടിക്കുമ്പോള്‍ സര്‍ക്കാരിനെ കുറ്റം പറയുന്നു. കാടൊക്കെ പ്ലാസ്റ്റിക്കാല്‍ നിറച്ചിട്ട്, മരങ്ങളൊക്കെ നശിച്ചിട്ട്, മഴ കുറയുമ്പോള്‍, വരള്‍ച്ച കൊണ്ട് പൊറുതിമുട്ടുമ്പോള്‍ വീണ്ടും നമ്മള്‍ സര്‍ക്കാരിനെ പഴിക്കുന്നു.

പലതും നമുക്ക് മാറ്റാനാവില്ല. പ്രകൃതിക്ക് നല്ലതല്ലാത്ത പല കാര്യങ്ങളും നമുക്കിന്ന് ജീവിക്കാന്‍ അത്യാവശ്യമായിക്കഴിഞ്ഞു. എങ്കിലും കുറച്ചുകൂടി ഉത്തരവാദിത്തത്തോടുകൂടിയും മിതത്വം പാലിച്ചും ജീവിച്ചാല്‍, അങ്ങനെ ജീവിക്കാന്‍ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിക്കൊടുത്താല്‍, അതെല്ലാര്‍ക്കും നല്ലതല്ലേ? So let’s be the change.

14 comments:

OAB/ഒഎബി April 25, 2010 at 10:32 AM  

സിനിമക്ക് ചെന്നാല്‍ ‘ഹാളില്‍ പുകവലി നിരോധിച്ചിരിക്കുന്നു‘ എന്ന് കണ്ടാല്‍ സിഗരറ്റ് വലിക്കാന്‍ ഓര്‍മ വരുന്ന, ‘ഇവിടെ തുപ്പരുത്‘ എന്ന ബോര്‍ഡ് കാണുന്നിടം ‘തുപ്പിയാല്‍ നീ എന്തൊ ചെയ്യും‘ എന്ന ഭാവത്തോടെ തുപ്പുന്നവന്‍ സ്വന്തം വേസ്റ്റ് പൊതിഞ്ഞ് കൊണ്ട് കുപ്പത്തൊട്ടി കാണും വരെ നടക്കുമെന്നൊ ?

നിങ്ങളെ പോലെ വല്ലവനും ചെയ്യുന്നത് കാണുന്നവ്ര് തമ്മില്‍ തമ്മില്‍ നോക്കി ഇവനാരെടാ എന്ന് മനസ്സില്‍ പറഞ്ഞ് പുച്ചത്തോടെ ചിരിക്കും.

ഇത് കൊണ്ടൊന്നും നമ്മള്‍ മാറില്ല.
മാറുന്നവര്‍ ഉണ്ടായേക്കും (ഇന്‍ശാ അള്ളാ)
വൃത്തി ഈമാന്റെ ലക്ഷണം എന്ന് പഠിച്ചിട്ടും..

ആശംസകളോടെ ..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage April 25, 2010 at 11:36 AM  

ആ കിളി നമ്മുടെ കാക്കത്തമ്പുരാട്ടി അല്ലേ?

Rare Rose April 25, 2010 at 12:48 PM  

മാറ്റം തുടങ്ങേണ്ടത് അവനവനില്‍ നിന്നു തന്നെയാണു അല്ലേ..

ശ്രീ April 25, 2010 at 1:00 PM  

മറ്റുള്ളവര്‍ ചെയ്യുന്നതെന്തു തന്നെയായാലും നമുക്ക് എങ്കിലും തെറ്റു ചെയ്യാതിരിയ്ക്കാന്‍ ശ്രമിയ്ക്കാമല്ലോ...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com April 26, 2010 at 1:17 AM  

മനുഷ്യന്‍ തന്നെ സഞ്ചരിക്കുന്ന ഒരു 'വേസ്റ്റ്'ആണ് . അവനെ കുപ്പതോട്ടിക്കു പോലും വേണ്ടാതായിരിക്കുന്നു.

Ashly April 27, 2010 at 1:32 PM  

Well Said. കറക്റ്റ് ആണ്.

ഒരു ഓഫ്‌ : ഒരിക്കല്‍ ഇങ്ങനെ ഒരു മല കേറി, തിരിച്ചു വരുമ്പോള്‍, എല്ലാ വേസ്റ്റ് കവറില്‍ ഇട്ടു തിരിച്ചു കൊണ്ടുവന്നു - ഒരു രണ്ടു മൂന്നു കിലോമീറ്റര്‍. സ്വന്തം ബാഗ്, ക്യാമറ ഈ വേസ്റ്റ് ബാഗ്‌ എല്ലാം കൂടെ തൂകി, കഷ്ടപ്പെട്ട് അടിയില്‍ ഏതാറായപ്പോള്‍, ഒരു കൂട്ടം കുരങ്ങന്മാര്‍ വന്നു എല്ലാം വേസ്റ്റ് ബാഗ്‌ തട്ടി പറച്ചു കൊണ്ട് പോയി. ഇത് പോലെ ഉള്ള ടൂറിസ്റ്റ്‌ സ്ഥലത്ത് (മലയുടെ മുളകില്‍) വേസ്റ്റ് ഇടാന്‍ ഉള്ള സെറ്റപ്പ് ഉണ്ടായാല്‍ നന്നായിരുന്നു.

അതോ, എനി ടിപ്സ് ?

Readers Dais April 29, 2010 at 3:04 PM  

കുറ്റം ആരുടെതുമല്ല , നമ്മുടെ വീട്ടില്‍ നിന്നും തുടങ്ങേണ്ട ഒന്ന് തന്നെ!
സ്വാധീനിയ്കാം ഒരു പരിധി വരെ പലര്‍ക്കും , എന്നാലും വീട്ടിലെ ശീലം നന്നെങ്കില്‍ .....എല്ലാം നന്ന് ,,,,,,,

Bindhu Unny May 4, 2010 at 9:26 AM  

ഒഎബി: ചിരിക്കുന്നവര്‍ ചിരിക്കട്ടെ. :)

ഇന്‍ഡ്യാഹെറിറ്റേജ്: കാക്കത്തമ്പുരാട്ടി കറുത്തിട്ടല്ലേ? Drongo എന്നല്ലേ ഇംഗ്ലീഷില്‍? ഈ പക്ഷിയെ മുന്‍പ് ഞാന്‍ കണ്ടിട്ടില്ല. :)

Rare Rose, ശ്രീ: അങ്ങനെ തന്നെ. :)

തണല്‍: അത്ര നിരാശ വേണോ? :)

Captain Haddock: മലമുകളിലായാലും ടൂറിസ്റ്റ് സ്ഥലങ്ങളില്‍ വേസ്റ്റ്ബിന്‍ വേണ്ടത് തന്നെ. അതില്ലെങ്കില്‍ താങ്കള്‍ ചെയ്തപോലെ എല്ലാം കെട്ടിപ്പെറുക്കി കൊണ്ടുവരാതെ നിവൃത്തിയില്ല. കുരങ്ങന്മാര്‍ നിറയെ ഉള്ളിടത്ത് ഞാന്‍ കയ്യില്‍ ഒന്നും പിടിക്കാറില്ല. എല്ലാം എങ്ങനെയെങ്കിലും ബാഗിനുള്ളില്‍ കുത്തിക്കയറ്റും. ഒരിക്കല്‍ ഒരു കുരങ്ങന്റെ മാന്ത് കൊണ്ടിട്ട് വയറ്റത്ത് മൂന്ന് കുത്തിവയ്പ് എടുക്കേണ്ടി വന്നിട്ടുണ്ടെനിക്ക്. :)

ഒരു ട്രെക്കില്‍ എല്ലാരുടെയും ഉച്ചഭക്ഷണം ഒരാള്‍ ഒരു ക്യാരിബാഗിലാക്കി പിടിച്ചിരിക്കുകയായിരുന്നു. വഴിക്ക് കുരങ്ങന്മാരെ പ്രതീക്ഷിച്ചില്ല. അയാളും ബാഗും കുരങ്ങന്മാര്‍ കാണാത്ത വിധം മറച്ച് മറ്റുള്ളവര്‍ നടന്നു. കൂടാതെ കല്ലെടുത്തെറിയാന്‍ ഭാവിക്കുകയും ചെയ്ത്കൊണ്ടിരുന്നു. നമ്മള്‍ പേടി കാണിക്കാതെ ഇച്ചിരി തന്റേടത്തോടെ നടന്നാല്‍ കുരങ്ങന്‍സ് അടുത്ത് വരാന്‍ ഒന്ന് മടിക്കും. സ്ത്രീകളെയും കുട്ടികളെയുമാണ് ഇവര്‍ സാധാരണ ആദ്യം ലക്ഷ്യമിടാറ്. നമ്മുടെ പേടി മൃഗങ്ങള്‍ക്ക് വേഗം മനസ്സിലാകുമെന്നാണ് പറയുന്നത്. :)

Readers Dais: ശരിയാണ്. എല്ലാം വീട്ടില്‍ നിന്ന് തുടങ്ങണം. നമുക്ക് തുടങ്ങാം. :)

ബഷീർ May 4, 2010 at 12:26 PM  

താങ്കൾ ഈ എഴുതിയ വിഷയങ്ങളൊക്കെ എന്റെ മനസിനെ പലപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്നതാണ്. നമ്മൾ സ്വയം മാറുക എന്നതാണ് ആദ്യപടി. പിന്നെ നമ്മുടെ മക്കളെയും മാറ്റുക. അതെ വീട്ടിൽ നിന്നാവട്ടെ തുടക്കം. ചൊട്ടയിലെ ശീലം ചുടല വരെ എന്ന പഴം ചൊല്ലിനെ അന്വർഥമാക്കുന്നതാണ് പലരുടെയും പ്രവർത്തികൾ അതും നാം ആദരിക്കുന്നവരിൽ നിന്നു പോലും ഉണ്ടാവുമ്പോൾ ഒരു വല്ലാത്ത അവസ്ഥയാണ്.

ഈ നല്ല മനസിനും പ്രവർത്തിക്കും അഭിനന്ദനങ്ങൾ

O.T
എനിക്ക് കിട്ടിയ വേഡ് വെരിഫിക്കേഷൻ

endissea

എനിഡീസിയേ....( ഈശ്വരന്മാരേ.. :)

siya May 10, 2010 at 4:37 PM  

വളരെ നല്ല പോസ്റ്റ്‌ എന്ന് തന്നെ പറയുന്നു .. ഞാന്‍ വിദേശത്ത് ആയതു കൊണ്ടോ എന്ന് അറിയില്ല .നമ്മുടെ നാട്ടില്‍ വരുമ്പോള്‍ ചിലപ്പോള്‍ വിഷമം തോന്നും ..എത്ര പണവും ,വിവരം ഉണ്ടായാലും ചിലത് ഒരിക്കലും നമ്മുടെ നാട്ടില്‍ നിന്നും മാറ്റി എടുക്കുവാന്‍ വലിയ പ്രയാസം ആണ് .ആരോ എഴുതിയ പോലെ ഇതെല്ലം സ്വന്തമായി തീരുമാനിച്ചാല്‍ മാറ്റി എടുക്കാവുന്നത്തെ ഉള്ളു .

Bindhu Unny May 10, 2010 at 5:02 PM  

ബഷീര്‍: മനസ്സിനെ അലട്ടുന്നുവെങ്കില്‍ അത് നല്ല ലക്ഷണം. മാറ്റത്തിന്റെ തുടക്കം. നമ്മളാദ്യം മാറി, പിന്നെ നമുക്കാവുന്നവരെയൊക്കെ മാറ്റി,... അങ്ങനെ പോട്ടെ :)

സിയ: വിദേശത്ത് നിയമങ്ങള്‍ കര്‍ശനമായതുകൊണ്ടോ, അതോ അവരുടെ സംസ്ക്കാരമോ ഇങ്ങനെ ഉത്തരവാദിത്തമില്ലാതെ ആരും പെരുമാറാത്തത്? നമുക്കെന്താ വേണ്ടത് മാറാന്‍? :)

ഷൈജൻ കാക്കര May 10, 2010 at 6:50 PM  

ഇതാണ്‌ സംസ്കാരം... മാറുന്നുണ്ട്‌, പക്ഷെ വേഗത പോരാ...

ഞാനും ആത്മാർത്ഥമായി പരിശ്രമിക്കാം...

Haddock May 25, 2010 at 11:30 PM  

Good one.

ഹേമാംബിക | Hemambika July 1, 2010 at 4:47 PM  

അങ്ങനെ നല്ല ഒരു ശീലം സ്വന്തം കുട്ടികളിലൂടെ തന്നെ തുടങ്ങണം. ഇവിടെ ജര്‍മനിയിലും മറ്റു യുറോപ്യന്‍ നാടുകളിലും ഞാന്‍ കണ്ടിട്ടുണ്ട് , നടക്കാന്‍ മാത്രം പറ്റുന്ന പ്രായത്തില്‍ കൊച്ചു കുട്ടികളെക്കൊണ്ട് അച്ഛനമ്മമാര്‍ വേസ്റ്റുകള്‍ അതിന്റേതായ കോട്ടകള്‍ നിക്ഷേപിപ്പിക്കുന്നത്. ഇങ്ങനെയുള്ള ഒരു തലമുറ നമ്മളും വാര്‍ക്കാന്‍ ശ്രമിച്ചാല്‍ തീര്‍ച്ചയായും നമുക്കും..

നല്ല പോസ്റ്റ്‌.

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP